ദൈവവും നാസ്തികതയും
ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് നാസ്തികതയോളം പഴക്കമുണ്ട്. 'ദൈവമില്ലാതെ'(Without God) എന്നര്‍ഥം വരുന്ന Atheos എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് Athiesm (നാസ്തികത) എന്ന വാക്കിന്റെ ഉത്ഭവം തന്നെ. ദൈവത്തെയും പ്രകൃത്യതീതമായ യാഥാര്‍ഥ്യങ്ങളെയും വ്യവസ്ഥാപിത മത സങ്കല്‍പങ്ങളെയും ചോദ്യം ചെയ്തും നിഷേധിച്ചുമാണ് ചരിത്രത്തില്‍ നാസ്തികത രംഗത്തു വന്നത്. ദൈവത്തെ നമ്മുടെ കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതു കൊണ്ടും ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയ നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ കഴിയാത്തതു കൊണ്ടും ദൈവം ഇല്ല എന്ന തീര്‍പ്പില്‍ എത്തിച്ചേരുകയാണ് നാസ്തികര്‍. ദൈവം ഇല്ല എന്ന് ഭാവിയില്‍ ശാസ്ത്രം ഖണ്ഡിതമായി തെളിയിക്കും എന്നാണ് നവനാസ്തികതയുടെ ആചാര്യന്മാരില്‍ ഒരാളായ റിച്ചാര്‍ഡ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. ഇല്ല എന്ന് നാസ്തികര്‍ വിശ്വസിക്കുന്ന ഒന്നിനെക്കുറിച്ച് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ട് അത് ഇല്ല എന്ന് ശാസ്ത്രം തെളിയിക്കും എന്നാണല്ലോ ഇപ്പറയുന്നതിന്റെ അര്‍ഥം!
മനുഷ്യബുദ്ധിയുടെയും ചിന്തയുടെയും മാനസിക വ്യാപാരങ്ങളുടെയും അപാരമായ സാധ്യതകളെ കേവല യുക്തിയിലും ഭൗതിക നിരീക്ഷണത്തിലും തളച്ചിടുകയാണ്, ഇന്ദ്രിയാതീത യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്നതിലൂടെ നാസ്തികര്‍ ചെയ്യുന്നത്. ശാസ്ത്രീയ പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശദീകരിക്കാന്‍ കഴിയാത്ത, നാസ്തികര്‍ പോലും അംഗീകരിക്കുന്ന അമൂര്‍ത്തമായ നിരവധി യാഥാര്‍ഥ്യങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉണ്ട്. സ്നേഹം, ദയ, ഭാവന, ചിന്ത, ബോധം ഇതൊക്കെത്തന്നെയും ശാസ്ത്രീയ നിരീക്ഷണത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. മനുഷ്യന്റെ ഇത്തരം ഗുണങ്ങളും ചോദനകളും എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്ന് ശാസ്ത്രത്തിന് പറയാന്‍ കഴിഞ്ഞേക്കാമെങ്കിലും, ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി ഇഛാശക്തിയും നന്മതിന്മകളെക്കുറിച്ച ബോധവുമുള്ള മനുഷ്യനില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശാസ്ത്രത്തിന്റെ ടൂളുകള്‍ മതിയാവുകയില്ല. ഒരു കവിത എങ്ങനെ രചിക്കപ്പെടുന്നു എന്ന് ശാസ്ത്രീയ പരീക്ഷണത്തിലൂടെ വിശദീകരിക്കാന്‍ കഴിയുമോ? ഒരു മനുഷ്യന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റൊരു മനുഷ്യനെ രക്ഷിക്കാന്‍ തുനിയുന്നത് കേവലം ജീവശാസ്ത്രചോദനയായി വിശദീകരിക്കാന്‍ കഴിയുമോ? ധാര്‍മികതയെ ശാസ്ത്രീയമായി നിര്‍വചിക്കാന്‍ ശ്രമിക്കുന്ന നാസ്തികര്‍ എന്തെല്ലാം വൈരുധ്യങ്ങളിലാണ് ചെന്ന് ചാടാറുള്ളത് എന്ന് അത്തരം ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം.
അല്‍ ജസീറ ചാനലുമായുള്ള അഭിമുഖത്തില്‍ 'നിങ്ങളുടെ ഭാര്യ നിങ്ങളെ സ്നേഹിക്കുന്നു എന്നതിന് എന്താണ് ശാസ്ത്രീയമായ തെളിവ്' എന്ന് ചോദിക്കുമ്പോള്‍ ഡോക്കിന്‍സിന്റെ മറുപടി 'അത് അവളുടെ കണ്ണില്‍ നിന്നും മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിയും' എന്നാണ്. ദൈവത്തിന് 'ശാസ്ത്രീയമായ തെളിവ്' (Empirical Evidence) വേണം എന്ന് ശഠിക്കുന്ന ഡോക്കിന്‍സ് സ്വന്തം ഭാര്യയുടെ സ്നേഹത്തെ തിരിച്ചറിയുന്നത് ശാസ്ത്രീയമോ വസ്തുനിഷ്ഠമോ ആയ തെളിവിന്റെ അടിസ്ഥാനത്തിലല്ല, തെറ്റാവാനും ശരിയാവാനും സാധ്യതയുള്ള വ്യക്തിപരമായ അനുഭവത്തിന്റെയും നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ്. അനുഭവങ്ങള്‍ ആത്മനിഷ്ഠവും അമൂര്‍ത്തവുമാണ്; മനുഷ്യന്റെ മനസ്സും ബോധമണ്ഡലവുമായി ബന്ധപ്പെട്ടതാണ്. അത് ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്നതല്ല. ഒരാളുടെ കണ്ണിന് പ്രവര്‍ത്തന ശേഷിയുണ്ടോ, മുഖപേശികള്‍ എങ്ങനെ ചലിക്കുന്നു എന്നൊക്കെ വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിയും. പക്ഷേ, കണ്ണും മുഖവും ആവാഹിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഭാവങ്ങളെയും വികാരങ്ങളെയും, അത് മറ്റൊരാളില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളെയും അറിയാനോ അളക്കാനോ ശാസ്ത്രത്തിന്റെ ടൂളുകള്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന്റെ സ്നേഹം അനുഭവിക്കുന്നതിനേക്കാള്‍ തീക്ഷ്ണമായി ഒരു വിശ്വാസിക്ക് ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും കാരുണ്യവും അനുഭവിച്ചറിയാന്‍ കഴിഞ്ഞേക്കും. നല്ല ഒഴുക്കുള്ള ഭാഷയില്‍ നവനാസ്തികരുടെ ശാസ്ത്ര മാത്രവാദത്തെ ആവേശപൂര്‍വം മുന്നോട്ടു വെക്കുന്ന ഡോക്കിന്‍സിന് തന്റെ ആവിഷ്‌കാരസിദ്ധിയെപ്പോലും ശാസ്ത്രീയമായി, അഥവാ വസ്തുനിഷ്ഠമായി വിശദീകരിക്കാനാവില്ല. ശാസ്തീയ നിരീക്ഷണത്തിന്റെ കള്ളികളില്‍ ഒതുങ്ങാത്തതു കൊണ്ട് മാത്രം ദൈവത്തെ നിഷേധിക്കാന്‍ മുതിരുന്ന നാസ്തികരുടെ ലളിതയുക്തി സഹതാപമാണ് അര്‍ഹിക്കുന്നത്.
ശാസ്ത്രത്തിന്റെ വക്താക്കളായി ചമഞ്ഞു കൊണ്ട് ശാസ്ത്രത്തെ വികലമാക്കുകയാണ് വാസ്തവത്തില്‍ നാസ്തികര്‍ ചെയ്യുന്നത്. അവര്‍ മുന്നോട്ടു വെക്കുന്നത് ശാസ്ത്രബോധമോ ശാസ്ത്ര ചിന്തയോ അല്ല, ശാസ്ത്ര മാത്രവാദമാണ് (Scientism). ശാസ്ത്രമാണ് അറിവിന്റെ ഒരേയൊരു ഉറവിടം എന്ന വാദമാണ് ശാസ്ത്ര മാത്രവാദം. നന്മയും തിന്മയും ജീവിതത്തിന്റെ ലക്ഷ്യവും അര്‍ഥവുമെല്ലാം ശാസ്ത്രത്തിന് തീരുമാനിക്കാന്‍ കഴിയും എന്ന അസംബന്ധജടിലമായ അവകാശവാദം ഡോക്കിന്‍സിനെ പോലെയുള്ള നാസ്തികരായ ചില ശാസ്ത്രജ്ഞര്‍ മാത്രമാണ് കൊണ്ടു നടക്കുന്നത്. ദൈവം പദാര്‍ഥാതീതമായ ഒരു അസ്തിത്വം ആയതു കൊണ്ട് ദൈവം ഉണ്ടോ ഇല്ലേ എന്ന് പരീക്ഷണം നടത്തി തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. അത് ശാസ്ത്രത്തിന്റെ മേഖലയുമല്ല. അതേ സമയം പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും ശാസ്ത്രം അനാവരണം ചെയ്യുന്ന അത്ഭുതകരമായ സത്യങ്ങള്‍ ദൈവം ഉണ്ട് എന്നതിന്റെ യുക്തിപരമായ സാധ്യതയെ നിഷേധിക്കുകയല്ല, സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രം ദൈവനിഷേധപരമല്ല എന്നര്‍ഥം.
തലതിരിഞ്ഞ ചോദ്യങ്ങള്‍
ദൈവം ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമോ എന്നാണ് നാസ്തികരുടെ സ്ഥിരം വെല്ലുവിളി. ദൈവം ഉണ്ട് എന്നതിന് മധ്യകാല യുറോപ്പിലെ പ്രമുഖ ക്രൈസ്തവ ദാര്‍ശനികനായ സെന്റ് തോമസ് അക്വിനാസ് സമര്‍പ്പിച്ച തത്ത്വചിന്താപരമായ അഞ്ച് തെളിവുകള്‍ പ്രശസ്തമാണ്. ഡോക്കിന്‍സ് The God Delusion എന്ന തന്റെ പ്രശസ്തമായ ഗ്രന്ഥത്തില്‍ അക്വിനാസിന്റെ ന്യായങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ടെങ്കിലും അവയില്‍ ഒന്നിന് പോലും യുക്തിഭദ്രമായി മറുപടി നല്‍കുന്നില്ലെന്ന് സി.രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം' എന്ന ഗ്രന്ഥത്തിന് എഴുതിയ മറുപടിയില്‍ ഗവേഷകനും ഗ്രന്ഥകാരനുമായ എന്‍.എം ഹുസൈന്‍ സമര്‍ഥിക്കുന്നുണ്ട്(നവനാസ്തികത: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍. 'ശാസ്ത്രവും ദര്‍ശനവും' എന്ന അധ്യായം കാണുക).
ദൈവം ഉണ്ടോ എന്ന നാസ്തികരുടെ ചിരപുരാതനമായ ചോദ്യത്തിന് ചില ഇസ്‌ലാമിക ചിന്തകര്‍ മറുപടി നല്‍കിയിട്ടുള്ളത് ദൈവം സ്വയം സ്പഷ്ടമായ (Self - evident) ഒരു യാഥാര്‍ഥ്യം ആണെന്നാണ്. ദൈവം ഉണ്ട് എന്നതാണ് സാര്‍വലൗകികമായി അഗീകരിക്കപ്പെട്ട വിശ്വാസം. ഇല്ല എന്നതിനാണ് തെളിവ് വേണ്ടത്. ശാസ്ത്രീയരീതികള്‍ ഉപയോഗിച്ച് അങ്ങനെ തെളിയിക്കാന്‍ ഒരിക്കലും സാധ്യമല്ല താനും. ചരിത്രത്തില്‍ എല്ലാ കാലത്തും മഹാഭൂരിപക്ഷം മനുഷ്യരും ഏതോ തരത്തിലുള്ള ദൈവ വിശ്വാസം വെച്ചു പുലര്‍ത്തിയവരായിരുന്നു. ശാസ്ത്രം മതത്തെയും ദൈവത്തെയും അപ്രസക്തമാക്കി എന്ന് നാസ്തികര്‍ അവകാശപ്പെടുന്ന ആധുനിക കാലത്തും ഇത് തന്നെയാണ് അവസ്ഥ.
ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ദൈവത്തെക്കുറിച്ച അടിസ്ഥാനപരമായ ഒരു ബോധം മനുഷ്യ പ്രകൃതിയില്‍ നിലീനമാണ്. ദൈവത്തെ ഒരു ഉള്‍വിളിയെന്നോണം സ്വയം തിരിച്ചറിയാന്‍ പാകത്തില്‍ സജ്ജമാക്കപ്പെട്ട ഈ സ്വഛ പ്രകൃതിയെയാണ് ഖുര്‍ആന്‍ ഫിത്വ്‌റ എന്ന് വിളിക്കുന്നത്. ഈ ഫിത്വ്‌റയെയാണ് ഇസ്‌ലാം പ്രതിനിധീകരിക്കുന്നത്. ഓരോ ശിശുവും ഫിത്വ്‌റയിലാണ് ജനിക്കുന്നതെന്നും മാതാപിതാക്കളാണ് അവനെ / അവളെ മറ്റു മത വിശ്വാസങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നത് എന്നും പറയുന്ന നബിവചനമുണ്ട്. ഖുര്‍ആന്‍ ചിന്തോദ്ദീപകമായ ശൈലിയില്‍ ഈ ആശയത്തെ ആവിഷ്‌കരിക്കുന്നുണ്ട്: ''നിന്റെ നാഥന്‍ മനുഷ്യപുത്രരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്തതി പരമ്പരകളെ പുറത്തെടുക്കുകയും അവര്‍ സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). 'ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ' എന്ന് അവരോട് ചോദിക്കപ്പെട്ടപ്പോള്‍ 'അതേ, ഞങ്ങള്‍ സാക്ഷികളായിരിക്കുന്നു' എന്നവര്‍ ഉത്തരം നല്‍കി. ഞങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. 'ഞങ്ങളുടെ പൂര്‍വികര്‍ ബഹുദൈവാരാധകരായിരുന്നു. ഞങ്ങള്‍ അവരുടെ പിന്മുറക്കാര്‍ മാത്രമാണ്. അവരുടെ വഴികേടിന് നീ ഞങ്ങളെ ശിക്ഷിക്കുകയോ' എന്ന് അവര്‍ ചോദിക്കാതിരിക്കുന്നതിന് വേണ്ടിയും'' (7: 172, 173).
വെറും ദൈവബോധം മാത്രമല്ല, പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നാഥനായ ഏകദൈവത്തെക്കുറിച്ച സഹജാവബോധവും അതില്‍ നിന്നുറവെടുക്കുന്ന ധര്‍മബോധവും മനഷ്യപ്രകൃതിയില്‍ നിലീനമാണ് എന്നതാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. ഈ അടിസ്ഥാന ദൈവബോധത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനുമാണ് ദൈവം പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അയച്ചത് എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ഇടി, മിന്നല്‍, കാറ്റ്, മഴ തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച ഭയം കാരണം ആദിമ മനുഷ്യന്‍ പ്രകൃതി ശക്തികളെ പൂജിക്കാന്‍ തുടങ്ങി എന്നും അതില്‍ നിന്നാണ് പിന്നീട് പടിപടിയായി ഏകദൈവവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നത് എന്നുമുള്ള പരിണാമവാദികളുടെ അനുമാനാധിഷ്ഠിതമായ സിദ്ധാന്തത്തെ ഖുര്‍ആന്‍ നിരാകരിക്കുന്നു. ഏകദൈവ വിശ്വാസമാണ് അടിസ്ഥാനമെന്നും അത് ദൈവപ്രോക്തമാണെന്നും അതില്‍ നിന്ന് വ്യതിചലിച്ചിട്ടാണ് ബഹുദൈവത്വം ഉണ്ടായതെന്നുമാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. ആധുനിക നരവംശശാസ്ത്ര ഗവേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ഇതേ യാഥാര്‍ഥ്യത്തിലേക്കാണ് (ടി. മുഹമ്മദ് വിവര്‍ത്തനം ചെയ്ത്, ഐ. പി.എച്ച് പ്രസിദ്ധീകരിച്ച മൗലാനാ അബുല്‍ കലാം ആസാദിന്റെ 'ദൈവ സങ്കല്‍പം കാലഘട്ടങ്ങളിലൂടെ' എന്ന പുസ്തകത്തിലെ 'ആധുനിക ഗവേഷണങ്ങള്‍' എന്ന ഭാഗം കാണുക). വിഗ്രഹാരാധന ശീലമാക്കിയ സമൂഹങ്ങളില്‍ പോലും എല്ലാ ദൈവങ്ങള്‍ക്കും മേലെ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു ദൈവത്തെക്കുറിച്ച സങ്കല്‍പം നിലനില്‍ക്കുന്നുണ്ട് എന്ന് കാണാം. മുസ്‌ലിംകള്‍ അല്ലാഹു എന്ന് വിളിക്കുന്നതിന് സമാനമായി, ദൈവത്തെ വിശഷിപ്പിക്കാന്‍ ഈശ്വരന്‍, യഹോവ തുടങ്ങി, ദൈവത്തിന്റെ ഏതെങ്കിലും അവതാരങ്ങളെയോ മൂര്‍ത്തികളെയോ സൂചിപ്പിക്കുന്നതല്ലാത്ത പേരുകള്‍ വിവിധ മതസമൂഹങ്ങളില്‍ നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. മുഹമ്മദ് നബി ആഗതനാവുന്ന കാലത്ത് വിഗ്രഹാരാധനയില്‍ ആണ്ടു മുങ്ങിയിരുന്ന മക്കയിലെ ജനതയോട് 'നിങ്ങളെ സൃഷ്ടിച്ചത് ആരാണ്' എന്ന് ചോദിച്ചാല്‍ 'അല്ലാഹു' എന്നവര്‍ മറുപടി പറയും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
അന്ധമായ നിഷേധം
ദൈവം ഉണ്ട് എന്നത് സ്വയം സ്പഷ്ടമാണ് എന്നതിന്റെ മറ്റൊരു തെളിവാണ് പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന മനുഷ്യരുടെ സഹജവും യുക്തിസഹവുമായ ബോധ്യം. ഒരു സ്രഷ്ടാവില്ലാതെ പ്രപഞ്ചത്തില്‍ സ്വയംഭൂവായി ഒന്നും ഉണ്ടാവുന്നില്ല എന്നതാണ് മനുഷ്യന്‍ സ്വമേധയാ അംഗീകരിക്കുന്ന യാഥാര്‍ഥ്യം. എന്നിരിക്കെ, പ്രപഞ്ചത്തിന്റെയും അതിലെ അചേതനവും സചേതനവുമായ ഓരോ സൃഷ്ടിയുടെയും പിന്നിലെ അത്ഭുതകരമായ ആസൂത്രണം വെച്ചു നോക്കിയാല്‍ ഇതെല്ലാം വെറും യാദൃഛികതയുടെ ഫലമായി ഉണ്ടായി എന്ന് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക് സാധ്യമല്ല. മനുഷ്യബുദ്ധിയുടെയും യുക്തിയുടെയും സ്വാഭാവികമായ ഈ ബോധ്യം തെറ്റാണെന്ന് തെളിയണമെങ്കില്‍ പ്രപഞ്ചം താനേ ഉണ്ടായതാണ് എന്ന് തെളിയിക്കാന്‍ നാസ്തികര്‍ക്ക് കഴിയണം. അതിന് അനുമാനങ്ങളും സങ്കല്‍പ്പകഥകളും മതിയാവുകയില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതു കൊണ്ട് ദൈവത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, ശാസ്ത്രത്തിന്റെ കുപ്പായമിടുവിച്ച് ദൈവത്തിന് പകരം കൊണ്ടുവരുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും കണ്ണും പൂട്ടി അംഗീകരിച്ചു കൊള്ളണം എന്നുമാണ് നാസ്തികരുടെ നിലപാട്!
ദൈവത്തിന്റെ ഏറ്റവും പ്രഥമമായ ഗുണങ്ങളില്‍ ഒന്നായി ഖുര്‍ആന്‍ എണ്ണുന്നത് സ്രഷ്ടാവ് (ഖാലിഖ്) എന്നതാണ്. ആദ്യമായി അവതരിച്ച ഖുര്‍ആന്‍ വചനം മനുഷ്യനോട് പറയുന്നത്, 'സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക' (96:1) എന്നാണ്. പ്രപഞ്ചസൃഷ്ടിയിലെ അത്ഭുതങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ചിന്തിക്കാനും അതിലൂടെ ഏകദൈവത്തെ തിരിച്ചറിയാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം.
'ചക്രവാളങ്ങളില്‍ നാം അവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുന്നതായിരിക്കും; അവരുടെ തന്നെ ആത്മാക്കളിലും' (41:53)
'അവര്‍ ആരുമില്ലാതെ സൃഷ്ടിക്കപ്പെട്ടതാണോ? അതോ, അവര്‍ സ്വയം സൃഷ്ടിച്ചതോ? അവരാണോ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്? അവര്‍ക്ക് ഒട്ടും തീര്‍ച്ചയില്ല'
(52:35,36).
നാസ്തികര്‍ വാദിക്കാറുള്ളതു പോലെ അജ്ഞാതനായ ഒരു ദൈവത്തില്‍ അന്ധമായി വിശ്വസിക്കാനല്ല ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടപ്പെടുന്നത്. തന്നിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിച്ചു കൊണ്ട്, സ്വന്തം പ്രകൃതത്തില്‍ സഹജമായിട്ടുള്ള ദൈവബോധത്തെ ബുദ്ധിയും ചിന്തയും യുക്തിയും ഉപയോഗിച്ചു പരിപോഷിപ്പിക്കാനാണ്. മനുഷ്യന്റെ ജന്മസിദ്ധമായ കഴിവുകളും ബോധ്യങ്ങളും ഉപയോഗിച്ചുകൊണ്ട് ദൈവത്തെ തിരിച്ചറിയുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനെയല്ല, ഇതൊന്നും വേണ്ടവിധം ഉപയോഗിക്കാതെ അന്ധമായി ദൈവത്തെ നിഷേധിക്കുന്നതിനെയാണ് അന്ധവിശ്വാസം എന്ന് വിളിക്കേണ്ടത്.
ദൈവത്തെ സൃഷ്ടിച്ചതാര്?
പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുമ്പോള്‍ നാസ്തികര്‍ പണ്ടുകാലം മുതലേ ഉന്നയിച്ചു വന്ന ചോദ്യമാണ് ദൈവത്തെ സൃഷ്ടിച്ചതാര് എന്നത്. ഡോക്കിന്‍സ് തന്റെ പുസ്തകത്തില്‍ ഈ ചോദ്യം പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ദൈവത്തെ മനുഷ്യനെപ്പോലുള്ള ഒരു അസ്തിത്വമായി കാണുകയും പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതനായ ദൈവത്തിനും ബാധകമാക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഈ ചോദ്യം ഉത്ഭവിക്കുന്നത്. തുടക്കവും ഒടുക്കവുമുള്ള ഭൗതിക പ്രപഞ്ചത്തിനും അതിലെ സകല സൃഷ്ടികള്‍ക്കും അവയുടെ ഉത്ഭവത്തിന് ഒരു കാരണം ഉണ്ടായിരിക്കണം എന്നാണ് സാമാന്യബുദ്ധി ആവശ്യപ്പെടുന്നത്. പ്രപഞ്ചം അനാദിയാണ് എന്ന, നാസ്തികര്‍ ഇപ്പോഴും കൊണ്ടു നടക്കുന്ന സിദ്ധാന്തം പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ഫലമായി നിരാകരിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ഈ സിദ്ധാന്തത്തില്‍ കടിച്ചു തൂങ്ങുന്നവരാണ് ദൈവം അനാദിയാണ് എന്ന മത വിശ്വാസികളുടെ വാദത്തിന് തെളിവ് ചോദിക്കുന്നത്! പദാര്‍ഥങ്ങളുടെ ഉത്ഭവത്തിന് കാരണം വേണം എന്ന യുക്തി പദാര്‍ഥാതീതനായ ദൈവത്തിനു ബാധകമാക്കുന്നതില്‍ ഒരു യുക്തിയുമില്ല. ദൈവത്തിന് സ്രഷ്ടാവിനെ അന്വേഷിച്ചു പോയാല്‍ ആ അന്വേഷണം എവിടെയും അവസാനിക്കാതെ സ്രഷ്ടാവില്‍ നിന്ന് സ്രഷ്ടാവിലേക്ക് അനന്തമായി നീണ്ടു പോകും. പ്രപഞ്ചത്തെയും പ്രപഞ്ചത്തിന്റെ ഭാഗമായ സൃഷ്ടികളെയും, പ്രപഞ്ചാതീതനായ സ്രഷ്ടാവിനെയും വേര്‍തിരിച്ചു കാണുന്നതിലൂടെ മാത്രമേ ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ കഴിയൂ. അനാദിയായ ശക്തിയാണ് ദൈവം, സ്രഷ്ടാവ്. പ്രപഞ്ചം ഉണ്ടാവുന്നതിന് മുമ്പെ ദൈവവും അവന്റെ ഇഛയും ഉണ്ട്. ആ ഇഛ കൊണ്ട് അവന്‍ സൃഷ്ടി നടത്തുന്നു, പ്രപഞ്ചത്തെ സംവിധാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഏകനും സര്‍വശക്തനും യുക്തിജ്ഞനും സര്‍വജ്ഞാനിയുമായ ആ ദൈവത്തിന്റെ കൈയിലാണ് എല്ലാറ്റിന്റെയും ഭാഗധേയം.
'അല്ലാഹു അവന്‍ ഇഛിക്കുന്നതിനെ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാറ്റിന്റെയും മേല്‍ അധികാരമുള്ളവനാണ്' (ഖുര്‍ആന്‍ 24: 45).
ഏത് ദൈവം?
ദൈവം ഇല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നാസ്തികര്‍ ഉന്നയിക്കുന്ന അടുത്ത ചോദ്യം ദൈവം ഉണ്ടെങ്കില്‍ തന്നെ ഏത് ദൈവം എന്നായിരിക്കും. ഓരോ മതക്കാര്‍ക്കും വ്യത്യസ്ത ദൈവങ്ങളും ദൈവ സങ്കല്‍പങ്ങളുമുണ്ട്. ഇതില്‍ നിന്ന് ഏത് ദൈവത്തെ മനുഷ്യര്‍ തെരഞ്ഞെടുക്കും, ദൈവങ്ങളുടെ ബാഹുല്യത്തില്‍ അവര്‍ വലഞ്ഞു പോവില്ലേ എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം. ദൈവത്തെ നിഷേധിക്കാന്‍ വേണ്ടിയാണ് നാസ്തികര്‍ ഈ ചോദ്യം ഉന്നയിക്കുന്നതെങ്കിലും ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യവുമായി ഇതിന് നേര്‍ക്കു നേരെ ബന്ധമില്ല.
ഏത് ദൈവത്തെ തെരഞ്ഞെടുക്കണം എന്ന ചോദ്യം ഒരു മതവിശ്വാസിയെ അലട്ടുന്ന ഒന്നല്ല. പല ദൈവസങ്കല്‍പങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്ന് അയാള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കും. അത് ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ മറ്റൊന്ന് അയാള്‍ക്ക് തെരഞ്ഞെടുക്കാം. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന, എന്നാല്‍ ഒരു പ്രത്യേക മതത്തിലും വിശ്വാസമില്ലാത്ത ഒരാളാണ് ഈ ചോദ്യം ഉന്നയിക്കുന്നതെങ്കില്‍, പല ആശയ ദര്‍ശനങ്ങളില്‍ നിന്ന് ഒരാള്‍ നാസ്തികത തെരഞ്ഞെടുക്കുന്നതു പോലെ, പല മതസങ്കല്‍പങ്ങളില്‍ നിന്ന് തനിക്ക് ശരിയെന്ന് തോന്നുന്നത് അയാള്‍ക്ക് തെരഞ്ഞെടുക്കാവുന്നതേയുള്ളൂ. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരെ ഏത് ദൈവം എന്ന ചോദ്യം അലട്ടേണ്ടതുമില്ല. ജീവിതത്തിലുടനീളം മനുഷ്യര്‍ നടത്തുന്ന പലതരം തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഏത് ആശയം തെരഞ്ഞെടുക്കണം, ഏത് ദൈവ സങ്കല്‍പം തെരഞ്ഞെടുക്കണം എന്നതും എന്നാണ് പറഞ്ഞു വരുന്നതിന്റെ ചുരുക്കം. ദൈവസങ്കല്‍പങ്ങളുടെ ബാഹുല്യം ചൂണ്ടിക്കാണിച്ചു കൊണ്ട് ദൈവത്തെ നിഷേധിക്കാന്‍ ശ്രമിക്കുന്നത് ശാസ്ത്ര സിദ്ധാന്തങ്ങളുടെ ബാഹുല്യവും വൈരുധ്യങ്ങളും കാണിച്ചു കൊണ്ട് ശാസ്ത്രത്തെ നിഷേധിക്കുന്നതു പോലെ നിരര്‍ഥകമാണ്.
വിടവുകളിലെ ദൈവം
ഡോക്കിന്‍സ് പ്രചാരം നല്‍കിയ God of gaps (വിടവുകളിലെ ദൈവം) എന്ന ഒരു പ്രയോഗം നവനാസ്തികര്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ശാസ്ത്രം ഇനിയും ഉത്തരം പറഞ്ഞിട്ടില്ലാത്ത വിടവുകളില്‍ മത വിശ്വാസികള്‍ ദൈവത്തെ എളുപ്പം തിരുകിക്കയറ്റുന്നു എന്നാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യനെയും പ്രപഞ്ചത്തെയും കുറിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശാസ്ത്രം ഉത്തരം കണ്ടെത്തുമെന്നും അതോടെ വിടവുകളില്‍ ഒളിഞ്ഞിരിക്കുന്ന ദൈവം കാലക്രമത്തില്‍ നിഷ്‌കാസിതനാവുമെന്നുമാണ് അവരുടെ അവകാശവാദം. ദൈവം ഐ.സി.യു വിലാണെന്ന് ഒരുപാട് കാലമായി വിളിച്ചു കൂവുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. ഒരു ഫലിതം അല്ലെങ്കില്‍ ദിവാസ്വപ്നം എന്നതില്‍ കവിഞ്ഞ് ഈ അവകാശവാദങ്ങള്‍ക്ക് അര്‍ഥമൊന്നുമില്ല. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഉത്ഭവത്തെക്കുറിച്ച അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് പോലും കൃത്യമായ ഉത്തരങ്ങള്‍ ശാസ്ത്രം ഇതു വരെ നല്‍കിയിട്ടില്ല. ശാസ്ത്രം കണ്ടെത്തിയ പല സത്യങ്ങളും ദൈവത്തെ നിഷ്‌കാസിതനാക്കുകയല്ല, ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്. അറിവിന്റെയും സത്യാന്വേഷണത്തിന്റെയും പല മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് ശാസ്ത്രം എന്ന ശരിയായ ശാസ്ത്രബോധം വെച്ചു പുലര്‍ത്തുന്നവരെ ഇത്തരം വസ്തുതകള്‍ അലോസരപ്പെടുത്തുകയില്ല. ശാസ്ത്രത്തെ അതിന്റേതല്ലാത്ത മേഖലകളിലേക്ക് കൂടി വലിച്ചിഴക്കുകയും മനുഷ്യനെക്കുറിച്ച ദാര്‍ശനിക സമസ്യകള്‍ക്ക് പോലും അത് ഉത്തരം നല്‍കും എന്ന് മൂഢസ്വപ്നം കാണുകയും ചെയ്യുന്ന നവനാസ്തികരാണ് ദൈവത്തിന്റെ അജയ്യതയെക്കുറിച്ച് എപ്പോഴും അസ്വസ്ഥരാവുന്നത്.
നാസ്തികരുടെ ദൈവത്തെക്കുറിച്ച വെപ്രാളം കണ്ടാല്‍ ഏീറ ീള ഴമു െഎന്ന പ്രയോഗത്തിന് അര്‍ഥ വ്യതിയാനം വന്നുവോ എന്ന് സംശയിച്ചു പോകും. നാസ്തികര്‍ക്ക് ഉത്തരമില്ലാത്ത എന്ത് കാര്യം ലോകത്ത് സംഭവിച്ചാലും ആ വിടവുകളിലേക്ക് ഇല്ല എന്ന് അവര്‍ വിശ്വസിക്കുന്ന ദൈവത്തെ നാസ്തികര്‍ തന്നെ വലിച്ചിഴക്കുന്നതാണ് അടുത്ത കാലത്തായി കാണാന്‍ കഴിയുന്നത്. ഭാവനയില്‍ നിന്ന് തങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ പാകത്തില്‍ ഒരു ദൈവത്തെ സൃഷ്ടിച്ചു, ആ ദൈവത്തെ വിശ്വാസികളുടെ മേല്‍ ആരോപിച്ച് ലോകത്ത് നടക്കുന്ന കാര്യങ്ങളിലൊന്നും ദൈവം ഇടപെടാത്തതെന്ത് എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നവരാണ് നാസ്തികര്‍. കൊറോണ വന്നാലും വെള്ളപ്പൊക്കം വന്നാലും അതിന്റെ ഉത്തരവാദിത്തം അവര്‍ ദൈവത്തിന്റെ തലയില്‍ കെട്ടിവെക്കും. രോഗത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും സര്‍വജ്ഞനും കാരുണ്യവാനുമായ ദൈവം എന്തു കൊണ്ട് മനുഷ്യരെ രക്ഷിക്കുന്നില്ല എന്ന് അത്ഭുതം കൂറും. ദൈവം ഇല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെങ്കിലും നാസ്തികരുടെ നിസ്സഹായതയില്‍ നിന്നാണ് യഥാര്‍ഥത്തില്‍ അവ ഉത്ഭവിക്കുന്നത്. ദൈവത്തെ മാറ്റിനിര്‍ത്തിയാല്‍ ഭൂമിയിലെ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും സ്വന്തമായ വിശദീകരണങ്ങള്‍ നല്‍കാന്‍ നാസ്തികര്‍ ബാധ്യസ്ഥരായിത്തീരും. അനീതിയും അസമത്വവുമൊക്കെ തെറ്റാണെന്ന് വിശ്വസിക്കുന്നതു കൊണ്ടാണല്ലോ അതിന്റെ പേരില്‍ അവര്‍ ദൈവത്തെ കുറ്റപ്പെടുത്തുന്നത്. ഇവ എന്തുകൊണ്ട് തെറ്റാവുന്നുവെന്ന് ശാസ്ത്രീയ യുക്തി കൊണ്ട് വിശദീകരിക്കാന്‍ തുനിഞ്ഞാല്‍ നാസ്തികര്‍ സ്വയം വൈരുധ്യങ്ങളില്‍ അകപ്പെടും. സ്വന്തം യുക്തിയോടും ബുദ്ധിയോടുമല്ലാതെ സമൂഹത്തോട് പ്രത്യേകിച്ച് പ്രതിബദ്ധതയൊന്നും അവകാശപ്പെടാനില്ലാത്ത നാസ്തികര്‍ക്ക് ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം നിര്‍ദേശിക്കുന്നത് അതിനേക്കാള്‍ ദുഷ്‌കരമായിരിക്കും. ശാസ്ത്രം എല്ലാറ്റിനും ഉത്തരം കണ്ടെത്തും എന്ന് വാദിക്കുന്നവര്‍ തന്നെ, ഇതൊന്നും നാസ്തികരുടെ പണിയല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറേണ്ടി വരും. ഇത്തരം ഏടാകൂടങ്ങളില്‍ ചെന്നു ചാടുന്നത് ഒഴിവാക്കാനുള്ള കുറുക്കുവഴിയാണ് ദൈവത്തെ മുന്നില്‍ നിര്‍ത്തിയുള്ള നിഴല്‍ യുദ്ധം.
(തുടരും)
Comments