Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

മനുഷ്യനെ മനുഷ്യനാക്കിയ മുഹമ്മദ് നബി

എസ്.എം സൈനുദ്ദീന്‍

മാനവ നാഗരികതയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ മഹാനായ നേതാവ് എന്ന നിലക്ക് പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതം ഏതവസരത്തിലും വായിച്ചുകൊണ്ടിരിക്കുക എന്നത് പുതിയ പ്രകാശത്തിലേക്ക് നമ്മെ വഴിനയിക്കും. മനുഷ്യനെ കുറിച്ച ആകുലതകളായിരുന്നു പ്രവാചകന്റെ മനം നിറയെ. ജീവിതത്തിന്റെ കാലുഷ്യങ്ങളോട് നിരന്തരം അദ്ദേഹം കലഹിച്ചു. ഭാരം പേറി തളര്‍ന്ന മുതുകുകളും ചങ്ങലകള്‍ മുറുക്കിയ കണങ്കാലുകളും ആ മഹാമനുഷ്യന്റെ മനസ്സിനെ നോവിച്ചു. അടിമത്തത്തെ താങ്ങിനിര്‍ത്തുന്ന ആശയാവലികള്‍ മുതല്‍ അധികാര സംവിധാനങ്ങള്‍ വരെ പിഴുതുമാറ്റലല്ലാതെ മറ്റൊരു പരിഹാരമില്ല എന്ന ബോധ്യം ആ മനസ്സില്‍ നിരന്തരം ഓളങ്ങള്‍ തീര്‍ത്തു. നൈസര്‍ഗികമായി മനുഷ്യന്റെ അന്തഃരംഗത്ത് നിലകൊള്ളുന്ന  നന്മയുടെ സ്വാധീനം ചെറുപ്പം മുതലേ, പ്രവാചകനായി പിന്നീട് മാറിയ മുഹമ്മദിന്റെ മനസ്സില്‍ തിന്മകളെ കടപുഴക്കാന്‍ മാത്രം ശേഷിയുള്ള തിരമാലകളായി മാറുന്നുണ്ടായിരുന്നു. 
ഹിറാ ഗുഹയിലെ ധ്യാനം അവസാനിക്കുകയും 'വായിക്കൂ......' എന്ന ശാസന അന്തരീക്ഷത്തില്‍ മുഴങ്ങുകയും ചെയ്തതോടെ ഒരു പ്രവാചകന്‍ പിറകൊള്ളുകയായിരുന്നു. പൂര്‍വികരായ നൂഹും ഇബ്റാഹീമും മൂസായും ഈസായും - ദൈവത്തിന്റെ രക്ഷ അവരില്‍ വര്‍ഷിക്കട്ടെ- മുഴക്കിയ മനുഷ്യ വിമോചനത്തിന്റെ അനശ്വര മന്ത്രണങ്ങള്‍, മുദ്രാവാക്യങ്ങള്‍ ലോകത്ത് വീണ്ടും പുതുനാമ്പിടാന്‍ തുടങ്ങി.  
പ്രവാചകന്‍ ജനിച്ചത് ചാന്ദ്രമാസത്തിലെ റബീഉല്‍ അവ്വലിലാണ്. റബീഅ് എന്ന അറബി പദത്തിന്റെ അര്‍ഥം വസന്തം എന്നാണ്. പ്രകൃതി  പുഷ്പാലംകൃതമാവുകയും പൂമ്പാറ്റകളും പറവകളും തേന്‍ നുകരാന്‍ പൂന്തോപ്പുകളില്‍ പാറിപ്പറക്കുകയും ചെയ്യുന്ന മനോഹരമായ കാലമാണല്ലോ വസന്തം. വിണ്ടുകീറിയ മണ്ണില്‍ ജീവന്റെ തുടിപ്പുകള്‍ മുളപൊട്ടി പ്രതീക്ഷയുടെ പുതുകിരണങ്ങള്‍ ചക്രവാളങ്ങളില്‍ മഹാപ്രവാഹമായി, പ്രകാശകിരണമായി മാറുന്ന കാലമാണ് വസന്തം. പ്രവാചക ജനനത്തോടെ ലോകം പുതുവസന്തത്തിന്റെ പ്രഭാതത്തിനാണ് സാക്ഷ്യം കുറിച്ചത്. തിന്മയുടെ ഇരുട്ടിനെ വകഞ്ഞുമാറ്റി നന്മയുടെ അരുണകിരണങ്ങള്‍ കിഴക്കന്‍ ചക്രവാളസീമയുടെ കരിമേഘ വിടവുകളിലൂടെ ഭൂമിയെ വീണ്ടും ഒരു പകലിലേക്ക് വിളിച്ചുണര്‍ത്തി.  ആ പുലരിയുടെ ഇളം പ്രകാശരശ്മികള്‍ പോലും, അതുവരെ ലോകത്തെ കീഴിടക്കി വാണു പോന്ന കുറ്റവാളി സംഘങ്ങള്‍ക്ക്  സഹിക്കാനാവുമായിരുന്നില്ല. അവരുടെ അധികാര കൊത്തളങ്ങള്‍ വിറകൊള്ളാന്‍ തുടങ്ങിയിരുന്നു. അവരുടെ നെഞ്ചിടിപ്പിന്റെ ശബ്ദം എവിടെയും കേള്‍ക്കാമായിരുന്നു.
തന്റെ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകത്വ പദവി കൊണ്ട് മുഹമ്മദിനെ (സ) അല്ലാഹു അനുഗ്രഹിച്ചു. തന്റെയും ലോകത്തിന്റെയും വ്യഥകളുടെ മുക്തിയും മുന്നോട്ടുള്ള വഴിയിലെ പ്രകാശവും അദ്ദേഹത്തിന് സിദ്ധിച്ചു. അതോടെ തന്നെയും ചുറ്റുപാടിനെയും ലോകത്തെയും പുതിയൊരു വീക്ഷണത്തിലൂടെ ദര്‍ശിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. പ്രവാചകത്വം, അഥവാ രിസാലത്തിന്റെ മതപരവും സാമൂഹികവുമായ പ്രസക്തിയും പ്രാധാന്യവും ഇതാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ ദ്വിതീയാടിത്തറ എന്ന നിലക്ക് രിസാലത്തിന്റെ കൂടി വീക്ഷണത്തിലൂടെയാണ് അത് മനുഷ്യനെയും മനുഷ്യപ്രശ്‌നങ്ങളെയും നോക്കിക്കാണുന്നത്. 
പ്രവാചകനെ സ്മരിക്കുമ്പോള്‍ വളരെ പ്രാധാന്യപൂര്‍വം ചര്‍ച്ചചെയ്യേണ്ട ഒന്നാണിത്. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ പ്രപഞ്ചം, അതിലെ കോടാനുകോടി ജീവജാലങ്ങള്‍, അതിലൊന്നായ മനുഷ്യന്‍..... ഇങ്ങനെ മനുഷ്യ സങ്കല്‍പനങ്ങളെ മുഴുവന്‍ അമ്പരപ്പിക്കുന്ന വിസ്മയാവഹമായ പ്രപഞ്ച മഹാത്ഭുതത്തെ ദുര്‍ബലമായ മനുഷ്യബുദ്ധി കൊണ്ട് നിര്‍വചിക്കാമെന്ന അഹന്തയേക്കാള്‍ വലിയ ഒരു കുറ്റവും ഈ ലോകത്തില്ല എന്നതാണ് രിസാലത്തിന്റെ പ്രസക്തിയെ സ്ഥാപിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ തീരുമാനിക്കുന്നിടത്തുനിന്നാണല്ലോ എല്ലാ അധീശ അധികാരബോധവും ഉരുവം കൊള്ളുന്നത്.  പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്ത എല്ലാ ഭൂപ്രദേശങ്ങളിലെയും സമൂഹങ്ങളില്‍ ദൃശ്യമായിരുന്ന തിന്മകളില്‍ സുപ്രധാനമായത് ഇതായിരുന്നു.  ഈ അധീശബോധത്തെയാണ് പ്രവാചകന്മാര്‍ തിരുത്തിയത്.  മുഹമ്മദ് നബിയുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത് ഇതുതന്നെ.  
മനുഷ്യനെ ദൈവം തീരുമാനിക്കുക എന്നതാണ് രിസാലത്തിന്റെ മര്‍മം. ഈ സിദ്ധാന്തം അംഗീകരിക്കാന്‍ വിസമ്മതിച്ച ധിക്കാരികള്‍ ദൈവാധീശത്തെ നിരാകരിച്ച്  സ്വന്തത്തെ ദൈവമായി അവതരിപ്പിക്കുക വരെ ചെയ്തു.  ഫറോവയും നംറൂദും ഇങ്ങനെ വാദിച്ചിരുന്നു. ദൈവം തന്നെ ഇല്ലാ എന്ന് വാദിക്കുന്ന ആധുനിക അധീശശക്തികള്‍ തങ്ങളുടെ ഇഛകളെ കയറൂരിവിടുകയോ അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇതുണ്ടാക്കുന്ന അപകടങ്ങളാണ് ഇന്ന് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. പുതിയ കാലത്ത് പ്രവാചക ജീവിതത്തെയും സന്ദേശത്തെയും ഈയൊരു തലത്തില്‍ വായിക്കാനും പഠിക്കാനും നമുക്ക് സാധിക്കണം. രിസാലത്തിന്റെ കണ്ണിലൂടെ ലോകത്തെ വീക്ഷിച്ചും വായിച്ചും പുതിയൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. പ്രവാചകന്‍ പുതിയൊരു മനുഷ്യനായ പോലെ, പുതിയ കുറേ മനുഷ്യരെ ഉണ്ടാക്കിയപോലെ. 
എന്തായിരുന്നു നബിയുടെ സവിശേഷത എന്നത് വീണ്ടും നാം ചിന്തിക്കേണ്ടതാണ്. ഇത് പറയുമ്പോള്‍ പ്രവാചകനിയോഗം നടന്ന കാലത്തെ പ്രമുഖമായ രണ്ട് മതസമൂഹങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്.  കാരണം, അവര്‍ തങ്ങളുടെ പ്രവാചകന്മാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ് കരുതിയിരുന്നത്. ദൈവത്തിനും മനുഷ്യനും ഇടയിലെ മധ്യവര്‍ത്തി സിദ്ധാന്തം ഇസ്ലാമൊഴികെ  മിക്കവാറും മതങ്ങളുടെ ദൈവശാസ്ത്ര അടിത്തറയാണ്. രിസാലത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ടവര്‍ ദൈവത്തിന്റെ  അവതാരമോ പ്രതിപുരുഷനോ അല്ല. ദിവ്യബോധനം സിദ്ധിച്ചതിന്‍ ഫലമായി ദൈവാടിമത്തത്തിലേക്ക് ക്ഷണിക്കുന്ന മനുഷ്യരാണ് അവര്‍. 
''ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക, എന്നിട്ട് അയാള്‍ ജനങ്ങളോട് 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനു പകരം എന്റെ അടിമകളാവുക' എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക, 'നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക' എന്നായിരിക്കും'' (ആലുഇംറാന്‍ 79).
താന്‍ മാത്രമല്ല പൂര്‍വികരായ മുഴുവന്‍ പ്രവാചകന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും സാധാരണ മനുഷ്യജീവിതം നയിച്ചവരുമായിരുന്നു എന്നു പ്രസ്താവിക്കുന്നതിലൂടെ ദിവ്യത്വത്തിന്റെ വേഷപ്പകര്‍ച്ചകള്‍ ഒരിക്കലും തനിക്കും പൂര്‍വികര്‍ക്കും ഒട്ടും യോജിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  ദൈവവും പ്രവാചകനും ഒരിക്കലും ഒന്നാകാത്ത രണ്ട് അസ്തിത്വങ്ങളാണ്. പ്രവാചകന്മാര്‍ അമാനുഷരല്ല; മനുഷ്യരാണ്.  അവരെ  ദൈവമാക്കുന്ന മതമീമാംസകളെ ഇസ്ലാം നിരാകരിക്കുന്നു. രിസാലത്ത് എന്നാല്‍ മനുഷ്യര്‍ ഈ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാന്‍ ദൈവം ഒരുക്കിയ സംവിധാനമാണ്. അതിനാല്‍ മനുഷ്യരായി ജീവിക്കുന്നവര്‍ തന്നെയാകണം രിസാലത്തിന്റെ ദൗത്യം നിര്‍വഹിക്കാന്‍. മറ്റു മനുഷ്യര്‍ക്ക് അവരെ അപ്പോഴാണല്ലോ പിന്തുടരാനും മാതൃകയാക്കാനും സാധിക്കുക. രിസാലത്ത്, അഥവാ പ്രവാചകത്വം മനുഷ്യന് ലഭിക്കുന്ന ദിവ്യത്വം അല്ല. രിസാലത്തിലൂടെ മനുഷ്യന്‍ ദൈവവും ആകുന്നില്ല. മനുഷ്യനെ മനുഷ്യനെന്ന പൊസിഷനില്‍ സ്ഥാപിക്കുന്നതിനുള്ള ദൈവിക നടപടിയാണ് രിസാലത്ത്. ഈ ബോധം ശക്തമായി തന്റെ ജീവിത നടപടികളിലൂടെ പ്രവാചകന്‍ ലോകത്തെ പഠിപ്പിച്ചു. പൂര്‍വ പ്രവാചകന്മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി മാറ്റപ്പെട്ട പിഴച്ച നടപടി തന്റെ കാര്യത്തില്‍ ഒരിക്കലും സംഭവിക്കരുതെന്ന് പ്രവാചകന്‍ അനുയായികളെ കര്‍ശനമായി താക്കീതു ചെയ്തു.
എന്നാല്‍ പ്രവാചകനെ സവിശേഷമാക്കുന്ന സുപ്രധാനമായ ഒന്നുണ്ട്. വഹ്‌യ്, അഥവാ വെളിപാടാണത്. ഇസ്‌ലാമും ഇതര തത്ത്വസംഹിതകളും വേര്‍തിരിയുന്ന മൗലികവും അടിസ്ഥാനപരവുമായ പോയിന്റാണിത്. മെറ്റാഫിസിക്കല്‍ എന്നും അതിഭൗതികമെന്നും അതീന്ദ്രിയമെന്നും വിളിക്കപ്പെടുന്ന ഈ കാര്യം കൊണ്ടാണ് ഇസ്ലാം അതിന്റെ കാലാതിവര്‍ത്തിത്വം എന്ന അത്ഭുതത്തെ നിലനിര്‍ത്തുന്നത്. പ്രവാചകന്‍ ആറാം നൂറ്റാണ്ടില്‍ ജീവിച്ച മനുഷ്യനായിരുന്നിട്ടും, തനിക്കു ശേഷം വന്ന പ്രതിഭാശാലികളേക്കാള്‍, തത്ത്വചിന്തകരേക്കാള്‍, ദാര്‍ശനികരേക്കാള്‍ വികസിതവും പുരോഗമിച്ചതുമായ ആശയലോകത്തിന്റെ ഉടമയായത് എന്തുകൊണ്ടാണ്? ഇരുപതാം നൂറ്റാണ്ടിലെ ചിന്തകള്‍ വരെ കാലഹരണപ്പെട്ടിട്ടും ഏറ്റവും നവീനത പ്രകടിപ്പിക്കാന്‍ പ്രവാചകചര്യക്ക്, ഇസ്‌ലാമിന് എന്തുകൊണ്ടാണ് സാധിക്കുന്നത്? ഇതാണ് രിസാലത്തിന്റെ സവിശേഷത. അതെപ്പോഴും നവീനതയും നൂതനത്വവും പ്രകടിപ്പിക്കും. പുതിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാറ്റിനെയും അഭിമുഖീകരിക്കാനുള്ള ആശയ ഉള്ളടക്കവും ദര്‍ശനപരമായ കരുത്തും പ്രവാചകനുണ്ട്. ആ നിലക്ക് സംഭവലോകത്തേക്ക് പ്രവാചകനെ പുനര്‍ നിയോഗിക്കാന്‍ പ്രവാചകസ്‌നേഹികള്‍ക്ക് കഴിയേണ്ടതുണ്ട്. 
ലോകം പുതിയ ചില പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ദരിദ്ര-സമ്പന്നഭേദമില്ലാതെ കോവിഡ് - 19 ലോകജനതയെ പിടിച്ചുലക്കുന്ന ഭീതിയായി ലോകമെങ്ങും പടര്‍ന്നു പിടിക്കുകയാണ്. മതത്തിന്റെ മേല്‍ വിജയക്കൊടി പാറിച്ച സാമ്രാജ്യങ്ങളും ആത്മീയ മൂല്യങ്ങളെ അരിക്കാക്കി മുന്നേറിയെന്ന് അവകാശപ്പെട്ട സയന്‍സും കൊറോണക്കു മുന്നില്‍ മുട്ടുകുത്തുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ശാസ്ത്രം പരിഹാരമല്ല, പ്രശ്‌നമാണ്/ പ്രശ്‌നഹേതുവാണ് എന്ന തോന്നല്‍ പല കോണുകളില്‍നിന്നും ഉയരുന്നു. ആധുനികതയുടെ ആകുലതകള്‍ മുഴുവന്‍ ഉള്ളവന്റേതു മാത്രമായിരുന്നു. മനുഷ്യരെ മുഴുവന്‍ ഒറ്റയായ, അനന്യമായ  ഒന്നായി കാണാന്‍ മോഡേണിറ്റിക്കും പോസ്റ്റ്‌മോഡേണിറ്റിക്കും സാധിച്ചിരുന്നില്ല. നാം ജീവിക്കുന്ന ഈ കാലം തന്നെ സത്യാനന്തര കാലമായിട്ടാണ് വിളിക്കപ്പെട്ടത്. വസ്തുതകളേക്കാള്‍ ഊഹങ്ങളും സത്യത്തിനു പകരം അസത്യവും നീതിക്കു പകരം അന്യായവും ആണ് ലോകത്തെ ഇന്ന് നയിക്കുന്നത്. ഈ സാഹചര്യത്തെ ഫലപ്രദമായി മറികടക്കാന്‍ പ്രവാചക ദര്‍ശനങ്ങള്‍ക്ക് സാധിക്കും.

പ്രവാചക പ്രബോധനങ്ങളുടെ സമകാലീന പ്രസക്തി

മനുഷ്യരെ മുഴുവന്‍ ഒറ്റ സമൂഹമായി ദര്‍ശിക്കുന്നു എന്നതാണ് പ്രവാചക ദര്‍ശനത്തിന്റെ ഒന്നാമത്തെ പ്രത്യേകത. ജാതി, മതം, വംശം, കുലം, നിറം എന്നിവയുടെ പേരില്‍ മനുഷ്യരെ തട്ടുകളായി തിരിക്കുന്ന സാമൂഹിക വ്യവസ്ഥയെ ഇസ്ലാം അംഗീകരിക്കുന്നില്ല. നിറമഹിമയും കുലമഹിമയും അനിസ്ലാമികമായ ജാഹിലിയ്യാ അത്യാചാരവും തിന്മയുമാണ്. 'അല്ലയോ ജനങ്ങളേ, നിങ്ങളുടെ ദൈവം ഒന്നാകുന്നു. നിങ്ങളുടെ പിതാവും ഒന്നാണ്. അനറബിയേക്കാള്‍ അറബിക്കോ അറബിയേക്കാള്‍ അനറബിക്കോ വെളുത്തവന് കറുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയും ഇല്ല; തഖ്‌വ കൊണ്ടല്ലാതെ' എന്ന പ്രവാചകവചനം നല്‍കുന്ന ലോകവീക്ഷണം എത്ര മഹത്തരമാണ്. ഇത് നല്‍കുന്ന വെളിച്ചത്തില്‍ ലോകത്തെ ഒന്ന് വിശകലനം ചെയ്യുക. ഇന്നും ഈ സമത്വസിദ്ധാന്തത്തിന്റെ പ്രസക്തി എത്ര വലുതാണ്! ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദേശാതിര്‍ത്തികള്‍ക്കിരുപുറത്തും ജീവിക്കുന്ന മനുഷ്യര്‍ രണ്ട് ദേശീയതയുടെ ആളുകളായി മാറി പരസ്പരം വിഘടിപ്പിക്കപ്പെടുന്നത് എത്ര വലിയ ദുരന്തമല്ല! 
അമേരിക്കയിലെ മിനെസൊട്ടയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വംശജന്‍  പൊലീസുകാരുടെ വെള്ളവംശീയവെറിയില്‍ കൊല്ലപ്പെട്ടത് ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു.  'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്ന ആ യുവാവിന്റെ നിലവിളി പരിഷ്‌കൃതരെന്ന് കരുതുന്ന പുതുലോകത്തിന്റെ ചെകിടത്തേറ്റ അടിയാണ്. ഇവിടെയാണ് അടിമയായ ബിലാലിനെ മാറോടണച്ച പ്രവാചകനും വിലകൊടുത്ത് അദ്ദേഹത്തെ മോചിപ്പിച്ച അബൂബക്‌റും പ്രസക്തരാകുന്നത്. സമത്വസിദ്ധാന്തം പ്രയോഗവല്‍ക്കരിക്കപ്പെടുന്നത് സാഹോദര്യത്തിലൂടെയാണ്. എല്ലാത്തരം ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാന്‍ അതിനേ കഴിയൂ. ജോര്‍ജ് ഫ്‌ളോയിഡും കൊലയാളിയായ പോലീസും അമേരിക്കയില്‍ ഒരേ സിവില്‍ അധികാരമുള്ളവരാണ്. ഇരുവരുടെയും വോട്ടിന് ഒരു മൂല്യമാണ്. ഇന്ത്യന്‍ സവര്‍ണ ജാതിവെറിയന്മാര്‍ക്കും ദലിതുകള്‍ക്കും ഒരു വോട്ടു മൂല്യമാണ് ഉള്ളത്. പക്ഷേ വെള്ള വംശീയവാദികള്‍ക്കും ജാതി വംശീയവാദികള്‍ക്കും ഇരു രാജ്യത്തും പ്രത്യേകാധികാരവും സവിശേഷാനുകൂല്യവും ലഭിച്ചുപോരുന്നുണ്ട്. ഈ അധികാരത്തിന്റെ മസ്തകത്തില്‍ പ്രഹരിക്കാന്‍ മാത്രമുള്ള കരുത്ത് നിലവില്‍ ലോകത്തൊരു ശക്തിക്കുമില്ല എന്നതാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ മര്‍മം.
മഹാനായ ഉമറിന്റെ ഭരണകാലം. ഈജിപ്തിലെ തന്റെ ഗവര്‍ണറായിരുന്ന അംറു ബ്നുല്‍ ആസ്വിന്റെ മകന്‍ ഒരു ഖിബ്ത്വി യുവാവിനെ അകാരണമായി മര്‍ദിച്ചു. നിസ്സഹായനായ അവന്റെ പിതാവ് മകനെയും കൂട്ടി ഉമറിന്റെ അടുക്കലെത്തി. നടന്നതെല്ലാം വിവരിച്ചു. മകനെയും കൂട്ടി മദീനയില്‍ ഉടന്‍ എത്തണമെന്ന് ഉമര്‍ തന്റെ ഗവര്‍ണര്‍ അംറു ബ്നുല്‍ ആസ്വിനെ അറിയിച്ചു. സംഭവം മദീന മുഴുവന്‍ അറിഞ്ഞു. ഗവര്‍ണറും മകനും മദീനയില്‍ എത്തി. ധാരാളം  ജനങ്ങളും എത്തിയിരുന്നു. ഉമര്‍ ഒരു ചാട്ടവാര്‍ കോപ്റ്റിക് യുവാവിന്റെ കൈയില്‍ കൊടുത്തു. ആ ചെറുപ്പക്കാരന്‍ അംറുബ്‌നുല്‍ ആസ്വിന്റെ മകനെ അടിച്ച് പ്രതിക്രിയ പൂര്‍ത്തിയാക്കി. അപ്പോള്‍ ഉമര്‍ അവനോട് പറഞ്ഞു: ''ഗവര്‍ണറായ അംറു ബ്നുല്‍ ആസ്വിനെയാണ്  നീ അടിച്ചിരുന്നതെങ്കിലും ഞാന്‍ നിന്നെ തടയില്ലായിരുന്നു. കാരണം അയാളുടെ മകന്‍ നിന്നെ അടിച്ചത് തന്റെ പിതാവിനുള്ള അധികാരത്തിന്റെ തിണ്ണബലത്തിലായിരുന്നു.'' എന്നിട്ട് അംറിനോട് പറഞ്ഞു: ''എന്നുമുതലാണ് താങ്കള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ ഉമ്മമാര്‍ അവരെ സ്വതന്ത്രരായിട്ടല്ലേ പ്രസവിച്ചിട്ടുള്ളത്?'' ഇതൊക്കെയാണ് സ്വാതന്ത്ര്യവും സമത്വവും. അപരനെ തന്റെ സഹോദരന്‍ കൂടിയായി മനസ്സിലാക്കുന്നിടത്തുനിന്നുമാണ് സമത്വവും സ്വാതന്ത്ര്യവും രൂപം കൊള്ളുന്നത്. പ്രവാചകന്‍ രൂപകല്‍പന ചെയ്ത സമൂഹത്തിന്റെ മൗലിക സവിശേഷതയാണിത്. ഇതല്ലാതെ പരസ്പരവൈരം തീര്‍ത്ത കാലുഷ്യങ്ങളില്‍നിന്നും വംശീയവും ദേശീയവുമായ അധമ ചിന്തകളില്‍നിന്നും ലോകത്തെ മോചിപ്പിക്കാന്‍ മറ്റൊരു വഴിയും നമ്മുടെ മുന്നിലില്ല. ദയ, സ്‌നേഹം, കാരുണ്യം, നിര്‍ഭയത്വം, സ്വാതന്ത്ര്യം തുടങ്ങിയ മഹിതമായ മൂല്യങ്ങളില്‍ ലോകത്തെ പുതുക്കിപ്പണിയാന്‍ പ്രവാചകസ്മൃതി നമ്മെ പര്യാപ്തമാക്കുക തന്നെ ചെയ്യും. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി