ആത്മഹത്യ ചെയ്ത ചോദ്യങ്ങള്‍
ഇരുട്ട്
ഇപ്പോഴൊരു കാലാവസ്ഥയാണ്.
ചങ്ങലകളിലാണ്
ഭ്രാന്ത് പടര്‍ന്നു കയറുന്നത്.
ഉത്തര്‍പ്രദേശ്
നമ്മുടെ വീടിന്റെ
അടുക്കളപ്പുറമാണ്,
യോഗി ആദിത്യനാഥ്
രാജ്യം ഭരിക്കുന്നവരുടെ
വിളിപ്പേരാണ്.
എല്ലാവരും
നാസാദ്വാരത്തിനടുത്ത്
വിരല്‍ വെച്ചു നോക്കൂ,
ജീവനുണ്ടല്ലോ
ഭാഗ്യം
മഹാ ഭാഗ്യം.
കാട്ടുമൃഗങ്ങള്‍
തലങ്ങും വിലങ്ങും
പായുന്നുണ്ട്,
തടുക്കാനാവാത്ത
ആപത്തിന്റെ
ദുസ്സൂചനകള്‍ മണക്കുന്നു്.
തെരുവുകള്‍
നാണത്താല്‍
മുഖം മറച്ചിരിക്കുന്നു.
കത്തിയെരിഞ്ഞത്
ഒരു ജഡമല്ല,
തടവിലാക്കപ്പെട്ടത്
ഒരു കുടുംബമല്ല,
ഉരിയാടാനാവാത്ത
ഈ നാവെന്തിന്
അറുത്തുകൊടുത്തേക്ക്,
ഉയരാത്ത
കൈകളെന്തിന്
ആമം വെച്ചു പൂട്ടിയേക്ക്.
വിലയിടുന്നത്
ജാതിക്കല്ല,
ഇന്ത്യക്കാരന്നാണ്.
നാണം കെടുന്നത്
ദലിതുകളുടേതല്ല,
ഇന്ത്യയുടേതാണ്.
ഭാരതമെന്നു കേട്ടാല്‍
അഭിമാനപൂരിതമാവണം
അന്തഃരംഗം;
ഏതു ഭാരതം
ഏതോരുടെ ഭാരതം
ചോദ്യങ്ങള്‍ തന്നെയാണ്
വഴിനീളെ
ആത്മഹത്യ ചെയ്തു കിടക്കുന്നത്!
Comments