ജീവിതം തിരിച്ചു പിടിച്ചവര്‍
( ജീവിതം - ആറ് )
പത്മാവതി എന്നാണ് അവരുടെ പേര്. ഞാന്‍ അലീഗഢില്‍ പഠിക്കുന്ന കാലത്ത് കാമ്പസിലെ എസ്.എഫ്.ഐ നേതാവായിരുന്നു അവര്‍. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഒരിക്കല്‍ പത്മാവതി എന്നോട് പറഞ്ഞു: 'പാഷ യാഥാസ്ഥിതികനാണെന്ന് തോന്നുന്നു. താടിയൊക്കെ വളര്‍ത്തിയിട്ടുണ്ടല്ലോ'. ഞാന്‍ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. ക്ലാസില്‍ ചെന്നപ്പോള്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു: 'പാഷ യാഥാസ്ഥിതികനാണെന്നാണ് പത്മാവതി പറയുന്നത്. അത് ശരിയാണോ?' അദ്ദേഹം കമ്യൂണിസ്റ്റുകാരനായിരുന്നു. ഞാന്‍ തിരിച്ചു ചോദിച്ചു: 'യാഥാസ്ഥിതികന്‍ എന്നതിന്റെ നിര്‍വചനം പറയുമോ സാര്‍? നിര്‍വചനം കൃത്യപ്പെടുത്തിയാലല്ലേ യാഥാസ്ഥിതികന്‍ ആണോ അല്ലേ എന്ന് എനിക്ക് പറയാന്‍ പറ്റുകയുള്ളൂ'. അതോടെ ആ വിഷയം അദ്ദേഹം അവിടെ അവസാനിപ്പിച്ചു. പത്മാവതി കമ്യൂണിസത്തെ കുറിച്ച് എന്നോട് ധാരാളം സംസാരിക്കുമായിരുന്നു. ഇസ്‌ലാമിനെതിരെ നിരന്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുകയും ചെയ്യുമായിരുന്നു. പൊതുബോധത്തില്‍ കുത്തിവെക്കപ്പെട്ട ധാരണകള്‍ അപ്പടി ആവര്‍ത്തിക്കുക എന്നതല്ലാതെ ആരോപണങ്ങള്‍ക്ക് പ്രത്യേകിച്ച് അടിസ്ഥാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം മറുചോദ്യങ്ങള്‍ ഉന്നയിക്കുന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചത്. ചരിത്രത്തില്‍ കമ്യൂണിസം നടത്തിയ കൂട്ടക്കൊലകളും രക്തച്ചൊരിച്ചിലും ക്രൂരതകളും ഞാന്‍ അവരെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതോടെ അവര്‍ പ്രതിരോധത്തിലാകാന്‍ തുടങ്ങി. അങ്ങനെ കമ്യൂണിസത്തെ കുറിച്ചും ഇസ്ലാമിനെ സംബന്ധിച്ചും എന്നോട് ചര്‍ച്ചചെയ്യുന്നത് പതിയെപ്പതിയെ പത്മാവതി അവസാനിപ്പിച്ചു. ഇസ്ലാമിന്റെ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങളെ കാമ്പസില്‍ പ്രതിനിധീകരിക്കുമ്പോള്‍ അത് ഭീകരവാദമാണ്, തീവ്രവാദമാണ്, കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് തുടങ്ങിയ ആരോപണങ്ങള്‍ എസ്.എഫ്.ഐ ഉയര്‍ത്താറുണ്ട്. അതുകേട്ട് സ്വയം പ്രതിരോധത്തിലാകുന്നതിന് പകരം മറുചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് വേണ്ടത്. ദാസ് ക്യാപിറ്റല്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയ കൃതികള്‍ അലീഗഢില്‍ എത്തുന്നതിനു മുമ്പ് വായിച്ചിരുന്നു. അലീഗഢിലെ ഇത്തരം അനുഭവങ്ങള്‍ കൂടിയായപ്പോള്‍ കമ്യൂണിസത്തെ കുറിച്ച് ഗവേഷണ സ്വഭാവത്തില്‍ പഠിക്കാന്‍ ആരംഭിച്ചു. അങ്ങനെയാണ് 'മാര്‍ക്‌സിസം ഒരു സമഗ്രപഠനം' എന്ന പുസ്തകം എഴുതിയത്.
യാത്ര എനിക്കിഷ്ടമാണ്. ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലേക്ക് പോയ സന്ദര്‍ഭം. ഒരു ഇസ്ലാമിക പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു രാവിലത്തെ ഭക്ഷണം. ഭക്ഷണം കഴിച്ചു കഴിഞ്ഞ് സംസാരിച്ചിരിക്കെ തല മറയ്ക്കാത്ത ഒരു പെണ്‍കുട്ടി യൂണിഫോമിട്ട് വീട്ടില്‍ നിന്ന് പുറത്തു പോകുന്നത് കണ്ടു. അതാരാണെന്ന് അദ്ദേഹത്തോട് ചോദിച്ചു. 'എന്റെ മോളാണ്'- അദ്ദേഹം മറുപടി പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. 'എന്താണ് ഇങ്ങനെ തലമറയ്ക്കാതെ സ്‌കൂളിലേക്ക് പോകുന്നത്?' ആ ചോദ്യത്തിന് വിഷമത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്: 'അവള്‍ പഠിക്കുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളിലാണ്. ക്ലാസ്സില്‍ തട്ടമിടുന്നവര്‍ ആരുമില്ല. അതുകൊണ്ടുതന്നെ തട്ടമിട്ട് സ്‌കൂളിലേക്ക് പോകാന്‍ അവള്‍ക്ക് മടിയാണ്'. ഇത്തരം സ്‌കൂളുകള്‍ പകര്‍ന്നു കൊടുക്കുന്ന സംസ്‌കാരത്തില്‍ വളരുന്ന മുസ്‌ലിം കുട്ടികള്‍ ഭാവിയില്‍ എന്താകും? ഇസ്‌ലാമിനോടും ഇസ്‌ലാമിക സംസ്‌കാരത്തോടും പുഛമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആയി മാറും. ഇസ്‌ലാമിക ജീവിതരീതി പിന്തുടരുന്നതില്‍ അപകര്‍ഷബോധമുള്ള ഒരു തലമുറ രൂപപ്പെടും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'നിങ്ങള്‍ കുറച്ച് ബിസിനസ്സുകാര്‍ ഇവിടെയുണ്ടല്ലോ. നിങ്ങള്‍ക്ക് ഒരു സ്‌കൂള്‍ തുടങ്ങിക്കൂടേ?'
കോയമ്പത്തൂര്‍ കരിമ്പുകട എന്ന പ്രദേശത്ത് അങ്ങനെയൊരു പരീക്ഷണം നടത്തിയിരുന്നു. അത് വിജയിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴില്‍ മാത്രമാണ് അക്കാലത്ത് അവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉണ്ടായിരുന്നത്. അവിടത്തെ ജമാഅത്ത് പ്രവര്‍ത്തകരുടെ മക്കളെല്ലാം ആ സ്‌കൂളിലാണ് പഠിച്ചിരുന്നത്. കോയമ്പത്തൂര് പോയ സന്ദര്‍ഭത്തില്‍ ഞാന്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ സ്വന്തമായി ഒരു സ്‌കൂള്‍ തുടങ്ങിയാല്‍ നന്നാവും.' 'നമ്മളെക്കൊണ്ട് അത് സാധിക്കുമോ' എന്നായിരുന്നു അവരുടെ ആശങ്ക. ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ 50 പേര്‍ ചേര്‍ന്ന് 5000 രൂപ വീതം ഇടുക. പത്ത് ഏക്കര്‍ സ്ഥലം വാങ്ങുക. അതില്‍ മൂന്നേക്കര്‍ സ്‌കൂളിനുവേണ്ടി മാറ്റിവെക്കുക. ബാക്കിയുള്ള ഏഴ് ഏക്കര്‍ പത്ത് സെന്റ് വീതം മുറിച്ചു വില്‍ക്കുക. അങ്ങനെയെങ്കില്‍ സ്‌കൂളിനുവേണ്ടി മാറ്റിവെച്ച മൂന്നേക്കര്‍ സൗജന്യമായി ലഭിക്കും.' അവര്‍ അപ്രകാരം ചെയ്തു. ഏഴ് ഏക്കര്‍ പത്ത് സെന്റ് വീതം മുറിച്ച് വിറ്റപ്പോള്‍ പത്ത് ഏക്കറിന്റെ പൈസ കിട്ടി. മൂന്നേക്കര്‍ ലാഭം. സ്ഥലം വാങ്ങിയവര്‍ വീടു വെക്കാന്‍ തുടങ്ങി. അങ്ങനെ സ്‌കൂളിന് ആവശ്യമായ കുട്ടികളുമായി. ഓല ഷെഡിലായിരുന്നു സ്‌കൂളിന്റെ ആരംഭം. ഒരു ദിവസം എ.ഇ.ഒ അതുവഴി പോയപ്പോള്‍ കുട്ടികളുടെ ശബ്ദം കേട്ടു. എത്തി നോക്കിയപ്പോള്‍ അധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുന്നത് കണ്ടു. അങ്ങോട്ട് കയറിച്ചെന്നു. അപ്പോഴാണ് അതൊരു സ്‌കൂളാണെന്ന് മനസ്സിലായത്. സ്‌കൂളിന്റെ അംഗീകാരത്തിനു വേണ്ടി അപേക്ഷിച്ചാല്‍ അംഗീകാരം നല്‍കാമെന്ന് അദ്ദേഹം ഓഫര്‍ ചെയ്തു. അപേക്ഷിച്ചപ്പോള്‍ അംഗീകാരം കിട്ടി. 2800 കുട്ടികള്‍ പഠിക്കുന്ന ഹയര്‍സെക്കന്ററി സ്‌കൂളായി ഇന്നത് വികസിച്ചിരിക്കുന്നു. ഈ രൂപത്തില്‍ പതിനഞ്ചിലധികം സ്‌കൂളുകള്‍ക്ക് വഴികാണിക്കാന്‍ സാധിച്ചു.
കുട്ടിയായിരിക്കെ എനിക്കൊരു പൂച്ചയുണ്ടായിരുന്നു. ഒരുനാള്‍ പൂച്ച ചത്തു. ഞാന്‍ സങ്കടത്തിലായി. തൊട്ട വീട്ടിലെ വാപ്പു വന്ന് എന്നോട് പറഞ്ഞു: 'നിന്റെ പൂച്ച നരകത്തിലാണ്'. അതുകൂടി കേട്ടപ്പോള്‍ സങ്കടം ഇരട്ടിയായി. പിന്നെ കരച്ചിലായി. കരച്ചില്‍ കേട്ട് വല്യുമ്മ വന്നു. കരച്ചിലിന്റെ കാരണം ചോദിച്ചു. വാപ്പു പറഞ്ഞത് വല്യുമ്മയെ അറിയിച്ചു. വല്യുമ്മ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: 'വാപ്പു വെറുതെ പറഞ്ഞതാണ്. അന്റെ പൂച്ചക്കുട്ടി സ്വര്‍ഗത്തിലാണ്'. അപ്പോഴാണ് എനിക്ക് സമാധാനമായത്. പൂച്ച, കോഴി, ആട്, മാട് തുടങ്ങിയ ജീവികളെ വളര്‍ത്തുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ആര്‍ദ്രതയും കാരുണ്യവും സേവനതാല്‍പര്യവും തളിര്‍ക്കും. വീട്ടില്‍ വല്യുമ്മ ആടിനെയും പശുക്കളെയുമൊക്കെ വളര്‍ത്തിയിരുന്നു. ഞാന്‍ ആടിനെ മേക്കാന്‍ പോകുമായിരുന്നു. പശുക്കളെ കുളിപ്പിക്കുമായിരുന്നു. അവക്ക് തീറ്റയും വെള്ളവും കൊടുക്കും. അവരോടൊപ്പം സഹവസിച്ച് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുമ്പോള്‍ നമ്മളറിയാതെ നമ്മുടെ മനസ്സ് ആര്‍ദ്രമാകും. വീടുകളില്‍ സൗകര്യത്തിനനുസരിച്ച് ആടിനെയോ കോഴിയെയോ പശുക്കളെയോ വളര്‍ത്തേണ്ടതുണ്ട്. അവയെ വളര്‍ത്തുന്നതിലൂടെ കുട്ടികളില്‍ ധാരാളം ഗുണങ്ങള്‍ മുളപൊട്ടും. ലാളനയും പരിഗണനയും പരിപാലനവും കൊടുക്കുന്ന ശീലമുണ്ടാകും. മറ്റുള്ളവര്‍ക്കു വേണ്ടി സേവനം ചെയ്യാനുള്ള താല്‍പര്യം ജനിക്കും. അതിന്റെ ഫലമായി ജീവിതകാലം മുഴുവന്‍ സേവന മനോഭാവം നിലനില്‍ക്കും. ഇന്ന് പല കുട്ടികള്‍ക്കും ലാളനയും പരിഗണനയുമൊക്കെ ലഭിച്ചാണ് ശീലം. ഇങ്ങോട്ട് കിട്ടണമെന്ന മനോഭാവം. എല്‍.കെ.ജിയിലാണെങ്കിലും ഉന്നതവിദ്യാഭ്യാസം നേടിയാലും മാറ്റമില്ലാതെ തുടരുന്നു, ഈ മനോഘടന.
കോഴിക്കോട് ഡോക്‌ടേര്‍സ് പോളി ക്ലിനിക്കില്‍ സൈക്കോളജി കൗണ്‍സലിംഗ് പ്രാക്ടീസ് ചെയ്യുമ്പോള്‍ ഞാനിത് പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. മക്കളുടെ പ്രശ്‌നങ്ങളുമായി ചില രക്ഷിതാക്കള്‍ കൗണ്‍സലിംഗിന് വരും. 'എന്റെ മകന്‍ പറഞ്ഞതൊന്നും അനുസരിക്കുന്നില്ല. മൂത്തവനോട് ഒരു നിലക്കും ഒത്തുപോകുന്നില്ല. എന്നും വഴക്കും വക്കാണവും. വീട്ടിലെ ഒരു പണിയും ചെയ്യുന്നില്ല.' ഞാനവരോടു പറയും: 'വളര്‍ത്താന്‍ വേണ്ടി ഒരു കോഴിയെയോ ആടിനെയോ വാങ്ങിച്ചുകൊടുക്കുക. തീറ്റ നല്‍കലും വെള്ളം കൊടുക്കലുമടക്കമുള്ള അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അവനെ ഏല്‍പ്പിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാവും. കാരുണ്യവും ദയയും പതിയെപ്പതിയെ അവനില്‍ വളരും'.
ഡിഗ്രി രണ്ടാം വര്‍ഷം ഫറോക്ക് ലോഡ്ജിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. അറുപതു വയസ്സ് പ്രായമുള്ള ഒരു സ്ത്രീ പൈസ ചോദിച്ച് ലോഡ്ജിലേക്ക് വരുമായിരുന്നു. മറ്റുള്ളവരോട് കൈനീട്ടി എത്രകാലം അവര്‍ മുന്നോട്ടുപോകും? അതുകൊണ്ട് അവര്‍ക്ക് പൈസ കൊടുത്തില്ല. പകരം അവരോട് പറഞ്ഞു: 'എന്റെ തുണിയും കുപ്പായവും അലക്കി കൊണ്ടുവരാന്‍ പറ്റുമോ? അതിന്റെ കൂലി നല്‍കാം'. അവര്‍ സമ്മതിച്ചു. അങ്ങനെ സ്ഥിരമായി അവര്‍ എന്റെ വസ്ത്രം വീട്ടില്‍നിന്ന് അലക്കി കൊണ്ടുവരാന്‍ തുടങ്ങി. പിന്നീട് അവര്‍ ഒരു ഇസ്തിരിപ്പെട്ടി വാങ്ങിച്ചു. തേപ്പും തുടങ്ങി. എന്റെ മുറിയിലെ മറ്റു കുട്ടികളും അലക്കാനും തേക്കാനും അവരെ ഏല്‍പ്പിച്ചു. ക്രമേണ ലോഡ്ജിലെ ധാരാളം കുട്ടികള്‍ അവരെ ആശ്രയിക്കാന്‍ തുടങ്ങി. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവരെ സംബന്ധിച്ചേടത്തോളം അതൊരു ജീവിതമാര്‍ഗമായി. വൈകാതെ ആ കുടുംബം സുഭിക്ഷതയിലേക്ക് ഉയര്‍ന്നു.
പൈസ ചോദിച്ച് അഗതികളായ ചില സ്ത്രീകള്‍ വീട്ടിലേക്ക് വരുമായിരുന്നു. നൂറോ ഇരുനൂറോ കൊടുത്താല്‍ അവരുടെ പ്രശ്‌നം തീരില്ലല്ലോ. ഇങ്ങനെ വന്ന ഒരു സ്ത്രീയോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു: 'ടൈലറിംഗ് പഠിക്കാന്‍ നിങ്ങള്‍ക്ക് സൗകര്യം ചെയ്തുതരാം. ടൈലറിംഗ് പരിശീലന ഫീസ് ഞാന്‍ കൊടുത്തോളാം. നിങ്ങള്‍ അവിടെ പഠിച്ചോളൂ'. അവര്‍ ചോദിച്ചു: 'ഈ പ്രായത്തില്‍ എങ്ങനെയാ തുന്നല്‍ പഠിക്കുക?' ഞാന്‍ പറഞ്ഞു: 'നിങ്ങള്‍ എല്ലാ വസ്ത്രവും തുന്നാന്‍ പഠിക്കേണ്ടതില്ല. ഏതെങ്കിലും ഒന്ന് പഠിച്ചാല്‍ മതി. ബ്രെയ്‌സര്‍ അല്ലെങ്കില്‍ അണ്ടര്‍വെയര്‍. അത് തുന്നി തുണിക്കടകളില്‍ കൊണ്ടുപോയി കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ക്കൊരു വരുമാനമാര്‍ഗമാകും'. ദല്‍ഹിയിലെ ഒരു സ്ത്രീയുടെ വിജയകഥ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. അപ്രതീക്ഷിതമായി ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ. ജീവിതം ദാരിദ്ര്യത്തിലേക്ക് കാലിടറി വീണു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സന്ദര്‍ഭം. അവര്‍ക്ക് തുന്നല്‍ അറിയാമായിരുന്നു. കൂട്ടുകാരോടും കുടുംബക്കാരോടും അവര്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് വല്ലതും തുന്നാന്‍ ഉണ്ടെങ്കില്‍ ഞാന്‍ ചെയ്തു തരാം'. കൂട്ടുകാരും കുടുംബക്കാരും അവരോട് സഹകരിച്ചു. ക്രമേണ അത് വലിയൊരു സംരംഭമായി വികസിച്ചു. ഇന്ന് ദല്‍ഹിയിലെ പ്രധാന തുണി കമ്പനികളില്‍ ഒന്ന് അവരുടേതാണ്. ഈ സംഭവം പറഞ്ഞുകഴിഞ്ഞപ്പോള്‍ തുന്നല്‍ പഠിക്കാന്‍ തയാറാണെന്ന് അവര്‍ ആത്മവിശ്വാസത്തോടെ അറിയിച്ചു.
അഗതികളായി വന്ന പല സ്ത്രീകളെയും ഈ മേഖലയിലേക്ക് ഞാന്‍ വഴിതിരിച്ചുവിട്ടു. നാലു പേര്‍ വീതമുള്ള ഓരോ ടീം ഉണ്ടാക്കും. അവര്‍ക്ക് ഒരു കടമുറി വാടകക്ക് എടുത്തു കൊടുക്കും. ടൈലറിംഗിനുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കും. ഇത്ര മാത്രമാണ് ഞാന്‍ ചെയ്യുക. ശേഷം അവര്‍ തന്നെ അത് നോക്കി നടത്തണം. വരവും ചെലവും കൈകാര്യം ചെയ്ത് ലാഭം അവര്‍ പങ്കിട്ടെടുക്കും. രാവിലെ എഴുന്നേറ്റാല്‍ ഒരു ലക്ഷ്യവുമില്ലാതെ നടക്കുക മാത്രമാണ് അവര്‍ ചെയ്തിരുന്നത്. ഇത്തരമൊരു ഫലപ്രദമായ പ്രവര്‍ത്തനത്തില്‍ കര്‍മനിരതരാകുന്നതോടെ അവരുടെ ടെന്‍ഷന്‍ കുറയും. ജീവിതത്തിന്റെ അര്‍ഥം തിരിച്ചുകിട്ടും.
ആണുങ്ങളായ അഗതികള്‍ വീട്ടിലേക്ക് വരാറുണ്ട്. എന്റെ സുഹൃത്തുക്കള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളിലേക്കോ വ്യവസായശാലകളിലേക്കോ ഹോട്ടലുകളിലേക്കോ അവരില്‍ പലരെയും അയക്കുമായിരുന്നു. ഒരു പണിയും അറിയാത്തവരാണെങ്കിലും പ്രശ്‌നമില്ല. ഹോട്ടലിലെ ടേബിള്‍ തുടക്കാനും പാത്രങ്ങള്‍ കഴുകാനും അവര്‍ക്ക് പറ്റുമല്ലോ. അങ്ങനെ യാചനയില്‍നിന്ന് തൊഴിലിടങ്ങളിലേക്ക് എത്തിയപ്പോള്‍ അവര്‍ ആത്മവിശ്വാസമുള്ളവരായി മാറി. ഇത് റസൂലിന്റെ മാതൃകയായിരുന്നു. യാചിച്ചു വന്ന ഒരാള്‍ക്ക് റസൂല്‍ കൊടുത്തത് മഴു. മഴു കൊണ്ട് വിറകു വെട്ടി ഉപജീവനം നടത്താന്‍ ആവശ്യപ്പെട്ടു. ആളുകളുടെ മുമ്പില്‍ കൈനീട്ടി നടക്കാതെ സ്വന്തം കൈകൊണ്ട് അധ്വാനിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാനായിരുന്നു റസൂല്‍ പഠിപ്പിച്ചത്. ശഹീദ് ഹസനുല്‍ ബന്നായില്‍നിന്നും ഈ മാതൃക ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈജിപ്തില്‍ അക്കാലത്ത് തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ശഹീദ് ബന്നാ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പരിശ്രമിച്ചിരുന്നു. ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനത്തെ ജനകീയമാക്കുന്നതില്‍ ഈ ഇടപെടല്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു.
ജീവിതയാത്ര 74 വര്‍ഷം പിന്നിട്ടിരിക്കുന്നു. കടന്നുവന്ന ഓരോ വഴിയും സമ്മാനിച്ചത് വ്യത്യസ്ത അനുഭവങ്ങളായിരുന്നു. ആ അനുഭവങ്ങള്‍ ജീവിതവഴികളില്‍ വെളിച്ചമായി മാറി. കുടുംബ ജീവിതത്തിലെ ഓരോ നിമിഷവും മധുരിക്കുന്ന ഓര്‍മകളാണ്. പണ്ഡിതന്‍ കെ. ഉമര്‍ മൗലവിയുടെ മകള്‍ പ്രഫ. കെ. ഹബീബ പാഷ, എടയൂര്‍ കുഞ്ഞിയമ്മു സാഹിബിന്റെ മകള്‍ വി.പി ഹഫ്‌സ പാഷ എന്നിവരാണ് ജീവിതപങ്കാളികള്‍. പതിനഞ്ച് മക്കള്‍. അവരില്‍ രണ്ടു പേര്‍ അല്ലാഹുവിലേക്ക് യാത്രയായി.
(അവസാനിച്ചു)
തിരുത്ത്
ഭാഗം നാലില്‍ ഒരു കലാവേദി രൂപീകരിച്ചതിനെ കുറിച്ച് വിശദീകരിച്ചിരുന്നു. ഓര്‍മപ്പിശകു കാരണം, ആ കലാവേദിയുടെ പേര് തനിമയാണെന്നും ആദ്യ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തു എന്നും പറഞ്ഞിരുന്നു. എന്നാല്‍ തനിമ കലാ സാഹിത്യ വേദിയുമായി അതിന് യാതൊരു ബന്ധവുമില്ല. 1991-ല്‍ രൂപം കൊണ്ട തനിമ കലാ സാഹിത്യ വേദിയുടെ പ്രഥമ പ്രസിഡന്റ് അഹ്മദ് കൊടിയത്തൂര്‍ ആയിരുന്നു.
കമാല്‍ പാഷ
Comments