മൗദൂദിയെ വായിച്ചു തുടങ്ങിയത്
എന്റെ സഹോദരീഭര്ത്താവ് മുഖേനയാണ് ഞാന് മൗദൂദി സാഹിബിന്റെ കൃതികളുമായും പ്രസ്ഥാനവുമായും ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള് മാരേക്കാട്ടുള്ള അളിയന്റെ ശേഖരത്തില്നിന്ന് ഞാന് വായിക്കാന് എടുക്കുമായിരുന്നു. അതില് 'ഇസ്ലാംമതം' ഞാനെത്ര പ്രാവശ്യമാണ് വായിച്ചത് എന്ന് എനിക്കു തന്നെ അറിയില്ല. അതെന്നെ വല്ലാതെ സ്വാധീനിച്ചു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മൗദൂദി സാഹിബിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു പഠിച്ചു. അങ്ങനെ ആ പ്രസ്ഥാനത്തോട് ആഭിമുഖ്യം തോന്നിത്തുടങ്ങി. ഞാന് എറിയാട് ജോലി ചെയ്യുമ്പോഴാണ് കടപ്പൂര് പള്ളിയില് ഖത്വീബായിരുന്ന എന്.കെ അബ്ദുല് ഖാദര് മൗലവിയുമായും മാടവന പള്ളി ഖത്വീബ് കെ.ടി അബ്ദുര്റഹ്മാന് മൗലവിയുമായും ബന്ധപ്പെടുന്നത്. രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്.കെയുമായുള്ള എന്റെ ബന്ധം വളരെ ഊഷ്മളമായിരുന്നു. എന്നെ അറബി പഠിപ്പിക്കാന് 'ഖത്വര് നദ'യാണ് അദ്ദേഹം തെരഞ്ഞെടുത്തത്. സ്ഥലം മാറിപ്പോയപ്പോള് പഠനവും മുടങ്ങി.
കെ. അബ്ദുസ്സലാം മൗലവിയാണ് ഞാന് പിന്നെ ബന്ധപ്പെട്ട വ്യക്തി. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ വല്ലാതെ ആകര്ഷിച്ചു. പരിസരത്തെവിടെയെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗമുണ്ടെങ്കില് ഞാന് പങ്കെടുക്കുമായിരുന്നു. പള്ളിക്കര സൈദു സാഹിബുമായും പി.കെ ഹസന് ബാവ സാഹിബുമായും ഞാന് ബന്ധപ്പെട്ടു. എറിയാട്ടു വെച്ച് നടത്തിയ തുടര്ച്ചയായ മൂന്ന് വിദ്യാര്ഥി ക്യാമ്പുകളിലും അവര് മൊയ്തു മൗലവിയുമായും ടി.കെ അബ്ദുല്ല സാഹിബുമായും ഒത്തുകൂടി.
ഹൈദറാബാദ് വാദിഹുദായില് വെച്ച് നടന്ന ജമാഅത്തിന്റെ ആള് ഇന്ത്യാ സമ്മേളനത്തിന് മര്ഹൂം മൊയ്തുട്ടി മൗലവിയുമായി ഒരു ബസ് സംഘടിപ്പിച്ച് 50 പേരെയും കൊണ്ട് യാത്ര ചെയ്തിരുന്നു. അന്ന് പകര്ത്തിയ ഫോട്ടോകള് ഇന്നും എന്റെ പക്കലുണ്ട്, ഒരു ഓര്മക്കുറിപ്പുപോലെ.
ഒരിക്കല് അമീര് കെ.സിയില്നിന്ന് ഒരു വിളി വന്നു, മൊയ്തീന് പള്ളി (കോഴിക്കോട്) പരിസരത്ത് നിര്മിച്ച ഐ.പി.എച്ചിന്റെ പുതിയ ഷോറൂമിന്റെ ചാര്ജെടുക്കണമെന്നായിരുന്നു നിര്ദേശം. ഞാന് അത് അനുസരിച്ചു. പിന്നെ നാലഞ്ചു വര്ഷം വെള്ളിമാട്കുന്നിനും മൊയ്തീന് പള്ളിക്കുമിടയിലുള്ള സഞ്ചാരമായിരുന്നു. അതിനിടെ ജമാഅത്തില് അംഗത്വമെടുത്തു. ജോലി നേരത്തേ ഉപേക്ഷിച്ചു. ദഅ്വത്ത് നഗറില് വെച്ച് നടത്തിയ കേരള സമ്മേളനത്തില് ഒരു ദിവസം കൊണ്ട് ഒരു ലക്ഷം രൂപയുടെ പുസ്തകം വില്പനയായതും ഓര്ക്കുന്നു.
വായനയിലൂടെ പുതിയ അറിവുകള്
ഞാന് പ്രബോധനം വാരികയുടെ വായനക്കാരനാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില് തമസ്കരിച്ചുകൊണ്ടിരിക്കുന്ന കലാ- സാഹിത്യ രംഗത്തുള്ളവരുടെ വിലപ്പെട്ട സംഭാവനകള്, ഡോ. മുസ്തഫ കമാല് പാഷയുടെ ജീവിതമെഴുത്തില് സത്യസന്ധമായി വിവരിച്ചത് വായിച്ചു. അഭിനന്ദനങ്ങള്.
പ്രബോധനത്തില് വരുന്ന ലേഖനങ്ങള് സമകാലീന സംഭവങ്ങളുടെ കണ്ണാടി കൂടിയാകുന്നു. പുതിയ ധാരണകളും കൂടുതല് അറിവുകളും വായനക്കാര്ക്ക് ലഭിക്കാനും അതിരുകളില്ലാത്ത ലോകത്തേക്ക് മനുഷ്യമനുസ്സുകളെ ചിന്തിപ്പിക്കാനും പുഷ്കലമായ ഒരു വസന്തത്തിലേക്ക് യുവാക്കളെയും ജനങ്ങളെയും നയിക്കാനും കഴിയട്ടെ.
സുബ്രഹ്മണ്യന് അമ്പാടി, വൈക്കം
വസ്തുനിഷ്ഠമാകണം വിമര്ശനങ്ങള്
'മൗലാനാ മൗദൂദിയെ വിമര്ശിക്കാം, പക്ഷേ' മുഖവാക്ക് (2020 നവംബര് 27) വായിച്ചു. മൗദൂദി നിശിതമായി വിമര്ശിക്കപ്പെട്ട കാലഘട്ടങ്ങള് ഏറെ കടന്നുപോയി. തത്ത്വചിന്തകന്, ദാര്ശനികന്, പണ്ഡിതന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം ലോക നിലവാരത്തില് ഉയര്ന്നു നില്ക്കുന്ന മഹാനായ മൗദൂദി സാഹിബിന് പ്രതിയോഗികള് ഏറെയുള്ളതുകൊണ്ട് അത് സ്വാഭാവികം മാത്രം.
മൗദൂദിയുടെ ചിന്തകള് മതരാഷ്ട്രവാദം കൊണ്ടുവരുന്നു എന്നാണ് ചിലരുടെ ആരോപണം. മൗദൂദി എഴുതിയതോ മൗദൂദിയെക്കുറിച്ച് എഴുതിയതോ ആയ പുസ്തകങ്ങള് വായിക്കുകയോ പഠിക്കുകയോ ചെയ്യാതെയാണ് നുണപ്രചാരണങ്ങള് നടത്തുന്നത്. വിമര്ശനം ആവശ്യമാണ്. പക്ഷേ, വസ്തുതാപരമല്ലാതെ വിമര്ശിക്കുന്നതില് ന്യായമോ അര്ഥമോ ഇല്ല.
പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ
Comments