Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ജോസഫ് ബൈഡനും അമേരിക്കന്‍ നിയോലിബറലിസത്തിന്റെ തിരിച്ചുവരവും

മുഹമ്മദ് ഷാ

കഴിഞ്ഞ വര്‍ഷമാണ് (2019) ന്യൂയോര്‍ക്കിലെ ഹാഷെറ്റ് ബുക്ക് ഗ്രൂപ്പ് 'ഒരു മുന്നറിയിപ്പ്' (A Warning)  എന്നു പേരുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ കര്‍ത്താവ് ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. അനോനിമസ് (അജ്ഞാതന്‍) എന്നാണ് രചയിതാവിന്റെ പേരായി വെച്ചിരിക്കുന്നത്. പേരു വെളിപ്പെടുത്തുന്നത് തന്റെ കരിയറിനും ജീവനു തന്നെയും ഭീഷണിയായി മാറാം എന്നു ഭയന്നിരുന്ന രചയിതാവ്, ഇങ്ങനെയൊരു പുസ്തകമെഴുതുന്നത് ട്രംപിനെതിരെയുള്ള തന്റെ 'ഉള്ളില്‍ നിന്നുള്ള' പോരാട്ടത്തിന്റെ ഭാഗമായാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. പുസ്തകത്തിലുടനീളം, അമേരിക്കയും ലോകവും പില്‍ക്കാലത്ത് 'അബ്നോര്‍മല്‍'  എന്നു വിശേഷിപ്പിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭരണജീവിതത്തെക്കുറിച്ചും ഓവല്‍ ഹൗസിലെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളാണ്. തന്റെ ഉദ്യോഗസ്ഥരാല്‍ വെറുക്കപ്പെട്ടിരുന്ന ട്രംപ് ഭരണകാര്യങ്ങളില്‍ അതിശയമാംവിധം വിവരക്കേട് പുലര്‍ത്തുന്നയാളാണ് എന്ന് പുസ്തകം തുറന്നടിക്കുന്നു. ജോണ്‍ മെക്കയിന്‍ എന്ന, സാഹസികമായ പട്ടാളസേവനത്തിലൂടെയും ഒപ്പം താന്‍ അനുഭവിക്കേണ്ടി വന്ന പീഡനത്തിലൂടെയും അമേരിക്കയിലുടനീളം പ്രസിദ്ധനായ ദേശാഭിമാനിയുടെ മരണത്തെ വേണ്ടവിധം ബഹുമാനിക്കാത്തയാളാണ് ട്രംപ് എന്നെഴുതിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പുസ്തകത്തിന്റെ ആഖ്യാനസ്വഭാവം വ്യക്തമാണ്. ട്രംപിനെ വിമര്‍ശിക്കാന്‍ ഈ പുസ്തകം മുന്‍ നിര്‍ത്തുന്ന കാരണങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തെ ബെസ്റ്റ് സെല്ലറാക്കിയ അമേരിക്കന്‍ ജനത ജോ ബൈഡനെ പ്രസിഡന്റായി തെരഞ്ഞെടുത്തിന് പിന്നിലുമുള്ളത്. അമേരിക്കന്‍ ദേശാഭിമാനം (American Patriotism)  തൊട്ടു തീണ്ടിയിട്ടില്ലാത്ത തീര്‍ത്തും അബ്നോര്‍മല്‍ ആയ വ്യക്തി ആയിട്ടാണ് ട്രംപ് ചിത്രീകരിക്കപ്പെടുന്നത്. 
ചൊവ്വാഴ്ചയിലെ തെരഞ്ഞെടുപ്പ് രാത്രിയില്‍ ട്രംപ് അസാധാരണമാം വിധം മുന്നിട്ടു നില്‍ക്കുകയായിരുന്നു. അതു കൊണ്ട് തന്നെ, പിറ്റേ ദിവസം ക്ലാസില്‍ വെച്ച് തീര്‍ത്തും മ്ലാനനായി കാണപ്പെട്ട എന്റെ അധ്യാപകനോട് ഈ ലേഖകന്‍ ക്ലാസിനു ശേഷം തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്തു. ജോ ബൈഡന്‍ വന്നാലും അമേരിക്കയില്‍ എന്താണ് മാറുക എന്നു ഞാന്‍ ചോദിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയോട് കടുത്ത അഭിവാഞ്ഛ പുലര്‍ത്താത്ത, എന്നാല്‍ പൊതുവില്‍ ഇടതു സോഷ്യലിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്ന അദ്ദേഹം പറഞ്ഞത്, 'ശരിയാണ്, ഞാന്‍ യോജിക്കുന്നു. ബൈഡന്‍ മാറ്റമൊന്നും കൊണ്ട് വരില്ലായിരിക്കാം.  പക്ഷേ, ട്രംപ് അബ്നോര്‍മലാണ്, ബൈഡനാകട്ടെ നമ്മളെപ്പോലെയുള്ള ഒരു മനുഷ്യനും' എന്നാണ്. ഒരു  വ്യക്തിയുടെ മനോനിലക്കപ്പുറം ഒരു ഭരണത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും ഘടനാപരമായ വിശകലനമാണ് നടത്തേണ്ടത് എന്നു വിചാരിക്കുന്ന ഇടതുവീക്ഷകരില്‍ പോലും ട്രംപ് മാറി ബൈഡന്‍ വരണം എന്നത് അവരുടെ വൈയക്തിക മനോഭാവവുമായി മാറി എന്നത് യാദൃഛികമല്ല. പീറ്റര്‍ കിവിസ്തോവിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകത്തിലും (The Trump Phenomenon: How the Politics of Populism Won in 2016)   ട്രംപിനെ മനഃശാസ്ത്രപരമായാണ് സമീപിച്ചിരിക്കുന്നത്. അതിലെ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ട്രംപ് കാമ്പയിനെ കിവിസ്തോവ് ബന്ധിപ്പിക്കുന്നത്, ഇരുപതാം നൂറ്റാണ്ടിലെ ജോണ് ബിര്‍ച് സൊസൈറ്റി എന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ തണലില്‍ വളര്‍ന്നു വന്ന വലതുപക്ഷ വ്യാവസായിക പ്രത്യയശാസ്ത്രവുമായാണ്. അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ വലതുപക്ഷത്തെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവാക്കാന്‍ പരിശ്രമിച്ച ജോണ്‍ ബിര്‍ച് സൊസൈറ്റി ഭരണകൂടത്തിന്റെ നിയന്ത്രണം കുറച്ചു കൊണ്ടുവരികയും ക്രൈസ്തവതയും മൂലധനവും ഒത്തുപോകുന്ന ഒരു രാഷ്ട്രീയ ക്രമം ലക്ഷ്യം വെക്കുകയുമാണ് ചെയ്തത്. കിവിസ്തോവ് പറയുന്നത്, അതിനാല്‍ തന്നെ ട്രംപ് അമേരിക്കയിലെ ലിബറല്‍ എലീറ്റുകള്‍ക്ക് പലപ്പോഴും അതൃപ്തിയുണ്ടാക്കിക്കൊണ്ടിരിക്കുന്നയാളാണ് എന്നാണ്. ഭരണകൂട കേന്ദ്രീകൃതമായ ലിബറല്‍ മൂലധനത്തിന് ട്രംപ് ഒരു പ്രശ്നക്കാരനാണ് എന്നത് അമേരിക്കന്‍ രാഷ്ട്രീയ വ്യവഹാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ വളരെ പ്രസക്തമായ ഒന്നാണ്. മതേതര ഭരണകൂട മൂലധനവും വലതുപക്ഷ പോപ്പുലിസവും എല്ലായിടത്തും വൈരുധ്യാത്മകമാണോ എന്ന, എളുപ്പം തെറ്റിദ്ധരിക്കപ്പെടാനിടയുള്ള ചോദ്യമാവാം ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പിലെ ബൈഡന്റെ വിജയത്തിനുള്ള ഉത്തരം.
 
വോട്ടു ഘടകങ്ങള്‍

അമേരിക്കയിലെ തെക്കന്‍ സ്റ്റേറ്റുകള്‍ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ നിര്‍ണായകമാണ്. അലബാമ, ജോര്‍ജിയ, കെന്റക്കി, ഫ്ളോറിഡ, ടെക്സാസ്, വിര്‍ജീനിയ തുടങ്ങി പതിനാറോളം സ്റ്റേറ്റുകള്‍ അമേരിക്കന്‍ ചരിത്രത്തിലെ സംഭവബഹുലമായ പലതിനും സാക്ഷികളാണ്. അടിമത്തം ആണ് അവയില്‍ പ്രധാനം. അതിനാല്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് കിട്ടാക്കനിയായിരുന്നു ഇവയില്‍ പല സ്റ്റേറ്റുകളും. അറുപതുകളോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സതേണ്‍ സ്ട്രാറ്റജി എന്ന പേരില്‍ ഒരു പോളിസി നടപ്പാക്കി.  ഈ സ്റ്റേറ്റുകളില്‍ വ്യാപകമായി ഒരു വൈറ്റ് വോട്ടിംഗ് മജോറിറ്റിയെ സൃഷ്ടിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. അതിനായി കൃത്യമായി വംശീയതയിലൂന്നിയ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ഡെമോക്രാറ്റുകളെ സംബന്ധിച്ചേടത്തോളം Solid South  എന്നറിയപ്പെട്ട ഈ പ്രദേശം തൊള്ളായിരത്തി അറുപത്തഞ്ചിലെ സിവില്‍ റൈറ്റ് ആക്ടിനു ശേഷം പതിയെ റിപ്പബ്ലിക്കന്‍ സ്വാധീനത്തിലേക്ക് വഴുതാന്‍ തുടങ്ങി; അതേസമയം വടക്കന്‍ സ്റ്റേറ്റുകളാവട്ടെ ഡെമോക്രാറ്റുകളിലേക്കും. തൊള്ളായിരത്തി എണ്‍പത്തി നാലിനു ശേഷം നോര്‍ത്ത് കരോലിന, ജോര്‍ജിയ, ഫ്ളോറിഡ, വിര്‍ജീനിയ, അലബാമ, മിസ്സിസ്സിപ്പി തുടങ്ങിയ സ്റ്റേറ്റുകളില്‍ വളരെ അപൂര്‍വമായി മാത്രമേ ഡെമോക്രാറ്റുകള്‍ ജയിച്ചിട്ടുള്ളൂ. സൗത്ത് കരോലിന ആകട്ടെ, തീരെയുമില്ല. ഇത് അറുപതുകള്‍ക്ക് ശേഷമുള്ള സതേണ്‍ സ്ട്രാറ്റജിയുടെ വിജയമായി കണക്കാക്കപ്പെടുന്നു. ടെക്സാസ് പോലുള്ള അതീവ മിശ്രവംശ സ്റ്റേറ്റുകളില്‍ റിപ്പബ്ലിക്കന്മാര്‍ കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തിപ്പോരുന്നു. ഫ്ളോറിഡയില്‍ ഇത്തവണയും ജയിച്ചത് റിപ്പബ്ലിക്കന്മാരാണ്.
മുമ്പത്തെ അപേക്ഷിച്ച് ഏറ്റവുമധികം ലാറ്റിനോകള്‍ വോട്ട് ചെയ്തത് ട്രംപിനാണെന്ന് കാണാം. കൂടാതെ, കറുത്ത വര്‍ഗക്കാര്‍ക്കിടയിലും കൂടുതല്‍ ട്രംപ് അനുകൂല വോട്ടുകള്‍ വന്നത് ഇത്തവണയാണ്. വെള്ളക്കാരികളായ സ്ത്രീകളില്‍ പകുതിയിലേറെയും ഇത്തവണ ട്രംപിന് വോട്ടു കൊടുത്തു. മുസ്ലിംകളാകട്ടെ, റിപ്പോര്‍ട്ടുകളനുസരിച്ച് പതിനേഴു ശതമാനം ട്രംപിന് വോട്ടു കൊടുത്തു. ഈ വിഭാഗങ്ങളില്‍ പ്രായം ചെന്നവരാണധികവും ട്രംപനുകൂലികളെന്നു കാണാം. എല്ലായ്പ്പോഴും ന്യൂനപക്ഷങ്ങളുടെ വോട്ടിംഗിനെ നിര്‍ണയിക്കുന്നത് അവരുടെ ന്യൂനപക്ഷപരത എന്ന അവസ്ഥ തന്നെ ആകണമെന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ജോലിസ്ഥിരത, ആരോഗ്യരംഗം തുടങ്ങി സദാചാര സങ്കല്‍പങ്ങള്‍ വരെ അവയെ നിര്‍ണയിക്കാം. ഉദാഹരണത്തിന് മുസ്‌ലിംകളിലെ വലിയൊരു വിഭാഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്ഥിരമായി വോട്ടു കൊടുക്കുന്നവരാണ്. അതിന് പ്രധാന കാരണം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന യാഥാസ്ഥിതികമെന്ന് പറയപ്പെടാറുള്ള നിലപാടുകളാണ്. ബുഷ് ഭരണത്തിനു ശേഷം മുസ്‌ലിം വോട്ടിംഗ് നില കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു തുടങ്ങി എന്നു പറയാം. ഒരുപക്ഷേ  ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഇത്തവണ ട്രംപിന് കൂടുതല്‍ മുസ്‌ലിംകള്‍ വോട്ട് ചെയ്യുമായിരുന്നു എന്നു നിരീക്ഷിക്കപ്പെടുന്നു.
മുസ്‌ലിം വോട്ടിംഗിന്റെ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ അമേരിക്കയിലെ മുസ്‌ലിം സമുദായത്തിന്റെ വൈവിധ്യം അറിയേണ്ടതുണ്ട്. വലിയ ശതമാനം വെള്ളക്കാരായ അമേരിക്കക്കാര്‍ക്കൊപ്പം ദക്ഷിണേഷ്യക്കാരായ കുടിയേറ്റക്കാര്‍ മുസ്ലിംകളിലെ നിര്‍ണായക വിഭാഗമാണ്. അതു കൊണ്ട് തന്നെ മുസ്ലിംകളോട് വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥികളധികവും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളോടും ദക്ഷിണേഷ്യന്‍ രാജ്യങ്ങളോടുമുള്ള തങ്ങളുടെ നയങ്ങള്‍ കൂടി ഊന്നിപ്പറയാറുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും ഇറാഖില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നുമൊക്കെയാണ് പ്രധാന വാഗ്ദാനങ്ങള്‍. എന്നാല്‍ രസകരമായ കാര്യം, പശ്ചിമേഷ്യന്‍ വിഷയങ്ങള്‍ പലപ്പോഴും മുസ്‌ലിം വോട്ടിംഗിലെ ഒരു ഘടകമേ ആകാറില്ല എന്നതാണ്.  അമേരിക്കന്‍ ആഭ്യന്തര, ആരോഗ്യ, തൊഴില്‍, സദാചാര നയങ്ങളൊക്കെയാണ് കൂടുതലായി മുസ്‌ലിം വോട്ടുകളെ സ്വാധീനിക്കാറുള്ളത്. ഇത് സൂചിപ്പിക്കുന്നത് അമേരിക്കന്‍ മുഖ്യധാരയില്‍ ഇഴുകി ചേര്‍ന്ന ഒരു സ്വാഭാവിക ന്യൂനപക്ഷമായി മുസ്‌ലിംകള്‍ മാറി എന്നാണ്. പശ്ചിമേഷ്യയിലെ ചോരയല്ല, മറിച്ച് അമേരിക്ക എന്ന വെല്‍ഫെയര്‍ സ്റ്റേറ്റ്  സങ്കല്‍പമാണ് മുസ്‌ലിംകളെ കൂടുതലായി സ്വാധീനിക്കുന്നത് എന്നര്‍ഥം. കറുത്ത വര്‍ഗക്കാരും ലാറ്റിനോകളും ആണ് അമേരിക്കന്‍ മുസ്ലിംകളിലെ തൊഴിലാളി വിഭാഗം. അവരിലൂടെയാണ് വംശം കേന്ദ്രമായ രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുന്നത്. കൂടാതെ പുതിയ തലമുറ മുസ്‌ലിംകളും വ്യാപകമായി വംശം കേന്ദ്രമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കറുത്ത വര്‍ഗക്കാരിലും പുതിയ തലമുറയാണ് ബൈഡനെ വിജയിപ്പിച്ചെടുത്തത്. പ്രത്യേകിച്ച് ജോര്‍ജിയ, പെന്‍സില്‍വാനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ കറുത്ത വര്‍ഗക്കാര്‍ ബൈഡന്റെ വിജയത്തിന് നിര്‍ണായകമായിട്ടുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എത്രമാത്രം ഒരു വോട്ടിംഗ് ഘടകമായി മാറി എന്നു പറയാന്‍ കഴിയില്ലെങ്കിലും അമേരിക്കയിലെ കോവിഡ് ദുരന്തവും ആന്റണി ഫോചി അടക്കമുള്ള ആരോഗ്യവിദഗ്ധരുമായുള്ള ട്രംപിന്റെ ഉടക്കും വലിയ അളവില്‍ വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. ഇവയൊക്കെ അമേരിക്കന്‍ ഇലക്ഷനെക്കുറിച്ച ആഴമേറിയ വിശകലനങ്ങളില്‍ പ്രമുഖ ഘടകങ്ങളല്ലെങ്കിലും, സമുദായങ്ങളെന്ന നിലയില്‍ രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങള്‍ എങ്ങനെ ഇടപെടുന്നു എന്നു മനസ്സിലാക്കാന്‍ പ്രയോജനപ്പെടും. 
ബൈഡനും കമല ഹാരിസും
ബൈഡനെയും കമല ഹാരിസിനെയും കുറിച്ചുള്ള വിശകലനത്തില്‍ നേരത്തേ സൂചിപ്പിച്ച അമേരിക്കന്‍ മൂലധനവും മതേതര ഭരണകൂടവും സവിശേഷമായ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബൈഡനും ഹാരിസും പ്രതിനിധീകരിക്കുന്നത് മതേതര സ്വഭാവമുള്ള ഭരണകൂട മൂലധനത്തെയാണ് എന്നത് സവിശേഷമാണ്. ഉദാഹരണത്തിന്, ഇസ്രയേലെന്ന രാജ്യം ട്രംപ് എന്ന വ്യക്തിയെയും ഇവാഞ്ചലിക്കല്‍ യാഥാസ്ഥിതികത്വത്തെയും അപേക്ഷിച്ച് പരിഗണിക്കുക അമേരിക്ക എന്ന മതേതര ക്രൈസ്തവ ലിബറല്‍ ഡെമോക്രസിയെയായിരിക്കും. അതിനാല്‍ തന്നെ, ട്രംപ് എന്ന വ്യക്തി തങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായിട്ടുണ്ടെങ്കില്‍ കൂടി, അധികം സയണിസ്റ്റ് അനുഭാവികളും ഇത്തവണ വോട്ടു ചെയ്തത് ബൈഡനാണ് എന്നു നിരീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ മധ്യേഷ്യയിലെ തന്ത്രപ്രധാന പങ്കാളിയാണ് ഇസ്രയേല്‍ എന്നതിനേക്കാള്‍ ഇസ്രയേലിന്റെ തന്ത്രങ്ങളില്‍ പ്രധാന പങ്കാളിയാണ് അമേരിക്ക എന്നു കാണണം. അതേ സമയം, ട്രംപ് നിര്‍മിച്ചെടുത്ത, ലിബറലുകളെ അലോസരപ്പെടുത്തുന്ന, ഒരു അധികാരമുന്നണി ബൈഡന്റെ താല്‍പര്യങ്ങളില്‍ പങ്കാളികളല്ല എന്നു പറയാനുമാവില്ല. കാരണം, റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ തന്നെ ട്രംപിന് സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കിവിസ്തോവിന്റെ വാദമുഖത്തെ സ്വാധീനിച്ചിരിക്കുന്ന മനഃശാസ്ത്രഘടകങ്ങള്‍ ട്രംപിനെ മനസ്സിലാക്കുന്നതില്‍ എല്ലായ്പ്പോഴും സഹായകരമല്ലെങ്കില്‍ കൂടി, അമേരിക്കന്‍ എസ്റ്റാബ്ലിഷ്മെന്റിന് ട്രംപ് ഏല്‍പിച്ച ആഘാതം സവിശേഷമായി പരിഗണിക്കേണ്ടതാണ്. അതാകട്ടെ, അമേരിക്കയില്‍ മൂലധനവും ഡീപ് സ്റ്റേറ്റും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കുന്നതില്‍ പ്രധാനവുമാണ്.
ജോസഫ് ബൈഡന്‍ അമേരിക്കന്‍ എസ്റ്റാബ്ലിഷ്മെന്റിന് തീര്‍ത്തും അനുയോജ്യനായ വ്യക്തി കൂടിയാണ് എന്നു കാണണം. ഒരുപക്ഷേ, ബൈഡന്റെ വിജയം ഡെമോക്രാറ്റുകള്‍ക്കിടയില്‍ ബെര്‍ണി സാന്റേഴ്സിനു കീഴില്‍ വളര്‍ന്നു വരുന്ന തീവ്ര സോഷ്യലിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള ഏറ്റവും നല്ല വഴി കൂടിയാണ്. യഥാര്‍ഥത്തില്‍ ട്രംപിനെതിരെ ബൈഡനെ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തു എന്നു പറയുന്നതിനേക്കാള്‍ സാന്റേഴ്സിനെതിരെ ബൈഡനെ തെരഞ്ഞെടുത്തു എന്നു പറയുന്നതാവും ഉചിതം. മൂലധനത്തിന് ആവശ്യവും ഈയൊരു ഡെമോക്രാറ്റിക് സെന്റ്രിസമാണ് എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി ജെറമി കോര്‍ബിനെ പുറത്താക്കിയതിനു പിന്നിലും ഈ പാറ്റേണ്‍ കാണാന്‍ പറ്റും.
ഇറാഖധിനിവേശവുമായി ബന്ധപ്പെട്ട് ബൈഡന്റെ നിലപാട് പരസ്യമാണ്. രണ്ടായിരത്തി രണ്ടില്‍ ഡെന്നീസ് ഹാസ്റ്റര്‍ഡ്ഡ് കൊണ്ട് വന്ന അധിനിവേശ പ്രമേയത്തെ പരസ്യമായി പിന്തുണച്ച് വോട്ടു രേഖപ്പെടുത്തി കൊണ്ട് ബുഷിന് യുദ്ധാനുമതി സാധ്യമാക്കിയവരില്‍ പ്രമുഖന്‍ ബൈഡന്‍ ആണ്. ബെര്‍ണി സാന്റേഴ്സനാകട്ടെ പ്രമേയത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ബൈഡന്‍ അത് നിഷേധിക്കുകയും കടുത്ത നുണകള്‍ പറയുകയുമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള മത്സരത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്റേഴ്സുമായുള്ള സംവാദത്തില്‍ ബൈഡന്‍ നുണകളാവര്‍ത്തിക്കുകയും അതൊക്കെ സാന്റേഴ്‌സ് തുറന്നു കാണിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. കമല ഹാരിസാകട്ടെ, കാലിഫോര്‍ണിയയില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച സമയത്ത് കറുത്ത വര്‍ഗക്കാരടക്കമുള്ള ന്യൂനപക്ഷക്കാര്‍ക്കെതിരെയുള്ള ഭരണകൂട ഉപകരണമായി വര്‍ത്തിച്ചത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 
ചുരുക്കത്തില്‍ ബൈഡനും കമല ഹാരിസുമടങ്ങുന്ന പ്രസിഡന്‍ഷ്യല്‍ മുന്നണിയും, റിപ്പബ്ലിക്കന്മാര്‍ ഭരിക്കുന്ന, മിച്ച് മക്കോണല്‍ എന്ന, കുവൈത്ത് യുദ്ധത്തെയും ഇറാഖ് അധിനിവേശത്തെയും ന്യായീകരിച്ച സെനറ്റംഗം നേതൃത്വം നല്‍കുന്ന സെനറ്റും അമേരിക്ക എന്ന മൂലധന മുതലാളിത്തത്തില്‍ കേന്ദ്രീകരിച്ച ജനാധിപത്യ സാമ്രാജ്യത്തിന് ഏറ്റവും യോജിക്കുന്ന ഭരണകൂടം തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌