Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ഇസ്സത്ത് ബെഗോവിച്ചില്‍നിന്ന് ഉര്‍ദുഗാനിലെത്തുമ്പോള്‍

പി.ടി യൂനുസ്, ചേന്ദമംഗല്ലൂര്‍

കോവിഡ് മഹാമാരി ലോകത്തെ ഗ്രസിക്കുന്നതിനു മുമ്പുള്ള ഗ്രീഷ്മ കാലം. ബര്‍ലിന്‍ വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിലാണ് ഞാന്‍ റമദാന്‍ മെഹമ്മദിനെ പരിചയപ്പെടുന്നത്. മധ്യവയസ്സ് പിന്നിട്ട അരോഗദൃഢഗാത്രന്‍. തുര്‍ക്കി വംശജന്‍. ബര്‍ലിന്‍ മതില്‍ തകര്‍ന്ന് മുതലാളിത്തം കിഴക്കന്‍ അസ്വാസ്ഥ്യങ്ങളിലേക്ക് പടര്‍ന്നുകയറുന്നതിനു മുമ്പേ ജര്‍മനിയിലേക്ക് പറിച്ചുനട്ട ജീവിതം. വിനോദ സഞ്ചാര മേഖലയില്‍ സ്വന്തമായ സംരംഭവുമായി ബര്‍ലിനില്‍ താമസം. പടിഞ്ഞാറന്‍ യൂറോപ്പിലെ സാമൂഹിക, രാഷ്ട്രീയ വര്‍ത്തമാനങ്ങളും പുനരേകീകരിക്കപ്പെട്ട ബര്‍ലിന്‍ നഗരത്തിന്റെ അതിജീവന സാഹസങ്ങളും ചര്‍ച്ച ചെയ്തു പോകവെ ഞങ്ങളുടെ സംസാരം റമദാന്റെ വ്യക്തിവിശേഷങ്ങളിലേക്ക് നീണ്ടു. 
'താങ്കള്‍ ജര്‍മന്‍ പൗരത്വം നേടിയോ?' 
'എന്തിന്? എനിക്ക് തുര്‍ക്കി പാസ്‌പോര്‍ട്ട് ഉണ്ടല്ലോ.'
റമദാന്‍ എന്റെ മുഖത്തേക്ക് നോക്കി. അതിയായ ആത്മവിശ്വാസവും അതിലേറെ പ്രതീക്ഷയും അയാളുടെ മുഖപേശികളില്‍ തുടിച്ചുനില്‍പ്പുണ്ടായിരുന്നു.
'ഞങ്ങള്‍ അഭയാര്‍ഥികളായി വന്നവരല്ല. ഒരുകാലത്ത് ജര്‍മന്‍ രാഷ്ട്രനിര്‍മിതിക്കായി ക്ഷണിച്ചുകൊണ്ടുവരപ്പെട്ടവരാണ്.'
താമസസ്ഥലമെത്തി തമ്മില്‍ പിരിയുന്നതു വരെ റമദാന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അയാളുടെ വാക്കുകളിലൊക്കെയും പുതിയ യൂറോപ്പിന്റെ പതിതഭാവവും വിടര്‍ന്നുവരുന്ന തുര്‍ക്കിയുടെ ദീപ്ത പ്രതീക്ഷയും തുളുമ്പിനിന്നിരുന്നു.
ഇത് ഒരു റമദാന്റെ മാത്രം കഥയല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന അഞ്ച് മില്യനിലധികം തുര്‍ക്കിവംശജരിലൊക്കെയും പുതിയൊരു ആത്മബോധം ജനിച്ചിരിക്കുന്നു.  തങ്ങള്‍ അടിമപ്പണിക്കാരല്ലെന്നും യൂറോപ്യന്‍ രാഷ്ട്രനിര്‍മിതിക്കായി അധ്വാനശേഷി ക്രയം ചെയ്യാനെത്തിയ വിശിഷ്ട വണിക്കുകളാണെന്നും പടിഞ്ഞാറന്‍ അഹങ്കാരങ്ങളൊക്കെയും നിര്‍മിച്ചെടുത്തത് തങ്ങളുടെ വിയര്‍പ്പ് കൊണ്ടു കൂടിയാണെന്നുമുള്ള അവബോധം. 
യൂറോപ്പിനെ സൃഷ്ടിച്ചെടുത്തവര്‍ എക്കാലവും രോഗികളായി ഒതുങ്ങേണ്ടവര്‍ അല്ലെന്നും അവരും യൂറോപ്പിന്റെ ഭാഗമാണെന്നും മഹത്തായ ഉസ്മാനിയ പാരമ്പര്യത്തിന്റെ ഇളമുറക്കാരാണെന്നുമുള്ള തിരിച്ചറിവ് തുര്‍ക്കിവംശജരില്‍ ജ്വലിച്ചു തുടങ്ങിയത് അങ്കാറയുടെ നിയന്ത്രണം പട്ടാളപ്പിടിയില്‍നിന്നും റജബ് ത്വയ്യിബ് ഉര്‍ദുഗാനില്‍ എത്തിയതോടെയാണ്.
ഉര്‍ദുഗാന്‍ രൂപം ചെയ്തെടുത്ത വിവിധ യൂറോ- തുര്‍ക്കി സംഘടനാ സംവിധാനങ്ങള്‍ പ്രവാസ തുര്‍ക്കിയുടെ അടിത്തട്ട് മുതല്‍ യൂറോപ്യന്‍ ഭരണസിരാ പടലങ്ങള്‍ വരെ ഇന്ന് സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രൗഢി ആഘോഷിക്കവെതന്നെ സഹജീവനത്തിന്റെ വിശാലമായ ഇസ്ലാമിക പാഠങ്ങള്‍ പരിചയപ്പെടുത്താനും ഉസ്മാനിയാ കാല സ്മാരകങ്ങള്‍ അന്യം വന്നുപോകാതെ സംരക്ഷിച്ചു നിര്‍ത്താനുമുള്ള വിവിധങ്ങളായ പദ്ധതികള്‍ അത്തരം സംഘടനകള്‍ കിഴക്കും പടിഞ്ഞാറും യൂറോപ്പിലാസകലം രൂപപ്പെടുത്തി നടപ്പിലാക്കുന്നുമുണ്ട്. അതിലുപരി യൂറോപ്യന്‍ മുസ്ലിം സമൂഹഘടനകളില്‍ അസ്വാരസ്യങ്ങള്‍ മുളപൊട്ടുമ്പോള്‍ തുര്‍ക്കി സംഘടനകളും ചിലപ്പോഴൊക്കെ ഉര്‍ദുഗാന്‍ നേരിട്ടു തന്നെയും സമവായ ശ്രമങ്ങള്‍ക്കായി ഓടിയെത്തുന്നുമുണ്ട്. ബാള്‍ക്കന്‍ അസ്വാസ്ഥ്യങ്ങളില്‍ പിളര്‍ന്ന് പരസ്പരം പോരടിക്കാനിറങ്ങിയ ഇസ്ലാമിക സമൂഹത്തെ അനുനയിപ്പിക്കാന്‍ ഉര്‍ദുഗാന്‍ നേരിട്ട് നടത്തിയ കൃത്യമായ ഇടപെടലുകളാണ് അവിടെ സമാധാനം തിരികെയെത്തിച്ചത്. ഒരുകാലത്ത്, ലോകത്ത് ഏതു കോണില്‍ എന്ത് സംഭവിച്ചാലും തീവെക്കപ്പെടാനുള്ളതായിരുന്നു യൂറോപ്പിലെ മുസ്ലിം പള്ളികള്‍. പഴയ ഉസ്മാനിയ സാമ്രാജ്യവിരോധം വംശവൈരമായി പരിണമിപ്പിച്ച് ഒരു ആചാരം പോലെ കൊണ്ടാടിയ പള്ളിതകര്‍ക്കല്‍ തുര്‍ക്കിഷ് പൈതൃക സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനഫലമായി ഏറക്കുറെ ശമിച്ചിട്ടുണ്ട്.  യൂറോപ്യന്‍ രാജ്യങ്ങളിലെ ചിതറിക്കിടക്കുന്ന നിരവധി പള്ളികള്‍ സംരക്ഷിച്ചു നിര്‍ത്തി അവിടങ്ങളിലെ പ്രാര്‍ഥനാ സാരഥ്യം ഏറ്റെടുത്ത് നടത്തുന്നതും തുര്‍ക്കികളാണ്.
ഇസ്ലാംഭയത്തിന് പേരുകേട്ട പോളണ്ടില്‍ താര്‍ത്താര്‍  മുസ്ലിം സമൂഹത്തിനായൊരു പള്ളിയുണ്ട്. മധ്യേഷ്യന്‍ വാസ്തുശില്‍പ്പ മാതൃകയില്‍ വലിയ താഴികക്കുടവും കൂര്‍ത്ത മിനാരവുമൊക്കയുള്ള നിര്‍മിതി. ഭൂഗര്‍ഭ അറകളോ പ്രാര്‍ഥനാ മുറികളോ തടിയില്‍ തീര്‍ത്ത പ്രാര്‍ഥനാ കെട്ടിടങ്ങളോ അല്ലാതെ പോളണ്ടിലെ ലക്ഷണമൊത്ത ഏക പള്ളി. വടക്കന്‍ പോളിഷ് നഗരമായ ഗ്ഡാന്‍സ്‌കില്‍ (ഏറമിസെ) സര്‍ക്കാരിന്റെ പൂര്‍ണ ആശീര്‍വാദത്തോടെ നിര്‍മിച്ച ഈ പള്ളി  1990-ലാണ് പ്രാര്‍ഥനക്കായി തുറന്നത്. താര്‍ത്താര്‍ മുസ്ലിം പോരാളികള്‍ പോളണ്ടിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി സൂചകമായി രാഷ്ട്രം അനുവദിച്ചു നല്‍കിയ ഉപഹാരം. 
പോളണ്ടിലെ താര്‍ത്താര്‍ സമൂഹ നേതൃത്വം പരിപാലിക്കുന്ന പള്ളി ആരംഭനാള്‍ മുതല്‍ തന്നെ നിരന്തരമായ അക്രമങ്ങള്‍ക്കും തീവെപ്പുകള്‍ക്കും വിധേയമായിക്കൊണ്ടിരുന്നു. പള്ളി നിര്‍മാണത്തിന് സാമ്പത്തിക സഹായം ചെയ്ത ഒരു മധ്യേഷ്യന്‍ രാജ്യത്തിന്റെ ശിപാര്‍ശയില്‍ നിയമിതനായിരുന്ന ലബനീസ് ഇമാമിനെ 2014-ല്‍ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പോളണ്ട് നാടു കടത്തുകയുണ്ടായി. പകരക്കാരനായി ഉര്‍ദുഗാന്റെ നാട്ടില്‍ നിന്നെത്തിയ പുതിയ യുവ ഇമാം പള്ളിയെയും മുസ്ലിം സമൂഹത്തെയും പ്രദേശത്തെ സാധാരണ മനുഷ്യരിലേക്ക് വിശാലമാക്കുന്നതില്‍ ഏറക്കുറെ വിജയിച്ചു എന്ന് പറയാം.  വാരാന്ത്യങ്ങളില്‍ പള്ളിയിലെ നമസ്‌കാരങ്ങള്‍ വീക്ഷിക്കാനും പ്രഭാഷണങ്ങള്‍ ശ്രവിക്കാനും നാട്ടുകാര്‍ ക്ഷണിക്കപ്പെട്ടു. പ്രാര്‍ഥന കഴിഞ്ഞു പിരിഞ്ഞുപോകും മുമ്പ് ഏവര്‍ക്കും മധുരം നല്‍കാനും മനംതുറന്ന് സംവദിക്കാനും ആ യുവതുര്‍ക്ക് ഇമാം കാണിച്ച നല്ല മനസ്സ് കൊണ്ടായിരിക്കാം പിന്നീട് ഇതുവരെ ആ പള്ളി ആക്രമിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് എന്റെ പോളണ്ട് യാത്രയില്‍ ഗ്ഡാന്‍സ്‌കിലെ താര്‍ത്താര്‍ മുസ്ലിം സമൂഹത്തിന്റെയും അവരുടെ പള്ളിയുടെയും ജീവിതം നേരിട്ടറിയാനും അതിന്റെ സാരഥിയുടെ സ്നേഹവും ആതിഥ്യവും അനുഭവിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. 
പള്ളിയിലെത്തിയ പുരുഷന്മാരും സ്ത്രീകളും ഒരേ പ്രാര്‍ഥനാ മുറിയില്‍ തന്നെ മുന്നിലും പിറകിലുമായി അണിനിരന്നു. നമസ്‌കാര അണികള്‍ക്ക് പിറകില്‍ നിരത്തിയ കസേരകളില്‍ അതിഥികളും. അവരില്‍ തല പൂര്‍ണമായി മറച്ചവരും അല്‍പ മാത്രമായ സ്‌കാഫ് കെട്ടിയവരും ഒട്ടുമേ മറക്കാത്ത കാണികളും.  നമസ്‌കാരവും പോളിഷ് ഭാഷയിലുള്ള പ്രാര്‍ഥനയും ലഘുപ്രഭാഷണവും കഴിഞ്ഞ് പള്ളിമുറ്റത്തെ പന്തലില്‍ ഒരുക്കിയ കാപ്പിയും പലഹാരവും കഴിച്ച് അവര്‍ ഏറെനേരം സൗഹൃദം പങ്കുവെച്ചതില്‍ പിന്നെയാണ് പിരിഞ്ഞുപോയത്. 
താര്‍ത്താര്‍ സംസ്‌കാരവും പോളിഷ് പൊതുവികാരവും ജീവിതവിസ്താരവും ഉള്‍ക്കൊണ്ട് അവയില്‍ ഇസ്ലാമിന്റെ മൂല്യപ്രമാണങ്ങള്‍ സംവേദനം ചെയ്യാനുള്ള ശ്രമത്തിലാണ് ആ യുവ ഇമാം. ഇത് തുര്‍ക്കിയില്‍നിന്നുള്ള പുതിയ സന്ദേശമായിരിക്കാം. ഇസ്ലാമിക ജീവിതത്തിലെ മൂല്യസൗന്ദര്യത്തെ സംസ്‌കാര വൈവിധ്യങ്ങളിലേക്ക് തുറന്നിടാനുള്ള സത്യസന്ധമായ ശ്രമം.
നിരന്തരമായ സമ്പര്‍ക്കത്തിലൂടെയും 'എര്‍തുറുള്‍' (Ertugrul) പോലെ വന്‍ സ്വീകരണം ലഭിച്ച നെറ്റ്ഫ്ളിക്‌സ് പരമ്പരകളിലൂടെയും പ്രവാസ തുര്‍ക്കികളില്‍ സ്വത്വബോധം ജ്വലിപ്പിച്ചുനിര്‍ത്തവെ തന്നെ ഇസ്ലാമിന്റെ വിശാലമായ സാമൂഹിക കാഴ്ചപ്പാടുകള്‍ യൂറോപ്യന്‍ പരിസരത്തിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്ന അതേ ഉര്‍ദുഗാന്‍ തന്നെയാണ് അയാസോഫിയ വീണ്ടും പള്ളിയാക്കിയതും സ്വന്തം നാട്ടിലെ മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും കുര്‍ദുകള്‍ക്കെതിരെ പടനയിക്കുന്നതും.  തുര്‍ക്കിയുടെ ദേശീയ - അന്തര്‍ദേശീയ നിലപാടുകളെയൊക്കെ ന്യായീകരിക്കേണ്ടതായിട്ടില്ലെങ്കിലും ഉര്‍ദുഗാന്റെ നയരൂപീകരണ പശ്ചാത്തലങ്ങളെക്കുറിച്ചു കൂടി നാം അറിയാന്‍ ശ്രമിക്കേണ്ടതാണ്.
ഇസ്ലാം കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള സന്തുലിത ജീവിത പദ്ധതിയാണെന്നും അത് ഏത് സാംസ്‌കാരിക പരിസരങ്ങളിലേക്കും വിസ്തൃതപ്പെടാന്‍ കെല്‍പ്പുള്ള ജീവിത വ്യവസ്ഥയാണെന്നും അതിന് ഏതു ബഹുസ്വരതയെയും ഉള്‍ക്കൊള്ളാനും നയിക്കാനും മാത്രം വ്യാപ്തിയുള്ള രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്നും യൂറോപ്പിന്റെ അങ്കണത്തില്‍ നിന്ന് ആദ്യമായി പ്രഖ്യാപിച്ചത് ബോസ്നിയന്‍ രാഷ്ട്രനായകനായിരുന്ന അലിജാ ഇസ്സത്ത് ബെഗോവിച്ച് ആയിരുന്നു.  തന്റെ വിശാലമായ ദാര്‍ശനിക സമവാക്യങ്ങളില്‍നിന്നു കൊണ്ടുതന്നെയായിരുന്നു അലിജാ ഒട്ടുമേ ഒന്നു ചേരാത്ത ത്രിവംശത്തെ കോര്‍ത്തു ചേര്‍ത്ത് ബോസ്നിയയുടെ അമരത്ത് ചെന്നിരുന്നതും. പക്ഷേ അലിജാ തോല്‍പ്പിക്കപ്പെട്ടു പോയി.  പടിഞ്ഞാറിന്റെ അണിയറയില്‍ അരങ്ങേറിയ ഉപജാപങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത അലിജായുടെ ഇഛാശക്തിയെ നിസ്സഹായരായ തന്റെ ജനതയുടെ ക്രൂരഹത്യകളിലൂടെ കുരിശുപടയുടെയും മുതലാളിത്തത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ട് മറിച്ചിട്ടുകളഞ്ഞു. 1995 -ല്‍ ബോസ്‌നിയന്‍ യുദ്ധം അവസാനിപ്പിച്ച ഡെയ്റ്റണ്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മടങ്ങവെ കണ്ണീരോടെ അലിജാ പറഞ്ഞു; 'ഇത് കടുത്ത അനീതിയിലൂടെ വന്നെത്തുന്ന സമാധാനമാണ്. പക്ഷേ നിരപരാധികളുടെ കൊടും ഹത്യകളുടെ തുടര്‍ച്ചയേക്കാള്‍ നീതീകരിക്കാവുന്നതും. അല്ലാഹു സാക്ഷി.'
അലിജാ അതികൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരനല്ലായിരുന്നു. പുഞ്ചിരി മറച്ച വിഷ ദംഷ്ട്രങ്ങളെയോ നയതന്ത്ര ബന്ധങ്ങളിലെ ധൃതരാഷ്ട്ര ആലിംഗനങ്ങളെയോ പലപ്പോഴും അദ്ദേഹം അറിയാന്‍ വൈകിപ്പോയിരുന്നു.  ബോസ്നിയയെ വംശീയമായി വിഭജിച്ച് വിശാല സെര്‍ബിയയിലേക്കും വിശാല ക്രോയേഷ്യയിലേക്കും ലയിപ്പിക്കാനുള്ള അണിയറ നീക്കം മുന്‍കൂട്ടി അറിയാന്‍ വൈകിയതു കൊണ്ടായിരുന്നു ഒരിക്കല്‍ ഒപ്പുവെച്ച ശേഷം ലിസ്ബണ്‍ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹത്തിനു തീരുമാനിക്കേണ്ടിവന്നത്.  
ഒരുപക്ഷേ, അലിജാ വീഴ്ത്തപ്പെട്ട ചതിക്കെണികളില്‍നിന്ന് ചരിത്ര പാഠമുള്‍ക്കൊണ്ടായിരിക്കാം ഉര്‍ദുഗാന്‍ തന്റെ വഴികള്‍ വെട്ടുന്നത്. അലിജാ ഇസ്സത്ത് ബെഗോവിച്ച് മരണക്കിടക്കയില്‍ വെച്ച് തന്റെ രാഷ്ട്രത്തെയും ജനതയെയും സ്വപ്നങ്ങളെയും സംരക്ഷിച്ചു നിര്‍ത്താന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനോട് വസ്വിയ്യത്ത് ചെയ്തിരുന്നുവെന്ന് ലോകത്തോട് പറഞ്ഞത് അലിജായുടെ മകന്‍ ബാഖിര്‍ ഇസ്സത്ത് ബെഗോവിച്ച് തന്നെയാണ്. രോഗകാലത്ത് ഉര്‍ദുഗാന്‍ അദ്ദേഹത്തെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവസാന കൂടിക്കാഴ്ചയിലാണ് അന്ത്യാഭിലാഷം അറിയിച്ചതെന്നും 2017-ല്‍ അലിജായുടെ ഓര്‍മ ദിവസം ബാഖിര്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയുണ്ടായി.  പിതാവിന്റെ അന്ത്യാഭിലാഷം സമര്‍ഥമായി നിറവേറ്റുന്നുണ്ടെന്നും അന്ന് ബാഖിര്‍ പറഞ്ഞു.  ഇസ്സത്ത് ബെഗോവിച്ചിന്റെയും, സ്രബ്രനിറ്റ്‌സ വംശഹത്യയുടെയും ഓര്‍മദിവസങ്ങളിലൊക്കെ ഉര്‍ദുഗാന്റെ സജീവ സാന്നിധ്യവും പ്രഭാഷണങ്ങളും ഈ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയവുമാണ്. 
വംശീയതയും മുതലാളിത്തവും കൊളോണിയല്‍ ഭൂതങ്ങളും നിറഞ്ഞാടുന്ന യൂറോപ്യന്‍ രംഗഭൂവില്‍ തന്റെ വിശ്വാസത്തിനും രാഷ്ട്രീയത്തിനും അഭിമാനത്തോടെ നിലനില്‍ക്കാനായി അലിജാക്ക് അന്യമായിരുന്ന കൗശലങ്ങള്‍ പരീക്ഷിക്കുകയായിരിക്കുമോ ഉര്‍ദുഗാന്‍?  അത്തരമൊരു വീക്ഷണത്തില്‍ അയാസോഫിയ പോലും ഒരു രാഷ്ട്രീയ പരിചയാണ്. 
ചരിത്രത്തില്‍ ഉസ്മാനിയാ സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് ജയിച്ചടക്കിയത് കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ 'വിശ്വാസ കേന്ദ്രമായ' കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നില്ല.    മുസ്ലിം വംശ ഉന്മൂലനത്തിനായി പടിഞ്ഞാറന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ പോരാളികളെ നിരന്തരമായി മധ്യപൗരസ്ത്യദേശങ്ങളിലേക്ക് ക്ഷണിച്ചു വരുത്തുകയും നിരപരാധികളായ അനേകം മനുഷ്യരെ കൂട്ടക്കുരുതി ചെയ്യാന്‍ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കുകയും ചെയ്ത ഒരു ദേശത്തിന്റെ കോട്ടമതിലായിരുന്നു അന്ന് തകര്‍ക്കപ്പെട്ടത്.
ഉസ്മാനിയാ സാമ്രാജ്യത്തിന്റെ അല്‍പ്പശേഷിപ്പായ തുര്‍ക്കിയുടെ രാഷ്ട്ര ജീവിതത്തില്‍ 'കോണ്‍സ്റ്റാന്റിനോപ്പിള്‍' ആണ് ഗ്രീസ് എന്ന് ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ മഹാഭൂരിപക്ഷം തുര്‍ക്കികളും ഉര്‍ദുഗാനും മനസ്സിലാക്കുന്നു.
അയാസോഫിയ തുര്‍ക്കിയിലെ ഗ്രീക്ക് ഓര്‍ത്തോഡക്‌സ് കരുത്തിന്റെ ആസ്ഥാനമാണെന്ന് തുര്‍ക്കികള്‍ക്കറിയാം.  ആരാധനാലയങ്ങളെക്കുറിച്ച് പറയാന്‍ ഏതന്‍സിന് എന്ത് ധാര്‍മികാവകാശമെന്നാണ് തുര്‍ക്കിയുടെ ചോദ്യം. മൂന്ന് ലക്ഷത്തോളം മുസ്ലിം വിശ്വാസികള്‍ താമസിക്കുമ്പോഴും ഒരൊറ്റ ഔദ്യോഗിക മുസ്ലിംപള്ളി പോലും ഇല്ലാത്ത ഏക യൂറോപ്യന്‍ രാഷ്ട്ര തലസ്ഥാനമാണ് ഏതന്‍സ്. ഉസ്മാനിയാ കാലത്ത് ഏതന്‍സില്‍ നിര്‍മിക്കപ്പെട്ട സിസ്റ്ററാര്‍കിസ് (Tztsiaraki) പള്ളി പ്രാര്‍ഥന അവസാനിപ്പിച്ച് അവര്‍ കലാ മ്യൂസിയമാക്കി.  ഏതന്‍സിലെ തന്നെ പൗരാണികമായ ഫാത്തിയാ പള്ളിയുടെ വാതില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ കൊട്ടിയടച്ച് എക്സിബിഷന്‍ സെന്ററുമാക്കി മാറ്റി അവര്‍. 2013-ല്‍ ഫാത്തിയ പള്ളി പുനരുദ്ധാരണം ചെയ്ത് പ്രാര്‍ഥനക്കായി ഏതന്‍സിലെ മുസ്ലിം സമൂഹത്തിന് കൈമാറാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ഉര്‍ദുഗാന്‍ തയാറാവുകയും അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി അന്തോണീസ് സമരസ്സുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഗ്രീസ് പിന്നീട് അതില്‍നിന്ന് പിന്മാറുകയായിരുന്നു.
മുസ്ലിം ലോകത്തിന്റെ നിരന്തരമായ അപേക്ഷകള്‍ മാനിച്ച് ഏതന്‍സില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബോറ്റാനിക്കോസില്‍ മിനാരമോ മറ്റ് ചിഹ്നങ്ങളോ ഒന്നുമില്ലാതെ ഒരു പള്ളി നിര്‍മിച്ചെങ്കിലും അത് ആരാധനക്കായി തുറന്നു കൊടുക്കാതെ ഇന്നും അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ അറകളിലും ഗാരേജുകളിലും ഒക്കെ ഒരുക്കിയ പ്രാര്‍ഥനാ സ്ഥലങ്ങളാണ് ഇന്നും ഏതന്‍സിലെ മുസ്ലിം വിശ്വാസികളുടെ പ്രാര്‍ഥനാ സ്ഥലങ്ങള്‍.  അവയില്‍തന്നെ പലതും പലപ്പോഴായി അധികൃതര്‍ അടച്ചുപൂട്ടുകയും ചെയ്യും. ഏതന്‍സിലെ അത്തരം പ്രാര്‍ഥനാ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ അല്‍അന്തുലുസ് പ്രാര്‍ഥനാമുറി അടച്ചുപൂട്ടിയത് 2020  ജൂണ്‍ മാസത്തിലായിരുന്നു. 
ഉസ്മാനിയാ സാമ്രാജ്യത്തില്‍നിന്ന് മാറി പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ തുര്‍ക്കിയുടെ സൈ്വര ജീവിതത്തില്‍ നിരന്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതില്‍ ശീര്‍ഷസ്ഥാനത്താണ് ഗ്രീസ്.  ആ സംഘര്‍ഷങ്ങള്‍ പലവുരു യുദ്ധങ്ങളായി പരിണമിച്ചിട്ടുമുണ്ട്. തുര്‍ക്കി പട്ടാളഭരണത്തില്‍നിന്ന് മാറി ഒരു ജനകീയ ഭരണസംവിധാനത്തിലേക്ക് പതിയെ കാല്‍വെച്ചു തുടങ്ങിയതില്‍ പിന്നെ ഗ്രീസിന്റെ ശല്യം വര്‍ധിച്ചുവരികയായിരുന്നു.
ഉര്‍ദുഗാനെതിരെ നടന്ന അട്ടിമറി ശ്രമത്തില്‍ പ്രതികളായിരുന്ന എട്ട് പട്ടാള ഓഫീസര്‍മാര്‍ തുര്‍ക്കിയുടെ പട്ടാള ഹെലികോപ്റ്ററില്‍ പറന്നുപോയത് ഗ്രീസിലേക്കായിരുന്നു.  അവര്‍ക്ക് അഭയം നല്‍കിയ ഏതന്‍സ് ഇന്നുമവരെ സംരക്ഷിച്ചുപോരുകയുമാണ്. പിന്നീടിപ്പോള്‍ കരിങ്കടലിലെ (Black Sea) അതിബൃഹത്തായ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതോടെ സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. തുര്‍ക്കിക്ക് കൂടി അവകാശപ്പെട്ട സമുദ്രാന്തര്‍ ഭാഗത്തെ പ്രകൃതിവാതക ശേഖരം ഖനനം ചെയ്യാനനുവദിക്കാതെ പുതിയ സമുദ്രാതിര്‍ത്തി നിര്‍ണയവാദം മുന്നോട്ടു വെച്ച് തുര്‍ക്കിവിരുദ്ധരായ രാജ്യങ്ങളുടെ കൂട്ടുമുന്നണിയുണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍ ഏതന്‍സ്. 
മേഖലയില്‍ അസ്വസ്ഥത പടരുന്നതില്‍ ഏറെ പരിഭ്രാന്തരാണ് പടിഞ്ഞാറന്‍ യൂറോപ്പ്. തുര്‍ക്കിയും ഗ്രീസും നാറ്റോ അംഗങ്ങളാണ്. യുദ്ധ മുന്നണികളില്‍ പരസ്പരം തോള്‍ ചേര്‍ന്ന് പൊരുതേണ്ടവര്‍.  എന്നാല്‍ കരിങ്കടലില്‍ രണ്ടു രാജ്യങ്ങളും കൊമ്പു കോര്‍ക്കുകയാണ്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്ന വ്യവസ്ഥകളിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് തുര്‍ക്കിയുടെ സമുദ്ര അതിര്‍ത്തി തുര്‍ക്കിഷ് കരയില്‍ തന്നെ വരച്ചിടാനാണ് ഗ്രീസിന്റെ ശ്രമം. തുര്‍ക്കിയുടെ കരയോട് അടുത്ത് നില്‍ക്കുന്ന ഒരു ഗ്രീക്ക് ദ്വീപിന്റെ തീരത്തു നിന്നാണ് ഗ്രീസിന്റെ സമുദ്രാതിര്‍ത്തി അളന്നു നിര്‍ണയിക്കേണ്ടത് എന്ന വിചിത്ര വാദവുമായി തുര്‍ക്കിയുടെ ഫോസില്‍  സമ്പത്ത് ഊറ്റിയെടുക്കാനുള്ള പുറപ്പാടിലാണവര്‍. ഉര്‍ദുഗാന്‍ പ്രകൃതിവാതക പര്യവേക്ഷണത്തിനായി തുര്‍ക്കിഷ് സന്നാഹങ്ങള്‍ സൈന്യസഹായത്തോടെ കരിങ്കടലിലേക്ക് അയച്ചിരിക്കുകയാണ്.  തടയാന്‍ ഗ്രീസും. കൂട്ടിന് ഈജിപ്തും ഇസ്രയേലും. കരിങ്കടല്‍ കലുഷിതമാവുകയാണ്. 
കരിങ്കടലിലെ വാതക ഖനനവുമായി ബന്ധപ്പെട്ട വന്‍ പദ്ധതികളിലും വാതക കമ്പോളത്തിലും ലാഭക്കൊതിയുമായി പടിഞ്ഞാറന്‍ മുതലാളിത്തം ചൂണ്ട നീട്ടി കരയില്‍ തന്നെയിരിപ്പുണ്ടെന്ന് ഉര്‍ദുഗാനറിയാം, അതിനു വേണ്ട സമ്പര്‍ക്ക പരിപാടികളൊക്കെ മുറക്ക് നടക്കുന്നുമുണ്ട്. കരിങ്കടലില്‍ സംഘര്‍ഷ മേഘം ഉരുണ്ടുകൂടിയ ആദ്യനാളു തൊട്ടേ സമവായത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സജീവമായി അരങ്ങിലുണ്ട്. ജര്‍മന്‍ ജനസംഖ്യയുടെ നാല് ശതമാനത്തോളം വരുന്ന മൂന്നു മില്യന്‍ തുര്‍ക്കി വംശജരാണ് ജര്‍മനിയില്‍ ഇന്നുള്ളത് എന്നത് കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.
അതിനിടയിലാണ് അമേരിക്കയുടെ പാട്രിയട്ട് മിസൈലുകള്‍ വേണ്ടെന്നുവെച്ച് ഉര്‍ദുഗാന്‍ റഷ്യയില്‍നിന്ന് അത്യാധുനിക ട  400  വ്യോമവേധ മിസൈലുകള്‍ വാങ്ങിക്കൂട്ടുന്നത്. 2019-ല്‍ കരാറൊപ്പിട്ടതു മുതല്‍ നാറ്റോയുടെയും അമേരിക്കയുടെയും നീരസം നിലവിലുണ്ടായിരുന്നെങ്കിലും ഈ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മിസൈലുകള്‍ രാജ്യത്തെത്തിച്ച് പരീക്ഷണ വിക്ഷേപണവും നടത്തിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നാറ്റോയുടെ നേതൃത്വം ചര്‍ച്ചക്കായി തുര്‍ക്കിയിലേക്കെത്തിയിരിക്കുന്നത്.  
പടിഞ്ഞാറന്‍ രാഷ്ട്രീയ ചതുരംഗത്തില്‍ പരാജയപ്പെട്ടു പോകാതിരിക്കാനുള്ള കരുതലുമായി കരുനീക്കി കളിക്കുകയാണ് ഉര്‍ദുഗാന്‍. കരുക്കള്‍ മുന്നോട്ട് ഉന്തിയും,  പിന്നോട്ട് മാറ്റിയും, വെട്ടിയും, വഴിയടച്ചും പിന്‍ബലം വെച്ചും, അകത്തും പുറത്തും കള്ളക്കളികള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും നിലനില്‍പ്പിനായുള്ള പോരിലാണ് ഉര്‍ദുഗാനും തുര്‍ക്കിയും. തുര്‍ക്കിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ അതൃപ്തരും അഭിപ്രായവ്യത്യാസമുള്ളവരുമായ തുര്‍ക്കികള്‍ പോലും ഈ പോരില്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്ന് എന്റെ തുര്‍ക്കി സുഹൃത്തുക്കള്‍ പറയുന്നു.
ഈ മഹാപ്രയാണത്തില്‍ ഉര്‍ദുഗാന്‍ അഭിമുഖീകരിക്കുന്ന ചില അനുബന്ധ പ്രശ്നങ്ങള്‍ കൂടിയുണ്ട്. അമിത പ്രതിരോധം ചിലപ്പോള്‍ സ്വയം അപകടപ്പെടുത്തും എന്നതാണത്. അമിതമായി ഉദ്ധീപിപ്പിക്കപ്പെടുന്ന തുര്‍ക്കിഷ് ദേശീയതാബോധം ചിലപ്പോള്‍ അവരുടെ അഭിസംബോധിത വൃത്തത്തെ തുര്‍ക്കിഷ് വംശത്തിലേക്ക് ചുരുക്കിക്കളയുകയും അത് യൂറോപ്യന്‍ മുസ്ലിംകള്‍ക്കിടയില്‍ തന്നെ വംശീയ കലഹങ്ങള്‍ക്ക് കാരണമായേക്കുകയും ചെയ്‌തേക്കാം. വംശഭേദമില്ലാതെ യൂറോപ്യന്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ ഒരുമിപ്പിച്ചു നിര്‍ത്തണമെന്ന് ഉര്‍ദുഗാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവൃത്തികളും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും തുര്‍ക്കിഷ് പൊതു ദേശീയതാ വികാരം അദ്ദേഹത്തെ മറികടന്നു പോയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഒരുപക്ഷേ പടിഞ്ഞാറന്‍ സാമര്‍ഥ്യം ആ വിടവില്‍ പിടിച്ചുകയറുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബോസ്നിയയിലെ സരയാവോ വിമാനത്താവളത്തില്‍ വെച്ച് നടന്നൊരു സംഭവം അത്തരമൊരു ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അന്ന് സരയാവോയില്‍ ഉര്‍ദുഗാനൊപ്പം വന്നിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരും ബോസ്നിയന്‍ അതിര്‍ത്തി പോലീസും തമ്മില്‍ കശപിശയുണ്ടാവുകയും അത് നേരിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഉര്‍ദുഗാന്‍ വിമാനത്തില്‍നിന്നിറങ്ങി വന്നതില്‍ പിന്നെയാണ് അസ്വാരസ്യം തീര്‍ത്തതെന്നാണ് വാര്‍ത്ത.
'അവര്‍ ഏറെ ശൗര്യത്തോടെയായിരുന്നു പെരുമാറിയത്, ഇത് അവരുടെ രാജ്യമെന്ന പോലെ' - സംഭവശേഷം ബോസ്നിയന്‍ അതിര്‍ത്തി പോലീസിന്റെ തലവന്‍ സോറന്‍ ഗാലിക് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 
ബോസ്നിയന്‍ മുസ്ലിം സമൂഹമായ ബോസ്‌നിയാക്കുകള്‍ ഉര്‍ദുഗാനില്‍ ഒരു പുതിയ യൂറോപ്യന്‍ മുസ്ലിം നായകനെ കാണുന്നുണ്ടെങ്കിലും തങ്ങളെ തുര്‍ക്കികള്‍ വിഴുങ്ങിയേക്കുമോ എന്ന ഭയവും അവര്‍ക്കുള്ളിലുണ്ട്.  ഇവിടെയാണ് അലിജാ ഇസ്സത്ത് ബെഗോവിച്ചും റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഒരര്‍ഥത്തില്‍ വ്യത്യസ്തരാവുന്നത്. ബോസ്‌നിയാക്കുകളെ വംശ ദേശീയതയുടെ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കാതെ സ്വതന്ത്രരായി, സന്തുലിതരായി യൂറോപ്യന്‍ പരിസരങ്ങളിലേക്ക് തങ്ങളുടെ വിശ്വാസബോധ്യങ്ങളുമായി വിശാലമാക്കാനായിരുന്നു അലിജായുടെ സ്വപ്ന പദ്ധതി. അതിനെയായിരുന്നു പടിഞ്ഞാറ് ഏറെ ഭയന്നതും. ഉര്‍ദുഗാന്‍ അലിജായുടെ സ്വപ്നങ്ങള്‍ യൂറോപ്യന്‍ തുര്‍ക്കുകള്‍ക്കു പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തുര്‍ക്കുകളില്‍ ഊറിക്കിടക്കുന്ന കടുത്ത ദേശീയതാബോധം അലിയിച്ചുകളയാനുള്ള പരിപാടികളൊന്നും ആസൂത്രണം ചെയ്യപ്പെടുന്നില്ല. പകരം അത് തേച്ചുമിനുക്കിയെടുക്കാനുള്ള പദ്ധതികള്‍ ഏറെയുണ്ടു താനും. ഒരുപക്ഷേ ആ സ്വത്വബോധം യൂറോപ്യന്‍ രാജ്യങ്ങളെ തളക്കാനുള്ള തുര്‍ക്കിയുടെ സമ്മര്‍ദ തന്ത്രമായിരിക്കാം.
പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിര്‍ത്തിയില്‍ ബോസ്നിയ ചീന്തപ്പെട്ടതിന്റെ അനുഭവ പാഠങ്ങള്‍ മുന്നിലിരിക്കെ യൂറോപ്പിന്റെ ഏഷ്യന്‍ അതിര്‍ത്തിയില്‍ മറ്റൊരു ദുര്യോഗം വന്നുപെടുന്നത് പ്രതിരോധിക്കാനുള്ള രാഷ്ട്രീയ കൗശലം ഉര്‍ദുഗാനുണ്ടെന്നു കരുതാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌