Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

നാസ്തിക - ഇസ്‌ലാം  സംവാദത്തിന്റെ ഇരുളും  വെളിച്ചവും

കെ. മുഹമ്മദ് നജീബ് 

തെരുവ് ചര്‍ച്ചകളും കോലാഹലങ്ങളും ക്ഷയിച്ചുവരികയും  സോഷ്യല്‍ മീഡിയാ ബഹളങ്ങള്‍ കൊഴുത്തുവളരുകയും ചെയ്തു എന്നതാണ് കോവിഡാനന്തര കാലത്തിന്റെ സവിശേഷത. അത്തരമൊരു സോഷ്യല്‍ മീഡിയാകാല വെല്ലുവിളിയാണ്  പിന്നീടു വീറും വാശിയുമാര്‍ജിച്ച് കേരളത്തിന്റെ  സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ മത - നാസ്തിക സംവാദമായി നമ്മള്‍ മലപ്പുറത്ത് കണ്ടത്. ഇസ്ലാമിക പ്രബോധകനായ എം.എം അക്ബറും ഇസ്ലാംവിരുദ്ധ പ്രചാരകനായ ഇ.എ ജബ്ബാറുമായിരുന്നു പ്രമാദമായ സംവാദത്തിലെ ഇരുപക്ഷങ്ങള്‍. 
'മുഹമ്മദ് നബിയുള്‍പ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികള്‍ക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയന്‍സ് കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് ഖുര്‍ആനില്‍ ഉണ്ടെന്ന് തെളിയിച്ചാല്‍  താന്‍ ശഹാദത്ത് ചൊല്ലി മുസ്‌ലിമാകാമെന്നും ഇതേ വരെ താന്‍ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിന്‍വലിക്കാമെന്നും' ഉള്ള യുക്തിവാദി നേതാവിന്റെ വെല്ലുവിളിയാണ് പ്രമുഖ ഇസ്ലാമിക പ്രഭാഷകനായ അക്ബര്‍ ഏറ്റെടുത്തത്. സ്ഥിരമായി മതത്തെയും പ്രവാചകനെയും അവഹേളിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍  പ്രസ്തുത വ്യക്തിയുമായി വേദിപങ്കിടാന്‍ ഒരുക്കമല്ലെന്നു നേരത്തേ പലതവണ അക്ബര്‍  വ്യക്തമാക്കിയിരുന്നു. എങ്കിലും  പേരെടുത്ത് പറഞ്ഞു നടത്തിയ ഈ വെല്ലുവിളി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍  ഏറ്റെടുക്കാതിരിക്കുന്നത് തെറ്റിദ്ധാരണക്കിടയാക്കും എന്നതിനാലാണ് താന്‍ ഏറ്റെടുത്തതെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 
സംവാദം യാഥാര്‍ഥ്യമാകുന്നതിനു വളരെ മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ക്ക്  സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചു.  എക്‌സ് മുസ്‌ലിം കൂട്ടായ്മ എന്ന പേരില്‍ ഒരു തട്ടിക്കൂട്ട് സംഘത്തെ നാസ്തികപക്ഷം  ആദ്യം സംഘാടനമേല്‍പ്പിച്ചെങ്കിലും അവര്‍ക്കതില്‍നിന്ന് പിന്മാറേണ്ടി വന്നു.  അനിശ്ചിതത്വത്തിലായ സംവാദ സംഘാടനം പിന്നീട് സാക്ഷാല്‍ കേരള യുക്തിവാദി സംഘം തന്നെ  ഏറ്റെടുത്തു.  എന്നാല്‍ അവര്‍ മുന്നോട്ടുവെച്ച സംവാദ ഫോര്‍മാറ്റ് അശാസ്ത്രീയവും ഏകപക്ഷീയവും നിരീശ്വരവാദി സംവാദകന്റെ താല്‍പര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതാണെന്നുമുള്ള ഗുരുതരമായ ആരോപണമുയര്‍ന്നു. മോഡറേറ്റര്‍ ആയി നിശ്ചയിക്കപ്പെട്ട വ്യക്തി നേരത്തേ തന്നെ പക്ഷപാതിത്വം കാണിക്കാറുള്ള ആളാണെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍ അദ്ദേഹം തല്‍സ്ഥാനത്തു നിന്ന് പിന്‍വാങ്ങി. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ പോലും ആദ്യഘട്ടത്തില്‍ നീതിപാലിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. അക്ബര്‍ സംവാദത്തില്‍നിന്ന് പിന്നാക്കം പോവുന്നുവെന്ന്  നാസ്തിക പക്ഷത്തുനിന്ന് വ്യാപകമായ പ്രചാരണങ്ങളുമുണ്ടായി. എന്നാല്‍ സംഘാടകര്‍ നിശ്ചയിച്ച നിബന്ധനകള്‍ നീതിപൂര്‍വകമോ യുക്തിസഹമോ അല്ലെങ്കിലും സംവാദം നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. 
ഇസ്ലാമിക പക്ഷത്തുള്ളവരും നിരീശ്വരവാദികളും   തമ്മില്‍ നിരവധി സംവാദങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ശരീഅത്ത് വിവാദകാലത്ത്  കോടതി വിധിയുടെ മറവില്‍ ഇസ്ലാമിക നിയമങ്ങളുടെ സാധുതയെ തന്നെ ചോദ്യം ചെയ്യാന്‍ മുന്നിലുണ്ടായിരുന്നത് കമ്യൂണിസ്റ്റുകളും ഒപ്പം നിരീശ്വരവാദികളുമായിരുന്നു. ഉജ്ജ്വലമായ ആശയ - ബൗദ്ധിക സംവാദങ്ങളിലൂടെ തന്നെയാണ്  മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും അന്നവരെ നേരിട്ടത്. ഇസ്ലാമിക ശരീഅത്ത് എന്നാല്‍ പെണ്ണുകെട്ടും മൊഴി ചൊല്ലലുമാണ് എന്ന  മൂഢധാരണയില്‍  ജീവിച്ചിരുന്ന പല ഭൗതികവാദികളുടെയും തലയിലേക്ക് അല്‍പമെങ്കിലും വെളിച്ചം കടത്തിവിടാന്‍ ആ സംവാദങ്ങള്‍ കാരണമായിട്ടുണ്ടെന്നത് ഒരു ചരിത്ര വസ്തുതയാണ്. 
രൂക്ഷമായ മതവിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും അക്കാര്യത്തില്‍ മിനിമം മര്യാദകള്‍ പാലിക്കാനും പൊതു മാനവിക മൂല്യങ്ങളെ ആദരിക്കാനും മുന്‍കാല നിരീശ്വരവാദികള്‍ക്ക് കഴിഞ്ഞിരുന്നു. ഏതൊക്കെയോ അര്‍ഥത്തിലുള്ള സാമൂഹിക പ്രതിബദ്ധതയും ഒരളവുവരെ അവര്‍ കാത്തുസൂക്ഷിച്ചു. പാരമ്പര്യ നിരീശ്വരവാദ പ്രസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി, മതങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും തരംതാണ രീതിയില്‍ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയാ നവനാസ്തികര്‍ ചെയ്യുന്നത്. ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ആക്രമണോത്സുക നാസ്തിക വാദം സമീപകാലത്തായി ശക്തിപ്പെട്ടിട്ടുണ്ടെന്ന് കാണാം. ഇവരുടെ വിദ്വേഷ  പ്രബോധനങ്ങളിലൂടെ ആക്രമിക്കപ്പെടുന്നത് മതങ്ങള്‍ മാത്രമല്ല, ലോകം പൊതുവില്‍ ആദരിക്കുന്ന  മാനവിക ബോധം തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മിതവാദികളായ നാസ്തികരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഹ്യുമനിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കാനിഷ്ടപ്പെടുന്ന ഇത്തരം പാരമ്പര്യ നാസ്തികര്‍ക്ക് മനുഷ്യന്റെ ആത്മാഭിമാനത്തിലും വ്യക്തിത്വ സവിശേഷതകളിലും വിശ്വാസമുണ്ട്. എന്നാല്‍ നവനാസ്തികരാവട്ടെ   മനുഷ്യനു സവിശേഷമായ എന്തെങ്കിലും സ്ഥാനം പ്രപഞ്ചത്തിലുണ്ടെന്ന് കരുതുന്നില്ല. 
പ്രമുഖ നാസ്തിക ബുദ്ധിജീവിയായ റിച്ചാഡ് ഡോക്കിന്‍സിന്റെ കാഴ്ചപ്പാടില്‍ മനുഷ്യ ജീവിതത്തിന്റെ ആകത്തുക (Purpose of life) അതിജീവിക്കലും ജീനുകളുടെ പതിപ്പെടുക്കലുമാണ്. മനുഷ്യനെ ജീന്‍ മെഷീന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തന്റെ 'സെല്‍ഫിഷ് ജീന്‍' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇത്തരമൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്. മനുഷ്യാസ്തിത്വത്തിന്റെ  യാതൊരു ഉദാത്തീകരണത്തിനും പഴുതില്ലാത്ത രീതിയിലുള്ള ഡോക്കിന്‍സിന്റെ നിരീക്ഷണം നാസ്തികരുടെതന്നെ ഹ്യുമനിസ്റ്റ് കാഴ്ചപ്പാടിന്റെ കടക്കലാണ് കത്തിവെക്കുന്നത്. ഇത്തരം അതിവാദങ്ങളും അതിരുകടന്ന മതവിദ്വേഷ പ്രചാരണങ്ങളും പടിഞ്ഞാറന്‍  നാടുകളിലെ പരമ്പരാഗത നാസ്തിക പ്രസ്ഥാനങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുമെന്ന്  അവര്‍ ആശങ്കിക്കുന്നുണ്ട്.  ആഗോള മുതലാളിത്തം പകര്‍ന്നു നല്‍കിയ മൂല്യരഹിത ജീവിത കാഴ്ചപ്പാടുകള്‍ക്ക് 'ശാസ്ത്രീയ അടിത്തറകള്‍' മെനഞ്ഞെടുക്കുന്ന തരത്തിലുള്ള സൈദ്ധാന്തിക രചനകളാണ് ഡോക്കിന്‍സ് മുതല്‍ സാം ഹാരിസ് വരെയുള്ള നവനാസ്തിക പ്രമുഖര്‍ ഏറെയും നടത്തിയിട്ടുള്ളത്. 
സമീപകാലത്ത് ലോക നാസ്തിക നാല്‍വര്‍ സംഘത്തിലൊരാളായ സാം ഹാരിസ് നടത്തുന്ന മുഖ്യപ്രചാരണങ്ങളിലൊന്ന് ഇഛാ സ്വാതന്ത്ര്യം (ഫ്രീ വില്‍) എന്ന സങ്കല്‍പ്പത്തിനെതിരെയാണ്. മതങ്ങളടക്കമുള്ള ദര്‍ശനങ്ങള്‍ മുന്നോട്ട് വെക്കുന്ന സ്വാതന്ത്രേ്യഛ എന്നൊന്ന് നിലനില്‍ക്കുന്നില്ലെന്നും ഇഛാ സ്വാതന്ത്ര്യം എന്നത് വെറുമൊരു തോന്നല്‍ (ഫ്രീ വില്‍ ഈസ് ആന്‍ ഇല്ലൂഷന്‍) മാത്രമാണെന്നുമാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും അവര്‍ക്ക് നിയന്ത്രണങ്ങളില്ലാത്ത ജൈവ പ്രക്രിയകളിലേക്ക് ചുരുക്കിക്കെട്ടുകയാണ് ഈ കാഴ്ചപ്പാട്. ഇതോടെ മനുഷ്യര്‍ അവരുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയല്ല എന്നുവരികയും മനുഷ്യാസ്തിത്വത്തെ തന്നെ വ്യത്യസ്തമാക്കുന്ന നന്മ-തിന്മ സങ്കല്‍പ്പം അര്‍ഥരഹിതമായിത്തീരുകയും ചെയ്യുന്നു. എല്ലാ കര്‍മങ്ങളും ചില ജൈവ-രാസ പ്രക്രിയകളുടെ നിര്‍ബന്ധിതമായ അനന്തരഫലം മാത്രമാണെങ്കില്‍ പിന്നെ നന്മയോ തിന്മയോ നിലനില്‍ക്കില്ല. കുറ്റവും ശിക്ഷയും പ്രസക്തവുമല്ല. ലോകം പാലിച്ചുവരുന്ന  നീതിന്യായ വ്യവസ്ഥയുടെയും സാന്മാര്‍ഗിക- ധാര്‍മിക സങ്കല്‍പങ്ങളുടെയും കടക്കല്‍ കത്തിവെക്കുകയാണ് ഇവരുടെ ഇത്തരം നിലപാടുകള്‍. 
ആഗോള നാസ്തികരില്‍നിന്ന് ഭിന്നമായി  കേരളത്തിലെ സോഷ്യല്‍ മീഡിയാ നാസ്തികരില്‍ ശാസ്ത്രം കാര്യമായറിയുന്നവര്‍  തുലോം കുറവാണെന്നു കാണാം. കേരള നാസ്തികര്‍ ശാസ്ത്രവിഷയങ്ങളിലെ  അവസാനവാക്കായി കാണുകയും ആരാധനയോടെ കൊണ്ടുനടക്കുകയും ചെയ്യുന്ന പ്രമുഖ നാസ്തിക പ്രഭാഷകനു  പോലും  ശാസ്ത്രജ്ഞാന മേഖലയുമായി ആധികാരിക ബന്ധമൊന്നുമില്ല. മതവിരോധമെന്ന പൊതു പ്ലാറ്റ്‌ഫോമിലാണ്  ആഗോള നവനാസ്തികരുമായി കേരളനാസ്തികര്‍  ഏറ്റവുമേറെ താദാത്മ്യം പ്രാപിക്കുന്നത്; വിശേഷിച്ചും ഇസ്ലാംവിരോധത്തില്‍. സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം ശക്തിപ്പെട്ട ഇസ്ലാമോഫോബിയയുടെ എരിതീയില്‍ കാര്യമായി എണ്ണ ഒഴിച്ചവരാണ് ആഗോള നവനാസ്തിക പടുക്കള്‍. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെയും ഏകപക്ഷീയ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന കാര്യത്തില്‍ ഏത് വംശീയവാദികളേക്കാളും ഒരുപടി മുന്നിലായിരുന്നു ഇവരുണ്ടായിരുന്നത്.
വംശവെറിയും ഇസ്ലാംവിരോധവും തന്നെയാണ് കേരള നവനാസ്തികരുടെയും  കാര്യമായ മൂലധനം. സംഘ് പരിവാര്‍ ഫാഷിസത്തിന് ഇവരോടുള്ള  മമതയുടെ കാരണവും അതു തന്നെയാണ്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ  ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന അവസ്ഥ വരികയും കേരളത്തിലെ നവ നാസ്തിക  ഇടപെടലുകള്‍  അരാജകത്വ കാഴ്ചപ്പാടുകളുടെയും അശ്ലീല സാഹിത്യങ്ങളുടെയും കൂത്തരങ്ങായി അധഃപതിക്കുകയും ചെയ്തു. സ്വന്തം മുഖം മറച്ചുവെക്കാന്‍ ഫെയ്ക്ക് ഐഡികള്‍ ഉണ്ടാക്കി നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് നവ നാസ്തികരുടെ പൊതു മനോവൈകല്യമാണ്.   തങ്ങളുടെ കുത്തഴിഞ്ഞ ജീവിത കാഴ്ചപ്പാടുകളെ 'സ്വതന്ത്ര ചിന്ത' എന്ന് വിശേഷിപ്പിക്കുകയും ആ പേരില്‍ തന്നെ സോഷ്യല്‍ മീഡിയാ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് കേരള നവനാസ്തികത  പ്രവര്‍ത്തിക്കുന്നത്. ചുംബനസമരത്തെയാണ് സമീപകാലത്ത് കേരള നവനാസ്തികര്‍ സംഘടിപ്പിച്ച ഏറ്റവും വലിയ സാമൂഹിക ഇടപെടലായി അവര്‍ തന്നെ കണക്കാക്കുന്നത്. കുടുംബ സംവിധാനത്തോട് സവിശേഷമായ പുഛം സൂക്ഷിക്കുന്ന ഇവര്‍ സ്വവര്‍ഗ ലൈംഗികത, ബന്ധുരതി തുടങ്ങിയ കാര്യങ്ങളെ അനുകൂലിക്കാനും ഒട്ടും മടി കാണിക്കുന്നില്ല. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ പുരുഷ ചൂഷണത്തിന്റെ നാസ്തിക വേര്‍ഷന്‍ മാത്രമാണെന്നാണ് സത്യം. മതം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിരക്ഷകളെ അടിച്ചമര്‍ത്തലായി ദുര്‍വ്യാഖ്യാനം ചെയ്തും മതവിരുദ്ധമായ സാമുദായിക പാരമ്പര്യങ്ങളെ മതത്തിന്റെ ചെലവിലെഴുതിയുമാണ് നാസ്തികര്‍ സ്ത്രീവിമോചകരായി രംഗത്തു വരാറുള്ളത്. തങ്ങളുടെ 'സ്വതന്ത്ര' ജീവിതതാല്‍പര്യങ്ങള്‍ക്ക് മതനിയമങ്ങളും സാന്മാര്‍ഗിക കാഴ്ചപ്പാടുകളുമാണ് മുഖ്യതടസ്സം എന്ന് മനസ്സിലാക്കി മതം വിട്ടവരാണ് മത-ധാര്‍മിക കാഴ്ചപ്പാടുകള്‍ക്കെതിരായി ഏറ്റവുമേറെ അസ്വസ്ഥരാകാറുള്ളത്. ഇങ്ങനെ മതം വിട്ട് നാസ്തികരായവര്‍ക്ക്  'മുഖ്യധാരാ സവര്‍ണ യുക്തിവാദ' മേഖലകളിലേക്ക് പ്രവേശനം നല്‍കപ്പെടുന്നില്ലെന്നതാണ് രസാവഹം. യുക്തിവാദികള്‍ എന്നുപോലും വിശേഷിപ്പിക്കാനാവാതെ  അവര്‍ എക്‌സ് മുസ്‌ലിം എന്നും മറ്റുമുള്ള പേരുകളില്‍ വിട്ടുവന്ന മതത്തെ ഭത്സിച്ചുകൊണ്ട് കാലം കഴിക്കണം. ഇസ്ലാം വിട്ടവര്‍ക്കല്ലാതെ മറ്റു മതക്കാര്‍ക്കൊന്നും ഈ അധിക ബാധ്യതയില്ല. എക്‌സ് ക്രിസ്ത്യാനികളെയോ എക്‌സ് ഹിന്ദുക്കളെയോ ഒരു കൂട്ടായ്മയായി നാസ്തികര്‍ക്കിടയില്‍ കാണാന്‍ സാധ്യമല്ല. 
തങ്ങളുടെ അസ്തിത്വം തെളിയിക്കേണ്ടതുള്ളതു കൊണ്ടും സ്വന്തം ചാനലുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തേണ്ടതുകൊണ്ടും മത വിമര്‍ശനത്തിന് അറപ്പുളവാക്കുന്ന ഭാഷ സ്വീകരിക്കാന്‍ പലപ്പോഴും എക്‌സുകള്‍  നിര്‍ബന്ധിതരാവുന്നു. മുഖ്യധാരാ നാസ്തിക കമ്യൂണിറ്റിയുടെയും നാസ്തികതയുടെ മേലങ്കിയണിഞ്ഞ ഫാഷിസ്റ്റുകളുടെയും കൈയടി നേടാനായി പ്രവാചകന്റെ കുടുംബ ജീവിതത്തെയടക്കം ലൈംഗിക ചുവയോടെ കളവുകള്‍ ചേര്‍ത്ത് അപഹസിക്കുന്നതില്‍ ഇവര്‍  പ്രത്യേക നിര്‍വൃതി കണ്ടെത്തുന്നു. വെറുപ്പുല്‍പ്പാദനം  എന്നതല്ലാതെ കൃത്യമായ ഒരു ജീവിത ദര്‍ശനമോ ധാര്‍മിക കാഴ്ചപ്പാടോ സമര്‍പ്പിക്കാന്‍ ഇവരുടെ കൈയിലൊന്നുമില്ല. മാത്രമല്ല, ഫാഷിസത്തിന് വിടുപണി ചെയ്യുകയും മുതലാളിത്ത ചൂഷണങ്ങളെ വെളുപ്പിച്ചെടുക്കുകയും ചെയ്യുന്ന രീതിയിലാണ് സമീപകാലത്തെ പല നവനാസ്തിക നിലപാടുകളും. ഇക്കാരണങ്ങളാല്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയോ സംവാദമോ ഇവരുമായി സാധ്യമല്ലെന്നതാണ് വസ്തുത. മുസ്‌ലിംകള്‍ മാത്രമല്ല ഭൗതികവാദികളായ കമ്യൂണിസ്റ്റുകള്‍ പോലും നവനാസ്തികരുമായി അകലം പാലിക്കുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. 
മേല്‍പ്പറഞ്ഞ കേരള നാസ്തിക ധാരയുടെ ആത്മീയാചാര്യനാണ് ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശം തെളിയിക്കാനായി അക്ബറിനെ പേരെടുത്ത് പറഞ്ഞ് വെല്ലുവിളിച്ചത്. നാസ്തികര്‍ക്കിടയിലെ 'ഖുര്‍ആന്‍ പണ്ഡിതന്‍' ആയി കണക്കാക്കപ്പെടുന്ന  ഇദ്ദേഹം പതിറ്റാണ്ടുകളോളമായി ഖുര്‍ആന്‍ വിമര്‍ശനരംഗത്ത് സജീവമാണ്. അക്ബര്‍ വെല്ലുവിളി സ്വീകരിക്കില്ലെന്നായിരിക്കണം അദ്ദേഹം കണക്കുകൂട്ടിയത്. തന്റെ വെല്ലുവിളി ഒരബദ്ധമായിപ്പോയി എന്ന രീതിയിലാണ് സംവാദത്തിന്റെ ആമുഖത്തില്‍ നാസ്തിക സംവാദകന്‍  സംസാരിച്ചത്. വേണ്ടത്ര പിടിപാടില്ലാത്ത ശാസ്ത്ര മേഖലയില്‍ ഒരു സംവാദ വെല്ലുവിളി നടത്തിയത് നാസ്തികര്‍ക്കിടയില്‍ തന്നെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഏകപക്ഷീയമായി സംവാദത്തിലെ  ആദ്യാവസരം നേടിയെടുത്തും  തനിക്കനുകൂലമായി മോഡറേറ്ററെ  സജ്ജമാക്കിയും മറ്റും ബലഹീനതകള്‍ മറികടക്കാമെന്നാവും നാസ്തിക പക്ഷം  കണക്കുകൂട്ടിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഒരു മണിക്കൂറോളം നീണ്ട വിഷയാവതരണത്തില്‍ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നാസ്തിക സംവാദകന്‍ സമയം തുലച്ചു. മുസ്‌ലിംകള്‍ പൊതുവെ തള്ളിക്കളഞ്ഞ ഖുര്‍ആന്‍ വ്യാഖ്യാന സമീപനങ്ങളെ വീണ്ടുമെടുത്ത് വിമര്‍ശിച്ചു. അനാവശ്യമായി ചര്‍ച്ചയെ വലിച്ചിഴച്ചു ഭീകരവാദവുമായി വരെ ബന്ധിപ്പിച്ചു. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒറ്റപ്പെട്ട ചില അവകാശവാദങ്ങള്‍ മുസ്‌ലിംകള്‍ക്കു മേല്‍ വെച്ചുകെട്ടി വൈക്കോല്‍ മനുഷ്യനെ സൃഷ്ടിച്ചു. ഖുര്‍ആനും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഒരു ഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നു എന്നു  സ്ഥാപിക്കാനായിരുന്നു  അദ്ദേഹത്തിന്റെ ശ്രമം. തുടര്‍ന്ന്  ഒരു മണിക്കൂറോളം കൈയില്‍ കിട്ടിയ അക്ബറാകട്ടെ അനുവദിച്ച  സമയം പോലുമെടുക്കാതെ കൃത്യമായും വ്യക്തമായും നാസ്തിക വെല്ലുവിളിക്കുള്ള മറുപടി അവതരിപ്പിച്ചു. ശാസ്ത്രീയമായ  തെളിവുകളും ആധികാരിക ഗവേഷണങ്ങളൂം വേണ്ടുവോളം ഉദ്ധരിച്ചാണ് അദ്ദേഹം തന്റെ വാദങ്ങള്‍ സമര്‍പ്പിച്ചത്.  
സൂറത്തുന്നൂറിലെ നാല്‍പതാം വചനത്തിലെ നാല് പരാമര്‍ശങ്ങളാണ് ആധുനിക ശാസ്ത്ര ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ അക്ബര്‍ സംവാദ വേദിയില്‍ വിശദീകരിച്ചത്. ഖുര്‍ആന്‍ അവതരിച്ച കാലഘട്ടത്തില്‍ ഇല്ലാത്തതും പില്‍ക്കാലത്ത് ശാസ്ത്രം കണ്ടെത്തിയതുമായ അറിവുകളെകൂടി കൃത്യമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ആ വാക്യത്തിലുള്ള  ഖുര്‍ആനിക പ്രയോഗങ്ങളെന്ന് അദ്ദേഹം സ്ഥാപിച്ചു. ബാക്കിയുള്ള സമയത്താകട്ടെ കൈയില്‍ കരുതിയിരുന്ന ശാസ്ത്ര പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടി എതിര്‍ സംവാദകന്റെ മറ്റാരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തു. 
ഈ വാദങ്ങള്‍ക്ക് മറുപടി പറയേണ്ട എതിര്‍പക്ഷം അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിക്കുന്നതാണ് പിന്നീട് സംവാദത്തില്‍ കണ്ടത്. ഈ അറിവുകള്‍ അക്കാലത്തു തന്നെ ഉണ്ടായിരുന്നു എന്നോ അല്ലെങ്കില്‍ ഖുര്‍ആന്റെ പരാമര്‍ശങ്ങള്‍ പുതിയ കാല കണ്ടെത്തലുകള്‍ക്ക് ഫിറ്റല്ലെന്നോ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പകരം പുതിയ  കുറേ ആരോപണങ്ങള്‍ ഉന്നയിച്ചും സമര്‍പ്പിച്ച വാദത്തിനു മറുപടിയായി അബദ്ധജടിലമായ ചില വിശദീകരണങ്ങള്‍ നല്‍കിയും നാസ്തിക സംവാദകന്‍ തന്റെ നിസ്സഹായത പ്രകടമാക്കുകയാണ് ചെയ്തത്.  ഇസ്ലാമിക പക്ഷം ശാസ്ത്രീയ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി സംസാരിച്ചപ്പോള്‍ ശാസ്ത്രത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടാറുള്ള നാസ്തിക പക്ഷത്തിന് ഓഷ്യാനോഗ്രാഫി മുതല്‍ പരിണാമവാദം വരെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് പിടിപാടില്ലെന്ന് തുറന്നു സമ്മതിക്കേണ്ടി വന്നു.  ശാസ്ത്ര മേഖലയിലെ വിദഗ്ധരെ കൂടി വേദിയിലേക്ക് ക്ഷണിക്കണമെന്ന അക്ബറിന്റെ ആവശ്യം സംഘാടകര്‍ നിരസിച്ചത് നാസ്തിക സംവാദകന് ആ സന്ദര്‍ഭത്തില്‍ ഏറെ ആശ്വാസം പകര്‍ന്നിരിക്കണം. അല്ലെങ്കില്‍ ഒരുപക്ഷേ അദ്ദേഹം കലിമ ചൊല്ലി വാക്കു പാലിക്കേണ്ടിവന്നേനെ.
ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലെന്നും ഭൗതിക പ്രപഞ്ചത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ പരാമര്‍ശങ്ങള്‍ ശാസ്ത്ര വസ്തുതകള്‍ സ്ഥാപിക്കുക എന്ന  ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലെന്നും മുസ്‌ലിം പണ്ഡിതന്മാര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ശാസ്ത്രം കണ്ടുപിടിക്കുന്നതെല്ലാം പണ്ടേ ഖുര്‍ആനിലുണ്ടായിരുന്നു എന്ന് സ്ഥാപിക്കേണ്ട കാര്യം വിശ്വാസികള്‍ക്കില്ല. മനുഷ്യ ജീവിതത്തിന് ലക്ഷ്യബോധം നല്‍കാന്‍ പര്യാപ്തമായ  ഒരു സാന്മാര്‍ഗിക ദര്‍ശനവും പ്രായോഗിക പദ്ധതിയുമാണ് ദൈവിക വെളിപാടായ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്.  ദൈവസൃഷ്ടിയായ പദാര്‍ഥലോകത്തെ കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍  മനുഷ്യസാധ്യവും അതുകൊണ്ടു തന്നെ മനുഷ്യബാധ്യതയുമാണെന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. മനുഷ്യര്‍ അവര്‍ക്ക് നല്‍കപ്പെട്ട കഴിവുപയോഗിച്ച് നടത്തുന്ന അത്തരം അന്വേഷണങ്ങളെയാണ് നമ്മള്‍ ശാസ്ത്രമെന്നു വിളിക്കുന്നത്. ശാസ്ത്രീയ അന്വേഷണങ്ങള്‍ ദൈവിക സൃഷ്ടിപ്പിന്റെ മാഹാത്മ്യങ്ങളിലേക്കാണ് വെളിച്ചം വീശുക. അതുകൊണ്ടുതന്നെ ശാസ്ത്രവിരുദ്ധമായ ഒരു  നിലപാട് ഖുര്‍ആനിന്  ഇല്ല. അതേപോലെ  ശാസ്ത്രീയ സത്യങ്ങള്‍ മാറ്റമില്ലാത്തതോ അന്തിമമോ ആണെന്ന വാദം ശാസ്ത്രത്തിനുമില്ല.  ഇത് മനസ്സിലാക്കാതെയാണ് ആപേക്ഷികമായ ശാസ്ത്ര സത്യങ്ങളുടെ വെളിച്ചത്തില്‍ അന്തിമ സത്യമായ വെളിപാടുകളെ  ചോദ്യം ചെയ്യാന്‍ വിമര്‍ശകര്‍ മുതിരുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഒരു മാനദണ്ഡമുപയോഗിച്ച് മാറ്റമില്ലാത്ത ഒന്നിനെ എങ്ങനെ അളന്നെടുക്കും?   
ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങളെയും ഉപമകളെയും  പ്രാഥമികമായി ഒരു സാന്മാര്‍ഗിക ഗ്രന്ഥമെന്ന നിലയിലാണ് വായിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടത്. അപ്പോള്‍ മാത്രമാണ്  അതിന്റെ ദാര്‍ശനിക സൗന്ദര്യവും ആശയ ഗാംഭീര്യവും  നമുക്ക് മുമ്പില്‍ അനാവൃതമാവുന്നത്. സംവാദവിധേയമായ ഖുര്‍ആന്‍ വാക്യത്തെ ആ തരത്തില്‍ സമീപിക്കുമ്പോള്‍ ദൈവനിഷേധമെന്ന ഇരുണ്ട കടലാഴങ്ങളിലേക്ക് ആപതിക്കുന്ന  മനുഷ്യരകപ്പെടുന്ന  ഇരുട്ടിന്റെ ഭയാനകത നമുക്ക് വെളിവായിക്കിട്ടും. അവര്‍ക്ക് നഷ്ടമാവുന്ന വെളിച്ചത്തിന്റെ ആധിക്യം നമ്മള്‍ക്കു മുമ്പില്‍ തെളിഞ്ഞുവരും. പക്ഷേ ഈ കൂരിരുട്ടിനു മുന്നിലും നിഷേധികള്‍ തങ്ങളുടെ നിസ്സഹായമായ കൈകള്‍ വ്യാജ പ്രതീക്ഷകളിലേക്ക്  നീട്ടിക്കൊണ്ടിരിക്കും. അസത്യത്തിന്റെ തിരമാലകള്‍ അവരെ വീണ്ടും വീണ്ടും മൂടിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ദൈവിക സൂക്തങ്ങളില്‍ പോലും നാസ്തികര്‍ തേടുന്നത്  വെളിച്ചം നല്‍കുന്ന ജീവിത യാഥാര്‍ഥ്യങ്ങളല്ല, ഉപരിപ്ലവമായ 'ശാസ്ത്രീയ തെളിവുകള്‍' മാത്രമാണ്. ആ തെളിവുകളാകട്ടെ അവരുടെ ജീവിതത്തെ ഒട്ടും സ്വാധീനിക്കുന്നുമില്ല. അവരുടെ മാനദണ്ഡങ്ങള്‍ തന്നെ വെച്ചു നോക്കിയാലും ഖുര്‍ആനിന്റെ ദൈവികതയെ തള്ളിക്കളയാന്‍ നിഷേധികള്‍ക്കാവില്ല എന്നതാണ് സംവാദത്തില്‍ ഉന്നയിക്കപ്പെട്ട ശാസ്ത്ര വസ്തുതകള്‍ വ്യക്തമാക്കുന്നത്. ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് മാത്രമല്ല, വാക്കുകള്‍ക്കുമുണ്ട് അപാരമായ കൃത്യത. നമ്മുടെ അറിവുകള്‍ക്കുള്ള പരിമിതിയും അതുതന്നെ.
നാസ്തിക പക്ഷത്ത് സംവാദം പൊതുവെ മ്ലാനമായ പ്രതികരണമാണുണ്ടാക്കിയത്. എല്ലാ നാസ്തിക ധാരകളും നേരത്തേ തന്നെ സംവാദകനെ പിന്തുണക്കാന്‍ തയാറായിരുന്നില്ല. പേരിനൊരു ആശംസ അര്‍പ്പിച്ച എസ്സെന്‍സ് വിഭാഗം നേതാവ് സംവാദകനെ യുക്തിവാദി നേതാവ് എന്ന് പോലും വിശേഷിപ്പിക്കാതെ 'ഇസ്ലാം വിമര്‍ശകന്‍' എന്നാണു വിളിച്ചത്. സംവാദാനന്തരം ഇദ്ദേഹമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്  അബദ്ധ പഞ്ചാംഗമായതു കാരണം പിന്‍വലിക്കേണ്ടതായും വന്നു. ജനാധിപത്യപരമായ രീതിയില്‍ സംവാദം നടത്താന്‍ മുന്നോട്ടു വന്ന എത്തീസ്റ്റ് ഇന്റര്‍നാഷ്‌നല്‍ അലയന്‍സ് എന്ന നാസ്തിക സംഘടനയുടെ ഡയറക്ടറെ,  അക്ബറിനു വേണ്ടി ഗൂഢാലോചന നടത്തി എന്ന കള്ള ആരോപണം ഉന്നയിച്ചുകൊണ്ടാണ്  എക്‌സ് മുസ്‌ലിം നാസ്തികര്‍ നേരിട്ടത്. സംവാദശേഷം  പരാജയം സംഭവിച്ചുവെന്ന് നാസ്തിക സംവാദകന്‍ തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തു. തങ്ങളുടെ വാദം സ്ഥാപിക്കാനായി  മുസ്‌ലിം മുഖ്യധാരയിലൊന്നുമില്ലാത്ത  ഒരു പുരോഹിതന്റെ ദുര്‍വ്യാഖ്യാനങ്ങളിലാണ് ഇപ്പോള്‍ നാസ്തിക പക്ഷം അഭയം പ്രാപിച്ചിരിക്കുന്നത്!
സംവാദത്തെ ഫലപ്രദമായി  നേരിടുന്നതില്‍ ശ്ലാഘനീയമായ ഐക്യമാണ് വിശ്വാസി പക്ഷത്ത് കണ്ടത്. വിയോജിപ്പുകള്‍ക്കിടയിലും ആശയ ശത്രുവിനെ വ്യവഛേദിച്ചറിയാനുള്ള പക്വത മുസ്‌ലിം നേതൃത്വം കാണിച്ചു. സംഘടനാഭേദമന്യേ അവര്‍ നല്‍കിയ പിന്തുണ ഇസ്ലാമിക സംവാദകന് വലിയ കരുത്തായി മാറി. പൊതു ലക്ഷ്യത്തിനു വേണ്ടി അവരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ അദ്ദേഹവും വിജയിച്ചു. സമുദായ ഐക്യത്തെ കുറിച്ച ചില നല്ല പ്രതീക്ഷകള്‍ കൂടി ഈ സംവാദത്തിന്റെ ഭാഗമായി രൂപപ്പെട്ടു. തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും ഇരയായ ചിലരെങ്കിലും സത്യാന്വേഷണത്തിന്റെ പാതയിലേക്ക് തിരിച്ചുവരികയും ചെയ്തു. ക്രിയാത്മക സംവാദങ്ങള്‍ സത്യത്തില്‍ വിജയപരാജയങ്ങളുടേതല്ല, ഹൃദ്യമായ ആശയക്കൈമാറ്റങ്ങളുടേതാണ്. വെല്ലുവിളിയും പക്ഷപാതിത്വവും ആക്രോശങ്ങളും സംവാദസംസ്‌കാരത്തെ ഒട്ടും സമ്പുഷ്ടമാക്കുന്നില്ല. ഈ സംവാദത്തിലും സംവാദബാഹ്യമായെങ്കിലും ഇത്തരം പ്രവണതകള്‍ കടന്നുവന്നിട്ടുണ്ടെന്നത് സത്യമാണ്.  എങ്കിലും വീക്ഷണവൈജാത്യങ്ങള്‍ തമ്മില്‍ സമാധാനപരമായി സംവദിക്കാന്‍ കഴിയുന്നു എന്നത് സന്തോഷകരമാണ്. വൈകാരിക പ്രവണതകളെ മാറ്റിനിര്‍ത്തിയുള്ള   ഇസ്ലാം - നാസ്തിക  സംവാദങ്ങള്‍ക്ക് ഇനിയും കളമൊരുങ്ങണം. പക്ഷേ  വെറുപ്പില്‍നിന്ന് ഉടലെടുക്കുന്ന  വെല്ലുവിളികള്‍ മാറ്റിവെച്ച്  ഇതര ദര്‍ശനങ്ങളെയും ചിന്താരീതികളെയും  സഹിഷ്ണുതയോടെ കാണാന്‍ നാസ്തികര്‍ക്ക് കഴിയുമോ എന്നതാണ് മൗലികമായ ചോദ്യം. മനുഷ്യരെന്ന നിലക്കുള്ള സംവാദം സാധ്യമാവണമെങ്കില്‍ മതം ഉപേക്ഷിക്കാത്തവരും മതവിശ്വാസികളും മനുഷ്യരാണെന്നെങ്കിലും അംഗീകരിക്കണമല്ലോ. എന്തായാലും നടന്ന സംവാദം നിലവിലുള്ള നാസ്തിക ചിന്താ രീതികളില്‍  ചില കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നു തന്നെ കരുതാം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര