ഡെമോക്ലീസിന്റെ വാള്‍
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഡിസംബര്‍ 16 വരെ കാത്തിരുന്നാല്‍ മതി. തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനുശേഷം വരാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാകുമോ? ആവില്ല എന്നതാണ് യാഥാര്‍ഥ്യം. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 ജില്ലാ കൗണ്‍സിലുകളും എല്‍.ഡി.എഫിന് ലഭിച്ചു. നാലു കൊല്ലം മാത്രം പൂര്‍ത്തിയാക്കിയ നായനാര്‍ മന്ത്രിസഭ രാജി വെച്ച് അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ 101 എം.എല്‍.എമാരുമായി എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫാണ് അധികാരത്തില്‍ വന്നത്. ഈ ഒറ്റ ഉദാഹരണം മതി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം അസംബ്ലി തെരഞ്ഞെടുപ്പിനെ ഒരു പരിധി വരെ മാത്രമേ സ്വാധീനിക്കൂ എന്ന് വിലയിരുത്താന്‍.
വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്നതെങ്കില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 'അതിവേഗം ബഹുദൂരം' എന്ന മട്ടില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ എയര്‍പോര്‍ട്ടും ഉള്‍പ്പെടെ തുടങ്ങിവെച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ്. പക്ഷേ, വി.എസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കാണ് ജനം വോട്ട് നല്‍കിയത്. മതികെട്ടാന്‍ മുതല്‍ സോളാറും ബാര്‍ കോഴയും ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ കടുംവെട്ട് വരെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ജനവിധിയെ സ്വാധീനിച്ചത് വികസനത്തെ പിന്തള്ളി ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പ്രളയമാണ്.
ഇക്കുറി ഇടതുമുന്നണിയെ നയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസോടെ മുഖ്യമന്ത്രി തന്നെ അഴിമതി ആരോപണ ശരങ്ങളുടെ നടുവിലാണ്. രണ്ടാമനായ മുന്‍ ആഭ്യന്തര മന്ത്രി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ഇ.ഡിയുടെ കസ്റ്റഡിയിലായതോടെ വന്‍ പ്രതിസന്ധിയിലാണ്. ഒരേസമയം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വര്‍ധിത വീര്യത്തോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കേണ്ട സന്ദര്‍ഭത്തിലാണ് ഈ ദുരവസ്ഥ ഇടതുമുന്നണി അഭിമുഖീകരിക്കുന്നത്.
രണ്ട് പ്രളയങ്ങളെയും കോവിഡിനെയും സമര്‍ഥമായി നേരിട്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി തുടര്‍ ഭരണം ഉറപ്പിക്കാം എന്ന് ഇടതുപക്ഷം പ്രത്യാശിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഇടിത്തീ പോലെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌നയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും കേന്ദ്ര ഏജന്‍സിയുടെ പിടിയില്‍ അകപ്പെട്ടത്. അതിനു പിന്നാലെ മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കലിലും ബിനീഷ് കോടിയേരിയും പിടിയിലായി. ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ ഇടപാടിനെക്കുറിച്ച് അറിയാനായി മുഖ്യമന്ത്രിയുടെ മറ്റൊരു പ്രതിപുരുഷനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി വിളിപ്പിച്ചിരിക്കുകയാണ്.
എന്‍.ഐ.എ തുടങ്ങി സി.ബി.ഐ വരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും അന്വേഷണവും സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര ഏജന്‍സികളുടെ കടന്നുകയറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നു. മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കേണ്ടെന്നും സെക്രട്ടേറിയറ്റില്‍ തീരുമാനമായി. പട നയിക്കേണ്ട മുഖ്യമന്ത്രിക്ക് നേരെ തന്നെയാണ് അന്വേഷണ ഏജന്‍സികളുടെ നീക്കമെന്നാണ് എല്ലാവരും സംശയിക്കുന്നത്. ഇത്തരം ഒരു ഘട്ടത്തില്‍ ഇടതുപക്ഷത്തിന് തദ്ദേശ തെരഞ്ഞെടുപ്പിനെയും അസംബ്ലി തെരഞ്ഞെടുപ്പിനെയും നേരിടാനുള്ള കരുത്താര്‍ജിക്കാനാകുമോ?
നാലു കൊല്ലത്തോളം സാമാന്യം തരക്കേടില്ലാതെ മുന്നോട്ടുപോയ പിണറായി സര്‍ക്കാര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസോടെയാണ് അഴിമതി ആരോപണങ്ങളുടെ ചുഴിയില്‍ അകപ്പെട്ടത്. പിന്നെ ആരോപണങ്ങളുടെ പ്രവാഹമായി. സ്പ്രിംഗ്ലര്‍ ഇടപാട് മുതല്‍ ഒട്ടനവധി ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനും ഉന്നയിച്ചത്. അന്വേഷണ ഏജന്‍സികള്‍ ഈ ആരോപണങ്ങളില്‍ പലതും ശരിയാണെന്ന് കണ്ടെത്തിയതോടെ എല്ലാ അര്‍ഥത്തിലും പ്രതിരോധത്തിലാണ് പിണറായി സര്‍ക്കാര്‍. ഡെമോക്ലീസിന്റെ വാള്‍ പോലെ സി.ബി.ഐ ഉള്‍പ്പെടെ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ തലക്ക് മുകളിലാണ്.
2021 മെയ് മാസത്തിലാണ് അസംബ്ലി തെരഞ്ഞെടുപ്പ്. കോവിഡിനുശേഷമുള്ള പുതുവര്‍ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയാണ്. അഴിമതിരഹിത ഭരണത്തിനാണോ വികസനത്തിനാണോ മുന്‍തൂക്കം? തെരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം ഇതാകും.
Comments