സന്മാര്‍ഗ ദര്‍ശനം
സ്വന്തം പഠനമനനങ്ങളിലൂടെയോ, മറ്റാരുടെയെങ്കിലും പ്രബോധനാധ്യാപനങ്ങളിലൂടെയോ മനുഷ്യന്‍ തന്റെ ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെയേതാണ് അവന്റെ അല്ലെങ്കില്‍ അവളുടെ മുന്നിലുള്ള കര്‍മപഥം? ഇഛകള്‍ തെളിക്കുന്ന വഴിയിലൂടെ പോവുകയാണോ? അതല്ല, ആ ദൈവം ഭൂമിയിലെ മനുഷ്യജീവിതത്തിനായി വല്ല മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ടോ എന്നന്വേഷിക്കുകയോ?
ഓരോരുത്തരും അവരവരുടെ ഇഛകള്‍ തെളിക്കുന്ന വഴിയിലൂടെയാണ് പോകുന്നതെങ്കില്‍ ജീവിതം കലുഷിതവും സംഘര്‍ഷഭരിതവും ആയിത്തീരുമെന്നതില്‍ സംശയമില്ല. കാരണം, ഒരാളുടെ ഇഛ മറ്റൊരാളുടേതുമായി സമരസപ്പെടാനല്ല, ഏറ്റുമുട്ടാനാണ് കൂടുതല്‍ സാധ്യത. അതിനാല്‍, സാമൂഹികജീവിതം സുന്ദരവും സമാധാനപരവുമായി ഒഴുകിനീങ്ങണമെങ്കില്‍ ഏകതാനമായ ഒരുറവിടത്തില്‍നിന്ന് അതിനുള്ള ചില മാര്‍ഗദര്‍ശനങ്ങള്‍ വരേണ്ടിയിരിക്കുന്നു. അത് ദൈവമാവുക എന്നതാണ് ഏറ്റവും ഉചിതം; അങ്ങനെത്തന്നെയാണ് സംഭവിച്ചിട്ടുള്ളതും.
ഭൂമിയിലേക്ക് ആദ്യത്തെ മനുഷ്യരായ ആദമിനെയും ഹവ്വയെയും പറഞ്ഞയച്ചപ്പോള്‍ ദൈവം ആ ഒരൊറ്റക്കാര്യം മാത്രമാണ് അവരെ ഉപദേശിച്ചത്: എന്റെ ഭാഗത്തുനിന്ന് വരുന്ന മാര്‍ഗദര്‍ശനങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുന്ന പക്ഷം, നിങ്ങള്‍ക്ക് പേടിക്കാനോ ദുഃഖിക്കാനോ ഇട വരില്ല. ആ മാര്‍ഗനിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഇഛകളെന്ന പിശാചുക്കള്‍ തെളിക്കുന്ന വഴിയിലൂടെ പോകാനാണ് ഭാവമെങ്കില്‍ അത് നിങ്ങളെ നിത്യനരകത്തിലെത്തിക്കുമെന്ന് തീര്‍ച്ചയാണ്.
ഈ ദൈവിക മാര്‍ഗദര്‍ശനം എങ്ങനെ ലഭിക്കും എന്നതാണ് അടുത്ത ചോദ്യം. ഓരോ മനുഷ്യന്റെയും ഉള്ളില്‍ രണ്ടുതരം ഭാവങ്ങളുണ്ട്; ഒന്ന് ദൈവിക ഭാവം, മറ്റേത് പൈശാചിക ഭാവം. ദൈവികഭാവത്തെ നമുക്ക് മനസ്സാക്ഷിയെന്ന് വിളിക്കാം. പൈശാചികഭാവത്തെ സ്വേഛയെന്നും.
മനസ്സാക്ഷി ചൂണ്ടിക്കാണിക്കുന്ന വഴി മിക്കവാറും ദൈവത്തിന്റെ വഴിയായിരിക്കും; മറ്റേത് ചെകുത്താന്റെ വഴിയും. ഈയൊരു വകതിരിവോടെ മുന്നോട്ട് നീങ്ങിയാല്‍ ജീവിതം ഒരുവിധം സമാധാന പൂര്‍ണമാവാനിടയുണ്ട്. എങ്കിലും, മനുഷ്യന്‍ അങ്ങനെ തന്റെ മാര്‍ഗം സ്വയം കണ്ടെത്തി ജീവിക്കണമെന്നല്ല ദൈവം ഉദ്ദേശിച്ചത്. പകരം, ജീവിതത്തിന്റെ ദശാസന്ധികളില്‍ മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാനായി അവരില്‍നിന്നു തന്നെ ചിലരെ തെരഞ്ഞെടുത്തയക്കുക എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനം. അവരെയാണ് നാം പ്രവാചകന്മാരെന്ന് വിളിക്കുന്നത്.
ഭൂമിയില്‍ മനുഷ്യവാസമുള്ള എല്ലായിടത്തും അത്തരം മഹാപുരുഷന്മാര്‍ വന്ന് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയിരുന്നതായി കാണാം. അവരെ പിന്തുടരുന്ന കാര്യത്തില്‍ സമൂഹം രണ്ട് വിരുദ്ധ ചേരികളായി തിരിഞ്ഞതും, ജീവിതം ഒന്നുകില്‍ സമാധാനപരമോ, അല്ലെങ്കില്‍ സംഘര്‍ഷഭരിതമോ ആയിത്തീര്‍ന്നതും ചരിത്രം.
ഇവിടെ ഒരു പ്രശ്നമുണ്ട്: അരൂപിയായ ദൈവം സരൂപികളായ പ്രവാചകന്മാരുമായി സംവദിക്കുന്നതെങ്ങനെ? ഏതിന്ദ്രിയം വഴിയാണ് അവര്‍ തമ്മില്‍ ആശയവിനിമയം നടത്തുക?
വിശ്വാസികള്‍ക്കു തന്നെ ഇത്തരം സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്.
ദൈവമെന്നത് വെളിച്ചം പോലെയോ ഊര്‍ജപ്രവാഹം പോലെയോ ആകാമെന്ന് നേരത്തേ പറഞ്ഞുവല്ലോ. ദൈവത്തിന് സാധിക്കാത്തതായി യാതൊന്നുമില്ലെന്നും നമുക്കറിയാം. വൈദ്യുതി ഒരുപകരണത്തിലേക്ക് പ്രവേശിച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാകുന്നതും, വെളിച്ചം വൃത്തിയുള്ള ഒരു പ്രതലത്തില്‍ തട്ടിയാല്‍ അത് കൂടുതല്‍ പ്രകാശിതമാകുന്നതും കാണാറില്ലേ? ഏതാണ്ട് അതുപോലെയാണിതും.
അകളങ്കിതമായ പ്രവാചകമനസ്സില്‍ ദിവ്യപ്രകാശം കടന്നുചെല്ലുന്നതോടെ അത് കൂടുതല്‍ പ്രകാശിതവും പ്രബുദ്ധവുമായിത്തീരുന്നു. ആ തിരുഹൃദയം അതിനുള്ള യോഗ്യത നേടിയിരിക്കുന്നുവെന്ന് ദൈവത്തിന് ബോധ്യപ്പെടുമ്പോഴാണ് അതു സംഭവിക്കുക.
സഹജമായ സല്‍സ്വഭാവത്തിനും സത്യസന്ധതക്കും വിശ്വസ്തതക്കും പുറമെ, ഭൗതിക കാമനകളില്‍നിന്നകന്ന് ഏകാന്തവും ഏകാഗ്രവുമായ ആത്മാന്വേഷണത്തിനായി ഒരാള്‍ സ്വയം സമര്‍പ്പിക്കുമ്പോള്‍ ദൈവം തന്റെ പ്രകാശം ഏറ്റുവാങ്ങാനായി അയാളെ തെരഞ്ഞെടുക്കുന്നു.
എല്ലാ പ്രവാചകന്മാരുടെയും പൂര്‍വാശ്രമജീവിതത്തിലേക്ക് എത്തിനോക്കിയാല്‍ ഇത്തരമൊരു ആത്മാന്വേഷണത്തിന്റെ അധ്യായം നമുക്കവിടെ കണ്ടെത്താവുന്നതാണ്. അബ്രഹാമും മോശെയും യേശുവും ബുദ്ധനും മുഹമ്മദുമെല്ലാം അങ്ങനെയൊരനുഭവത്തിലൂടെ കടന്നുപോന്നവരായിരുന്നുവെന്ന് ചരിത്രവും സത്യവേദങ്ങളും നമ്മോട് പറയുന്നു. ഇങ്ങനെ സ്വയംപ്രകാശിതമായ മനസ്സുമായാണ് ഓരോ പ്രവാചകനും തന്റെ ജനതയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും, ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവരോട് സംസാരിക്കുകയും ചെയ്യുക.
ദിവ്യബോധനത്തിന്റെ ഒരു രൂപം മാത്രമാണ് ഇപ്പറഞ്ഞത്. കൂടുതല്‍ സുവ്യക്തമായ മറ്റു രൂപങ്ങളുമുണ്ട്: ദൈവികസന്ദേശവുമായി ദൈവത്തിന്റെ സവിശേഷ സൃഷ്ടികളായ മാലാഖമാര്‍ പ്രവാചകന്മാരെ സമീപിച്ച് ബോധനം നല്‍കുകയെന്നതാണ് ഒരു രീതി. മാലാഖമാരും പ്രകാശരൂപികളായതിനാല്‍ ഇത് നേരത്തേ പറഞ്ഞപോലെ ഉപബോധത്തിലേക്കുള്ള ഒരു നിഗൂഢപ്രവേശത്തിലൂടെയാകാം. അല്ലെങ്കില്‍, ദിവ്യസന്ദേശവാഹകര്‍ മനുഷ്യരൂപമെടുത്തുകൊണ്ടുള്ള സ്വാഭാവികമായ ആശയവിനിമയത്തിലൂടെയുമാകാം.
ദിവ്യബോധനത്തിന്റെ മൂന്നാമത്തെ രൂപം തിരുവചനങ്ങള്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ പ്രവാചകന് നേരിട്ട് നല്‍കുക എന്നതാണ്. പഴയ നിയമം എന്ന് ബൈബിള്‍ നാമകരണം ചെയ്തിരിക്കുന്ന തോറയുടെ പ്രാക്തന രൂപം മോശെ (മൂസ) എന്ന പ്രവാചകന് അത്തരത്തില്‍ ലഭിച്ചതാണ്; പില്‍ക്കാലത്ത് മനുഷ്യരുടേതായ ചില കൈകടത്തലുകള്‍ക്ക് അത് വിധേയമായിട്ടുണ്ടെങ്കിലും.
ഇന്നുവരെ അത്തരം കൈയേറ്റങ്ങള്‍ക്കൊന്നും അശേഷം വിധേയമായിട്ടില്ലാത്ത ഖുര്‍ആനാകട്ടെ, നേരത്തേ നാം കണ്ട രൂപത്തില്‍ ജിബ്‌രീല്‍ മാലാഖ മുഖേന മുഹമ്മദിന് എത്തിച്ചുകൊടുത്ത വചനങ്ങളാണ്. തിരുദൂതന്‍ അവ അപ്പപ്പോള്‍ തന്റെ അനുചരന്മാരെക്കൊണ്ട് രേഖപ്പെടുത്തി വെപ്പിക്കുകയും, ഒടുവില്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുകയുമായിരുന്നു.
Comments