Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

പ്രബോധനം വായനയുടെ മുന്‍ഗണനകള്‍ മാറ്റുന്ന ജീവിതമെഴുത്ത്

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

''........ എന്തിനാണമ്മ കരഞ്ഞത്?' എന്ന് ചോദിച്ചപ്പോള്‍, 'അവരൊക്കെ മരിച്ചുപോയാല്‍ എന്താവും' എന്നായിരുന്നു മറുപടി. ഇത് പറയുന്നതാകട്ടെ ഈറന്‍ മിഴികളോടെ! ജനങ്ങള്‍ സന്മാര്‍ഗം സ്വീകരിക്കാത്തതിന്റെ പേരില്‍ മനംനൊന്ത് സ്വയം ജീവന്‍ കളയുമോ എന്ന അവസ്ഥയിലെത്തിയ പ്രവാചകനെ പറ്റി ഖുര്‍ആന്‍ പറഞ്ഞതാണ് ആ സമയത്ത് ഓര്‍മ വന്നത്.''
ജി.കെ എടത്തനാട്ടുകര പ്രിയപ്പെട്ട അമ്മയുടെ ഇസ്‌ലാം ആശ്ലേഷത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായി  വിവരിച്ച ഈ വാക്കുകള്‍ (ലക്കം 3185) സത്യസാക്ഷ്യം നിര്‍വഹിക്കാന്‍ പ്രതിജ്ഞയെടുത്ത  ഇസ്‌ലാമിക പ്രവര്‍ത്തകരെ സ്വയം വിചാരണക്ക് വിധേയമാക്കുന്നുണ്ട്. ഐഹിക ജീവിതത്തിന്റെ പകിട്ടില്‍, ഓട്ടത്തിനിടയിലെ പതര്‍ച്ചയില്‍ സത്യസാക്ഷ്യം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം വിസ്മരിച്ച, സ്വര്‍ഗപ്രവേശന കവാടമായ മരണം മറന്ന ഹതഭാഗ്യരായി പോകുന്നുണ്ടോ നാം എന്ന് സ്വയം ചിന്തിച്ചുപോയ നിമിഷങ്ങള്‍.
മറ്റുള്ളവരുടെ സ്വര്‍ഗപ്രവേശത്തില്‍ ആശങ്ക പൂണ്ട് കരഞ്ഞ് കണ്ണ് കലങ്ങിയ അതേ അമ്മ ഒടുവില്‍ മുത്തുമാലയുടെ തിളക്കം പോലെ പുഞ്ചിരിച്ച്, മഞ്ഞു കണത്തിന്റെ നൈര്‍മല്യം പോലെ തന്റെ നാഥനില്‍ അണഞ്ഞ സന്ദര്‍ഭം ജി.കെ കുറിച്ചത് ഏതൊരു വായനക്കാരനെയും ഈറനണയിക്കുന്നതായി.
ഇടതു കാലിലെ ചെരിപ്പ് ആദ്യം ധരിച്ച മകനെ തിരുത്തി, 'കുഞ്ഞാനേ, വലത്തേ ചെരിപ്പല്ലേ ആദ്യം' എന്നു പറയുന്ന ആ അമ്മയുടെ ജാഗ്രത ഇസ്‌ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം  വിചിന്തനത്തിന് പ്രേരണയാകേണ്ട തര്‍ബിയത്തിന്റെ മുത്തുവചനങ്ങളാണ്. ദീനിനെ ഇഖാമത്ത് ചെയ്യാന്‍ ബാധ്യസ്ഥരായ വിശ്വാസികളെ സംബന്ധിച്ചേടത്തോളം, നന്മയുടെ കടുക് ചോരുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും  ശ്രദ്ധിക്കാറില്ല. ജി.കെയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഇസ്‌ലാമിന്റെ ആഗോളപ്രസക്തിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നാം ഇസ്‌ലാം കാല്‍ച്ചുവട്ടില്‍നിന്ന് നീങ്ങിപ്പോകുന്ന കാര്യം അറിയാതെ പോകുന്നു. എത്ര വിശാലതയും അര്‍ഥവ്യാപ്തിയുമുള്ള പാഠങ്ങളാണ് ഈ ഒരൊറ്റ അനുഭവത്തില്‍നിന്ന് അമ്മയെന്ന ആ പ്രാര്‍ഥനാ നാളം നമ്മെ പഠിപ്പിക്കുന്നത്.
ജി.കെ തന്റെ അനുഭവ കുറിപ്പില്‍ പലതും സൂചന മാത്രം നല്‍കി വിവരിക്കാതെ പോകുന്നത് ഉചിതമല്ല എന്നാണ് അഭിപ്രായം.  വായനക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പംക്തിയാണ് ജി.കെയുടെ ജീവിതമെഴുത്ത്. ചെറിയ ജ്യേഷ്ഠന്റെയും മൂന്ന് മക്കളുടെയും ഇസ്‌ലാം സ്വീകരണ അനുഭവം, താമസം മാറി ശാന്തപുരത്തെത്തിയപ്പോള്‍ മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം, യൂസുഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചെയ്ത സേവനങ്ങള്‍, അമ്മയുടെ മറ്റു പ്രസക്തമായ അനുഭവങ്ങള്‍... സ്ഥലപരിമിതിയെന്ന കാരണം പറഞ്ഞ് കൂടുതല്‍ വിവരിക്കാതെ ഇതൊക്കെ സ്‌കിപ്പ് ചെയ്തു പോകുന്നുണ്ട് അദ്ദേഹം. ലക്കങ്ങള്‍ അധികരിച്ചാലും വരും കാലങ്ങളില്‍ പ്രബോധന മേഖലയില്‍ ഇത്തരം വിവരണങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. വായനയുടെ  മുന്‍ഗണനക്രമങ്ങളെ പോലും തെറ്റിച്ച്, ആകാംക്ഷപൂര്‍വം കാത്തിരുന്ന് ആദ്യം വായിക്കേണ്ട അവസ്ഥയിലേക്കെത്തിച്ച  മനോഹരമയ പ്രബോധന പാഠങ്ങളാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍. 

 

ഐ.പി.എച്ച് ഇനിയും കടന്നു ചെല്ലേണ്ട ഇടങ്ങള്‍

ഐ.പി.എച്ചിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ടു. അതില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. പക്ഷേ പതിനായിരക്കണക്കിന് കാതങ്ങള്‍ അകലെ കാനഡയിലുള്ള എനിക്ക് അവിടെ എങ്ങനെ പറന്നെത്താനാവും, വിശിഷ്യാ കോവിഡിന്റെ പശ്ചാത്തലത്തില്‍! ഞാന്‍ ഐ.പി.എച്ചിന്റെ ഡയറക്ടറായിരുന്ന കാലത്ത് (മൂന്നു വര്‍ഷം) പുസ്തകങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പല ചുവടുവെപ്പുകളും നടത്തിയിരുന്നു. പുസ്തകങ്ങളുടെ കെട്ടും മട്ടും നിലവാരം പുലര്‍ത്തണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അതിനു വേണ്ടി ആര്‍ട്ടിസ്റ്റുകളുടെ സഹായം തേടി. 'സദാചാരം ഇസ്‌ലാമില്‍' എന്ന കൃതി അക്കാലത്താണ് ഞാന്‍ പരിഭാഷപ്പെടുത്തിയത്. മൗലാനാ മൗദൂദിയുടെ 'ഇസ്‌ലാം കാ അഖ്‌ലാഖി നുക്‌തെ നസ്ര്‍' (ഇസ്‌ലാമിലെ ധാര്‍മിക വീക്ഷണം) എന്ന കൃതിയുടെ പരിഭാഷയാണത്. ഒരു കാലത്ത് പാശ്ചാത്യ ചിന്തകരെ ആഴത്തില്‍ പഠിച്ചിട്ടുണ്ട് മൗലാനാ മൗദൂദി. പിന്നെ ഖുര്‍ആനിലേക്ക് തിരിഞ്ഞപ്പോള്‍ പാശ്ചാത്യ ദര്‍ശനങ്ങളുടെ ആഴമില്ലായ്മയും നിസ്സാരതയും ബോധ്യമായി. അതദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പഠനവിധേയമാക്കിയ പാശ്ചാത്യ ചിന്തകരില്‍ ഒരാളാണ് ഇമ്മാനുവല്‍ കാന്റ്. കാന്റ് മുന്നോട്ടുവെക്കുന്ന ധാര്‍മിക വീക്ഷണത്തെ മൗദൂദി വിമര്‍ശിച്ചു. categorical imperative ആണ് ധാര്‍മികതയുടെ അസ്തിവാരം എന്നായിരുന്നു കാന്റിന്റെ വീക്ഷണം. മൗദൂദിയുടെ അഖ്‌ലാഖീ നുക്‌തെ നസ്ര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ആ പദത്തിന്റെ പരിഭാഷക്ക് വേണ്ടി ഞാന്‍ നിഘണ്ടുക്കള്‍ പരതി; ഫലിച്ചില്ല. അന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്ന എന്‍.വി കൃഷ്ണവാരിയര്‍ക്ക് ആ പ്രയോഗം പരിഭാഷപ്പെടുത്തിത്തരുമോ എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അദ്ദേഹവും അല്‍പം പ്രയാസപ്പെട്ടു.  എങ്കിലും ഒന്നെഴുതി അയച്ചുതന്നു (സദാചാരം ഇസ്‌ലാമില്‍ എന്ന കൃതി പരിശോധിച്ചാല്‍ ആ പരിഭാഷ കാണാം).
പുതിയ വല്ല ഗ്രന്ഥങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അയച്ചുതരണമെന്ന് അന്ന് അമേരിക്കയിലായിരുന്ന എന്നോട്  ഐ.പി.എച്ച് ഭാരവാഹികള്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് ഇസ്സത്ത് ബെഗോവിച്ചിന്റെ Islam Between East and West എന്ന പുസ്തകം അയച്ചുകൊടുത്തത്. 'ഇസ്‌ലാം രാജമാര്‍ഗം' എന്ന തലക്കെട്ടില്‍ എന്‍.പി മുഹമ്മദ് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിഗഹനവും ബൃഹത്തുമായ ആ ഗ്രന്ഥം പരിഭാഷപ്പെടുത്തുക ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും എന്‍.പി മുഹമ്മദ് അത് നിര്‍വഹിച്ചു. 
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആവശ്യപ്പെടാനുള്ളത് ഐ.പി.എച്ച് അതിന്റെ പ്രസിദ്ധീകരണ വൃത്തം വിപുലീകരിക്കണമെന്നാണ്. നോവലുകള്‍ പ്രസിദ്ധീകരിക്കണം. ഉദാഹരണമായി വി.പി അഹ്മദ് കുട്ടിയുടെ മകള്‍ സാജിദ കുട്ടി ഒരു നോവലെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഇസ്‌ന) വൈസ് പ്രസിഡന്റായ ജലാലുദ്ദീന്റെ മകള്‍ ഉസ്മയും ഒരു നോവലെഴുതിയിട്ടുണ്ട്. ഇതുപോലുള്ള നോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ Cultural Atlas of Islam ഐ.പി.എച്ച് പരിഭാഷപ്പെടുത്തേണ്ട കൃതിയാണ്.
എന്റെ Green Earth: The Prophetic vision എന്ന ഗ്രന്ഥവും ഐ.പി.എച്ച് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് നന്നാവും. ഹുസൈന്‍ കടന്നമണ്ണ ഖത്തറില്‍ അതിന്റെ അറബി ഭാഷാന്തരം ചെയ്തുകൊണ്ടിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വളരെ ഉപകാരപ്രദമാണ് ആ ഗ്രന്ഥം. അത് പ്രധാന ലോക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരു പദ്ധതി ഞാന്‍ തയാറാക്കിയിട്ടുണ്ട്. അല്ലാഹു സഹായിക്കട്ടെ. 

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

 


ഈ എഴുത്ത് ചുരുക്കിക്കളയരുത്

ജി.കെയുടെ വിദേശ സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ ഒരു സ്വീകരണ പരിപാടി ഒരുക്കിയിരുന്നു. അന്ന് അവിടത്തെ ഔദ്യോഗിക ദഅ്‌വാ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു പ്രബോധകന്‍ ജി.കെയുടെ ഈ പരിപാടി മുടക്കുകയുണ്ടായി. പക്ഷേ, ചില സുമനസ്സുകളുടെ സഹായത്താല്‍ നിരവധി സഹോദര സമുദായാംഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന അവിടത്തെ ഇന്റസ്ട്രിയല്‍ ഏരിയയില്‍ മറ്റൊരു വലിയ പരിപാടി സംഘടിപ്പിക്കാന്‍ അത് കാരണമായി. ആ പരിപാടിയില്‍ ജി.കെ തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പ്രഭാഷണം കേട്ട് ഏതാണ്ടെല്ലാവരും കരഞ്ഞു. അന്ന് മനസ്സിലോര്‍ത്തിരുന്നു; ഇതൊക്കെ അദ്ദേഹം എഴുതിയിരുന്നുവെങ്കില്‍ എന്ന്.
ഇപ്പോള്‍ പ്രബോധനത്തിലൂടെ ആ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നിറഞ്ഞ സന്തോഷം. സത്യസാക്ഷ്യവഴിയിലെ ജീവിതമെഴുത്താണിത്. പ്രിയപ്പെട്ട ജി.കെയോട് ഒരപേക്ഷ; ദയവായി ഈ എഴുത്ത് ചുരുക്കിക്കളയരുത്. മൂന്നും നാലും മണിക്കൂറുകളെടുത്ത് താങ്കള്‍ നടത്തിയ നിരവധി പ്രഭാഷണങ്ങളില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ വിശദമായി എഴുതണം. അത് മലയാളിക്ക് യഥാര്‍ഥ വായനാനുഭവവും പഠനവുമായിരിക്കും, സംശയമില്ല. 

എ.പി അലി, പറവൂര്‍

 

ജി.കെ എടത്തനാട്ടുകരക്ക്

താങ്കളുടെ വിശ്വാസം പത്തര മാറ്റ് തങ്കം പോലെ തിളക്കമുള്ളതാണ്. ബോധ്യത്തില്‍നിന്നുണ്ടായ വിശ്വാസം അല്ലാഹുവിന്റെ അടുക്കല്‍ ഏറെ സ്വീകാര്യമായിരിക്കും. താങ്കള്‍ നിരീശ്വരവാദിയായിരിക്കെ, തൂങ്ങിമരിച്ചയാളുടെ ജഡം കണ്ടപ്പോള്‍ 'എന്റെ ദൈവമേ' എന്നു പറഞ്ഞത് അല്ലാഹുവിന്റെ ഉണ്മ ഓരോ ആത്മാവിലും അവന്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ്. ഖുര്‍ആന്‍ മുഴുവന്‍ താങ്കള്‍ വായിച്ചിട്ടുണ്ടാവുമല്ലോ. ഏഴാം അധ്യായം നൂറ്റി എഴുപത്തിരണ്ടാം സൂക്തം, ആദി പിതാവായ ആദമിന്റെ മുതുകില്‍നിന്ന് ലോകത്ത് ജനിക്കാനിരിക്കുന്ന എല്ലാ മനുഷ്യരുടെയും ആത്മാവിനെ വിളിച്ചു ചോദിച്ചു, 'നിങ്ങളുടെ രക്ഷിതാവ് ഞാനല്ലെയോ?' എന്ന്. അപ്പോള്‍ ആത്മാക്കള്‍ മറുപടി പറഞ്ഞു: 'അതേ, ഞങ്ങള്‍ അതിന് സാക്ഷിയുമാണ്.'
ആര്, എങ്ങനെയൊക്കെ നിഷേധിച്ചാലും അവരുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ ദൈവബോധമുണ്ട്, തീര്‍ച്ച. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ ഒരാള്‍ക്കും ദൈവനിഷേധിയാകാന്‍ കഴിയുകയില്ല. താങ്കളുടെ ജീവിതം നിഷേധികള്‍ക്ക് പാഠമാകട്ടെ. ഇനിയും കൂടുതല്‍ തിളക്കത്തോടെ ജീവിതാന്ത്യം വരെ മുന്നോട്ടു പോകാന്‍ സര്‍വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ. 

കെ. ഫാത്വിമ


ആ മുത്തുമാല

ജി.കെ എടത്തനാട്ടുകരയുടെ ജീവിതം അഞ്ചാം ഭാഗവും വായിച്ചു (ലക്കം 3185). എന്റെ വായനാനുഭവത്തില്‍ ഇതിനകം പല പണ്ഡിതന്മാരുടെയും ഇസ്‌ലാം സ്വീകരിച്ചവരുടെയും ജീവിതമെഴുത്ത് വായിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ അതില്‍നിന്നെല്ലാം വേറിട്ട അനുഭവമാണ് ജി.കെയുടെ എഴുത്തിലൂടെ ലഭിക്കുന്നത്. അഞ്ചാം ഭാഗത്തെ അവസാന വരികള്‍ വായിച്ചു പോകുമ്പോള്‍ അല്ലാഹുവാണ, കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. കരളില്‍ തട്ടിയുള്ള മകന്റെ ആ പ്രാര്‍ഥന ഏത് കണ്ണുകളെയാണ് ഈറനാക്കാതിരിക്കുക (നാഥാ, ആ മുത്തുമാല കഴുത്തിലണിഞ്ഞ് നിന്റെ സ്വര്‍ഗത്തില്‍ കണ്ടുമുട്ടാന്‍ ഞങ്ങളെ നീ തുണക്കേണമേ). 

മമ്മൂട്ടി കവിയൂര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര