Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

'ഇസ്‌ലാംവിരുദ്ധരുടെ പ്രചാരണങ്ങളാണ് സി.പി.എം ഏറ്റെടുക്കുന്നത്'

ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷന്‍ എം.ഐ അബ്ദുല്‍ അസീസ് സംസാരിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഘടന എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തുന്നത്?

തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ പ്രാഥമികമായി, കേരളത്തില്‍  ഫാഷിസ്റ്റ്‌വിരുദ്ധ സമീപനം തന്നെയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. കേന്ദ്ര അധികാരത്തിന്റെ ആനുകൂല്യത്തില്‍ വലിയ തയാറെടുപ്പുകളോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് അവര്‍ പ്രതീക്ഷിച്ചിരുന്ന പോലെയുള്ള മുന്നേറ്റം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ട വോട്ടുകള്‍ കാവിപ്പടക്ക് ലഭിക്കുന്നില്ലെന്ന് ചുരുക്കം. എന്‍.ഡി.എ അധികാരത്തിലെത്താന്‍ സാധ്യതയുള്ള പല സ്ഥലങ്ങളിലും യു.ഡി.എഫ്- എല്‍.ഡി.ഫ് ഒന്നിച്ചു എന്നതും ശ്രദ്ധേയമാണ്.
യു.ഡി.എഫിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ട്; വിശേഷിച്ചും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും. തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ സാധാരണ ഉണ്ടാവാറുണ്ട്. 2015-ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലുള്ള ഇടതുമുന്നേറ്റം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്നും സര്‍ക്കാറിനുമെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും സര്‍ക്കാറിനെതിരെയുള്ള ജനവിധിയായി മാറുമെന്ന പൊതുവിലയിരുത്തലിനെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൂട്ടിയും ക്രൈസ്തവ സഭകളെ സ്വാധീനിക്കുന്നതിന് വഴിവിട്ട നീക്കങ്ങള്‍ നടത്തിയും ഭരണഘടനക്ക് തീര്‍ത്തും വിരുദ്ധമായ സാമ്പത്തിക സംവരണം കേന്ദ്രത്തിലെ സംഘ് പരിവാര്‍ സര്‍ക്കാറിനേക്കാള്‍ വലിയ താല്‍പര്യത്തോടെ നടപ്പാക്കിയും മുഖ്യമന്ത്രിയും സി.പി.എമ്മും വലിയ ആവേശത്തോടെ നിരന്തരം നടത്തിയ 'മുസ്‌ലിം വര്‍ഗീയതാ'വിരുദ്ധ കാമ്പയിന്‍ വഴിയുമാണ് ഇടതുപക്ഷം ഇത് സാധിച്ചത്. അവര്‍ തന്നെ തീവ്ര വര്‍ഗീയ സംഘങ്ങളെന്ന് വിശേഷിപ്പിക്കുന്ന സംഘടനകളുമായി മറക്കു പിന്നില്‍ ധാരണയുണ്ടാക്കിയിട്ടുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളില്‍ അത് കൂടുതല്‍ വെളിപ്പെടുകയുമുണ്ടായി. മറുവശത്ത്, സര്‍ക്കാറിന്റെ സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും യഥാവിധി ഉപയോഗിക്കാനോ സാമ്പത്തിക സംവരണത്തിലടക്കം ഏകോപിച്ച നിലപാടിലെത്താനോ ഒന്നിച്ച് കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാനോ യു.ഡി.എഫിന് കഴിഞ്ഞില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ ഇടതുപക്ഷവും മാധ്യമസന്നാഹങ്ങളും വന്‍തോതില്‍ പ്രചാരണമഴിച്ചുവിട്ടെങ്കിലും 2015-നെ അപേക്ഷിച്ച് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നാണല്ലോ ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എന്തു സന്ദേശമാണ് ഈ ഫലങ്ങള്‍ നല്‍കുന്നത്?

ഫലം യു.ഡി.എഫിന് വലിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നേട്ടമുണ്ടാക്കാനുള്ള അനേകം അവസരങ്ങള്‍ ഒത്തുവന്നിട്ടും നിലപാടില്ലായ്മയും അനൈക്യവും രാഷ്ട്രീയതന്ത്രങ്ങളുടെ അഭാവവും പ്രതീക്ഷിച്ച നേട്ടം നഷ്ടപ്പെടുത്തുകയായിരുന്നു. വലിയ ആദര്‍ശ പ്രതിബദ്ധതയുള്ള വിഭാഗമൊന്നുമല്ല ഐക്യജനാധിപത്യ മുന്നണി. പിതാവിന്റെ പാര്‍ട്ടിയെ മകന്‍ അനന്തരമെടുക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സാധാരണ സംഭവമാണ്. എന്നിട്ടും ക്രൈസ്തവ സമൂഹത്തിലും സഭകളിലും സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി ഗ്രൂപ്പിനെ കൈവിടുകയാണ് യു.ഡി.എഫ് ചെയ്തത്.  സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ യഥാസമയം ഉയര്‍ത്തിക്കൊണ്ടുവന്ന് അവ പ്രചാരണായുധമാക്കുന്നതിലും പരാജയപ്പെട്ടു. സാമ്പത്തിക സംവരണം പോലുള്ള വിഷയങ്ങളില്‍ ഒരു പ്രതിപക്ഷമാണെന്ന യാഥാര്‍ഥ്യം പോലും വിസ്മരിച്ച രീതിയിലായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍. തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു പോകവെ, സ്വയം ദുര്‍ബലപ്പെടുത്തുന്നതും മറ്റു നേതാക്കളെയും മുന്നണിയിലെ ഘടക കക്ഷികളെയും പ്രതിസന്ധിയിലാക്കുന്നതുമായ പ്രസ്താവനകളും പ്രതികരണങ്ങളും യു.ഡി.എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുന്ന ചിലരില്‍നിന്ന് വന്നുകൊണ്ടിരുന്നു. എന്നാല്‍ ഈ നിലക്ക് മുന്നോട്ടു പോയാല്‍ സംസ്ഥാന ഭരണം നേടാനാവില്ല എന്ന തിരിച്ചറിവ് തെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫിന് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവും ഇതിന്റെ അടയാളങ്ങളാണ്.  കൃത്യതയുള്ളതും ക്രിയാത്മകവുമായ രാഷ്ട്രീയ നിലപാടുകളിലൂടെയും മുന്നണി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവന്നും ഇടഞ്ഞു നില്‍ക്കുന്ന സമുദായങ്ങളെയും സമുദായ സംഘടനകളെയും അടുപ്പിച്ചും മാത്രമേ യു.ഡി.എഫിന് അധികാരത്തിലെത്താനാകൂ. 
തുടര്‍ച്ചയായ പത്തുവര്‍ഷം അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുന്ന മുന്നണികളല്ല കേരളത്തിലുള്ളത്. യു.ഡി.എഫ് അധികാരത്തിലില്ലെങ്കില്‍ അവര്‍ക്ക് അധികാരമില്ല എന്നതിനേക്കാള്‍, സംഘ്  പരിവാറിലേക്ക് അവരുടെ അണികള്‍  ചോര്‍ന്നുപോകുമോ എന്ന ഭീഷണിയാണ് യഥാര്‍ഥ പ്രശ്‌നം.  ഏതുവിധേനയും ഇതിന് തടയിടുക എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം.
മറുവശത്ത്, ഇടതുപക്ഷം കടുത്ത വര്‍ഗീയ കാര്‍ഡ് ഇറക്കിക്കളിച്ച് എങ്ങനെയെങ്കിലും അധികാരത്തുടര്‍ച്ച ഉറപ്പുവരുത്തുക എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇതിന് ഗതിവേഗം വര്‍ധിച്ചിരിക്കുന്നു. അതവര്‍ക്ക് നേട്ടം കൊയ്തിട്ടുകൊടുക്കുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരേസമയം പിന്നാക്ക, മുന്നാക്ക ഹൈന്ദവ വോട്ടുകള്‍, ക്രൈസ്തവ വോട്ടുകള്‍ എന്നിവ ഏകീകരിക്കുന്നതിനു വേണ്ടിയാണ് ബോധപൂര്‍വം മുസ്‌ലിം ഭീതി പടര്‍ത്താന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. വര്‍ഗീയമായ ഏതൊരു ധ്രുവീകരണവും അതിന്റെ ആദ്യ അവസരത്തില്‍ മുതലെടുക്കാന്‍ കേരളത്തില്‍ സംഘ് പരിവാര്‍ തക്കം പാര്‍ത്തിരിപ്പുണ്ട് എന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. കേരളത്തിന്റെ മതനിരപേക്ഷത നഷ്ടപ്പെട്ടാലും, സമീപ ഭാവിയില്‍ വന്‍തോതില്‍ സംഘ് പരിവാര്‍ മൂലധനസമാഹരണം നടത്തിയാലും തങ്ങള്‍ക്ക് അധികാരനഷ്ടമുണ്ടാകരുത് എന്ന തീര്‍പ്പിലാണ് അവരുള്ളത്. ഇടതുപക്ഷത്തിന്റെ ഈ വ്യതിചലനത്തെ പ്രതിരോധിക്കണമെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന പ്രധാന സൂചന.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വര്‍ഗീയത പ്രചാരണായുധമാക്കി എന്നാണോ? തങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന കക്ഷികള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ചു എന്നതിനപ്പുറം ഏതെങ്കിലും രീതിയില്‍ വര്‍ഗീയ പ്രചാരണം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായോ?

അതേ, അതുപക്ഷേ കഴിഞ്ഞ കുറേകാലമായി സി.പി.എം തുടരുന്ന രീതിയാണ്. മതേതരമെന്നവകാശപ്പെടുമ്പോഴും ആവശ്യാനുസരണം വര്‍ഗീയ, വംശീയ അജണ്ടകള്‍ ധാരാളമായി കേരളത്തിലെ മതേതര പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിലിപ്പോള്‍ ഇടതുപക്ഷം മൃദുഹിന്ദുത്വവും വിട്ട് സംഘ് പരിവാറിന്റെ അതേ ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറുകള്‍ ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങളും കേസുകളുമാണ് ഈ സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. അതിനെ മറികടക്കേണ്ടതുണ്ടായിരുന്നു. അതിനവര്‍ വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ കൂട്ടുപിടിച്ചു. മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് രൂപപ്പെടുന്ന ഹിന്ദു ഏകോപനത്തെ മുതലെടുക്കുക എന്ന സംഘ് പരിവാര്‍ കാലങ്ങളായി പയറ്റുന്ന തന്ത്രം തന്നെയാണ് സി.പി.എമ്മും മറയില്ലാതെ ആനയിച്ചുകൊണ്ടുവരുന്നത്. കുഞ്ഞാലിക്കുട്ടി - ഹസന്‍- അമീര്‍ കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന പ്രസ്താവന അതിന്റെ ഭാഗമാണ്.  ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, പി.ജെ ജോസഫ് തുടങ്ങി അനേകം നേതാക്കള്‍ യു.ഡി.എഫിനുണ്ടായിരിക്കെയാണ് സവിശേഷ മത സമുദായത്തെ സൂചിപ്പിക്കുന്ന പേരുകള്‍ മാത്രം പാര്‍ട്ടി സെക്രട്ടറി അടര്‍ത്തിയെടുത്തത്. സാധാരണഗതിയില്‍ കേരളത്തില്‍, ഒരു മുസ്‌ലിം മത സംഘടന എന്ന് വ്യവഹരിക്കപ്പെടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ അമീറിനെ അതിലേക്ക് കൂട്ടിക്കെട്ടേണ്ട കാര്യമെന്താണ്? ഉത്തരം ലളിതമാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്ന പ്രചാരണത്തിലൂടെ മുമ്പ് ഗുജറാത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് പഠിക്കുക- അത്രതന്നെ. 

എം.എം ഹസന്‍ യു.ഡി.എഫ് കണ്‍വീനറായ പശ്ചാതലത്തില്‍ അമീറിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണല്ലോ ആ പരാമര്‍ശമുണ്ടായത്?

ശരിയാണ്, ആ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുമുള്ള പരാമര്‍ശമുണ്ടായത്. പക്ഷേ, എം.എം ഹസന്‍ എന്നെ മാത്രമല്ല സന്ദര്‍ശിച്ചത്. മിക്ക മുസ്‌ലിം മത സംഘടനാ നേതാക്കളെയും പ്രമുഖരെയും സന്ദര്‍ശിച്ചിട്ടുണ്ട്. അത് സ്വാഭാവികമാണ്, എല്ലാവര്‍ക്കും അറിവുള്ള കാര്യവുമാണ്. പക്ഷേ, അതില്‍നിന്ന് ജമാഅത്ത് അമീറിനെ മാത്രം തെരഞ്ഞെടുക്കുകയായിരുന്നു. അതിനു പിന്നില്‍ മറ്റൊരു അജണ്ട കൂടിയുണ്ട്. ജമാഅത്തിനോട് വിയോജിക്കുന്ന, എന്നാല്‍ യു.ഡി.എഫിനോടും മുസ്‌ലിംലീഗിനോടും ചേര്‍ന്നു നില്‍ക്കുന്ന മത സംഘടനകളെ ജമാഅത്ത് പറഞ്ഞ് പേടിപ്പിച്ച് ലീഗിനെ സമ്മര്‍ദത്തിലാക്കുക എന്നതാണത്. 
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ യു.ഡി.എഫിനെ നയിക്കുന്നത് കുഞ്ഞൂഞ്ഞ്- കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടിയാണെന്ന പ്രസ്താവന നടത്തുകയുണ്ടായി. ക്രൈസ്തവ- മുസ്‌ലിം വെറുപ്പ് ഉല്‍പാദിപ്പിച്ച് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ നേടിയെടുക്കാനായിരുന്നു അന്ന് ശ്രമിച്ചതെങ്കില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംഭീതി പടര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ കൂടി നേടുക എന്ന കുതന്ത്രമാണ് ഹസന്‍- കുഞ്ഞാലിക്കുട്ടി- അമീര്‍ പ്രയോഗത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്.

യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിംലീഗ് ഏറ്റെടുക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും ഈയിടെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി.
അതേ, ആ പരാമര്‍ശത്തിലൂടെ ഒരടി കൂടി മുന്നോട്ട് പോവുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുസ്‌ലിം നേതൃത്വത്തിലും കര്‍തൃത്വത്തിലുമുള്ള ഏതു സംഘാടനവും വര്‍ഗീയമാണെന്ന നരേഷനാണ് സി.പി.എം ഇതിലൂടെയെല്ലാം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ട് എന്ന ഒറ്റക്കാരണത്താല്‍ ഒരു മുന്നണിയുടെ നേതൃസ്ഥാനത്ത് ആ സംഘടന വരാന്‍ പാടില്ലെന്ന നിലപാട് എടുക്കുന്നത് എന്തുമാത്രം ജനാധിപത്യവിരുദ്ധമല്ല! മുസ്‌ലിം എന്ന സ്വത്വം മാറ്റിവെച്ചേ അവര്‍ക്ക് സംഘടിക്കാവൂ എന്നുണ്ടോ? ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമിച്ചു. കേരളത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്നതും സംഘ് പരിവാറിന് ഗുണം ചെയ്യുന്നതുമായ ഒരു നരേഷനാണ് സി.പി.എം ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. 

ഈ മുസ്‌ലിംവിരുദ്ധ പ്രചാരണത്തെ ഇതര സമുദായങ്ങള്‍ എങ്ങനെയാണ്  നോക്കിക്കാണുന്നത്?

മുസ്‌ലിം/ഇസ്‌ലാംഭീതിയുടേതായ ഒരന്തരീക്ഷം കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി വളര്‍ന്നുവരുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളുമെല്ലാം ഇതിന്റെ വളര്‍ച്ചയില്‍ അവരുടേതായ പങ്കും വഹിച്ചിട്ടുണ്ട്. പല നിലക്കും മുസ്‌ലിം സമുദായം കടുത്ത വിവേചനങ്ങള്‍ നേരിടുമ്പോഴും ന്യൂനപക്ഷ അവകാശങ്ങള്‍ എല്ലാം മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നു എന്നത് നിരന്തരമായ പ്രചാരണത്തിലൂടെ യാഥാര്‍ഥ്യമെന്ന നിലക്ക് സ്ഥാപിക്കപ്പെട്ട ഒരു വ്യാജമാണ്. ഇപ്പോള്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ ചിലരും അതേറ്റുപിടിക്കുന്നു. യഥാര്‍ഥത്തില്‍ എന്തിനെ കുറിച്ചാണീ പറയുന്നത്? സച്ചാര്‍ കമീഷന്‍ ശിപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ചാണ് ഈ ആരോപണം. സച്ചാര്‍ കമീഷന്‍ ശിപാര്‍ശകളെല്ലാം തന്നെ മുസ്‌ലിം സമുദായത്തിന് മാത്രമായുള്ളതാണ്. അതവര്‍ക്ക് അവകാശപ്പെട്ടതുമാണ്. എന്നാല്‍ കേരളത്തില്‍ ശിപാര്‍ശകള്‍ നടപ്പിലാക്കിയത് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിശ്ചയിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി മുന്നില്‍ വെച്ചായിരുന്നു. അതു പ്രകാരം 20 ശതമാനം ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമൂഹത്തിനു കൂടി ബാധകമാക്കി. 80 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍ക്ക് അനുവദിച്ചത്. ക്രൈസ്തവ സമൂഹത്തില്‍നിന്ന് ആരോപണമുയരുമ്പോള്‍ ഈ യാഥാര്‍ഥ്യവും ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതിന്റെ കണക്കുകളും പൊതുസമൂഹത്തിനു മുമ്പാകെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനും ന്യൂനപക്ഷ വകുപ്പിനും ബാധ്യതയുണ്ട്. കാരണം അവരാണല്ലോ ഇത് കൈകാര്യം ചെയ്യുന്നത്. പക്ഷേ, അത്തരമൊരു വിശദീകരണം നല്‍കാതെ മൗനം പാലിച്ച് ആ പ്രചാരണത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇപ്പോള്‍ സി.പി.എം, ജമാഅത്തെ ഇസ്‌ലാമിയെ ടാര്‍ഗറ്റ് ചെയ്യുന്നതിന് എന്താണ് കാരണം?

മുമ്പൊരു അഭിമുഖത്തില്‍ ഇക്കാര്യം ഞാന്‍ വ്യക്തമാക്കിയതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ, ലക്ഷ്യങ്ങളില്‍ അടുത്ത കാലത്തൊന്നും മാറ്റം സംഭവിച്ചിട്ടില്ല. ജമാഅത്തിനെതിരെ മതരാഷ്ട്രവാദികളാണെന്ന ആരോപണങ്ങളും ആര്‍.എസ്.എസിനോട് സമീകരിക്കുന്ന പ്രചാരണങ്ങളും ഇപ്പോള്‍ പൊട്ടിമുളച്ചതല്ല, ചുരുങ്ങിയത് മുക്കാല്‍ നൂറ്റാണ്ടില്‍ കുറയാത്ത പഴക്കം അവക്കുണ്ട്. ആ ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്, പിന്തുണക്കു വേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, പിന്തുണച്ചിട്ടുമുണ്ട്. സി.പി.എമ്മുമായി സഹകരണത്തിന്റെ നീണ്ട ചരിത്രം ജമാഅത്തിനുണ്ട്. വര്‍ഗീയതയെയും ഫാഷിസത്തെയും തടയുക എന്ന നയത്തിലൂന്നിക്കൊണ്ടായിരുന്നു അത്. ഇതൊന്നും സംഭവിച്ചിട്ടില്ല എന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കാമെന്നല്ലാതെ കേരളത്തില്‍ സാമാന്യ രാഷ്ട്രീയ ബോധമുള്ള ആരും അത് വിശ്വസിക്കാന്‍ പോകുന്നില്ല. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, മാറിയ ദേശീയ സാഹചര്യം പരിഗണിച്ച്, സംഘ് പരിവാറിനെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്ന രാഷ്ട്രീയ കേരളത്തിന്റെ തീരുമാനത്തോടൊപ്പമായിരുന്നു ജമാഅത്തും നിലകൊണ്ടത്. അത് സി.പി.എമ്മിനോട് വിരോധമുണ്ടായതുകൊണ്ടല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടിയാണല്ലോ. അതിനെന്തിനാണ്  ജമാഅത്തിനെ വേട്ടയാടുന്നത്?

വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തമായ ലക്ഷ്യവും പ്രവര്‍ത്തന പദ്ധതിയുമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ്. അതിന്റെ രൂപീകരണത്തില്‍ മറ്റു പലരെയും പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളും പങ്ക് വഹിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ജമാഅത്തിനെതിരെ തിരിയാനുള്ള കാരണം. യഥാര്‍ഥത്തില്‍ ഫാഷിസം അധികാരത്തിലെത്തുകയും ഭരണകൂടം സമഗ്രാധിപത്യ പ്രവണതകള്‍ കാണിക്കുകയും ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി തുടങ്ങിയവ വലിയ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. വിവിധ പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുന്നു. രാജ്യം സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിപ്പെടുന്നു. കുത്തക താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമാധികാരവും സാമൂഹിക നീതിയും ജനക്ഷേമവും ഉറപ്പുവരുത്തുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നു. അത്തരം സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളെ ആഗ്രഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമാനമനസ്‌കരായ വ്യക്തിത്വങ്ങളും കൂട്ടായ്മകളും ചേര്‍ന്ന് രൂപം നല്‍കിയതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അത്തരം ബദല്‍ മുന്നേറ്റങ്ങളെ ജമാഅത്ത് പിന്തുണക്കുന്നു.

സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടു എന്ന അഭിപ്രായമുണ്ടോ?

വെല്‍ഫെയര്‍ പാര്‍ട്ടി എന്ന സംഘടന ചില പ്രദേശങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയുമായുണ്ടാക്കിയ ധാരണയോ നീക്കുപോക്കോ ആണ് സാമുദായിക ധ്രുവീകരണത്തിനും വര്‍ഗീയ പ്രചാരണത്തിനും ഇത്തവണ സി.പി.എം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. കുഞ്ഞാലിക്കുട്ടിയോടും ഹസനോടുമൊപ്പം അമീറിനെ ചേര്‍ത്തുപറയാന്‍ കാരണവും വെല്‍ഫെയര്‍ പാര്‍ട്ടി - യു.ഡി.എഫ് ബന്ധമാണ്. മലബാറില്‍ യു.ഡി.എഫ് കരുത്ത് വര്‍ധിപ്പിക്കുകയും എല്‍.ഡി.എഫ് പിന്നാക്കം പോവുകയുമാണുണ്ടായത്. എന്നാല്‍ എല്‍.ഡി.എഫിന്റെ ശക്തമായ വര്‍ഗീയ പ്രചാരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പതറിയത് തെക്കന്‍ ജില്ലകളില്‍ ഫലം ഇടതുപക്ഷത്തിന് അനുകൂലമാവാന്‍ സഹായിച്ചിട്ടുണ്ട്.

മറ്റു മുസ്‌ലിം സംഘടനകളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ആശയപരിസരമാണ് ജമാഅത്തെ ഇസ്‌ലാമിക്കുള്ളത് എന്നതും ഒരു കാരണമാണല്ലേ?

സി.പി.എമ്മിന്റെ ജമാഅത്ത് വിമര്‍ശം എപ്പോഴും രാഷ്ട്രീയപ്രേരിതമാണ്. ജമാഅത്തിനെതിരെയുള്ള സി.പി.എമ്മിന്റെ ഏതു വിമര്‍ശനത്തിനും വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പശ്ചാത്തലമായുണ്ടാവും. നേരത്തേ സൂചിപ്പിച്ച പോലെ ജമാഅത്തിനെ പ്രശംസിച്ചപ്പോഴും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലമുണ്ടായിട്ടുണ്ട്. അതിനാല്‍ സി.പി.എം വിമര്‍ശനത്തിന് അതിനപ്പുറമുള്ള മാനമോ ആഴമോ ജമാഅത്ത് നല്‍കാറില്ല. അതേസമയം, വിമര്‍ശനത്തിന് സി.പി.എം ഉപയോഗിക്കുന്ന ഉരുപ്പടികള്‍ തീവ്ര ഇസ്‌ലാം വിരുദ്ധരും അള്‍ട്രാ സെക്യുലരിസ്റ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. സ്വാഭാവികമായും അവ ഇസ്‌ലാം/മുസ്‌ലിം വിമര്‍ശനമായി പരിണമിക്കുന്നു. 

തയാറാക്കിയത്: കെ. നജാത്തുല്ല

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌