Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

വെളിപാടിന്റെ ഭാഷ

ടി.കെ.എം ഇഖ്ബാല്‍

ഇസ്‌ലാം എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട വെളിപാട് എന്തുകൊണ്ട് അറബി ഭാഷയിലായി എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഖുര്‍ആന്‍ ഏത് ഭാഷയില്‍ ഇറക്കിയാലും ഇതേ ചോദ്യം ചോദിക്കാവുന്നതാണ്. ഈ ചോദ്യത്തിന്റെ അനുബന്ധമായി,  ആരുടെയും ആശ്രയം ആവശ്യമില്ലാത്തവന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന അല്ലാഹുവിന് ഖുര്‍ആന്‍ ഇറക്കാന്‍ പ്രവാചകന്റെയും മലക്കുകളുടെയും സഹായം ആവശ്യമാണോ എന്ന കുതര്‍ക്കം യുക്തിവാദികള്‍ ഉയര്‍ത്താറുണ്ട്. ഓരോ മനുഷ്യനും അവന്/ അവള്‍ക്ക് അറിയാവുന്ന ഭാഷയില്‍ വേദഗ്രന്ഥം ആകാശത്തു നിന്ന് ദൈവം എന്തുകൊണ്ട് നേരിട്ട് ഇറക്കിക്കൊടുത്തില്ല എന്ന് ചോദിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇതു പോലെയുള്ള കുതര്‍ക്കങ്ങള്‍ പ്രവാചകനെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി എതിരാളികള്‍ ഉന്നയിക്കുകയും ഖുര്‍ആന്‍ അതിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ദൈവം, പ്രവാചകന്‍, വെളിപാട് ഇവയെക്കുറിച്ച അജ്ഞതയില്‍നിന്നും അബദ്ധ ധാരണകളില്‍നിന്നുമാണ് പ്രത്യക്ഷത്തില്‍ തന്നെ ബാലിശം എന്നു തോന്നുന്ന ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്.
ലോകോത്തര കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ്, അറബി ഭാഷയില്‍ ഇറങ്ങിയ ഖുര്‍ആന്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് എങ്ങനെ വായിക്കാനും മനസ്സിലാക്കാനും കഴിയും എന്ന ചോദ്യം നാസ്തികര്‍ ഉന്നയിക്കുന്നത്. ഖുര്‍ആന്‍ ദിവ്യഗ്രന്ഥമായി മുസ്‌ലിംകള്‍ മനസ്സിലാക്കുന്നതിനാല്‍തന്നെ അത് പഠിക്കാനും പഠിപ്പിക്കാനും പരിഭാഷപ്പെടുത്താനും വിശദീകരിക്കാനും വലിയ തോതിലുള്ള ശ്രമങ്ങള്‍ എല്ലാ മുസ്‌ലിം സമൂഹങ്ങളിലും കാണാന്‍ കഴിയും. മതനിഷ്ഠയോടെ ജീവിക്കുന്ന എല്ലാ മുസ്‌ലിം കുടുംബങ്ങളിലും ദിനേന  ചുരുങ്ങിയത് അഞ്ച് തവണ നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നുണ്ട്. ഈ അര്‍ഥത്തില്‍ ലോകത്ത് ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആയിരിക്കണം. ('ഖുര്‍ആന്‍' എന്ന വാക്കിന്റെ അര്‍ഥം വായന, വായിക്കപ്പെടുന്നത് എന്നായത് യാദൃഛികമല്ല). ഖുര്‍ആന്‍ വായിക്കാനും മനസ്സിലാക്കാനും വേണ്ടി മാത്രം അറബി ഭാഷ പഠിക്കുകയും അങ്ങനെ ആ ഭാഷയില്‍ അറബികളെ വെല്ലുന്ന വിധത്തില്‍ വൈദഗ്ധ്യം നേടിയെടുക്കുകയും ചെയ്ത അറബികളല്ലാത്ത എത്രയോ വ്യക്തികളെ ലോകത്തുടനീളം കാണാന്‍ കഴിയും. ഖുര്‍ആനിലെ കുറച്ചു ഭാഗങ്ങളെങ്കിലും മനഃപാഠമാക്കാത്ത മുസ്‌ലിംകള്‍ വിരളമാണ്. നൂറ്റാണ്ടുകളിലൂടെ യാതൊരു കലര്‍പ്പും മാറ്റത്തിരുത്തലുകളുമില്ലാതെ മുഹമ്മദ് നബിക്ക് അവതീര്‍ണമായ അതേ രീതിയില്‍ ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത് വരമൊഴിയിലൂടെ മാത്രമല്ല, വാമൊഴിയിലൂടെയും ഖുര്‍ആന്‍ മനപാഠമാക്കിയവരുടെ ഓര്‍മകളിലൂടെയുമാണ്. പ്രവാചകന്റെ കാലത്ത് തന്നെ കല്ലിലും ഒട്ടകങ്ങളുടെ വിശാലമായ തോളെല്ലിലും മൃഗത്തൊലിയിലും മറ്റും എഴുതിവെക്കപ്പെട്ട ഖുര്‍ആന്റെ കൈയെഴുത്തുപ്രതികള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ധാരാളം പ്രവാചക ശിഷ്യന്മാരുടെ പാരായണവുമായി കണിശമായി ഒത്തു നോക്കിയതിനു ശേഷമാണ് പില്‍ക്കാലത്ത് ഖുര്‍ആന്റെ ഗ്രന്ഥരൂപത്തിലുള്ള ക്രോഡീകരണം നടന്നത്. പാരായണശൈലിയിലെ ചില വൈവിധ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരേയൊരു ഖുര്‍ആന്‍ ആണ് ഇന്ന് ലോകത്തുടനീളം ഉപയോഗിക്കപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതും. പലതരം ഖുര്‍ആനുകളുണ്ട് എന്ന് തെളിയിക്കാനുള്ള ചില  ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുടെ കഠിനപ്രയത്‌നങ്ങള്‍ പരാജയപ്പെട്ടത് ഖുര്‍ആന്റെ ഓരോ വാക്കും വരിയും അത്രമേല്‍ പരിചിതമായതുകൊണ്ടും വ്യാജ നിര്‍മിതികളില്‍നിന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന വിധം ഭാഷാപരമായും ആശയപരമായും അത് വേറിട്ടു നില്‍ക്കുന്നതുകൊണ്ടുമാണ്.
ദൈവിക മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടിയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടിയുമാണല്ലോ ദൈവം പ്രവാചകന്മാരെ നിയോഗിച്ചത്. മനുഷ്യര്‍ക്ക് വഴികാണിക്കാന്‍ മനുഷ്യരായ പ്രവാചകന്മാരെ ദൈവം തെരഞ്ഞെടുത്തു എന്നത് തികച്ചും സ്വാഭാവികവും യുക്തിസഹവുമാണ്. എല്ലാ പ്രവാചകന്മാരും സംസാരിച്ചത് അവരുടെ ജനതയുടെ ഭാഷയിലായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഏത് ജനതയില്‍നിന്നാണോ പ്രവാചകന്മാര്‍ നിയോഗിതരായത് ആ ജനത സംസാരിച്ചിരുന്ന ഭാഷയിലാണ് അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടതും. അതുകൊണ്ട് ഖുര്‍ആന്‍ അറബി ഭാഷയില്‍ അവതരിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അറബിയില്‍ ആയതുകൊണ്ട് അതിന്റെ സന്ദേശം മറ്റു ജനതകളിലേക്ക് എത്താതെ പോയിട്ടില്ല എന്നതിന് ഇസ്‌ലാമിന്റെ ചരിത്രവും നമ്മുടെ കണ്‍മുന്നിലുള്ള അനുഭവങ്ങളും സാക്ഷിയാണ്. ഖുര്‍ആനിലൂടെ മാത്രം ലോകത്തിന്റെ നാനാഭാഗത്തും ധാരാളം ആളുകള്‍ ഇപ്പോഴും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ അറബി ഭാഷയില്‍ തന്നെ ഖുര്‍ആന്‍ വശ്യമധുരമായി പാരായണം ചെയ്യുന്നു. ഖുര്‍ആന്റെ ഓരോ വാക്കും ആശയവും ഇഴകീറി പരിശോധിച്ച് ലേഖനങ്ങളും പ്രഭാഷണങ്ങളും പഠനങ്ങളും തയാറാക്കിക്കൊണ്ടിരിക്കുന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രമല്ല, എതിരാളികള്‍ കൂടിയാണ്. പതിനാല് നൂറ്റാണ്ട് മുമ്പ് വശ്യമായ അറബി ഭാഷയില്‍ അവതരിച്ച ഖുര്‍ആന്‍ ഏതു ഭാഷക്കും സ്വാഭാവികമായി സംഭവിക്കുന്ന പരിണാമങ്ങളെ പോലും അതിജയിച്ചുകൊണ്ട് മൂലഭാഷയില്‍ തന്നെ ഇപ്പോഴും വായിക്കപ്പെടുകയും മനസ്സിലാക്കെപ്പടുകയും ചെയ്യുന്നു എന്നത് ഖുര്‍ആന്റെ അമാനുഷികതയെ സാക്ഷ്യപ്പെടുത്തുന്ന അത്ഭുതങ്ങളില്‍ ഒന്നാണ്.

വേദവും പ്രവാചകനും

മനുഷ്യര്‍ക്ക് വേദഗ്രന്ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പോസ്റ്റ്മാന്‍ ആയിട്ടാണ് പ്രവാചകന്മാരെ നാസ്തികര്‍ പരിഹാസരൂപേണ അവതരിപ്പിക്കാറുള്ളത്. മനുഷ്യര്‍ക്ക് ദൈവത്തിന്റെ വെളിപാട് ചൊല്ലിക്കൊടുക്കല്‍ മാത്രമാണ് പ്രവാചകന്മാരുടെ പണി എന്നാണ് ഇവരുടെ ധാരണ. തൗഹീദിലേക്കും പരലോക വിശ്വാസത്തിലേക്കും മനുഷ്യരെ ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും  തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്  പ്രവാചകന്മാരുടെ അടിസ്ഥാന ദൗത്യമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്ന് മുമ്പ് പറഞ്ഞുവല്ലോ. ഓരോ പ്രവാചകനും അവരുടെ കാലത്തെ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരായിരുന്നു. സത്യത്തിന്റെ മാര്‍ഗത്തില്‍ കഠിനമായ ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിച്ചവരായിരുന്നു. ദൈവത്തിന്റെ സന്ദേശത്തിലേക്ക് മനുഷ്യരെ ക്ഷണിച്ചതിന്റെ പേരില്‍ സ്വന്തം ജനതയില്‍നിന്ന് അവര്‍ രൂക്ഷമായ എതിര്‍പ്പുകളും മര്‍ദന പീഡനങ്ങളും ഏറ്റുവാങ്ങുകയും ചില പ്രവാചകന്മാര്‍ വധിക്കപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകന്മാര്‍ വെളിപാടിന്റെ (വഹ്‌യ്) വാഹകര്‍ മാത്രമല്ല, അതിന്റെ പ്രയോക്താക്കളും ജീവിക്കുന്ന മാതൃകകളും ആയിരുന്നുവെന്ന് ചുരുക്കം. തൗഹീദിലൂടെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. പല പ്രവാചകന്മാരുടെയും വെളിപാടിന് വരമൊഴി ഉണ്ടായിരുന്നില്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന, വേദഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകന്മാര്‍ വളരെ കുറച്ചേയുള്ളൂ. എഴുത്തു ഭാഷ വികസിക്കുന്നതിനു മുമ്പ് പ്രവാചകന്മാര്‍ സത്യത്തിന്റെ സന്ദേശം വാമൊഴിയിലൂടെയും സ്വന്തം ജീവിതത്തിലൂടെയും മനുഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കുകയായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ബഹുദൈവത്വപരമായ അന്ധവിശ്വാസങ്ങളുടെയും പുറത്ത് സ്വാര്‍ഥന്മാരും ധിക്കാരികളുമായ മനുഷ്യര്‍ പടുത്തുയര്‍ത്തിയ അധര്‍മത്തിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും ഏകാധിപത്യവാഴ്ചയുടെയും സിംഹാസനങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരികളായിരുന്നു പ്രവാചകന്മാര്‍. പ്രവാചകന്മാരുടെ ചരിത്രം ഖുര്‍ആന്‍ ആഖ്യാനം ചെയ്യുന്നത് വായിച്ചാല്‍ ഇത് ബോധ്യമാവും. വെളിപാടിന്റെ വാഹകരായി ദൈവം എന്തുകൊണ്ട് മനുഷ്യരായ പ്രവാചകന്മാരെ നിയോഗിച്ചു എന്നും അവര്‍ എന്തുകൊണ്ട് അവരുടെ ജനതയുടെ ഭാഷയില്‍ സംസാരിച്ചു എന്നുമുള്ള  ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ വെളിപാട് മനുഷ്യരുടെ ഭാഷയില്‍ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ അവരോട് ആശയവിനിമയം നടത്തുകയും ചെയ്ത, ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരായിരുന്നു പ്രവാചകന്മാര്‍.

ഖുര്‍ആനും അറബി ഭാഷയും

കാലാതിവര്‍ത്തിയായ ഒരു വേദഗ്രന്ഥത്തിന് ഏറ്റവും അനുയോജ്യമായ ഭാഷയാണ് അറബിയെന്ന് ഖുര്‍ആന്റെ ഭാഷാശൈലിയെക്കുറിച്ചും അറബി  ഭാഷയെക്കുറിച്ചും അറിവുള്ളവര്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയും. സമൃദ്ധമായ പദസമ്പത്ത്, വിശാലമായ അര്‍ഥധ്വനികള്‍ ഉള്‍ക്കൊണ്ടുള്ള വാക്കുകള്‍, ചെറിയ വാക്യങ്ങളില്‍ വലിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശേഷി, ഭദ്രമായ ഘടന  ഉയര്‍ന്ന സംഗീതാത്മകതയും കാവ്യാത്മകതയും - അറബി ഭാഷയുടെ ഇത്തരം പ്രത്യേകതകളിലൂടെ, മനുഷ്യന്റെ ചിന്തക്കും ഭാവനക്കും രചനാശേഷിക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു തലത്തിലേക്ക് ആശയാവിഷ്‌കാരത്തെ ഉയര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്തത്. ഖുര്‍ആന്‍ മനുഷ്യന്റെ രചനയല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് അതിന്റെ ഭാഷയും ശൈലിയും അതുള്‍ക്കൊള്ളുന്ന ആശയങ്ങളുടെ പ്രത്യേകതകളുമാണ്. ഇത് വെറും  അവകാശവാദമല്ല, ഇസ്‌ലാമിനെയും പ്രവാചകനെയും അതിരൂക്ഷമായി എതിര്‍ത്തിരുന്ന മക്കയിലെ സാഹിത്യ സാമ്രാട്ടുകളുടെ തന്നെ സാക്ഷ്യപത്രങ്ങളിലൂടെ  സ്ഥാപിക്കപ്പെട്ട യാഥാര്‍ഥ്യമാണ്.
 പ്രവാചകത്വത്തിന്റെ അടയാളമായി പൂര്‍വ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ടതു പോലുള്ള ദൈവിക ദൃഷ്ടാന്തങ്ങള്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടിരുന്നില്ല. വടി പാമ്പാക്കുക, മരിച്ചവരെ ജീവിപ്പിക്കുക, രോഗികളെ സുഖപ്പെടുത്തുക തുടങ്ങിയ അമാനുഷ പ്രവൃത്തികള്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പൂര്‍വ പ്രവാചകന്മാര്‍ തങ്ങള്‍ അഭിസംബോധന ചെയ്ത ജനതയുടെ മുമ്പില്‍ ചെയ്തു കാണിച്ചതായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ജീവിതത്തിലും ചെറുതും വലുതുമായ നിരവധി അത്ഭുത സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടങ്കിലും പ്രവാചകത്വത്തിന്റെ അടയാളമായി ഖുര്‍ആന്‍ എവിടെയും അത് എടുത്തുകാണിച്ചിട്ടില്ല. എന്നു മാത്രമല്ല, മുഹമ്മദ് ദൈവദൂതനാണെന്നതിന് തെളിവായി അമാനുഷ കൃത്യങ്ങള്‍ കാണിച്ചുകൊടുക്കാനുള്ള മക്കയിലെ ബഹുദൈവാരാധകരുടെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കാതിരിക്കാനാണ് അല്ലാഹു പ്രവാചകനോട് ആവശ്യപ്പെടുന്നത്.
''നാം ഈ ഖുര്‍ആനില്‍ പലതരം ഉപമകളിലൂടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. പക്ഷേ, ജനങ്ങളധികവും നിഷേധത്തില്‍തന്നെ ഉറച്ചുനിന്നു. അവര്‍ പറഞ്ഞു: 'നീ ഞങ്ങള്‍ക്കായി ഭൂമി പിളര്‍ന്ന് ഒരു ഉറവയൊഴുക്കുന്നതുവരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നതല്ല. അല്ലെങ്കില്‍, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതില്‍ നീ നദികള്‍ ഒഴുക്കണം. അതല്ലെങ്കില്‍, നീ വാദിക്കുംപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളായി വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍, നിനക്ക് ഒരു സ്വര്‍ണമാളികയുണ്ടാവട്ടെ. അല്ലെങ്കില്‍, നീ മാനത്തേക്കു കയറിപ്പോവുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടുവരുന്നതുവരെ നിന്റെ ആകാശാരോഹണവും ഞങ്ങള്‍ വിശ്വസിക്കുകയില്ല.' (പ്രവാചകാ) താങ്കള്‍ അവരോടു പറയുക: എന്റെ നാഥന്‍ പരമപരിശുദ്ധന്‍. സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്താണ് ഞാന്‍?'' (അല്‍ ഇസ്രാഅ് 83: 93).
അത്ഭുതങ്ങള്‍ കാണിക്കാനുള്ള പ്രവാചകന്റെ കഴിവുകേടും നിസ്സഹായതയുമായിട്ടാണ് അല്‍പബുദ്ധികളായ നാസ്തികര്‍ ഇതിനെ അവതരിപ്പിക്കുക. പ്രവാചക സന്ദേശത്തിന്റെ ബൗദ്ധികവും ധൈഷണികവുമായ ഉള്ളടക്കത്തിലേക്കാണ് അത്ഭുത പ്രവൃത്തികളോടുള്ള ഈ വിമുഖത യഥാര്‍ഥത്തില്‍ വിരല്‍ ചൂണ്ടുന്നത്. ദൈവത്തിന്റെ വെളിപാട് ബുദ്ധിപരമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് മനുഷ്യധിഷണ വികസിച്ചുകഴിഞ്ഞിരുന്നു എന്ന സൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു.
അറബികള്‍ക്കിടയില്‍ അക്ഷരാഭ്യാസം കുറവായിരുന്നുവെങ്കിലും സാഹിത്യത്തിലും കവിതയിലും അത്ഭുതകരമായ പാടവം അവര്‍ക്കുണ്ടായിരുന്നു. യുദ്ധവും ലഹരിയും പോലെ പ്രിയപ്പെട്ടതായിരുന്നു അവര്‍ക്ക് കവിത. കവിതയെഴുത്തും കവിതകൊണ്ടുള്ള പോരും ഗോത്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രശസ്തരായ കവികളുടെ പ്രശസ്തമായ കവിതകള്‍ കഅ്ബയുടെ ചുവരില്‍ തൂക്കിയിട്ടിരുന്നു. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിവെച്ച ആ കവിതകളുടെ സാഹിത്യഭംഗി അറബി അറിയുന്ന ആളുകളെ ഇന്നും അത്ഭുതപ്പെടുത്തും. കാവ്യഭാഷയില്‍ ആണ്ടുമുങ്ങുകയും കവിതയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്ത ഒരു ജനതയുടെ മുമ്പിലാണ് ഖുര്‍ആന്റെ വചനങ്ങളുമായി പ്രവാചകന്‍ എഴുന്നേറ്റുനിന്നത്. ആ വചനങ്ങള്‍ അവരെ പിടിച്ചുലക്കുക തന്നെ ചെയ്തു. അവരിലെ കാവ്യസാമ്രാട്ടുകളെ ഖുര്‍ആന്‍ നിരായുധരാക്കി. പ്രവാചകനെ കള്ളനെന്നും ആഭിചാരകനെന്നും ഭ്രാന്തനെന്നും കുഴപ്പക്കാരനെന്നും പറഞ്ഞ് തേജോവധം ചെയ്യാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും, ഏകനായ ദൈവത്തില്‍നിന്ന് അവതരിച്ചുകിട്ടുന്നത് എന്നു പറഞ്ഞ് അദ്ദേഹം മൊഴിയുന്ന വെളിപാടിന്റെ വചനങ്ങള്‍ അവരെ നിസ്സഹായരാക്കിക്കളഞ്ഞു. അക്ഷരാഭ്യാസം നേടിയിട്ടില്ലാത്ത, നാല്‍പത് വയസ്സ് വരെ സാഹിത്യപരമായ സിദ്ധികളൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്ത, ഒരു കവിത പോലും രചിച്ചതായി അവര്‍ കേട്ടറിഞ്ഞിട്ടില്ലാത്ത മുഹമ്മദിന്റെ നാവിലൂടെ ഈ വചനങ്ങള്‍ എങ്ങനെ ഒഴുകിവരുന്നു എന്നത് അവര്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ക്കറിയാവുന്ന ഗദ്യത്തിന്റെയും പദ്യത്തിന്റെയും കള്ളികളില്‍ ഒതുങ്ങാത്ത ഒരു പുതിയ ഭാഷാഘടനയും ആവിഷ്‌കാരശൈലിയും മുഹമ്മദിന് എങ്ങനെ കിട്ടി എന്നത് അവരെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. ഖുര്‍ആന്റെ ഭാഷാപരവും ആശയപരവുമായ വശ്യതയില്‍ ആകൃഷ്ടരായി പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നു.  പ്രവാചകനെ കൊല്ലാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ധീരനായ ഉമറിന്റെ ഹൃദയത്തെ ഖുര്‍ആന്‍ വചനങ്ങള്‍ ആര്‍ദ്രമാക്കി. അബ്‌സീനിയയില്‍ (എത്യോപ്യ) അഭയം തേടിച്ചെന്ന മുസ്‌ലിംകളുടെ നാവില്‍നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ കേട്ടപ്പോള്‍ ക്രിസ്ത്യാനിയായ നേഗസ്  രാജാവ് (നജ്ജാശി) കണ്ണീര്‍ പൊഴിച്ചുകൊണ്ട് ഇത് ദൈവത്തിന്റെ വചനങ്ങള്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തി. പ്രവാചകനും അനുയായികളും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ വേണ്ടി എല്ലാ വഴികളും സ്വീകരിച്ച മക്കയിലെ ഗോത്രപ്രമുഖര്‍ തന്നെ പാതിരാവിന്റെ നിശ്ശബ്ദതയില്‍ വശ്യമധുരമായി അവര്‍ ഖുര്‍ആന്‍ ഓതുന്നത് ഒളിഞ്ഞുകേള്‍ക്കുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ഖുറൈശി പ്രമുഖനും അറിയപ്പെട്ട കവിയുമായിരുന്ന വലീദു ബ്‌നു മുഗീറയുമായി ബന്ധപ്പെട്ട ഒരു സംഭവം പ്രസിദ്ധമാണ്.
മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടിട്ട് അതു പോലെ ചില വരികള്‍ ഉണ്ടാക്കാന്‍ വേണ്ടി വലീദിനെ ഖുറൈശി പ്രമുഖര്‍ നിയോഗിച്ചു. ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു കേട്ട വലീദിന്റെ നിലപാടില്‍ അയവു വന്നതു പോലെ അനുഭവപ്പെട്ട അബൂജഹ്ല്‍ ഖുര്‍ആനിനെ ഇകഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ വലീദിനെ പ്രകോപിപ്പിച്ചു. വലീദിന്റെ മറുപടി ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: 'ഞാന്‍ എന്ത് പറയണം! കവിതാ രചനയെക്കുറിച്ച് എന്നേക്കാള്‍ നന്നായി അറിയുന്നവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരുമില്ല. പ്രാസനിബദ്ധമായതും അല്ലാത്തതും ജിന്നിന്റെ രചനയും എല്ലാം എനിക്ക് തിരിച്ചറിയാം. മുഹമ്മദ് പറയുന്ന വചനങ്ങള്‍ ഇതിനോടൊന്നും സാമ്യമുള്ളതല്ല. അത് മഹനീയവും ഇതിനെയെല്ലാം കവിഞ്ഞു നില്‍ക്കുന്നതുമാണ്. വശ്യവും മധുരവുമാണ്. അതിന്റെ തുടക്കം മഹത്തരവും ഒടുക്കം മടുപ്പുളവാക്കാത്തതുമാണ്. അത് എല്ലാറ്റിനെയും അതിജയിക്കുന്നതും മറ്റെല്ലാ വചനങ്ങളെയും തോല്‍പിക്കാന്‍ കെല്‍പ്പുള്ളതുമാണ്.'
ലബീദു ബ്‌നു റബീഅ മക്കയിലെ ഏറ്റവും പ്രശസ്തരായ കവികളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കവിത കഅ്ബയുടെ കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ ചാരെ സ്വന്തം കവിത തൂക്കിയിടാന്‍ എതിരാളികളായ കവികള്‍ക്കൊന്നും ധൈര്യമുണ്ടായിരുന്നില്ല. ഉക്കാള് ചന്തയില്‍ ലബീദ് കവിത ചൊല്ലുമ്പോള്‍ ആളുകള്‍ ആദരപൂര്‍വം അദ്ദേഹത്തിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യുമായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാം. ഖുര്‍ആന്റെ മാസ്മരികതയില്‍ ആകൃഷ്ടനായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അതിന് ശേഷം ലബീദ് കവിതയെഴുതിയില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഖുര്‍ആനു ശേഷം കവിതയോ?'
ബനൂ സുലൈം ഗോത്രക്കാരനായ ഖൈസു ബ്‌നു നശ്ബ എന്ന നാടോടി പ്രവാചകനെ കാണാന്‍ ചെന്നതിനു ശേഷം ഇസ്‌ലാം സ്വീകരിച്ചു. സ്വന്തം ഗോത്രത്തിലേക്ക് തിരിച്ചു ചെന്ന ഖൈസ് അവരോട് പറഞ്ഞ വാക്കുകള്‍: 'റോമക്കാരുടെയും പേര്‍ഷ്യക്കാരുടെയും അറബികളുടെയും കവിതകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ആഭിചാരകന്മാരുടെ ജല്‍പനങ്ങളും ഹിംയറുകാരന്റെ (പ്രശസ്തനായ ഒരു കവി) പ്രഭാഷണങ്ങളും എനിക്കറിയാം. എന്നാല്‍ മുഹമ്മദിന്റെ വാക്കുകള്‍ ഇതിനോടൊന്നും സാമ്യമുള്ളതല്ല. എന്റെ വാക്കുകള്‍ കേട്ട് അദ്ദേഹത്തെ നിങ്ങള്‍ അനുഗമിക്കുക.'
ഖുര്‍ആനിലൂടെ പ്രവാചകന്‍ അറബ് ഗോത്രങ്ങളെ സമൂലമായി പരിവര്‍ത്തിപ്പിച്ച് ഒരു പുതിയ വ്യവസ്ഥിതിയുടെ വാഹകരാക്കി മാറ്റിയ ചരിത്രവും ഖലീഫാ ഉമറിനെപ്പോലുള്ളവരുടെ ജീവിതമാതൃകകളും നമ്മുടെ മുന്നിലുള്ളപ്പോള്‍ ഇത്തരം സംഭവങ്ങളിലും പ്രതികരണങ്ങളിലും അത്ഭുതപ്പെടേണ്ടതില്ല. ഖുര്‍ആനില്‍ ആകൃഷ്ടരായ ധാരാളമാളുകള്‍ ഇസ്‌ലാമിനെ പുല്‍കിയപ്പോള്‍, ആ വചനങ്ങളുടെ അസാധാരണത്വം ബോധ്യപ്പെട്ട ഇസ്‌ലാമിന്റെ ശത്രുക്കള്‍ അത് ദൈവത്തില്‍നിന്നുള്ളതാണ് എന്ന് അംഗീകരിച്ചു കൊടുക്കാന്‍ തയാറായിരുന്നില്ല. അത് അംഗീകരിച്ചാല്‍ പിന്നെ പ്രവാചകനെ അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു. സാത്താന്റെ വചനം, മുഹമ്മദിന്റെ ആഭിചാര ക്രിയ, ഭ്രാന്തന്റെ ജല്‍പനങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഖുര്‍ആന്‍ വചനങ്ങളെ അപഹസിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനെ ഖുര്‍ആന്‍ നേരിട്ടത്, ഖുര്‍ആന്‍ ദൈവവചനമാണെന്ന കാര്യത്തില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ ഇതു പോലൊന്ന് കൊണ്ടുവരൂ എന്ന് അവരെ വെല്ലുവിളിച്ചുകൊണ്ടാണ്.
''അദ്ദേഹം (പ്രവാചകന്‍) ചമച്ചുണ്ടാക്കിയതാണിത് (ഖുര്‍ആന്‍) എന്നാണോ അവര്‍ പറയുന്നത്! അവരോട് പറയുക: ഇതുപോലെ പത്ത് അധ്യായങ്ങളെങ്കിലും എഴുതിയുണ്ടാക്കി നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്ക് വിളിക്കാവുന്നവരെയൊക്കെയും നിങ്ങള്‍ സഹായത്തിന് വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍'' (ഖുര്‍ആന്‍ 11:13). ''നമ്മുടെ ദാസന് (പ്രവാചകന്) നാം ഇറക്കിക്കൊടുത്തതിനെക്കുറിച്ച് നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന് സമാനമായ ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവെക്കൂടാതെയുള്ള നിങ്ങളുടെ കൂട്ടാളികളെ നിങ്ങള്‍ സഹായത്തിന് വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍'' (ഖുര്‍ആന്‍ 2:23).
സാഹിത്യനിപുണരായ അറബികളെ സംബന്ധിച്ചേടത്തോളം പ്രവാചകനെ തോല്‍പ്പിക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഖുര്‍ആനിലേത് പോലെയുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരാനുള്ള ഖുര്‍ആന്റെ ഈ വെല്ലുവിളി. ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായത്തില്‍ മൂന്ന് സൂക്തങ്ങളേയുള്ളൂ. വെല്ലുവിളിക്ക് മറുപടിയായി ചില വരികള്‍ എഴുതിയുണ്ടാക്കാന്‍ പ്രശസ്തരായ കവികളെ വിളിച്ചുകൂട്ടി എതിരാളികള്‍ ശ്രമം നടത്തിയതായി ചരിത്രത്തില്‍ കാണാം. ചില വരികള്‍ പലരും എഴുതിയുണ്ടാക്കുകയും ചെയ്തു. പക്ഷേ, അതൊന്നും ഖുര്‍ആനോട് കിടപിടിക്കുന്നതല്ല എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നതുകൊണ്ട് സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായില്ല. ചരിത്രകൃതികളില്‍ ഉദ്ധരിക്കപ്പെട്ട അത്തരം രചനകള്‍ പലതും ഖുര്‍ആന്‍ വചനങ്ങളുടെ പരിഹാസ്യമായ അനുകരണങ്ങള്‍ മാത്രമായിരുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും ഖുര്‍ആന്റെ വെല്ലുവിളി ഉത്തരം നല്‍കപ്പെടാതെ അവശേഷിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെ വികൃതമായ ചില അനുകരണങ്ങള്‍ അറബി ഭാഷയെക്കുറിച്ചോ ഖുര്‍ആന്റെ ശൈലിയെക്കുറിച്ചോ ഒരു ചുക്കും അറിയാത്ത നമ്മുടെ നാട്ടിലെ ചില നാസ്തികര്‍ വലിയ കാര്യമായി കൊണ്ടു നടക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും.
ഓരോ കൃതിക്കും അതിന്റേതായ ഭാഷയും ശൈലിയും ഉണ്ടാകുമെന്നും ഒരു എഴുത്തുകാരന്‍ എഴുതുന്നതുപോലെ മറ്റൊരു എഴുത്തുകാരന് എഴുതാന്‍ സാധ്യമല്ല എന്നുമുള്ള സാഹിത്യരചനയിലെ അംഗീകൃതമായ തത്ത്വം ചൂണ്ടിക്കാണിച്ചുകൊണ്ട് ചില വിമര്‍ശകര്‍ ഖുര്‍ആന്റെ വെല്ലുവിളിയെ പരിഹസിക്കാറുണ്ട്. സ്രഷ്ടാവായ ദൈവം സൃഷ്ടിയായ മനുഷ്യനെ വെല്ലുവെളിക്കുകയോ എന്നും ചോദിക്കുന്നവരുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ് എന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കുതര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന ദൈവനിഷേധികളെയാണ് അല്ലാഹു വെല്ലുവിളിക്കുന്നത്; അവരുടെ നിലപാടിലെ സത്യസന്ധതയില്ലായ്മ അവരെയും മറ്റു മനുഷ്യരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി. സ്രഷ്ടാവിനെ നിഷേധിക്കുന്നവരെയും അല്ലാഹു ഇതുപോലെ വെല്ലുവിളിച്ചിട്ടുണ്ട്; അല്ലാഹു സൃഷ്ടിച്ചതിന് സമാനമായ ഒന്ന് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട്. ഖുര്‍ആന്റെ വെല്ലുവിളി ഭാഷയിലോ ശൈലിയിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അറബികള്‍ക്ക് അന്ന് പരിചിതമായിരുന്ന സാഹിത്യ രചനകളില്‍നിന്നും ഭാഷയിലും ഉള്ളടക്കത്തിലും പ്രതിപാദന രീതിയിലും ആവിഷ്‌കാര ശൈലിയിലും വേറിട്ടുനില്‍ക്കുന്നതാണ് ഖുര്‍ആന്‍. മനുഷ്യരുടെ രചനകള്‍ പരസ്പര ഭിന്നമായിരിക്കുമെങ്കില്‍ പോലും അത് മനുഷ്യര്‍ എഴുതിയതാണെന്ന് തെളിയിക്കുന്ന മാനുഷികമായ മുദ്രകള്‍ അതില്‍ പതിഞ്ഞു കിടപ്പുണ്ടാവും. ദൈവം മനുഷ്യരോട് സംസാരിക്കുന്ന ഖുര്‍ആന്റെ ഭാഷയും ശൈലിയും ഇത്തരം രചനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ഖുര്‍ആന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സത്യനിഷേധികള്‍ പരാജയപ്പെട്ടത് ദൈവികവചനങ്ങള്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന ഭാഷയിലൂടെ ആവിഷ്‌കൃതമായ അത്ഭുത ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതുകൊണ്ടു തന്നെയായിരുന്നു.
ഹിറാ ഗുഹയില്‍ ധ്യാനനിരതനായിരുന്ന മുഹമ്മദിന് അവതരിച്ച വെളിപാടിന്റെ ആദ്യ വചനങ്ങളില്‍ ദൈവം സംസാരിക്കുന്നത് ഇങ്ങനെ: ''വായിക്കുക. സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന്‍. വായിക്കുക. നിന്റെ നാഥന്‍ അത്യുദാരന്‍. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് പഠിപ്പിച്ചവന്‍'' (ഖുര്‍ആന്‍ 96:1-5). അറബി ഭാഷയിലെ ഈ അഞ്ച് ചെറുവചനങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ട ആശയപ്രപഞ്ചത്തിന്റെ ഗാംഭീര്യവും സൗന്ദര്യവും പരിഭാഷയിലൂടെ ഒപ്പിയെടുക്കാന്‍ കഴിയുന്നതല്ല. ഇടയവൃത്തിയും കച്ചവടവും ചെയ്ത് സാധാരണക്കാരനായി ജീവിച്ച നിരക്ഷരനായ മുഹമ്മദ് ഒരു ഗോത്ര സമൂഹത്തോട് പറയുന്ന ഭാഷയും ശൈലിയുമാണോ ഈ വചനങ്ങളില്‍ സത്യാന്വേഷിയായ ഒരു വായനക്കാരന് കണ്ടെത്താന്‍ കഴിയുക? അതോ, ഇന്ന് അവതരിച്ച സൂക്തങ്ങളെപ്പോലെ ഇപ്പോഴും വായിക്കാന്‍ കഴിയുന്ന കാലാതിവര്‍ത്തിയായ ദിവ്യവെളിപാടിന്റെ ഭാഷയോ?
ആദ്യ വഹ്‌യിന്റെ  അനുഭവതീക്ഷ്ണതയില്‍, തനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ, ഭയന്നു വിറച്ച് പ്രിയപത്‌നി ഖദീജയുടെ അരികിലേക്ക് ഓടിയെത്തുന്ന പ്രവാചകനെയും ഒട്ടും പരിഭ്രാന്തിയില്ലാതെ അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്ന ഖദീജയെയുമാണ് ചരിത്രത്തില്‍ നാം കാണുന്നത്. അനാഥകളെ സംരക്ഷിക്കുകയും അഗതികളുടെ കൈപിടിക്കുകയും കുടുംബ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന താങ്കളെ ദൈവം കൈവെടിയുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിവേകമതിയായ ഖദീജ പ്രവാചകനെ ആശ്വസിപ്പിക്കുന്നത്.
ആദ്യ വെളിപാടിനു ശേഷം നീണ്ട ഒരു ഇടവേളയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയില്ല. ദൈവം തന്നെ കൈവിട്ടു എന്ന ചിന്തയില്‍ വ്യഥിതനായ പ്രവാചകന്‍ ആത്മസംഘര്‍ഷം സഹിക്കാനാവാതെ നൂര്‍ മലയില്‍നിന്ന് താഴോട്ട് ചാടാന്‍  പോലും ആലോചിച്ചുപോയി എന്ന് ചരിത്രത്തില്‍ നാം വായിക്കുന്നു. അങ്ങനെയിരിക്കെയാണ് തൂവല്‍സ്പര്‍ശം പോലെ, ഉണര്‍ത്തുപാട്ട് പോലെ ദൈവത്തിന്റെ സാന്ത്വന വചനങ്ങള്‍ ഇറങ്ങുന്നത്: ''പകല്‍ വെളിച്ചമാണ, കാണെക്കാണെ ഇരുണ്ടുവരുന്ന രാവാണ, നിന്റെ നാഥന്‍ നിന്നെ കൈവെടിഞ്ഞിട്ടില്ല. നിന്നോട് അതൃപ്തനായിട്ടുമില്ല. ആദ്യകാലത്തേക്കാള്‍ അവസാനകാലം തന്നെയാണ് നിനക്ക് ഗുണകരം. നിന്നെ സംതൃപ്തനാക്കുന്ന വിധം നിന്റെ നാഥന്‍ നിനക്ക് നല്‍കും. നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ അഭയമരുളിയില്ലേ? നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ നേര്‍വഴി കാട്ടിയില്ലേ? നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ സമ്പത്ത് നല്‍കിയില്ലേ? അതിനാല്‍, അനാഥനായവന് നീ ഞെരുക്കമുണ്ടാക്കരുത്. ചോദിച്ചുവരുന്നവനെ ആട്ടിയിറക്കരുത്. നിന്റെ നാഥന്റെ അനുഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുക'' (ഖുര്‍ആന്‍: 93:1-11).
പ്രവാചകന്റെ നായകത്വത്തില്‍ ഇസ്‌ലാം ഭാവിയില്‍ നേടാന്‍ പോകുന്ന വിജയത്തിലേക്ക് വിരല്‍ ചൂണ്ടുകയും പ്രവാചകനെ സമാശ്വസിപ്പിക്കുകയും അദ്ദേഹത്തിന് ആത്മവിശ്വാസം പകരുകയും നന്മയും മനുഷ്യസ്‌നേഹവും ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഇത്തരം വചനങ്ങള്‍ അദ്ദേഹം തന്നെ കെട്ടിയുണ്ടാക്കിയതാണെന്ന് പറയുന്നത് ചരിത്രത്തെയും സാമാന്യബുദ്ധിയെയും കൊഞ്ഞനം കുത്തലാണ്.
വഹ്‌യിന്റെ ആരംഭകാലത്തെ ഏതാനും വചനങ്ങള്‍ മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. നീണ്ട 23 വര്‍ഷങ്ങളിലൂടെയാണ് പ്രവാചകദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ ഖുര്‍ആന്റെ അവതരണം പൂര്‍ണമായത്. ആരാധനാ കാര്യങ്ങള്‍ മുതല്‍, വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം ഇതിനെയെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന തത്ത്വങ്ങളും മൂല്യങ്ങളും നിയമനിര്‍ദേശങ്ങളും ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു. ഖുര്‍ആന്റെ വെളിച്ചത്തില്‍ ഒരു സമൂഹത്തെയും രാഷ്ട്രത്തെയും കെട്ടിപ്പടുത്ത പ്രവാചകനെയും നാം കാണുന്നു. ഒരു പ്രത്യേക കാലത്തോടും സമൂഹത്തോടും ക്രിയാത്മകമായി സംവദിച്ചതോടൊപ്പം, കാലത്തോട് ചേര്‍ന്നും കാലത്തിനപ്പുറവും സഞ്ചരിക്കുന്നു എന്നതാണ് ഖുര്‍ആന്റെ പ്രത്യേകത എന്ന് മുന്‍വിധികളില്ലാതെ ഖുര്‍ആന്‍ വായിക്കുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയും.

കാലാതിവര്‍ത്തിയായ ഭാഷ

ഖുര്‍ആന്റെ ഭാഷയുടെയും ആവിഷ്‌കാരശൈലിയുടെയും പ്രത്യേകതകളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. വാക്കുകളുടെയും പ്രയോഗങ്ങളുടെയും സൂക്ഷ്മാര്‍ഥങ്ങളെയും ആശയവ്യാപ്തിയെയും കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. കാലപ്പഴക്കത്തില്‍ ഭാഷക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം ഖുര്‍ആന്റെ പല പരിഭാഷകളും ദുര്‍ഗ്രഹമായി മാറുമ്പോഴും ഖുര്‍ആന്‍ മൂലഭാഷയില്‍ തന്നെ കോടിക്കണക്കിന് മനുഷ്യര്‍ ദിനേന പാരായണം ചെയ്യുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ആദിമധ്യാന്ത പൊരുത്തമുള്ള പ്രതിപാദന രീതിയല്ല ഖുര്‍ആന്റേത്. കാലത്തെ ഊരിയെടുക്കുകയും കാലത്തെക്കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്ന ആവിഷ്‌കാര രീതി എന്ന് നിരൂപകന്മാര്‍ ഇതിനെ വിലയിരുത്തിയിട്ടുണ്ട്. ത്രികാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് കാലത്തില്‍നിന്ന് കാലത്തിലേക്ക് തെന്നിമാറുന്ന ശൈലി. അടുക്കും ചിട്ടയുമില്ലാത്തത് എന്ന് ചിലര്‍ ഇതിനെ വിമര്‍ശിക്കാറുണ്ട്. സ്ഥലകാല ബന്ധിതമല്ലാത്ത ഈ പ്രതിപാദന രീതിയിലൂടെയാണ് കാലാതിവര്‍ത്തിയായ ആശയങ്ങള്‍ എന്നും പുതുമയും സൗന്ദര്യവും നിലനിര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നത്. മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വലിയ വലിയ ആശയങ്ങള്‍ എല്ലാ കാലത്തെയും മനുഷ്യര്‍ക്ക് അവരുടെ ബൗദ്ധിക നിലവാരം അനുസരിച്ച് വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തില്‍ ഖുര്‍ആന്‍ അവതരിപ്പിക്കുകയും മനുഷ്യന്റെ ഭാഷയില്‍ ദൈവത്തിന്റെ വെളിപാടിനെ കാലാതിവര്‍ത്തിയായി ആവിഷ്‌കരിക്കുക എന്ന വെല്ലുവിളിയെ അതിലൂടെ മറികടക്കുകയും ചെയ്യുന്നു. അന്നത്തെ അറബികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കുറേ ശാസ്ത്രീയ സത്യങ്ങളും ഗഹനമായ തത്ത്വചിന്തകളും അവതരിപ്പിക്കലല്ല ഖുര്‍ആന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ ആരോടാണോ അത് നേര്‍ക്കു നേരെ സംസാരിക്കുന്നത് അവരുമായി ആശയവിനിമയം അസാധ്യമായിത്തീരും. ശാസ്ത്രം എത്ര പുരോഗമിച്ചാലും ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്ക് അനുപൂരകമാവുന്ന വിധത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചും മനുഷ്യസൃഷ്ടിയെക്കുറിച്ചും പ്രതിപാദിക്കുന്നുവെന്നതാണ് ഖുര്‍ആന്റെ അപൂര്‍വത. സയന്‍സും ചരിത്രവും ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കാനുള്ള പാഠപുസ്തകമല്ല ഖുര്‍ആന്‍. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നതു പോലെ അത് മനുഷ്യര്‍ക്ക് വഴി കാണിക്കാനുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. സയന്‍സ് ടെക്സ്റ്റ് ബുക് വായിക്കുന്നതു പോലെ ഖുര്‍ആന്‍ വായിച്ചിട്ട് അതില്‍ വൈരുധ്യങ്ങളും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളും കണ്ടെത്തുന്ന ധാരാളം നാസ്തികരുണ്ട്. ഖുര്‍ആനിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ഥധ്വനികളും ആലങ്കാരികാര്‍ഥങ്ങളും മനസ്സിലാക്കാനുള്ള അറിവോ ഭാഷാ പരിചയമോ അവര്‍ക്ക് ഉണ്ടാവുകയില്ല. 'അല്ലാഹു സിംഹാസനാരൂഢനായി' എന്ന ഖുര്‍ആന്റെ പ്രയോഗത്തെ 'ആകാശത്ത് കസേരയിട്ടിരിക്കുന്ന ദൈവം' എന്നാണ് അവര്‍ മനസ്സിലാക്കുക. പ്രപഞ്ചത്തെ മുഴുവന്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവത്തെ സൂചിപ്പിക്കുന്നതാണ് ആ പ്രയോഗം എന്ന് ഖുര്‍ആന്‍ സൂക്തങ്ങളുടെ പദവിന്യാസത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്ക് മനസ്സിലാവും. പക്ഷേ, അറബി ഭാഷപോലും അറിയാതെ നാസ്തികതയുടെ കണ്ണിലൂടെ ഖുര്‍ആന്‍ വചനങ്ങളെ പ്രത്യക്ഷവായന നടത്തുന്നവര്‍ക്ക് ഇതൊക്കെ മനസ്സിലാവാന്‍ പ്രയാസമാണ്. പദാര്‍ഥാതീതമായ യാഥാര്‍ഥ്യങ്ങളുണ്ടെന്ന് അംഗീകരിക്കാത്തവര്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വേദഗ്രന്ഥം വായിച്ചാല്‍ അതിലെ വാക്കുകളും ആശയങ്ങളും  അവര്‍ക്ക് വിചിത്രവും അശാസ്ത്രീയവുമായി തോന്നാം.  അത് ഖുര്‍ആന്റെ കുഴപ്പമല്ല, വായിക്കുന്നവരുടെ കുഴപ്പമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര