Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

സകാത്തും സാമൂഹികബോധവും

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (ചെയര്‍മാന്‍. കുറ്റിക്കാട്ടുര്‍ സകാത്ത് & റിലീഫ് കമ്മിറ്റി)

ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുസ്സകാത്തില്‍നിന്ന് വി.കെ അലി വിവര്‍ത്തനം ചെയ്ത 'മുസ്‌ലിംകളല്ലാത്തവര്‍ക്കും സകാത്ത് നല്‍കാം' എന്ന ലേഖനം തീര്‍ത്തും അവസരോചിതവും അഭിനന്ദാര്‍ഹവുമാണ്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഇസ്‌ലാമിക പണ്ഡിതന്മാരില്‍ ഏറെ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരാളുടെ അഭിപ്രായം എന്ന നിലയില്‍ നമുക്കത് പിന്തുടരാമല്ലോ.
ഈ വിഷയത്തില്‍ കാലങ്ങളായി ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ചുവരുന്ന രീതി തന്നെയാണ് സ്വാഭാവികമായും ഞങ്ങളുടെ പ്രദേശത്തും അവലംബിക്കാറ്. എന്നാല്‍ ഈ വര്‍ഷം ചില സഹോദരങ്ങള്‍  അതിനെ ശക്തമായി വിമര്‍ശിക്കുകയും, ഞങ്ങള്‍ നേരത്തേ നിങ്ങളെ ഏല്‍പ്പിച്ച സംഖ്യകള്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കും വിതരണം ചെയ്യുക വഴി കടുത്ത അപരാധമാണ് നിങ്ങള്‍ ചെയ്തതെന്നും വിമര്‍ശിക്കുകയുണ്ടായി. അതേ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് പ്രബോധനത്തില്‍ വന്ന ഈ വിശദീകരണം ആശ്വാസമായത്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്ത മദ്ഹബുകളും വീക്ഷണങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ നാം ജീവിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ദീക്ഷിക്കേണ്ട സാമാന്യ മര്യാദകളും നീതിയുമാണ്  മുസ്‌ലിംകളല്ലാത്തവര്‍ക്കും സകാത്ത് നല്‍കുക വഴി  പൂര്‍ത്തീകരിക്കുന്നത്. നമുക്കു ചുറ്റും പ്രയാസപ്പെടുന്ന സഹോദര സമുദായ അംഗങ്ങളെ അവഗണിച്ചുകൊണ്ട് ഒരു ഇസ്‌ലാമിക പ്രബോധനവും ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ പ്രയോഗവത്കരണവും വിജയിക്കില്ല.  ''സ്വയം ആവശ്യം ഉണ്ടായിരിക്കെത്തന്നെ അവര്‍ ദരിദ്രര്‍ക്കും അനാഥര്‍ക്കും ബന്ധനസ്ഥര്‍ക്കും ആഹാരം നല്‍കുന്നവരാണ്'' (അദ്ദഹ്ര്‍: 8). ഈ സൂക്തം അവതരിക്കുന്ന കാലത്ത് മുസ്‌ലിം ജയിലുകളിലെവിടെയും അമുസ്‌ലിംകള്‍ മാത്രമേ ബന്ധനസ്ഥരായി ഉണ്ടായിരുന്നുള്ളൂവെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. എന്നിരിക്കെ തങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കിലും ധനം ചെലവഴിക്കാന്‍ ആവശ്യപ്പെടുന്നത് അമുസ്‌ലിംകള്‍ക്ക് കൂടിയാണെന്നു വരുന്നു. ഇതിനു പുറമെ അനാഥര്‍, ദരിദ്രര്‍ എന്നൊക്കെ പറയുന്നത് മുസ്‌ലിംകളെക്കുറിച്ച് മാത്രമാണെന്ന് വ്യാഖ്യാനിക്കാനും ന്യായമില്ലല്ലോ.       ഇബ്‌റാഹീം നബിയുമായി ബന്ധപ്പെട്ട ഒരു സംഭവം അല്‍ബഖറ 126-ല്‍ ഇങ്ങനെ വിവരിക്കുന്നു; ''ഇബ്‌റാഹീം നബി പ്രാര്‍ഥിച്ച സന്ദര്‍ഭം: നാഥാ, ഇതിനെ (മക്കയെ) നീ നിര്‍ഭീത നാടാക്കുകയും ഇവിടത്തുകാരില്‍ വിശ്വാസികളായവര്‍ക്ക് നീ പഴങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ. അല്ലാഹു പറഞ്ഞു: അവിശ്വാസികള്‍ക്കും നല്‍കും. അവരെ ഞാന്‍ കുറച്ചു കാലം സുഖിപ്പിക്കുകയും പിന്നെ നരകശിക്ഷയിലേക്ക് തള്ളുകയും ചെയ്യും. എത്ര ചീത്തയായ സങ്കേതമാണത്.'' നേരത്തേ ജനങ്ങള്‍ക്ക് നേതാവായി നിന്നെ നാം നിശ്ചയിച്ചിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞപ്പോള്‍ ആ അനുഗ്രഹം എന്റെ സന്താനങ്ങള്‍ക്കും നല്‍കണമെന്ന് ഇബ്‌റാഹീം (അ) ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ വംശീയ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വവും പ്രവാചകത്വവും നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ഇബ്‌റാഹീമിനെ തിരുത്തിയിരുന്നു. അതിനാല്‍ ആഹാരത്തിന്റെ കാര്യം ചോദിച്ചപ്പോഴും ഇബ്‌റാഹീം (അ) ഇവിടെ സൂക്ഷ്മത പാലിച്ചതാണ്. പക്ഷേ, അല്ലാഹു വീണ്ടും തിരുത്തി. ഐഹിക ജീവിതത്തില്‍ അല്ലാഹു ആഹാരം നല്‍കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭൂമിയില്‍ ആഹാരം എല്ലാവര്‍ക്കും ഒരുപോലെ നല്‍കണമെന്നാണ് അവന്റെ നിശ്ചയം. ആഹാരം നല്‍കുന്ന കാര്യത്തില്‍ മനുഷ്യരുടെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു തന്നെ വിവേചനം കല്‍പിക്കുന്നില്ലെങ്കില്‍ പിന്നെ തദ്വിഷയകമായി പ്രത്യേകിച്ച് അധികാരമൊന്നുമില്ലാത്ത മനുഷ്യന്‍ എന്തിനാണ് വിവേചനം കല്‍പിക്കുന്നത്? ഇങ്ങനെ ഭൗതിക കാര്യത്തില്‍ മറ്റുള്ളവരെ മാനുഷികമായി സഹായിക്കുമ്പോള്‍ വിശ്വാസം നോക്കേണ്ടതില്ലെന്ന് ഇവിടങ്ങളിലെല്ലാം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നു (സകാത്ത് തത്ത്വവും പ്രയോഗവും, അബ്ദുല്ല ഹസന്‍). ഇതെല്ലാം മുമ്പില്‍ വെച്ചു കൊണ്ടു തന്നെ സകാത്ത്, ഫിത്വ്ര്‍ സകാത്ത് മുതലായ ദാനധര്‍മങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ മുസ്‌ലിം വീടുകളെ മാത്രം നോക്കി, പട്ടിണി കിടക്കുന്ന സഹോദര സമുദായ കുടുംബങ്ങളെ അവഗണിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല. വിശേഷിച്ചും സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടില്‍. 

 

വ്യക്തത വേണം

'ബിറ്റ്‌കോയിനും നിക്ഷേപങ്ങളും തട്ടിപ്പിന്റെ നവീന രീതികളും' (ലക്കം 3170/ഒക്‌ടോബര്‍. 2) എന്ന യാസിര്‍ ഖുത്ബിന്റെ ലേഖനത്തിലെ ആശയങ്ങള്‍ക്ക് വ്യക്തതയുണ്ടായില്ല.  അതേസമയം തൊട്ടുമുമ്പുള്ള ലക്കത്തില്‍ മണി ചെയിനുമായി ബന്ധപ്പെട്ട ലേഖനം ആവര്‍ത്തനമായിരുന്നുവെങ്കിലും ഫലപ്രദമായിരുന്നു. 

ഫൈസല്‍ റശീദ്, ആലപ്പുഴ

 

പ്രവര്‍ത്തനമല്ല, പരിവര്‍ത്തനം

'സാമൂഹികമാറ്റം സാധ്യമാക്കുന്ന പ്രബോധന പദ്ധതികള്‍ ' എന്ന എന്റെ ലേഖനത്തിലെ (ഒക്‌ടോബര്‍ 09), പേജ് 22-ല്‍ 'സാമൂഹിക പ്രവര്‍ത്തനം' എന്ന് അച്ചടിച്ചുവന്നത്, 'സാമൂഹിക പരിവര്‍ത്തനം' എന്നും, പേജ് 23-ല്‍ 'കശ്മീരിലെ' എന്നത് 'കാശ്ഗറിലെ' എന്നുമാണ് കൈയെഴുത്തില്‍ ഉണ്ടായിരുന്നത്. തിരുത്തി വായിക്കാന്‍ താല്‍പര്യപ്പെടുന്നു. 

അഫ്‌സല്‍ ത്വയ്യിബ്‌

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി