ആദര്‍ശ വിശുദ്ധിയുടെ അത്ഭുതസിദ്ധികള്‍
സ്വിറ്റ്‌സര്‍ലന്റിലെ സൈനിക ഉദ്യോഗസ്ഥനായ ഡാനിയല്‍ സ്ട്രീഷ് (Daniel Streich) മുസ്‌ലിംപള്ളി മിനാരങ്ങള്‍ക്കെതിരെയും ബാങ്കു വിളിക്കെതിരെയും ശക്തമായ കാമ്പയിന്‍ നടത്തിവരികയായിരുന്നു. അവിടെയുള്ള ഇസ്‌ലാമിക് സെന്റര്‍ ആസ്ഥാനത്തെ പള്ളിയിലും അതോടെ ബാങ്ക് കൊടുക്കല്‍ നിലച്ചു. അദ്ദേഹം ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തി ബാങ്കുവിളി നിരോധനനിയമം തന്നെ കൊണ്ടുവന്നു. ഒപ്പം ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനായി അദ്ദേഹം ഖുര്‍ആന്‍ പഠിക്കാനും തുടങ്ങി. അല്ലാമാ യൂസുഫലിയുടെയും മറ്റും പരിഭാഷകളാണ് വായിച്ചത്. പക്ഷേ, ഖുര്‍ആനില്‍ താനുദ്ദേശിച്ച കാര്യം മാത്രം കണ്ടില്ല. ഖുര്‍ആനിന്റെ അജയ്യമായ ദിവ്യശക്തിയാണ് വായനയില്‍ അദ്ദേഹത്തിന് ബോധ്യമായത്. ഫലമോ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും വലിയ പള്ളിയുടെ നിര്‍മാണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ബുള്ളെ (Bulle) നിയോജക മണ്ഡലത്തില്‍നിന്ന് സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി(SVP)യുടെ ടിക്കറ്റില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പാര്‍ട്ടിയാണ് അദ്ദേഹത്തിന് ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിക്കൊണ്ടിരുന്നത്. ഇപ്പോള്‍ അദ്ദേഹം ആ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഇസ്‌ലാമിലേക്ക് വന്ന ശേഷവും അദ്ദേഹം രണ്ടു കൊല്ലം ആദര്‍ശമാറ്റം രഹസ്യമാക്കി വെക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം പരസ്യമായി പ്രവര്‍ത്തന രംഗത്തുണ്ട്. ഖുര്‍ആന്‍ വരുത്തിയ മാനസിക പരിവര്‍ത്തനം.
ഡെന്മാര്‍ക്കിലെ 'ജില്ലാന്റ്‌സ് പോസ്റ്റന്‍' എന്ന പത്രം നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സന്ദര്‍ഭം. അത് മുസ്‌ലിം ലോകത്തൊട്ടാകെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിവേകശാലികളായ ഒരുകൂട്ടം മുസ്‌ലിംകള്‍ നബിയെക്കുറിച്ചുള്ള ഒരുകൂട്ടം പുസ്തകങ്ങളും സി.ഡികളുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ മൈതാനത്ത് പ്രവാചക സന്ദേശമെത്തിച്ചാണ് അതിനെ പ്രതിരോധിച്ചത്.
അമേരിക്കയില്‍ ഇസ്‌ലാംവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത, ഒരു ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയായ പാസ്റ്റര്‍ ടെറി ജോണ്‍സ് ഖുര്‍ആന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത് നാടുനീളെ പ്രചാരണം നടത്തിയപ്പോള്‍ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ എന്ന സംഘടന ഖുര്‍ആന്‍ പരിഭാഷയുടെ പത്തു ലക്ഷം കോപ്പികള്‍ വിതരണം നടത്തിയാണ് അതിനെ നേരിട്ടത്. അദ്ദേഹം, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സെപ്തംബര്‍ 11-ന്റെ 9-ാം വാര്‍ഷികത്തിലാണ് ഖുര്‍ആന്‍ കത്തിച്ചത്. ഇത്തരം പ്രകോപനപരമായ പ്രചാരണ വേലകളെ ബുദ്ധിപൂര്‍വകമായാണ് മുസ്‌ലിം സമൂഹം നേരിട്ടത്. ഇന്ത്യയിലും ഈ രീതി തന്നെയാണ് കരണീയം എന്ന് മനസ്സിലാക്കണം. ഖുര്‍ആനിന്റെയും തിരുചര്യയുടെയും അത്ഭുതകരമായ ദിവ്യശക്തി ഇത്തരം മനസ്സുകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണെന്ന ഉറച്ച ബോധ്യം നമുക്കുണ്ടാവണം.
പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍
പ്രബോധകന്റെ മുന്നില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏറെയാണ്. ചരിത്രവും സംഭവവികാസങ്ങളും മാറിമറിഞ്ഞു കൊണ്ടിരിക്കും. ചരിത്രത്തെയാകെ മാറ്റിത്തിരുത്തി വികലമാക്കി കൊണ്ടിരിക്കും ചിലപ്പോള്‍. കെട്ടുകഥകളും ജല്‍പനങ്ങളും ചരിത്രത്തിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടും. മലയാളികളുടെ ഓര്‍മപെരുന്നാളായ ഓണാഘോഷത്തിന്റെ മുഖ്യസ്മര്യപുരുഷനായ, പെരുമാള്‍ രാജവംശത്തിലെ നീതിമാനായ രാജാവ് മാവേലിത്തമ്പുരാനെ ചവിട്ടിത്താഴ്ത്താന്‍ ഭിക്ഷുവിന്റെ വേഷത്തില്‍ വന്ന വാമനനെ അനുസ്മരിക്കാന്‍ 'വാമനജയന്തി' ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത സംഘ് പരിവാറിന്റെ നടപടി അക്കൂട്ടത്തില്‍പെട്ടതാണ്. ഈ ആസുര കാലത്ത് നേരിന്റെയും നന്മയുടെയും നാടായ കേരളത്തിന് സമത്വത്തിന്റെയും സമവായത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്ന ഓണാഘോഷം ഇങ്ങനെ വികലമാക്കുന്നത് ദുഃഖകരമാണ്. മാലോകരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന, കള്ളവും ചതിയുമില്ലാത്ത, അളവിലും തൂക്കത്തിലും കൃത്രിമത്വങ്ങളില്ലാത്ത ഒരു കാലഘട്ടത്തിലെ സമത്വസുന്ദരവും ധര്‍മിഷ്ഠവുമായ ഭരണം കാഴ്ചവെച്ച മാവേലിയെയാണ് അനുസ്മരിക്കുന്നത്. കപട വേഷത്തില്‍ ഭൂമിയില്‍ വന്ന് മൂന്നടി മണ്ണ് ഇരന്നുവാങ്ങിയ വാമനന്‍ രണ്ടടി ചവിട്ടി രാജ്യമൊട്ടാകെയും മൂന്നാമത്തെ ചവിട്ട് കൊണ്ട് മാവേലിയുടെ ശിരസ്സും അളന്നെടുത്ത് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നാണ് ഐതിഹ്യം. ധര്‍മനിഷ്ഠമായ ഭരണം കാഴ്ചവെച്ച മാവേലിയോടുള്ള അസൂയയും പകയുമാണോ ഈ പുതിയ കള്ളക്കഥയിലുള്ളതെന്ന് സംശയിച്ചുപോകുന്നു. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലിക്ക് കൊല്ലത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരാനുള്ള അനുവാദം നല്‍കിയത്രെ വാമനന്‍. പ്രജാവത്സലനായ രാജാവിന് ഭവിച്ച ഈ ദുര്യോഗം വാമനന്റെ കൊടുംചതി കാരണമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അപ്പോള്‍ വാമനജയന്തി എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമല്ലോ. ഈ വികലവും ദുഷിച്ചതുമായ അന്തരീക്ഷമാണ് പൊതുവെ കാണപ്പെടുന്നത്. ഇത് പ്രബോധന രംഗത്തിറങ്ങുന്നവര്‍ മനസ്സിലാക്കിയേ തീരൂ. പശുവിന്റെയും പട്ടിയുടെയും പേരില്‍ മനുഷ്യനെ കൊല്ലുന്ന തീവ്ര ഫാഷിസത്തെയും തിരിച്ചറിയണം. അങ്ങനെ നമ്മുടെ സന്ദേശം, ചവിട്ടിത്താഴ്ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കും അശരണര്‍ക്കുമാണെന്ന ബോധമുണ്ടാവണം.
ഇപ്പോള്‍ മറ്റൊരു പ്രവണത കൂടിയുണ്ട് നമ്മുടെ രാജ്യത്ത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്ക് സ്മാരകം പണിയുന്നതും ഗാന്ധി പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. ഈ പ്രവണത ശക്തിപ്പെട്ട് രാജ്യത്തെ മതേതര ചിന്താഗതിക്കാരെയും നിഷ്പക്ഷമതികളെയും വകവരുത്തുന്നിടത്തോളം ചെന്നെത്തിയിരിക്കുന്നു. കുല്‍ബുര്‍ഗി, ദഭോല്‍കര്‍, പന്‍സാരെ തുടങ്ങിയവര്‍ ഫാഷിസ്റ്റ് ശക്തികളുടെ തോക്കിനിരയായി. 'ലങ്കേഷ് പത്രികെ'യുടെ എഡിറ്റര്‍ ഗൗരി ലങ്കേഷും ഭീകര ഫാഷിസ്റ്റുകളാല്‍ നിഷ്ഠുരം വധിക്കപ്പെടുകയായിരുന്നു. ഈ കൊലകള്‍ തമ്മില്‍ ബന്ധമുണ്ടെന്നത് വ്യക്തം. ഇത്തരമൊരു ചുറ്റുപാടിലും ഇസ്‌ലാമിക സന്ദേശ പ്രബോധനമെന്നത് വളരെ സൂക്ഷ്മതയോടും കരുതലോടും കൂടി ചെയ്യേണ്ട ഒന്നാണ്.
മഹത്തായ മാതൃക
വലതുപക്ഷ തീവ്രദേശീയത ഏതറ്റം വരെയും പോകുമെന്ന് നാമിപ്പോള്‍ മനസ്സിലാക്കുന്നു. ഇന്ത്യന്‍ സൈനികന്റെ പിതാവ് മുഹമ്മദ് അഖ്‌ലാഖിനെ പശുവിറച്ചി തിന്നുവെന്ന് ആരോപിച്ച് അടിച്ചുകൊല്ലുകയായിരുന്നല്ലോ. അതില്‍ പങ്കാളിയായ കൊലയാളി മരിച്ചപ്പോള്‍ അയാളുടെ മൃതദേഹം ദേശീയപതാകയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചത്. ഇത്രയേറെ ഭീകരമാണ് അന്തരീക്ഷം. മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കശ്മീര്‍ തന്നെ. നമ്മുടെ ഭരണഘടന കശ്മീരിന് പ്രത്യേക പദവി ഉറപ്പു നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കി അവിടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയിരിക്കുന്നു. നിരപരാധികളെ ഭീകരവാദം ആരോപിച്ച് കൊന്നൊടുക്കുന്നു. കശ്മീരിനുണ്ടായിരുന്ന പ്രത്യേകാവകാശവും സ്ഥാനവും സുരക്ഷിതത്വവും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യക്ക് ഒരു പ്രത്യേക മതമില്ല. ഒരു മതവും ഇതര മതങ്ങളുടെ മേധാവിയല്ല. മതേതരത്വമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്. പ്രത്യേക മതം തദ്ദേശീയമാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ദൈവനിന്ദയാണ് അത്തരം വാദഗതി. സുപ്രസിദ്ധ രാഷ്ട്രീയ ചിന്തകനായ ജോണ്‍ ആക്ടണ്‍ പ്രഭു പറയുന്നു: 'വിവിധ വംശങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിവില്ലാത്ത ഒരു സ്റ്റേറ്റിന്റെ അവസ്ഥ സ്വയം പുഛിക്കുന്നതിന് തുല്യമായിരിക്കും. ഏതെങ്കിലും വിഭാഗത്തെ ദുര്‍ബലപ്പെടുത്താനോ, രാജ്യത്തില്‍ നിന്ന് പുറത്താക്കാനോ മുതിരുന്നപക്ഷം ആ സ്റ്റേറ്റിന് സ്വയം ഭരണത്തിനുള്ള അര്‍ഹതപോലും ഇല്ലാതാകും'. ഇന്ന് പൗരത്വ ബില്ലും പൗരത്വമില്ലാത്തവരുടെ തടങ്കല്‍ പാളയവും അതിനെതിരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതും നമ്മുടെ നാടിന് എന്തുമാത്രം കളങ്കം ചാര്‍ത്തിയിട്ടുണ്ടെന്ന് ഓര്‍ക്കുക.
ഇസ്മാഈല്‍ രജാ ഫാറൂഖിയും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ 1994-ല്‍ വിചാരണക്ക് വന്ന കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചത് നോക്കുക: 'മതത്തിന്റെ കാര്യത്തില്‍ ഏത് വ്യക്തിക്കും സമൂഹത്തിനും ഗ്രൂപ്പുകള്‍ക്കും തുല്യപരിഗണനയാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. രാജ്യത്തിന് സ്വന്തമായി ഒരു മതമില്ല.' സര്‍സയ്യിദ് അഹ്മദ് ഖാന്‍ പറയുന്നു: 'ഹിന്ദുക്കളും മുസ്‌ലിംകളും ഇന്ത്യയാകുന്ന മാതാവിന്റെ രണ്ട് കണ്ണുകളാണ്. അതില്‍ ഒരു കണ്ണിന് പ്രശ്‌നമുണ്ടായാല്‍ രണ്ടാമത്തെ കണ്ണിനെയും അത് ബാധിക്കും. അതുപോലെ ഹിന്ദുക്കളും മുസ്‌ലിംകളും വേദനിച്ചാല്‍ ഇന്ത്യ ഒന്നടങ്കം വേദനിക്കും'.
ഇന്ത്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവിടെയുള്ള നാനാജാതി മതസ്ഥരെയും പരിഗണിക്കേണ്ടതുണ്ട്. ആ മതങ്ങളൊക്കെയും ആചാര്യന്മാരും മഹര്‍ഷിമാരും പ്രചാരകന്മാരും പ്രബോധകരും കൊണ്ടുവന്നതാണ്. അതിനാലാണ് അവയൊക്കെ മതങ്ങള്‍ എന്നറിയപ്പെടുന്നത്. മലയാളഭാഷയില്‍ മതം എന്ന വാക്ക് ഓരോരുത്തരുടെയും അഭിമതത്തിന് അനുസാരം കണ്ടുപിടിച്ചതോ, കൊണ്ടുവന്നതോ ആയ അഭിപ്രായങ്ങളാണ്. തദനുസാരം അവരുണ്ടാക്കിയ ചിന്താഗതികളും സമന്വയിച്ച വീക്ഷണശൈലികളും ആചരിച്ച ആചാരരീതികളും ആണ് അവരുടെ മതം. അഥവാ പ്രവാചകന്മാര്‍ കൊണ്ടുവന്നതില്‍ നിന്നും അവര്‍ നിര്‍ധാരണം ചെയ്ത വീക്ഷാഗതികളായാണ് യഥാര്‍ഥത്തില്‍ അവര്‍ മതമെന്ന പേരില്‍ കൊണ്ടുനടത്തുന്നത്.
എല്ലാ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ചത് മൗലികമായി ഒന്നാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഭാഷാശൈലികളില്‍ അല്‍പസ്വല്‍പം വ്യത്യാസം കാണുമെങ്കിലും അടിസ്ഥാന തത്ത്വങ്ങളില്‍ യാതൊരു അന്തരവുമില്ല. ആരാധനാരീതികളിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യം കണ്ടേക്കാം. അതിനാല്‍ എല്ലാ സന്ദേശവാഹകരായ പ്രവാചകന്മാരിലും ധര്‍മം സംസ്ഥാപിക്കാന്‍ വന്ന നബിമാരിലും മാനുഷികമൂല്യങ്ങള്‍ പ്രബോധനം ചെയ്ത സമുദ്ധാരകരിലും അവര്‍ കൊണ്ടുവന്ന ദിവ്യഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്. 'നാം അല്ലാഹുവിന്റെ ദൂതന്മാരില്‍ ആര്‍ക്കിടയിലും യാതൊരു വിവേചനവും കല്‍പ്പിക്കുന്നില്ല' എന്ന ഖുര്‍ആന്‍ വചനം എത്ര അര്‍ഥഗര്‍ഭമാണ്. ഈ പ്രഖ്യാപനമാണ് ഓരോ മുസ്‌ലിമിന്റെയും അകക്കാമ്പിലും നാവിന്‍തുമ്പത്തും ഉണ്ടായിരിക്കേണ്ടത്. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നവര്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ്.
മനുഷ്യന് മാര്‍ഗദര്‍ശനാര്‍ഥം അല്ലാഹു നാലുപാധികള്‍ നിശ്ചയിച്ചിട്ടുണ്ട്. സഹജാവബോധമാണ് അവയിലൊന്ന്. പ്രകൃതിജന്യമായ ബോധവും തദാനുസാരമായുള്ള വിവേകവും അവനെ പൈശാചികതയില്‍നിന്ന് രക്ഷിക്കുകയും മാനുഷിക മൂല്യങ്ങളില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അവന്‍ അറിയാതെ അവന്റെ മനസ്സില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി കാണുമ്പോള്‍ അവനിലുണ്ടാകുന്ന വിപ്രതിപത്തിയും വെറുപ്പും അറപ്പും ഈ പ്രകൃതിബോധം കാരണമാണ്. ബുദ്ധിയും വിവേചന ശക്തിയുമുള്ളവനാണ് മനുഷ്യന്‍ എന്നതാണ് രണ്ടാമത്തെ കാര്യം. മനുഷ്യത്വരഹിതമായ, പൈശാചികമായ പ്രവൃത്തികള്‍ കാണുമ്പോള്‍ ഉണ്ടായിത്തീരുന്ന വെറുപ്പിന്റെ വികാരം അവന്റെ ബുദ്ധിയും വിവേകവും വഴി ഉണ്ടാകുന്നതാണ്. നല്ലതും ചീത്തയും വേണ്ടതും വേണ്ടാത്തതും വിവേചിച്ചറിയാനാണ് അവനെ ബുദ്ധി ഉപദേശിക്കുന്നത്.
മനുഷ്യകുലത്തിന്റെ വികാസവും പരിണാമവും മൂലം ഉണ്ടായിത്തീരുന്ന പ്രശ്‌നങ്ങളും സങ്കീര്‍ണതകളും വളരെ വലുതാണ്. അഭിപ്രായ വ്യത്യാസങ്ങളും സംഘട്ടനങ്ങളും സ്വാഭാവികമാണ്. തന്മൂലം അവരില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളും അഭിപ്രായാന്തരങ്ങളും മൂലം സമൂഹം മൃഗീയതയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥ വരും. അപ്പോഴാണ് ദൈവം പ്രവാചകന്മാരെ അയക്കുന്നത്. പ്രവാചകന്മാര്‍ മുഖേന മാര്‍ഗദര്‍ശനം ലഭിക്കുന്നതാണ് മൂന്നാമത്തെ മാര്‍ഗം. നാലാമതായി വേദഗ്രന്ഥങ്ങളാണ്. പ്രവാചകന്മാന്‍ മുഖേന അവതരിപ്പിക്കുന്ന വേദഗ്രന്ഥങ്ങള്‍ മനുഷ്യകുലത്തിന്റെ സമൂലമായ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പ്രവാചകന്മാര്‍ കൊണ്ടുവന്ന യഥാര്‍ഥ വേദഗ്രന്ഥം ഇന്ന് അവശേഷിക്കുന്നത് ഖുര്‍ആന്‍ മാത്രമാണ്. മറ്റ് പൂര്‍വ വേദഗ്രന്ഥങ്ങളിലെല്ലാം പില്‍ക്കാലത്തെ അനുചരന്മാരുടെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് വേദഗ്രന്ഥങ്ങളില്‍ മിക്കതും ആചാര്യമാരുടെ പേരില്‍ അറിയപ്പെടുന്നത്. വേദഗ്രന്ഥങ്ങളില്‍ പലതിന്റെയും യഥാര്‍ഥ ഭാഷപോലും ഇന്ന് നിലവിലില്ല. അവയുടെ വ്യാഖ്യാനങ്ങളോ, ആചാര്യന്മാരുടെ നിരീക്ഷണങ്ങളോ, അവരുടെ അഭിപ്രായങ്ങളോ ആണ് ഇന്ന് നമുക്ക് കിട്ടുന്നത്. അതിനാല്‍ അതിന്റെ അടിസ്ഥാനം പരതി പോകേണ്ടതില്ല.
വിശുദ്ധ ഖുര്‍ആന്‍ ഈ പറഞ്ഞ കൈകടത്തലുകളില്‍നിന്നൊക്കെ ശുദ്ധമാണ്. വിഖ്യാത ചിന്തകനായ കാര്‍ലൈല്‍ പറയുന്നു: 'ഖുര്‍ആന്‍ യാതൊരു സംശയത്തിനും ഇടനല്‍കാത്ത മഹത്തായ ഒരു ഗ്രന്ഥമാണ്. മഹത്തായ സത്യബോധവും ഉദാരമായ വിശ്വാസവും ഖുര്‍ആന്റെ മാഹാത്മ്യം എനിക്ക് വെളിപ്പെടുത്തിത്തരുന്നു. ഒരു ഗ്രന്ഥത്തിന്റെ ആദ്യന്തം കണ്ടെത്താവുന്ന മഹത്വം! വിവിധ മേന്മകള്‍ അതില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. എന്നല്ല, അന്ത്യമായി പറയാനുള്ള ഒരു ഗ്രന്ഥമാണിത്.' മറ്റൊരു ചിന്തകന്‍ എഴുതിയത് ഇങ്ങനെ: 'പ്രവാചകന്‍ മുഹമ്മദ് മരിച്ച് 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കി ഒരു കൃതിയിലാക്കിയിരുന്നു. യാതൊരു മാറ്റവും കൂടാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു എന്നതാണ് അതിന്റെ സവിശേഷത. ബൈബിളിനെപ്പോലെ കൈകടത്തലുകളോ, ഇടപെടലുകളോ, പരിഭാഷകരുടെ വളച്ചൊടിക്കലുകളോ കൂടാതെ അത് ഇന്നും നിലനില്‍ക്കുന്നു'.
ഭൗതികവും ആത്മീയവുമായ വീക്ഷണങ്ങള്‍ക്കിടയില്‍ വൈരുധ്യമില്ലാത്ത സുഭദ്രവും സമ്പൂര്‍ണവുമായ ഒരു ആദര്‍ശ തത്ത്വസംഹിതയാണ് ഇസ്‌ലാം. വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുകയും അഭിലാഷങ്ങള്‍, അഭിപ്രായങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. മനുഷ്യന്റെ ആഭ്യന്തരവും ബാഹ്യവുമായ ശക്തികളെ സമന്വയിപ്പിച്ച്, ആത്മീയവും ഭൗതികവുമായ അവന്റെ വീക്ഷണങ്ങളെ സംയോജിപ്പിച്ച് അവനെ ഏറ്റവും ഉത്തമനും ഉന്നതനുമാക്കാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. വില്യം മൂര്‍ പറയുന്നു: 'നൂറ്റാണ്ടുകളായി യാതൊരു മാറ്റവുമില്ലാതെ ഇത്രയും പരിശുദ്ധതയോടെ നിലനില്‍ക്കുന്ന മറ്റൊരു ഗ്രന്ഥം ലോകത്ത് എവിടെയും കാണില്ല'.
Comments