ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലിക്ക് നിറവാര്‍ന്ന തുടക്കം
കേരളത്തിലെ ഇസ്‌ലാമിക ചിന്തയുടെ അക്ഷര സാക്ഷ്യം അടയാളപ്പെടുത്തുകയും മലയാളികളുടെ ഇസ്‌ലാമിക വായനക്ക് ദിശാബോധവും ഉണര്‍വും സമ്മാനിക്കുകയും ചെയ്ത ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്ലാറ്റിനം ജൂബിലിക്ക് കോഴിക്കോട്ട് നിറവാര്‍ന്ന തുടക്കം. ഡിസംബര്‍ 28-ന് വിദ്യാര്‍ഥി ഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ അപകോളനീകരണ ചിന്തകനും ലണ്ടന്‍ ലീഡ്‌സ് സര്‍വകലാശാലാ പ്രഫസറുമായ സല്‍മാന്‍ സയ്യിദാണ് ഓണ്‍ലൈനില്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്. മുസ്‌ലിം ഉമ്മത്ത് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ വിമര്‍ശനാത്മക വായനയും ചിന്തയും അനിവാര്യമാണ്. പ്രത്യക്ഷ കൊളോണിയലിസം ലോകത്ത് അവസാനിച്ചുവെങ്കിലും കൊളോണിയല്‍ വംശീയ ഘടന തന്നെയാണ് ഇന്നും ലോകത്ത് അധീശത്വം വാഴുന്നത്. ആ വംശീയ ഘടനയെ തിരിച്ചറിയുക എന്നത് വിമര്‍ശനാത്മക ചിന്തയുടെയും വായനയുടെയും പ്രധാന ഘടകമാണ്. കൊളോണിയലിസം അവസാനിച്ചിട്ടും മുസ്‌ലിം നാടുകളിലെ ഭരണകര്‍ത്താക്കളും ബുദ്ധിജീവികളും ഉദ്യോഗസ്ഥന്മാരുമെല്ലാം ഇന്നും ചിന്തിക്കുന്നത് കൊളോണിയല്‍ മനോഘടനയില്‍ തന്നെയാണ്. ഈ മനോഘടന മാറാത്ത കാലത്തോളം വിമര്‍ശനാത്മക ചിന്ത ശക്തിപ്പെടുകയോ അധീശത്വ ഘടന നമുക്ക് തിരിച്ചറിയാനാവുകയോ ഇല്ല - സല്‍മാന്‍ സയ്യിദ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഐ.പി.എച്ചിന്റെ പ്രചാരണം പ്രസ്ഥാനം അതിന്റെ ഒരു ചുമതലയായി ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാമിനെ ബൗദ്ധികമായും പ്രത്യയശാസ്ത്രപരമായും പ്രതിനിധാനം ചെയ്തു എന്നതാണ് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഐ.പി.എച്ചിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ നീതിസങ്കല്‍പവും സമാധാന സന്ദേശവും മലയാളി വായനക്കാര്‍ മനസ്സിലാക്കിയത് ഐ.പി.എച്ചിലൂടെയാണ്. ധൈഷണിക വ്യവഹാരങ്ങളും പ്രത്യയശാസ്ത്രങ്ങളും മരിച്ചുവെന്ന് പെരുമ്പറയടിക്കുന്ന വര്‍ത്തമാനകാലത്ത് ഇസ്‌ലാമിക ഭൂമികയില്‍ നിന്നു കൊണ്ടുള്ള പുതിയ വ്യവഹാരങ്ങളും ചിന്തകളും അവതരിപ്പിക്കുന്ന മൗലിക രചനകള്‍ ഐ.പി.എച്ചില്‍നിന്നുണ്ടാവട്ടെ എന്നദ്ദേഹം ആശംസിച്ചു
2020 ഡിസംബര്‍ 28 മുതല്‍ 2021 ജനുവരി 31 വരെ ഐ.പി.എച്ച് ഷോറൂമുകളില്‍ നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി നിര്‍വഹിച്ചു. ധാരാളം സര്‍ഗാത്മക രചനകള്‍ ഐ.പി.എച്ചില്‍നിന്ന് ഇനിയും ഉണ്ടാവണം. പുസ്തകവായനക്ക് പുസ്തകം കൈയില്‍ തന്നെ പിടിക്കണം. ഓണ്‍ലൈന്‍ വായനക്ക് ആ സ്വാദ് ലഭ്യമല്ല. സ്ഥാപനത്തിന്റെ പ്രചാരണം നഗരങ്ങളില്‍ ഒതുങ്ങാതെ, ഗ്രാമങ്ങളിലേക്ക് വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഖുര്‍ആനോടുള്ള സമീപനം എങ്ങനെയായിരിക്കണം' എന്ന വി.കെ അലിയും പി.കെ ജമാലും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ഡോ. യൂസുഫുല്‍ ഖറദാവിയുടെ പുസ്തകം, ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. അലി ഖറദാഗി പ്രകാശനം ചെയ്തു. വിവര്‍ത്തകരില്‍ ഒരാളായ പി.കെ ജമാല്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. അബ്ദുസ്സലാം വാണിയമ്പലം രചിച്ച 'സലഫിസം: ചരിത്രം വര്‍ത്തമാനം' എന്ന പുസ്തകം ഒ. അബ്ദുര്‍റഹ്മാന്‍ പ്രകാശനം ചെയ്തു. കേരള ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള ഐ.പി.എച്ചാണ് മലയാളികളില്‍ കൃത്യമായ വിചാര വിപ്ലവം നടത്തിയതെന്നും ഇതുപോലെ മറ്റൊരു പ്രസാധനാലയം മലയാളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എച്ചിന് ഭാവുകം നേര്‍ന്നുകൊണ്ട് രവി ഡി.സി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. കാര്‍ത്തികേയന്‍ സംസാരിച്ചു. 32 വര്‍ഷം ഐ.പി.എച്ച് ഡയറക്ടറായി സേവനമനുഷ്ഠിച്ച ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങില്‍ സമാപനഭാഷണം നിര്‍വഹിച്ചത്. 930 ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ച ഐ.പി.എച്ചിന്റെ ഒറ്റ പുസ്തകത്തിലും വര്‍ഗീയതയുടെയോ, വിഭാഗീയതയുടെയോ ചേരിതിരിവിന്റെയോ ഒറ്റവരിയും കാണാനാവില്ലെന്ന് സ്വാഗതമാശംസിച്ച ഐ.പി.എച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ നന്ദി പ്രകാശിപ്പിച്ചു.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാല് സാംസ്‌കാരിക സമ്മേളനങ്ങള്‍ ജനു. 8, 15, 22, 29 തീയതികളിലായി നടക്കും. 'പോപ്പുലിസ്റ്റ് കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയവും ദലിത്-മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും' എന്ന പ്രഥമ ഓണ്‍ലൈന്‍ ചര്‍ച്ച ജനു. എട്ടിന് ചന്ദ്രശേഖര്‍ ആസാദ് ഉദ്ഘാടനം ചെയ്യും. കെ.എന്‍.എ ഖാദര്‍, കെ. ബാബുരാജ്, കെ.എ. ശഫീഖ്, ഡോ. ബദീഉസ്സമാന്‍, ആഇശ റന, താഹിര്‍ ജമാല്‍, ഡോ. എ.എ ഹലീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 'മലയാള സിനിമ: ജാതി വംശീയത പ്രതിനിധാനം' എന്ന ചര്‍ച്ച 'ഹലാല്‍ സിനിമ' പുസ്തക പ്രകാശനത്തിന്റെ ഭാഗമായി ജനു. 15-ന് വിദ്യാര്‍ഥി ഭവനില്‍ നടക്കും. ഡോ. എം.ബി. മനോജ്, ഡോ. ഉമര്‍ തറമേല്‍, എം. നൗഷാദ്, മുഹമ്മദ് ശമീം, ഡോ. ജമീല്‍ അഹ്മദ്, ശമീമ സക്കീര്‍, സി. ദാവൂദ് പങ്കെടുക്കും. 'മലബാര്‍ സമരം നൂറ്റാണ്ട് പിന്നിടുമ്പോള്‍' എന്ന തലക്കെട്ടില്‍ ജനു. 22-ന് മലപ്പുറം മലബാര്‍ ഹൗസില്‍ സംഘടിപ്പിക്കുന്ന പരിാടിയില്‍ പ്രഫ. എം.ടി. അന്‍സാരി, ഡോ. എം.എച്ച് ഇല്‍യാസ്, ഡോ. കെ.എസ് മാധവന്‍, ഡോ. ഹിക്മതുല്ല, ഇ.എസ്.എം അസ്‌ലം, ഐ. സമീല്‍, ശിഹാബ് പൂക്കോട്ടൂര്‍, ശിഹാബുദ്ദീന്‍ ആരാമ്പ്രം എന്നിവര്‍ സംസാരിക്കും. 'മലയാളത്തിലെ ഇസ്‌ലാം എഴുത്തും വായനയും ഐ.പി.എച്ചും' എന്ന ശീര്‍ഷകത്തില്‍ ജനു. 29-ന് കോഴിക്കോട് ഹിറാ സെന്ററില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ടി.കെ അബ്ദുല്ല, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, എ.കെ അബ്ദുല്‍ മജീദ്, വി.ടി അബ്ദുല്ലക്കോയ, വി.എ കബീര്‍, റുക്‌സാന, ടി. അനീസ് അഹ്മദ്, ടി. മുഹമ്മദ് എന്നിവരാണ് പാനല്‍ അതിഥികള്‍. ഡിസം. 28 മുതല്‍ ആരംഭിച്ച പുസ്തകമേള ഐ.പി.എച്ചിന്റെ മുഴുവന്‍ ഷോറൂമുകളിലും ഓണ്‍ലൈനിലും ജനു. 31 വരെയും നീണ്ടുനില്‍ക്കും.
Comments