Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

അറബ് വസന്ത വിപ്ലവങ്ങള്‍ക്ക് പത്താണ്ട് തികയുമ്പോള്‍

ഹസന്‍ നാഫഅ

'അറബ് വസന്ത വിപ്ലവങ്ങള്‍'ക്ക് പത്തു വര്‍ഷം തികയുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2010 ഡിസംബര്‍ 17-ന് മുഹമ്മദുല്‍ ബൂ അസീസി എന്ന തുനീഷ്യന്‍ യുവാവ് അധികൃതര്‍ തന്നോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയുണ്ടായി. സൈനുല്‍ ആബിദീന്‍ ബിന്‍ അലി എന്നയാളുടെ ഭരണകാലത്ത് തുനീഷ്യന്‍ സുരക്ഷാ അധികൃതര്‍ പൊതുജനത്തോട് പരുഷമായി പെരുമാറുക എന്നത് ഒരു സാധാരണ സംഭവം മാത്രമായിരുന്നു.  ബൂ അസീസിയില്‍നിന്നുണ്ടായ പ്രതികരണം താന്‍ എത്രമാത്രം അപമാനം സഹിക്കേണ്ടി വന്നു എന്ന് വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഇത്തരം ഭരണകൂട ബലാല്‍ക്കാരങ്ങള്‍ തുനീഷ്യന്‍ ജനതക്ക് സഹിക്കാവുന്നതിനപ്പുറമെത്തിയെന്ന പൊതുവികാരം ശക്തമായതോടെ നാടൊട്ടുക്കും വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. പ്രക്ഷോഭം അതിവേഗം പടര്‍ന്നുകൊണ്ടിരുന്നു. പ്രധാന നഗരങ്ങളെല്ലാം പ്രക്ഷോഭത്തിന്റെ പിടിയിലമര്‍ന്നു. 2011 ജനുവരി 14-ന് തുനീഷ്യന്‍ ഭരണാധികാരി  സൈനുല്‍ ആബിദീന്‍ ബിന്‍ അലി സുഊദിയിലേക്ക് ഒളിച്ചോടും വരെ പ്രക്ഷോഭം തുടര്‍ന്നു.
ഈ  ചെറിയ അറബ് രാജ്യത്ത് പ്രക്ഷോഭം ഒതുങ്ങിയിരുന്നെങ്കില്‍ അത് തുനീഷ്യന്‍ സമൂഹത്തെയും അതിന്റെ രാഷ്ട്രീയ ഘടനയെയും മാത്രം ബാധിക്കുന്ന ഒരു പ്രാദേശിക പ്രതിഭാസമായി വിലയിരുത്തപ്പെട്ടേനെ. പക്ഷേ, ഇവിടെ നടന്നത് മറ്റു പല അറബ് രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെടാന്‍  തുടങ്ങി; പല പല രൂപങ്ങളിലായിരുന്നുവെന്നു മാത്രം. അത് ഒടുവില്‍ ഒരു അറേബ്യന്‍ പ്രതിഭാസമായി വിശാലപ്പെട്ടു. ഏതാനും ദിനങ്ങളേ വേണ്ടിവന്നുള്ളൂ, തുനീഷ്യയില്‍ ബൂ അസീസി  കൊളുത്തിയ ആ തീ ഈജിപ്തിലേക്ക് പടര്‍ന്നു. പിന്നെ ലിബിയയിലേക്കും യമനിലേക്കും ബഹ്‌റൈനിലേക്കും സിറിയയിലേക്കും. മുഴുവന്‍ അറബ് ലോകത്തേക്കും അത് പടരുമെന്ന പ്രതീതി ഉളവാക്കുകയും ചെയ്തു. 2011 മാര്‍ച്ച് ആയപ്പോഴേക്കും കത്തിയാളുന്ന അഗ്നിപര്‍വതം പോലെയായി അറബ് ലോകം. തീപ്പൊരികള്‍ നാലു പാടും ചിതറിക്കൊണ്ടിരുന്നു. മാര്‍ച്ച് വസന്തത്തിന്റെ മാസമായതുകൊണ്ട് ഈ ജനകീയ മുന്നേറ്റങ്ങളെയും വിപ്ലവങ്ങളെയും പാശ്ചാത്യ മീഡിയ അറബ് വസന്തം എന്ന് വിളിച്ചതില്‍ അത്ഭുതമില്ല. അറബ് ചത്വരങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അവരുടെ തൊണ്ട പൊട്ടുമാറ് അലറിയത് റൊട്ടിയും സ്വാതന്ത്ര്യവും ആത്മാഭിമാനവും ആവശ്യപ്പെട്ടായിരുന്നു. ഒരു മേഖലയിലെ ജനത ഒന്നടങ്കം ഒരേ സമയം പാടുന്ന സംഘഗാനമായി അത് അനുഭവപ്പെട്ടു. മറ്റു മുന്നൊരുക്കങ്ങളൊന്നും അതിന് ഉണ്ടായിരുന്നില്ല. മേഖലയിലെ സര്‍വാധിപതികളുടെ തല ഓരോന്നോരോന്നായി ഉരുളാന്‍ തുടങ്ങിയതോടെ പലരും ഉറപ്പിച്ചു. ഒരു പുതുപ്രഭാതം ഇതാ പൊട്ടി വിടര്‍ന്നിരിക്കുന്നുവെന്ന്, ജനാധിപത്യവും സാമൂഹിക നീതിയും പുലരുന്ന ഒരു നല്ല നാളെയെ അത് ഉള്‍വഹിച്ചിരിക്കുന്നുവെന്ന്. എത്ര പെട്ടെന്നാണ് ആ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞത്! അതൊരു മരീചിക മാത്രമായിരുന്നുവെന്ന തോന്നലുളവാക്കി.
തുനീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിനും തുടര്‍ന്നുണ്ടായ പൂര്‍ത്തീകരിക്കപ്പെടാത്ത അറബ് വസന്ത വിപ്ലവങ്ങള്‍ക്കും ഇപ്പോള്‍ പത്തു വര്‍ഷം തികയുകയാണ്. പക്ഷേ, ഇന്ന് അറബ് ലോകം 2010 ഡിസംബറിനേക്കാള്‍ മോശമായ, നിരാശാജനകമായ അവസ്ഥയിലാണ്; സര്‍വ മേഖലകളിലും.
രാഷ്ട്രീയ, സുരക്ഷാ മേഖലകള്‍ പരിശോധിക്കുക. രാഷ്ട്രത്തിനകത്തെ പ്രതിവിപ്ലവ ശക്തികള്‍ മറ്റു അറബ് ശക്തികളുടെയും വിദേശ ശക്തികളുടെയും സഹായത്തോടെ കാര്യങ്ങളുടെ കടിഞ്ഞാണ്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. ഘടികാര സൂചികള്‍ പിറകോട്ടു തന്നെ തിരിച്ചുവെക്കാനുള്ള ശ്രമത്തിലാണവര്‍. വിവിധ തരത്തില്‍ നേട്ടങ്ങളുണ്ടാക്കാനും വിജയിക്കാനും പ്രതിവിപ്ലവശക്തികള്‍ക്ക് കഴിഞ്ഞു. ചിലയിടങ്ങളില്‍ മുമ്പത്തേക്കാള്‍ കെട്ടുറപ്പുള്ള ഭരണകൂടമാണ് പ്രതിവിപ്ലവകാരികള്‍ കൊണ്ടുവന്നതെന്ന പ്രതീതി പോലും സൃഷ്ടിക്കപ്പെട്ടു. പക്ഷേ ഏറെ വൈകാതെ തന്നെ, മുന്‍ ഭരണത്തേക്കാള്‍ എത്രയോ ഭീകരവും നിഷ്ഠുരവുമാണ് പ്രതിവിപ്ലവ ഭരണകൂടങ്ങളെന്ന് അവ സ്വയം തെളിയിച്ചു. മറ്റു ചിലയിടങ്ങളില്‍ മതകീയവും വംശീയവും ഗോത്രീയവുമായ വിഭാഗീയതക്കാണ് പ്രതിവിപ്ലവങ്ങള്‍ വഴിമരുന്നിട്ടത്. അത്തരം ചില രാഷ്ട്രങ്ങള്‍ വിദേശ ശക്തികളുടെ പ്രോക്‌സി/ബിനാമി യുദ്ധങ്ങള്‍ക്കുള്ള വേദിയായിത്തീരുകയും ചെയ്തു. ചിലപ്പോള്‍ വിദേശ ശക്തികള്‍ അവിടങ്ങളില്‍ നേരിട്ടു തന്നെ ഇടപെട്ടു. ഒന്നുകില്‍, ഏതു ഭരണകൂടത്തെ തൂത്തെറിയാനാണോ ജനം തെരുവിലിറങ്ങിയത് ആ ഭരണകൂടത്തെ സംരക്ഷിക്കാന്‍; അല്ലെങ്കില്‍ ഛിദ്രതയും അരാജകത്വവും നശീകരണവും സര്‍വത്ര വ്യാപകമാക്കാന്‍.
സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അറബ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വധവും നശീകരണവും പറിച്ചെറിയപ്പെടലും പലായനവും ദുരിതങ്ങളും, ഇതേ കാണാനുള്ളൂ എവിടെയും. എണ്ണ സമ്പന്ന രാഷ്ട്രങ്ങള്‍ അറബ് വസന്ത വിപ്ലവങ്ങളില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും, ഭീമന്‍ ആയുധക്കരാറുകളില്‍ ഏര്‍പ്പെട്ടോ തങ്ങളുടെ ഇളകുന്ന സിംഹാസനങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാരിതോഷികങ്ങള്‍ നല്‍കിയോ പ്രതിവിപ്ലവങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചോ ഒക്കെ അവയുടെ സമ്പത്തും വിഭവങ്ങളും ചോര്‍ന്നുപോയിരിക്കുന്നു. കൂനിന്മേല്‍ കുരു എന്ന പോലെയാണ് കൊറോണാ മഹാമാരിയുടെ വരവും തുടര്‍ന്നുണ്ടായ എണ്ണവില തകര്‍ച്ചയും. ഇതെല്ലാം അറേബ്യന്‍ ജനജീവിതത്തെ വളരെ മോശമായി ബാധിച്ചു. തൊഴിലില്ലായ്മ പെരുകി. ജീവിത നിലവാരം വളരെ താഴോട്ടു പോയി. സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഒട്ടനവധി മധ്യവര്‍ഗ കുടുംബങ്ങള്‍ ദാരിദ്ര്യരേഖയുടെ താഴെയായി.
ചിന്താ സാംസ്‌കാരിക മേഖലകളിലോ? അറബ് വസന്ത വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് പശ്ചാത്തലമൊരുക്കിയ രാഷ്ട്രീയ- ചിന്താധാരകള്‍ വിപ്ലവം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം പരസ്പരം അപരന്റെ തലയില്‍ കെട്ടിവെക്കാന്‍ പാടുപെടുകയായിരുന്നു. ചാരപ്പണി എടുത്തെന്നും ദൈവനിഷേധം നടത്തിയെന്നും ഇസ്‌ലാമിനെയും അറബിസത്തെയും വഞ്ചിച്ചുവെന്നും വരെ അവര്‍ പരസ്പരം ആരോപിച്ചു. ഇത്തരം ചിന്താ ചുഴികളില്‍ പെട്ടുപോയതു കൊണ്ട് എവിടെയാണ് തങ്ങള്‍ക്ക് തെറ്റിപ്പോയതെന്ന് നിഷ്പക്ഷമായി പുനഃപരിശോധന നടത്താനും തെറ്റുകള്‍ തിരുത്തി പാഠമുള്‍ക്കൊള്ളാനും വിപ്ലവത്തില്‍ അണിനിരന്ന ചിന്താധാരകള്‍ക്കൊന്നും തന്നെ സാധിക്കുകയുണ്ടായില്ല.
സ്ട്രാറ്റജിയുടെ കാര്യത്തിലും അറബ് ലോകം അമ്പേ പരാജയമായിരുന്നു. വിദേശ ശക്തികള്‍ക്ക് ഏത് അറബ് രാജ്യത്തും കയറിക്കളിക്കാമെന്ന നിലയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സംജാതമായത്. പശ്ചിമേഷ്യയില്‍നിന്ന് അമേരിക്കന്‍ സൈന്യങ്ങള്‍ പിന്‍വാങ്ങുകയാണെന്നും ആ മേഖലക്ക് മുമ്പ് കൊടുത്തിരുന്ന പരിഗണന ഇനി ഉണ്ടാകില്ലെന്നുമൊക്കെ നിരന്തരമായി പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ സൈനിക താവളങ്ങള്‍ അറബ് ലോകത്ത് വര്‍ധിക്കുക തന്നെയാണ്. സിറിയയില്‍ റഷ്യന്‍ സൈനിക താവളങ്ങള്‍ സ്ഥാപിതമായിക്കഴിഞ്ഞു; ലിബിയയില്‍ റഷ്യ പിടിമുറുക്കുകയും ചെയ്തു. അറബേതര ശക്തികളുടെ കളിസ്ഥലമായി അറബ് ലോകം മാറി എന്നതാണ് വസ്തുത. സിറിയ, ലബനാന്‍, ഇറാഖ്, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ ഇറാന് രാഷ്ട്രീയ സ്വാധീനം മാത്രമല്ല, സൈനിക സാന്നിധ്യം തന്നെയുണ്ട്. സിറിയയിലും ലിബിയയിലും ഇറാഖിലും തുര്‍ക്കി നിര്‍ണായക രാഷ്ട്രീയ- സൈനിക ശക്തിയായി മാറിക്കഴിഞ്ഞു. ഫലസ്ത്വീനിലെ പടിഞ്ഞാറേ കരയുടെ മിക്ക ഭാഗങ്ങളും കവര്‍ന്നെടുക്കുകയും ഗസ്സയെ ഉപരോധിച്ചു നിര്‍ത്തുകയും മാത്രമല്ല ഇസ്രയേല്‍ ചെയ്യുന്നത്. ഗള്‍ഫ് മേഖല, സുഡാന്‍, മൊറോക്കോ എന്നിവിടങ്ങളിലേക്കൊക്കെ അതിന്റെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കുകയുമാണ്. ഈജിപ്തിലും ജോര്‍ദാനിലും ആ സ്വാധീനം നേരത്തേ തന്നെയുണ്ട്. ഇറാനെതിരെ ഏറ്റവുമധികം അറബ് രാഷ്ട്രങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു അച്ചുതണ്ട് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍.
അറബ് വസന്ത വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള അവസ്ഥയേക്കാള്‍ എത്രയോ പരിതാപകരമാണ് ഇന്നത്തെ അറബ് ലോകത്തിന്റെ അവസ്ഥ എന്ന് പറഞ്ഞുവല്ലോ. അപ്പോള്‍ സ്വാഭാവികമായും,  അറബ് ലോകത്തെ ഈ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നതിന് എന്താണ് കാരണമായത് എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. അറബ് വസന്തം തന്നെയാണോ ഇതിനു കാരണമായത് എന്നത് അതിലൊരു ചോദ്യമാണ്. സാമൂഹിക നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഈ ജനതക്കുണ്ടായിരുന്ന സകല പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇതോടെ എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടുവോ എന്നതാണ് മറ്റൊരു ചോദ്യം. ഇതു സംബന്ധമായി ചില നിരീക്ഷണങ്ങള്‍ ചുരുക്കിപ്പറയാം:
ഒന്ന്, അറബ് സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ഏകാധിപത്യമെന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആകസ്മികമായി രൂപപ്പെട്ടതൊന്നുമല്ല. അറേബ്യന്‍ സാമൂഹിക ഘടനയില്‍ തന്നെ അത് ആഴത്തില്‍ വേരാഴ്ത്തി നില്‍ക്കുകയാണ്. ആ സമൂഹത്തിന്റെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സ്ഥാപനങ്ങളിലെല്ലാം ഇഴ പിരിക്കാനാവാത്തവിധം ഏകാധിപത്യം ചേര്‍ന്നുകിടപ്പുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി ഉടനടി ജനാധിപത്യത്തിലേക്ക് ചുവടു വെക്കുക എന്നത് നടക്കുന്ന കാര്യമല്ല. ജനാധിപത്യപരമായ മാറ്റം അറബ് ലോകത്ത് അസംഭവ്യമാണ് എന്ന് കരുതുന്ന ആളല്ല ഞാന്‍. ജനാധിപത്യത്തിലേക്കുള്ള മാറ്റം മേഖലയില്‍ അനിവാര്യമായും സംഭവിക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ നീണ്ട കാലവും കഠിനാധ്വാനവും അതിന് ആവശ്യമുണ്ട്. 2010-ലെ വിപ്ലവങ്ങള്‍ ഒരു തുടക്കം മാത്രമാണ്. വിപ്ലവത്തിന്റെ ആദ്യ തരംഗത്തിന് തിരിച്ചടി നേരിട്ടു എന്നതിന്റെ അര്‍ഥം അത് മരിച്ചുവെന്നോ അവസാനിച്ചുവെന്നോ അല്ല. ഈ വിപ്ലവത്തിന്റെ രണ്ടാം തരംഗം സുഡാനിലും അള്‍ജീരിയയിലും, അതിന്റെ മൂന്നാം തരംഗം ലബനാനിലും ഇറാഖിലും ഉണ്ടായി എന്നത് തന്നെ അതിനുള്ള തെളിവ്. ഈ തരംഗങ്ങള്‍ അറേബ്യന്‍ സാമൂഹിക ഘടനയെ ജനാധിപത്യ പ്രക്രിയക്കായി പാകപ്പെടുത്തുമെന്നാണ് കരുതേണ്ടത്.
രണ്ട്, അറബ് വസന്ത വിപ്ലവത്തിന്റെ ഒന്നാം തരംഗം തിരിച്ചടി നേരിട്ടതുമായി ബന്ധപ്പെടുത്തി ഗൂഢാലോചനാ സിദ്ധാന്തം മെനയുന്നവരുണ്ട്. അറബ് ലോകത്തെ വംശീയമായും വിഭാഗീയമായും ശിഥിലീകരിക്കാനുള്ള സയണിസ്റ്റ് - അമേരിക്കന്‍ ഗൂഢാലോചനയാണ് അറബ് വസന്തം എന്നത്രെ അവരുടെ പക്ഷം. മറ്റു ചിലര്‍ പരാജയത്തിന്റെ മുഴുവന്‍ പാപഭാരവും 'രാഷ്ട്രീയ ഇസ്‌ലാം' ശക്തികളുടെ തലയില്‍ കെട്ടിവെക്കുന്നു. എന്റെ നോട്ടത്തില്‍ മുഴുവന്‍ അറബ് വസന്ത വിപ്ലവങ്ങളും തികച്ചും സ്വാഭാവികമായി, ദേശസ്‌നേഹപ്രചോദിതമായി സംഭവിച്ചിട്ടുള്ളതാണ്. പക്ഷേ, വിപ്ലവ ശക്തികള്‍ക്ക് പിണഞ്ഞ അബദ്ധങ്ങളെയെല്ലാം മുതലെടുക്കാന്‍ അകത്തും പുറത്തുമുള്ള പ്രതിവിപ്ലവ ശക്തികള്‍ക്ക് സാധിച്ചു. മറ്റൊരു ഭരണരീതിയിലേക്കുള്ള സംക്രമണ ദശയില്‍ പഴയ ഭരണസംവിധാനങ്ങളുടെ വേരുകള്‍ അറുത്തുമാറ്റാന്‍ വിപ്ലവ ശക്തികള്‍ക്ക് കഴിഞ്ഞില്ല.
മൂന്ന്, നിലവിലുള്ള ചിത്രത്തില്‍ തെളിഞ്ഞു കാണുന്നത് രണ്ട് വിഭാഗങ്ങളെയാണ്; ഒന്ന്, പ്രതിവിപ്ലവത്തിന്റെ പുറത്തേറി അധികാരത്തിലെത്തിയ വരേണ്യ വിഭാഗം. രണ്ട്, ജനാധിപത്യ പ്രക്രിയക്ക് കളമൊരുക്കാന്‍ യത്‌നിക്കുന്നവര്‍. അധികാരം കൈയടക്കിവെച്ചിരിക്കുന്ന വിഭാഗത്തിന് അത് കൈവന്നിരിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയല്ല. അതിനാല്‍ തന്നെ അവര്‍ക്ക് യാതൊരു തരത്തിലുള്ള ജനകീയാംഗീകാരവുമില്ല. അധികാരം നിലനിര്‍ത്തുന്നതിന് അവര്‍ ആശ്രയിക്കുന്നത് വിദേശ ശക്തികളെയാണ്. അവര്‍ ആവിഷ്‌കരിക്കുന്ന രാഷ്ട്രീയ നയങ്ങള്‍ക്ക് ജനം അഭിമുഖീകരിക്കുന്ന യഥാര്‍ഥ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനേ കഴിയില്ല. ജനം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തെരുവിലിറങ്ങുമ്പോള്‍ കൂടുതല്‍ അടിച്ചമര്‍ത്തുക, കൂടുതല്‍ സ്വേഛാധിപത്യപരമാവുക എന്നതേ അവര്‍ക്ക് മുമ്പില്‍ പോംവഴി ഉണ്ടാവുകയുള്ളൂ. ഇത് ഈ നിലയില്‍ മുന്നോട്ടു പോയാല്‍ ഇപ്പോഴല്ലെങ്കില്‍ കുറച്ചു കഴിഞ്ഞ് അഴിക്കാനാകാത്ത കുരുക്കുകളില്‍ ചെന്നു ചാടും. അത് എതിര്‍ചേരിയിലുള്ളവര്‍ക്ക് കൂടുതല്‍ തുറവികള്‍ ഉണ്ടാക്കിക്കൊടുക്കും. അവര്‍ ഇപ്പോള്‍ തങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഭയത്തില്‍നിന്നും ശൈഥില്യത്തില്‍നിന്നും മോചനം നേടുകയും മുമ്പ് വന്നുപോയ തെറ്റുകള്‍ തിരുത്തി പരസ്പരം അടുക്കാന്‍ കൂടുതല്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുള്ള, കുറേക്കൂടി പൊതു സ്വീകാര്യതയുള്ള, സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ കരുത്തുള്ള ഒരു രാഷ്ട്രീയ ലൈന്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്‌തേക്കാം.
നാല്, ഫലസ്ത്വീന്‍ ജനതയുടെയും അവരെ പ്രതിനിധീകരിക്കുന്ന വിവിധ കൂട്ടായ്മകളുടെയും ചുമലില്‍ വന്നുചേരുന്ന ഉത്തരവാദിത്വത്തെക്കുറിച്ചാണ് ഈ നിരീക്ഷണം. ഫലസ്ത്വീന്‍ ജനത ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ശരിക്കും അസ്തിത്വ പ്രതിസന്ധി തന്നെയാണ്. കാരണം ഫലസ്ത്വീന്‍ പ്രശ്‌നം തന്നെ ഇല്ലാതാക്കിക്കളയാനും ഒരു കാരണവശാലും അവര്‍ക്ക് സ്വതന്ത്ര രാഷ്ട്രം നല്‍കാതിരിക്കാനും അമേരിക്കയും ഇസ്രയേലും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. അറബ് രാജ്യങ്ങള്‍ ഓരോന്നായി വിട്ട് പിരിയുമ്പോള്‍ തങ്ങള്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫലസ്ത്വീനികള്‍ മനസ്സിലാക്കുന്നുണ്ട്. ഈയൊരു ഘട്ടത്തില്‍ സ്വന്തം ശക്തിയെ ആശ്രയിക്കുകയല്ലാതെ ഫലസ്ത്വീനികള്‍ക്ക് വേറെ വഴിയില്ല. മൊത്തം മുസ്‌ലിം സമൂഹത്തിന്റെയും ഭാവിയെ പ്രതി ചില ചടുല നീക്കങ്ങള്‍ അവര്‍ക്ക് നടത്തേണ്ടതായും വരും. ഫലസ്ത്വീന്‍ ജനത അവരുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ചില രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനങ്ങള്‍ ശരിയാകാം. ഇസ്രയേലി, അമേരിക്കന്‍, അറബ് ഉപരോധങ്ങള്‍ ഒരേസമയം നേരിടേണ്ടി വന്നിരിക്കുകയാണല്ലോ ആ ജനതക്ക്. പക്ഷേ, ഞാന്‍ കരുതുന്നത്, ഫലസ്ത്വീന്‍ ജനത സ്വന്തമാക്കിയിരിക്കുന്ന പോരാട്ടത്തിന്റെ ബാലന്‍സ്ഷീറ്റ് അറബ് ലോകം ആപതിച്ചിരിക്കുന്ന ഈ ഗര്‍ത്തത്തില്‍നിന്ന് അവരെ കരകയറ്റാന്‍ മതിയാകുമെന്നാണ്. അതിന് ഫലസ്ത്വീനികളും അവരുടെ കൂട്ടായ്മകളും ഒന്നിച്ചുനില്‍ക്കണം. ഫലസ്ത്വീന്‍ പോരാട്ടത്തിന് തീര്‍ത്തും വ്യത്യസ്തമായ ഒരു സ്ട്രാറ്റജിക് മുഖം നല്‍കണം. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മഹാ പ്രതിസന്ധികളെ മറികടക്കാന്‍ ഈ സ്ട്രാറ്റജി അവരെ പ്രാപ്തരാക്കും. വിദൂരമല്ലാത്ത ഭാവിയില്‍ ഇങ്ങനെയൊരു മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. 
(ഈജിപ്ഷ്യന്‍ എഴുത്തുകാരനും കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനുമാണ് ഹസന്‍ നാഫഅ. 2011- ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിനു മുമ്പ് രൂപത്കരിക്കപ്പെട്ട വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'നാഷ്‌നല്‍ അസോസിയേഷന്‍ ഫോര്‍ ചെയ്ഞ്ചി'ന്റെ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു)

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌