സാരസമ്പൂര്‍ണമായ തത്ത്വമാണ് ഗുണകാംക്ഷ
വ്യക്തികള്‍ പരസ്പരം ഗുണകാംക്ഷ ചുരത്തുമ്പോഴാണ് സമൂഹം പുഷ്‌കലമാവുന്നത്. സഹോദരന് എപ്പോഴുമെപ്പോഴും നന്മകള്‍ മാത്രം ഉണ്ടാവട്ടെയെന്ന സദ്‌വിചാരമാണ് ഗുണകാംക്ഷ. സഹോദരനില്‍ പുലരണമെന്ന് ആഗ്രഹിക്കേണ്ട ഗുണങ്ങള്‍ ഒത്തിരിയുണ്ട്. തിന്മ വെടിഞ്ഞ് നന്മയുടെ വഴിത്താരയിലുള്ള പ്രയാണം, ഇഹലോകത്തും പരലോകത്തും ക്ഷേമം, ഐശ്വര്യപൂര്‍ണമായ ജീവിതം, സദുദ്ദേശ്യങ്ങളുടെ സഫലീകരണം എന്നിവ അവയില്‍ ചിലതാണ്. 'ഗുണകാംക്ഷ ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് സാരസമ്പൂര്‍ണമായ തത്ത്വമാണെ'ന്ന് താവോമതത്തിന്റെ ഉപജ്ഞാതാവായ ലാവോത്സേ കുറിച്ചിട്ടുണ്ട്.
സഹോദരനില്‍ തിന്മ സംഭവിച്ചുപോവുമ്പോഴുള്ള സ്‌നേഹപൂര്‍വമായ തിരുത്ത്, ആവശ്യവേളകളില്‍ സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തല്‍, ചെറുതും വലുതുമായ കാര്യങ്ങളില്‍ ഉപദേശം നല്‍കല്‍, ക്രിയാത്മകവും ഫലപ്രദവുമായ വിമര്‍ശനം, ഉള്ളില്‍ കറകളഞ്ഞ സ്‌നേഹം വെച്ചുപുലര്‍ത്തല്‍, കഴിവുകളെ പ്രോത്സാഹിപ്പിക്കല്‍, നേട്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ സന്തോഷം പങ്കുവെക്കല്‍, പ്രയാസങ്ങളിലും ദുരിതങ്ങളിലും അകപ്പെടുമ്പോള്‍ സാന്ത്വനം പകരല്‍.......തുടങ്ങി ഒട്ടേറേ കാര്യങ്ങള്‍ ഗുണകാംക്ഷയുടെ വിശാലമായ വൃത്തത്തില്‍ വരും. ഇത്തരം മൂല്യങ്ങള്‍ പരസ്പരം അനുശീലിക്കുമ്പോഴാണ് ജന്മം സഫലമായ അനുഭൂതി അനുഭവപ്പെടുക.
മുഴുവന്‍ നന്മകളും സദ്ഗുണങ്ങളും മനുഷ്യനില്‍ ഉണ്ടാവണമെന്ന് കാംക്ഷിക്കുന്ന സരളമായ ദര്‍ശനമാണ് ഇസ്‌ലാം. ഗുണകാംക്ഷക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന പദം നസ്വീഹത്ത് എന്നാണ്. നിഷ്‌കളങ്കത, തനിമ, പ്രതിബദ്ധത, കൂറ്, ആത്മാര്‍ഥത, വിശുദ്ധി, ഉപദേശം തുടങ്ങിയ ആശയങ്ങളെയും നസ്വീഹത്ത് ഉള്‍ക്കൊള്ളുന്നുണ്ട്. പ്രസ്തുത ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്ന വ്യക്തിത്വം ആയിത്തീരുമ്പോഴാണ് ഗുണകാംക്ഷ പൂര്‍ണാര്‍ഥത്തില്‍ ഒരാളില്‍ ഇതള്‍ വിരിയുന്നത്.
ഗുണകാംക്ഷയുടെ വര്‍ത്തമാനങ്ങളാല്‍ സമ്പന്നമാണ് വിശുദ്ധവേദവും തിരുചര്യയും. വിശുദ്ധവേദം പറയുന്നു: ''എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചുതന്നു. നിങ്ങള്‍ക്ക് നന്മ ഭവിക്കട്ടെയെന്ന് കാംക്ഷിച്ചു. പക്ഷേ, ഗുണകാംക്ഷികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല''(അല്‍ അഅ്‌റാഫ് 79). തിരുചര്യ അരുളുന്നു: ''ഇസ്‌ലാം ഗുണകാംക്ഷയാകുന്നു''(മുസ്‌ലിം). ഒരാള്‍ക്ക് മറ്റൊരാളോട് ഗുണകാംക്ഷയുടെ ഭാഗമായി ആറ് കടപ്പാടുകളുണ്ടെന്ന് പ്രവാചകന്‍ എണ്ണിപ്പറയുകയുണ്ടായി. പരസ്പരം കണ്ടുമുട്ടിയാല്‍ അഭിവാദ്യമര്‍പ്പിക്കുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഉപദേശം തേടിയാല്‍ ഉപദേശിക്കുക, തുമ്മിയ ശേഷം ദൈവത്തെ സ്തുതിച്ചാല്‍ ദൈവം കരുണ ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുക, രോഗം വന്നാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ പരേതന്റെ മയ്യിത്തിനെ പിന്തുടരുക എന്നിവയാണവ.
ഗുണകാംക്ഷ ആരോടൊക്കെ ആയിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ദൈവത്തോടാണ് ആദ്യം ഗുണകാംക്ഷ വേണ്ടത്. ദൈവത്തോടുള്ള ഗുണകാംക്ഷയുടെ അര്‍ഥം, അവന്റെ നിയമനിര്‍ദേശങ്ങളോട് പ്രതിബദ്ധത പുലര്‍ത്തി വിനീതദാസനാവുകയെന്നാണ്. വേദത്തോടാണ് രണ്ടാമതായി ഗുണകാംക്ഷ. വേദത്തോടുള്ള ഗുണകാംക്ഷയുടെ താല്‍പര്യം, അക്ഷരാര്‍ഥത്തിലും ആശയാര്‍ഥത്തിലും അതിനോട് കൂറു പുലര്‍ത്തുകയെന്നാണ്. മൂന്നാമതായി ഗുണകാംക്ഷ പ്രകടിപ്പിക്കേണ്ടത് ദൂതനോടാണ്. ദൂതനോടുള്ള ഗുണകാംക്ഷയുടെ ഉദ്ദേശ്യം, അവിടുത്തെ മാതൃകാജീവിതം അനുധാവനം ചെയ്ത് ജീവിക്കുകയെന്നാണ്. നേതൃത്വത്തോടാണ് അടുത്ത ഗുണകാംക്ഷ. നേതൃത്വത്തോടുള്ള ഗുണകാംക്ഷയുടെ സാരം, നേതാക്കളെ അനുസരിക്കുകയും അവരില്‍ വീഴ്ചകള്‍ കാണുമ്പോള്‍ തിരുത്തുകയും ചെയ്യുകയെന്നാണ്. പൊതുജനത്തോടാണ് അവസാനത്തെ ഗുണകാംക്ഷ. പൊതുജനത്തോടുള്ള ഗുണകാംക്ഷയുടെ പൊരുള്‍, അവര്‍ക്ക് എല്ലാവിധ നന്മകള്‍ അഭിലഷിക്കുകയും തിന്മകള്‍ അവരില്‍നിന്ന് അകലാന്‍ കാംക്ഷിക്കുകയും ചെയ്യുകയെന്നാണ്.
ഗുണകാംക്ഷ വഴിഞ്ഞൊഴുകുന്ന വലിയ മനുഷ്യനാവുകയെന്നത് ചെറിയ കാര്യമല്ല. ഗുണകാംക്ഷയിലൂടെ ഒരേസമയം ഗുണകാംക്ഷ ചുരത്തുന്നവനും അതിന് വിധേയമാകുന്നവനും മാനസികമായി ഉയരുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ചുനോക്കൂ. ഗുണകാംക്ഷാ മനോഭാവം വളരാന്‍ ആദ്യം വേണ്ടത് സ്വാഭാവികമായും തോന്നിപ്പോവുന്ന വെറുപ്പും വിദ്വേഷവും അസൂയയും താന്‍പോരിമയും നമ്മില്‍നിന്ന് നിശ്ശേഷം നീക്കികളയുകയാണ്. ശേഷം, ഓരോ സുഹൃത്തിനോടും ഗുണകാംക്ഷയില്‍ പെരുമാറുക. കാണുമ്പോള്‍ ചൊല്ലുന്ന അഭിവാദ്യവചനം മനസ്സിന്റെ ഉള്ളില്‍നിന്ന് വരുന്ന ആത്മാര്‍ഥതയുടെ വചനമാക്കുക. പുഞ്ചിരിയോടെ മാത്രം സംസാരിക്കുക. പിരിഞ്ഞുപോവുമ്പോള്‍ സന്തോഷത്തോടെ പിരിഞ്ഞുപോവുക. ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ തുടങ്ങി എല്ലാറ്റിലും ഗുണകാംക്ഷയുടെ ഒരു സ്പര്‍ശം ഉണ്ടായാല്‍ തന്നെ സന്തോഷവും സമാധാനവും ചുറ്റും രൂപപ്പെടുന്നതായിരിക്കും.
ഗുണകാംക്ഷയോടെ മറ്റുള്ളവരോട് വര്‍ത്തിച്ചില്ലെങ്കില്‍, അവര്‍ക്ക് വല്ലതും സംഭവിക്കുമെന്ന് കരുതരുത്. ഗുണകാംക്ഷ വളര്‍ത്തിയാല്‍ അതിന്റെ നേട്ടം ഒന്നാമതായി ആ വ്യക്തിക്കു തന്നെയാണ്. ഗുണകാംക്ഷക്കു പകരം താന്‍പോരിമക്കും അസൂയക്കുമാണ് അടിപ്പെടുന്നതെങ്കില്‍, അതിന്റെ കോട്ടം സ്വന്തത്തിനു തന്നെയാണ്. മാനസികമായ പിരിമുറുക്കവും സമ്മര്‍ദവും അനുഭവിക്കേണ്ടിവരുന്നത്, വിശാല മനസ്സിനു പകരം സങ്കുചിത മനസ്സ് വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ്. നാം ഒരാളോട് കാലാകാലം വെറുപ്പ് വെച്ചുപലര്‍ത്തിയാല്‍, സ്വന്തം സമനില തെറ്റുകയെന്നതല്ലാതെ വെറുക്കപ്പെടുന്ന വ്യക്തിക്ക് ഒരു ചുക്കും സംഭവിക്കില്ല.
മുനിമാര്‍, ഋഷിവര്യന്മാര്‍, പരിഷ്‌കര്‍ത്താക്കള്‍, പ്രവാചകന്മാര്‍ പോലുള്ള പുണ്യപുരുഷന്മാരാണ് ഗുണകാംക്ഷയുടെ കാര്യത്തില്‍ മികച്ചുനില്‍ക്കുന്നവര്‍. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ മാത്രമേ അവര്‍ കാംക്ഷിച്ചിരുന്നുള്ളൂ. ഉണര്‍വിലും ഉറക്കത്തിലും അവരുടെ സ്വപ്‌നം ലോകരുടെ നന്മയിലധിഷ്ഠിതമായ വളര്‍ച്ചയും വികാസവുമായിരുന്നു. എത്രത്തോളമെന്നാല്‍, സഹോദരനു വേണ്ടി സ്വന്തം ജീവന്‍പോലും ബലി കഴിച്ചിട്ടുണ്ട് പുണ്യപുരുഷന്മാര്‍. ഇസ്‌ലാം പരിചയപ്പെടുത്തുന്ന മുഴുവന്‍ പ്രവാചകന്മാരും ഗുണകാംക്ഷയുടെ പ്രവാചകന്മാരായിരുന്നു. സ്‌നേഹത്തോടും സഹൃദയ മനോഭാവത്തോടും കൂടിയായിരുന്നു സമൂഹത്തോടുള്ള അവരുടെ പെരുമാറ്റം. വിശുദ്ധവേദം കോറിയിടുന്ന പ്രവാചകന്മാരുടെ ചില ചിത്രങ്ങളിതാ. നൂഹ് പ്രവാചകന്‍ തന്റെ ജനതയോട് പറയുന്നു: ''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് എത്തിക്കുന്നു. നിങ്ങളുടെ നന്മ മാത്രം കൊതിക്കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത പലതും ദൈവത്തില്‍നിന്ന് ഞാനറിയുന്നു''(അല്‍ അഅ്‌റാഫ് 62). പ്രവാചകന്‍ ഹൂദിന്റെ സ്‌നേഹമസൃണമായ സംസാരം നോക്കൂ: ''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍''(അല്‍ അഅ്‌റാഫ് 68).
അക്രമത്തിന്റെ കൂര്‍ത്ത കല്ലുകളാല്‍ രക്തം വീണപ്പോഴും ത്വാഇഫ് ജനതയോട് വാത്സല്യത്തോടെയും അനുകമ്പയോടെയുമാണ് മുഹമ്മദ് (സ) പ്രതികരിച്ചത്. ഈത്തപ്പനത്തോപ്പില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്റെ അരികില്‍ ജിബ്‌രീല്‍ മാലാഖ വരികയും പ്രവാചകനെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകനോട് പറഞ്ഞു: 'താങ്കള്‍ അനുവദിച്ചാല്‍ ഈ ജനതയെ ദൈവം നശിപ്പിക്കും.' 'അരുത്, അവിവേകികളായ ജനതയോട് അങ്ങനെ ഒരിക്കലും ചെയ്യരുതെ'ന്നായിരുന്നു പ്രവാചകന്റെ ഗുണകാംക്ഷാപൂര്‍ണമായ മറുപടി. സംസ്‌കാരച്യുതിയില്‍ മുങ്ങിത്താഴ്ന്ന ലൂത്വ് ജനതയെ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, അക്കാര്യത്തില്‍ ദൈവത്തോട് തര്‍ക്കിക്കുന്ന ഇബ്‌റാഹീം പ്രവാചകന്റെ കഥ വിശുദ്ധവേദം പറയുന്നുണ്ട്: ''അങ്ങനെ, ഇബ്‌റാഹീമിന്റെ പരിഭ്രമം വിട്ടുമാറുകയും ശുഭവാര്‍ത്ത വന്നെത്തുകയും ചെയ്തപ്പോള്‍, ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ അദ്ദേഹം നമ്മോട് തര്‍ക്കിക്കാന്‍ തുടങ്ങി'' (ഹൂദ് 74). ലൂത്വിന്റെ ജനതയെ എങ്ങനെയെങ്കിലും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും നന്മയുടെ വല്ല അംശവും അവരില്‍ ശേഷിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് കുറച്ചുകൂടി സാവകാശം നല്‍കണമെന്നുമാണ് പ്രവാചകന്‍ ഇബ്‌റാഹീമിന്റെ ദൈവത്തോടുള്ള തര്‍ക്കത്തിന്റെ പൊരുള്‍. ലൂത്വിന്റെ ജനതയോടുള്ള ഇബ്‌റാഹീമിന്റെ അങ്ങേയറ്റത്തെ ഗുണകാംക്ഷയല്ലാതെ മറ്റെന്താണിത്?
സഹോദരനില്‍ തെറ്റുകാണുമ്പോഴുള്ള ഉപദേശവും ക്രിയാത്മക വിമര്‍ശനവും ഗുണകാംക്ഷയുടെ ഭാഗമാണല്ലോ. ഗുണദോഷിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരുടെയും കുറ്റങ്ങള്‍ ചുഴിഞ്ഞന്വേഷിച്ച് ഉപദേശിക്കാന്‍ മിനക്കെടരുത്. മാന്യന്മാര്‍ക്ക് ഒരുനിലക്കും ചേരാത്ത സ്വഭാവമാണത്. തെറ്റു വെളിപ്പെടുമ്പോഴേ ഉപദേശിക്കാന്‍ പാടുള്ളൂ. അതും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഒരിക്കലുമാവരുത്. വളരെ രഹസ്യമായിട്ടായിരിക്കണം ഉപദേശം. 'നിന്റെ സഹോദരന്‍ നിന്നോട് തെറ്റു ചെയ്താല്‍ നീയും അയാളും മാത്രമുള്ളപ്പോള്‍ ആ തെറ്റ് അയാളെ ധരിപ്പിക്കുക'യെന്ന് ബൈബിള്‍ പുതിയനിയമത്തില്‍ കാണാം. തെറ്റ് ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ അതിന്റെ പേരില്‍ പിന്നീട് വിലപേശുകയോ അത് പ്രചരിപ്പിക്കുകയോ ഓര്‍ക്കുകയോ ചെയ്യരുത്. അതുപോലെ, വിമര്‍ശനം ക്രിയാത്മകവും നിഷ്‌കളങ്കവും സത്യസന്ധവുമായിരിക്കണം. സ്വാര്‍ഥതാല്‍പര്യങ്ങള്‍ കടന്നുവരാന്‍ പാടില്ല. പരസ്യമായ വിമര്‍ശനം അരുത്. സഹോദരന്റെ മനസ്സിനെ വേദനിപ്പിക്കാത്ത വിധം നിര്‍മലമായിട്ടാവണം വിമര്‍ശനം.
Comments