Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പി.ജി

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് (NICMAR) വിവിധ പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പ്രോജക്റ്റ് എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, ഡെവലപ്പ്‌മെന്റ് & മാനേജ്‌മെന്റ്, ഹെല്‍ത്ത്, സേഫ്റ്റി, എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ് തുടങ്ങി ഏഴോളം പി.ജി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ബി.ടെക് ആണ് യോഗ്യത. ഒരു വര്‍ഷത്തെയും രണ്ടു വര്‍ഷത്തെയും പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 27. 27. NICMAR Common Admission Test (NCAT)-ന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം (രണ്ടും ഓണ്‍ലൈനായാണ് നടത്തുക). 2021 ജനുവരിയിലാണ് പ്രവേശന പരീക്ഷ. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 10000 രൂപവരെ ലഭിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് സ്‌കീമുകളും നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്:www.nicmar.ac.in. ഇമെയില്‍: [email protected], ഫോണ്‍: 020 - 66859166/270/271/333.

 

തൊഴില്‍ പരിശീലനാവസരം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ (NLC) എഞ്ചിനീയറിംഗ് ബിരുദ/ഡിപ്ലോമ ഉള്ളവര്‍ക്ക് നിരവധി തൊഴില്‍ പരിശീലനാവസരങ്ങള്‍. മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ കെമിക്കല്‍/മൈനിംഗ്/സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്,  ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് അവസരങ്ങള്‍. 2017 മുതല്‍ 2020 വരെ കാലയളവില്‍ യോഗ്യത നേടിയവര്‍ക്കാണ് അവസരം. ആകെ 550-ല്‍ പരം ഒഴിവുകളാണുള്ളത്. ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10. ബിരുദധാരികള്‍ക്ക് 15000-ഉം, ഡിപ്ലോമക്കാര്‍ക്ക് 12000 രൂപ വരെയും പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. വിവരങ്ങള്‍ക്ക് www.nlcindia.com എന്ന വെബ്‌സൈറ്റ് കാണുക.

 

ബീഗം ഹസ്‌റത്ത് മഹല്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ്

മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ 9,10, +1,+2 ക്ലാസ്സുകളിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കായി നല്‍കുന്ന ബീഗം ഹസ്റത്ത് മഹല്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പിന് (പഴയ പേര് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ്) ഇപ്പോള്‍ അപേക്ഷിക്കാം. മുന്‍ ക്ലാസില്‍ 50 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ച, രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.www.maef.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട  അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. സ്ഥാപന മേധാവി വെരിഫിക്കേഷന്‍ നടത്തിയതിന്റെ സ്‌കാന്‍ഡ് കോപ്പി അപ്ലിക്കേഷനോടൊപ്പം അപ്പ്‌ലോഡ് ചെയ്യണം. അര്‍ഹരായവരുടെ സ്‌കോളര്‍ഷിപ്പ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തും. അപേക്ഷയുടെ കോപ്പി തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതില്ല. 9,10 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും, +1, +2 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

 

എം.ഫില്‍, പി.എച്ച്.ഡി അഡ്മിഷന്‍

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്സിറ്റിയില്‍ എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം. സംസ്‌കൃതത്തിനു പുറമെ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ഉര്‍ദു, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സൈക്കോളജി, ഫിലോസഫി, ഹിസ്റ്ററി, ജിയോഗ്രഫി, സോഷ്യോളജി, കമ്പാരറ്റീവ് സ്റ്റഡീസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റു കളിലായി എം.ഫിലിന് ആകെ 126-ഉം പി.എച്ച്.ഡിക്ക് 103 -ഉം ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയാണ് യോഗ്യത (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 50 ശതമാനം). പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി). കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://ssus.ac.in/. 

 

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ടി III) വിഭാഗങ്ങളില്‍ എസ്.എസ്.എല്‍.സി, അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാന്‍ അവസരം. പിഴയോടുകൂടി നവംബര്‍ 12 വരെയും അപേക്ഷ നല്‍കാം. ഈ വര്‍ഷം അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ - കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 12 എന്ന വിലാസത്തിലേക്ക് സ്പീഡ്/രജിസ്റ്റേര്‍ഡ് തപാലില്‍ അയക്കണം. വിവരങ്ങള്‍ക്ക്: http://www.scolekerala.org/, ഫോണ്‍: 0471- 2342950.

 

ഒറ്റപ്പെണ്‍കുട്ടി പി.ജി സ്‌കോളര്‍ഷിപ്പ്

ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് പി.ജി പഠനത്തിനായി യു.ജി.സി നല്‍കുന്ന ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 30 വരെ അപേക്ഷ നല്‍കാം. അപേക്ഷക കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിയും പി.ജി ഒന്നാം വര്‍ഷ റെഗുലര്‍ വിദ്യാര്‍ഥിയും ആയിരിക്കണം. നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ www.scholarships.gov.in  വഴി ഓണ്‍ലൈനായാണ്  അപേക്ഷ നല്‍കേണ്ടത്. ഒറ്റപ്പെണ്‍കുട്ടിയാണെന്ന സാക്ഷ്യപത്രവും പി.ജി പ്രവേശന റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യണം (ഇതിന്റെ ഫോര്‍മാറ്റ് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും). അപേക്ഷകക്ക് പ്രവേശന സമയത്ത് 30 വയസ്സ് തികയാന്‍ പാടില്ല. ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിവര്‍ഷം 18100 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. .

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി