അലിജാ ഇസ്സത്ത് ബെഗോവിച്ച് മാനവികതയുടെ ചക്രവാളത്തില്‍ വിരാജിച്ച ഇസ്‌ലാമിക ചിന്തകന്‍
ബോസ്‌നിയയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ബോസാന കറൂബയില്‍ 1925-ലാണ് അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ ജനനം. പ്രഗത്ഭ രാജ്യതന്ത്രജ്ഞനും ചിന്തകനുമായ അദ്ദേഹത്തിന്റേത് ബാല്‍ക്കനിലെ വലിയ മതപാരമ്പര്യമുള്ള കുടുംബമായിരുന്നു. ഭക്തയായിരുന്ന, ജീവിതത്തില്‍ വളരെയേറെ സൂക്ഷ്മത പാലിച്ചിരുന്ന സ്വന്തം മാതാവാണ് ബെഗോവിച്ചില്‍ ഇസ്‌ലാമിനോടുള്ള സ്‌നേഹവും താല്‍പര്യവും നട്ടുനനച്ചത്. ചെറിയ കുട്ടിയായിരിക്കെ തന്നെ അദ്ദേഹം ഖുര്‍ആനില്‍ അനുരക്തനായിരുന്നു. വിശിഷ്യാ, സൂറ അര്‍റഹ്മാനോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമായിരുന്നു. സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ബെഗോവിച്ച് തന്റെ സഹപാഠികളോടൊപ്പം 'യങ് മുസ്‌ലിം' എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുണ്ടായി. അതാണ് പില്‍ക്കാലത്ത് 'ജംഇയത്തു സഖാഫിയത്തില്‍ ഖൈരിയ' എന്ന സംഘടനയായി മാറിയത്. അദ്ദേഹം നിയമബിരുദം നേടിയ സരയാവോ യൂനിവേഴ്‌സിറ്റിയിലെ ധാരാളം വിദ്യാര്‍ഥികള്‍ ഈ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുകയുണ്ടായി. രണ്ടാം ലോകയുദ്ധ കാലത്ത് സാമൂഹിക സേവന മേഖലയില്‍ ഉദാത്തമായ മാതൃക കാഴ്ചവെച്ചു ഈ കൂട്ടായ്മ.
ജര്‍മന്‍ നാസികള്‍ യുഗോസ്ലാവിയയില്‍ അധിനിവേശം നടത്തി അതിനെയൊരു ഫാഷിസ്റ്റ് റിപ്പബ്ലിക്കാക്കിപ്പോള്‍ യങ് മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഭരണകൂടത്തെ ബഹിഷ്‌കരിക്കുകയുണ്ടായി. അതിനാല്‍ ഭരണകൂടം യങ് മുസ്‌ലിം സംഘടനക്ക് വിലക്കേര്‍പ്പെടുത്തി.
അഭിഭാഷകനായി ബിരുദം നേടിയ അലിജാ ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഭാഷകളില്‍ അവഗാഹം നേടാന്‍ ശ്രമിച്ചു. ഒപ്പം സ്വപരിശ്രമത്തിലൂടെ സാമൂഹിക ശാസ്ത്രത്തിലും ഇസ്‌ലാമിക ചിന്തയിലും സാഹിത്യത്തിലും പ്രാവീണ്യം നേടി. അദ്ദേഹത്തിന്റെ 'ഇസ്‌ലാം ബിറ്റ്‌വീന്‍ ഈസ്റ്റ് ആന്റ് വെസ്റ്റ്', 'നോട്ട്‌സ് ഫ്രം പ്രിസണ്‍' തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതിന്റെ സാക്ഷ്യങ്ങളാണ്.
കമ്യൂണിസത്തോട് നേര്‍ക്കുനേര്‍
രണ്ടാം ലോക യുദ്ധത്തിനുശേഷം, ജോസഫ് ടിറ്റോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി യുഗോസ്ലാവിയയുടെ അധികാരം പിടിച്ചെടുത്തപ്പോള്‍ അവിടത്തെ മുസ്ലിംകളുടെ അവസ്ഥ കൂടുതല്‍ അരക്ഷിതമായി. ആ ഭരണകൂടം ഇസ്‌ലാം വിരുദ്ധവും മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. ധാരാളം മുസ്‌ലിം നേതാക്കള്‍ തുറുങ്കിലടക്കപ്പെട്ടു. യങ് മുസ്‌ലിം ഓര്‍ഗനൈസേഷനാവട്ടെ കൃത്യമായ രാഷ്ട്രീയ ഭാഷയും വിപ്ലവ സ്വഭാവവുമുള്ള സംഘടനയായിരുന്നു. അതിനാല്‍ അവരെ ഭരണകൂടം കൂടുതലായി നോട്ടമിട്ടു. ബെഗോവിച്ചടക്കം രണ്ടായിരത്തോളം പേരെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം ജയിലിലടച്ചത്. 1949 മുതല്‍ 1953 വരെ അഞ്ച് വര്‍ഷക്കാലം ബെഗോവിച്ച് ജയിലിലായിരുന്നു. ജയില്‍ മോചിതനായ ശേഷം അദ്ദേഹം 1962-ല്‍ അഭിഭാഷകനായി ജോലി ആരംഭിച്ചു. അതോടൊപ്പം യുഗോസ്ലാവിയയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജംഇയ്യത്തു ഉലമാഇല്‍ മുസ്‌ലിമീന്റെ 'താക്ഫീന്‍' എന്ന മാഗസിനില്‍ നിരന്തരമായി എഴുതുകയും തന്റെ ചിന്തകള്‍ക്ക് പ്രചാരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം 1981-ല്‍ 'ഇസ്‌ലാമിക് ഡിക്ലറേഷന്‍' എന്ന തലക്കെട്ടില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. അത് കമ്യൂണിസ്റ്റ് ഭരണകൂടത്തെ കടന്നാക്രമിക്കുന്ന കൃതിയായിരുന്നു. 1848-ല്‍ കാള്‍ മാര്‍ക്‌സും ഫ്രഡറിക് ഏംഗല്‍സും രചിച്ച, പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബൈബിള്‍ എന്ന് വിളിക്കപ്പെട്ട 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എന്ന കൃതിയെ ബെഗോവിച്ച് അതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. 1984-ല്‍ വിചാരണ പ്രഹസനത്തിലൂടെ ഭരണകൂടം അദ്ദേഹത്തിന് 14 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. രണ്ടാമതും അദ്ദേഹം ജയിലിലായി. എന്നാല്‍, അഞ്ച് വര്‍ഷം മാത്രമാണ് അതിന് ആയുസ്സ് ഉണ്ടായിരുന്നത്. 1989-ല്‍ കമ്യൂണിസത്തിന്റെ പതനത്തോടു കൂടി പുനര്‍വിചാരണയിലൂടെ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയുകയും ജയില്‍ മോചിതനാവുകയും ചെയ്തു. കലങ്ങി തെളിഞ്ഞ സാമൂഹിക അന്തരീക്ഷത്തില്‍ അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും 1990 മുതല്‍ 2000 വരെ പത്തു വര്‍ഷക്കാലം ബോസ്‌നിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അനശ്വരമായ ഓര്‍മകള്‍ അവശേഷിപ്പിച്ചു കൊണ്ട് 2003-ല്‍ അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി.
വന്യമായ നാഗരികതയോടുള്ള പോരാട്ടം
കമ്യൂണിസത്തിന്റെ പതനം ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. കാലങ്ങളായി കാത്തിരുന്ന സ്വാതന്ത്ര്യത്തിന്റെ ലോകം തങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടതായി അവര്‍ ധരിച്ചുവശായി. എന്നാല്‍, അതിനു ശേഷം കമ്യൂണിസത്തേക്കാള്‍ ഭീകരവും രക്തപങ്കിലവുമായ സെര്‍ബിയന്‍ ഫാഷിസത്തെയാണ് ബോസ്‌നിയന്‍ ജനതക്ക് നേരിടേണ്ടിയിരുന്നത്. മുന്‍കാലങ്ങളില്‍ തുര്‍ക്കി മുസ്‌ലിംകളും ബാല്‍ക്കന്‍ പ്രദേശത്തെ ക്രൈസ്തവരും തമ്മില്‍ ഉണ്ടായ പോരാട്ടങ്ങളുടെ പേരില്‍ വെറുപ്പും വിദ്വേഷവും അവര്‍ക്കെതിരെ കുത്തിയിളക്കുകയായിരുന്നു. യുഗോസ്ലാവിയയുടെ മണ്ണില്‍ നിന്ന് ഇസ്‌ലാമിനെ പിഴുതെറിയലായിരുന്നു സെര്‍ബിയന്‍ വംശീയ വാദികളുടെ ലക്ഷ്യം. യൂറോപ്പ് സെര്‍ബിയയുമായി സഖ്യത്തിലാവുകയും സ്വദേശത്തെ പ്രതിരോധിക്കുന്നതിനായി ആയുധങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ മുസ്‌ലിംകള്‍ക്ക് അത് നല്‍കാതെ അവരെ ഉപരോധിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ യൂറോപ്പില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാകുന്നതിന്റെ ഭീഷണിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു യൂറോപ്യന്‍ നേതാക്കള്‍. ഇസ്സത്ത് ബെഗോവിച്ചാകട്ടെ തന്റെ ജനതയോടൊപ്പം മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു യുദ്ധത്തിന്റെ നേതൃത്വ സ്ഥാനത്തായിരുന്നു. ബോസ്‌നിയ സ്വാതന്ത്ര്യം നേടിയെങ്കിലും 'സ്രെബ്രനിക്ക' പോലുള്ള വലിയ വംശഹത്യകള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു.
വിനയം കൊണ്ട് അഹങ്കരിക്കുന്ന മുനകൂര്‍ത്ത ധിഷണയുള്ള വ്യക്തിയായിരുന്നു ഇസ്സത്ത് ബെഗോവിച്ച്. ജയിലിനകത്ത് പ്രലോഭനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും വഴിപ്പെടാതെ അദ്ദേഹം നിലകൊണ്ടു. ജയിലിനു പുറത്ത് തന്റെ സന്തോഷങ്ങളിലും സന്താപങ്ങളിലും ക്ഷമയവലംബിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിജ്ഞാനവും കര്‍മവും അദ്ദേഹത്തില്‍ സമ്മേളിച്ചു, ചിന്തയും അതിനോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തില്‍ സംയോജിച്ചു. ധീരനും ബുദ്ധിശാലിയുമായിരുന്നു അദ്ദേഹം. എന്നാല്‍ ബുദ്ധിയേക്കാള്‍ ധീരതയെയാണ് അദ്ദേഹം വിലമതിച്ചത്. അതിനെക്കുറിച്ച് ബെഗോവിച്ച് എഴുതുന്നു: 'ബുദ്ധിക്ക് ഒരു സമൂഹവും താളം പിടിച്ചിട്ടില്ല, മറിച്ച് ധീരതക്കാണവര്‍ താളം പിടിച്ചത്, അതാകട്ടെ വളരെ അപൂര്‍വമായി മാത്രം കാണാവുന്നതും.'
തനിക്ക് നേരിടേണ്ടി വന്ന ഇരുണ്ട പരീക്ഷണങ്ങളെ പോലും വിശാല ഹൃദയത്തോടെ അദ്ദേഹം സ്വീകരിച്ചു. തന്റെ കടുത്ത എതിരാളികളോടു പോലും അദ്ദേഹത്തിന് വെറുപ്പോ വിദ്വേഷമോ ഇല്ലായിരുന്നു. തന്നെക്കുറിച്ച് അദ്ദേഹം എഴുതുന്നു: 'എനിക്കാരോടും വിദ്വേഷമില്ല, അമര്‍ഷം മാത്രമാണുള്ളത്.'
നീതിയെ പ്രതികാരമായിട്ടല്ല അദ്ദേഹം കണ്ടത്; കാര്യങ്ങളെ അവയുടെ സ്വാഭാവികതയിലേക്ക് മടക്കിക്കൊണ്ട് വരലായിട്ടാണ്.
വിട്ടുവീഴ്ച ചെയ്തും വിശാല മനോഭാവം പുലര്‍ത്തിയും മര്‍ദിതരെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുകയും വേണം. ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും കാര്യങ്ങളെ അതിന്റെ അളവില്‍ വീണ്ടെടുക്കുകയും ചെയ്യലാണ് നീതി. അതുകൊണ്ടാണ് ബെഗോവിച്ച് ഇങ്ങനെ കുറിച്ചത്: 'അനീതിയെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം സഹിഷ്ണുതയാണ്. എല്ലാ പുതിയ നീതികളും മറ്റൊരു അനീതിയല്ലേ?' ഈ വിശാല കാഴ്ചപ്പാടിന്റെയും ധൈഷണിക ബോധ്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ലോകം നോക്കിനില്‍ക്കേ തന്റെ ജനതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച വന്യമായ നാഗരികതയെ അങ്ങനെയാണ് അദ്ദേഹം കെട്ടു കെട്ടിച്ചത്.
സ്വാതന്ത്ര്യത്തെ പ്രണയിച്ച തടവുകാരന്‍
സ്വാതന്ത്ര്യത്തെ പ്രണയിച്ച ബെഗോവിച്ച് അതിനെ മനുഷ്യത്വത്തിന്റെ മൗലിക സവിശേഷതയായി കണ്ടു. ഏകാധിപത്യത്തെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായും അദ്ദേഹം തിരിച്ചറിഞ്ഞു. ഭൗതികത കവര്‍ന്നെടുക്കുന്ന മനുഷ്യന്റെ ചിന്താശേഷിയെ അവന്റെ ശക്തിയുടെ ഉറവിടമായും സ്വാതന്ത്ര്യത്തിന്റെ സോത്രസ്സായും അദ്ദേഹം കണക്കാക്കി. കമ്യൂണിസ്റ്റ് കാലത്ത് ജയിലിലായിരിക്കെ അദ്ദേഹം തന്നെക്കുറിച്ച് എഴുതുന്നത് നോക്കൂ: 'എനിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, എനിക്ക് ചിന്തിക്കാന്‍ സാധിച്ചിരുന്നു. ഈ സാധ്യതയെ ഞാന്‍ പരമാവധി ഉപയോഗപ്പെടുത്തി.'
കമ്യൂണിസ്റ്റ് ഭരണകൂടം ഇസ്ലാമിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ പല തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ അദ്ദേഹത്തില്‍ പ്രേരണകള്‍ ചെലുത്തിയിരുന്നു. പക്ഷേ അതിനെയൊക്കെ അദ്ദേഹം നിരാകരിച്ചുകൊണ്ടിരുന്നു. ജയിലില്‍ രഹസ്യമായി സൂക്ഷിച്ച നോട്ട് ബുക്കില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
'ഇന്ന്, 1987 ഫെബ്രുവരി 27. തെല്ലൊരു ആവേശമുള്ള ദിവസമായിരുന്നു ഇന്ന്. രാവിലെ തന്നെ ജയിലര്‍ എന്നെ വിളിപ്പിച്ചു. പക്ഷേ അത് സന്ദര്‍ശന സമയമല്ലാത്തത് കൊണ്ട് ഞാന്‍ ചെറുതായൊന്ന് അസ്വസ്ഥനായിരുന്നു. സന്ദര്‍ശന മുറിയില്‍ സന്തോഷത്തോടെ ഇരിക്കുന്ന ലൈലയെയും സബീനയെയുമാണ് (ബെഗോവിച്ചിന്റെ പെണ്‍മക്കള്‍) ഞാന്‍ കണ്ടത്. അസുഖകരമായതൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാന്‍ അവര്‍ ശ്രമിച്ചു. ബോസ്‌നിയയിലെ നിവേദക സമിതിയുടെ തലവന് (നിക്കോള സ്റ്റോജനോവിക്) ഒരു നിവേദനം കൊടുക്കുന്നതിനെക്കുറിച്ചും അങ്ങനെ ജയില്‍ മോചിതനാവുന്നതിനെക്കുറിച്ചും അവര്‍ രണ്ടു പേരും എന്നോട് സംസാരിച്ചു. ലൈലയുടെ സഹപാഠിയും നിവേദക സമിതി സെക്രട്ടറിയുമായിരുന്ന സ്രാവോ ഗുറിച്ച് മുഖേന എഴുതിയ ആ കത്ത് ഞാന്‍ വായിച്ചു നോക്കി. ഒപ്പിടാന്‍ ഞാന്‍ വിസമ്മതിച്ചു. അങ്ങനെ ജയില്‍വാസം തുടര്‍ന്നു.' ഭരണകൂടം ബെഗോവിച്ചിനോട് രാഷ്ട്രീയത്തില്‍ നിന്നും പൊതു കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും മാപ്പപേക്ഷയില്‍ ഒപ്പിടാനും പറഞ്ഞപ്പോള്‍ അദ്ദേഹം നിരസിക്കുകയും രണ്ടു വര്‍ഷത്തെ ശിക്ഷ കൂടി അതിന്റെ ഫലമായി എറ്റുവാങ്ങുകയുമാണ് ചെയ്തത്.
ജയിലിലെ ജീവിതം അദ്ദേഹത്തെ ധാരാളം കാര്യങ്ങള്‍ പഠിപ്പിച്ചു. ജയിലിലായിരിക്കെ അദ്ദേഹം രഹസ്യമായി തന്റെ ആലോചനകള്‍ രേഖപ്പെടുത്തി വെക്കാറുണ്ടായിരുന്നു. ഈ ആലോചനകളാണ് പില്‍ക്കാലത്ത് 'നോട്ട്‌സ് ഫ്രം പ്രിസണ്‍' എന്ന പേരില്‍ പ്രസിദ്ധീകൃതമായത്. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തിനും കൂര്‍മ ബുദ്ധിക്കും തെളിവാണ്. ജീവിതത്തെക്കുറിച്ചും അതിലെ പരീക്ഷണങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബോധ്യങ്ങളുടെ നിദര്‍ശനം കൂടിയാണിത്. അതില്‍ നിന്നുള്ള രണ്ടു ചിന്താശകലങ്ങള്‍ ഇവിടെ കുറിക്കട്ടെ: 'അത്യധികം വേദനാജനകമായ ബോധ്യങ്ങളാണ് ജയില്‍ സമ്മാനിക്കുന്നത്', 'ജയില്‍ മനുഷ്യന് സമയത്തിന്റെ ആധിക്യവും സ്ഥലത്തിന്റെ പരിമിതിയുമാണ്.'
മാനവികതയുടെ സന്ദേശ വാഹകന്‍
ഇസ്സത്ത് ബെഗോവിച്ച് മാനവികതയുടെ ചക്രവാളത്തില്‍ വിരാജിച്ച ആഴമുള്ള ഇസ്‌ലാമിസ്റ്റായിരുന്നു. മനുഷ്യ സംസ്‌കാരത്തെക്കുറിച്ച അദ്ദേഹത്തിന്റെ ജ്ഞാനത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ അത്ഭുതസ്തബ്ധരായിപ്പോകും. തത്ത്വചിന്ത, മതമീംമാംസ, നിയമം, ചരിത്രം, സാഹിത്യം, ചിത്രകല തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അഗാധ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റഫറന്‍സുകളും ഉദ്ധരണികളും നിരീക്ഷണങ്ങളും പരിശോധിക്കുമ്പോള്‍ തന്നെ കിഴക്കിലും പടിഞ്ഞാറിലുമുള്ള ചിന്താധാരകളില്‍ ബെഗോവിച്ചിനുള്ള പാണ്ഡിത്യം മനസ്സിലാവും. വായിക്കുന്നവയെ ചിട്ടയായ നിരൂപണ ബുദ്ധിയോടെ സമീപിക്കുകയും തന്റെ ബോധ്യങ്ങളെ സ്വയം പ്രതിനിധീകരിക്കുകയും ചെയ്യുന്ന ബെഗോവിച്ചിനെയും നമുക്ക് കാണാം.
കാര്യം ഗ്രഹിക്കാതെയുള്ള വിവര ശേഖരണം അത് ചുമക്കുന്നയാള്‍ക്ക് ഭാരമാണെന്നും അതിനെ അറിവ് എന്ന് വിളിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. അതിനെക്കുറിച്ച് അദ്ദേഹം എഴുതി: 'അമിത ജ്ഞാനം ചിലപ്പോള്‍ ക്രിയാത്മക ചിന്തയെ തടസ്സപ്പെടുത്തും... കൃത്യമായ വ്യവസ്ഥയോ കാഴ്ചപ്പാടുകളോ ഇല്ലാതെ തന്നെ ഒരു വ്യക്തിക്ക് നിരവധി മേഖലകളില്‍ ജ്ഞാനമാര്‍ജിക്കാന്‍ കഴിയും... ശരിയായ ജ്ഞാനമില്ലാതെ എത്രയോ വിദ്യാര്‍ഥികള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു... കേവല വിവരങ്ങളുടെ കൂമ്പാരം മാത്രമായി അത് മാറുന്നു.'
ഇസ്‌ലാമികവും മാനവികവുമായ ചിന്തകള്‍ക്ക് ബെഗോവിച്ച് തന്റെ ചിന്തകളിലൂടെ വലിയ സംഭാവന നല്‍കി. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ബിറ്റ്‌വീന്‍ ഈസ്റ്റ് ആന്റ് വെസ്റ്റ്, നോട്ട്‌സ് ഫ്രം പ്രിസണ്‍, ഇസ്‌ലാമിക് ഡിക്ലറേഷന്‍ തുടങ്ങിയവയാണ്. ഇന്ന് മനുഷ്യന് ഏറ്റവും ആവശ്യമുള്ള മാനവികതയുടെ സന്ദേശമാണ് ഇസ്‌ലാം എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ഇസ്‌ലാമിന്റെ മധ്യമ സന്ദേശത്തെ അദ്ദേഹം മുന്നോട്ട് വെച്ചു.
മനുഷ്യ ചക്രവാളത്തെ വലയം ചെയ്യുകയും അവന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യുന്ന അന്ധമായ പദാര്‍ഥ വാദത്തിനും ജീവിത സമരത്തില്‍ നിന്ന് പിന്മടക്കുന്ന മുടന്തന്‍ ആത്മീയതക്കും പകരം മൂന്നാമതൊരു മാര്‍ഗമായി അദ്ദേഹം ഇസ്‌ലാമിനെ സമര്‍ഥിച്ചു.
ബെഗോവിച്ച് പറയുന്നത് പോലെ ആ മൂന്നാം മാര്‍ഗം മനുഷ്യന്റെ ഉണ്മയെ രണ്ടായി പിളര്‍ക്കുകയില്ല. അതിനെ സമതുലിതമായി കാണുകയാണ് ചെയ്യുക. നാം ജീവിക്കുന്ന പരിമിത യാഥാര്‍ഥ്യത്തെ അത് അനന്ത ചക്രവാളവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. യാഥാര്‍ഥ്യബോധമുള്ള ആത്മീയതയാണ് ഇസ്‌ലാമിന്റെ പ്രധാന സവിശേഷത. അതു കൊണ്ട് തന്നെ സമ്പൂര്‍ണ മനുഷ്യന്‍ എന്നത് ബെഗോവിച്ചിന്റെ വീക്ഷണത്തില്‍ പുണ്യാളനായ ഒരാളല്ല; മറിച്ച്, തന്റെ സാമൂഹിക ദൗത്യത്തോട് പ്രതിജ്ഞാബദ്ധതയുള്ള ശക്തനും യാഥാര്‍ഥ്യബോധമുള്ളവനുമായ മനുഷ്യനാണ്. യഥാര്‍ഥ രൂപത്തില്‍ നമ്മള്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയിരുന്നെങ്കില്‍ യാഥാര്‍ഥ്യബോധവും പ്രതിബദ്ധതയുമുള്ള വ്യക്തി ഈ പുണ്യാളനേക്കാള്‍ മൂല്യമുള്ളവനാണ് എന്ന് നമ്മള്‍ തിരിച്ചറിയുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
അതാണ് തെറ്റുപറ്റുന്ന ആദമിന് സുജൂദ് ചെയ്യാന്‍ തെറ്റുപറ്റാത്ത മലക്കുകളോട് കല്‍പ്പിച്ചതിന്റെ രഹസ്യമെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നു.
വിവ: ഹാമിദ് മഞ്ചേരി (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)
Comments