Prabodhanm Weekly

Pages

Search

2020 നവംബര്‍ 20

3177

1442 റബീഉല്‍ ആഖിര്‍ 05

ജോ ബൈഡന് അമേരിക്കയെ രക്ഷിക്കാനാവുമോ?

നാഗരികതകളുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് രണ്ട് തരം പഠനങ്ങള്‍ നടക്കാറുണ്ട്. ഭൂതകാല നാഗരികതകളുടെയും വന്‍ ശക്തികളുടെയും പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്ന പഠനങ്ങളാണ് അതിലൊന്ന്. നിലനില്‍ക്കുന്ന ഒരു നാഗരികതയുടെ, അല്ലെങ്കില്‍ വന്‍ ശക്തിയുടെ ഭാവി കാലം പ്രവചിക്കുന്നതാണ് രണ്ടാമത്തേത്. അത്തരമൊരു പഠനമാണ് ബൈറൂത്തിലെ സൈത്തൂന സെന്ററിലെ ഗവേഷകന്‍ ഡോ. വലീദ് അബ്ദുല്‍ ഹയ്യ് നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം അമേരിക്കക്ക് സംഭവിക്കാനിരിക്കുന്ന പിന്മടക്കത്തെക്കുറിച്ചാണ്, ചൈന എന്ന പ്രതിയോഗിയെ മുമ്പില്‍ വെച്ചുള്ള ആ പഠനം. അന്താരാഷ്ട്ര ഘടനയില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ തന്നെയാണ് ഇപ്പോഴും മുന്നിട്ടു നില്‍ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. ഹാര്‍ഡ്- സോഫ്റ്റ് പവര്‍ മേഖലകളില്‍ ഇപ്പോഴും അവരുടെ കുത്തക തുടരുന്നു. ഏറ്റവും വലിയ സമ്പദ് ഘടന അമേരിക്കയുടേതു തന്നെയാണ്. ലോകത്തെ ഏറ്റവും ശക്തമായ സൈന്യമുള്ളതും അമേരിക്കയുടെ കൈവശമാണ്. അവരുടെ സൈനിക ബജറ്റ് അക്കാര്യത്തില്‍ അവരുടെ തൊട്ടു പിറകിലുള്ള പത്ത് രാഷ്ട്രങ്ങളുടെ സൈനിക ബജറ്റ് ഒന്നിച്ചെടുത്താല്‍ ഏതാണ്ട് അതിനോടടുത്തു വരും. ലോകത്തെ സെന്‍ട്രല്‍ ബാങ്കുകളിലെ കരുതല്‍ കറന്‍സികളില്‍ അറുപത്തിരണ്ട് ശതമാനവും അമേരിക്കന്‍ ഡോളറാണ്. ലോകത്തെ മികച്ച നൂറ് യൂനിവേഴ്‌സിറ്റികളുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ ഏതാണ്ട് പകുതിയും അമേരിക്കയില്‍ നിന്നുള്ളവ. നവ മീഡിയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാവിന്‍ തുമ്പിലേക്ക് വരുന്ന ഗൂഗിള്‍, ഫേസ് ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്ട്‌സ്ആപ്, മൈക്രോസോഫ്റ്റ്, ഇബേ, ഇന്റല്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കോര്‍പറേറ്റ് കമ്പനികളും അമേരിക്കന്‍ ഉടമസ്ഥതയിലുള്ളത്.
ഇതൊക്കെ ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഏറെത്താമസിയാതെ അമേരിക്ക ഒന്നാം സ്ഥാനത്തു നിന്ന് നിഷ്‌കാസിതമാവുമെന്ന പ്രവചനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ മേധാവിത്വത്തിന് പ്രവചിക്കപ്പെടുന്ന ആയുസ്സ് പിന്നെയും കുറച്ചു കൊണ്ടുവന്നു എന്നതാണ് ട്രംപ് ഭരണത്തെക്കുറിച്ച പൊതുവെയുള്ള വിലയിരുത്തല്‍. രാഷ്ട്രീയ നിരീക്ഷകനായ ഉസാമ അബൂ അര്‍ശീദ് ചൂണ്ടിക്കാട്ടിയ പോലെ, ഇതു വരെയുള്ള സകല അമേരിക്കന്‍ ഭരണകൂടങ്ങളുടെയും തിന്മകളെ തന്റെ ഭരണകൂടത്തിലേക്ക് ചേര്‍ത്തു വെക്കുകയാണ് ട്രംപ് ചെയ്തത്. അതില്‍ കടുത്ത മതവിവേചനമുണ്ട്, അന്ധമായ വംശീയതയുണ്ട്, മാരകമായ വെള്ളമേധാവിത്ത ചിന്തയുണ്ട്. അത് ഭരണ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും അമേരിക്കന്‍ 'മൂല്യങ്ങളെ' ചവിട്ടിമെതിക്കുകയും ചെയ്തു.  അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന സത്യം, വിശ്വാസ്യത എന്നീ രണ്ട് മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുകയാണ് ട്രംപ് ചെയ്തതെന്ന തോമസ് ഫ്രീഡ്മാന്റെ വിലയിരുത്തല്‍ ആരും മുഖവിലക്കെടുക്കുമെന്ന് തോന്നുന്നില്ല. മുന്‍ കാല അമേരിക്കന്‍ ഭരണകൂടങ്ങള്‍ സത്യമാണോ ലോകത്തോട് പറഞ്ഞു കൊണ്ടിരുന്നത്? സത്യത്തിന് വേണ്ടിയാണോ നിലകൊണ്ടിരുന്നത്? സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി എന്ത് നുണയും വിളിച്ചു പറയാന്‍ (ഇറാഖിനെ ആക്രമിക്കാനുള്ള ന്യായമായി സദ്ദാം ഹുസൈന്‍ മാരകമായ നശീകരണായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നു എന്ന ജൂനിയര്‍ ബുഷിന്റെ പെരുംനുണ ഓര്‍ക്കുക) മുന്‍ പ്രസിഡന്റുമാര്‍ക്ക് ഒരു ലജ്ജയും തോന്നിയിട്ടില്ല. ഇനി വിശ്വാസ്യതയുടെ കാര്യം. ഫലസ്ത്വീന്‍ പ്രശ്‌നം മാത്രമെടുക്കുക. ഫലസ്ത്വീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടത്തിയ സകല ഭീകരാക്രമണങ്ങളെയും പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്ത ചരിത്രമല്ലേ, റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളുമായ മുഴുവന്‍ മുന്‍ പ്രസിഡന്റുമാര്‍ക്കുമുള്ളത്? യാതൊരു ഔചിത്യവുമില്ലാതെ, ലോകത്തിന് മുമ്പില്‍ പരിഹാസ കഥാപാത്രമാവുന്ന വിധത്തില്‍ കള്ളം പറയുകയും വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തു എന്നത് മാത്രമാണ് ട്രംപിനെ 'വ്യത്യസ്തന്‍' ആക്കുന്നത്. അതിനാല്‍ അമേരിക്ക ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളുടെയെല്ലാം കാരണക്കാരന്‍ ട്രംപായിരിക്കുമെന്ന് വിധിക്കുന്നത് ഒട്ടും സത്യസന്ധമായിരിക്കില്ല.
ഭാവിയില്‍ അമേരിക്കയെ നേതൃസ്ഥാനത്തു നിന്ന് പിന്തള്ളാനിരിക്കുന്ന പ്രതിസന്ധികളെല്ലാം അമേരിക്കന്‍ സാമൂഹിക ജീവിതത്തില്‍ നേരത്തേ തന്നെ പ്രകടമായിരുന്നു. ആ പ്രതിസന്ധികളെ ഒന്നുകൂടി രൂക്ഷമാക്കി എന്നേ ട്രംപ് ഭരണകൂടത്തെക്കുറിച്ച് പറയാന്‍ കഴിയൂ. വെറുപ്പും പരമത / വംശ വിദ്വേഷവും അതിന്റെ പാരമ്യത്തിലെത്തിച്ചതും ട്രംപ് തന്നെ. സ്പാനിഷ്, ഏഷ്യന്‍, ബ്ലാക്ക് വംശജര്‍ക്കെതിരെയുള്ള വെള്ള വംശവെറിയന്മാരുടെ കടുത്ത അസഹിഷ്ണുതയെ അമേരിക്ക എന്ന രാഷ്ട്ര ഭാവനയുടെ ആത്മാഹുതി എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം ഈ വംശക്കാരും വിവിധ മതക്കാരും ഉള്‍പ്പെടെ ലോകജനതകളുടെ പരിഛേദമാണ് അമേരിക്കയെ സൃഷ്ടിച്ചത്. ലോകരാജ്യങ്ങളുടെ പുരോഗതിക്ക് ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് അന്നാടുകളില്‍ നിന്നുള്ള 'മസ്തിഷ്‌ക ചോര്‍ച്ച'യാണ്. മസ്തിഷ്‌കങ്ങളധികവും ചോരുന്നത് അമേരിക്കയിലേക്കു തന്നെ; ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മാത്രമല്ല, യൂറോപ്പില്‍ നിന്നു വരെ. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആ പ്രതിഭാശാലികളാണ്, അല്ലാതെ വെള്ള വംശീയവാദികളല്ല ഇന്നത്തെ അമേരിക്കയെ കെട്ടിപ്പടുത്തത്. അവര്‍ക്കെതിരെയാണ് ട്രംപും കൂട്ടരും വിഷം തുപ്പിക്കൊണ്ടിരുന്നത്. ഇത്രയേറെ കഴിവു കെട്ട ഭരണാധികാരിയായിട്ടും ട്രംപിന് ബൈഡനോട് ഒപ്പത്തിനൊപ്പം പൊരുതാന്‍ കഴിഞ്ഞത്, അയാള്‍ ഉണ്ടാക്കിക്കഴിഞ്ഞിട്ടുള്ള വംശീയവും മതകീയവുമായ പിളര്‍പ്പുകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് കാണിച്ചുതരുന്നു. ട്രംപ് പോയതുകൊണ്ട് മാത്രം ആ മുറിവുകള്‍ ഉണങ്ങുകയില്ല. ഈ ഗുരുതരമായ പരിക്കുകള്‍ ഭേദപ്പെടുത്താന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (40-46)
ടി.കെ ഉബൈദ്‌