ദൈവരാജ്യത്തെ എതിര്‍ക്കുന്നവരില്‍ മതപണ്ഡിതന്മാരും?
അല്‍പം നീണ്ട ഇടവേളക്കു ശേഷം പാകിസ്താന്‍ രാഷ്ട്രീയം നിരീക്ഷിക്കേണ്ട ആവശ്യം ഈയിടെ വന്നു. സഫ്ദര്‍ മഹ്മൂദ്, ആഇശ ജലാല്‍, എം.ജെ അക് ബര്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മുതല്‍ വിക്കിപീഡിയ, 'ഡോണ്‍' പത്ര ഫയലുകള്‍ വരെ അതിന്റെ ഭാഗമായി ശ്രദ്ധാപൂര്‍വം കണ്ണോടിച്ചു. കൗതുകകരമായ കാര്യം മതത്തിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്ന പാകിസ്താനില്‍ സമീപകാല രാഷ്ട്രീയ ചര്‍ച്ചകളിലൊന്നും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഉപജ്ഞാതാവായി ചിത്രീകരിക്കപ്പെടുന്ന സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയെക്കുറിച്ചോ അദ്ദേഹത്തിന്റെ ചിന്തകളെ കുറിച്ചോ വല്ലാതെയൊന്നും ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്ന വസ്തുതയാണ്. അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയും പരിധിയില്‍ കവിഞ്ഞു പരാമര്‍ശിക്കപ്പെടുന്നില്ല. ഇവിടെ കേരളത്തിലോ! ആസന്നമായ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പത്രങ്ങളിലും ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അരങ്ങു തകര്‍ക്കുകയാണ്. മൊത്തം വാര്‍ഡുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം ഇടങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് ഈ ലേഖകന്‍ കരുതുന്ന ഒരു നവ രാഷ്ട്രീയ കൂട്ടായ്മയെ സംസ്ഥാനത്തിലെ മുഖ്യഭരണകക്ഷിയും അതേതുടര്‍ന്നു മീഡിയയും മാത്രമല്ല ബഹുമാന്യരായ സഭാപിതാക്കള്‍ വരെ സംവാദത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കണമെങ്കില്‍ ഒന്നുകില്‍ മതിഭ്രമം ബാധിച്ചിരിക്കണം; അല്ലെങ്കില്‍ ഗജവീരനെപ്പോലെ സ്വന്തം വലിപ്പം ജമാഅത്തെ ഇസ്‌ലാമിക്ക് അറിയാതെ പോവുന്നതാവും! എന്തായാലും അഭൂതപൂര്‍വമായ ഈ ഫ്രീ പബ്ലിസിറ്റിക്ക് ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.
നഗരസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കുകയും ചെയ്തിരിക്കെ എതിര്‍പ്പിന്റെ കുന്തമുനയാകെ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ തിരിച്ചുവിട്ടിരിക്കുന്ന സി.പി.എമ്മിന്റെ മനോഗതി എത്രതന്നെ വിചിത്രമാണെങ്കിലും മനസ്സിലാക്കാന്‍ പ്രയാസമുള്ളതല്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ മാത്രമല്ല പാര്‍ട്ടി എതിര്‍ക്കുന്നത്, തുല്യ അളവില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെയും കഠിനമായിത്തന്നെ എതിര്‍ക്കുന്നുവെന്ന സന്ദേശം ഭൂരിപക്ഷ സമുദായത്തിന് നല്‍കേണ്ടതുണ്ട്. ഒപ്പം, ന്യൂനപക്ഷത്തെയാകെ തങ്ങള്‍ കൈവിട്ടിട്ടില്ലെന്നും അതിലെ തീവ്രവാദികളോട് മാത്രമാണ് പോരാട്ടമെന്നുമുള്ള നിലപാട് ന്യൂനപക്ഷത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ തങ്ങളോടൊപ്പം നിന്ന മതസംഘടനകളുടെ പ്രീണനവും പരോക്ഷ ലക്ഷ്യങ്ങളില്‍ പെടുന്നു. ഇടക്ക് ഒരു ബോഡി വേസ്റ്റ് പ്രയോഗം തികട്ടിവന്നെങ്കിലും പെട്ടെന്നത് തടയിടപ്പെട്ടത് ഒരു മന്ത്രിസഭാംഗത്തിന്റെ ജാഗ്രത മൂലമാവണം. പക്ഷേ, ഇതിനിടയില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാവുന്നു. സി.പി.എം നടത്തുന്ന ജമാഅത്ത് വിരുദ്ധ കാമ്പയിനില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് ഘടകങ്ങള്‍ പങ്കെടുത്തില്ല എന്നതാണൊന്ന്. മുസ്‌ലിം ലീഗിനോടൊപ്പം നില്‍ക്കുന്ന മതസംഘടനകളും സാമാന്യമായി ജമാഅത്ത് വിരുദ്ധ പ്രോപഗണ്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നു. പ്രീണനത്തിലൂടെയും പ്രലോഭനത്തിലൂടെയും സി.പി.എം കൂടെ നിര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന്റെ നേതൃത്വം പോലും അവസരം മുതലാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. മോദിസര്‍ക്കാറിന്റെ പൗരത്വനിഷേധവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സവര്‍ണ സംവരണ ത്വരയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ സുരക്ഷിതമായ നിലനില്‍പിനെത്തന്നെ അനിശ്ചിതമാക്കുന്നു എന്ന തിരിച്ചറിവാകാം കാരണം.
അതേസമയം ആ വിഭാഗത്തില്‍പെട്ടവരില്‍ തന്നെ ചിലര്‍ പരമ്പരാഗത ജമാഅത്ത് വിരോധം അനവസരത്തിലും യാഥാര്‍ഥ്യബോധമില്ലാതെയും സ്വന്തം മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതും കാണാതിരുന്നു കൂടാ. സി.പി.എമ്മിന്റെ പ്രത്യേക സ്പെഷ്യല്‍ ഓപറേഷന്‍ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഫലമാവാമെങ്കിലും നാളിതു വരെ തങ്ങളുടെ പണ്ഡിതന്മാര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഉന്നയിച്ചുവന്ന മതപരമായ ഭിന്നാഭിപ്രായങ്ങളല്ല, 'മതരാഷ്ട്രവാദം' തന്നെയാണവരുടെയും തുരുപ്പു ചീട്ട് എന്നത് ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതാണ്. മുഹമ്മദ് നബി (സ) മുതല്‍ ഖലീഫമാരും ഇമാമുകളും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ മുസ്‌ലിം ലോകവും നെഞ്ചിലേറ്റിയ ഖിലാഫത്തിന്റെ അടിവേരിന് കത്തി വെക്കുന്നതാണ് മതരാഷ്ട്രവാദം എന്ന് മതനിഷേധികള്‍ പേരിട്ട് വിളിക്കുന്ന ഇസ്‌ലാമിന്റെ മൗലിക രാഷ്ട്രീയ സങ്കല്‍പം എന്നതാണവര്‍ മറന്നു പോവുന്നത്. അതിനെ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയും ജമാഅത്തെ ഇസ് ലാമിയും അവതരിപ്പിച്ച രീതിയോട് തീര്‍ച്ചയായും മതപണ്ഡിതന്മാര്‍ക്ക് വിയോജിപ്പുണ്ടാവാം. വീക്ഷണ വ്യത്യാസം തികച്ചും സ്വാഭാവികമാണ്. എന്നാല്‍ മതം രാഷ്ട്രീയത്തിലേ ഇടപെടാന്‍ പാടില്ല, സ്വകാര്യ ജീവിതത്തില്‍ നിന്നതിനെ പുറത്തു കടത്തരുത് എന്ന മതേതര സിദ്ധാന്തം ഏത് വേദഗ്രന്ഥത്തിലാണ്, ഏത് ഇമാമുകളാണ്, കേരളത്തിലെ തന്നെ സുന്നത്ത് ജമാഅത്തിന്റെ ഏത് ഉലമാക്കളാണ് മുന്നോട്ടു വെച്ചത് എന്നിവര്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വസ്തുതയാണ്. ബഹുമത-ബഹുഭാഷാ-ബഹു സംസ്‌കാര രാഷ്ട്രമായ ഇന്ത്യയില്‍ മുഴുവന്‍ പൗരന്മാരെയും ഒരുമിച്ചു നിര്‍ത്താനും തുല്യനീതി ഉറപ്പു വരുത്താനും മതനിരപേക്ഷ ജനാധിപത്യത്തിനേ കഴിയൂ. 1960-കളുടെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാവ് സയ്യിദ് മഹ്മൂദ് എം.പിക്ക് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയമായി അന്നത്തെ അമീര്‍ മൗലാനാ അബുല്ലൈസ് നദ്‌വി വ്യക്തമാക്കി കൊടുത്തതും വിവിധ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്ലിസെ മുശാവറയുടെ പ്രഥമാധ്യക്ഷനായി സയ്യിദ് മഹ്മൂദ് അവരോധിതനായതും മതനിരപേക്ഷതയോടുള്ള ജമാഅത്തിന്റെ ക്രിയാത്മക സമീപനം മൂലമാണ്. ജമാഅത്ത് സ്വീകരിച്ചുവരുന്ന ഇലക്ഷന്‍ നിലപാടുകളും തദനുസൃതമാണ്. കഴിഞ്ഞ കാലങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിം ലീഗുമെല്ലാം ജമാഅത്തിന്റെ പിന്തുണ തേടിയതും ജമാഅത്ത് അനുകൂലമായി പ്രതികരിച്ചതും തദടിസ്ഥാനത്തില്‍ തന്നെ. ഒടുവിലത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദേശവ്യാപകമായി ജമാഅത്തെ ഇസ്‌ലാമി മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കാനുണ്ടായ കാരണം തീവ്രഹിന്ദുത്വ സര്‍ക്കാരിനെ അധികാരഭ്രഷ്ടമാക്കി മതനിരപേക്ഷ ശക്തികളെ അധികാരത്തിലേറ്റാന്‍ വേണ്ടിയായിരുന്നു എന്നും യഥാസമയം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സി.പി.എമ്മിന് ജമാഅത്തിന്റെ പിന്തുണ ലഭിക്കാതെ പോയെങ്കില്‍ അതിനുത്തരവാദികള്‍ ആ പാര്‍ട്ടി തന്നെയാണ്; ജമാഅത്ത് അക്കാര്യത്തില്‍ നിസ്സഹായമായിരുന്നു. ഇതൊന്നും അറിയാതെയും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചും സി.പി.എം തുടരുന്ന മതരാഷ്ട്രവാദ വിരുദ്ധ നിഴല്‍ യുദ്ധത്തില്‍ പങ്കാളികളാവുന്ന മതപണ്ഡിതന്മാര്‍ ആത്മവഞ്ചനയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. ദൈവരാജ്യം എന്ന് കേള്‍ക്കുമ്പോഴേക്ക് ഓടിയൊളിക്കേണ്ടവരല്ല, അതെന്താണെന്ന് വ്യക്തമാക്കിക്കൊടുക്കേണ്ടവരാണവര്‍.
Comments