Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

തൃശൂരിലെ ഹിന്ദു -മുസ്‌ലിം ഡയലോഗ്

ജി.കെ എടത്തനാട്ടുകര

(ജീവിതം - 4)

അന്ന് രാത്രി ഉറക്കം വന്നതേയില്ല. വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ഡയറിയിലെല്ലാം കുറിച്ചുവെച്ചു. ഇന്നു തന്നെ മരണപ്പെട്ടാലും കാര്യങ്ങളുടെ നിജഃസ്ഥിതി അവരറിയണമല്ലോ. അടുത്ത ദിവസം രാവിലെ സഹോദരിമാര്‍ യാത്ര പറഞ്ഞു പോകുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ടാണ്. ഇസ്‌ലാമില്‍നിന്ന് പിന്‍വാങ്ങാതെ സഹോദരീഭര്‍ത്താക്കന്മാര്‍ ഇനി വരില്ല എന്നറിയിച്ചിട്ടുണ്ട്.
എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ ഒരു നിമിഷം ഇബ്‌ലീസ് തോന്നിപ്പിച്ചു; 'അസീസ് സാഹിബിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!' ഒരു ഭാഗത്ത് സത്യവിശ്വാസം. മറുഭാഗത്ത് മുറിഞ്ഞുപോകാന്‍ ഒരുങ്ങിനില്‍ക്കുന്ന രക്തബന്ധങ്ങളും സ്‌നേഹബന്ധങ്ങളും. സത്യവിശ്വാസം ബന്ധങ്ങളെ മുറിക്കുകയില്ല; തിരിച്ച് സംഭവിക്കാം. ഇങ്ങനെ ഒരു ഘട്ടത്തില്‍ ഏത് തെരഞ്ഞെടുക്കും? ജീവിതത്തില്‍ ഇത്രത്തോളം മനഃസംഘര്‍ഷമുണ്ടാക്കിയ മറ്റൊരു സന്ദര്‍ഭവുമുണ്ടായിട്ടില്ല.
ജീവിതം നല്‍കിയ സ്രഷ്ടാവുമായുള്ള ബന്ധം മുറിച്ചാല്‍ പകരമുള്ളതെന്താണ്? ഈ ജീവിതത്തിന് നേര്‍വഴി കാണിക്കാന്‍ പിന്നാര്‍ക്കാണു കഴിയുക? സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ എത്ര നാള്‍ കൂടെയുണ്ടാവും? മരണസമയത്ത് അതില്‍നിന്ന് രക്ഷപ്പെടുത്താന്‍, മരണാനന്തരം രക്ഷകരാവാന്‍ ആര്‍ക്ക് കഴിയും? ഒരു തലവേദന വന്നാല്‍ പോലും അതേറ്റെടുക്കാന്‍ കഴിയാത്ത നിസ്സഹായരല്ലേ യഥാര്‍ഥത്തില്‍ എല്ലാവരും?
വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തിലെ മുപ്പത്തിമൂന്നാം വാക്യം ഹൃദയത്തില്‍ കൊത്തിവെച്ച പോലെ എപ്പോഴും പച്ചയായി നില്‍ക്കുന്ന ഒരു സൂക്തമാണ്. അതില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമുണ്ട്: ''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും ദൈവത്തിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഒരു കൊടും ചതിയനും ദൈവത്തിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.''
ദൈവകല്‍പന പ്രകാരം ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച് ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കലാണ് ശരി എന്ന് മനസ്സിലുറപ്പിച്ചു. ഈ ബോധ്യത്തോടെ, അസീസ് സാഹിബുമായി കൂടിയാലോചിച്ച് എല്ലാം സ്വകാര്യമാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ മറ്റൊരമ്മാവന്‍ വീട്ടില്‍ വന്ന് ഭീഷണി മുഴക്കിപ്പോയി എന്നറിഞ്ഞു. വീട്ടിലില്ലാത്തതിനാല്‍ നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതക്കാരനായതിനാല്‍ സഹോദരിമാര്‍ വല്ലാതെ ഭയപ്പെട്ടു. അമ്മ അപ്പോഴും ശാന്തമായി എല്ലാം നേരിട്ടു. ഇതുപോലുള്ള മറ്റു പല സന്ദര്‍ഭങ്ങളിലുമുണ്ടായ അമ്മയുടെ ഈ നിലപാട് വല്ലാത്ത ആശ്വാസമായിരുന്നു. സത്യവിശ്വാസത്തോടുള്ള അടുപ്പം പോലും ഇത്രക്ക് ആത്മധൈര്യം നല്‍കുമെങ്കില്‍, അത് സ്വീകരിച്ചാലോ!
ഇങ്ങനെ  പൊട്ടലും ചീറ്റലുമായി എല്ലാം കലങ്ങിമറിയുന്ന  സന്ദര്‍ഭം. അതിനിടയിലാണ് തൃശൂരില്‍ 'ഹിന്ദു - മുസ്‌ലിം ഡയലോഗ്' നടക്കുന്നുണ്ടെന്ന വിവരമറിയുന്നത്. കൂട്ടില്‍ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയാണ്. സത്യമാര്‍ഗത്തിലുള്ള വഴിയില്‍ ആഞ്ഞുനടത്തത്തിന് പ്രചോദനമേകിയ ഒരു സംഭവമായിരുന്നു അത്. പോസ്റ്ററൊട്ടിക്കലും ആളുകളെ ക്ഷണിക്കലുമൊക്കെ തകൃതിയായി നടന്നു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു.
അതിനിടയില്‍, അമ്മ ഒരു 'മുടക്ക്' പ്രകടിപ്പിച്ചതു പോലെ. 'ഇത്രക്കൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെങ്കില്‍ ഇസ്‌ലാം സ്വീകരിക്കണോ?' എന്നൊരു ധ്വനി ആ സംസാരത്തിലുണ്ടായിരുന്നു. രക്തബന്ധങ്ങളാണല്ലോ തകരുന്നത്. ഏതൊരമ്മക്കും സ്വാഭാവികമായും അത് താങ്ങാനാവാത്ത ഒന്നാവുമെന്നുറപ്പല്ലേ. എന്തായാലും ഡയലോഗ് കഴിയട്ടെ, എന്നിട്ട് തീരുമാനിക്കാം എന്ന മറുപടിയിലൊതുക്കി.
1994 നവംബര്‍ 23-ന് ആയിരുന്നു പരിപാടി. അതിരാവിലെ കുളിച്ചൊരുങ്ങി സുഹൃത്തുക്കളുമായി യാത്ര പുറപ്പെട്ടു. അസീസ് സാഹിബ്, മോഹന്‍ ദാസ്, അവന്റെ ജ്യേഷ്ഠന്‍ സുബ്രഹ്മണ്യന്‍, നാസര്‍, ഗോപി, ശരീഫ്, അപ്പുണ്ണി, കുട്ടന്‍, നാരായണന്‍, സലാം, ലത്വീഫ് തുടങ്ങി ധാരാളം പേരുണ്ടായിരുന്നു. എന്തോ നിധി തേടിയുള്ള ഒരു യാത്ര പോലെയായിരുന്നു അത്. എല്ലാവരെ സംബന്ധിച്ചേടത്തോളവും ജീവിതത്തിലെ വ്യത്യസ്തമായൊരനുഭവം.
ഹൃദ്യമായ സ്വീകരണം. പരസ്പര ബഹുമാനവും ആദരവുമൊക്കെ വഴിഞ്ഞൊഴുകുന്നു. രണ്ട് വിശ്വാസ ധാരകള്‍, രണ്ട് സംസ്‌കാരങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ മുഹൂര്‍ത്തങ്ങള്‍. സദസ്സ് നിറഞ്ഞു കവിഞ്ഞു; തികഞ്ഞ അച്ചടക്കത്തോടെ.
അത്യാചാരമില്ലാതെ അലങ്കരിച്ച വേദി. വേദിയില്‍ ഹൈന്ദവതയെ പ്രതിനിധീകരിച്ച്  സ്വാമി തത്ത്വമയാനന്ദജി, ആത്മസ്വരൂപാനന്ദജി എന്നിവര്‍. ഇസ്‌ലാമിനെ പ്രതിനിധീകരിച്ചുകൊണ്ട് ടി.കെ അബ്ദുല്ല, ഒ അബ്ദുര്‍റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരും.
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തെ അനുസ്മരിപ്പിക്കുന്ന ഹൃദ്യമായ പരിപാടി. സ്വാമി തത്ത്വമയാനന്ദജി ഹൈന്ദവതയെയും  ടി.കെ അബ്ദുല്ല സാഹിബ് ഇസ്‌ലാമിനെയും അവതരിപ്പിച്ചു. വ്യത്യസ്തമായ രണ്ട് ദര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
'ഏകം സത് വിപ്രാ ബഹുധാ വദന്തി' (ഒന്നിനെത്തന്നെ വിദ്വാന്മാര്‍ പലതായി പറയുന്നു) എന്ന പ്രമാണത്തില്‍ നിന്നു കൊണ്ട് അദ്വൈതത്വമാണ് ഹൈന്ദവതയെ പ്രതിനിധീകരിച്ചവര്‍ അവതരിപ്പിച്ചത്. ജന്മം കൊണ്ട് ആരും ബ്രാഹ്മണനാവുന്നില്ലെന്നും ബ്രഹ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണന്‍ എന്നും തത്ത്വമയാനന്ദജി സമര്‍ഥിച്ചു. സ്രഷ്ടാവും സൃഷ്ടിയുമില്ല. ബ്രഹ്മം തന്നെ വിരിഞ്ഞുനില്‍ക്കുന്നതാണ് പ്രപഞ്ചം. ദൈവം എന്നൊന്ന് വേറെയില്ല. എല്ലാം ദൈവത്തിന്റെ അംശങ്ങളാണ്. ഹൈന്ദവതയെ പ്രതിനിധീകരിച്ചുള്ള അവതരണത്തിന്റെ ചുരുക്കമിതായിരുന്നു. അതൊരു തരം 'ആത്മീയ നിരീശ്വരത്വം' അല്ലേ എന്നു തോന്നി.
ഒരു സ്രഷ്ടാവിന്റെ സൃഷ്ടികള്‍ എന്ന നിലക്ക് സ്രഷ്ടാവിന് വിധേയപ്പെടലിന്റെ പേരാണ് ഇസ്ലാം. അക്കാര്യം മനുഷ്യനെ പഠിപ്പിക്കാന്‍ ദൈവം നിയോഗിച്ച മനുഷ്യരാണ് പ്രവാചകന്മാര്‍. മനുഷ്യന്റെ ഇഹ-പര രക്ഷയുടെ വഴിയാണത്. ടി.കെ വളരെ വ്യക്തതയോടെ, ഘനഗംഭീരമായി വിഷയം അവതരിപ്പിച്ചു. ശേഷം ചോദ്യോത്തരങ്ങള്‍ നടന്നു.
ദൈവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ അവതരിപ്പിക്കപ്പെട്ട തികച്ചും വ്യത്യസ്തമായ രണ്ടാശയങ്ങള്‍. ഒരുപാട് താരതമ്യ ചിന്തകള്‍ക്ക് അത് വഴിതുറന്നു.  രണ്ട് ദര്‍ശനങ്ങളുടെയും വ്യതിരിക്തത വേദിയിലേക്ക് നോക്കിയാല്‍ തന്നെ കാണാമായിരുന്നു. വേദിയിലുള്ള ഇസ്‌ലാമിക പണ്ഡിതന്മാരെയും സദസ്സിലുള്ള പൊതു സമൂഹത്തെയും വേറിട്ടറിയാന്‍ പ്രത്യേക അടയാളങ്ങളുണ്ടായിരുന്നില്ല. അവര്‍ പ്രതിനിധീകരിക്കുന്ന ആത്മീയത ജനമധ്യത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്നതല്ല എന്ന് ആ കാഴ്ച വിളിച്ചോതുന്നുണ്ടായിരുന്നു.
എല്ലാം ദൈവത്തിന്റെ അംശങ്ങളാണെന്ന വാദം പല പല ചോദ്യങ്ങളും ഉയര്‍ത്തിവിട്ടു. ഈ വീക്ഷണപ്രകാരം ഗാന്ധിജിയും ഗാന്ധിജിയുടെ കൊലയാളിയും ദൈവത്തിന്റെ അംശങ്ങളാണ്. എങ്കില്‍ ഇവിടെ നിരപരാധിയും കുറ്റവാളിയുമെവിടെ? കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നതും ശിക്ഷ നടപ്പിലാക്കുന്നതും ദൈവാംശങ്ങള്‍ തന്നെ! അതിനര്‍ഥം ഒന്നും മറ്റൊന്നില്‍നിന്ന് അന്യമല്ല; ഒന്നും മറ്റൊന്നിന്റെ മുകളിലുമല്ല എന്നല്ലേ? എങ്കില്‍ സത്യം /അസത്യം, ധര്‍മം /അധര്‍മം, നീതി / അനീതി തുടങ്ങിയവ വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡമെന്തായിരിക്കും?
ആരാണ് ദൈവം എന്ന ചോദ്യത്തിന്റെ ഉത്തരം 'ഞാന്‍ തന്നെ', അല്ലെങ്കില്‍ 'നീ തന്നെ' എന്നു വന്നാല്‍ പിന്നെ ആരാധനാനുഷ്ഠാനങ്ങളുടെ പ്രസക്തിയെന്താണ്? മാതാപിതാക്കളും മക്കളും ദൈവാംശങ്ങളാവുമ്പോള്‍ മാതാപിതാക്കളോടുള്ള ആദരവ്, ബഹുമാനം പോലെയുള്ള മൂല്യങ്ങളുടെ പ്രസക്തിയെവിടെ?  പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളോട് ഈ വീക്ഷണത്തെ എങ്ങനെ ബന്ധിപ്പിക്കാം എന്ന ആലോചന പുതിയ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തി.
ഏതൊന്നിനും മുകളിലൊന്നുണ്ടാവും എന്നാണല്ലോ. ഗ്രന്ഥത്തിനൊരു ഗ്രന്ഥകര്‍ത്താവ് വേണം. മേശക്കൊരു ആശാരിയും കുടത്തിനൊരു കുശവനും വേണം. ശില്‍പത്തിനൊരു ശില്‍പി ഉണ്ടാവുമെന്നുറപ്പാണ്. എങ്കില്‍ സൃഷ്ടികള്‍ക്കൊരു സ്രഷ്ടാവ് സ്വാഭാവികമല്ലേ? അതാണല്ലോ ബുദ്ധിയുടെ തേട്ടം. അപ്പോള്‍ സൃഷ്ടികളുടെ മുകളിലുള്ളത്, മനുഷ്യനേക്കാള്‍ ഉന്നതമായത് സ്രഷ്ടാവാണെന്ന് വ്യക്തം.  ആ സ്രഷ്ടാവാകണമല്ലോ മനുഷ്യന്റെ ദൈവം. ഈ ലളിതമായ സത്യത്തിനാണ് ഇസ്ലാം അടിവരയിടുന്നത്.  ഖുര്‍ആനിലെ രണ്ടാം അധ്യായം ഇരുപത്തിയൊന്നാം വാക്യം ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നു: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കും.''
ഇങ്ങനെ ഓരോ സംഭവവും കൂടുതല്‍ കൂടുതല്‍ ദൈവത്തെ അറിയാനും ദൈവിക മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാനും പ്രേരണയായിക്കൊണ്ടിരുന്നു. അതിനിടയില്‍ ചെറിയ ജ്യേഷ്ഠത്തി അമ്മമ്മയുടെ കൈയില്‍ കൊടുത്തയച്ച കണ്ണീരില്‍ കുതിര്‍ന്ന കത്ത് കൈയില്‍ കിട്ടി.
'നീ ഒരിക്കലും ഞങ്ങളെ പിരിയരുത് കെട്ടോ. എനിക്ക് സഹിക്കാന്‍ വയ്യ. ഞങ്ങളുടെ മനസ്സ് നീ വേദനിപ്പിക്കല്ലെ കെട്ടോ' എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന കത്ത് 'ഞങ്ങളെ നീ ദുഃഖിപ്പിക്കരുത് കെട്ടോ പൊന്നേ...' എന്നപേക്ഷിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
ഒരുമിച്ച് കളിച്ചും ചിരിച്ചും  തെറ്റിയും കലഹിച്ചുമൊക്കെ കഴിഞ്ഞ ചെറുപ്പകാലത്തെ ഒന്നൊന്നായി ഓര്‍ത്തോര്‍ത്ത് കരഞ്ഞ സന്ദര്‍ഭമായിരുന്നു അത്. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കല്‍ ദൈവാരാധനയായി പഠിപ്പിക്കുന്ന ഒരു വിശ്വാസം സ്വീകരിക്കുന്നതിനെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതെന്താണ്?    
ഒരാഴ്ച കഴിഞ്ഞ് അമ്മമ്മ വീട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍, കഴിഞ്ഞ ഓണത്തിന് വാങ്ങിക്കൊടുത്ത 'ഓണപ്പുടവ' കൈയില്‍ പിടിച്ച്, 'ഇത് അവന്‍ വാങ്ങിത്തന്നതാ' എന്നു പറഞ്ഞ് കണ്ണീരു തുടക്കുന്നതും കണ്ടു. സത്യവിശ്വാസം സ്‌നേഹബന്ധങ്ങളെ മുറിക്കില്ലല്ലോ, എന്നിട്ടും...?
ഇതിനിടയിലും അറിഞ്ഞ സത്യം അറിയിക്കാനായിത്തന്നെ അസീസ് സാഹിബിന്റെ കൂടെ പല വീടുകളിലും കയറിയിങ്ങി. അദ്ദേഹം സരസമായും ചിന്താര്‍ഹമായും പറയുന്ന കാര്യങ്ങള്‍ ഒരു പരിശീലനം തന്നെയായിരുന്നു. അതിനെ മറികടന്നാര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രതിസന്ധികള്‍ ശക്തിപ്പെടുമ്പോഴും അടിയറച്ച് മുന്നോട്ടു പോകാന്‍ അതൊരു വലിയ പ്രേരണയായി.
ക്രമേണ ആത്മസുഹൃത്തുക്കളടക്കമുള്ള പലരും അടുക്കുംതോറും അകലുന്നതായി അനുഭവപ്പെട്ടു. കോളേജ് ജീവിതത്തിനിടയില്‍ അടുത്ത സുഹൃത്തുക്കളിലൊരാളായി മാറിയ ഒരു സഹോദരന്‍ (പേര് പറയുന്നില്ല) സംസാരിച്ച് പിരിഞ്ഞതോര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളെ തകര്‍ക്കുന്നത് സത്യവിശ്വാസമല്ല, സത്യനിഷേധമാണ് എന്ന യാഥാര്‍ഥ്യം അതോടെ ബോധ്യപ്പെട്ടു. അന്നു രാത്രി സങ്കടത്തോടെ ഡയറിയില്‍ ഇങ്ങനെ കുറിച്ചുവെച്ചു: 'നിഷേധിക്കാനല്ല പ്രയാസം; അംഗീകരിക്കാനാണ്. തള്ളാനല്ല പ്രയാസം; കൊള്ളാനാണ്. വാങ്ങാനല്ല പ്രയാസം; കൊടുക്കാനാണ്. വെട്ടിനശിപ്പിക്കാനല്ല പ്രയാസം; നട്ടുപിടിപ്പിക്കാനാണ്.'
ഈ പ്രയാസങ്ങളാണ് സത്യവിശ്വാസത്തിന്റെ ആത്മാവ്. മറ്റേത് സത്യനിഷേധത്തിന്റെ പൊതു പ്രകൃതവും. 

(തുടരും)

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌