Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

ആഗോള ഹലാല്‍ വാണിജ്യത്തിലെ പുതുപ്രവണതകള്‍

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

സംഘ് പരിവാര്‍ അനുകൂലികള്‍, ഹറാം (നിഷിദ്ധ) ഭക്ഷണം മാത്രം വിളമ്പുന്ന ഒരു ഹോട്ടല്‍ കൊച്ചിയില്‍ തുടങ്ങി എന്ന സചിത്രവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. സംഘ് പരിവാറിന്റെ ഇസ്‌ലാംവിരോധം തന്നെയാണ് ഈ ഹലാല്‍ നിരോധാഹ്വാനത്തിനു പിന്നിലും. ഇസ്‌ലാമിനെ കുറിച്ച് പൊതുവിലും ഹലാല്‍, ഹറാമിനെ കുറിച്ച് വിശേഷിച്ചും സംഘ് പരിവാറിനുള്ള അജ്ഞതയുടെ ആഴവും കൂടി വിളിച്ചോതുന്നുണ്ട് പ്രസ്തുത വാര്‍ത്ത. ഹോട്ടലുകളില്‍ തൂക്കിയിടുന്ന ഹലാല്‍ ബോര്‍ഡുകളെ മതവിവേചനമാക്കി ചിത്രീകരിക്കാനുള്ള സംഘ് പരിവാര്‍ ശ്രമം, ആ വഴിയിലും ഇസ്‌ലാമിനെ അടിക്കാനുള്ള ഒരു വടി തിരയുന്നതിന്റെ ഭാഗമാണ്. ഹലാലിനെ കുറിച്ച് പുതിയ വിവാദങ്ങളും ചര്‍ച്ചകളും ഉയരുന്ന പശ്ചാത്തലത്തില്‍, സംഘ് പരിവാര്‍ മനസ്സിലാക്കുന്ന കേവല ഭക്ഷണരീതിക്കപ്പുറം ഹലാലിനെ ഒരു മൂല്യവ്യവസ്ഥയായും സംസ്‌കാരമായും വാണിജ്യ രീതിയായും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.    
ബിസ്മി ചൊല്ലി(ദൈവനാമത്തില്‍) അറുക്കുന്ന ഇറച്ചിയിലും, മദ്യവും പന്നിമാംസവുമില്ലാത്ത ഭക്ഷണങ്ങളിലും മാത്രം പരിമിതപ്പെട്ടു നില്‍ക്കുന്ന ഹലാല്‍ സങ്കല്‍പ്പം കേരളത്തില്‍ സംഘ് പരിവാറുകാര്‍ക്ക് മാത്രമായിരിക്കില്ല. തന്റെ വൈയക്തിക ജീവിതവ്യവഹാരങ്ങളിലെ ശരിതെറ്റുകള്‍ക്കപ്പുറമുള്ള ഹലാല്‍ സങ്കല്‍പം ഒരു ശരാശരി മുസ്‌ലിമിനും ഉണ്ടാകാനിടയില്ല. വൈയക്തിക ജീവിതത്തിലെ അനുവദനീയതക്കും വിലക്കുകള്‍ക്കുമപ്പുറം ഇസ്‌ലാമിലെ ഹലാല്‍ സങ്കല്‍പം, പരിഷ്‌കൃതമായ ഒരു ജീവിത സംസ്‌കാരത്തിന്റെ വലിയ സാധ്യതകള്‍ കൂടി തുറന്നിടുന്നുണ്ട്. ഹലാല്‍ ഇന്‍ഡസ്ട്രിയുടെ ആഗോളതലത്തിലെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയില്‍ അതിന് വര്‍ധിച്ചുവരുന്ന സ്വീകാര്യതയും കാണുമ്പോള്‍, ഇസ്‌ലാമിക നാഗരികതയിലെ ഒരു അവിഭാജ്യ ഘടകമാണ് ഹലാല്‍ എന്നാണ് മനസ്സിലാകുന്നത്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത്, പരിധിയെത്തിയാല്‍ നിശ്ചിതവിഹിതം കൊടുത്തു വീട്ടുകവഴി, മുസ്‌ലിമിന്റെ സമ്പത്തിനെ ശുദ്ധീകരിക്കുന്ന ഒരു വൈയക്തിക ആരാധനാകര്‍മം മാത്രമല്ലെന്നും, സമൂഹത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്കുകൂടി നയിക്കുന്ന വലിയ മാനവിക-സാമൂഹിക മാനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥിതിയാണ് എന്നും വ്യക്തമാവും. അപ്രകാരം, വ്യക്തിജീവിതത്തില്‍ ആചരിക്കുന്ന ഭക്ഷണ-വ്യവഹാര ധാര്‍മിക മൂല്യങ്ങള്‍ മാത്രമല്ല ഇസ്‌ലാമിലെ ഹലാല്‍ സങ്കല്‍പം. വ്യക്തിതലത്തിനപ്പുറം, സാമൂഹികവും സാമ്പത്തികവുമായ മാനങ്ങളുള്ള ഉപഭോഗ-വ്യവഹാര-ജീവിതശൈലികളുള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരത്തെയും നാഗരികതയെയും പ്രതിനിധീകരിക്കുന്നു് ഹലാല്‍ എന്ന ആശയം. പലിശമുക്തമായ സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുവെക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങളില്‍ പ്രചോദിതരായി ആധുനിക കാലത്ത്, ഇസ്‌ലാമിക് ബാങ്കിംഗ് & ഫിനാന്‍സിംങ്ങ് സംരംഭങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്നതുപോലെ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ രൂപംകൊള്ളുകയും ആഗോളതലത്തില്‍ വ്യാപകമായിക്കൊിരിക്കുകയും ചെയ്യുന്ന ഹലാല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാണിജ്യശ്യംഖലയാണ് ഹലാല്‍ ഇന്‍ഡസ്ട്രി.   

ഹലാല്‍ വിപണി

ഇസ്‌ലാമിക മൂല്യങ്ങളില്‍ പ്രചോദിതമായോ ഇസ്‌ലാമിക നിയമങ്ങള്‍ അനുശാസിക്കും വിധമോ ഉള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യവഹാരവും ഉപഭോഗവും വാണിജ്യവുമാണ് ഹലാല്‍ വിപണി. ഇസ്‌ലാമിക മൂല്യങ്ങളുടെയും നിയമശാസനകളുടെയും സ്വീകരണവും അനുധാവനവും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ തീര്‍ച്ചയായും വ്യത്യസ്ത വിതാനത്തിലാണ്. എന്നിരുന്നാല്‍ തന്നെയും, അനേകം പേര്‍ ഇസ്‌ലാമിനെ തങ്ങളുടെ ജീവിതത്തില്‍ അത്ര കണ്ട് പ്രാധാന്യത്തോടെ കാണുന്നതിനാല്‍ തങ്ങളുടെ ക്രയ-വിക്രയ-വ്യവഹാരങ്ങളും സാധന-സേവന ഉപഭോഗശീലവും ജീവിതരീതിയും ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തദടിസ്ഥാനത്തിലുള്ള ജനങ്ങളുടെ ഉപഭോഗവും ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവയുടെ വ്യവഹാരവും വാണിജ്യവും എല്ലാ കൂടി ചേരുന്നതാണ് ഹലാല്‍ മാര്‍ക്കറ്റ്. ജലം  Pew Research Centre 2018-ല്‍ നടത്തിയ സര്‍വേയില്‍, തങ്ങളുടെ ജീവിതത്തില്‍ മതം വളരെ പ്രധാനമാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ലോകജനസംഖ്യയില്‍ 54 ശതമാനം പേര്‍ ഇവ്വിധം വിശ്വസിക്കുന്നു. മതം ജീവിതത്തിലെ പ്രധാന ഘടകമെന്ന് വിശ്വസിക്കുന്ന 90 ശതമാനം പേരും പാകിസ്താന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജങ്ങളില്‍നിന്നുള്ളവരാണ്. മധ്യപൗരസ്ത്യ ദേശങ്ങളിലും ഉത്തരാഫ്രിക്കന്‍ ജനതയിലും ഇത് 70 ശതമാനം വരും. 
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്, മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരില്‍ നടന്ന ഇന്റര്‍നാഷ്‌നല്‍ ഹലാല്‍ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഈ ലേഖകന് അവസരമുായി. നമ്മുടെ നാട്ടില്‍ അത്രയൊന്നും ചര്‍ച്ചയായിട്ടില്ലാത്ത ഹലാല്‍ വിപണിയുടെ വിശാലമായ ഇടങ്ങളെ കുറിച്ച് അല്‍പമെങ്കിലും അറിയാന്‍ കഴിഞ്ഞതും ഹലാല്‍ വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രചോദനമായതും ആ സന്ദര്‍ശനമായിരുന്നു. മലേഷ്യന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്നതാണ് ഈ ഹലാല്‍ വാണിജ്യമേള. ക്വാലാലമ്പൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2016 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ നടന്ന എക്‌സിബിഷനില്‍ 29 രാജ്യങ്ങളില്‍നിന്നായി 283 അന്താരാഷ്ട്ര കമ്പനികളുടെയും 260 മലേഷ്യന്‍ കമ്പനികളുടെയും വിവിധതരം ഹലാല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 67 രാജ്യങ്ങളില്‍നിന്നായി ഇരുപത്തി അയ്യായിരത്തിലധികം പേരാണ് സന്ദര്‍ശകരായെത്തിയത്. ഹലാല്‍ പാനീയങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, വസ്ത്രങ്ങള്‍, മരുന്നുകള്‍, മീഡിയ ആന്റ് റിക്രിയേഷന്‍സ് ഐറ്റംസ്, ഗിഫ്റ്റുകള്‍, പഠനോപകരണങ്ങള്‍, കാലിഗ്രഫി, ഹോം ഡെകോര്‍, ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ്, മെഷിനുകള്‍ തുടങ്ങി വൈവിധ്യ
പൂര്‍ണവും ആകര്‍ഷകവുമായ അനവധി ഹലാല്‍ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. പുറമെ, ഹലാല്‍ വിപണിയില്‍ നിക്ഷേപമിറക്കുന്നവര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വേണ്ടിയുള്ള ഒട്ടനവധി സേവനങ്ങളും മലേഷ്യന്‍ വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ട്രേഡ് ഷോക്കേസ് (MIHAS)-ല്‍ നല്‍കിവരുന്നു. ആഗോളാടിസ്ഥാനത്തില്‍ തന്നെ ഹലാല്‍ വിപണിയുടെ വളര്‍ച്ചയില്‍ 'മിഹാസി'നും വലിയ പങ്കുണ്ട്. മുസ്‌ലിംകളുടെ മതപരമായ ബാധ്യത എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിത രീതി എന്ന നിലയിലാണ് ഹലാല്‍ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംഘാടകര്‍ പരിചയപ്പെടുത്തുന്നത്. സര്‍ക്കാറിന്റെ ഈ രംഗത്തുള്ള താല്‍പ്പര്യവും ആസൂത്രിതമായ ചുവടുവെപ്പുകളുമാണ് മലേഷ്യയിലും തായ്‌ലാന്റ്, തായ്‌വാന്‍, ഫിലിപ്പീന്‍സ്, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ സമീപ രാജ്യങ്ങളിലും ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്നതിന് കാരണമായത്. 
ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലും ഹലാല്‍ വാണിജ്യരംഗം പുരോഗതിയിലേക്കു കുതിക്കുക തന്നെയാണ്. 2020-ല്‍ കോവിഡ് 19 ആഗോളതലത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഹലാല്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല സാമ്പത്തിക മേഖലകളെയും അപേക്ഷിച്ച് ഹലാല്‍ വിപണിക്ക് കുറഞ്ഞ പ്രഹരമേ കോവിഡിനുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ പല രാജ്യങ്ങളിലും തുടങ്ങിയിരിക്കുന്ന കോവിഡ് വാക്‌സിനേഷനില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പല മുസ്‌ലിം രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സിനോവാക് കോവിഡ് വാക്‌സിന് ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ ചെയ്ത് ഇന്തോനേഷ്യയില്‍ വിതരണത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത 13/01/2021-നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. കോവിഡ് വാക്‌സിന്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്യുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്തോനേഷ്യ. യു.കെയില്‍ വിതരണത്തിനെത്തിച്ച വാക്‌സിന്‍ ബ്രിട്ടനിലെ ബ്രിട്ടീഷ് ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ഹലാല്‍ മാനദണ്ഡങ്ങള്‍പ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഒരു ഉല്‍പ്പന്നം ഹലാല്‍ സര്‍ട്ടിഫൈഡ് ആണ് എന്നതിന്റെ അര്‍ഥം, ആല്‍ക്കഹോള്‍, മൃഗക്കൊഴുപ്പ്, രാസപദാര്‍ഥങ്ങള്‍ എന്നിവ അടങ്ങാത്തതും മൃഗങ്ങളില്‍ പരീക്ഷിച്ചു നോക്കാത്തതുമായ തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ഉല്‍പ്പന്നമാണെന്നാണ്. ഹലാല്‍ ഭക്ഷണ ഉപഭോഗത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. തൊട്ടുപിന്നില്‍ ബംഗ്ലാദേശും ഈജിപ്തുമാണ്. കോവിഡ് 19, ഹലാല്‍ ഭക്ഷണ ഉപഭോഗത്തില്‍ വലിയ ഇടിവ് വരുത്തിയിട്ടില്ല. 2024 ആകുമ്പോഴേക്കും ഹലാല്‍ ഫുഡ് വിപണിയില്‍ 3.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ഓടെ ആഗോള ഹലാല്‍ മര്‍ക്കറ്റിന്റെ വിറ്റുവരവ് 739.59 ബില്യന്‍ യു.എസ് ഡോളര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. 
ദുബൈ ഇസ്‌ലാമിക് ഇക്കണോമിക് ഡെവലപ്‌മെന്റ് സെന്ററും ദിനാര്‍ സ്റ്റാന്റേര്‍ഡും (Dinar Standard)  സംയുക്തമായി ആഗോള ഇസ്‌ലാമിക ഇക്കണോമിയില്‍ നടക്കുന്ന മാറ്റങ്ങളെയും പുരോഗതിയെയും കുറിച്ച് 2013 മുതല്‍ ഗവേഷണം നടത്തുകയും അതിന്റെ പഠന റിപ്പോര്‍ട്ട് വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു്. ഹലാല്‍ അനുബന്ധ വാണിജ്യങ്ങളുടെയും സേവനങ്ങളുടെയും പുരോഗതി മാത്രമല്ല, ഇസ്‌ലാമിക സാമ്പത്തിക മൂല്യങ്ങളിലൂന്നിയ മുഴുവന്‍ വ്യവഹാരങ്ങളുടെയും റിപ്പോര്‍ട്ട് കൂടിയാണ് അത്. ഹലാല്‍ ഭക്ഷണവിഭവങ്ങള്‍ മാത്രമല്ല, ഹലാല്‍ വിപണിയുടെ പരിധിയില്‍ വരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇസ്‌ലാമിക മൂല്യങ്ങളില്‍ ഊന്നിയ ഫാഷന്‍, യാത്ര, മാധ്യമ-വിനോദോപാധികളുമൊക്കെ ഹലാല്‍ വിപണിയുടെ ഭാഗമാണ്. 2019-ലെ കണക്കുപ്രകാരം 2.02 ട്രില്യന്‍ ഡോളറാണ് മുസ്‌ലിംകള്‍ ഹലാല്‍ വിപണിയില്‍ ചെലവഴിച്ചത്. 2018 മുതല്‍ പ്രതിവര്‍ഷം 3.2 ശതമാനം വളര്‍ച്ചയാണ് ഹലാല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. Global Islamic Economy Indicator  പ്രകാരം കഴിഞ്ഞ എട്ടു വര്‍ഷമായി ഇസ്‌ലാമിക് ഇക്കണോമിയുടെ തലപ്പത്ത് മലേഷ്യ തന്നെയാണ്. രണ്ടാം സ്ഥാനത്ത് സുഊദി അറേബ്യയും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം യു.എ.ഇയും ഇന്തോനേഷ്യയുമാണ്. 

ലോക ഹലാല്‍ ദിനം 
(World Halal Day)


എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് United World Halal Development (UNWHD) എന്ന സംഘടന ലോക ഹലാല്‍ ദിനം ആചരിച്ചുവരുന്നു. ഹലാലിനെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഹലാല്‍ അനുബന്ധ വാണിജ്യമേഖലയുടെ ഉന്നമനവുമാണ് സംഘടന ലക്ഷ്യം വെക്കുന്നത്. ഹലാല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും, വാങ്ങലും വിതരണവും, ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലയിലുള്ളവരെ മുഴുവനും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരലുമൊക്കെ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. 2014 മുതല്‍ UNWHD  ഹലാല്‍ ആഘോഷങ്ങള്‍ നടത്തിവരുന്നു. 2014, 2015, 2016, 2017, 2018, 2019 വര്‍ഷങ്ങളില്‍ യഥാക്രമം സിംഗപ്പൂര്‍, പോണ്ടിച്ചേരി (ഇന്ത്യ), സഗ്‌രിബ് (ക്രൊയേഷ്യ), ലണ്ടന്‍ (യു.കെ), സിയോള്‍ (ദക്ഷിണ കൊറിയ), സമാറ (റഷ്യ) എന്നിവിടങ്ങളില്‍ സംഘടന ലോക ഹലാല്‍ ദിന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഹലാല്‍ വിപണിയിലെ അമുസ്‌ലിം പ്രാതിനിധ്യം

ഉല്‍പ്പന്നങ്ങളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചും ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് തൂക്കിയും മുസ്‌ലിംകള്‍ മതവിവേചനം സൃഷ്ടിക്കുന്നു എന്നാണ് അഭിനവ ഹലാല്‍വിരുദ്ധരുടെ വാദം. മുസ്‌ലിംകള്‍ക്ക് മാത്രം ഭക്ഷിക്കാനും ഉപയോഗിക്കാനും കഴിയുന്ന, മുസ്‌ലിംകള്‍ തന്നെ പാകംചെയ്യുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണ വിഭവങ്ങളും ഉല്‍പ്പന്നങ്ങളുമാണ് ഹലാല്‍ വിഭവങ്ങള്‍ എന്ന തെറ്റിദ്ധാരണയിലാണ് ഈ ഹലാല്‍ വിരോധം തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍ അത്തരക്കാര്‍ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഹലാല്‍ വിഭവങ്ങളുടെ ഉപഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ല എന്നതാണ്. എല്ലാ മതസ്ഥരിലും പെട്ട മനുഷ്യര്‍ അത്തരം വിഭവങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നു. ഹലാല്‍ വിഭവങ്ങളുടെ ഉപഭോഗത്തില്‍ മാത്രമല്ല, ഉല്‍പ്പാദനത്തിലും വിതരണത്തിലും മുസ്‌ലിംകളല്ലാത്ത അനേകം പേരുണ്ട് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇന്ത്യയിലെ അഹ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്കോട്രയ്ല്‍ (Ecotrail)കമ്പനി ഉടമകളായ മൗലി തെലിയും ഗ്രീഷ്മ തെലിയും ഹലാല്‍ ഉല്‍പ്പാദനരംഗത്തെ മികച്ച ഉദാഹരണമാണ്. 
യു.എസില്‍ മിച്ചിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, ജൈനമതശാസനകള്‍ക്കനുസൃതമായ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ തീരെ ലഭ്യമല്ലെന്ന കാര്യം മൗലിതെലിയുടെ ശ്രദ്ധയില്‍പെടുന്നത്. രാസമുക്തവും മാംസക്കൊഴുപ്പ് ചേര്‍ന്നിട്ടില്ലാത്തതുമായ ശുദ്ധവും പ്രകൃതിദത്തവുമായ ഉല്‍പ്പന്നങ്ങളായിരുന്നു പേഴ്‌സനല്‍ കെയറിന് വേണ്ടി, സസ്യഭുക്കുകളായ അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ബ്രിട്ടനില്‍ ബയോ ടെക്‌നോളജിയില്‍ ഗവേഷണം ചെയ്തുകൊണ്ടിരുന്ന സഹോദരി ഗ്രീഷ്മയും ചേര്‍ന്ന് 2009-ല്‍ നാട്ടില്‍ തിരികെയെത്തി, ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ കുത്തകയാക്കിയിരിക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലെ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മാരകമായ രാസപദാര്‍ഥങ്ങളും മൃഗക്കൊഴുപ്പും അടങ്ങിയവയാണ് എന്ന തിരിച്ചറിവ് അവരെ ഒരു മികച്ച ബദല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഒരു എക്‌സ്‌പേര്‍ട്ട് ടീമിന്റെ രണ്ടു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ യുവസംരംഭകര്‍ Ecotrail Personal Care Company ആരംഭിക്കുന്നത്. ആ പഠനം മുന്നോട്ടുവെച്ച പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു: ഹലാലിനെ കുറിച്ച് പരിമിതമായ ജ്ഞാനമേ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ളൂ. എന്നാല്‍ ഹലാലിന്റെ യഥാര്‍ഥ അര്‍ഥവും ആശയവും, ലോകം വളരെ വേഗത്തില്‍ മനസ്സിലാക്കുകയും പരിശുദ്ധി(Purity)യുടെയും സമ്പൂര്‍ണത(Integrity)യുടെയും ആധികാരികത(Authenticity)യുടെയും പ്രതീകമായി ഹലാല്‍ ജനമനസ്സുകളില്‍ സ്വീകാര്യത നേടുകയും ചെയ്യുന്നു. ഹലാല്‍ എന്നാല്‍ ഭക്ഷണവിഭവങ്ങള്‍ മാത്രമല്ലെന്നും അതൊരു ജീവിതക്രമവും കച്ചവട ശൈലിയും പെരുമാറ്റ രീതിയും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളുമാണെന്നുമായിരുന്നു ആ പഠനം മുന്നോട്ടുവെച്ച നിരീക്ഷണങ്ങള്‍. ഇസ്‌ലാമിന്റെ ഹലാല്‍ എന്ന ആശയത്തിലേക്കും ഹലാല്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പുതിയ അറിവിലേക്കുമാണ് അതവരെ നയിച്ചത്. അങ്ങനെ, ഹലാല്‍ കോണ്‍സപ്റ്റില്‍ പ്രചോദിതരായി നൂറുശതമാനവും ശുദ്ധമായ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 2014-ല്‍ ഇന്ത്യയിലെ ആദ്യ ഹലാല്‍ സെര്‍ട്ടിഫൈഡ് കോസ്‌മെറ്റിക് കമ്പനി, 'ഇബ ഹലാല്‍ കോസ്‌മെറ്റിക്‌സി'ന് ഈ യുവസഹോദരിമാര്‍ തുടക്കം കുറിച്ചു. ഇബ എന്ന ചുരുക്കപ്പേരില്‍ 80-ല്‍പരം വൈവിധ്യമാര്‍ന്ന പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ഹലാല്‍ ഉല്‍പ്പാദകരാണിന്ന് ഈ ജൈനസഹോദരിമാര്‍. 'ഞങ്ങളുടെ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പോ, ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാര്‍ഥങ്ങളോ അടങ്ങിയിട്ടില്ല. അവ സസ്യങ്ങളില്‍നിന്നുള്ളതാണ്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ ഹലാല്‍ ഉല്‍പ്പന്നം ആരംഭിച്ചതെങ്കിലും ഇബ ബ്രാന്റ് എല്ലാതരം ജനങ്ങള്‍ക്കിടയിലും സ്വീകാര്യമായിത്തീര്‍ന്നിരിക്കുന്നു. ജൈനമതക്കാര്‍ക്കും സസ്യാഹാരികള്‍ക്കുമിടയില്‍ ഇബയുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ സ്വാഗതം ചെയ്യപ്പെടുന്നു്' - അവര്‍ സാക്ഷ്യപ്പെടുത്തുന്നു. മിതമായ നിരക്കില്‍ ഏകദേശം നൂറോളം ഇബ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ എണ്ണായിരത്തോളം വരുന്ന റിട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്.  
ഹലാല്‍ ഭക്ഷണസംസ്‌കാരത്തിന്റെ പ്രയോജനങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ് മറ്റുള്ളവരും ഈ രംഗത്തേക്കു കടന്നുവരുന്നത്. അജിനോമോട്ടോ എന്ന ജാപ്പനീസ് കമ്പനി, മലേഷ്യയില്‍ ഹലാല്‍ ഭക്ഷണോല്‍പാദനരംഗത്ത് 85 മില്യന്‍ ഡോളറാണ് ഈ കോവിഡ്കാലത്തും നിക്ഷേപമിറക്കിയിരിക്കുന്നത്. പ്രമുഖ ജര്‍മന്‍ ഫ്‌ളേവര്‍ ഉല്‍പാദകരായ Symrise  കമ്പനി മധ്യപൗരസ്ത്യദേശത്തും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഈജിപ്തില്‍ ഈയടുത്താണ് ക്രിയേറ്റിവിറ്റി സെന്റര്‍ തുറന്നത്. ASEAN രാജ്യങ്ങളിലെ ആദ്യത്തെ ഹലാല്‍ ജെലാറ്റിന്‍ പ്ലാന്റും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും നിര്‍മിക്കാന്‍ ജപ്പാനിലെ സാനിച്ചി ടെക്‌നോളജിയുടെ സഹകരണത്തോടെ 300 മില്യന്‍ ഡോളറാണ് നിക്ഷേപമിറക്കിയിരിക്കുന്നത്. ജപ്പാന്‍, ബ്രസീല്‍, ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സംരംഭകര്‍ ഹലാല്‍ വാണിജ്യരംഗത്ത് OIC രാജ്യങ്ങളുമായി സഹകരിച്ച് ഹലാല്‍ ഭക്ഷ്യ-മരുന്ന്-സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ ഉല്‍പ്പാദനം നടത്താനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധികാലത്തും ലോകത്തെ പ്രധാന ഭക്ഷ്യോല്‍പ്പാദകര്‍ ഹലാല്‍ ഭക്ഷണമേഖലയില്‍ നിക്ഷേപത്തിന് മുതിരുന്നത് ഈ മേഖലയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. 
  4.3 ശതമാനം മാത്രം മുസ്‌ലിംകളുള്ള, ബുദ്ധഭൂരിപക്ഷരാജ്യമായ തായ്‌ലാന്റ് എന്തുകൊണ്ട് ലോകത്ത് ഏറ്റവും അധികം ഹലാല്‍ ഫുഡ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായി എന്നതിനെ കുറിച്ച് ഒരു പഠനമുണ്ട്. 1996 മുതല്‍ 2016 വരെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ വേണ്ടി തായ്‌സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിം NGO-കള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ പരിശ്രമങ്ങളാണ് അതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് പഠനം അടിവരയിടുന്നു. തായ്‌ലാന്റിലെ Chulalongkorn University, ഹലാല്‍ അനുബന്ധ പഠനങ്ങള്‍ക്കായി 2003-ല്‍ തുടങ്ങിയ Halal Science Centre എന്ന ഗവേഷണ കേന്ദ്രവും തായ്‌ലാന്റിലെ ഹലാല്‍ വാണിജ്യപുരോഗതിക്ക് നട്ടെല്ലായി വര്‍ത്തിച്ചതായി ഈ പഠനം സമര്‍ഥിക്കുന്നു. ടൂറിസം മേഖലയില്‍ ഏറെ മുന്നിലുള്ള തായ്‌ലാന്റ് ഹലാല്‍ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു. 2016-ല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ടൂറിസ്റ്റുകളെ സ്വീകരിച്ച രണ്ടാമത്തെ അമുസ്‌ലിം രാജ്യമായിരുന്നു തായ്‌ലാന്റ്. ഹലാല്‍ ടൂറിസത്തിന്റെ വരവോടെയാണ് തായ്‌ലാന്റിലെ മുസ്‌ലിം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. ബുദ്ധഭൂരിപക്ഷ രാജ്യമായ തായ്‌ലാന്റ് ഹലാല്‍ വാണിജ്യമേഖലയുടെ വികസനത്തിനു വേണ്ടി നല്‍കുന്ന പ്രോത്സാഹനങ്ങള്‍ മാതൃകാപരമാണ്.  
ന്യൂസിലാന്റ് ജനതയുടെ ഹലാല്‍ ഭക്ഷണത്തോടുള്ള സമീപനം മനസ്സിലാക്കാന്‍ നടത്തിയ ഒരു പഠനം, ന്യൂസിലാന്റ് മുസ്‌ലിംകളുടെ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം പരിഗണിച്ച്, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും ഹലാല്‍ വിഭവങ്ങള്‍ മനസ്സിലാക്കുന്നതിലും വിതരണം ചെയ്യുന്നതിലും അമുസ്‌ലിംകളായ കച്ചവടക്കാര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്ന് സമര്‍ഥിക്കുന്നു (Raiz Fathima Farouq, Muslim and Non Muslim Consumer Perceptions of Halal at Supermerkets in Non-Muslim Countries, Master Thesis from Massey University).  
ഹലാല്‍ മാംസത്തോടുള്ള ആസ്‌ത്രേലിയന്‍ ജനതയുടെ (ഭൂരിഭാഗവും ക്രിസ്ത്യാനികള്‍) സമീപനത്തെ വിശകലനം ചെയ്യുന്ന, യു.എസ് നാഷ്‌നല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ & നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഹലാല്‍ ഭക്ഷണത്തോട് കൂടുതല്‍ പ്രിയം. ഹലാല്‍ മാംസം തെരഞ്ഞെടുക്കുന്നവര്‍ അങ്ങനെ ചെയ്യാനുള്ള പ്രധാന കാരണം, അറവുമൃഗത്തോട് കാണിക്കുന്ന മനുഷ്യതപരവും ദയാവായ്‌പോടെയുമുള്ള പെരുമാറ്റ മര്യാദകളാണ്. 
2018-ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ ഒരു പഠനം (India-An Untapped Market for Halal products, Yusuf Hassan, Journal of Islamic Marketing‑)  ഇന്ത്യയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അവബോധം ഉയര്‍ന്നുവരുന്നതായും ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത മുസ്‌ലിംകളില്‍ പരിമിതമല്ലെന്നും സുരക്ഷിതത്വ(Safety)വും പരിസ്ഥിതിസുരക്ഷ(Environmental Concern)യും മുന്‍നിര്‍ത്തിയാണ് ഹലാല്‍ വിഭവങ്ങള്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും സമര്‍ഥിക്കുന്നു. ഹലാല്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ഇന്ത്യന്‍ ജനതക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും ഒരു ഇന്റര്‍നാഷ്‌നല്‍ ഹലാല്‍ എക്‌സ്‌പോ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ATOBA ബിസിനസ് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്, 2020 ജനുവരി 18-20 തീയതികളില്‍ ഹൈദറാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടത്തിയ ഹലാല്‍ എക്‌സ്‌പോ പതിനായിരത്തില്‍പരം പേര്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കു പുറമെ മലേഷ്യ, ഇന്തോനേഷ്യ, ഇറാന്‍, തുര്‍ക്കി, യു.എ.ഇ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഹലാല്‍ വാണിജ്യരംഗത്തെ പ്രതിനിധികള്‍ പങ്കെടുത്തു. 2020-ലെ ഇന്റര്‍നാഷ്‌നല്‍ ഹലാല്‍ എക്‌സ്‌പോയുടെ ഏറ്റവും വലിയ സ്വാധീനം, ഹലാല്‍ എക്കോസിസ്റ്റം നടപ്പില്‍ വരുത്താന്‍ ഒരു സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവന്നു എന്നുള്ളതാണ്. അതിന്റെ ഭാഗമായി തെലുങ്കാന സര്‍ക്കാര്‍, സംസ്ഥാനത്ത് ഹലാല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യത മുന്‍നിര്‍ത്തി, കേരളത്തിലും അത്തരം സംവിധാനങ്ങള്‍ക്ക് സമാനമനസ്‌കരായ ചിലര്‍ തുടക്കം കുറിച്ചിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി, ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ (ഭക്ഷ്യവിഭവങ്ങള്‍, കോസ്‌മെറ്റിക്‌സ്, പുസ്തകങ്ങള്‍) ഓണ്‍ലൈന്‍ വിപണനം ലക്ഷ്യമിട്ട് halals'cart എന്ന ഒരു സംരംഭം 2016-ല്‍ തുടങ്ങിയിരുന്നു. 
ഹലാല്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാണിജ്യശൃംഖല വളരുന്നതിനനുസരിച്ച്, മത-രാഷ്ട്ര-വംശ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ ഹലാലിനെ ഒരു ആരോഗ്യദായകമായ ജീവിതശൈലിയായും സത്യസന്ധമായ വ്യവഹാരമായും മൂല്യാധിഷ്ഠിത സംസ്‌കാരമായും ഏറ്റെടുക്കുന്ന ചിത്രമാണ് ആഗോളതലത്തില്‍ പൊതുവെയും നാം കാണുന്നത്. മുസ്‌ലിംകളുടെ 'വിവേചനപരമായ ആഹാരരീതി'യിലേക്ക് ഹലാല്‍ സംസ്‌കാരത്തെ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍, ഹലാലിന്റെ യഥാര്‍ഥ അന്തസ്സത്ത മനസ്സിലാക്കാന്‍ ശ്രമിക്കാതെ, ആഗോളതലത്തില്‍ ഹലാല്‍ അധിഷ്ഠിത വാണിജ്യശൃഖലയുടെ വൈപുല്യം കാണാതെ, കണ്ണടച്ചു ഇരുട്ടാക്കുകയാണ്.

 

--------------------------------------------------------------------------------------

ഹലാല്‍ വിപണിയും സാധ്യതകളും

കെ.എന്‍ നബീല്‍

റിസര്‍ച്ച് ആന്റ് അഡൈ്വസറി സ്ഥാപനമായ ദിനാര്‍ സ്റ്റാന്റേര്‍ഡും ദുബൈ ഇസ്ലാമിക് ഇക്കോണമി സെന്ററും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ഇസ്‌ലാമിക് ഇക്കോണമി റിപ്പോര്‍ട്ടിന്റെ ഇന്ത്യാതല പ്രകാശനം 2020 നവംബറില്‍ ദല്‍ഹിയില്‍  നടക്കുകയുണ്ടായി. ഓരോ വര്‍ഷവും ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ റിപ്പോര്‍ട്ട് ആദ്യമായാണ് ഇന്ത്യയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. ഹലാല്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ അവസരത്തില്‍ ആഗോളതലത്തിലെ ഹലാല്‍ വിപണിയെ കുറിച്ച് മനസ്സിലാക്കുന്നത് ലോക മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇത് തുറന്നു നല്‍കുന്ന അവസരങ്ങളെ കുറിച്ച് ധാരണയുണ്ടാവുന്നതിന് സഹായകമാവും.
റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച ഹലാല്‍ സൂചികയിലെ പ്രധാനപ്പെട്ട സെക്ടറുകള്‍ ഹലാല്‍ ഭക്ഷണം, ഇസ്ലാമിക് ഫിനാന്‍സ്, മുസ്ലിം സൗഹൃദ യാത്ര, മോഡസ്റ്റ് ഫാഷന്‍, ഫാര്‍മ/കോസമെറ്റിക്‌സ്, മീഡിയ/റിക്രിയേഷന്‍ എന്നിവയാണ്. ഇസ്ലാമിക നിയമങ്ങള്‍ വ്യക്തികളുടെ ഉപഭോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും തെരഞ്ഞെടുപ്പില്‍ ചെലുത്തുന്ന സ്വാധീനത്തിലെ വാണിജ്യസാധ്യതകള്‍ തിരിച്ചറിഞ്ഞ് കമ്പോളവല്‍ക്കരിക്കുക എന്ന വാണിജ്യതന്ത്രമാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷനുകളിലൂടെ കൈവരിക്കാന്‍ ശ്രമിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഫലമായി ഉപഭോക്താക്കളും ഉല്‍പന്നങ്ങളും ദേശാതിര്‍ത്തികള്‍ വിട്ട് ലോകമൊട്ടും വ്യാപിച്ചു കിടക്കുന്നതിനാല്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണികളില്‍ ആവശ്യക്കാര്‍ അധികരിക്കുന്നതും അതിനനുസരിച്ച് ഹലാല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് പ്രവഹിക്കുന്നതും സ്വാഭാവികം മാത്രം. ഒരുകാലത്ത് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ നമ്മുടെ വിപണികളില്‍ തീരെ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ഓര്‍ഗാനിക്കായ പല ഉല്‍പന്നങ്ങളും വിപണിയില്‍ സുലഭമായത് അതിന് ആവശ്യക്കാര്‍ ഉണ്ടായതുകൊണ്ടാണ്. അതിനര്‍ഥം ഓര്‍ഗാനിക് അല്ലാത്ത ഉല്‍പന്നങ്ങളൊക്കെ മോശമാണെന്നല്ലല്ലോ. ഇതു പോലെ വിപണിയിലെ ചോദന(Demand)യോടുള്ള പ്രതികരണം എന്ന നിലക്ക് കാണേണ്ട ഒന്നാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷനും ബ്രാന്റിംഗും.
നേരത്തേ സൂചിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തി പത്തൊമ്പതില്‍ ലോകത്ത് 2.2 ട്രില്യന്‍ യു.എസ് ഡോളറിന്റെ ഉപഭോഗമാണ് 1.9 ബില്യന്‍ മുസ്‌ലിംകള്‍ ആറു സാമ്പത്തിക മേഖലകളിലായി നടത്തിയതായി കണക്കാക്കപ്പെടുന്നത്.
ഇവയുടെ തരംതിരിച്ച കണക്ക് ഇപ്രകാരം:
ഹലാല്‍ ഫുഡ് 1.17 ട്രില്യന്‍ യു.എസ് ഡോളര്‍,
മീഡിയ/റിക്രിയേഷന്‍ 222 ബില്യന്‍ യു.എസ് ഡോളര്‍,
മോഡസ്റ്റ് ഫാഷന്‍ 277 ബില്യന്‍ യു.എസ് ഡോളര്‍,
മുസ്ലിം സൗഹൃദ യാത്ര 194 ബില്യന്‍ യു.എസ് ഡോളര്‍,
കോസ്‌മെറ്റിക്‌സ് 66 ബില്യന്‍ യു.എസ് ഡോളര്‍,
ഫാര്‍മ 94 ബില്യന്‍ യു.എസ് ഡോളര്‍.
ഇവ കൂടാതെ 2.88 ട്രില്യന്‍ യു.എസ് ഡോളറിന്റെ ഇസ്ലാമിക് ഫിനാന്‍സ് ആസ്തികളും ഉണ്ട്.
മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്ക് ഹലാല്‍ ആയിരിക്കണമെന്ന നിഷ്‌കര്‍ഷ ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെയോ ലോഗോയുടെയോ ആവശ്യമില്ലാതെത്തന്നെ ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രാദേശിക  പരസ്പര ധാരണയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിക്കുമായിരുന്നു. ആഗോളീകരണ കാലത്ത് മുഖ്യമായും ഇറക്കുമതിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഗള്‍ഫ് നാടുകളിലെയും മുസ്‌ലിംകള്‍ ധാരാളമുള്ള മറ്റു രാജ്യങ്ങളിലെയും ഈയൊരു സാധ്യത തിരിച്ചറിഞ്ഞ് വിപണിയുടെ താല്‍പര്യത്തോട് ഉല്‍പാദകരും കച്ചവടക്കാരും പ്രതികരിക്കുക സ്വാഭാവികം. വിപണിയിലെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നേട്ടം കൊയ്യാന്‍ വലിയ ബ്രാന്റുകള്‍ മുതല്‍ ചെറുകിട ഉല്‍പാദകരും കച്ചവടക്കാരും വരെ ശ്രമിക്കാന്‍ തുടങ്ങിയതോടെ പല രാജ്യങ്ങളും ഇത്തരം തട്ടിപ്പുകള്‍ തടയാനും ഗുണനിലവാരം ഉയര്‍ത്താനും നിയമനിര്‍മാണം നടത്തുകയും ഹലാല്‍  മുദ്രവെച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തതിനാല്‍ ഇന്ത്യയടക്കമുള്ള നാടുകളില്‍നിന്നുള്ള കയറ്റുമതിക്കാര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍  ഹലാല്‍ സര്‍ട്ടിഫൈഡ്  ആക്കി വിപണിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കുന്നു. ബ്ലോക്ക്ചെയിന്‍ പോലുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കാനുള്ള നവീന ഗവേഷണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തര-വിദേശ വിപണികളിലെ ഈയൊരു അവസരം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ഉല്‍പാദകര്‍ക്കും കച്ചവടക്കാര്‍ക്കും ഇനിയും കൂടുതല്‍ കഴിയേണ്ടതുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര