Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

വരട്ടുവാദികളുടെ പുതിയ ചൊറിച്ചിലുകള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

അവര്‍
പുതിയ പുതിയ
ഏറുകാരെ തിരഞ്ഞുകൊണ്ടേയിരുന്നു
ഉന്നം പിഴക്കാത്ത
ഏറുകാരെന്ന് കേളി കേട്ടവര്‍ നക്കാപ്പിച്ചക്കു വേണ്ടി
വരി നിന്നു.
എറിയാനുളള കല്ലുകള്‍
കാപ്‌സ്യൂള്‍ പരുവത്തിലാക്കി
ആസ്ഥാന മന്ദിരത്തില്‍നിന്ന്
കൊടുത്തയച്ചിട്ടുണ്ടായിരുന്നു.

ഓരോ ഏറും
പതിന്മടങ്ങ് ശക്തിയില്‍
തിരിച്ചുവന്നു.
മാറ്റി പ്രതിഷ്ഠകള്‍ക്കൊന്നും
യഥാര്‍ഥ പഴം വീഴ്ത്താനായില്ല
ഒന്നല്ല,
ഒരായിരം പഴങ്ങള്‍
ഏറുകാരെ നോക്കി
കുടുകുടാ ചിരിച്ചുകൊണ്ടേയിരുന്നു.

ബദ്ധവൈരികളെന്ന്
പുറമേ കേളിയുള്ളോര്‍
അന്തിക്കിരുന്ന്
പുതിയ കാപ്‌സൂളുകളുണ്ടാക്കി
അണികള്‍ക്ക്
വിതരണം ചെയ്തു.
വാ തൊടാതെ വിഴുങ്ങിയ അണികള്‍
പേയിളകിയതു പോലെ
നാക്കു നീട്ടി തലങ്ങും വിലങ്ങും
അലറിപ്പാഞ്ഞു.
എന്നിട്ടും
മാമ്പഴം പഴുത്ത് തുടുത്ത്
മാവില്‍ തന്നെയിരുന്നു.

ഇരുട്ടു കൊണ്ട്
ഓട്ടയടക്കാനിറങ്ങിയവര്‍
കൂരിരുട്ടില്‍ കിടന്ന്
പുതിയ കാപ്‌സൂളുകള്‍ക്കായ്
കൈകാലിട്ടടിച്ചു.

ഉഗ്രജീവികളായി വന്നവര്‍
കുമിളകളായൊടുങ്ങിത്തീര്‍ന്നു
സ്വദേശ വിദേശ വിദഗ്ധരുടെ
കുറിപ്പടികളില്‍ മരുന്ന് ശേഖരിച്ചവര്‍ക്ക്
നാട്ടുവൈദ്യന്മാര്‍ക്ക് മുന്നില്‍
പിടിച്ചുനില്‍ക്കാനായില്ല.

ഏറു വളമായിക്കണ്ട്
വടവൃക്ഷമായി വളര്‍ന്നവള്‍
പുതിയ ഏറുകാരെക്കാത്തിരിക്കയാണ്
ഉയരത്തിലുയരത്തില്‍
ആകാശം മുട്ടെ
പടര്‍ന്നു കേറാന്‍.

വേരുകളാഴത്തിലാഴ്ത്തിയ
ആകാശവിരിമാറില്‍
പടര്‍ന്നു പന്തലിച്ച ശിഖരങ്ങളുള്ള
നിറയെ കായ്കനികളാല്‍
സുഭിക്ഷതയൂട്ടുന്ന
വടവൃക്ഷത്തിന്റെ
ആഘോഷക്കാലമാണല്ലോ
വരയിലും വരിയിലും
നിറഞ്ഞാടുന്നത്
വസന്തകാലത്തിലേക്കിനി
അധിക ദൂരമില്ല.

ഏറുകാരേ....
നിങ്ങള്‍ സ്വതന്ത്രരാണ്
നിങ്ങളുടെ
കൈകാലുകള്‍ തേടി
മാശാ അല്ലാഹ് വണ്ടികള്‍
ഒരു കാലത്തും വരില്ല.
എറിയുക,
അതിശക്തമായെറിയുക
മാങ്ങ വീണില്ലെങ്കിലും
എറിയുമ്പോള്‍
നിങ്ങള്‍ക്ക് ലഭിക്കുന്ന
ഒരുതരം സുഖമുണ്ടല്ലോ
ആ സുഖത്തിനായ്
നിങ്ങളെറിഞ്ഞുകൊണ്ടേയിരിക്കുക.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര