Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

പി.ടി മൂസക്കോയ

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

കോഴിക്കോട്ടെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും പ്രസ്ഥാന സഹകാരിയുമായിരുന്ന മീഞ്ചന്ത തണല്‍ ഹൗസിലെ പി.ടി മൂസക്കോയ നാഥനിലേക്ക് യാത്രയായി. നീണ്ട മുപ്പതു വര്‍ഷം പ്രവാസിയായിരുന്ന അദ്ദേഹം 'മലയാളം ന്യൂസി'ന്റെ മദീനാ ലേഖകനായും അല്‍ ഖുബ്ബാ ഡേറ്റ്‌സ് ഹറമിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. മദീനയില്‍ സംഘടിപ്പിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി അദ്ദേഹം ഉണ്ടാവുമായിരുന്നു. നാട്ടില്‍നിന്നെത്തുന്ന നേതാക്കളുടെയും സാംസ്‌കാരിക നായകന്മാരുടെയും പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നു. ജിദ്ദ, മക്ക, മദീന തുടങ്ങിയ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി അദ്ദേഹം വര്‍ത്തിച്ചു. 1979-ല്‍ കിണാശ്ശേരി ഹല്‍ഖയുമായി സഹകരിച്ചിരുന്ന അദ്ദേഹം  സുഹൃത്തുക്കളോട് കാര്‍കുനുകളാവാന്‍ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് അടുപ്പക്കാര്‍ ഓര്‍ക്കുന്നു. കോഴിക്കോട് ആസ്ഥാനമായി വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌വില്‍ ഫൗണ്ടേഷന്‍ കേരളയുടെ വൈ. പ്രസിഡന്റ്കൂടിയായിരുന്നു അദ്ദേഹം. ഗുഡ്‌വില്‍ ഫൗണ്ടേഷന്‍ സുന്നി, മുജാഹിദ്, ജമാഅത്ത്, തബ്‌ലീഗ് നേതാക്കളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ അതിന് നേതൃപരമായ പങ്കു വഹിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം കോഴിക്കോട് കല്ലായി റോത്താന റെഡിമെയ്ഡ് നടത്തി വരികയായിരുന്നു. സ്വന്തം കുടുംബത്തെപ്പോലെ മരിക്കുന്നതു വരെയും ചിലരെ സഹായിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹം ഉത്സാഹം കാട്ടി. എണ്ണപ്പാടം മൂസക്കോയ എന്ന തൂലികാ നാമത്തില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും എഴുതാറുണ്ടായിരുന്നു. ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠ പുലര്‍ത്തി ദീനീ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇടപഴകിയവരൊക്കെ അദ്ദേഹത്തിന്റെ സ്‌നേഹനി ര്‍ഭരമായ ആകര്‍ഷണ വലയത്തില്‍ പെട്ടുപോയ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഭാര്യ: ആഇശബി. മക്കള്‍: പി.ടി അനീസ്, പി.ടി സലീം, അസിത.കെ.എം അന്‍വര്‍. പരേതരായ  എണ്ണപ്പാടം പണ്ടാരത്തോപ്പില്‍ മൊയ്തീന്‍ കോയ, ആഇശ ബീബി എന്നിവരുടെ മകനാണ്.

 

 

മുഹമ്മദ് സഗീര്‍

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഏരിയ  പഴങ്ങാട് പ്രാദേശിക ജമാഅത്തിലെ സജീവ പ്രവര്‍ത്തകന്‍ മുഹമ്മദ് സഗീര്‍  അല്ലാഹുവിങ്കലേക്ക് യാത്രയായി. എടവനക്കാട്, നായരമ്പലം, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അദ്ദേഹത്തിന്റെ നിറസാന്നിധ്യമുായിരുന്നു. ഈ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിയാത്ത മേഖലകള്‍  നന്നേ കുറവാണ്. പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനങ്ങളുടെയും സേവനപ്രവര്‍ത്തനങ്ങളുടെയും വലിയൊരു സാമ്പത്തിക സ്രോതസ്സായിരുന്നു അദ്ദേഹം. സമൂഹത്തിനും സമുദായത്തിനും വേണ്ടി എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ അദ്ദേഹം സന്നദ്ധനായി. 
ഈ പ്രദേശത്ത് വളരെ  സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് 'തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി.' ശാരീരികാസ്വാസ്ഥ്യങ്ങളുള്ളപ്പോഴും വളരെ ഊര്‍ജസ്വലതയോടുകൂടിയാണ് അദ്ദേഹം 'തണല്‍ സെന്ററി'ല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇസ്ലാമിക സാമ്പത്തിക രീതിയനുസരിച്ചായിരിക്കണം 'തണല്‍' ക്രയവിക്രയങ്ങളെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുായിരുന്നു. പ്രദേശത്തെ പുരാതനമായ നായരമ്പലം മഹല്ല് പള്ളിയുടെ പ്രസിഡന്റ്  എന്ന നിലയില്‍ മുഹമ്മദ് സഗീറിന്റെ  പ്രവര്‍ത്തനം മഹല്ലില്‍ വലിയ  മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
പ്രസ്തുത പള്ളി അങ്കണത്തില്‍ നടന്ന പൗരത്വ സമ്മേളനം പൂര്‍ണ വിജയത്തിലെത്തിച്ചതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അക്ഷീണ യത്‌നമു്. 
സമുദായ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച 'പീസ് ലവേഴ്‌സ്' എന്ന കൂട്ടായ്മയില്‍ അദ്ദേഹവുമുായിരുന്നു. എടവനക്കാട്, നായരമ്പലം മഹല്ലുകളില്‍ സകാത്ത് ശേഖരണവും വിതരണവും വ്യവസ്ഥാപിതമായി ചെയ്തുകൊണ്ടിരിക്കുന്ന 'അല്ലജ്‌നത്തുല്‍ ഇസ്‌ലാമിയത്തു ലി ബൈത്തില്‍മാലി'ല്‍ എലക്ടറല്‍ കോളേജ് അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഓര്‍ഫനേജ്, പള്ളികള്‍, മദ്‌റസകള്‍, ഇസ്‌ലാമിക് സെന്ററുകള്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ നടത്തുന്ന നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് അംഗം, ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ ട്രഷറര്‍, മസ്ജിദുല്‍ ഹുദാ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പ്രദേശത്ത്  നഴ്‌സറി മുതല്‍ പ്ലസ് ടു വരെയുള്ള എയ്ഡഡ് സ്‌കൂള്‍, പ്രശസ്തമായ മദ്‌റസ എന്നിവ നടത്തുന്ന ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സഭയുടെ ജോയിന്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. കൂടാതെ 'സ്‌നേഹക്കൂട്ടം' പാനല്‍ അഡ്മിന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഹിസ' എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംരംഭങ്ങളിലും പങ്കാളിയായി. അനാരോഗ്യം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിരുന്നില്ല. 
നിര്‍ധനര്‍ക്ക് ഭവന നിര്‍മാണം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ സഹായം എന്നീ സേവനങ്ങള്‍  അദ്ദേഹം നിരന്തരം ചെയ്തുപോന്നു. ഈ തിരക്കിനിടയിലും കൊടുങ്ങല്ലൂര്‍ ഭാഗത്ത് തന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ കൃത്യമായി അദ്ദേഹം എത്തിയിരുന്നു.  

ഡോ. പി.കെ യാഖൂബ്, പഴങ്ങാട്‌

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌