Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

നഅ്തുകളിലെ അമുസ്‌ലിം സാന്നിധ്യങ്ങള്‍

ഹഫീദ് നദ്‌വി കൊച്ചി

മുഹമ്മദ് നബി(സ)യെ പ്രശംസിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന കാവ്യങ്ങള്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ തന്നെ വിരചിതമായിട്ടുണ്ട്‌. പ്രവാചക കവി ഹസ്സാന്‍, കഅ്ബ്, സുഹൈര്‍ എന്നീ കവികള്‍ ചരിത്രത്തിലെ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ എക്കാലത്തെയും മഹാമാതൃകകളായിരുന്നു.
അറബിയില്‍ മദ്ഹ് എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗം ഇറാന്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ 'നഅ്ത്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിശേഷണം, വിവരണം എന്ന ഈ പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് 'പ്രവാചകനെ സ്തുതിക്കുക' എന്ന മദ്ഹുന്നബി (പ്രവാചക സ്തുതി) തന്നെ. മദ്ഹ് /നഅ്ത് പരമ്പര ഇന്നും എല്ലാ ഭാഷകളിലും പല പേരില്‍ അഭംഗുരം തുടരുന്നു. ചിലയിടങ്ങളിലെ നശീദുകളുടെ 90 ശതമാനം ഇതിവൃത്തവും ഇത്തരത്തിലുള്ള പ്രവാചക കീര്‍ത്തനങ്ങള്‍ തന്നെ. ഉര്‍ദു / ഫാരിസി ഭാഷയില്‍ നഅ്ത് എഴുതുന്നയാളെ ശാഇറെ നഅ്ത് എന്നും പാടുന്നയാളെ നഅ്ത് ഖ്വാന്‍, സനാ ഖ്വാന്‍ എന്നുമാണ് പൊതുവെ വിളിക്കാറ്. കേരളത്തിനു പുറത്ത് മുസ്‌ലിം മതവൃത്തങ്ങളില്‍ വല്ല പരിപാടിയും നടക്കുകയാണെങ്കില്‍ ഖുര്‍ആന്‍ പാരായണാനന്തരം നഅ്ത് ചൊല്ലുന്ന പാരമ്പര്യം വളരെ സജീവമായി നിലനില്‍ക്കുന്നുണ്ട്.
നഅ്ത് കവികളില്‍ സ്വാഭാവികമായും ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. നഅ്ത് സജീവമായിരുന്ന ഇറാന്‍-ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രധാന ജനവിഭാഗങ്ങള്‍ അവരായതാവും അതിനു കാരണം. എന്നാല്‍ ഈ കാവ്യശാഖയുടെ പരിപോഷണത്തില്‍ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളുമായ, ഉര്‍ദു ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിച്ച, മുസ്‌ലിം ഭൂമികയില്‍ വളര്‍ന്ന  കവികളുടെ സംഭാവനകളെ പഠിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
1857-ലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിനു ശേഷമാണ് ഹിന്ദു കവികളുടെ നബികീര്‍ത്തനങ്ങള്‍ വ്യാപകമായി എഴുതപ്പെടാന്‍ തുടങ്ങിയതെന്നാണ് പൊതുവെ ആധുനിക ഭാഷാ-സാഹിത്യ ചരിത്രകാരന്മാരുടെ നിരീക്ഷണം. മുഗള്‍ സാമ്രാട്ട്  ബഹദുര്‍ ഷായും ഝാന്‍സി റാണിയും താന്തിയാ തോപ്പിയുമൊക്കെ ഒത്തുചേര്‍ന്നുള്ള സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ സാംസ്‌കാരികമായ കൊള്ളക്കൊടുക്കകള്‍ക്കുള്ള സാധ്യത വളരെ വിപുലമായി ഉപയോഗപ്പെടുത്തിയിരിക്കുമല്ലോ. ആ മതമൈത്രിയുടെ പരിസരത്ത്  കിളിര്‍ത്തുവന്നതാകാം അമുസ്‌ലിം കവികളുടെ നഅ്തുകള്‍.
ദക്ഷിണേന്ത്യയിലും പ്രവാചക കീര്‍ത്തനങ്ങളാല്‍ പ്രസിദ്ധരായ അമുസ്‌ലിം കവികള്‍  ധാരാളമുണ്ടായിട്ടുണ്ട്. നഅ്തുകള്‍ ഈ നൂറ്റാണ്ടില്‍ ആദ്യമായി സമാഹരിക്കാന്‍ ശ്രമിച്ചത് യശഃശ്ശരീരനായ കവി വലി ആസി(1939-2002)യായിരുന്നു. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ശാഇര്‍' ഉര്‍ദു ഡൈജസ്റ്റ് ഈ വിഷയത്തില്‍ വളരെ പ്രാമാണികമായ റഫറന്‍സായാണ് 2008 ഒക്‌ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചത്. അതിന്റെ എഡിറ്റര്‍ സയ്യിദ് ഇഫ്തിഖാര്‍ ഇമാം സിദ്ദീഖി അതിനു വേണ്ടി നടത്തിയ ഉദ്യമം പ്രത്യേകം ശ്ലാഘിക്കപ്പെടേണ്ടതാണ്. കവി വലിയുടെ ശ്രമങ്ങളുടെ വളര്‍ച്ചയും ഉര്‍ദു പാരമ്പര്യത്തിന്റെ തുടര്‍ച്ചയും ബഹുസ്വര സമൂഹത്തില്‍ അദ്ദേഹത്തിനു മുമ്പും ശേഷവും തുടരുന്നുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് നൂര്‍ മീര്‍ അലിയുടെ 'ബഹറെ സമാന്‍ ബഹറെ സബാന്‍' എന്ന നഅ്ത് സമാഹാരം. മുന്നൂറിലേറെ ഹിന്ദു കവികളുടെ നബികീര്‍ത്തനങ്ങള്‍ ഇതില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. 1800-കളില്‍ ഇന്ത്യയിലെ സാംസ്‌കാരിക ഭാഷ ഉര്‍ദുവും പേര്‍ഷ്യനുമായിരുന്നതിനാല്‍ സാമാന്യേന ഹിന്ദു / സിഖ് / ക്രിസ്ത്യന്‍ സാഹിത്യകാരന്മാരും ഈ ഭാഷകളിലായിരുന്നു രചന നടത്തിയിരുന്നത്. അവരില്‍ ചിലരെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്.

1. മുന്‍ഷി ശങ്കര്‍ലാല്‍ സാഖി (1890)
പ്രമുഖ ഹിന്ദി കവിയായിരുന്നു മുന്‍ഷി ശങ്കര്‍ലാല്‍ സാഖി. ഉര്‍ദുവിലും പേര്‍ഷ്യനിലും അദ്ദേഹം കവിതകളെഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നബികീര്‍ത്തനത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ: 
ജീതെ ജീ റൗസ അഖ്ദസ് കൂ ആന്‍ഖോന്‍ നെ ന ദേഖാ
റൂഹ് ജന്നത് മെ ഭീ ഹോഗീ തോ തറസ്തീ ഹോ ഗീ
നഅ്ത് ലിഖ്താഹും മഗര്‍ ശറം മുഝെ ആതീ ഹെ
ക്യാ മെരീ മദ്ഹ് ഖാനോന്‍ മെ ഹസ്തീ ഹോ ഗീ
(വിശുദ്ധ റൗദയില്‍ ജീവിച്ചുകൊണ്ടിരിക്കും
ആ പുണ്യശ്ലോകനെ കണ്‍പാര്‍ത്തില്ല ഞാന്‍. 
ആത്മാവ് സ്വര്‍ഗത്തിലാകിലും ആശിച്ചു പോം പുമാനെ 
നമ്രം മമതൂലികയീ മഹാശയനെ എങ്ങനെ വര്‍ണിക്കും!
എന്‍ സ്തുതി മേടകളില്‍ വസിക്കുമോ അവന്‍ ശാശ്വതം!).

2. മഹാരാജ് സര്‍കിഷന്‍ പ്രസാദ് (1864-1940)
ഒരുപാട് നഅ്തുകളെഴുതിയ മറ്റൊരു കവിയാണ്  പ്രസാദ്. നബിയോടുള്ള അഗാധമായ സ്‌നേഹവികാരത്താല്‍ തരളിതവും പ്രേമവായ്പിനാല്‍ നിര്‍ഭരവുമാണ് അദ്ദേഹത്തിന്റെ നബികീര്‍ത്തനങ്ങള്‍. ആ കീര്‍ത്തനങ്ങള്‍ വായിച്ചാല്‍ അതെഴുതിയത് നബിയുടെ സമകാലീനനാണെന്നേ  തോന്നൂ. അത്രക്ക് വികാരോഷ്മളമാണ് ആ കീര്‍ത്തനങ്ങളിലെ വരികള്‍. നബിയുടെ ആകാരഗാംഭീര്യവും അംഗ സൗഷ്ടവവും ഹൃദയാവര്‍ജകമായി വര്‍ണിക്കുന്നുണ്ട് 200 പേജുകള്‍ വരുന്ന അദ്ദേഹത്തിന്റെ നബികീര്‍ത്തനത്തില്‍. ഒരിടത്ത് അദ്ദേഹം എഴുതുന്നതിങ്ങനെ: 
കാഫിര്‍ ഹൂം മൂമിന്‍ ഹൂം ഖുദാ ജാനെ മൈ ക്യാഹൂം
പര്‍ ബന്ദ:ഹൂം ഉസ്‌കാ ജോ ഹെ സുല്‍ത്താനെ മദീന:
മദീന കൂ ചലോ ദര്‍ബാര്‍ ദേഖോ
റസൂലുല്ലാകീ സര്‍ക്കാര്‍ ദേഖോ
(ഞാന്‍ കാഫിറാണോ മുഅ്മിനാണോ, 
ദൈവത്തിനറിയാം! 
എന്നാല്‍ മദീനയിലെ സുല്‍ത്താന്റെ ദാസനാണ് ഞാന്‍. 
മദീനയിലേക്ക് നടക്കൂ,
അവിടുത്തെ ദര്‍ബാര്‍ കാണൂ, 
ദൈവദൂതന്റെ സ്നേഹസാമ്രാജ്യം കാണൂ).

3. ദില്ലൂറാം കൗസരി (മരണം: 28-12-1931)
നഅ്തില്‍ സമുന്നത സ്ഥാനം നേടിയ മറ്റൊരു കവിശ്രേഷ്ഠനായിരുന്നു ദില്ലൂറാം കൗസരി. അദ്ദേഹത്തിന്റെ നബികീര്‍ത്തനങ്ങള്‍ കേട്ട് ഹര്‍ഷപുളകിതനായി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രമുഖ സൂഫിവര്യനായ ജമാഅത്ത് അലി ഷാ അദ്ദേഹത്തിന് 'ഹസ്സാനുല്‍ ഹിന്ദ്' (ഇന്ത്യയിലെ ഹസ്സാന്‍) എന്ന പട്ടം നല്‍കുകയുണ്ടായി. നബിയുടെ ആസ്ഥാന  കവിയായിരുന്ന ഹസ്സാനുബ്‌നു സാബിത്തിനെ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ.
അദ്ദേഹത്തിന്റെ ഒരു കവിതാ ശകലമിതാ:

കുഛ് ഇശ്ഖെ മുഹമ്മദ് മെ നഹീം ശര്‍ത്വ് മുസല്‍മാന്‍
ഹേ കൗസരി ഹിന്ദു ഭീ ത്വലബ്ഗാര്‍ മുഹമ്മദ്
(മുഹമ്മദിനോടുള്ള അനുരാഗവായ്പിന് മുസല്‍മാന്‍ ആകണമെന്നൊന്നും ഉപാധിയില്ല. ഹേ കൗസരി, ഹിന്ദുവും തേടുന്നത് മുഹമ്മദിനെയാണ്).

4. അര്‍ശ് മലീസാനി (1908-1979)
'ആഹന്‍ഗെ ഹിജാസ്' (ഹിജാസ് രാഗം) എന്ന ശീര്‍ഷകത്തില്‍ നബികീര്‍ത്തനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ച അര്‍ശ് മലീസാനി എന്ന ഹിന്ദു കവിയും അവരിലെ പ്രഥമസ്ഥാനീയനുമാണ് അര്‍ശ് എന്ന ബാല്‍ മുകുന്ദ്. ഹിന്ദു-മുസ്ലിം മൈത്രിക്കു വേണ്ടി അനര്‍ഘ സംഭാവനകളര്‍പ്പിച്ച കവിയായിരുന്നു അദ്ദേഹം. 'ആഹന്‍ഗെ ഹിജാസി'ലെ അദ്ദേഹത്തിന്റെ ഒരു വരി മാത്രം മാതൃകയായി വായിക്കുക: 

തെരേ അമല്‍ കെ ദര്‍സ് സെ ഗറം ഹെ ഖൂന്‍ ഹര്‍ ബശര്‍
ഹസന്‍ നമൂദ് സിന്ദഗി റങ്ക് റുഖ് ഹയാതെ നൗ
(നിന്റെ കര്‍മപാഠങ്ങളാല്‍ സര്‍വ മനുഷ്യരുടെയും രക്തം ഊഷ്മളമാകുന്നു. ജീവിതം വര്‍ണശബളമായി നവോന്മിഷിതമാകുന്നു).

(ആദ്യ നാല് കവിതകളുടെ പരിഭാഷക്ക് കടപ്പാട്).

5. ജാന്‍ റോബര്‍ട്ട് (മ. 1857)
റോബര്‍ട്ട് എന്ന ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഓഫീസറുടെ മകനായ ജോണാണ് ജാന്‍ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിയിരുന്നത്.
1857-നു ശേഷം അന്തരിച്ചു. ഹിന്ദു ആയാണ് വളര്‍ന്നത് എന്നാണ് അദ്ദേഹത്തിന്റെ താഴെ വരികള്‍ സൂചിപ്പിക്കുന്നത്:

ഗര്‍ ചെ നാമോ നസബ് സെ ഹിന്ദൂ ഹൂം
കംലീ വാലേ മേ തെരാ സാധൂ ഹൂം

(ജീവിതം കൊണ്ട് ഹിന്ദുവാണെങ്കിലും ഭവാന്‍
സമ്പൂര്‍ണ മനുഷ്യനെ പിന്‍പറ്റും വെറും സാധുവാം).

6. വേദ്‌സാഗര്‍ ആനന്ദ് 
സലാം ഉസ്പര്‍ കെ ജിസ് കെ നൂര്‍ സെ നൂര്‍ ഹെ ദുന്‍യാ
സലാം ഉസ്പര്‍ കെ ജിസ്‌കെ നുത്വ്ഖ് സെ മസ്ഹൂര്‍ ഹെ ദുന്‍യാ
(ആരുടെ പ്രകാശത്താല്‍ ഈ ലോകം പ്രകാശ പൂരിതമായോ
ആരുടെ സംസാരത്താല്‍ ഈ ലോകം മായാവലയത്തിലായോ...).

7. ജഗന്നാഥ് ആസാദ്  (1918-2004)
70-ലേറെ കാവ്യഗ്രന്ഥങ്ങള്‍ ഉര്‍ദുവിലെഴുതിയ മറ്റൊരു കവി ഉണ്ടോ എന്ന് സംശയമാണ്. പ്രവാചകനെ പുകഴ്ത്തി അദ്ദേഹമെഴുതിയ ഒരു വരിയിതാ:
ഹാദിയെ അഅ്‌സം, മുഹ്‌സിനെ അഅ്‌സം, ശാഹെ റസൂലാന്‍, ഖാജയേ ഭഗവാന്‍
ദാതെ മുഖദ്ദസ്, ത്വയ്യിബേ അത്വ്ഹര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍
(പരിശുദ്ധ സന്മാര്‍ഗി, നന്മേഛു ശ്രീമാന്‍, പ്രവാചകരാജാ, ദൈവത്തിന്‍ പൂമാന്‍
പുണ്യദേഹം, വിശുദ്ധം, സുഗന്ധം, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍).

8. ജസ്റ്റിസ് റാണാ ഭഗ്‌വാന്‍ ദാസ് (1942-2015)
 ലാഹോറിലെ നസീറാബാദിലാണ് ജനിച്ചത്. പാക് ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ഒഴിവുസമയം മുഴുവന്‍ കവിയരങ്ങുകളിലായിരുന്നു. ഫാരിസി ഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു കവിതാ ശകലമിതാ.

മുഹമ്മദ് ഫരിസ്താദ്, റഹ്മത് നുമൂദ്
മുഹമ്മദ് ത്വരീഖേ ശരീഅത് നുമൂദ്
(മുഹമ്മദിനെ കാരുണ്യത്തിന്റെ കേദാരമാക്കി
മുഹമ്മദ് ശരീഅത്തിനെ തന്റെ പാതയാക്കി).

9. മുന്‍ഷി ഹര്‍ഗോപാല്‍ തഫ്ത (1799-1879)
ഗാലിബിന്റെ സമകാലീനനും ഉപാസകനുമായെല്ലാം മനസ്സിലാക്കപ്പെടുന്ന തഫ്ത ജനപ്രസിദ്ധി നേടിയ 'ലൗലാക'യെ കവിതയാക്കിയത് നോക്കൂ:

ഹോ ശൗഖ് ന: ക്യൂ നഅ്‌തെ റസൂല്‍ ദൂസ്‌രാ കാ
മസ്മൂന്‍ ഹോ അയാന്‍ ദില്‍മേ ജോ ലൗ ലാക് ലമാകാ
(മറ്റൊരു ഗുരുവിനെ എന്തിന് പുകഴ്ത്തണം?
ലൗലാകിന്റെ ഗുരുവില്ലായിരുന്നുവെങ്കിലെന്തു ലോകം?!).

10. പണ്ഡിറ്റ് ബ്രിജ്‌മോഹന്‍ ദതാരിയാ കൈഫി (1866-1955)
ഉര്‍ദുവിന്റെ പിതാവെന്ന് അറിയപ്പെടുന്ന മൗലവി അബ് ദുല്‍ ഹഖ് ദഹ്‌ലവിയുടെ അനുയായിയായ ഇദ്ദേഹം നഅ്തില്‍ കശ്മീരീ ശൈലി അടയാളപ്പെടുത്തിയ കവിയാണ്. അദ്ദേഹത്തിന്റെ ഒരു പ്രവാചക കീര്‍ത്തനം ഇങ്ങനെ:

അഗര്‍ തും ദേഖ്‌നാ ചാഹോ ഖുദാ കോ
കരോ റാസി മുഹമ്മദ് മുസ്ത്വഫാ കോ
(നാളെ ദൈവത്തെ കാണണോ നിനക്ക്
ഇന്ന് മുഹമ്മദിനെ തൃപ്തിപ്പെടുത്തി ഗമിക്ക്).

11. അലന്‍ ജോണ്‍ ബദായൂനി
ഉത്തര്‍പ്രദേശിലെ ബദായൂന്‍ ഉര്‍ദു കവികളുടെ കേന്ദ്രമാണ്. അവിടത്തെ കല്ലിലും മണ്ണിലും വരെ കവിതയുണ്ടെന്നാണ് നാടന്‍പ്രയോഗം. ഇദ്ദേഹം ക്രിസ്ത്യാനിയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇദ്ദേഹം പ്രവാചകനെ പുകഴ്ത്തുന്നത് കേള്‍ക്കൂ:

താരോം മേ റോഷ്‌നി ഹെ തൂഫൂലോം മേ താസഗി
യേ വഖ്ത് ഹെ സുഹൂറെ രിസാലത്ത് മആബ്കാ
(നക്ഷത്രങ്ങളുടെ പ്രകാശവും പുഷ്പങ്ങളുടെ വസന്തവും ഒത്തുചേര്‍ന്നാല്‍ പ്രവാചകത്വപ്പുലരിയായി).

12. സര്‍ദാര്‍ ഗോര്‍ ബഖ്ഷ് സിംഖ് ജലന്ദരി (1953-1979)
ചെറുപ്പത്തിലെ മരിച്ചുപോയ കവി പാടിയതു മുഴുവന്‍ പ്രവാചക കീര്‍ത്തനങ്ങളായിരുന്നു.

ഹിന്ദൂ ഹും, ബഹുത് ദൂര്‍ ഹൂം ഇസ്‌ലാം സെ
മുഝ്‌കൊ ഭീ മുഹമ്മദ് കീ ശഫാഅത് കീ യഖീ ഹെ
(ഹിന്ദുവാണെങ്കിലും ഇസ്‌ലാമിനോട് ഒരുപാടകലെയാണെങ്കിലും
മുഹമ്മദിന്റെ ശിപാര്‍ശയില്‍ ഉറച്ച വിശ്വാസമുള്ളവനാണീ ഞാന്‍).

13. ബിര്‍ജ്‌നാഥ് പ്രസാദ് (?)
സദാ അബര്‍ കറം ഛായാ ഹുവാ മസ്‌റൂര്‍ രഹ്താ ഹെ
നബീ കീ ഖബ്ര്‍ പര്‍ അല്ലാഹ് കീ റഹ്മത് ബറസ്തീ ഹെ
(സദാ സന്തോഷവാനാം സുഭഗന്‍ നബിമുഹമ്മദ് 
ആ ഗുരുസമാധിയില്‍ കരുണവര്‍ഷിതമാവണേ).

14. ഡോ. മനോഹര്‍ ലാല്‍ (1947...)
വളരെ ചെറുപ്പം മുതലേ ഉര്‍ദു ഭാഷയിലെഴുതി തെളിഞ്ഞ കശ്മീരീ പണ്ഡിറ്റ് കുടുംബത്തിലാണ് ലാലിന്റെ ജനനം. അദ്ദേഹത്തിന്റെ ഉര്‍ദു - ഹിന്ദി ഗ്രന്ഥങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. പ്രവാചക സ്‌നേഹം വര്‍ണിച്ചുകൊണ്ട് ലാല്‍ എഴുതുന്നു:
ഖുദാ കാ ഹിവോ ശേദാഹെ മുഹമ്മദ് കാ
കഹാംഹെ ദോനോ ആലംമേ കൊയി ഹംതാ മുഹമ്മദ് കാ
(ദൈവസ്‌നേഹത്തിന്റെ അംശമല്ലോ പ്രവാചകസ്‌നേഹം!
ആ മഹാധീരത ഇന്നെവിടെ ലോകരില്‍?).

പര്‍ചെ ദര്‍ശന്‍ മുഹമ്മദ് മുസ്ത്വഫാ(1905)യുടെ കര്‍ത്താവായ മുന്‍ഷി ബാല, ദീവാനെ കൈഫി(1908)യുടെ ശില്‍പി പണ്ഡിറ്റ് ശിവനാഥ് ചക് കൈഫ്, മഖ്സന്‍ അസ്റാര്‍ മഅ്രിഫ എഴുതിയ മുന്‍ഷി ലളിത്പ്രസാദ് (1886-1959), ഈദ് മീലാദുന്നബി (1958) രചിച്ച പ്രഭുദയാല്‍ റഖം (ജനനം 1891), മസ്നവീ ഗുല്‍സാര്‍ നസീമിന്റെ കര്‍ത്താവ് പണ്ഡിറ്റ് ദയാശങ്കര്‍ നസീം ലഖ്നവി (1811-1844), നയീ സുബ്ഹി(1951)ന്റെ കര്‍ത്താവ് മുന്‍ഷി ദുര്‍ഗ സഹായെ സുറൂര്‍ (ച. 1910), ചാന്ദ് ബിഹാരി ലാല്‍ (ജ. 1889), ജഗന്നാഥ് ആസാദ് (1918-2004), കുന്‍വര്‍ മഹേന്ദ്രസിംഗ് ബേദി (ജ. 1920), മുന്‍ഷി രൂപ്ചന്ദ്, പ്യാരെ ലാല്‍ റൗനഖ്, ചന്ദി പ്രസാദ് ശേദാ, മഹാരാജ് ബഹാദൂര്‍ ബര്‍ക്, മുന്‍ഷി നാരായണ്‍ സഖാ, ത്രിഭുവന്‍ ശങ്കര്‍ ആരിഫ്, പണ്ഡിറ്റ് ഹരിചന്ദ് അഖ്തര്‍, ത്രിഭൂവന്‍ നാഥ് സാര്‍ സത്ശി, ത്രിലോക് ചന്ദര്‍, ഗോപിനാഥ് അമന്‍, പണ്ഡിറ്റ് അമര്‍നാഥ് ആശഫ്ത, ഭഗവത് റായ് റാവത്ത്, മഹാരാജ് കിഷന്‍ പ്രസാദ്, പണ്ഡിറ്റ് ബ്രിജ്നാരായണ്‍ ദത്തത്രേയ് കൈഫി, രഘുപതി സഹായ്, ഫിറാഖ് ഗോരഖ്പൂരി, കൃഷന്‍ മോഹന്‍, ചന്ദ്രപ്രകാശ് ജൗഹര്‍ ബിജ്‌നൂരി, ആനന്ദ് മോഹന്‍ സത്ശി, ഗുല്‍സാര്‍ ദഹ്ലവി, പണ്ഡിറ്റ് ദയാപ്രസാദ് ഗോരി, ഉമാശങ്കര്‍ ശാദാന്‍, അശ്വനികുമാര്‍ അശ്റഫ്, ഹരിമേഹ്താ ഹരി, ചന്ദ്രബാല്‍ ഖയാല്‍ തുടങ്ങി ഉര്‍ദുവില്‍ നബികീര്‍ത്തന ശാഖയെ സമ്പന്നമാക്കിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ കവികളുടെ ശതക്കണക്കിന് പേരുകള്‍ ഇനിയും പറയാനുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിലെ മീരാബായി മുതല്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ എഴുതിയ മുസ്‌ലിംകളല്ലാതിരുന്ന നഅ്ത് കവികളുടെ ലിസ്റ്റ് എത്ര എഴുതിയാലും പൂര്‍ണമാവില്ല. പ്രേംചന്ദ് അടക്കമുള്ള സാഹിത്യകാരന്മാരും ഉപരിസൂചിത കവിരത്‌നങ്ങളും സജീവമാക്കി നിലനിര്‍ത്തിയിരുന്ന നഅ്ത് പേര്‍ഷ്യന്റെയും ഉര്‍ദുവിന്റെയും സുവര്‍ണ കാലഘട്ടത്തിലായിരുന്നു പുഷ്‌കലമായിരുന്നത്. 

റഫറന്‍സ്:
1.    ശാഇര്‍ ഉര്‍ദു ഡൈജസ്റ്റ് 2008 ഒക്‌ടോബര്‍
2.    ഉര്‍ദു അദബ് കീ മുഖ്തസ്വര്‍ താരീഖ് - ഡോ. സദീദ് അന്‍വര്‍
3.    ഉര്‍ദു ആസാദ് എന്‍സൈക്ലോപീഡിയ
4.    അല്‍ ഹിന്ദിയ എയര്‍പോര്‍ട്ടല്‍: കുറിപ്പുകാരന്റെ ലേഖനം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി