Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

തോരപ്പ മുഹമ്മദ് അഥവാ മലപ്പുറത്തിന്റെ ജൈവ ബുദ്ധിജീവി

സമീര്‍ ബിന്‍സി

അറുപത് വര്‍ഷത്തോളമായി മലപ്പുറം കോട്ടപ്പടിയിലെ കുഞ്ഞു പീടികമുറിയില്‍ ഹോമിയോ ചികിത്സ നടത്തിയിരുന്ന  തോരപ്പ മുഹമ്മദ് എന്ന ബാപ്പോക്ക (ബാപ്പുക്ക) ചികിത്സാ രംഗത്തും വൈജ്ഞാനിക- ചിന്താ രംഗത്തും വ്യതിരിക്തമായ രീതി വെച്ചു പുലര്‍ത്തിയ സവിശേഷ വ്യക്തിത്വമായിരുന്നു. ഒക്ടോബര്‍ 26-ന് വിടപറഞ്ഞ ബാപ്പുക്കയുടെ ചികിത്സാ മുറി, ദശകങ്ങളായി സമൂഹത്തിലെ സാധാരണക്കാര്‍ മുതല്‍, ജാതി മത സംഘടനാ ഭേദമന്യേ പല നേതാക്കളുടെയും സന്ദര്‍ശന-സംസാര സ്ഥലമായിരുന്നു. ഒരേ സമയം വൈദ്യം, സംസ്‌കാരം, ചരിത്രം, ഭാഷ, തത്ത്വചിന്ത, മതം, രാഷ്ട്രീയം തുടങ്ങി സകല കാര്യങ്ങളെക്കുറിച്ചും സംസാര - സംവാദം നടത്തുന്ന ബാപ്പുക്കയുടെ ചികിത്സാ മുറി മലപ്പുറം ടൗണിന്റെ ഹൃദയമായിരുന്നു.
എന്റെ ജീവിതത്തില്‍ ആദ്യം കണ്ട ലെജന്റ് അദ്ദേഹം തന്നെയാണ്. ബന്ധു കൂടിയായ അദ്ദേഹത്തോട് ജീവിതം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് കാലിന് ചലനശേഷിയില്ലാതെ രണ്ട് വര്‍ഷത്തോളം കിടപ്പിലായ എന്നെ, തന്റെ ചികിത്സ കൊണ്ട് എണീറ്റ് നടത്തിച്ചു. പിന്നീട് എന്റെ ബൗദ്ധിക - അന്വേഷണ - പഠന - കലാ  വഴികളില്‍ പ്രചോദനവും പ്രോത്സാഹനവുമായി ഇക്കാലം വരെ കൂടെ നിന്നു. രണ്ട് തരത്തിലും എന്നെ നടത്തിച്ച ആള്‍.
1932-ല്‍ മലപ്പുറം വലിയങ്ങാടിയില്‍ ജനിച്ച ബാപ്പുക്ക തന്റെ  വിദ്യാഭ്യാസം മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കല്‍ പ്രൈമറി സ്‌കൂളിലും തുടര്‍ന്ന് കുറച്ച് കാലം മലപ്പുറം മോഡല്‍ ഹൈസ്‌കൂളിലും നിര്‍വഹിച്ച ശേഷം പിതാവിന്റെ തൊഴില്‍സ്ഥലമായിരുന്ന തമിഴ്നാട്ടിലെ കൂനൂരിലേക്ക് പോവുകയായിരുന്നു. ഊട്ടിയും സമീപപ്രദേശമായ കൂനുരും അക്കാലത്തെ ബ്രിട്ടീഷ് സെറ്റില്‍മെന്റുകളായിരുന്നു. ബാലനായിരുന്ന ബാപ്പുക്ക അവിടെ എസ്റ്റേറ്റില്‍ സായിപ്പിനെ സഹായിച്ചുകൊണ്ടുള്ള എഴുത്തുപണിയുമായി കൂടി. ജോലി പേരിനായിരുന്നുവെന്നും ഭാഷ നന്നായി പഠിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ബാപ്പുക്ക പറയുന്നു. അക്കാലത്തെ എഴുത്ത് - കണക്ക് സൂക്ഷിപ്പാണ് പില്‍ക്കാലത്ത് ആയിരക്കണക്കിന് രോഗികളെ ഒരേ സമയം ചികിത്സിക്കുമ്പോഴും ഒരാളുടെ പോലും പേരും കേസ് ഹിസ്റ്ററിയും എവിടെയും കുറിച്ചുവെക്കാതെ ഓര്‍ക്കാന്‍ സഹായകമായത് എന്ന് ബാപ്പുക്ക പറഞ്ഞിട്ടുണ്ട്.
എക്കാലവും വ്യതിരിക്ത നിരീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന അദ്ദേഹം ഹോമിയോയില്‍ താല്‍പര്യം ജനിച്ച ഉടനെ ചെയ്തത് ഈ ചികിത്സാ ശാഖയുടെ ഉപജ്ഞാതാവായ സാമുവല്‍ ഹാനിമാന്റെ ഭാഷയായ ജര്‍മന്‍ പഠിച്ചെടുക്കുകയായിരുന്നു. ഹോമിയോയുടെ അടിസ്ഥാന ഭാഷയായ ജര്‍മനില്‍ തന്നെ ആഴത്തിലുള്ള അറിവ് കരസ്ഥമാക്കി കൂനൂരിലും പിന്നീട് 1960 മുതല്‍ മലപ്പുറം കോട്ടപ്പടിയിലും ചികിത്സ ആരംഭിച്ചു.
ഹോമിയോ ശാസ്ത്രീയമല്ലെന്നും അതിന് കലയോടും മതത്തോടുമാണ് സാമ്യം എന്നും അദ്ദേഹം പറയും.
മരുന്ന്  വളരെ നിര്‍ബന്ധിതമായാല്‍ മാത്രം  കഴിക്കേണ്ട ഒന്നാണ് എന്നായിരുന്നു അഭിപ്രായം. തന്നെ സമീപിച്ചവരില്‍ മരുന്ന് കിട്ടാതെ മടങ്ങിയവരാണ് മരുന്ന് കിട്ടിയവരേക്കാള്‍ കൂടുതല്‍. ഹോമിയോയില്‍ നടക്കുന്ന പുതിയ പരീക്ഷണങ്ങള്‍ക്ക് എതിരായിരുന്ന അദ്ദേഹത്തിന് തന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു സമയം ഒരു മരുന്ന് എന്ന തത്ത്വം പ്രായോഗികമാക്കിയ അദ്ദേഹം ഹോമിയോയിലെ ഹാനിമാന്‍സ് ക്ലാസിക് രീതിയില്‍ നിന്ന് ഒട്ടും വ്യതിചലിക്കരുതെന്ന നിഷ്‌കര്‍ഷ  പുലര്‍ത്തി.
ഒന്നു വിചാരിച്ചിരുന്നെങ്കില്‍ അതിസമ്പന്നനാകാന്‍ കഴിയുമായിരുന്ന അദ്ദേഹം ഭൗതികാഡംബങ്ങളോടും സമ്പത്തിനോടും ഒട്ടും താല്‍പര്യം കാണിച്ചില്ല. പഠനം, അന്വേഷണം, ചികിത്സ ഇതായിരുന്നു മുഖ്യം. അദ്ദേഹം കൈവെക്കാത്ത വൈജ്ഞാനിക മേഖലകളില്ല. മതം, തത്ത്വചിന്ത, ചരിത്രം, ശാസ്ത്രം, കലാപഠനം, സൗന്ദര്യ ശാസ്ത്രം, ഭാഷ (ചൈനീസ്, മലയ അടക്കം), ഗണിതം തുടങ്ങി എല്ലാറ്റിലും വ്യതിരിക്തമായ അറിവാഴവും ഗ്രന്ഥശേഖരവും! വിവിധങ്ങളും അപൂര്‍വങ്ങളുമായ  ഖുര്‍ആന്‍ പരിഭാഷകളും ചികിത്സാ - തത്ത്വചിന്താ- ഭാഷാ ഗ്രന്ഥങ്ങള്‍ മുതല്‍ സൂക്ഷ്മ പ്രാദേശിക രേഖകളും ചിത്രങ്ങളും ബാപ്പുക്കയുടെ വലിയ ശേഖരത്തിലുണ്ട്.
റിട്ടേണിംഗ് ടു ഹാനിമാന്‍ എന്ന ഇംഗ്ലീഷ് പുസ്തകവും ഹോമിയോ തത്ത്വങ്ങളെക്കുറിച്ച ഒരു മലയാള പുസ്തകവും അദ്ദേഹം രചിച്ചു. സാഹിത്യ -  സാംസ്‌കാരിക മേഖലയിലെ പുതിയ പ്രവണതകളെ നിരന്തരം നിരീക്ഷിച്ച് വിലയിരുത്തിയിരുന്ന അദ്ദേഹം, എല്ലാ പ്രബല സാമൂഹിക വീക്ഷണങ്ങളുടെയും നിത്യവിമര്‍ശകനായിരുന്നു.
മികച്ച ഫുട്‌ബോള്‍ സംഘാടകന്‍ കൂടിയായ ബാപ്പുക്കാക്ക് ഫുട്ബോളിന്റെ ചരിത്രം, വിവിധ കളി ശൈലികള്‍, കളിയുടെ സൈദ്ധാന്തിക വശങ്ങള്‍ എന്നിവയെക്കുറിച്ചും ആഴമേറിയ അറിവുണ്ടായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ രൂപീകരണ കാലം മുതല്‍ 1978 വരെ അതിന്റെ സെക്രട്ടറിയും കൊരമ്പയില്‍ അഹമ്മദ് ഹാജി പ്രസിഡന്റുമായിരുന്നു. 1990 വരെ മലപ്പുറം സോക്കര്‍ ക്ലബ് സെക്രട്ടറിയായിരുന്ന ബാപ്പുക്ക എന്ന ഫുട്‌ബോള്‍ സംഘാടകന് 'ഫിഫ'യുടെ ആദരം ലഭിച്ചിട്ടുണ്ട്.
കുട്ടികളോടുള്ള വാത്സല്യത്തിലും സ്ത്രീകളോടുള്ള പരിഗണനയിലും മുന്നില്‍ നിന്ന അദ്ദേഹം, സമുദായത്തിന്റെ വൈജ്ഞാനിക- സാംസ്‌കാരിക വികാസത്തെ നിരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സാമുദായികതയുടെ ഉത്തമ വശങ്ങളോട് എപ്പോഴും ഒപ്പം നിന്നിരുന്നു. മലപ്പുറത്തിന്റെയും 1921-ലെ മലബാര്‍ വിപ്ലവത്തിന്റെയും ചരിത്രത്തെക്കുറിച്ച ആധികാരിക റഫറന്‍സ് തന്നെയായിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ പ്രാദേശിക സൂക്ഷ്മ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പാട് രേഖകള്‍ ഉണ്ടായിരുന്നു. റോളണ്ട് മില്ലര്‍ അടക്കമുള്ള ചരിത്രകാരന്മാരോട് വ്യക്തി ബന്ധവും അടുപ്പവും പുലര്‍ത്തി.
ബാപ്പുക്കയുടെ കാഴ്ചപ്പാടുകളും സംവാദ രീതിയും രസകരവും സവിശേഷതയേറിയതുമായിരുന്നു. ആഴത്തിലുള്ള ഒരു പിടിതരായ്കയായിരുന്നു അത്.
മതവിശ്വാസത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും സ്വതന്ത്ര ചിന്തയുടെ വിശാലതയക്കുറിച്ചും രസകരമായി സംസാരിക്കുന്ന അദ്ദേഹം ചിലപ്പോള്‍ യുക്തിവാദത്തിന്റെ 'സ്വതന്ത്ര അന്ധത'യെക്കുറിച്ച് അതിസുന്ദരമായ ഒരു എന്‍സൈക്ലോപീഡിയയാകും! ഒരു അടഞ്ഞ വിശ്വാസി തന്റെ അടുത്തെത്തിയാല്‍ നല്ലൊരു മതവിമര്‍ശകനാകുന്ന ബാപ്പുക്ക, ഒരു ശാസ്ത്രബോധിക്കു മുമ്പില്‍ അശാസ്ത്രീയ മതാത്മകതയുടെ സൗന്ദര്യത്തെക്കുറിച്ചും വിശ്വാസത്തിന്റെ അനിവാര്യതയെക്കുറിച്ചും വാചാലനാവും.
ആത്മീയ - മതമാത്ര വാദികളെ ശാസ്ത്രീയ പരിപ്രേക്ഷ്യത്തെക്കുറിച്ച ഗ്രന്ഥ/ നോട്ടങ്ങളിലേക്ക് കൊണ്ടുപോകുന്ന അദ്ദേഹം, ശാസ്ത്രം സത്യമെന്ന് പറയുന്നയാളെ ശാസ്ത്രബാഹ്യ സത്യങ്ങളുടെ സാധ്യതാ - സാധുതകളിലേക്ക് ആനയിക്കും. ഒരു പാരമ്പര്യവാദിക്കു മുമ്പില്‍ പുരോഗമനത്തെക്കുറിച്ച വിവിധ പേഴ്സ്പെക്ടീവുകളുമായി നില്‍ക്കുന്ന ബാപ്പുക്ക, പുരോഗമനവാദിയുടെ മുമ്പില്‍ ട്രഡീഷണലിസത്തെക്കുറിച്ചുള്ള മുഴുവന്‍ ചര്‍ച്ചകളുടെയും കെട്ടഴിച്ച് വലിയൊരു ചോദ്യമാവും!
വിമര്‍ശം എന്നാല്‍ എന്തെന്നും എങ്ങനെയെന്നും പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌