Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

കൊളോണിയല്‍ രക്ഷകവേഷം വീണ്ടും കെട്ടിയാടുന്ന മാക്രോണ്‍

വളരെ പ്രതീക്ഷയോടെയാണ് ഫ്രഞ്ച് ജനത ഇമ്മാനുവല്‍ മാക്രോണ്‍ എന്ന രാഷ്ട്രീയത്തിലെ പുതുമുഖത്തെ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് പദവിയില്‍ ഇപ്പോള്‍ മൂന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ മാക്രോണിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍വ മേഖലയിലും പരാജയപ്പെട്ട ഈ പ്രസിഡന്റിനെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ കര്‍ഷകരും തൊഴിലാളികളുമൊക്കെ തെരുവിലിറങ്ങി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. തൊഴില്‍രഹിതരായ 'മഞ്ഞക്കുപ്പായക്കാരു'ടെ പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. പുതിയ തൊഴില്‍ നിയമങ്ങള്‍, കുതിച്ചുയരുന്ന ഇന്ധനവില, തൊഴിലില്ലായ്മ, ജോര്‍ജ് ഫ്‌ളോയിഡ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വംശവെറിയന്‍ പോലീസ് നടപടികള്‍ ഇതൊക്കെ മാക്രോണിന്റെ ജനസമ്മിതി കുത്തനെ  ഇടിച്ചു. അടുത്ത് നടന്ന ഒരു അഭിപ്രായ സര്‍വേയില്‍, ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് മാരിയന്‍ ലിപെന്‍ ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തും എന്നും പ്രവചിക്കപ്പെടുകയുണ്ടായി. വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് മാക്രോണ്‍ കടന്നുപോകുന്നതെന്നു വ്യക്തം. എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ പറയുന്നത്, താനല്ല, ഇസ്‌ലാമാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് എന്നാണ്! കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് പാരീസ് പ്രാന്തത്തിലെ ലെമോറോ തെരുവില്‍ നടത്തിയ പ്രഭാഷണത്തിലാണ്, 'ലോകമൊട്ടുക്കും ഇസ്‌ലാം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്' എന്ന് മാക്രോണ്‍ തട്ടിവിട്ടത്. ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിലുടനീളം ഫ്രഞ്ച് മുസ്‌ലിംകളെ യഥാര്‍ഥ 'ഇസ്‌ലാം' പഠിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
ഫ്രഞ്ച് റിപ്പബ്ലിക്കിനെ മുസ്‌ലിം 'വിഘടനവാദ'ത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ഒരു നിയമനിര്‍മാണത്തിന് ഒരുങ്ങുകയുമാണ് മാക്രോണ്‍. 2021-ല്‍ അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷവും മാക്രോണ്‍ ഒരു വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഹിജാബ് ധരിക്കുന്നതും താടിവെക്കുന്നതും മസ്ജിദില്‍ പോകുന്നതുമൊക്കെ ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങളുടെ തിരസ്‌കാരമാണെന്നായിരുന്നു അന്ന് പറഞ്ഞത്. അതിനു ശേഷം, യൂറോപ്പിലുടനീളമുള്ള കുടിയേറ്റവിരോധികളായ കടുത്ത വലതുപക്ഷ രാഷ്ട്രീയക്കാരുടെ ഭാഷയിലാണ് മാക്രോണ്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന് പ്രതിസന്ധിയുണ്ടെന്നു മാത്രമല്ല, ഒന്നര ബില്യന്‍ ജനങ്ങള്‍ പിന്തുടരുന്ന ആ മതത്തിന്റെ പ്രതിസന്ധി താനൊറ്റക്ക് പരിഹരിച്ചുകളയുമെന്നും മാക്രോണ്‍ വീമ്പിളക്കുന്നു. സ്വന്തം ജനതയെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുന്ന കഴിവുകെട്ട ഈ ഭരണാധികാരിയുടെ ഇത്തരം ജല്‍പനങ്ങളെ വിവരമുള്ളവര്‍ അപഹാസ്യമായി തള്ളുകയേ ഉള്ളൂ. പക്ഷേ ഇത്തരം അഹന്ത നിറഞ്ഞ പ്രസ്താവനകളിറക്കാന്‍ മാക്രോണിന് പിന്‍ബലമാകുന്നത് ഇരുനൂറ് വര്‍ഷത്തെ ഫ്രഞ്ച് കൊളോണിയല്‍ പാരമ്പര്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഈജിപ്ത് കീഴടക്കാന്‍ ഈജിപ്തിലെത്തിയപ്പോള്‍ അന്നാട്ടുകാരോട് പറഞ്ഞത്, മംലൂകികളുടെ ദുര്‍ഭരണത്തില്‍നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രക്ഷിക്കാന്‍ വന്നവരാണ് തങ്ങളെന്നായിരുന്നു. നെപ്പോളിയന്‍ പറഞ്ഞ കള്ളങ്ങളൊന്നും ഈജിപ്തുകാര്‍ വിശ്വസിച്ചില്ല. അവര്‍ കൊളോണിയല്‍ അധിനിവേശത്തിനെതിരെ പടക്കിറങ്ങി.
സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ കോളനിവാഴ്ചകളിലൊന്നായിരുന്നു അള്‍ജീരിയയില്‍ ഫ്രഞ്ചുകാര്‍ നടത്തിയത്. അന്നും ഇക്കൂട്ടര്‍ മുസ്‌ലിംകളെ 'ഇസ്‌ലാമിക വിദ്യാഭ്യാസം' ചെയ്യിക്കാന്‍ ഇത്തരം ഉഡായിപ്പുകളുമായി വന്നിരുന്നു. അതിനു വേണ്ടി Les Evolues (പരിവര്‍ത്തനപ്പെട്ടവര്‍) എന്ന പേരില്‍ ഒരു സംഘം അള്‍ജീരിയക്കാരെ പരിശീലിപ്പിച്ചെടുത്തു. ഫ്രഞ്ച് അധിനിവേശത്തിന് അള്‍ജീരിയക്കാരെ പാകപ്പെടുത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. ചരിത്രത്തില്‍ ഇടം നേടിയ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരം ഇത്തരം കൊളോണിയല്‍ അജണ്ടകളെയെല്ലാം തകിടം മറിച്ചു. 'റിപ്പബ്ലിക്കിന്റെ മൂല്യങ്ങളോട് പൂര്‍ണമായി ചേര്‍ന്നുപോകുന്ന ഒരു ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ബുദ്ധിജീവികളെയും ഇമാമുമാരെയും ഫ്രാന്‍സില്‍ പരിശീലിപ്പിച്ചെടുക്കുക' എന്ന് അള്‍ട്രാ സെക്യുലരിസത്തിന്റെ വക്താവായി ഇപ്പോള്‍ മാക്രോണ്‍ പ്രസ്താവനയിറക്കുമ്പോഴും പഴയകാല കൊളോണിയല്‍ അജണ്ട തന്നെയാണ് അതിലൂടെ വെളിപ്പെടുന്നത്. ഇസ്‌ലാം-മുസ്‌ലിംഭീതി പടര്‍ത്തി വലതുപക്ഷ വോട്ടുകള്‍ നേടുക എന്ന രാഷ്ട്രീയ തന്ത്രം കൂടി ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നു മാത്രം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി