Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

അറബി സാഹിത്യത്തിലെ നബികീര്‍ത്തനങ്ങള്‍

പി.കെ ജമാല്‍

അറബി ഭാഷയില്‍ നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന സാഹിത്യശാഖയാണ് നബികീര്‍ത്തന കാവ്യങ്ങള്‍. നബി(സ)യുടെ ആകാരം, സ്വഭാവം എന്നിവയെക്കുറിച്ച വര്‍ണന, പ്രവാചകനെ നേരില്‍ കാണാനുള്ള അഭിനിവേശം, നബിയുടെ ഖബ്‌റും ആ മഹദ് ജീവിതവുമായി ബന്ധപ്പെട്ട പുണ്യ സ്ഥലികളും സന്ദര്‍ശിക്കാനുള്ള ആഗ്രഹം, അമാനുഷ ദൃഷ്ടാന്തങ്ങളുടെ കഥനം, നബിചരിത്രത്തിന്റെ കവിതാഖ്യാനം, നബി നയിച്ച യുദ്ധങ്ങളെ കുറിച്ച വിവരണം, ഉത്കൃഷ്ട സ്വഭാവ സവിശേഷതകളുടെ വിശദീകരണം, നബിയെ ആദരിച്ചും ഹൃദയത്തിലേറ്റി സ്‌നേഹിച്ചും സ്വലാത്തും സലാമും- ഇവയാണ് നബികീര്‍ത്തന ഗീതങ്ങളുടെ ഇതിവൃത്തം.
കീര്‍ത്തന രചനക്ക് പ്രത്യേക ശൈലിയും ശീലുമുണ്ട്. ആവിഷ്‌കാര ചാരുതയോടൊപ്പം കവി തന്റെ വീഴ്ചകളും പോരായ്മകളും ഏറ്റുപറഞ്ഞുകൊണ്ടാവും തുടക്കം കുറിക്കുക. തന്നില്‍നിന്ന് വന്നു പോയ 'വശിപ്പിശയും നുറുമ്പിരിയായിരിവും' എണ്ണിയെണ്ണി പറഞ്ഞ് തൗബയുടെ വാതിലില്‍ സ്രഷ്ടാവിനെ മുട്ടിവിളിക്കുന്ന പരലോകയശഃ പ്രാര്‍ഥിയുടെ ദീന വിലാപങ്ങളായിരിക്കും തുടര്‍ന്നുള്ള വരികള്‍. പിന്നെ നബിയുമായുള്ള ആത്മഭാഷണത്തിലേക്ക് പ്രവേശിക്കുകയായി. അന്ത്യനാളില്‍ റസൂലിന്റെ മാധ്യസ്ഥവും ശിപാര്‍ശയും തേടുന്ന പങ്കില മനസ്സിന്റെ ആത്മരോദനം ഓരോ വാക്കിലും വിന്യസിച്ചുകാണാം. കീര്‍ത്തനങ്ങളില്‍ ഒരു ഭാഗം സൂഫീ വിചാരധാരയുടെ അനുരണനങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തിരുപ്പിറവിയുമായി ഇഴചേര്‍ന്ന വരികളായിരിക്കും മറുഭാഗത്ത്. നബിയോടുള്ള അനുരാഗാത്മകമായ ആത്മബന്ധത്താല്‍ തരളിതമാകുന്ന ഹൃദയങ്ങളില്‍നിന്ന് ഉറന്നൊഴുകുന്ന കീര്‍ത്തനങ്ങളുടെ ലാവണ്യ ശാസ്ത്രപരമായ സങ്കേതങ്ങള്‍ തേടി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രേമത്തിന്റെ സര്‍ഗാത്മക സൗന്ദര്യം മാത്രം കാണുന്ന സഹൃദയ മനസ്സ്, ചിലപ്പോഴെല്ലാം കാടു കയറി വഴിമാറി സഞ്ചരിക്കുന്ന വിചാരങ്ങളെയും ചിന്തകളെയും അവഗണിക്കുകയാണ് പതിവ്. നബിസ്‌നേഹത്തിന്റെ അതിഭാവുക ചിന്തകളിലും കാല്‍പനിക ഭാവങ്ങളിലും അലയുന്ന ഹൃദയങ്ങള്‍ കയറിയിറങ്ങുന്ന മേച്ചില്‍പുറങ്ങളിലെ ശരിതെറ്റുകള്‍ ചികയാന്‍ ഒരുമ്പെടുന്നത് വൃഥാവ്യായാമമായി കാണുന്ന സാഹിത്യനിരീക്ഷകരുണ്ട്.
രാജാക്കന്മാരുടെ കൊട്ടാരസദസ്സുകളില്‍, തിരുമനസ്സുകളെ സുഖിപ്പിക്കാനും അതുവഴി പാരിതോഷികങ്ങളും സമ്മാനക്കിഴികളും കൈക്കലാക്കാനുമുള്ള ബദ്ധപ്പാടല്ല നബികീര്‍ത്തന രചനക്ക് പ്രചോദനം. അത് തികഞ്ഞ സ്‌നേഹവും ആത്മാര്‍ഥമായ അനുരാഗവുമാണ്. പ്രവാചക സ്‌നേഹം കരകവിഞ്ഞൊഴുകുന്ന മനോഹര ദൃശ്യമാണ് ഓരോ വരിയിലും തെളിയുന്നത്. പ്രപഞ്ചസ്രഷ്ടാവിന് ഏറെ പ്രിയപ്പെട്ട സൃഷ്ടി ശ്രേഷ്ഠന്റെ സവിധത്തില്‍ അണയുമ്പോള്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതിക്കും സംസിദ്ധമാകുന്ന സായൂജ്യത്തിനും അപ്പുറമൊന്നും ഈ കവികളാരും തേടുന്നില്ല. സുല്‍ത്താന്മാരുടെയും ചക്രവര്‍ത്തിമാരുടെയും പ്രഭുക്കന്മാരുടെയും അരമനകളില്‍ കയറി നിരങ്ങുന്ന സ്തുതിപാഠകന്മാരില്‍നിന്ന് തീര്‍ത്തും ഭിന്നമായ മാനസികൗന്നത്യവും ഉല്‍ക്കര്‍ഷ ബോധവും അവകാശപ്പെടാവുന്നവരാണ് നബികീര്‍ത്തന കര്‍ത്താക്കള്‍.

കീര്‍ത്തനങ്ങള്‍ പാടിത്തുടങ്ങിയ കാലം

നബി സ്തുതി കീര്‍ത്തന കാവ്യങ്ങളുടെ ഉത്ഭവ കാലത്തെക്കുറിച്ച് ഗവേഷകന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഇബ്‌നുല്‍ ഫാരിള്, ശരീഫ് രിളാ തുടങ്ങിയവരുടെ സൂഫീ കവിതകളുമായി ചേര്‍ത്തു പറയാവുന്ന കീര്‍ത്തനങ്ങള്‍ പലതുമുണ്ടായെങ്കിലും അവക്കൊന്നും ജനമനസ്സുകളില്‍ ഇടം കിട്ടിയില്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ബൂസ്വീരിയുടെ വരവോടെയാണ് കീര്‍ത്തന കാവ്യങ്ങളുടെ ഭാസുര കാലം തെളിഞ്ഞത്. നബി(സ)യുടെ ആഗമനത്തോടെയും ഇസ്‌ലാമിക വിജയങ്ങളോടെയും ഉണ്ടായ സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തിന്റെ പശിമയുള്ള മണ്ണില്‍ കീര്‍ത്തന കാവ്യങ്ങളുടെ വേരുകള്‍ കണ്ടെത്തിയവരുണ്ട്. ഹസ്സാനുബ്‌നു സാബിത്, കഅ്ബുബ്‌നു മാലിക്, കഅ്ബുബ്‌നു സുഹൈര്‍, അബ്ദുല്ലാഹിബ്‌നു റവാഹ തുടങ്ങിയ നബിയുടെ അനുചരന്മാരുടെ കാലത്ത് തളിര്‍ക്കുകയും അധികം വൈകാതെ കൂമ്പടയുകയും ചെയ്ത കീര്‍ത്തനകാവ്യം പിന്നീട് പൂത്ത് തളിരിട്ടത് ബൂസ്വീരിയുടെയും ഇബ്‌നു ദഖീഖുല്‍ ഈദിന്റെയും കാലത്താണെന്നു കാണാം.
കീര്‍ത്തന കവികളുടെ മനോധര്‍മങ്ങളെയും ഭാവനകളെയും രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വൈജ്ഞാനിക ഉറവിടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ കവിതകളെക്കുറിച്ച വസ്തുനിഷ്ഠമായ അപഗ്രഥനം സാധ്യമാവൂ. നബികീര്‍ത്തന കാവ്യശേഖരങ്ങളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാകുന്ന വസ്തുത ഓരോ ശ്ലോകവും ഖുര്‍ആനും സുന്നത്തും ചരിത്രഗ്രന്ഥങ്ങളും ആധാരമാക്കിയാണ് രചിക്കപ്പെട്ടത് എന്നതാണ്. സീറത്തുന്നബവിയ്യഃ (ഇബ്‌നു ഹിശാം), സീറത്തുബ്‌നു ഇസ്ഹാഖ്, സീറത്തുന്നബവിയ്യ (ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു കസീര്‍), അല്‍ വഫാഉ ബി അഹ്‌വാലില്‍ മുസ്വ്ത്വഫാ (ഇബ്‌നുല്‍ ജൗസി), റഹീഖുല്‍ മഖ്ത്തും (സ്വഫ്വിര്‍റഹ്മാന്‍), സീറത്തുന്നബവിയ്യ (അബുല്‍ ഹസന്‍ നദ്‌വി), ഫിഖ്ഹുസ്സീറഃ (സഈദുല്‍ ബൂത്വി), ഫിഖ്ഹുസ്സീറഃ (മുഹമ്മദുല്‍ ഗസ്സാലി), സീറത്തുന്നബവിയ്യ (ശഅ്‌റാവി), സീറത്തുന്നബവിയ്യ (മുസ്വ്ത്വഫസ്സിബാഈ) തുടങ്ങിയ പ്രാമാണിക ചരിത്ര കൃതികളില്‍ ചിതറിക്കിടക്കുന്ന സംഭവ സഹസ്രങ്ങളില്‍ പ്രതിബിംബിക്കുന്ന പ്രവാചക വ്യക്തിത്വത്തിന്റെ ശോഭയാര്‍ന്ന ചിത്രങ്ങളാണ് കീര്‍ത്തന കാവ്യങ്ങളിലെല്ലാം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
നബി ഭൂജാതനായ ദിനം അബ്ദുല്‍ മുത്ത്വലിബ് ചൊല്ലിയ കവിതാശകലങ്ങളാണ് നബി കീര്‍ത്തനങ്ങളില്‍ ആദ്യത്തേത്. പ്രപഞ്ചത്തെ പ്രശോഭിതമാക്കിയ പ്രഭാപൂരമാണ് മുഹമ്മദ് എന്ന് അബ്ദുല്‍ മുത്ത്വലിബ് വാഴ്ത്തിപ്പാടി. ഹിജ്‌റ യാത്രയില്‍ യസ്‌രിബ് നഗരകവാടത്തില്‍ എത്തിയ നബിയെ വരവേറ്റ് ആബാലവൃദ്ധം പാടിയ വിശ്രുതമായ 'ത്വലഅല്‍ ബദ്‌റു അലൈനാ' എന്ന സ്വാഗത ഗാനത്തിലും കീര്‍ത്തനപ്പൊരുള്‍ തന്നെയാണുള്ളത്. മക്കാ വിജയവേളയില്‍ യുദ്ധക്കുറ്റവാളിയായി പിടിക്കപ്പെട്ട കഅ്ബു ബ്‌നു സുഹൈര്‍ പ്രവാചകന്റെ മുമ്പില്‍ ആഗതനായി 'ബാനത്ത് സുആദ്' എന്ന് ആരംഭിക്കുന്ന കവിത ചൊല്ലി. സുആദ് എന്ന കാമുകിയുടെ വിരഹവേദനയില്‍നിന്ന് തുടങ്ങുന്ന കവിത കാല്‍പനിക മാധുര്യത്താല്‍ വേറിട്ടുനില്‍ക്കുന്നതാണ്. ഈ കവിത ചൊല്ലിക്കേട്ട നബി(സ) കഅ്ബുബ്‌നു സുഹൈറിന് മാപ്പുനല്‍കുകയും കണ്‍കുളിര്‍മയുടെ പ്രതീകമായി 'പൊന്നാട' ചാര്‍ത്തുകയും ചെയ്തു. നബി തന്റെ 'ഉത്തരീയം' (ബുര്‍ദ)യെടുത്താണ് കഅ്ബിനെ പുതപ്പിച്ചത്. പിന്നീട് കാലാകാലങ്ങളില്‍ രചിക്കപ്പെട്ട നബികീര്‍ത്തനങ്ങള്‍ 'ബുര്‍ദ' എന്ന സാമാന്യ നാമം സ്വീകരിച്ചു. 'ബാനത്ത് സുആദു ഫ ഖല്‍ബീ അല്‍ യൗമ മത്ബൂലു, മുതയ്യമുന്‍ ഇസ്‌റഹാ ലം യുഫ്ദ മക്ബൂലു' എന്ന് തുടങ്ങുന്ന വരികളില്‍ കാമുകിയായ സുആദയുടെ വേര്‍പാടില്‍ വേദനിക്കുന്ന കവിഹൃദയം പ്രവാചകനില്‍ ലയിച്ച അനുരാഗിയുടെ സ്‌നേഹനിബദ്ധമായ ആത്മാവായി പകര്‍ന്നാട്ടം നടത്തുന്ന വിസ്മയം കാണാം. സങ്കട ഹരജിയുടെ സമര്‍പ്പണമാണ് പിന്നെ.
ഉന്‍ബിഅ്തു അന്ന റസൂലല്ലാഹി ഔഅദനീ
വല്‍ അഫുവു ഇന്‍ദ റസൂലില്ലാഹി മഅ്മൂലു
(പ്രവാചകന്‍ എനിക്കെതിരെ നടപടിക്കൊരുങ്ങുന്നതായറിഞ്ഞു; മാപ്പാണ്, വിട്ടുവീഴ്ചയാണ് ദൈവദൂതനില്‍നിന്ന് പ്രതീക്ഷിക്കുന്നത്). സന്തുഷ്ടനായ നബി തന്റെ ദേഹത്ത് ഇട്ടിരുന്ന പുതപ്പെടുത്ത് കഅ്ബിനെ അണിയിച്ചു. 'ബുര്‍ദത്തുന്നബവിയ്യ' ആ കാലഘട്ടത്തിലെ സമുന്നത പുരസ്‌കാരമായിരുന്നു. 'ദാല്‍' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന അഅ്ശയുടെ ഖസ്വീദത്തുദ്ദാലിയ്യ, ഹസ്സാനുബ്‌നു സാബിതിന്റെ വിശ്രുത കാവ്യങ്ങള്‍ എല്ലാം നബികീര്‍ത്തന ഗണത്തില്‍പെട്ടവയാണ്.
അമവിയ്യാ കാലഘട്ടത്തിലെ വിശ്രുത കവിസാമ്രാട്ട് ഫറസ്ദഖിന്റെ കീര്‍ത്തനകവിതകള്‍ ചിരസ്മരണീയമാണ്. നബികുടുംബത്തെയും ഫാത്വിമ(റ)യുടെ സന്തതികളെയും ശ്ലാഘിച്ചും വാഴ്ത്തിയും മുന്നേറുന്ന കവിത നബി കീര്‍ത്തന രാജപാതയിലാണ് എത്തിനില്‍ക്കുന്നത്. ബനൂഹാശിം കുടുംബത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തുന്ന വരികള്‍ പ്രസിദ്ധമാണ്. ശീഈ കവി കുമൈത്ത്, ദഅ്ബല്‍, സൂഫീ കവി ശരീഫ് രിളാ, അബ്ബാസീ കവി മിഹ്‌യാറുദ്ദൈലമി തുടങ്ങിയവരുടെ കീര്‍ത്തനകാവ്യങ്ങളും ഒരു കാലഘട്ടത്തെ ത്രസിപ്പിച്ചു.
ഇസ്‌ലാമിനു മുമ്പേ കീര്‍ത്തനകാവ്യരംഗത്ത് തിളങ്ങിയ ഹസ്സാനുബ്‌നു സാബിത് തന്റെ അറുപതാം വയസ്സിലാണ് ഇസ്‌ലാം സ്വീകരിച്ചത്. 'ഗസാസിന' രാജാക്കന്മാരുടെ അരമനകളില്‍ സ്തുതി പാടി കാലയാപനം നടത്തിയിരുന്ന ഹസ്സാന്‍, ഇസ്‌ലാം മതാശ്ലേഷത്തിനു ശേഷം റസൂലിനും ഇസ്‌ലാമിനും  വേണ്ടിയാണ് തന്റെ സാഹിതീസേവനം അര്‍പ്പിച്ചത്. ഹസ്സാന്റെ സാഹിതീസപര്യയില്‍ സന്തുഷ്ടനായ നബി 'അല്ലാഹുമ്മ അയ്യിദ്ഹു ബി റൂഹില്‍ ഖുദ്‌സി' (അല്ലാഹുവേ, അദ്ദേഹത്തെ പരിശുദ്ധാത്മാവിനെ അയച്ച് നീ പിന്തുണക്കേണമേ) എന്ന് പ്രാര്‍ഥിച്ചതായി കാണാം. റസൂലിന്റെ മരണശേഷം ശോകസാന്ദ്രമായ വിലാപകാവ്യം രചിച്ച് പ്രവാചകസ്‌നേഹത്തിന്റെ നിറവില്‍ പറഞ്ഞും പാടിയും മുആവിയയുടെ ഭരണകാലത്ത് 115-ാം വയസ്സിലാണ് ഹസ്സാനുബ്‌നു സാബിത്ത് മരണമടഞ്ഞത്.

'ഖസ്വീദത്തുല്‍ ബുര്‍ദ'

ലോകപ്രശസ്ത പ്രവാചക പ്രകീര്‍ത്തന കാവ്യമായ ഖസ്വീദത്തുല്‍ ബുര്‍ദയാണ് നബിസ്തുതി സാഹിത്യശാഖയില്‍ കാലത്തെ അതിജീവിച്ച് ഇന്നും തിളങ്ങിനില്‍ക്കുന്നത്. ഈജിപ്തിലെ ബൂസ്വീര്‍ ഗ്രാമത്തില്‍ ക്രി. 1212-ല്‍ ജനിച്ച പ്രശസ്ത സൂഫി പണ്ഡിതനായ ബൂസ്വീരിയാണ് ബുര്‍ദ രചിച്ചത്. 'അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ' എന്നാണ് കാവ്യത്തിന്റെ ശരിയായ പേര്. 'മീം' എന്ന അറബി അക്ഷരത്തില്‍ അവസാനിക്കുന്ന ശ്ലോകമായതിനാല്‍ 'ഖസ്വീദത്തുല്‍ മീമിയ്യ' എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. പ്രമുഖ ലോക ഭാഷകളിലെല്ലാം ബുര്‍ദയുടെ പരിഭാഷ ലഭ്യമാണ്. യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി ജീവിച്ചുപോന്ന ബൂസ്വീരി പക്ഷാഘാതം പിടിപെട്ട് ശയ്യാവലംബിയായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും വിനഷ്ടമായ കഴിഞ്ഞ കാലത്തെയോര്‍ത്ത് പശ്ചാത്തപിച്ചും പ്രവാചക കീര്‍ത്തനകാവ്യമായ 'ബുര്‍ദ' എഴുതുന്നത്. 160 വരികളാണ് കവിതയില്‍ ഉള്ളത്. ആദികവി കഅ്ബുബ്‌നു സുഹൈറിന്റെ ബുര്‍ദയെ അനുകരിച്ച് പിന്നീട് വന്ന കീര്‍ത്തനകാവ്യവും ഈ പേരില്‍ അറിയപ്പെട്ടു. ബൂസ്വീരിയുടെ രോഗശമനത്തിന് ഹേതുവായത് ഈ കാവ്യമാണെന്ന് പറയപ്പെടുന്നു. തന്റെ കീര്‍ത്തനത്തില്‍ സംപ്രീതനായ നബി(സ) തന്നെ തന്റെ ഉത്തരീയം (ബുര്‍ദ) പുതപ്പിച്ചതായി ബുസ്വീരി സ്വപ്‌നം കണ്ടു എന്നും ഒരു ശ്രുതിയുണ്ട്. അതുകൊാണ് ഈ കാവ്യത്തിന് 'ബുര്‍ദ' എന്ന പേരു വന്നതെന്നും അഭിപ്രായമുണ്ട്.
ശറഫുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദുബ്‌നു സഈദ് അല്‍ ബൂസ്വീരി രചിച്ച ബുര്‍ദയിലെ ഓരോ വരിയും പ്രവാചക സ്‌നേഹത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ച ഹൃദയത്തില്‍നിന്ന് ഉറന്നൊഴുകിയതാണെന്നു പറയാം.
മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ
അലാ ഹബീബിക ഖൈരില്‍ ഖല്‍ഖി കുല്ലിഹിമി
അമിന്‍ തദക്കുരി ജീറാനിന്‍ ബിദീസലമി
മസജ്ത ദംഅന്‍ ജറാ മിന്‍ മുഖ്‌ലതിന്‍ ബി ദമി
മാ ഹബ്ബതിര്‍രീഹു മിന്‍ തില്‍ഖാഇ കാളിമത്തിന്‍
വ ഔമളല്‍ ബര്‍ഖു ഫിള്ളല്‍മാഇ മിന്‍ ഇളമി
(നയനങ്ങളില്‍നിന്ന് രക്താങ്കിത അശ്രുകണങ്ങള്‍ ഒഴുകുന്നത് സലം പ്രദേശത്തെ അയല്‍ക്കാരെ ഓര്‍ത്തിട്ടാണോ, അതല്ല 'കാളിമ'യുടെ ഭാഗത്തു നിന്ന് അടിച്ചുവീശുന്ന കാറ്റ് കൊണ്ടാണോ? അതുമല്ല, കരാള രാവില്‍ 'ഇളം' പ്രദേശത്ത് മിന്നല്‍ എറിഞ്ഞതുകൊണ്ടാണോ?) എന്ന് തുടങ്ങുന്ന 160 വരികള്‍ അവാച്യമായ പ്രവാചകാനുരാഗത്തിന്റെ ഊഷ്മള വികാരത്താല്‍ പ്രചോദിതമാണ്. 10 ഭാഗങ്ങളിലാണിവ.
ബൂസ്വീരിയുടെ ബുര്‍ദക്ക് പുറമെ ഈജിപ്തിലെ 'മംലൂക്' രാജവംശ ഭരണകാലത്ത് നബിപ്രകീര്‍ത്തനമായി രചിക്കപ്പെട്ട 'ബദീഇയ്യാത്ത്', റബീഉല്‍ അവ്വലില്‍ പാരായണം ചെയ്യപ്പെടുന്ന 'മൗലിദിയ്യാത്ത്' തുടങ്ങിയവയും അറബി ഭാഷയെ സമ്പന്നമാക്കിയ സാഹിത്യകൃതികളാണ്. അബുല്‍ ഹസന്‍ അശ്ശാദുലി, അബുല്‍ അബ്ബാസുല്‍ മുര്‍സി തുടങ്ങിയ പ്രമുഖ സൂഫീപണ്ഡിതന്മാരും നബികീര്‍ത്തന കാവ്യമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കി.
'ബുര്‍ദ'ക്കു ശേഷം പിന്നെ കേളികേട്ടത് 'അമീറുശ്ശുഅറാഅ്' അഹ്മദ് ശൗഖിയുടെ 'നഹ്ജുല്‍ ബുര്‍ദ'യാണ്.
രീമുന്‍ അലല്‍ ഖാഇ ബയ്‌നല്‍ ബാനി വല്‍ അലമി
അഹല്ല സഫ്ക ദമീ ഫില്‍ അശ്ഹുറില്‍ ഹുറുമി
എന്നു തുടങ്ങി പ്രവാചകകീര്‍ത്തനങ്ങളാല്‍ നിര്‍ഭരമായ വരികള്‍ അറബി സാഹിത്യത്തിലെ തേജസ്ഫുലിംഗങ്ങളാണ്. ശൗഖിയെ പോലെ നബികീര്‍ത്തനത്തില്‍ ഖ്യാതി നേടിയ ഈജിപ്ഷ്യന്‍ കവിയാണ് മഹ്മൂദ് സാമി അല്‍ ബാറൂദി. 'കശ്ഫുല്‍ ഗുമ്മ ഫീ മദ്ഹി സയ്യിദില്‍ ഉമ്മ' എന്നാണ് അദ്ദേഹത്തിന്റെ കൃതിയുടെ പേര്.
ഈജിപ്തിലെ മംലൂക് കാലഘട്ടത്തില്‍ വിരചിതമായ നബികീര്‍ത്തന കാവ്യങ്ങളാണ് 'ബദീഇയ്യാത്ത്.' ഈ ഗണത്തില്‍പെട്ടതാണ് ശിഹാബുദ്ദീന്‍ അല്‍ ഹുമൈദി(മരണം ഹിജ്‌റ: 1005)യുടെ 'തല്‍മീഹുല്‍ ബദീഇ ബി മദ്ഹിശ്ശഫീഇ', ഇമാം ജലാലുദ്ദീന്‍ അസ്സുയൂഥിയുടെ (മരണം ഹിജ്‌റ: 911) 'നള്മുല്‍ ബദീഅ് ഫീ മദ്ഹി ഖൈരിശ്ശഫീഅ്' എന്നീ കാവ്യങ്ങള്‍. ഇബ്‌നു ജാബിറുല്‍ അന്‍ദുലുസിയുടെ 'അല്‍ ഹുല്ലത്തുസ്സിയറ ഫീ മദ്ഹി ഖൈറില്‍ വറാ', സഫിയ്യുദ്ദീന്‍ ഹുലിയുടെ (മരണം ഹി: 752) 'അല്‍ കാഫിയതുല്‍ ബദീഇയ്യ ഫില്‍ മദാഇഹിന്നബവിയ്യ' തുടങ്ങിയ പ്രവാചക സ്തുതിഗീതങ്ങളും പ്രചുരപ്രചാരം നേടിയവയാണ് ഒരു കാലത്ത്. 

 

ക്രൈസ്തവ കവികളുടെ കീര്‍ത്തനങ്ങള്‍

മുസ്‌ലിം കവികള്‍ മാത്രമല്ല ക്രൈസ്തവ കവികളും നബികീര്‍ത്തന കാവ്യങ്ങള്‍ ധാരാളം രചിച്ചിട്ടുണ്ട്. മതത്തിന്റെയും സമുദായത്തിന്റെയും അതിരുകള്‍ ഭേദിച്ച് പ്രവാചക സ്‌നേഹത്താല്‍ പ്രചോദിതമായി കീര്‍ത്തനകാവ്യങ്ങള്‍ രചിച്ചത് ഓരോ കാലഘട്ടത്തിലെയും ക്രൈസ്തവരായ വിശ്രുത കവികള്‍ തന്നെയാണ്. നബിയെ കുറിച്ച് പഠിച്ചും വായിച്ചും ചരിത്രകൃതികളില്‍നിന്ന് ഗ്രഹിച്ചും രചിച്ച കാവ്യങ്ങള്‍ മുസ്‌ലിം കവികള്‍ രചിച്ച കവിതകളോട് കിടപിടിക്കുന്നവയാണ്. മുസ്‌ലിം ലോകത്ത് പൊതുവിലും ഈജിപ്തില്‍ വിശേഷിച്ചും നബികീര്‍ത്തനങ്ങള്‍ ചൊല്ലിയ ക്രൈസ്തവ കവികള്‍ പ്രവാചകസ്‌നേഹത്തിന്റെ പരകോടിയില്‍ എത്തിയതിന്റെ തെളിവുകളാണ് ഓരോ വരിയും. പ്രവാചകനില്‍ മേളിച്ച വിശിഷ്ട ഗുണങ്ങള്‍ അവരെ വിസ്മയിപ്പിച്ചു. ശത്രുവിനെയും സ്‌നേഹിച്ച ആ ഉദാര മനസ്സിനു മുന്നില്‍ അവര്‍ കൈകൂപ്പിനിന്നു. തങ്ങളുടെ പ്രിയ യേശുവിന്റെ സ്വഭാവ ഗുണങ്ങളെല്ലാം തിളങ്ങിയ വ്യക്തിപ്രഭാവമാണ് അവര്‍ മുഹമ്മദില്‍ ദര്‍ശിച്ചത്. വിശ്രുത ക്രൈസ്തവ കവി മത്‌റാന്‍ ഖലീല്‍ മത്‌റാന്റെ നബികീര്‍ത്തനങ്ങള്‍, റശീദ് സലീമുല്‍ ഖൂരിയുടെ 'ഈദുല്‍ ബരിയ്യാ' കീര്‍ത്തനങ്ങള്‍, സിറിയന്‍ കവി വസ്വ്ഫി ഖാന്‍ഫലി, ജോര്‍ജ് സൈദ്, ലബനാനീ കവി മാറൂന്‍ അബൂദ്, ഇല്‍യാസ് ഫര്‍ഹാത്ത്, ഇല്‍യാസ് ഖുന്‍സുല്‍, ജോര്‍ജ് സെലസ്തി, മൈക്ക്ള്‍ മഗ്‌രിബി, മഹ്ബൂബുല്‍ ഖുരി അശ്ശര്‍ത്വീനി, ശിബ്‌ലി ശമീല്‍, യൂസുഫുല്‍ ബഖാഈല്‍ തുടങ്ങി സിറിയയിലും ലബനാനിലും മൊറോക്കോയിലും ജീവിച്ച മഹാ കവികളുടെ നബികീര്‍ത്തനങ്ങള്‍ അറബി ഭാഷയിലും സാഹിത്യത്തിലും എന്നെന്നും വാഴ്ത്തപ്പെടുന്നവയാണ്. റഷ്യന്‍ മഹാകവി പുഷ്‌കിന്‍ തിരുഹൃദയം മാലാഖകള്‍ മഞ്ഞുതുള്ളികളാല്‍ കഴുകിയ സംഭവം അനുസ്മരിച്ച് കുറിച്ച വരികള്‍: 'അവന്റെ നെഞ്ച് പിളര്‍ന്നു, ഹൃദയം പുറത്തെടുത്തു, മാലാഖമാര്‍ അത് കഴുകി, യഥാസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചു. അല്ലയോ തിരുദൂതരേ, ഉത്തിഷ്ഠത! പ്രപഞ്ചത്തെ പ്രദക്ഷിണം ചെയ്യൂ. ജനഹൃദയങ്ങളില്‍ ദിവ്യപ്രകാശം ജ്വലിപ്പിക്കൂ.'
അറബി ഭാഷയെയും സാഹിത്യത്തെയും നബികീര്‍ത്തനങ്ങളാല്‍ ധന്യമാക്കിയ വിവിധ മതസ്ഥരായ കവികളുടെ സാഹിതീസേവനങ്ങളെ കുറിച്ച് 2012-ല്‍ 'അല്‍ അസ്ഗര്‍ മാഗസിന്‍' പഠനം പ്രസിദ്ധീകരിച്ചു. 'മുസ്‌ലിംകള്‍ വിശ്വാസ പ്രതിബദ്ധതയാല്‍ പ്രചോദിതരായി രചിച്ച കാവ്യങ്ങളേക്കാള്‍ ചക്രവാളത്തിന്റെ സര്‍വ സീമകളെയും ഭേദിച്ച് ക്രൈസ്തവ കവികള്‍ രചിച്ച കാവ്യങ്ങളാണ് അനുപമമായ സാഹിത്യശില്‍പങ്ങളായി നാം കാണുന്നത്.' അറബ് ക്രൈസ്തവ നബികീര്‍ത്തന രചയിതാക്കളില്‍ വിശ്രുതനായ ജാക് ശമ്മാസ് 2012-ല്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു: ''ആളുകള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു; 'ഞാന്‍ എന്തിനാണ് മുഹമ്മദ് നബിയെക്കുറിച്ച് പറയുന്നത്?' അവരോട് എനിക്ക് പറയാനുള്ളത്: എന്റെ ഹൃദയത്തിന്റെ അഗാധതകളില്‍നിന്നുള്ള വാക്കുകളാണവ. സ്വന്തം രാജ്യത്തെയും അറബ് സ്വത്വത്തെയും സ്‌നേഹിക്കുന്ന എനിക്ക് മറ്റൊരു രീതി സ്വീകരിക്കാനാവില്ല.'' 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി