Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

പി.പി മുഹമ്മദ് മുന്‍ഷി

സി.കെ.എ ജബ്ബാര്‍

കണ്ണൂര്‍ ജില്ലയിലെ ആദ്യകാല ജമാഅത്ത് അംഗമായിരുന്നു എളയാവൂര്‍ സുഹറ മന്‍സിലില്‍ പി.പി മുഹമ്മദ് മുന്‍ഷി (78). സ്വഭാവ നൈര്‍മല്യവും ജീവിത ലാളിത്യവും പ്രസ്ഥാന മാര്‍ഗത്തിലെ സമര്‍പ്പണവും വഴി മാതൃകയായ വ്യക്തിത്വമായിരുന്നു മുഹമ്മദ് മുന്‍ഷി. ഹംദര്‍ദ് ഘടനയുടെ കാലത്ത് അനുഭാവിയാവുകയും ജമാഅത്ത് ഘടനയില്‍ പ്രവേശിക്കാനാവും വിധം ജീവിതം മാതൃകാപരമാക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം അംഗത്വം നേടിയത്. പദവികള്‍  നേടിയെടുക്കാതെ തന്നെ സമൂഹത്തിന്റെ ഹൃദയത്തില്‍ അദ്ദേഹം ഇടം നേടി. സര്‍ക്കാര്‍ സ്‌കൂളിലെ അറബി അധ്യാപനത്തിലൂടെ നിരവധി ശിഷ്യഗണങ്ങളെ സമ്പാദിക്കുകയും അവരിലേക്ക് ഇസ്‌ലാമിക ആശയങ്ങള്‍ പ്രസരിപ്പിക്കുകയും  ചെയ്തു. ജില്ലയിലെ പള്ളികളിലും ബീഡിക്കമ്പനികളിലും  തൊഴില്‍ ശാലകളിലും ഇസ്‌ലാമിക സാഹിത്യങ്ങളുമായി സന്ദര്‍ശനം നടത്തുന്നത് പതിവാക്കിയിരുന്നു. പരേതനായ എളയാവൂര്‍ ഹസൈനാര്‍  സാഹിബിന്റെ ആത്മമിത്രമായിരുന്നു മുന്‍ഷി. ഇവര്‍ രണ്ടു പേരും ഒരുമിച്ച് കയറിച്ചെല്ലാത്ത സ്ഥാപനങ്ങളോ ഭവനങ്ങളോ  എളയാവൂര്‍, മുണ്ടേരി, കണ്ണൂര്‍ മുനിസിപ്പല്‍ മേഖലയിലില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആശയപരമായ വിയോജിപ്പുകളുള്ളവര്‍  പോലും മൂന്‍ഷി എന്ന വ്യക്തിത്വത്തെ സ്‌നേഹിച്ചിരുന്നു. ഇങ്ങനെ മഹല്ലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തറവാടുകളിലുമെല്ലാം വലിയൊരു ജനസമൂഹത്തിന് മുന്നില്‍ മുന്‍ഷി മാതൃകാ പുരുഷനായി. കണ്ണൂര്‍ ജില്ലയില്‍ മികച്ച അധ്യാപനത്തില്‍ മാതൃകയായ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ ഓരത്ത്  ആദ്യകാല മദ്‌റസാ സംരംഭം മുന്‍ഷി നേതൃത്വം നല്‍കിയ ഒരു പൊതുസമാജത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഒരുവേള സി.എച്ച്.എം സ്‌കൂളിന്റെ സ്ഥാപനത്തിലേക്ക് വഴി കാട്ടിയതും ഈ തുണ്ട് ഭൂമിയുടെ  വൈജ്ഞാനിക പ്രസരണത്തിന്റെ നന്മയാവാമെന്ന് മുന്‍ഷിയെ അനുസ്മരിച്ച സമ്മേളനത്തില്‍ എളയാവൂര്‍ മഹല്ല് സാരഥി തുറന്നു പറയുകയുണ്ടായി.
ഈ ലേഖകന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കണ്ണൂരിലെ സാരഥ്യം വഹിച്ചിരുന്ന കാലം മുതല്‍  നാല് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള സ്‌നേഹബന്ധം മുന്‍ഷിയുമായി ഉണ്ടായിരുന്നു. എസ്.ഐ.ഒവിന്റെ അന്നത്തെ എല്ലാ ധാര്‍മിക സമരങ്ങളുടെയും മുഖവുരപോലെ മുന്നില്‍ വന്നു നില്‍ക്കുന്ന ശുഭ്രവസ്ത്രധാരിയായ മുന്‍ഷിയെ ഞാന്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയിലെ ചൂതാട്ട വിരുദ്ധ സമരം, കാബറെ വിരുദ്ധ സമരം തുടങ്ങിയ എല്ലാ സമരമുഖങ്ങളിലും യൗവനത്തോടൊപ്പം അരികു ചേര്‍ന്ന് നില്‍ക്കുന്ന പിതൃതുല്യരായ ചിലരില്‍ മുന്‍ഷി ഒന്നാം സ്ഥാനത്തുണ്ടാവും. മദ്യഷാപ്പ് വിരുദ്ധ സമരത്തെ സി.ഐ.ടി.യു സംഘം അക്രമിച്ചപ്പോള്‍ കീറിപ്പറിഞ്ഞ വെള്ളക്കുപ്പായവുമായി റോഡരികില്‍ തളര്‍ന്നു വീണ മുന്‍ഷി ഇപ്പോഴും കണ്‍മുന്നില്‍ ഉള്ളതുപോലെ.
പെരിങ്ങോം ആണവനിലയ വിരുദ്ധ സമരത്തിന്റെ ജനകീയ സര്‍വെ ടീമില്‍ അംഗമായി വന്ന് പെരുമ്പ പള്ളിയുടെ വരാന്തയില്‍ രാപ്പാര്‍ത്ത് പുലരുമ്പോള്‍ യുവാക്കളോടൊപ്പം മുന്‍ഷി ബസ്സിന്റെ മേല്‍പ്പിടിയേന്തി നില്‍ക്കുന്നുണ്ടായിരുന്നു. സിറ്റി ചൂതാട്ടവിരുദ്ധ സമരത്തിന്റെ പേരില്‍ മര്‍ദിക്കപ്പെട്ടവര്‍ ജില്ലാ ആശുപത്രിയില്‍ കഴിയവെ രാത്രി വൈകും വരെയും ആശുപത്രി വരാന്തയിലെ പായയില്‍ ഇരുന്ന് ഇസ്‌ലാമിക പ്രവര്‍ത്തന മാര്‍ഗത്തിലെ പഴയകാല ത്യാഗങ്ങളുടെ കഥ പറഞ്ഞുതരികയായിരുന്നു മുന്‍ഷി. 
മുഖം ചുളിച്ച് ശകാര വാക്ക് മൊഴിഞ്ഞിട്ടില്ലാത്ത, വക്രതയില്ലാത്തതാണ് മുന്‍ഷിയുടെ പെരുമാറ്റം. അധാര്‍മികതയോടും വിശ്വാസ ദൗര്‍ബല്യങ്ങളോടും മുന്‍ഷി ഇതേ സ്‌നേഹത്തിന്റെ ഭാവത്തിലും ഭാഷയിലും  വിയോജിച്ചു. ഒരധ്യാപകന്‍ എന്ന പൊതു സമ്മതി നില്‍ക്കുമ്പോഴാണ് മുന്‍ഷി 'മാധ്യമം' ദിനപത്രത്തിന്റെ ഏജന്‍സി ഏറ്റെടുക്കുന്നത്. പത്രം അധികം പ്രചാരം നേടിയിട്ടില്ലാത്ത കാലം നാലഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ വായനാവൃത്തത്തിന് സമയാസമയം പത്രം എത്തിക്കുന്നതിന് നേതൃത്വം നല്‍കി മുന്‍ഷി. അതൊരു വരുമാന മാര്‍ഗമായിരുന്നില്ല. മറിച്ച് ഒരു വികാരമായിരുന്നു. പത്രം വിതരണം ചെയ്യുന്ന ഓരോ വീടുകളിലെയും മരണവും വിവാഹവും അക്ഷരത്തെറ്റില്ലാതെ മുന്‍ഷി ബ്യൂറോയില്‍ എഴുതിത്തരുമായിരുന്നു.
അറിയപ്പെടുന്ന  പ്രഭാഷകനല്ല മുന്‍ഷി. പക്ഷേ, മുഹമ്മദ് മുന്‍ഷിയുടെ ഖുര്‍ആന്‍ ക്ലാസുകള്‍ ആശയഗാംഭീര്യമുള്ളതായിരുന്നു. കണ്ണുരിലെ അറിയപ്പെടുന്ന പള്ളികളില്‍ (മസ്ജിദുന്നൂര്‍, സകരിയ്യ മസ്ജിദ്, ഐ.സി.എം. മസ്ജിദ്) ഇടക്കാല ഖത്വീബായി മുന്‍ഷി മിമ്പറുകളെ ധന്യമാക്കി. ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ തലമുതിര്‍ന്ന അധ്യാപകനുമായിരുന്നു.
ജനസേവനം മുഹമ്മദ് മുന്‍ഷിയുടെ മുഖമുദ്രയാണ്. ഏത് റിലീഫ് മേഖലയിലും മുന്‍ഷിയെ മുന്നില്‍ കാണാം. വ്യക്തികള്‍ക്ക് എങ്ങനെ ഒരു പ്രസ്ഥാനമായി മാറാനാവും എന്നതിന് മുന്‍ഷിയുടെ മുന്‍കൈയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചില സംരംഭങ്ങള്‍ കണ്ണൂരിലുണ്ട്. വാരം ഐ.എം.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപക ചെയര്‍മാനാണ് അദ്ദേഹം.  സ്ഥാപനത്തിന്റെ ദൈനം ദിന ചെലവ് ഭാരമായിത്തീര്‍ന്നിരുന്ന ഘട്ടത്തില്‍ സൗജന്യമായി അധ്യാപനം നിര്‍വഹിക്കാന്‍ മുന്‍ഷി തയാറായി. അത്രയൊന്നും സംഘടനാ ആള്‍ബലമില്ലാത്ത ഒരു മേഖലയിലാണ് അദ്ദേഹം ഈ സംരംഭത്തിന് അന്ന് വിത്തിട്ടത്. ഇന്ന് അതിന്റെ ഓരങ്ങളിലെല്ലാം അനുഭാവികളും പ്രവര്‍ത്തകരുമായി നിരവധി പേരുണ്ട്. പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് എന്നും താഴേതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനായിരുന്നു മുഹമ്മദ് മുന്‍ഷിക്ക് ഏറെ ഇഷ്ടം. സമ്മേളനങ്ങളില്‍ മുഹമ്മദ്  മുന്‍ഷി മുഴുസമയ വളന്റിയറായിരുന്നു. പുസ്തക സ്റ്റാളുകളിലാണ് മുന്‍ഷിയുടെ സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നത്. മുന്‍ഷിയുടെ കൈകളിലുടെ പുസ്തകങ്ങള്‍ എത്തിച്ചേര്‍ന്ന വീടുകള്‍ നിരവധിയാണ്.  
ഭാര്യ: പയോടി ഫാത്തിബി. മക്കള്‍ പി. അമീര്‍, പി. ബശീര്‍, പി. ശാഹിദ, പി. ഫൈസല്‍, പി. ഷെമീന, പി. മുംതസിര്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര