Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ജാതിയും മതപരിഷ്‌കരണങ്ങളും

മുഹമ്മദ് ശമീം

ജാതിയും ജാതീയതയും ആഴത്തില്‍ വേരൂന്നിയ ഒന്നാണ് ഇന്ത്യന്‍ ജീവിതം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ചില നവോത്ഥാന മുന്നേറ്റങ്ങളാകട്ടെ ജാതീയതക്കും ജാതിനിയമങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടങ്ങളിലേര്‍പ്പെട്ടു. ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മതനവോത്ഥാനകാലത്ത് ഏറ്റവും ശക്തമായ ജാതിവിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്. മഹാരാഷ്ട്രയില്‍ ഡോ. അംബേദ്കറുടെ പോരാട്ടങ്ങള്‍ അധഃസ്ഥിതര്‍ക്ക് പുതിയ ഉണര്‍വും അന്തസ്സും നേടിക്കൊടുത്തു. 
അംബേദ്കറിന് മുമ്പുള്ള സാമൂഹിക നവോത്ഥാന സംരംഭങ്ങളെ ലഘുവായി അവലോകനം ചെയ്യാനാണ് ഈ പ്രബന്ധത്തില്‍ ശ്രമിക്കുന്നത്. 

നവോത്ഥാനം 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യയില്‍ ധാരാളം മതപരിഷ്‌കരണ സംരംഭങ്ങളുണ്ടായി. ആധുനിക ലോകത്തിന്റെ ആവശ്യങ്ങള്‍, ജനാധിപത്യം, ശാസ്ത്രം എന്നിവയെ മുന്‍നിര്‍ത്തി സമൂഹത്തെ പരിഷ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഹിന്ദു, മുസ്‌ലിം സമൂഹങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ മതം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായിരുന്നു ഏത് കാലത്തും. അതിനാല്‍ ഒന്നാമതായി, മതത്തിന്റെ സ്വാധീനത്തെയും സാന്നിധ്യത്തെയും അവഗണിച്ചുകൊണ്ടുള്ള ഏതൊരു സാമൂഹിക, രാഷ്ട്രീയ സംരംഭവും അസാധ്യമായിത്തീര്‍ന്നു. രണ്ടാമതായി, ഒന്നാമത് പറഞ്ഞ കാരണത്താല്‍ സാമൂഹിക പരിഷ്‌കരണം സാധ്യമാകാന്‍ മതപരിഷ്‌കരണം കൂടി അനിവാര്യമായിത്തീര്‍ന്നു. 
അങ്ങനെ മതങ്ങളുടെ അടിസ്ഥാനങ്ങളോട് സത്യസന്ധരായിക്കൊണ്ടു തന്നെ ആധുനിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി മതത്തെ പുനഃക്രമീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടായി. രാജാറാം മോഹന്റോയിയും വിവേകാനന്ദനും മുതല്‍ സര്‍ സയ്യിദ് അഹ്മദ് ഖാനും ഇഖ്ബാലും വരെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരമാണ് വിലയിരുത്തപ്പെടുന്നത്. 

ഹിന്ദുമത പരിഷ്‌കരണം ഒരവലോകനം 
ബിംബാരാധന ഉള്‍പ്പെടെയുള്ള അനുഷ്ഠാനരീതികളോടുള്ള വിയോജിപ്പ്, അനാചാരങ്ങളോടുള്ള തീവ്രമായ എതിര്‍പ്പ്, ജാതിമേധാവിത്വത്തിനെതിരെയുള്ള തീവ്രമായ കലാപം തുടങ്ങിയവയെ ഹിന്ദുമതപരിഷ്‌കരണസംരംഭങ്ങളുടെ പൊതുസവിശേഷതകളായി എടുക്കാം. ചില പ്രസ്ഥാനങ്ങള്‍ ലിംഗപദവിയും പരിഗണനയുമായി ബന്ധപ്പെട്ട പരമ്പരാഗത വിശ്വാസങ്ങളോടും ആചാരങ്ങളോടും ശക്തമായി കലഹിച്ചു. പ്രധാനപ്പെട്ട സംരംഭങ്ങളെല്ലാം ഏകദൈവ വിശ്വാസത്തെ അംഗീകരിക്കുന്നവയായിരുന്നു. മറ്റു ചില പ്രസ്ഥാനങ്ങളാകട്ടെ, അദൈ്വതം പോലുള്ള ഏകതത്ത്വവാദദര്‍ശനങ്ങളുടെ ആധാരത്തിലും നിലയുറപ്പിച്ചു. 

ഭക്തിപ്രസ്ഥാനം 
ആധുനിക ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതൃത്വം കല്‍പിക്കപ്പെട്ടിട്ടുള്ളത് റാം മോഹന്‍ റോയിക്കും ബ്രഹ്മസമാജത്തിനുമാണെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ജന്മമെടുത്ത് ഉത്തരേന്ത്യയിലേക്ക് വ്യാപിച്ച ഭക്തിപ്രസ്ഥാനമാണ് ആധുനിക മത സാമൂഹിക നവോത്ഥാനത്തിന്റെ യഥാര്‍ഥ നാന്ദി. ദക്ഷിണേന്ത്യയില്‍ വൈഷ്ണവ സംന്യാസിമാരായ ആഴ്‌വാര്‍മാരും ശൈവസ്തുതികള്‍ ആലപിച്ചിരുന്ന നായനാര്‍മാരുമാണ് ഇതിന്റെ അഗ്രിമസ്ഥാനത്തുള്ളത്. സി.ഇ 1131-ല്‍ കര്‍ണാടകയിലെ ബീജാപ്പൂരില്‍ ജനിച്ച, ബസവേശ്വരന്‍ എന്നും ബസവണ്ണ എന്നും അറിയപ്പെട്ട, ബസവരാജനില്‍നിന്നാണ് ഭക്തിപ്രസ്ഥാനത്തിന് നാന്ദി കുറിക്കുന്നത്. ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച് കല്യാണിലെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയ ശേഷം ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞ ബസവരാജന്‍ വീരശൈവം എന്ന പ്രസ്ഥാനം സ്ഥാപിച്ചു. 
ആചാരാധിപത്യത്തെയും (Ritualocracy)  അതുവഴി ബ്രാഹ്മണരുടെ ആത്മീയമായ കര്‍തൃത്വത്തെയും സമ്പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് ശ്രേണീബദ്ധ ജാതിവ്യവസ്ഥക്കെതിരായ തന്റെ പോരാട്ടത്തെ ബസവണ്ണ ശക്തിപ്പെടുത്തിയത്. ഏത് ജാതിയിലെയും ഏത് മനുഷ്യനും നേരിട്ട് തന്നെ ദൈവത്തിലേക്ക് അടുക്കാന്‍ പറ്റും എന്ന പ്രഖ്യാപനവുമായി അദ്ദേഹം അന്നത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയെ പിടിച്ചുകുലുക്കി. ശിവാനുഭവമണ്ഡലം സ്ഥാപിച്ച ബസവണ്ണ, മന്ത്രിയും ജാതിയില്‍ ബ്രാഹ്മണനുമായ സകലേശമധുവരസയോടൊപ്പം തൂപ്പുകാരി സത്യക്ക തുടങ്ങിയവരെയും അതില്‍ തുല്യസ്ഥാനമുള്ള അംഗങ്ങളാക്കി. മാത്രവുമല്ല, മധുവരസയുടെ മകളായ ലാവണ്യ എന്ന ബ്രാഹ്മണകന്യകയെ അവര്‍ണനും ചെരുപ്പുകുത്തിയുമായ ശിലവന്തക്ക് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. അയിത്തവും തീണ്ടലും മുതല്‍ വേദപ്രാമാണ്യത്തെ വരെ ബസവണ്ണ വെല്ലുവിളിച്ചു. പില്‍ക്കാലത്ത് വേറിട്ടൊരു ജാതിയായി മാറിയെങ്കിലും വീരശൈവന്മാര്‍ അഥവാ ലിംഗായത്തുകള്‍ ഇന്നും അനുഷ്ഠാനപരമായ ഒരാധിപത്യത്തെയും അംഗീകരിക്കുകയോ അയിത്താചാരങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. സമ്പന്ന ബ്രാഹ്മണര്‍ സ്വത്ത് കൂട്ടിവെക്കുന്നത് നിമിത്തമുണ്ടാകുന്ന സാമൂഹികാസമത്വത്തെ മറികടക്കാന്‍ ബസവണ്ണ ജാതിഭേദമന്യേ എല്ലാവരെയും ചേര്‍ത്തുകൊണ്ട് കര്‍ഷകകൂട്ടായ്മ രൂപീകരിക്കുകയും കൂട്ടുകൃഷി സമ്പ്രദായത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ബസവേശ്വരന്‍ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ജാതിവ്യവസ്ഥ പൂര്‍ണമായും അപ്രത്യക്ഷമാകുമായിരുന്നു എന്ന് ഗാന്ധിജി പറഞ്ഞത് ശ്രദ്ധേയമാണ്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട, മുന്‍കാലത്തെ തന്റെ തന്നെ ചില വീക്ഷണങ്ങളെ തിരുത്തുക കൂടിയായിരുന്നു ഇതിലൂടെ ഗാന്ധി. 
കായകവെ കൈലാസം (അധ്വാനമാണ് പരമോല്‍കൃഷ്ടപദം) എന്ന മുദ്രാവാക്യത്തിന് പ്രാധാന്യം നല്‍കിയ ബസവേശ്വരന്റെയും വീരശൈവന്മാരുടെയും പ്രധാന സിദ്ധാന്തം തന്നെ കായകസിദ്ധാന്തം (കര്‍മസിദ്ധാന്തം) എന്ന് അറിയപ്പെടുന്നു. ഇത് തൊഴിലിന് ഉച്ചനീചഭേദങ്ങളില്ല എന്ന് പഠിപ്പിക്കുന്നതോടൊപ്പം സംന്യാസിമാര്‍ അടക്കം എല്ലാവരും തൊഴില്‍ ചെയ്തു തന്നെ ഉപജീവനം കണ്ടെത്തണം എന്ന് കല്‍പിക്കുകയും ചെയ്യുന്നു. കര്‍ണാടകയില്‍ ഇന്നും നിലനില്‍ക്കുന്ന വീരശൈവ (ലിംഗായത്ത്) പ്രസ്ഥാനം തങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണരുതെന്നും വേറിട്ടൊരു മതമായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള ആചാര്യന്മാരായിരുന്ന ജ്ഞാനേശ്വരന്‍, സന്ത് തുക്കാറാം, സൂര്‍ദാസ്, കബീര്‍ ദാസ്, നാനക്ക് തുടങ്ങിയവരും ജാതിയെ ചെറുക്കാനാണ് കൂടുതലും പരിശ്രമിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. 

റാം മോഹന്‍ റോയിയും ബ്രഹ്മസമാജവും 
ബംഗാളിലെ രാജാറാം മോഹന്‍ റോയി ബഹുഭാഷകളിലും ബഹു മതങ്ങളിലും അഗാധ വ്യുല്‍പത്തി നേടിയതിനു ശേഷം 1815-ല്‍ ആത്മീയസഭയും 1826ല്‍ ബ്രഹ്മസഭയും സ്ഥാപിച്ചു. തന്റെ സഹോദരനായ ജഗന്‍ മോഹന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വിധവ അലോക മഞ്ജരി സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതയായതിന്റെ ദുരന്തസ്മരണയാണ് റാം മോഹന്‍ റോയിയെ പരിഷ്‌കരണസംരംഭത്തിലേക്ക് വഴി തിരിക്കുന്നത്. ഒരുപക്ഷേ സതി അനുഷ്ഠിക്കുന്നതില്‍നിന്ന് ഏതെങ്കിലും വിധേന രക്ഷ പ്രാപിച്ചാല്‍പോലും വിധവകളുടെ തുടര്‍ജീവിതം മരണത്തേക്കാള്‍ ഭീകരമായിരുന്നു. സതി ആചാരത്തോടൊപ്പം ശൈശവ വിവാഹം, പെണ്‍ ശിശുഹത്യ തുടങ്ങിയ സമ്പ്രദായങ്ങളും നിലനിന്നു. വേദോപനിഷത്തുകള്‍ ഉദ്ധരിച്ച് ഇതിനെല്ലാം എതിരെ ശബ്ദമുയര്‍ത്തിയ റാം മോഹന്‍ റോയിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് സതി നിരോധിച്ച് ഉത്തരവിറക്കി. 
റാം മോഹന്‍ റോയിക്കു ശേഷം ദേബേന്ദ്രനാഥ ടാഗോറും പിന്നീട് കേശബ് ചന്ദ്ര സെന്നും മുന്നോട്ടുകൊണ്ടു പോയ ബ്രഹ്മസമാജം ഒരിക്കലും തെറ്റാത്ത പ്രമാണമാണ് വേദങ്ങള്‍ എന്ന വിശ്വാസത്തെ തള്ളിക്കളയുകയും ദുരാചാരമുക്തമായ ഏകദൈവാരാധനയിലും യുക്തിയിലും അധിഷ്ഠിതമായി ഹിന്ദുമതത്തെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബസവേശ്വരനെയും ഭക്തിപ്രസ്ഥാനാചാര്യന്മാരെയും പോലെ അനുഷ്ഠാനപരമായ മേല്‍ക്കോയ്മയെ ചെറുത്തുകൊണ്ടുതന്നെയാണ് ബ്രാഹ്മണാധിപത്യത്തെ തകര്‍ക്കാന്‍ ബ്രഹ്മസമാജക്കാരും ശ്രമിച്ചത്. വിഗ്രഹാരാധന, ജാതിവ്യവസ്ഥ തുടങ്ങി ബ്രാഹ്മണരുടെ അധീശത്വം ഉറപ്പു വരുത്തുന്ന ആചാരങ്ങളെയും സമ്പ്രദായങ്ങളെയും മുഴുവനായും അവര്‍ നിരാകരിച്ചു. അതേസമയം തന്നെ വംശീയമായി ആര്യന്മാരുടെ മേന്മ എന്ന ആശയത്തില്‍ കേശബ് ചന്ദ്ര സെന്നിനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നു എന്നത് ബ്രഹ്മസമാജത്തെ തീരെ ചുരുക്കിക്കളഞ്ഞു എന്നതും പ്രസ്താവ്യമാണ്. ഇന്തോ-യൂറോപ്യര്‍ എന്ന നിലക്ക് ഇംഗ്ലീഷുകാര്‍ ആര്യന്മാരുടെ ബന്ധുക്കളാണെന്നു പോലും അദ്ദേഹം പ്രസ്താവിച്ചു കളഞ്ഞു. 
ദേബേന്ദ്രനാഥ ടാഗോറിന്റെ മകനായ രബീന്ദ്രനാഥ ടാഗോര്‍ വംശീയൗന്നത്യം, ദേശീയമഹത്വം തുടങ്ങിയ വാദഗതികളെ തള്ളിക്കളഞ്ഞ് വിശാല മാനവികതയുടെ ആധാരത്തില്‍ ജാതീയതക്കെതിരെ പോരാടി. 

മഹാരാഷ്ട്രയിലെ നവേത്ഥാന സംരംഭങ്ങള്‍ 
ജാതീയതക്കെതിരായ പോരാട്ടം സമൂഹപരിഷ്‌കരണത്തിന്റെ ഏറ്റവും ശക്തമായ ഘടകമായിത്തീര്‍ന്നത് മഹാരാഷ്ട്രയിലാണ്. 1844-ല്‍ സൂറത്തില്‍ മെഹ്താജി ദുര്‍ഗാറാമും ദാദോബ് പാണ്ഡുരംഗും ചേര്‍ന്ന് സ്ഥാപിച്ച മാനവധര്‍മസഭയുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന നിഗൂഢ മതഗ്രൂപ്പായ പരമഹംസ മണ്ഡലിയാണ് അവിടെ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏകദൈവത്തിലും മനുഷ്യസമത്വത്തിലും അടിയുറച്ച് വിശ്വസിച്ച പരമഹംസ മണ്ഡലി, സമൂഹം പവിത്രമായി കണ്ടിരുന്ന ജാതിനിയമങ്ങളെ പരസ്യമായിത്തന്നെ ലംഘിച്ചുകൊണ്ടാണ് ജാതീയതക്കെതിരായ പോരാട്ടത്തെ സ്ഥാപിച്ചത്. പരമഹംസ മണ്ഡലിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ലോകഹിതവാദി എന്നറിയപ്പെട്ട ഗോപാല്‍ ഹരി ദേശ്മുഖിന്റെ സംരംഭങ്ങള്‍. ജാതിശ്രേണിയില്‍ ഏറ്റവുമുയരത്തില്‍ നില്‍ക്കുന്ന സമുദായങ്ങളിലൊന്നായ ദേശാഷ്ട ബ്രാഹ്മണവിഭാഗത്തില്‍ ജനിച്ച ദേശ്മുഖ് ബ്രാഹ്മണ്യത്തെയും ബ്രാഹ്മണാധികാരത്തെയും തീര്‍ത്തും ഉപേക്ഷിച്ചു. കാര്യങ്ങളുടെ അര്‍ഥം മനസ്സിലാക്കാതെ ആവര്‍ത്തിക്കുകയും അറിവിനെ അര്‍ഥശൂന്യമായ ആവര്‍ത്തനമന്ത്രപദങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ബ്രാഹ്മണര്‍, ദേശ്മുഖിന്റെ അഭിപ്രായത്തില്‍ ഒട്ടും വിശുദ്ധി ഇല്ലാത്തവരാണ്. ജാതിമേല്‍ക്കോയ്മ മുന്നോട്ടുവെച്ച ശുദ്ധാശുദ്ധവാദത്തിന്റെ കടപുഴക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്. ബ്രാഹ്മണ പുരോഹിതന്മാര്‍ വിശുദ്ധി ഇല്ലാത്തവരാണെങ്കില്‍ അവരിലെ പണ്ഡിതന്മാര്‍ അതിനേക്കാളും മോശമാണ്. യഥാര്‍ഥത്തില്‍ അജ്ഞരും എന്നാല്‍ അഹങ്കാരികളുമാണ് അവര്‍. ഏത് വിധത്തിലാണ് ബ്രാഹ്മണര്‍ക്ക് മറ്റുള്ളവരേക്കാള്‍ മേന്മയുള്ളത്? ഇരുപത് കൈകളുണ്ടോ അവര്‍ക്ക്? മൂഢമായ ആശയങ്ങളെ ഉപേക്ഷിച്ച് എല്ലാ മനുഷ്യരും തുല്യരാണെന്നും അറിവ് നേടാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ടെന്നും ബ്രാഹ്മണര്‍ മനസ്സിലാക്കണം. 
പരിഷ്‌കരണം അനുവദിക്കാത്ത ഒന്നാണ് നിങ്ങളുടെ മതമെങ്കില്‍ നിങ്ങള്‍ മതം മാറണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രാര്‍ഥനാസമാജം സ്ഥാപിച്ച് ഏകദൈവാരാധന പ്രചരിപ്പിക്കുകയും ജാതിനിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ബ്രാഹ്മണരില്‍തന്നെ ഏറ്റവും ഉയര്‍ന്നതായി ഗണിക്കപ്പെടുന്ന ചിത്പവന്‍ സമുദായത്തില്‍ പിറന്ന ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍ എല്ലാ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചുകൊണ്ട് യുക്തിചിന്തയില്‍ ഊന്നിനിന്നാണ് ജാതീയതയെ നേരിടാന്‍ ശ്രമിച്ചത്. 

ഫൂലെയുടെ സമരങ്ങള്‍
ഗോപാല്‍ ഹരി ദേശ്മുഖിന്റെ സമകാലീനനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് മഹാരാഷ്ട്രയില്‍തന്നെ മാലി സമുദായത്തില്‍ ജനിച്ച, ജ്യോതിബാ എന്നറിയപ്പെടുന്ന ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ. ഫൂല്‍ മാലി എന്നും അറിയപ്പെട്ടിരുന്ന മാലികള്‍ സ്വയം ക്ഷത്രിയരായി കരുതിയിരുന്നെങ്കിലും മറ്റുള്ളവര്‍ അവരെ ശൂദ്രരായാണ് ഗണിച്ചത്. ബ്രാഹ്മണരുടെ ജാത്യാധിപത്യത്തിനെതിരെ ജ്യോതിബാ ഫൂലെ അതിശക്തമായി രംഗത്തുവന്നു. 
ഇതുവരെ പ്രസ്താവിക്കപ്പെട്ടവരെല്ലാം വരേണ്യതാബോധങ്ങളെയും ജാതീയതയെയും തകര്‍ത്തു കളയാന്‍ തന്നെ പരിശ്രമിച്ചവരാണെങ്കിലും അവരെല്ലാവരും വരേണ്യസമുദായങ്ങളില്‍ പിറന്നവരാണ്. ഇവരില്‍ നിന്നും ഫൂലെ വ്യത്യസ്തനാവുന്നത് അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍നിന്നാണ് ഉയര്‍ന്നുവന്നത് എന്നതുകൊണ്ടാണ്. 
കീഴ്ജാതിക്കാരെ തദ്ദേശീയരായും ബ്രാഹ്മണരെ പരദേശികളായും പരിഗണിക്കുന്ന ഫൂലെയാണ് മര്‍ദിത ജനതയെ ദലിത് എന്ന മറാത്തി പദം കൊണ്ട് (broken, crushed  എന്നെല്ലാമാണ് ദലിതിന്റെ അര്‍ഥം) ആദ്യമായി അടയാളപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ജനതയെ പിന്നാക്കം നിര്‍ത്തുന്ന പ്രധാന ഘടകം എന്ന് ചിന്തിച്ച അദ്ദേഹം അത് പരിഹരിക്കുന്നതിനു വേണ്ടിയുള്ള യത്‌നങ്ങളില്‍ ഏര്‍പ്പെട്ടു. ശൂദ്രര്‍ക്കും അവര്‍ണര്‍ക്കും സ്ത്രീകള്‍ക്കും അക്കാലത്ത് വിദ്യ അഭ്യസിക്കാന്‍ പറ്റുമായിരുന്നില്ല. സ്വന്തം ഭാര്യയെ പഠിപ്പിച്ചുകൊണ്ട് ഫൂലെ തന്റെ കലാപം ആരംഭിച്ചു. സത്യശോധകസമാജം എന്ന സംഘം സ്ഥാപിച്ച് അദ്ദേഹം വിദ്യാഭ്യാസത്തിനായുള്ള കഠിനയത്‌നങ്ങളിലേര്‍പ്പെട്ടു. ഒരു കവി കൂടിയായ ഫൂലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഇങ്ങനെ കുറിച്ചു: ‘‘Lack of education leads to lack of wisdom, which leads to lack of morals, which leads to lack of progress, which leads to lack of money, which leads to the oppression of the lower classes. See what state of the socitey one lack of education can cause!''  
ദേശത്തിന്റെ യഥാര്‍ഥ ഉടമസ്ഥരായ അവര്‍ണരെ വിദേശാക്രമികളായ ബ്രാഹ്മണര്‍ കീഴ്‌പ്പെടുത്തിയതിന്റെ ചരിത്രം ജ്യോതിബാ ഫൂലെ അദ്ദേഹത്തിന്റെ Slavery (Gulamgiri) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ധോണ്‍ഡിബായും ജ്യോതിറാവുവും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ട ആ പുസ്തകം വായനക്കാര്‍ക്ക് പെട്ടെന്നുള്ള വായനയില്‍ ഒരു സറ്റയര്‍ പോലെ തോന്നിക്കുമെങ്കിലും ഫൂലെ അത് ചരിത്രപരമായ ആധികാരികതയുടെ ഭാവത്തിലാണ് അവതരിപ്പിക്കുന്നത്. അത്യന്തം രസകരമാണ് ഫൂലെയുടെ ചരിത്രാവതരണം. പുരാണങ്ങളിലെ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ പരശുരാമന്‍ വരെയുള്ളവരെ ബ്രാഹ്മണാധിപത്യത്തിന്റെ പ്രതീകങ്ങളാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇറാനില്‍നിന്ന് ഇന്ത്യയിലേക്ക് കടല്‍ വഴിയായി ബ്രാഹ്മണരുടെ കവര്‍ച്ചാസംഘങ്ങള്‍ വന്നു എന്ന് ആദ്യമേ സ്ഥാപിക്കുന്നു. ആദ്യസംഘം ചെറുതോണികളിലാണ് വന്നതെന്നും അതിനാല്‍ ആ സംഘത്തിന്റെ നേതാവിനെ മത്സ്യം എന്ന് വിളിച്ചുവെന്നുമാണ് മത്സ്യാവതാരത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ബ്രാഹ്മണര്‍ എന്ന് പൊതുവായി പറയുന്നെങ്കിലും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ ധോണ്‍ഡിബായുടെ ചോദ്യത്തില്‍ ആര്യന്മാര്‍ എന്ന് പ്രയോഗിക്കുന്നുണ്ട്. ഇതിലൂടെ ആര്യന്‍ സമം ബ്രാഹ്മണന്‍ എന്ന സമീകരണം ഉണ്ടാകുന്നു. ഇത് ചരിത്രപരമായി ശരിയല്ല. അതേസമയം ഫൂലെ ചരിത്രത്തെ സമീപിക്കുന്നത് ബ്രാഹ്മണ-ശൂദ്ര സംഘട്ടനത്തിന്റെ ആഖ്യാനം എന്ന നിലക്കാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശൂദ്രന്‍ ഡീഗ്രേഡ് ചെയ്യപ്പെട്ട ക്ഷത്രിയനാകുന്നു. അതിനാല്‍ ബ്രാഹ്മണരെ മാത്രമേ അദ്ദേഹം ഇറാനില്‍നിന്ന് വന്നവരില്‍ പെടുത്തുന്നുള്ളൂ. ശൂദ്രരുടെ ഉല്‍പത്തിയെപ്പറ്റി അംബേദ്കറും ഇതേ ധാരണയാണ് പുലര്‍ത്തുന്നതെങ്കിലും ആര്യാധിനിവേശത്തിന്റെ ചരിത്രത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. അതേസമയം ആധുനിക ചരിത്രപണ്ഡിതരുടെ വീക്ഷണത്തില്‍ ഇന്തോ-ഇറാനീയര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് എന്നത് ശരിയാണെങ്കിലും ഒരു വംശീയാക്രമണമോ ആര്യ-ദ്രാവിഡന്മാര്‍ തമ്മിലുള്ള സംഘര്‍ഷമോ ഒന്നും അതിനോടനുബന്ധിച്ച് നടന്നിട്ടില്ല. കുടിയേറ്റത്തിന്റെ കാര്യത്തിലാണെങ്കില്‍ ദ്രാവിഡന്മാരും കുടിയേറിയവരാണ് എന്നതാണ് ശരി. 
രണ്ടാമത് വന്ന കവര്‍ച്ചാ സംഘം കുറേക്കൂടി വലിപ്പമുള്ള കപ്പലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും അത് ആമയെപ്പോലെ തോന്നിച്ചതുകൊണ്ടാണ് അതിന്റെ നേതാവ് ആമ (കൂര്‍മം) എന്ന് വിളിക്കപ്പെട്ടതെന്നും ഫൂലെ തുടരുന്നു. സത്യത്തില്‍ ഇന്തോ-ഇറാനിയന്‍ അതിര്‍ത്തി കടന്നും അഫ്ഗാനിസ്താനില്‍ നിന്നുമാണ് ആര്യന്മാര്‍ വടക്കേ ഇന്ത്യയിലേക്ക് കുടിയേറിയത്. കടല്‍ മാര്‍ഗമായിരുന്നില്ല അത്. ഈ ആമയെത്തുടര്‍ന്ന് കടന്നുവന്ന ആര്യ നേതാവിനെ തദ്ദേശീയര്‍ പന്നി (വരാഹം) എന്ന് അവഹേളനപരമായി വിളിച്ചതാണെന്നും അദ്ദേഹം പറയുന്നു. സിംഹമായി വേഷപ്പകര്‍ച്ച നടത്തിയ ആളാണ് പിന്നെ വന്ന നരസിംഹം. തുടര്‍ന്ന് വരുന്നത് വാമനനും പരശുരാമനും. ഇപ്രകാരം ആറ് അവതാരങ്ങളെ ബ്രാഹ്മണരുടെ രാജാക്കന്മാരായും ചരിത്രത്തിലെ ദുഷ്ടപാത്രങ്ങളായും ചിത്രീകരിക്കുമ്പോള്‍, സ്വാഭാവികമായും ഇവരുടെ മറുപക്ഷത്ത് നിന്നിരുന്ന ഹയഗ്രീവന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, മഹാബലി തുടങ്ങിയവരെല്ലാം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഋണാത്മക സ്വഭാവമുള്ള പുരാണ കഥാപാത്രങ്ങളെ അധഃസ്ഥിതരുടെ കുലപിതാക്കളായി കാണുന്ന പ്രവണത ഒരുപക്ഷേ ഫൂലെയുടെ ഈ ചരിത്ര സമീപനത്തില്‍നിന്നാവാം ഉടലെടുത്തത്. 
ഫൂലെയുടെ ചരിത്രവീക്ഷണത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മിത്തോളജിക്ക് ചരിത്രപരമായ ആധികാരികത നല്‍കുന്നു എന്നതാണ് അതില്‍ പ്രധാനം. തീര്‍ച്ചയായും മിത്തുകള്‍ ചരിത്രവായനയുടെയും ആഖ്യാനത്തിന്റെയും ടൂളുകള്‍ തന്നെയാണ്. അതേസമയം അവയെ പൂര്‍ണമായും ചരിത്രവത്കരിക്കുന്ന നിലപാടാണ് ഫൂലെയുടേത്. ഇന്ത്യന്‍ മിത്തുകളിലെ ദേവ, അസുര സംവര്‍ഗങ്ങളെ ആര്യ, ദ്രാവിഡ വിഭാഗങ്ങളിലേക്ക് ചേര്‍ക്കുന്നതിന് ചരിത്രപരമായ നീതീകരണമില്ലെന്നാണ് തോന്നുന്നത്. ഇതെഴുതുന്നയാളിന്റെ അറിവില്‍, ദേവാസുരന്മാര്‍ ഇന്തോ-ആര്യന്മാരിലെതന്നെ രണ്ട് വിഭാഗങ്ങളാണ്. പുരാണത്തില്‍തന്നെ അവര്‍ ദിതി, അദിതി എന്നീ സഹോദരിമാരുടെ മക്കളാണ്. കശ്യപ പ്രജാപതിക്ക് നിരവധി ഭാര്യമാരില്‍നിന്നുണ്ടായ മക്കളാണ് വ്യത്യസ്ത വര്‍ഗങ്ങളില്‍പെട്ട മനുഷ്യര്‍ എന്നാണല്ലോ ഹൈന്ദവവിശ്വാസം. അതില്‍ സഹോദരിമാരായ ദിതിയുടെയും അദിതിയുടെയും മക്കള്‍ എന്ന, ദേവാസുരന്മാരെക്കുറിച്ച സങ്കല്‍പം അവര്‍ തമ്മിലുള്ള വംശീയമായ ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന് കരുതാം. ദൈത്യന്മാര്‍ എന്ന വിശേഷണത്തെപ്പോലും അസുരന്മാര്‍ക്കെതിരായ, അതായത് ഫൂലെയുടെ വീക്ഷണത്തില്‍ അധഃകൃതര്‍ക്കെതിരായ ആക്ഷേപമായാണ് അദ്ദേഹം വിലയിരുത്തുന്നത്. യഥാര്‍ഥത്തില്‍ ദിതിയുടെ മക്കള്‍ എന്ന നിലക്കാണ് അസുരന്മാര്‍ ദൈത്യന്മാരെന്ന് വിളിക്കപ്പെടുന്നത്. ഇറാനില്‍നിന്നും ശത്രുതയോടെ വേര്‍പിരിഞ്ഞ രണ്ട് ആര്യവിഭാഗങ്ങളാണ് ദേവന്മാരും അസുരന്മാരും. ഋഗ്വേദത്തിലാകട്ടെ, ദേവന്റെ പ്രതിദ്വന്ദ്വമായി വരുന്നത് ദസ്യുക്കളാണ്. ആര്യന്മാരുടെ നേതാവായ ഇന്ദ്രനെ സ്വന്തം നേതാവായും അംഗീകരിക്കാന്‍ തയാറാകാത്ത ജനവിഭാഗങ്ങളെ പൊതുവില്‍ വിശേഷിപ്പിക്കുന്ന പേരാവാം അത് എന്നാണ് ആര്‍.സി മജുംദാറിന്റെയും കൂട്ടരുടെയും അഭിപ്രായം. ആദ്യം ദസ്യു എന്ന് വിളിക്കപ്പെട്ടത് യദു, തുര്‍വസു, ദ്രുഹ്യു, അനുദ്രുഹ്യു, പൂരു എന്നീ ഗോത്രങ്ങളാണത്രെ. പിന്നീടാണ് ഇന്ദ്രന്റെ നേതൃത്വം അംഗീകരിക്കാത്ത ജനതകളുടെ പൊതുനാമമായി അത് മാറിയത്. യദുക്കളും തുര്‍വസുക്കളും യഥാക്രമം യാദവന്മാരും നാഗന്മാരും എന്നറിയപ്പെട്ടു. ഈ രണ്ട് വിഭാഗങ്ങളും ബി.സി.ഇ ആയിരത്തോടടുത്ത് കേരളത്തിലെത്തിയതായും കേരളത്തിലെ നായന്മാരും ഈഴവരും തമിഴ്‌നാട്ടിലെ തിറയരും ഇവരുടെ പിന്‍ഗാമികളാണെന്നും പറയപ്പെടുന്നു. 
എന്നുവെച്ചാല്‍, ഫൂലെയുടെ ചരിത്രവീക്ഷണത്തിന് ഒന്നാമതായി ആധികാരികതയില്ല. രണ്ടാമത്, അത് മിത്തുകളെ ചരിത്രവല്‍ക്കരിക്കുന്നു. ഇതിനേക്കാളൊക്കെ പ്രധാനം, ആര്യന്മാരെ ഇന്ത്യയുടെ 'അവകാശികള്‍' എന്ന് സങ്കല്‍പിച്ചുകൊണ്ട് ഹിന്ദുത്വവംശീയവാദികള്‍ നടത്തുന്ന ചരിത്രരചനയെ അദ്ദേഹം വംശീയമായിത്തന്നെ മറിച്ചിടുന്നു എന്നതാണ്. വൈദേശികാധീശ ത്വശക്തികളായ ബ്രാഹ്മണന്മാരും തദ്ദേശീയരായ കീഴ്ജാതിക്കാരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നുവെന്ന വായനയും തജ്ജന്യമായ മുന്‍വിധികളും തന്നെയാണ് അദ്ദേഹത്തിന്റെ ചരിത്രവായനയുടെ ആധാരം. 
ജ്യോതിബാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും അസ്പൃശ്യജനതയില്‍ വമ്പിച്ച ഉണര്‍വുണ്ടാക്കി. ഇസ്‌ലാമിനെപ്പറ്റി തികച്ചും ക്രിയാത്മകമായ ചിന്തകള്‍ വെച്ചുപുലര്‍ത്തിയിരുന്നു ജ്യോതിബാ. 'മാനവ മുഹമ്മദ്' എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു കവിതയുണ്ട്. അതിലൊരു ഭാഗത്ത് പ്രവാചകാനുയായികളെ വര്‍ണിക്കുന്നത് കാണുക: 
They learned after coming of the Aryas' evil, 
[so] they freed the Shudras from slavery. 
They propagated Islam, defeated the Aryas' trade, 
Fixed the chains of truth on their feet. 
The Dsayus were freed by Islam, led to God all the time, 
The contentiousness of Arya dharm was broken by Islam 
(Tr. by Gail Omvedt and Bharat Patankar).  
(ആര്യദുഷ്ടതകള്‍ക്ക് ശേഷം വന്നവര്‍ പ്രബുദ്ധരായി 
ശൂദ്രജനതക്കവര്‍ അടിമത്ത വിമുക്തി നല്‍കി 
അവര്‍ ഇസ്‌ലാം പ്രചരിപ്പിച്ചു, ആര്യവ്യവഹാരങ്ങള്‍ തകര്‍ത്തു 
സത്യത്തിന്‍ ചങ്ങലകളണിയിച്ചു കാലില്‍ 
ഇസ്‌ലാമിനാല്‍ സ്വതന്ത്രരായി ദസ്യുക്കള്‍, ആനയിക്കപ്പെട്ടവര്‍ ദൈവത്തിലേക്ക് 
ആര്യധര്‍മത്തിന്റെ അക്രമങ്ങള്‍ തകര്‍ത്തെറിഞ്ഞു ഇസ്‌ലാം) 
ആര്യന്മാരെ തകര്‍ക്കാന്‍ വരുന്നവരായാണ് മുസ്‌ലിംകളെ അദ്ദേഹം സങ്കല്‍പിക്കുന്നത് എന്നത് ശ്രദ്ധിക്കുക. അസ്പൃശ്യരുടെ ഇന്ത്യയെ ഫൂലെ ബലിരാജ്യം എന്നാണ് വിളിക്കുന്നത്. ടഹമ്‌ലൃ്യ എന്ന പുസ്തകത്തിലും അദ്ദേഹം ഇതു സംബന്ധമായ ആശയങ്ങള്‍ പറയുന്നുണ്ട്. ആര്യനായ വാമനനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി ആണ് ബലിരാജ്യത്തില്‍ സ്മരിക്കപ്പെടുന്നത്. ഈ ബലിരാജ്യത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയത്രെ ഫൂലെയുടെ വീക്ഷണത്തില്‍ മുസ്‌ലിംകള്‍ നിലകൊള്ളുന്നത്. 

വിവേകാനന്ദനും 
രാമകൃഷ്ണമിഷനും 
സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളില്‍ ജാതീയത മുഖ്യവിഷയമാകുന്നില്ലെങ്കിലും ജാതിവിവേചനങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു എന്നതില്‍ സംശയമില്ല. ഒരു പ്രഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ''നമ്മുടെ ആത്മീയത ഇപ്പോള്‍ അടുക്കളയില്‍ ചുരുങ്ങുമോ എന്ന ഒരു ഭീഷണിയുണ്ട്. ഇപ്പോള്‍ നമ്മില്‍ മിക്കവരും വേദാന്തികളോ പുരാണികരോ താന്ത്രികരോ അല്ല. തൊടരുത്, തൊടരുത് എന്ന് പറയുന്നവര്‍ മാത്രമാണ് നാം.  നമ്മുടെ ആത്മീയത അടുക്കളയിലും ദൈവം പാചകപാത്രങ്ങളിലുമാണ്. മന്ത്രമാകട്ടെ, എന്നെ തൊടരരുത്, ഞാന്‍ ശുദ്ധിയുള്ളവനാണ് എന്നതും. ഒരു നൂറ്റാണ്ട് ഇങ്ങനെത്തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ നാമോരോരുത്തരും ഓരോ ഭ്രാന്താലയമായിത്തീരും.'' 
ശുദ്ധാശുദ്ധ സങ്കല്‍പത്തെത്തന്നെയാണ് വിവേകാനന്ദനും ഇവിടെ ചോദ്യം ചെയ്യുന്നത്. 

ആര്യസമാജം 
ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് മറ്റു മതങ്ങളിലേക്കുള്ള ഹിന്ദുക്കളുടെ മാറ്റം തടയുക എന്നതായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. എന്തായാലും ഇതര മതങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം ആര്യസമാജം നടത്തിയിരുന്നു. ഇത്, കടുത്ത മതസ്പര്‍ധ വളരാന്‍ കാരണമായിട്ടുണ്ട്. സത്യാര്‍ഥപ്രകാശം എന്ന തന്റെ കൃതിയില്‍ ദയാനന്ദ സരസ്വതി ഇസ്‌ലാം, ക്രിസ്തുമതം, സിഖ് മതം, ജൈനമതം, ബുദ്ധമതം എന്നീ മതങ്ങളെ വിലയിരുത്തുന്നുണ്ട്. ക്രൂരവും അധാര്‍മികവും എന്ന് ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ആക്ഷേപിക്കുന്ന ദയാനന്ദന്‍ സിഖ് മതത്തെ വിവരം കെട്ടതെന്നും ജൈനമതത്തെ ഭയാനകം എന്നും വിശേഷിപ്പിക്കുന്നു. ബുദ്ധമതം വേദവിരുദ്ധവും നിരീശ്വരത്വത്തിലധിഷ്ഠിതവുമാണ് ദയാനന്ദന്റെ കാഴ്ചപ്പാടില്‍. 
മതപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആര്യസമാജത്തിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യത്വവിരുദ്ധവും അനാരോഗ്യകരവുമായ പല  സാമൂഹിക പ്രവണതകള്‍ക്കുമെതിരെ കലാപമുയര്‍ത്തി എന്ന കാര്യം സമ്മതിക്കുമ്പോഴും അതിന്റെ മതനിലപാടുകള്‍, ഇവിടത്തെ വ്യത്യസ്ത മതവിശ്വാസികളില്‍ ദേശീയബോധവും സ്വാതന്ത്ര്യവാഞ്ഛയും ഉണര്‍ത്തി ഏകോപിപ്പിക്കാനുള്ള, കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചു എന്നത് പറയാതിരിക്കാനാവില്ല. അതായത് ദേശീയ ഐക്യത്തിന് ആര്യസമാജം തടസ്സമായിരുന്നു. 
വേദസംഹിതകളില്‍ ഊന്നിയ ദയാനന്ദന്‍ വേദവ്യാഖ്യാനത്തില്‍ ബ്രാഹ്മണര്‍ക്കുള്ള അധികാരത്തെ ചോദ്യം ചെയ്തു. വേദങ്ങള്‍ വെളിപാടുകളിലൂടെ ലഭിച്ചതാണെങ്കിലും ഓരോ മനുഷ്യനും യുക്തിയുടെ അടിസ്ഥാനത്തില്‍ അതിനെ വ്യാഖ്യാനിക്കുകയാണ് വേണ്ടത് എന്നായിരുന്നു ദയാനന്ദന്റെ വാദം. സ്വാര്‍ഥരും അജ്ഞാനികളുമായ ബ്രാഹ്മണ പുരോഹിതന്മാര്‍ സമൂഹത്തെ ദുഷിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ദയാനന്ദന്‍, ജാതിശ്രേണിയെയും ബ്രാഹ്മണരുടെ ആധികാരികതയെയും അവജ്ഞയോടെ തള്ളിക്കളഞ്ഞു. 
ഫൂലെയുടെ കലാപങ്ങളെ ബി.ആര്‍ അംബേദ്കര്‍ ഏറ്റെടുത്തു. അധഃസ്ഥിതരില്‍നിന്നു തന്നെ ഉയര്‍ന്നുവന്ന ശബ്ദമായിരുന്നു ജ്യോതിബാ ഫൂലെയുടേത് എന്ന് പറഞ്ഞല്ലോ. മഹാരാഷ്ട്രയിലെ മറ്റൊരു അധഃകൃത സമൂഹമായ മഹര്‍ സമുദായത്തിലാണ് ബാബാസാഹേബ് ഭീംറാവ് റാംജി അബേദ്കര്‍ ജനിച്ചത്. മുകളില്‍ വിവരിച്ചവരില്‍ ജ്യോതിറാവു ഫൂലെയുടെ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത് അത് അധഃസ്ഥിതരില്‍നിന്നു തന്നെ ഉയര്‍ന്നുവന്ന ശബ്ദമായിരുന്നു എന്നതാണ്. അദ്ദേഹത്തെ ഗുരുവും വഴികാട്ടിയുമായി സ്വീകരിച്ചുകൊണ്ട് രംഗത്തു വന്ന, അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ മാതൃകകളിലൊന്നായ ഡോ. ഭീംറാവ് റാംജി അംബേദ്കറാകട്ടെ, മഹാരാഷ്ട്രയിലെതന്നെ മറ്റൊരു അധഃകൃത സമൂഹമായ മഹര്‍ സമുദായത്തിലാണ് ജനിച്ചത്. തീക്ഷ്ണമായ അനുഭവങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട തീവ്രമായ പോരാട്ടമായിരുന്നു അംബേദ്കറുടേത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌