ഹലാലിന്റെ അടിസ്ഥാനം വിശുദ്ധിയുടെ സംസ്‌കാരം
ആത്മാവിന്റെ വിശുദ്ധിയും ശരീരത്തിന്റെ ആരോഗ്യവും ഉള്‍ക്കരുത്തുള്ള സമൂഹത്തിന്റെ അസ്തിവാരമാണ്. വിശ്വാസത്തിന്റെ കരുത്ത് ആത്മാവിന്റെ ഊര്‍ജവും അതിജീവനത്തിന്റെ ആകാശ വെളിച്ചവുമാകുമ്പോള്‍, വിശുദ്ധമായ വിഭവങ്ങള്‍ മാനസിക സംതൃപ്തിയുടെയും ശാരീരിക ആരോഗ്യത്തിന്റെയും പ്രധാന നിദാനമായി വര്‍ത്തിക്കുന്നു.
വിശുദ്ധ വ്യക്തിത്വങ്ങള്‍ക്ക് ആന്തരിക ചൈതന്യവും അഭിമാനബോധവും കൈമുതലായിരിക്കും. വിശുദ്ധി നഷ്ടപ്പെട്ടവര്‍ അകം പൂതലിച്ച് ദുര്‍ബലരായിത്തീരും. ആത്മാഭിമാനവും ആര്‍ജവവും അവരില്‍ നിന്ന് ചോര്‍ന്നു പോകും. വിശുദ്ധമായ ബന്ധങ്ങള്‍ കുടുംബത്തെ ഭദ്രമാക്കും. പക്ഷേ, ബന്ധങ്ങള്‍ അവിശുദ്ധമാകുമ്പോള്‍ കുടുംബ ഭദ്രത തകരും. സമ്പത്ത് വിശുദ്ധമാകുമ്പോള്‍ സാമൂഹിക അന്തരീക്ഷം സമാധാനപൂര്‍ണമാകും. സമ്പത്ത് മലിനമാകുമ്പോള്‍ സമൂഹം സംഘര്‍ഷഭരിതമായിരിക്കും. അന്നപാനീയങ്ങള്‍ മലിനവും മ്ലേഛവുമാകുമ്പോള്‍ ശരീരം രോഗാതുരമാകും. ഗുരുതരമായ രോഗങ്ങള്‍ പലതരം തകര്‍ച്ചകളിലേക്ക് മനുഷ്യനെ തള്ളിയിടും. ആരോഗ്യം, അഭിമാനബോധം, സമാധാനം, സംതൃപ്തി തുടങ്ങിയവയെല്ലാം വിശുദ്ധിയുടെ അസ്തിവാരത്തില്‍ നിന്നാണ് വികാസം പ്രാപിക്കുന്നത് എന്നര്‍ഥം. അഥവാ, വിശ്വാസത്തിന്റെയും വിഭവങ്ങളുടെയും വിശുദ്ധിയിലാണ് മനുഷ്യന്റെ ജീവിതവിജയമുള്ളത്.
മനുഷ്യ നന്മ ആത്യന്തിക ലക്ഷ്യമായി അംഗീകരിച്ച ദൈവിക ദര്‍ശനം, വിശുദ്ധമായത് മാത്രം അനുവദിച്ചുകൊണ്ടാണ് അത് സഫലമാക്കാന്‍ സംവിധാനമൊരുക്കിയത്. ദൈവിക നിയമത്തില്‍ അനുവദനീയത്തിനും നിഷിദ്ധത്തിനും ആധാരമാക്കിയത്, വിശുദ്ധിയെയോ മ്ലേഛതയെയോ ആണ്. ദൈവം മനുഷ്യനോട് കാണിച്ച കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളങ്ങളിലൊന്നാണ്, വിശുദ്ധമായത് മാത്രം അനുവദിച്ചു കൊടുത്തു എന്നത്. മ്ലേഛമായവക്കും അനുവാദം നല്‍കിയിരുന്നെങ്കില്‍, അത് മനുഷ്യനോടു ചെയ്യുന്ന അക്രമമാകുമായിരുന്നു. വിശുദ്ധം (ത്വയ്യിബ്), അനുവദനീയം (ഹലാല്‍), നിഷിദ്ധം (ഹറാം) തുടങ്ങിയ ഇസ്‌ലാമിക സംജ്ഞകളും അവ ഉള്‍വഹിക്കുന്ന ആശയങ്ങളും മനുഷ്യര്‍ക്ക് നന്മയും വിജയവും ഉറപ്പ് വരുത്തുകയാണ്, മത-സമുദായ വിവേചനത്തിന്റെ മതിലുകള്‍ പണിയുകയല്ല. ഹലാല്‍- ഹറാം ചര്‍ച്ചകളില്‍ വെളിച്ചമാകേണ്ട അടിസ്ഥാന പാഠമിതാണ്.
ജാതി ബോധത്താല്‍ ഊട്ടപ്പെട്ട സാമൂഹിക ഘടനയില്‍ 'വിശുദ്ധി' വിവേചനപരമായ അതിര്‍വരമ്പുകളാണ്. 'അനുവദനീയം' ജാതി മേധാവിത്വത്തിന്റെ അന്യായമായ തിട്ടൂരങ്ങളും. മനുഷ്യ വിരുദ്ധമായ ഈ സാമൂഹിക അസ്പൃശ്യത സൃഷ്ടിക്കുന്ന ചിന്താ വൈകല്യവും വംശവെറിയും, 'വിശുദ്ധി'യെയും 'അനുവദനീയത'യെയും അതേ വീക്ഷണത്തില്‍ വിലയിരുത്താനാണ് പ്രേരിപ്പിക്കുക. എന്നാല്‍, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന, ദൈവിക മൂല്യങ്ങളില്‍ ഊന്നിയ 'അനുവാദത്തിനും' (ഹലാല്‍) 'വിലക്കിനും' (ഹറാം) വിവേചനത്തിന്റെ അതിര്‍വരമ്പുകളല്ല, വിശുദ്ധിയുടെ സംസ്‌കാര മികവാണുള്ളത്.
അറുത്ത മാംസം മാത്രമല്ല, ജീവിതത്തിന്റെ വെണ്മയുമാണ്
ഹലാല്‍ എന്നാല്‍ അറുത്ത മാംസം മാത്രമല്ല, വിശുദ്ധമായ സമ്പത്തും വിമലീകരിക്കപ്പെട്ട വിഭവങ്ങളും സദാചാര നിഷ്ഠയുള്ള ബന്ധങ്ങളും ആരോഗ്യദായകമായ ആഹാരവും തുടങ്ങി, ജീവിതത്തിന്റെ ആന്തരിക വെണ്മയായി കുടികൊള്ളുന്ന ദൈവപ്രോക്തമായ ചൈതന്യമാണ്. ദൈവനാമം ചൊല്ലി നിയമാനുസൃതം അറുത്ത മാംസത്തിന്റെ പര്യായപദമാണ് ഹലാല്‍ എന്നൊരു ധാരണ പ്രചുരമായിട്ടുണ്ട്. എന്നാല്‍, ഭക്ഷണം മാത്രമല്ല, സമ്പത്തും ശരീരവും ജീവിത വ്യവഹാരങ്ങള്‍ അഖിലവും ചൂഴ്ന്ന് നില്‍ക്കുന്ന ദൈവികമായൊരു മൂല്യബോധത്തിന്റെ മാനകമാണ് ഹലാല്‍. ദൈവനാമത്തില്‍ അറുത്ത മാംസം ഹലാല്‍ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമ്പാദ്യം സത്യശുദ്ധമാവുക എന്നതാണ് ഹലാലിന്റെ ഒരു അടിസ്ഥാനം, 'അനുവദനീയമായ ഭക്ഷണം' ഇതിന്റെ അനുപൂരകമത്രെ. അതുകൊണ്ട് ഭക്ഷണത്തില്‍ പരിമിതമായ ഹലാല്‍ ചര്‍ച്ചകള്‍ക്ക് ഈ ആശയത്തിന്റെ വിശാലതയോ, 'ഹലാല്‍ നിഷിദ്ധം' ബോര്‍ഡ് വെക്കുന്നവര്‍ക്ക് ഈ തത്ത്വത്തിന്റെ മഹത്വമോ മനസ്സിലായിട്ടില്ല.
ജീവിതത്തില്‍ മനുഷ്യന്‍ സ്വീകരിക്കുന്നതെന്തും ദൈവഹിതത്തിന് ചേര്‍ന്നതും അവന് ന്യായയുക്തമായി അവകാശപ്പെട്ടതും ആയിരിക്കണം. ആരാധനകളും പ്രാര്‍ഥനകളും ദൈവത്തിങ്കല്‍ സ്വീകാര്യമാകാനുള്ള പ്രധാന നിബന്ധനകളിലൊന്ന് സമ്പത്തിന്റെയും ജീവിതത്തിന്റെയും വിശുദ്ധിയാണ്. അപരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് സ്വന്തമാക്കിയാല്‍ അത് വിശുദ്ധമോ (ത്വയ്യിബ്) അനുവദനീയമോ (ഹലാല്‍) ആകില്ല. അപ്പോള്‍, അന്യന്റെ അവകാശങ്ങള്‍ പൂര്‍ണതയില്‍ വകവെച്ചു കൊടുക്കുക, അതില്‍നിന്നൊന്നും തന്നിലേക്ക് കലരാതെ, സത്യസന്ധമായി തനിക്ക് അര്‍ഹതപ്പെട്ടത് മാത്രം സ്വീകരിക്കുക എന്നതാണ് ഹലാല്‍ മുദ്രയുടെ മര്‍മം.
ഹലാല്‍ എന്ന പദത്തിന്റെ ക്രിയാരൂപം, നിരോധ സൂചകത്തോടൊപ്പം ഖുര്‍ആന്‍ പ്രയോഗിച്ച സന്ദര്‍ഭങ്ങളിലൊന്ന് വിവാഹമോചനത്തെ കുറിച്ച ചര്‍ച്ചയാണ്. സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട്, അവള്‍ക്ക് നല്‍കിയത് തിരിച്ചെടുക്കുന്നത് ഹലാല്‍ അല്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്; ''നിങ്ങള്‍ അവര്‍ക്കു നല്‍കിയതില്‍നിന്ന് ഒന്നുംതന്നെ അവരെ പിരിച്ചയക്കുമ്പോള്‍ തിരിച്ചെടുക്കുന്നത് അനുവദനീയം (ഹലാല്‍) അല്ല'' (അല്‍ബഖറ 229). അവകാശ നിഷേധങ്ങള്‍ നിഷിദ്ധം (ഹറാം) ആയിത്തീരുമെന്നര്‍ഥം. ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് അനുവദനീയം (ഹലാല്‍) അല്ല. നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തില്‍നിന്നൊരു ഭാഗം തട്ടിയെടുക്കുന്നതിനായി അവരെ ഞെരുക്കുന്നതും ഹിതമല്ല'' (അന്നിസാഅ് 19).
സമ്പത്തിന്റെ വിശുദ്ധിയാണ് ഹലാലിന്റെ അടിത്തറ. മനുഷ്യന്‍ നേടിയെടുക്കുന്ന ഏതു സമ്പത്തും സത്യമുള്ളതായിരിക്കണം എന്ന ദൈവിക ശാസന ശക്തമാണ്. ധാര്‍മികവും ന്യായപൂര്‍ണവുമായ വഴികളിലൂടെ മാത്രം സ്വരുക്കൂട്ടിയതാകണം ഏതു സമ്പാദ്യവും. ഇതു മാത്രമാണ് വിശുദ്ധം (ത്വയ്യിബ്), അനുവദനീയം (ഹലാല്‍), ദൈവത്തിങ്കല്‍ സ്വീകാര്യം. കളവ്, ചതി, അന്യായം, അഴിമതി, പലിശ, കൊള്ളലാഭം എന്നിവയിലൂടെ കൈക്കലാക്കുന്നതും, മലിനവും മ്ലേഛവുമായ വസ്തുക്കള്‍ വിറ്റ് നേടുന്നതുമായ സമ്പത്ത് നിഷിദ്ധം (ഹറാം) ആണ്. ആ സമ്പത്ത് ഉപയോഗിക്കുക വഴി മനുഷ്യന്റെ ശരീരത്തിലും വിഭവങ്ങളിലുമെല്ലാം അശുദ്ധം കലരുകയും കര്‍മങ്ങളും പ്രാര്‍ഥനകളും ദൈവത്തിങ്കല്‍ തള്ളപ്പെടുകയും ചെയ്യുന്നു. സമൂഹത്തില്‍ അവന്റെ മാന്യത കളങ്കപ്പെടുകയും ചതിയനും ചൂഷകനുമായി മുദ്രകുത്തപ്പെടുകയും വിലയില്ലാത്ത വ്യക്തിത്വം തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. യാതൊരുവിധ കളവും ചൂഷണവും അനുവദിക്കാതെ, സമ്പാദ്യം വിശുദ്ധമാക്കാന്‍ വേണ്ട ഉന്നതമായ ധാര്‍മിക ബോധം വ്യക്തികളില്‍ രൂപപ്പെടുത്താനാണ് ഹലാല്‍ അധ്യാപനങ്ങള്‍ വഴി ഇസ്‌ലാം ശ്രമിക്കുന്നത്. ഇത് സാമ്പത്തിക ഇടപാടുകളെയും സാമൂഹിക ജീവിതത്തെയും എത്രമേല്‍ മഹത്തരവും ഉന്നതവുമാക്കുമെന്ന് ചിന്തിച്ചു നോക്കൂ! 'ഹലാല്‍ നിഷിദ്ധം' എന്ന പ്രചാരണം വഴി, സത്യശുദ്ധമായ സമ്പത്തിന്റെ നിരാകരണവും മ്ലേഛധനത്തിന്റെ സ്വീകരണവുമാണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയാതെ പോവുകയാണ്!
സമ്പത്ത് വിശുദ്ധമാകണം എന്നും അതിന് അനുവദനീയമായ (ഹലാല്‍) വഴികള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും വിശുദ്ധ ഖുര്‍ആനും നബിചര്യയും ശക്തിയുക്തം ആവശ്യപ്പെടുന്നുണ്ട്. ''നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്'' (അല്‍ബഖറ 188 ). ഇതേ ആശയം മറ്റനവധി സൂക്തങ്ങളില്‍ (അന്നിസാഅ് 29, അത്തൗബ 34) ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും വലിയ സാമ്പത്തിക ചൂഷണ മാര്‍ഗമായ പലിശയെക്കുറിച്ച ഖുര്‍ആന്‍ വചനത്തിലും നിഷിദ്ധവും (ഹറാം) അനുവദനീയവും (ഹലാല്‍) ആയ സമ്പാദ്യത്തെക്കുറിച്ച് പറയുന്നുണ്ട്: ''കച്ചവടം അല്ലാഹു അനുവദിക്കുകയും (ഹലാല്‍) പലിശ നിഷിദ്ധം (ഹറാം) ആക്കുകയുമാണ് ചെയ്തിട്ടുള്ളത്'' (അല്‍ബഖറ 275). സൂക്ഷ്മത പുലര്‍ത്തേണ്ട സാമ്പത്തിക ഇടപാടുകളിലൊന്നാണ് അനാഥരുടെ സ്വത്ത്. ഇതു സംബന്ധിച്ച വേദപാഠങ്ങള്‍ ഇങ്ങനെയാണ്; ''അനാഥരുടെ മുതല്‍ നിങ്ങള്‍ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങള്‍ അവരുടെ മുതല്‍ സ്വന്തം മുതലിനോട് ചേര്‍ത്ത് ഭുജിക്കാവതല്ല. അതു മഹാപാപമാകുന്നു'' (അന്നിസാഅ് 2). ഇതേ അധ്യായത്തിലെ തുടര്‍ സുക്തം: ''അനാഥരുടെ മുതല്‍ അന്യായമായി തിന്നുന്നവര്‍ തങ്ങളുടെ വയറുകളില്‍ നിറയ്ക്കുന്നത് യഥാര്‍ഥത്തില്‍ തീ മാത്രമാകുന്നു. ആളിക്കത്തുന്ന നരകത്തില്‍ അവര്‍ വേവുകതന്നെ ചെയ്യും'' (അന്നിസാഅ് 10). സാമ്പത്തിക വിശുദ്ധിയുമായി ബന്ധപ്പെട്ട ഇനിയുമേറെ പാഠങ്ങള്‍ ഖുര്‍ആനിലുണ്ട്.
ആതുരശുശ്രൂഷ മഹത്തായ ജനസേവനമാണ്. എന്നാല്‍, 'ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭുജിക്കരുത്' എന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ ഇന്നത്തെ ചികിത്സാ മേഖലയെക്കുറിച്ച് ചിന്തിക്കുക. ഹോസ്പിറ്റല്‍ നടത്തിപ്പും അതിന്റെ ലാഭവും ഹലാല്‍ ആകുന്നത്, ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ മാനേജ്‌മെന്റും മറ്റും രോഗികളെ ചതിച്ച് ചൂഷണം ചെയ്യാതെ, ന്യായമായ മാര്‍ഗത്തില്‍ മാത്രം പ്രവര്‍ത്തിക്കുമ്പോഴാണ്. സര്‍വ ചൂഷണവും തട്ടിപ്പും നടത്തുന്ന ഹോസ്പിറ്റല്‍ വ്യവസായിയുടെ സമ്പാദ്യം എത്രമാത്രം വിശുദ്ധം (ഹലാല്‍) ആകും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതോടെ ഒരു ഹോസ്പിറ്റല്‍, ഹലാലായ മരുന്നുകള്‍ ചികിത്സക്ക് ഉപയോഗിക്കുകയും കാന്റീനില്‍ അറുത്ത മാംസവും ഹലാല്‍ ഭക്ഷണവും വില്‍ക്കുകയും മാത്രമല്ല ചെയ്യേണ്ടത്. സകലമാന ചൂഷണങ്ങളില്‍ നിന്നും മുക്തമാവുകയും, സത്യസന്ധമായി ചികിത്സ നടത്തുകയും, ന്യായമായ വരുമാനം ഉണ്ടാക്കുകയും ചെയ്യുകയാണ്, ആതുരശുശ്രൂഷ ഹലാല്‍ ആകുന്നതിന്റെ അടിസ്ഥാന നിബന്ധന. ഇത് പാലിക്കപ്പെടും വിധം ഹോസ്പിറ്റല്‍ മേഖയില്‍ ഹലാല്‍ സംസ്‌കാരമുണ്ടായാല്‍, അത് എന്തുമാത്രം ജനസേവനപരമായിരിക്കും!
വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുസ്വത്ത് തട്ടിയെടുക്കുന്ന അഴിമതിയെയും കൈക്കൂലിയെയും ചൂഷണത്തെയും നിഷിദ്ധമായി (ഹറാം) പ്രഖ്യാപിക്കുന്ന, തെറ്റായ വഴികളെല്ലാം വെടിഞ്ഞ് സമ്പാദ്യം അനുവദനീയം (ഹലാല്‍) മാത്രമായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിക പാഠങ്ങള്‍, രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് എത്രമേല്‍ ഗുണകരമാണെന്ന് ചിന്തിച്ചു നോക്കൂ. അപ്പോള്‍, ഹലാല്‍ എന്നത്, സാമൂഹിക സുരക്ഷയുടെയും രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും കൂടി ജീവപാഠമാകുന്നു. ഇത്രമേല്‍ സാമൂഹികോന്മുഖമായ ഒരു ആശയത്തെക്കുറിച്ച്, ഇവ്വിധം തെറ്റിദ്ധാരണ പരത്തുന്നത് അജ്ഞത കാരണമാണോ? അതോ, വിദ്വേഷ രാഷ്ട്രീയം നിമിത്തമോ?
വിലക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുക, മാംസം ദൈവനാമത്തില്‍ അറുത്തതാവുക, ദൈവേതരര്‍ക്ക് ബലി നല്‍കിയത് ആകാതിരിക്കുക, നിഷിദ്ധമായ വസ്തുക്കള്‍ കലര്‍ത്താതിരിക്കുക, കട്ടതും തട്ടിപ്പറിച്ചതും അല്ലാതിരിക്കുക തുടങ്ങിയവയാണ് ഹലാല്‍ ഭക്ഷണത്തിന്റെ നിബന്ധനകള്‍. എന്നാല്‍, നിയമപരമായി നിഷിദ്ധമല്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍, അനുവദനീയമായ സമ്പത്തുകൊണ്ട് വാങ്ങിയതായിരിക്കണം എന്ന മൗലിക തത്ത്വം ഇതിനെല്ലാം അടിസ്ഥാനമായി നിലകൊള്ളുന്നുണ്ട്. ഹലാലായ സമ്പത്ത് ഉപയോഗിച്ച് ഹറാമായ ഭക്ഷണം വാങ്ങിയാലും, ഹറാമായ പണം കൊണ്ട് ഹലാലായ ആഹാരം വാങ്ങിയാലും അത് സ്വീകാര്യമാവുകയില്ല. അന്യായമായ സമ്പാദ്യം ഉപയോഗിക്കുന്ന ഒരാള്‍, അറുത്തത് മാത്രമേ ഭക്ഷിക്കൂ എന്ന് നിര്‍ബന്ധം പിടിക്കുന്നത് വൈരുധ്യമാണല്ലോ.
ഹലാല്‍ ദൈവികമാണ്
ഹലാല്‍ എന്നത് സാമുദായിക വേര്‍തിരിവോ, വംശീയ വിവേചനമോ അല്ല, ദൈവികമായ ശാസനയാണ്. മനുഷ്യനന്മ മാത്രമാണ് അതിന്റെ ലക്ഷ്യം. വര്‍ഗീയമായ വേര്‍തിരിവിന്റെ ലാഞ്ഛനപോലും, ഇസ്‌ലാമിക പ്രമാണങ്ങളുടെ ഹലാല്‍ അധ്യാപനങ്ങളില്‍ കാണാനാകില്ല. ഇസ്‌ലാമിക വിശ്വാസവും ആദര്‍ശവും സ്വീകരിച്ചവര്‍ക്ക് മാത്രം നിര്‍ബന്ധമാകുന്നതാണ് ഹലാല്‍ നിയമങ്ങള്‍. ഇസ്‌ലാമിക വിശ്വാസവും ആദര്‍ശവും സ്വീകരിക്കാത്തവര്‍ക്കും, അവരവരുടേതായ മതവിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടു തന്നെ, ഭൗതികമായ നന്മയാഗ്രഹിച്ച് ഹലാല്‍ സംസ്‌കാരം സ്വീകരിക്കാവുന്നതാണ്. ഹലാല്‍ ഭക്ഷണവും വസ്തുക്കളും ഉപയോഗിക്കുന്നതുകൊണ്ടും ഇടപാടുകള്‍ നടത്തുന്നതു കൊണ്ടും മതപരമായ യാതൊരു മുദ്രയും ബാധ്യതയും ഇതര വിശ്വാസക്കാര്‍ക്ക് വന്നുചേരുകയില്ല. ഹലാല്‍ ബാങ്കിംഗ് ഉദാഹരണമായി എടുക്കുക. പലിശരഹിത സാമ്പത്തിക ഇടപാടുകളാണ് ഹലാല്‍ ബാങ്കിംഗിന്റെ ഒരു മര്‍മം. പലിശക്കെടുതിയുടെ ഭീകരത അനുഭവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, എല്ലാ വിഭാഗം മനുഷ്യരുമാണ്. ചൂഷണാധിഷ്ഠിത പലിശയില്‍ നിന്ന് മുക്തമായി, ബാങ്കിംഗ് മേഖല ഹലാല്‍ ആയാല്‍ അതിന്റെ ഗുണം എല്ലാവര്‍ക്കുമായിരിക്കും. മനുഷ്യനന്മയെ മുന്‍നിര്‍ത്തിയുള്ള ദൈവിക നിയമത്തിന്റെ മേന്മയാണിത്. ഹലാല്‍ ഭക്ഷണം, ഹലാല്‍ ഫ്‌ളാറ്റ്, ഹലാല്‍ ബാങ്കിംഗ്, ഹലാല്‍ ഇന്‍വെസ്റ്റ്‌മെന്റ്, ഹലാല്‍ മെഡിസിന്‍ തുടങ്ങിയവയെല്ലാം, പേരുകൊണ്ട് മതദ്യോതകമാണെങ്കിലും, ആശയതലത്തിലും പ്രയോജനപരമായും മനുഷ്യനന്മയില്‍ അധിഷ്ഠിതമാണ്. സാമുദായിക വിവേചനമല്ല, സാമൂഹിക വളര്‍ച്ചയാണ് ഇത് സാധ്യമാക്കുക; യഥാവിധി പ്രയോഗവല്‍ക്കരിക്കപ്പെടുന്നുവെങ്കില്‍.
ദൈവിക ശാസനയാണ് എന്നതിനാല്‍ മനുഷ്യര്‍ക്ക് യഥേഷ്ടം മാറ്റം വരുത്താവുന്നതോ, വിവേചനം കാണിക്കാവുന്നതോ അല്ല ഹലാല്‍ നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍. 'ഇന്നത് അനുവദനീയം (ഹലാല്‍), ഇന്നത് നിഷിദ്ധം (ഹറാം) എന്നിങ്ങനെ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതിനുവേണ്ടി നിങ്ങളുടെ നാവുകള്‍ വിധിക്കുന്നത് പറയാതിരിക്കുവിന്‍' (അന്നഹ്ല്‍ 116) എന്ന് ഖുര്‍ആന്‍ പ്രഖ്യപിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണത്താല്‍ ഒരു നിലപാടെടുത്ത പ്രവാചകനെ അല്ലാഹു ശാസിക്കുകയും തിരുത്തുകയും ചെയ്തതും വേദഗ്രന്ഥത്തില്‍ കാണാം; ''അല്ലയോ പ്രവാചകാ, അല്ലാഹു നിനക്കനുവദിച്ചുതന്നിട്ടുള്ളത് നിഷിദ്ധമാക്കുന്നതെന്തിന്? നിന്റെ പത്നിമാരുടെ പ്രീതി കാംക്ഷിച്ചുകൊണ്ടാണോ? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (അത്തഹ്‌രീം 1). തെറ്റായ നിലപാടുകളിലൂടെ, കാര്യസാധ്യങ്ങള്‍ക്കു വേണ്ടിയും മറ്റും ഈ നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്ന, വിശ്വാസി സമൂഹത്തോടുള്ള കല്‍പനയും ഖുര്‍ആനിലുണ്ട്; ''അല്ലയോ വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ള ഉത്തമവിഭവങ്ങളെ നിഷിദ്ധമാക്കരുത്' (അല്‍മാഇദ 87). മുമ്പുകാലത്ത് ചില വിഭാഗങ്ങളില്‍ അങ്ങനെ സംഭവിച്ചു പോയത് ഈസാ പ്രവാചകന്‍ തിരുത്തിയതായും ഖുര്‍ആന്‍ വിവരിക്കുന്നു; ''നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു'' (ആലു ഇംറാന്‍ 50). പുരോഹിതരും ജാതി മേധാവിത്വവാദികളും മുമ്പു കാലത്ത് സൃഷ്ടിച്ചിരുന്ന, 'വിശുദ്ധം, വിലക്കപ്പെട്ടത്, അനുവദനീയം, തൊട്ടുകൂടാത്തത്' തുടങ്ങിയ വിവേചനപൂര്‍വമായ മനുഷ്യനിര്‍മിത നിയമങ്ങളുടെ സ്വഭാവമല്ല, ഹലാല്‍ സംബന്ധിച്ച ദൈവിക മാര്‍ഗദര്‍ശനങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ളത്.
വിശുദ്ധിയും അനുവദനീയതയും
വിശുദ്ധമായതാണ് ദൈവം മനുഷ്യന് അനുവദനീയമാക്കിയത് എന്ന് സത്യവേദം പഠിപ്പിക്കുന്നു. പരിശുദ്ധം (ത്വയ്യിബ്) എന്ന അടിത്തറയില്‍, അനുവദനീയങ്ങളുടെ (ഹലാല്‍) ലോകം പണിയുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മെച്ചപ്പെട്ടത്, ഉത്തമവും ശുദ്ധവുമായത് എന്നാണ് ത്വയ്യിബ് എന്ന പ്രയോഗത്തിന്റെ ആശയം. മനസ്സിനും ശരീരത്തിനും, വ്യക്തിക്കും സമൂഹത്തിനും ഗുണകരമായതാണ് ത്വയ്യിബ്. ഗുണം ലഭിക്കുന്നതോടൊപ്പം, ആസ്വാദ്യകരവും രസകരവുമാകണം, ആത്യന്തികമായി സന്തോഷം നല്‍കുന്നതും. ഇതാണ് ത്വയ്യിബിന്റെ ആശയം. വിശുദ്ധ ഖുര്‍ആന്‍, ഹലാല്‍ നിയമം വിശദീകരിക്കുമ്പോള്‍, 'പരിശുദ്ധമായത്' എന്ന് ഊന്നിപ്പറയുന്നുണ്ട്; ''തങ്ങള്‍ക്ക് അനുവദനീയമായത് എന്താണെന്ന് ജനം നിന്നോട് ചോദിക്കുന്നുവല്ലോ. പറയുക: നല്ല വസ്തുക്കളെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു'' (അല്‍മാഇദ 4).
മനുഷ്യബന്ധങ്ങളിലും വിശുദ്ധിയും ഹലാലും കാത്തു സൂക്ഷിക്കണം, വിശേഷിച്ചും വിവാഹത്തില്‍. വിശുദ്ധമായ (ത്വയ്യിബ്) വിവാഹബന്ധങ്ങളാണ് ഇസ്‌ലാം അനുവദനീയം (ഹലാല്‍) ആക്കിയിട്ടുള്ളത്. വിശുദ്ധമായ അടിത്തറയുണ്ടെങ്കിലേ വ്യക്തിയും കുടുംബവും സമൂഹവും നിലനില്‍ക്കൂ. വിശുദ്ധിയുടെയും അനുവദനീയതയുടെയും പ്രാധാന്യം മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണിത്. ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക; ''പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കും, പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കുമുള്ളവരാകുന്നു. അവരുടെ സദാചാരം, ആളുകള്‍ പറയുന്ന ദൂഷണങ്ങളില്‍നിന്നൊക്കെയും മുക്തമാകുന്നു. അവര്‍ക്കായി പാപമുക്തിയും മഹത്തായ വിഭവങ്ങളുമുണ്ട്'' (അന്നൂര്‍ 26). 'കെട്ട സ്ത്രീകള്‍ കെട്ട പുരുഷന്മാര്‍ക്കുള്ളവരാകുന്നു; കെട്ട പുരുഷന്മാര്‍ കെട്ട സ്ത്രീകള്‍ക്കും' എന്ന് തുടര്‍ന്നു പറയുന്നുണ്ട്. സദാചാരരഹിതനും താന്തോന്നിയുമായ ഒരു പുരുഷനെ ചാരിത്ര്യവതികളായ സ്ത്രീകള്‍ ഇഷ്ടപ്പെടുകയും സംതുപ്തിയോടെ വിവാഹം കഴിക്കുകയും ചെയ്യുമോ? ഒരു അഭിസാരികയെ വിവാഹം ചെയ്യാന്‍ ഉത്തമനായ പുരുഷനും ഇഷ്ടപ്പെടില്ല. ഇതിന് മത സമുദായ വ്യത്യാസമൊന്നുമില്ല. ഇതു തന്നെയാണ്, ഹലാലിന്റെ പൊരുളുകളിലൊന്ന്.
ഹലാല്‍ ഭക്ഷണമാകട്ടെ വിശാലമായ ചര്‍ച്ചാ മേഖലയാണ്. ഭക്ഷണം അനുവദനീയവും നിഷിദ്ധവുമായി തരം തിരിക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. മാംസവും മറ്റുള്ളതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ വിശുദ്ധമാവുക എന്നതാണ് ഒന്ന്. വിശ്വാസപരമാണ് മറ്റൊന്ന്. അഥവാ, സത്യദൈവത്തിനല്ലാതെ ബലിയര്‍പ്പിക്കപ്പെട്ടതും കാണിക്കയായതും നിഷിദ്ധമാണ്. ദൈവനാമത്തില്‍ അറുത്തതാകണം എന്നതാണ് മൂന്നാമത്തേത്. നേരത്തേ സൂചിപ്പിച്ച സമ്പത്തിന്റെ വിശുദ്ധിയാണ് അടുത്തത്. ഇവയെല്ലാം അതിന്റേതായ തലങ്ങളില്‍ പാലിക്കപ്പെടുമ്പോഴാണ് ഭക്ഷണം ഹലാല്‍ ആകുന്നത്. ഇതില്‍ പരിശുദ്ധി പ്രധാനമാണ്. നിഷിദ്ധവുമായ ഭക്ഷ്യവസ്തുക്കള്‍ സൂചിപ്പിച്ച ശേഷം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു; ''ഇന്ന് നല്ല വസ്തുക്കളൊക്കെയും (ത്വയ്യിബാത്ത്) നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' (അല്‍മാഇദ 5). 'അനുവദനീയവും വിശുദ്ധവുമായത്' (ഹലാലന്‍ ത്വയ്യിബന്‍) എന്ന് രണ്ട് പദങ്ങളും ചേര്‍ത്തു പറഞ്ഞ സന്ദര്‍ഭങ്ങളുമുണ്ട് ഖുര്‍ആനില്‍; ''ജനങ്ങളേ, ഹിതകരവും ശുദ്ധവുമായി ഭൂമിയില്‍ എന്തെല്ലാമുണ്ടോ, അതൊക്കെയും ഭക്ഷിച്ചുകൊള്ളുവിന്‍'' (അല്‍ബഖറ 168). ഹലാലിനോട് ത്വയ്യിബ് ചേര്‍ത്ത മറ്റൊരു സൂക്തം: ''അതിനാല്‍, ജനങ്ങളേ! അല്ലാഹു നിങ്ങള്‍ക്കേകിയ ഹിതകരവും ഉത്തമവുമായ വിഭവങ്ങള്‍ ആഹരിച്ചുകൊളളുവിന്‍; അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുവിന്‍. നിങ്ങള്‍ യഥാര്‍ഥത്തില്‍ അവന്നുമാത്രം അടിമപ്പെടുന്നവരാണെങ്കില്‍'' (അന്നഹ്ല്‍ 114). ''അല്ലാഹു നല്‍കിയ ഹിതകരവും ഉത്തമവുമായ വിഭവങ്ങള്‍ ആഹരിച്ചുകൊള്ളുക. നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ അനുസരിക്കുന്നതില്‍ ജാഗ്രതയുള്ളവരായിരിക്കുക'' (അല്‍മാഇദ 88).
മലിനവും മ്ലേഛവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ മനുഷ്യന്റെ ആരോഗ്യവും ജീവിതവും എപ്രകാരം അപകടത്തിലാകുമെന്നും സമ്പത്തും സ്വസ്ഥതയും ഏതളവില്‍ നശിക്കുമെന്നും ഏറെയൊന്നും വിശദീകരിക്കേണ്ടതില്ല. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങള്‍ നിരോധിക്കപ്പെടുകയാണ് പതിവ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍, ഭക്ഷ്യവസ്തുകളുടെ ഉല്‍പ്പാദനം മുതല്‍ വിതരണവും ഉപഭോഗവും വരെയുള്ളതില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങളും പുലര്‍ത്തുന്ന ജാഗ്രതയും അതിപ്രധാനമാണ്. പല രാജ്യങ്ങളുടെയും ഭക്ഷ്യ നിയമങ്ങളും പരിശോധനകളും ശ്രദ്ധിച്ചാല്‍, സമൂഹത്തിന്റെ ആരോഗ്യകാര്യത്തില്‍ അവര്‍ എത്ര മാത്രം സൂക്ഷ്മത പുലര്‍ത്തുന്നുവെന്ന് മനസ്സിലാക്കാം. ഈ സൂക്ഷ്മത തന്നെയാണ് ഇസ്‌ലാം ഹലാല്‍ ഭക്ഷണത്തിന്, 'വിശുദ്ധി' മാനദണ്ഡമാക്കിയപ്പോള്‍ പുലര്‍ത്തിയിട്ടുള്ളത്. ഇസ്‌ലാം അനുവദനീയമാക്കിയ ഭക്ഷ്യവസ്തുക്കള്‍, അറവ് ഉള്‍പ്പെടെ മാംസാഹാരത്തിന്റെ മാനദണ്ഡങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ഇസ്‌ലാം നിഷിദ്ധമാക്കിയ ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചാല്‍ അവ വിശുദ്ധമല്ലാത്തതോ, അരോഗ്യത്തിന് ഹാനികരമായതോ ആണെന്ന് ബോധ്യപ്പെടും. ''ശവം, ചോര, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട ജന്തുക്കള്‍ -ഇവയാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുളളത്. എന്നാല്‍, വല്ലവനും വിശപ്പിനാല്‍ നിര്‍ബന്ധിതനായി ഗത്യന്തരമില്ലാതെ ഈ വസ്തുക്കള്‍ ആഹരിച്ചാല്‍, അവന്‍ ദൈവികനിയമങ്ങളോട് ധിക്കാരം ഭാവിക്കാത്തവനും അനിവാര്യതയുടെ അതിര് വിട്ടുകടക്കാത്തവനുമാണെങ്കില്‍, അപ്പോള്‍ നിശ്ചയമായും അല്ലാഹു മാപ്പരുളുന്നവനും ദയാപരനുമാകുന്നു'' (അന്നഹ്ല്‍ 115).
അനുവദിക്കപ്പെട്ട മൃഗങ്ങളില്‍, ദൈവനാമത്തില്‍ അറുത്ത ഉരുവിന്റെ മാംസമാണ് ഇസ്‌ലാം അനുവദനീയമാക്കിയിട്ടുള്ളത്. വേട്ടമൃഗത്തെ അയക്കുമ്പോഴും ഈ നിബന്ധന പാലിക്കണം. ''അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പിടിച്ചുതരുന്നതും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍, അതിന്മേല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്'' (അല്‍മാഇദ 4). ഉരുവിന്റെ രക്തം ഒഴുകിപ്പോകും വിധം അറുക്കുന്നതിന്റെ ഗുണങ്ങള്‍ ഇതിനകം ലോകത്ത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അറുക്കാതെ, രക്തം കട്ടിയാകും വിധം അടിച്ചു കൊല്ലുന്നതിന്റെ ദോഷങ്ങളും പഠനങ്ങളില്‍ പുറത്തുവന്നിട്ടുള്ളതാണ്. അത് വിസ്തരിച്ച് എഴുതേണ്ടതാണ്.
ദൈവനാമം ഉച്ചരിച്ച് അറുക്കണമെന്നും, ഏതു ഭക്ഷണവും കഴിക്കുമ്പോള്‍ ദൈവനാമത്തില്‍ ആരംഭിക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തിനാണ് ഇങ്ങനെ ദൈവനാമം ഉച്ചരിക്കുന്നത്? പട്ടിണിക്കിടാതെ ആഹാരം തന്നതിന് ദൈവത്തോടുള്ള നന്ദിയാണത്. ഭക്ഷണത്തിനു വേണ്ടി ജീവന്‍ കളയുമ്പോള്‍, ജീവന്‍ നല്‍കിയ ദൈവത്തിന്റെ പേരില്‍ തന്നെ അത് നിര്‍വഹിക്കുന്നതാണ് നീതി എന്നതിനാലാണ് അറുക്കുമ്പോള്‍ ദൈവനാമം ചൊല്ലുന്നത്. വിഭവങ്ങള്‍ ദൈവത്തിന്റേതാണെന്ന ഓര്‍മയും അവന്റെ മുമ്പില്‍ മനുഷ്യന്‍ നിസ്സാരനാണെന്ന വിനയവും ദൈവനാമം ഉച്ചരിക്കുന്നതിലുണ്ട്. ദൈവത്തിന്റെ വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കും പങ്കുവെക്കേണ്ടതാണെന്ന ചിന്തയും ഇത് അങ്കുരിപ്പിക്കുന്നുണ്ട്.
ഭക്ഷണത്തിന്റെ പങ്കുവെപ്പ് ഏത് അടിസ്ഥാനത്തിലാണ്? അഗതിയുടെ അന്നം, അതൊരു ബോധത്തിന്റെ സൃഷ്ടിപ്പും ഒരു സംസ്‌കാരത്തിന്റെ പ്രചോദനവുമാണ്. ദൈവനാമത്തില്‍ അറുക്കുകയും ആഹരിക്കുകയും ചെയ്യുമ്പോള്‍ പിശാചിനെ തിരസ്‌കരിക്കുകയാണ് ചെയ്യുന്നത്. വിശ്വാസിയായ മനുഷ്യന്‍ വിനയാന്വിതനാണ്, ധിക്കാരിയായ പിശാച് അഹങ്കാരിയും. ദൈവം കാരുണ്യവാനാണ്, പിശാച് അക്രമിയും. ഭക്ഷണ വേളയില്‍ ദൈവനാമം ഉച്ചരിച്ചില്ലെങ്കില്‍ പിശാച് കടന്നു കയറും. ദൈവത്തെ ധിക്കരിച്ച പിശാചിനെ മാറ്റി നിര്‍ത്തി, നന്ദി ബോധമുള്ള മനുഷ്യനാവുകയാണ് ദൈവനാമത്തില്‍ അറുക്കുകയും ആഹരിക്കുകയും ചെയ്യുന്നതിന്റെ അര്‍ഥം. ഹിതകരവും വിശുദ്ധവുമായത് ഭക്ഷിക്കുവിന്‍ എന്ന് കല്‍പിച്ച സുക്തം അവസാനിപ്പിക്കുന്നത് ഇപ്രകാരമായത് ശ്രദ്ധേയമാണ്; ''ചെകുത്താന്‍ ഉപദേശിക്കുന്ന വഴികള്‍ പിന്തുടരാതിരിക്കുവിന്‍, അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവല്ലോ. തിന്മയും നീചവൃത്തികളുമാണ് അവന്‍ നിങ്ങളോടനുശാസിക്കുന്നത്. നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാന്‍ അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു'' (അല്‍ബഖറ 168,169). ഹലാലിന്റെ അടിസ്ഥാന തത്ത്വങ്ങളും പ്രയോഗ രൂപങ്ങളും കേവല മതാചാരങ്ങള്‍ എന്നതിനപ്പുറം, സാമൂഹിക നന്മയുടെ വലിയ പ്രചോദകങ്ങളാണ്. അത് ഇനിയുമേറെ വിശദീകരിക്കാനുണ്ട്.
Comments