Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 23

3173

1442 റബീഉല്‍ അവ്വല്‍ 06

നബി സംസ്‌കാരവും  മലയാള കവിതയും

ഡോ. ഉമര്‍ തറമേല്‍

മുസ്‌ലിംകളും അറബി ഭാഷയും ഉള്ള ഇടങ്ങളിലെല്ലാം, ഒരുപക്ഷേ പാടി പ്രചരിച്ച ഒരു നബികീര്‍ത്തന കാവ്യമുണ്ട്. ഈജിപ്തുകാരനായ ഇമാം ബൂസ്വീരിയുടെ ഖസ്വീദത്തുല്‍ ബുര്‍ദ. ബുര്‍ദ ബൈത്ത് എന്ന് നാം മലയാളത്തില്‍ പറയും. ഒരുകാലത്ത് കേരളത്തില്‍, വിശിഷ്യാ മലബാറിലെങ്ങും രാത്രി  മതപ്രസംഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി ബുര്‍ദ ബൈത്ത് തുടങ്ങും. ഇത്ര മധുരമനോഹരമായ നബികീര്‍ത്തനം ഞാന്‍ കേട്ടിട്ടില്ല. മധ്യപൗരസ്ത്യദേശങ്ങളില്‍ സൂഫിസം പടര്‍ന്നു പന്തലിച്ച ക്രി. 9 മുതല്‍ 14 വരെ ശതകങ്ങളില്‍ ഭക്തിസാഹിത്യത്തിന്റെ ഒരു മഹാകേദാരം തന്നെ പടര്‍ന്നു പന്തലിച്ചു . അക്കാലത്ത്, 13-ാം ശതകത്തിലാണ് ഇമാം മുഹമ്മദു ബ്‌നു സഈദില്‍ ബൂസ്വീരി ഈ കീര്‍ത്തനകാവ്യം എഴുതിയത്. 
 സ്വപ്‌നത്തില്‍ വഴികാട്ടിയതനുസരിച്ച്,  തന്റെ മാറാരോഗത്തിന് പ്രതിവിധിയെന്നോണമാണ് ലോകപ്രശസ്തമായ ഈ പ്രവാചക കീര്‍ത്തനം എഴുതപ്പെട്ടത് എന്ന കഥയുമുണ്ട്. ഈ അറബി കീര്‍ത്തനം,  മാതൃഭാഷയിലെന്നോണം എല്ലാ മുസ്‌ലിംകളും ഹൃദയത്തിലേറ്റുകയുണ്ടായി. അറബിയില്‍ 160 ഈരടികളില്‍ എഴുതപ്പെട്ട ഈ മഹദ്കാവ്യം മനോഹരമായ പദ്യഭാഷയില്‍, മൈലാപ്പൂര്‍ ശൗക്കത്തലി മൗലവി മലയാളത്തിലേക്ക് പരിഭാഷയും വ്യാഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്. 
ലോകഗുരുവായ മുഹമ്മദ് നബിയുടെ മഹത്വപ്രകീര്‍ത്തനം ആരംഭിക്കുന്നത്, തന്റെ പ്രിയപ്പെട്ട മദീനാ രാജ്യത്തിന്റെ പരിസര പ്രദേശങ്ങളുടെ ഓര്‍മകളില്‍നിന്നാണ്. മക്കയും മദീനയും താന്‍ ഇടപെട്ട രണ്ടു പുണ്യഭൂമികള്‍ എന്നിരിക്കെ, ആ പ്രദേശങ്ങളുടെ വര്‍ണനകള്‍ കൊണ്ടാണ് ആരംഭം. 
'അമിന്‍ തദക്കുരി ജീറാനിന്‍  ബി ദീ സലമി...' എന്നു മൂളാനറിയാത്ത മുസ്‌ലിംകള്‍ മലയാളത്തില്‍ തന്നെ കുറവായിരിക്കും. ഇത്രമേല്‍ ഈ കാവ്യത്തെ പുരസ്‌കരിച്ചു പറയാന്‍ കാരണം, പ്രവാചകപ്രകീര്‍ത്തനവുമായി ബന്ധപ്പെട്ട് ലോകഭാഷകളിലൊക്കെ പുഷ്‌കലമായ ഒരു ബൃഹദ് ഭക്തി സാഹിത്യ പ്രസ്ഥാനം തന്നെയുണ്ട് എന്നു വ്യക്തമാക്കാനാണ്. മലയാള ഭാഷയിലേക്ക് വരുമ്പോള്‍,  അറബിമലയാളത്തിലും മലയാളത്തിലുമായി എഴുതപ്പെട്ട പാട്ടുകളിലും കവിതകളിലും നബികീര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ അന്വേഷണമാണ് ഇവിടെ നിര്‍വഹിക്കുന്നത്. 
അറബിമലയാളത്തില്‍ എഴുതപ്പെട്ട പാട്ടുകളുടെ /കാവ്യങ്ങളുടെ കാര്യമെടുത്താല്‍ ആ ശാഖയുടെ 30 ശതമാനമെങ്കിലും  കീര്‍ത്തന കാവ്യങ്ങളായിരിക്കും എന്നതത്രെ രസകരമായ കാര്യം. അത്രയധികം സ്ഥാനം കീര്‍ത്തന കാവ്യപ്രസ്ഥാനത്തിന് എങ്ങനെ കൈവന്നു? ഇന്ത്യയിലെ ഏതു ഭാഷയും സാഹിത്യവും എടുത്താലും പല മതങ്ങളില്‍പെട്ട പ്രഥിത വ്യക്തിത്വങ്ങളെക്കുറിച്ചുള്ള കീര്‍ത്തന കാവ്യങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയോ മധ്യപൗരസ്ത്യ ദേശങ്ങളെയോ എടുത്താലും സ്ഥിതി ഭിന്നമല്ല. മതസാഹിത്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ഈ കീര്‍ത്തന/ഭക്തികാവ്യപ്രസ്ഥാനങ്ങളുടെ നില എന്നും കാണാം. 
അറബിമലയാളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യം നമുക്ക് കണ്ടുകിട്ടുന്ന കാവ്യം തന്നെ കീര്‍ത്തന കാവ്യപാരമ്പര്യത്തില്‍ അദ്വിതീയ സ്ഥാനമുള്ള 'മുഹ്യിദ്ദീന്‍ മാല'യാണല്ലോ. തുഞ്ചത്താചാര്യന്‍ 'രാമായണം കിളിപ്പാട്ട്' എഴുതുന്ന കാലം തന്നെയാണ് ഈ മാലപ്പാട്ടിന്റെ കാലവും. അറബിമലയാള കാവ്യ പ്രസ്ഥാനം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന മറ്റൊരു   കാര്യമുണ്ട്. അവയിലെ കീര്‍ത്തന കാവ്യങ്ങളില്‍ ഏറ്റവുമധികം പാട്ടുകള്‍ മുഹമ്മദ് നബിയെ കുറിച്ചാണ്. അതുപോലെ, ശൈഖ് മുഹ്യിദ്ദീന്‍, ശൈഖ് രിഫാഈ, ഹസ്രത്ത് അലി എന്നിവരെക്കുറിച്ചുള്ള കീര്‍ത്തന കാവ്യങ്ങളും ധീരോദാത്ത പ്രതിപാദകങ്ങളായ  കവനങ്ങളുമാണ് തൊട്ടുപിറകില്‍ നില്‍ക്കുന്നത്. മറ്റു പ്രവാചകന്മാര്‍, പുണ്യപുരുഷന്മാര്‍, മഹതികള്‍ എന്നിവരെക്കുറിച്ചുള്ള കവനങ്ങളും കുറേയുണ്ട്. മാലപ്പാട്ടുകള്‍ എന്നാണ് കീര്‍ത്തന കാവ്യങ്ങളെ മാപ്പിളപ്പാട്ടുകളില്‍ പറയുന്നത്. ഈ മാലകളാവട്ടെ തമിഴിലെ,  മാലൈ കോര്‍വകളെ പിന്തുടര്‍ന്ന് വന്നിട്ടുള്ളവയുമാണ്. അവക്കു പുറമെയാണ് കേരളദേശത്ത് അറബിയില്‍ തന്നെ എഴുതപ്പെട്ട മൗലിദുകള്‍. അവയില്‍, മുഹമ്മദ് നബിയെ പ്രകീര്‍ത്തിക്കുന്ന നിരവധി കൃതികളുണ്ട്. 
ഇങ്ങനെ നോക്കിയാല്‍ സൂഫി, മിസ്റ്റിക് കാവ്യപരമ്പരക്ക്  ഒരു ലോക സാംസ്‌കാരിക പരസ്പരബന്ധത്തിന്റെ അടിയൊഴുക്ക് കാണാം. 

മലയാള കവിതയിലെ നബി ആഖ്യാനങ്ങള്‍ 

സംസ്‌കാരം ഏകധാരശ്രുതമാത്രമല്ല. മനുഷ്യ സംസ്‌കാരം ഒഴുക്കിന്റേതാണ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും പരിശോധിക്കുമ്പോഴറിയാം, കടല്‍ കടന്നുവന്ന ബഹുല സംസ്‌കാരങ്ങളുടെ മിശ്രണത്തിലൂടെയാണ് കേരളം ഒരു ഭൂപ്രദേശം എന്ന നിലക്കും ജനത എന്ന നിലക്കും രൂപപ്പെടുന്നതും ചരിത്രത്തില്‍ സ്ഥാനപ്പെടുന്നതും. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു കൂട്ടു സംസ്‌കൃതിയെ മനസ്സിലാക്കിയ അറിവുകളുടെ പശ്ചാത്തലത്തില്‍ വേണം മലയാളത്തിലെ നബി കാവ്യാഖ്യാനങ്ങളെയും നോക്കിക്കാണാന്‍.
'ദീസലത്തിലരികെ വസിച്ചിടും 
സജ്ജനത്തിനെ നിനച്ചുകൊണ്ടു നീഹേതുവെന്തിഹ കലര്‍ത്തുവാന്‍ നിണം 
ചൊല്‍ക, നിന്‍ സജല ലോചനങ്ങളില്‍?'
മക്കയുടെയും മദീനയുടെയും ഇടയിലുള്ള ദീസലം എന്ന ദേശത്തെ അയല്‍വാസികളെയോര്‍ത്തുകൊണ്ട്,  ആര്‍ദ്രമായ നിന്റെ കണ്ണുകളില്‍ നീ രക്തം കലര്‍ത്തുന്നത് എന്തിന് എന്ന ചോദ്യത്തിലൂടെയാണ് നബിയെക്കുറിച്ചുള്ള സ്നേഹനിര്‍ഭരമായ ലോകത്തേക്ക് കവി ബൂസ്വീരി വാതില്‍ തുറക്കുന്നത്. പ്രകൃതിയുടെ അനന്ത വൈചിത്ര്യ ഭാവങ്ങള്‍ കൊണ്ട്, നബിമനസ്സിനെയും  ജീവിത ചിത്രങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കാല്‍പനികഭംഗി ഈ മദ്ഹ് ഗീതത്തില്‍ ഉടനീളം കാണാം.
 എന്നാല്‍ മലയാളകവിതയുടെ ചരിത്രം പരിശോധിച്ചാല്‍, അറബിമലയാളം സാഹിത്യമണ്ഡലത്തിലുണ്ടാക്കിയ അനന്തസുന്ദരമായ ബഹുവര്‍ണങ്ങള്‍ ആധുനിക മലയാളസാഹിത്യത്തില്‍ ഒരു തുടര്‍ച്ചയായി ഭവിക്കുന്നില്ല. ചരിത്രത്തില്‍ ഒന്നിച്ചു മേഞ്ഞുനടന്ന സംസ്‌കാരങ്ങളുടെ കൂട്ടിപ്പിടിത്തം പില്‍ക്കാല ആധുനിക കവിതയിലും പടര്‍ന്നുവരാഞ്ഞതിനു ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഉണ്ട്. കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് അടിച്ചുവീശിയ പലതരം സ്വാധീനങ്ങള്‍, ഒരു കൊടുങ്കാറ്റിലെന്നപോലെ പല പ്രാദേശിക സംസ്‌കൃതികളെയും  അറബിമലയാളം പോലുള്ള മിശ്ര സാഹിത്യ സാംസ്‌കാരിക   ബഹുലതകളെയും ഉലച്ചുകളയുകയുണ്ടായി. ആധുനികതയുടെ സാഹിത്യ- സംസ്‌കാരിക ജനുസ്സുകളും കോളനി വാഴ്ചയുടെ തത്വരൂപങ്ങളോട് അടുത്തു നില്‍ക്കുകയും ചെയ്ത് ആഖ്യാനങ്ങള്‍ മുന്‍ഗണന നേടുകയും നമ്മുടെ സാഹിത്യ മണ്ഡലത്തില്‍ ഒരു അന്യവല്‍ക്കരണപ്രക്രിയക്ക് കളമൊരുങ്ങുകയും ചെയ്തു.
എന്നാലും ചരിത്രം നിറഞ്ഞാടിയ പൂര്‍വ പരിരംഭണങ്ങളെ മുഴുവന്‍ മായ്ക്കാനായില്ല എന്നിടത്താണ് സ്വല്‍പമെങ്കിലും ഇസ്‌ലാം മതവും അതിന്റെ മൂല്യ സംസ്‌കാരവും അതുമായി ബന്ധപ്പെട്ട പ്രഥിത വ്യക്തിത്വങ്ങളും കുറച്ചെങ്കിലും മലയാള കവിതയിലും ഗദ്യത്തിലും അടയാളപ്പെട്ടത്. കേരളീയ സാമൂഹികനവോത്ഥാന പ്രക്രിയ അവക്കു സഹായകമായിത്തീരുകയും ചെയ്തു. അത്തരം ചില സൂചകങ്ങള്‍ മാത്രം അടയാളപ്പെടുത്തി പോകാനാണ് അടുത്ത ശ്രമം. 
നമ്മുടെ മണിപ്രവാള കവിതകളിലൊന്നും പ്രവാചകനുമായി ബന്ധപ്പെട്ട ആഖ്യാനത്തിന്റെ നിഴലാട്ടങ്ങള്‍ കാണാനില്ല. അതിനു കാരണം അവ ജനിപ്പിച്ച സാഹിത്യ ചരിത്രവും ആഖ്യാനങ്ങളും  മേല്‍ജാതി വ്യക്തി -സാമൂഹിക ഇഛകളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. 
ഇരുപതാം ശതകത്തിന്റെ ആദി ദശകങ്ങളിലാണ്, ആധുനിക കവിത്രയത്തിന്റെ കവിതകളിലൂടെ മലയാളത്തില്‍ വേറിട്ട സ്വരം സംഭവിക്കുന്നത്. പാശ്ചാത്യ സാഹിത്യത്തിലെ കാല്‍പനികവാദം ആധുനിക മലയാള കവിതയെ അഴിച്ചുപണിയുകയുണ്ടായി. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ആണ് ആ കവികുലകൂടസ്ഥര്‍. ആശാന്റെ കവിത വലിയൊരളവില്‍ മലയാള കവിതയെ മാറ്റിയത് അതുവരെയുണ്ടായിരുന്ന മണിപ്രവാള കാവ്യ സംസ്‌കാരത്തില്‍നിന്നും, പ്രണയതത്ത്വത്തില്‍ ഒരു വിളുമ്പ് സൃഷ്ടിച്ചുകൊണ്ടാണ്. സവര്‍ണ ജാതികളുടെ സാഹിത്യ മാതൃക ഈ കാവ്യ സ്ഫോടനത്തില്‍ ഉലയുന്നത് കാണാം. ഇസ്‌ലാമിക തത്ത്വങ്ങളും മിത്തുകളും ആശാനെ ആകര്‍ഷിക്കുന്നതായി കാണുന്നില്ല. സാമൂഹിക നവോത്ഥാനത്തിന്റെ സാംസ്‌കാരികമായ കൂട്ടായ്മകള്‍ പലതും നാരായണഗുരുവില്‍ വന്നു പലവിധത്തിലുള്ള ഓളങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും ഗുരുവിന്റെ പ്രിയ ശിഷ്യന്റെ കാവ്യസരണിയില്‍ അവയൊന്നും മതിയായ ഇളക്കമുണ്ടാക്കിക്കാണുന്നില്ല. ഇതിന്റെ കാര്യകാരണങ്ങളിലേക്കും സാമൂഹിക സംഘര്‍ഷങ്ങളിലേക്കും ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ആശാന്റെ ഭാവന പുതിയ വാതായനങ്ങള്‍ തുറക്കുന്നത്, ഇന്ത്യയുടെ ഒരു അഖണ്ഡ സാംസ്‌കാരിക സ്മൃതികളിലാണെന്നു കാണാം. ലീല എന്ന ഖണ്ഡകാവ്യത്തിന് അറബി /പേര്‍ഷ്യന്‍ ലൈല മജ്‌നു കഥ അദ്ദേഹത്തിന് പ്രേരണയായിട്ടുണ്ടെങ്കിലും   അതൊരു സംസ്‌കാരമായിട്ടല്ല, നിമിത്തം മാത്രമായിട്ടേ കാവ്യ ജനുസ്സില്‍ അനുഭവപ്പെടൂ. ബൗദ്ധ തത്ത്വങ്ങള്‍ ആശാനെ  കാര്യമായി ആകര്‍ഷിച്ചിട്ടുണ്ട്. 'കരുണ' പോലുള്ള കാവ്യങ്ങള്‍ അത് വ്യക്തമാക്കുന്നു. അവയിലും,  കാരുണ്യഫലകം പോലെയുള്ള വാസവദത്തയുടെ കണ്ണീര്‍, ബുദ്ധഭിക്ഷുവും വാസവദത്തയും തമ്മിലുള്ള ബന്ധത്തെ എന്നതിനേക്കാള്‍, അദൈ്വതാത്മകമായ ഒരു കാരുണ്യബോധത്തെയല്ലേ പ്രതിഫലിപ്പിക്കുന്നത്?  ഉള്ളൂരാവട്ടെ, ഭാരതീയ ഇതിഹാസങ്ങളിലും കഥകളിലുമാണ് അഭിരമിച്ചത്. 

വള്ളത്തോള്‍

ഇവിടെയാണ് വള്ളത്തോളിന്റെ സാംസ്‌കാരികമായ ഒരു വേറിട്ടുനില്‍പ്പ് പ്രകടമാവുന്നത്. അക്കാലത്ത് തിളച്ചുമറിയുന്ന ദേശീയ സമരങ്ങളും കൊളോണിയല്‍ വിപ്രതിപത്തിയും ഗാന്ധിയന്‍ ദര്‍ശനവും വള്ളത്തോളിന്, ഇന്ത്യയിലെതന്നെ ദേശീയ കവികളുടെ കൂട്ടത്തില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു. രാഷ്ട്രീയമായ ഈ ഉള്‍വെളിച്ചം അന്നത്തെ രാഷ്ട്രീയ ഭാവന വിഭാവനം ചെയ്തപോലെ പല മതസംസ്‌കാരങ്ങളെയും അറിയുന്നതിനും വള്ളത്തോളിനെ സജ്ജമാക്കി. മഗ്ദലനമറിയവും അദ്ദേഹത്തിന്റെ ഇസ്‌ലാം/നബി ചരിത്രങ്ങളിലൂന്നിയ ചെറു ആഖ്യാനങ്ങളും ഇവക്കുദാഹരണമായി കാണിക്കാം. ലളിത സൗന്ദര്യവും  മാധുര്യവും ഇഴുകിച്ചേര്‍ന്ന് വള്ളത്തോളിന്റെ ശൈലിയും ചെറു ആഖ്യാനങ്ങളെ പ്രാധാന്യവല്‍ക്കരിക്കുന്ന സാഹിത്യമഞ്ജരി കവിതകളും മലയാള കവിതക്കു പുതിയൊരു ഭാവുകത്വം തന്നെയുണ്ടാക്കി. 
നബി കീര്‍ത്തനങ്ങള്‍ എന്ന വിഭാഗത്തില്‍ ആണെങ്കിലും, നബിചരിത്രത്തിലെ ചില സന്ദര്‍ഭങ്ങളെ ചരിത്രവല്‍ക്കരിക്കുകയും, കേരളത്തിലെ ഒരു അന്യമതസ്ഥനായ കവി എന്ന നിലക്ക് അതിനെ മൂല്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് വള്ളത്തോള്‍.  ജാതകം തിരുത്തി, പാംസുസ്‌നാനം, അല്ലാഹ്, എന്റെ ഗുരുനാഥന്‍ തുടങ്ങിയവയാണ് ഈ കവിതകള്‍.
സ്‌നേഹമൂര്‍ത്തിയും കാരുണ്യവാനുമായ പ്രവാചകന്റെ പ്രതിസന്ധികള്‍ ആണ് പാംസുസ്‌നാനത്തിലെ പ്രതിപാദ്യം. നിന്ദ്യവും നിരുത്തരവാദിത്വപരവുമായ ഖുറൈശീ പീഡനങ്ങള്‍ക്കിടക്കുള്ള പ്രവാചകസഹനത്തെ ഈ കവിത എടുത്തുപറയുന്നു: 
'കില്ലില്ല ഞാനെന്നുടെ ചോരകൊണ്ട് -
മ്മിധര്‍മ സസ്യത്തെ നനച്ചുനോക്കും 
ആ മാതൃകാകര്‍ഷകനായ ക്രിസ്തു 
വവ്വണ്ണമല്ലോ ഭുവി ചെയ്തുകാട്ടി'
എന്നാണ് പ്രവാചകന്റെ ആത്മഗതം. പ്രവാചകന്റെ ദീനാനുകമ്പ മാത്രമല്ല, തനിക്കു മുമ്പേ പ്രവാചകനായി വഴികാട്ടിയ ക്രിസ്തുവിന്റെ സാംസ്‌കാരികമായ ഓര്‍മകളുടെ തുടര്‍ച്ച കൂടി അനുവാചകന് നല്‍കുന്നു കവി. 
'അല്ലാഹ് 'എന്ന കവിതയില്‍, ഒരു കൊടുംഗ്രീഷ്മകാലത്ത് മക്കയില്‍നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെ യാത്രയില്‍ പൊടുന്നനെ സംഭവിക്കുന്ന ഒരാപത്തിനെ തന്റെ സ്വത്വഗുണംകൊണ്ട് മറികടക്കുന്ന കഥ ആഖ്യാനം ചെയ്യുന്നു. തന്നെ എതിരിട്ട ശത്രു നിരായുധമാക്കപ്പെടുമ്പോള്‍, ഒരു മഹാഗുരുവിന്റെ മനസ്സുമായി കാരുണ്യം ചൊരിയുന്ന നബിയുടെ ചിത്രത്തിന് നല്ല മിഴിവുണ്ട്. 
'എന്റെ ഗുരുനാഥനി'ല്‍, കവിയുടെ പ്രിയ ഗുരുനാഥന്‍ ഗാന്ധിജിക്കുള്ള ഒരു ഗുണം പ്രവാചകന്റെ ആരെയും കൂസാത്ത ആത്മസ്ഥൈര്യമാണെന്ന് പ്രഖ്യാപിക്കുന്നു. 
വള്ളത്തോളിന്റെ കാവ്യപ്രതിഭ പ്രത്യാശയുടെയും ജീവിതത്തെ ക്രിയാത്മകമായി നേരിടുന്നതിന്റെയും അഴകുറ്റ കലാശില്‍പങ്ങളാണ്. പല മതങ്ങള്‍, തത്ത്വസരണികള്‍ എന്നിവയില്‍നിന്നെല്ലാം ഉള്‍ക്കൊണ്ട ഉള്‍ക്കാഴ്ചയും ജീവിതോല്‍ക്കര്‍ഷവും പ്രദാനം ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ ഇസ്‌ലാമിക ദര്‍ശനവും നബി ജീവിത ചര്യകളുമുണ്ടാവും, തീര്‍ച്ച. 

ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍

ശ്രീനാരായണനെപ്പോലെ സര്‍വമതസാഹോദര്യത്തെ മനുഷ്യതത്ത്വശാസ്ത്രമാക്കിയ മറ്റൊരു ഗുരുവര്യന്‍ കേരളത്തിനില്ല. മനുഷ്യസമൂഹത്തിന്റെ  സര്‍വതോമുഖമായ വളര്‍ച്ചക്ക് മനുഷ്യനിര്‍മിതമായ എല്ലാ ഉച്ചനീചതകളെയും റദ്ദാക്കുന്ന മനുഷ്യമുഖമുള്ള ഒരു അദൈ്വത വേദാന്ത ചിന്തയാണ് ഗുരുവിന്റേത്. മനുഷ്യഗുണങ്ങളില്‍ പരാമമായത് സഹജീവികളോടും മറ്റു പ്രകൃതിജാലങ്ങളോടുമുള്ള അനുകമ്പയാണെന്ന് അടിവരയിടുന്ന ഒരു കാവ്യമാണ് ഗുരുവിന്റെ 'അനുകമ്പാദശകം.' ഇസ്‌ലാമിക -ബൗദ്ധ തത്ത്വശാസ്ത്രങ്ങളിലുള്ള ആഴത്തിലുള്ള ജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും ഗുരുദര്‍ശനങ്ങള്‍ക്ക് ജനകീയ മുഖം നല്‍കി. അനുകമ്പ ഒരു ജൈവ ഗുണമാണ്. അതാര്‍ജിച്ചെടുക്കാന്‍ മനുഷ്യ ചിന്തയും പ്രവര്‍ത്തനവും നവീകരിക്കുന്ന ഒരു ആത്മജ്ഞാന സിദ്ധാന്തം തന്നെ ഗുരുവിനുണ്ട്. അനുകമ്പാ ശാലിയുടെ മഹിതാശയം, ശ്രദ്ധയോടെ തെരഞ്ഞെടുക്കപ്പെട്ട ചില പ്രഥിതവ്യക്തിത്വങ്ങളോട് ഉപമിതമാകുന്ന സന്ദര്‍ഭത്തിലാണ് നബിതിരുമേനിയെ ഗുരു എടുത്തുപറയുന്ന ഒരു പ്രധാന കാവ്യസന്ദര്‍ഭം. 
'പുരുഷാകൃതി പൂണ്ട ദൈവമോ? 
നരദിവ്യാകൃതി പൂണ്ട ധര്‍മമോ?
പരമേശ്വര പവിത്ര പുത്രനോ?
കരുണവാന്‍ നബി മുത്തുരത്‌നമോ?'
മുന്‍ പ്രതിപാദിച്ച വ്യക്തിത്വങ്ങളെ അപേക്ഷിച്ചു നബിക്ക് ഗുരു കല്‍പ്പിച്ചു കൊടുക്കുന്ന മഹിത ഗുണം കാരുണ്യം തന്നെ. ഈ നബികാരുണ്യത്തെ മുത്തു രത്‌നത്തോടാണ് കവി രൂപണം ചെയ്തിട്ടുള്ളത്. 
കേരളീയ അധഃസ്ഥിത നവോത്ഥാനത്തിന് ചിന്ത കൊണ്ടും കാവ്യം കൊണ്ടും സമരം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമാണ് പണ്ഡിറ്റ് കറുപ്പന്‍.  അദ്ദേഹം നബിയെ കുറിച്ച് പല കവിതകള്‍ എഴുതിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. പ്രവാചകന്റെ മരണം, നബി ജീവിതം തുടങ്ങിയ കവിതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥ ഒരു ജനതയുടെ മേല്‍ ഉണ്ടാക്കിവെച്ച നികത്താനാവാത്ത അവഹേളനങ്ങള്‍ക്കെതിരെ പോരാടിയ ഒരു കവി എന്ന നിലക്ക്, സര്‍വ മനുഷ്യരുടെയും സാഹോദര്യത്തില്‍ ഊന്നുന്ന ഇസ്‌ലാമിക ദര്‍ശനം, മറ്റു അധഃസ്ഥിത ബുദ്ധിജീവികളെപ്പോലെ തീര്‍ച്ചയായും കറുപ്പനെ സ്വാധീനിച്ചിട്ടുണ്ട്. അതിലുള്ളടങ്ങുന്ന സ്‌നേഹവും കാരുണ്യവും നബിയില്‍ കാണുന്ന അദ്ദേഹം, നബിയുടെ മരണത്തില്‍ വിലപിച്ചുകൊണ്ടെഴുതുന്ന കാവ്യം കൂടിയാണ് 'പ്രവാചകന്റെ മരണം.' നബിയുടെ മരണം, അക്കാലത്തെ അറേബ്യയില്‍ പലരും വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല എന്ന കഥ നമുക്കറിയാം. അതിനു കാരണം അത്ര വിശ്വസ്തനും സ്‌നേഹനിധിയും പുറമെ ദൈവത്തിന്റെ പ്രവാചകനുമായ ഒരാള്‍ മരിക്കുക എന്നത് അവരില്‍ പലര്‍ക്കും ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. എന്നാല്‍, നബിയുടെ മരണം കറുപ്പനെ സംബന്ധിച്ചേടത്തോളം  ഊഴിയില്‍ താന്‍ പ്രതിനിധീകരിക്കുന്ന ചെറിയ മനുഷ്യരുടെ രക്ഷകന്റെ അന്ത്യം  ഉണ്ടാക്കുന്ന ഉള്‍പിടച്ചില്‍ കൂടിയാണ്. നബി വിട്ടുപിരിഞ്ഞാലും, അദ്ദേഹം നമുക്ക് നല്‍കിയ ജീവിതവെളിച്ചം വഴികാട്ടുമെന്നും, സര്‍വോപരി സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തിന്റെ പരിപാലനം  എന്നും നമുക്കുമേല്‍ ഉണ്ടാകുമെന്നും ഉള്ള  പ്രത്യാശയില്‍ കുടികൊള്ളുന്നു. ഒ. വി വിജയന്‍ 'ഗുരുസാഗരം' എന്ന നോവലില്‍ എഴുതിയതാണ് ഓര്‍മ വരുന്നത്: '...എന്നാല്‍ ഈ അര്‍പ്പണത്തില്‍നിന്നു അവര്‍ അധഃകൃതന്റെ സന്തതികളെ വിലക്കിനിര്‍ത്തി. അങ്ങനെ വിലക്കപ്പെട്ടവര്‍ക്ക് ആരാധന നിഷേധിക്കപ്പെട്ടു, സ്പര്‍ശത്തില്‍നിന്നും സാമീപ്യത്തില്‍നിന്നും അകറ്റപ്പെട്ടു, വെളിമ്പുറങ്ങളില്‍ അലഞ്ഞു. ഗുരുപരമ്പരകള്‍ അവര്‍ക്കായി ദുഃഖംപൂണ്ടു. ആ ദുഃഖത്തിന്റെ വിളികേട്ടു, ഒരായിരം കാതമകലെക്കിടന്ന മരുഭൂമിയിലെവിടെയോ വീണ്ടുമൊരു ഗുരു പിറവികൊണ്ടു.....' മനുഷ്യനെ, മനുഷ്യനാക്കി മാറ്റുന്നതില്‍ നബി കാണിച്ച വഴി പണ്ഡിറ്റ് കറുപ്പന്റെ ബഹുജന്‍ രാഷ്ട്രീയ ആശയങ്ങള്‍ക്ക് എന്നും തണല്‍ വിരിച്ചിരുന്നു എന്നുവേണം കരുതാന്‍. 

'ഇസ്‌ലാമിലെ വന്‍മല'

ഇടശ്ശേരിക്കളരി മലയാളത്തില്‍ പുതിയ സാംസ്‌കാരിക അവബോധവും  പരിമളവും സമ്മാനിച്ചു കൊണ്ട് കവിതയെ മാറ്റിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.  ഇടശ്ശേരി ഗോവിന്ദന്‍ നായരും എം. ഗോവിന്ദനുമൊക്കെ പ്രതിനിധീകരിക്കുന്ന ഈ കാവ്യസരണി, കേരള ചരിത്രത്തിലേ പലതരം സാംസ്‌കാരിക സംഗമസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി. പൊന്നാനി മഖ്ദൂമുമാര്‍ സൃഷ്ടിച്ച ആദ്യകാല നവോത്ഥാനത്തിന്റെ വിത്തുകള്‍ പല മട്ടിലും ചൂടുതട്ടി കാവ്യ തല്ലജങ്ങളായി മാറിവരുന്ന കാഴ്ച ഈ സാഹിത്യ കളരിയില്‍ നമുക്ക് കാണാം.
'ഇസ്‌ലാമിലെ വന്‍മല' പോലുള്ള ഒരു കവിത നബി കീര്‍ത്തനമൊന്നുമല്ല. എന്നാല്‍, രണ്ടു മതസംസ്‌കാരങ്ങളുടെ ചരിത്രപരമായ വളര്‍ച്ചയുടെ സഹനവും സാഹോദര്യവും മുഴുവന്‍ അതിലുണ്ട്:
'.............. 
നൂറു ശതമാനം മുസ്‌ലിം ധര്‍മക്കൂറും പെരുമയും വച്ചു പോറ്റൂ 
നമ്മള്‍ക്ക് മുമ്പോട്ട് മുമ്പോട്ട് പോയ് 
നന്മയോ തിന്മയോ നേടാമൊപ്പം 
കേരളത്തിന്റെ വിളര്‍പ്പു മാറ്റി-
ച്ചേരട്ടെ വര്‍ണ ശബളതകള്‍ 
കൂറും പൊരുത്തവുമൊത്ത നമ്മള്‍
 തോളില്‍ കൈയിട്ടേ നടന്നുകൂടൂ.'
കവിയും സതീര്‍ഥ്യനായ അലവിയും തമ്മിലുള്ള ഈ സാഹോദര്യപ്രഖ്യാപനം പൊന്നാനി കളരിയില്‍ വിരിഞ്ഞ നബിസംസ്‌കാരത്തിന്റെ ജംഗമ സ്വത്തുക്കള്‍ കൂടിയത്രെ. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. 
പി. കുഞ്ഞിരാമന്‍ നായര്‍, മുഹമ്മദ് അബ്ദുറഹിമാനെ കുറിച്ച് 'വീരമുസല്‍മാന്‍' എന്നൊരു  മനോഹര സ്മൃതികാവ്യം എഴുതിയിട്ടുണ്ട്. അതില്‍ ഒരിടത്തു ഇങ്ങനെ പറയുന്നു; 
'നന്മയാം പള്ളിക്കു തന്‍ ജീവിതം സംഭാവന 
നല്‍കിയപ്പരിശുദ്ധ ദൈവരാജ്യത്തിന്‍ സുല്‍ത്താന്‍ 
സ്വച്ഛമാനസന്‍ നബിത്തിരുനാമത്തില്‍ നട്ടുവെച്ചൊരി സൗഭ്രാത്രമാമാലിനു തറകെട്ടി.'
ഇസ്‌ലാമിക് മിസ്റ്റിസിസം പോലുള്ള ദര്‍ശനങ്ങള്‍  ആധുനിക മലയാള കവിതയെ കാര്യമായി കടാക്ഷിച്ചത് ജി. ശങ്കരക്കുറുപ്പിലൂടെയാണെന്നു പറയാം. പ്രകൃതിബിംബങ്ങളെ വെറും കാല്‍പനികതയില്‍നിന്നും മോചിപ്പിച്ച് മിസ്റ്റിക് കവിതയുടെ ജനുസ്സിലേക്ക് കൊണ്ടുവന്നത് ജിയാണെന്ന് പറയാം. നബിയെ കുറിച്ച്  താനെഴുതിയ 'ദിവ്യപുഷ്പം' എന്ന കവിതയിലും ഇസ്‌ലാം എന്ന നവപുഷ്പഗന്ധം ഭൂമിയില്‍ സമാധാനത്തിന്റെ പടര്‍ച്ചക്കു കാരണദാതാവായ പ്രവാചകനെ അടിസ്ഥാനമാക്കുന്നു. പന്മന രാമചന്ദ്രന്‍ നായരുടെ 'കനിവിന്റെ ഉറവ്' ഇതേ ഗണത്തില്‍പെടുന്ന മറ്റൊരു കാവ്യമാണ്. പെരുന്നാള്‍ ദിനത്തില്‍,  അഗതിയായ ഒരു കുഞ്ഞും   നബിയും തമ്മിലുണ്ടായ അഗാധ സ്‌നേഹ ബന്ധത്തെ പ്രതിപാദിക്കുന്ന പ്രഖ്യാതമായ ഇതിവൃത്തമാണ് ഈ മനോഹര കവിതക്ക് വിഷയം. 

മാഹമ്മദം

ഇത്തരുണത്തില്‍ ഓര്‍മിക്കപ്പെടേണ്ട ഒരു മഹാകാവ്യമുണ്ട്. 1970-കളില്‍ വെളിച്ചം കണ്ട സെയ്ദ് മുഹമ്മദിന്റെ, 'മാഹമ്മദം' മഹാകാവ്യം. ഒരുപക്ഷേ, പ്രവാചകനെക്കുറിച്ച് ഭാഷയില്‍ എഴുതപ്പെട്ട ഒരേയൊരു മഹാകാവ്യം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ  ഉജ്ജ്വലമായ ഒരു കാവ്യാഖ്യാനമാണ് ഈ കൃതി. ദൈവത്തിനു സ്‌തോത്രം നേര്‍ന്നുകൊണ്ടാണ് ഇതിന്റെ ആരംഭം. 
മൂന്ന് വാള്യങ്ങളിലായിട്ടാണ് ഈ കാവ്യം. ആദം തൊട്ട് ഇബ്‌റാഹീം നബിയുടെ വിശദ ചരിത്രം ഖുര്‍ആനെ അവലംബമാക്കി ഒന്നാം വാള്യത്തില്‍ പ്രതിപാദിക്കുന്നു. നബിയുടെ ജീവിതത്തിന്റെ പകിട്ടേറിയ സംഭവങ്ങളും മനുഷ്യസ്‌നേഹവും കാരുണ്യവും പതിയുന്ന ഒരു കാവ്യം എന്ന നിലക്ക് മലയാള കാവ്യചരിത്രത്തില്‍ വേറിട്ട സ്ഥാനം വഹിക്കുന്നു, മനോഹരമായ വൃത്തങ്ങളില്‍ മധുരമാര്‍ന്ന കാവ്യ ശയ്യയില്‍ എഴുതപ്പെട്ട ഈ മഹാകാവ്യം.

ടി. ഉബൈദ്, യൂസുഫലി

 ടി. ഉബൈദിന്റെ കവിതകളുടെ അകപ്പൊരുളുകളില്‍ ഒന്ന് പ്രവാചക സ്‌നേഹമാണ്. നാല് ഭാഷകളില്‍ പ്രാവീണ്യം നേടിയ ഉബൈദ് മതം, ദേശീയത, പരസ്പര സാഹോദര്യം എന്നീ സംവര്‍ഗങ്ങളെ ഏറെ വിശാലതയോടെ കവിതക്ക് വിഷയമായി കണ്ടു. 
യൂസുഫലി കേച്ചേരിയുടെ കവിതകള്‍ക്ക് സംസ്‌കൃതീകൃത ദാര്‍ഢ്യം കൂടും. എല്ലാ സംസ്‌കാരങ്ങളുടെയും ഏകമാനത ഏതു മതങ്ങളിലും വിശിഷ്യാ ഖുര്‍ആനിലും കണ്ടെത്താനുള്ള ഒരു ഉള്‍ത്തേട്ടം ഈ കവിയില്‍ കാണാം. ഇക്കൂട്ടത്തില്‍, പ്രവാചക സാന്നിധ്യത്തെ ശക്തമായി അറിയിക്കുന്ന ചില കവിതകളുമുണ്ട്. നബി സാര്‍വഭൗമന്‍, അക്ഷരാനുഗ്രഹം, പാട്ട് തുടങ്ങിയ കവിതകളാണ് പരാമൃഷ്ടം. 
കലയും സംഗീതവും ഇസ്‌ലാമിനു വിരുദ്ധമാണെന്ന ഒരു കാഴ്ചപ്പാടുണ്ട്. അതിനെതിരെ, നബിയുടെ ഒരു ജീവിതാനുഭവം കവിതയിലൂടെ ആഖ്യാനം ചെയ്യുന്നതാണ് 'പാട്ട്' എന്ന കവിത. പെരുന്നാള്‍ ദിനത്തില്‍, നബിയും സഹചാരി അബൂബക്‌റും കടന്നുവരുമ്പോള്‍ ആഇശയുടെ കൂട്ടുകാരികള്‍ പാടിക്കൊണ്ടിരുന്ന പാട്ട് ആഇശയുടെ പിതാവ് കൂടിയായ അബൂബക്‌റിനെ ശുണ്ഠി പിടിപ്പിച്ചു. അബൂബക്‌റിന്റെ പ്രതികരണത്തിനെതിരെ നബി പറഞ്ഞത്, 
'ഇന്നു പെരുന്നാള്‍ ദിനമാണ് 
പാടട്ടെ ഭംഗിയില്‍ ഗായികമാരവര്‍ 
പാടില്ലതിനെത്തടഞ്ഞുനിര്‍ത്തീടുവാന്‍'
എന്നാണ്. 
ലോക മാനവരാശിക്കുതന്നെ അനുഗ്രഹമായി ഭവിച്ച ഖുര്‍ആന്റെ അവതരണരംഗം യൂസുഫലി തന്റെ, 'നബി സര്‍വഭൗമന്‍' എന്ന കവിതയില്‍ ചിത്രീകരിക്കുന്നത് ഇങ്ങനെ:
'സുധാസമാനം ജിബ്രീലതാ, സാ-
വധാനചിന്താനിരതര്‍ക്ക് നല്‍കുവാന്‍ 
ബുധാദിവന്ദ്യന്‍ നബി തന്റെ കാതില്‍ 
വിധാതൃ സൂക്തം ഖുര്‍ആന്‍ ചൊരിഞ്ഞു.'
--ഫലമോ? കവിത തുടരുന്നു: 
'തളര്‍ന്നു പാവം, വിരമിച്ചു മൗഢ്യം 
വളര്‍ന്നു പുണ്യം, വിജയിച്ചു സത്യം.'
വേദവേദാന്തങ്ങളുടെ നവനീതമായ സാരം ഖുര്‍ആനില്‍ കണ്ടെത്തുന്നതിന് ശ്രമിച്ച ഉത്പതിഷ്ണു കൂടിയാണ് യൂസുഫലി.

പുതു കവിതകളില്‍

മലയാളത്തിലെ പുതുകവിതയിലേക്കും കാലത്തിലേക്കും വരുമ്പോള്‍ പ്രവാചകസാന്നിധ്യം നമ്മുടെ കവിതയിലും സൗന്ദര്യശാസ്ത്ര വിചിന്തനത്തിലും ഏറെ മെലിഞ്ഞു വരുന്നതായാണ് അനുഭവം. ആധുനികതാ കാലത്തു തന്നെ എഴുത്തില്‍ സജീവമായ എസ്.വി ഉസ്മാന്റെ കവിതകളില്‍ ബഹുലമായ ധാരകള്‍ ഉണ്ട്. എന്നാല്‍ അവയില്‍ സജീവമായ ഒന്ന് ഇസ്‌ലാമിക് മിത്തോളജിയാണ്. പല മിത്തുകളെയും ആധുനിക മനുഷ്യന്റെ മോട്ടിഫുകളിലേക്ക് കാവ്യ പരിഭാഷ നടത്താന്‍ ഉസ്മാന്‍ ശ്രമിക്കുന്നുണ്ട്. ടി. ഉബൈദിലെന്നപോലെ അല്ല അത്. ആധുനികതയും വിശ്വാസവും തമ്മിലുള്ള ആത്മസംഘര്‍ഷം ഈ കവിതകളില്‍ സജീവമാണ്. എങ്കിലും മുഖ്യധാരാ മലയാള കവിതയില്‍ ഉസ്മാന്‍ കവിത കൊണ്ടാടപ്പെട്ടില്ല. അതിനുകാരണം, പൊതു കാവ്യ അനുശീലന മണ്ഡലത്തിന് പുറത്തായിരുന്നു ഈ എഴുത്ത് എന്നതുതന്നെ. അതിനൊരു തുടര്‍ച്ചയുണ്ടാക്കിയെടുക്കാന്‍ പുതു തലമുറകളിലെ മുസ്‌ലിം കവികള്‍ക്ക് പോലും കഴിഞ്ഞില്ല. 
പൊതു ആസ്വാദന മണ്ഡലത്തില്‍ ദലിത് കവിതകള്‍ സജീവ ചര്‍ച്ചാ വിഷയമായത് 1990-കള്‍ തൊട്ടാണ്. ഇപ്പോള്‍, ദലിത് കീഴാള കവിതകള്‍ കേരളീയ പൊതു സാഹിത്യ മണ്ഡലത്തില്‍ ദര്‍ശനപരമായ പലതരം ഉള്‍പ്പിരിവുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. 
എന്നാല്‍, കേരള ചരിത്രത്തിലും വര്‍ത്തമാനത്തിലും സജീവ സാന്നിധ്യമായി നിലകൊണ്ട ഒരു ന്യൂനപക്ഷ സമുദായത്തിന്റെ പുരാവൃത്തപരമായ  ചോദനാ സ്രോതസ്സുകള്‍ (Ethos) കാലക്രമേണ നമ്മുടെ കവിതയില്‍  അടഞ്ഞുപോകുന്നതായാണ് അനുഭവം. അതുകൊണ്ടുതന്നെ, പ്രവാചകന്‍ ഇന്നത്തെ കേരളീയ സാമൂഹിക-സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ഒരു നിറസാന്നിധ്യമേയല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നബിദിനം കഴിച്ചതുകൊണ്ടും രാഷ്ട്രീയ യോഗങ്ങളില്‍ നബിവാഗ്വാദങ്ങള്‍ പൊടിപൊടിച്ചതുകൊണ്ടും ഒരു ദര്‍ശനവും ജീവിത ചോദനകളെ പ്രകാശമാനമാക്കുമെന്നു പറയാനാവില്ല.  പൊതുസമൂഹത്തിന്റെ അടിമനസ്സില്‍ ഉണ്ടെന്നു പറയുന്നത് കിളിര്‍ത്തുവരണം.  സാംസ്‌കാരിക മൂലധനം എന്ന നിലയില്‍  അവ ബഹുലമായ ആഖ്യാനങ്ങളിലൂടെ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമേ പോയകാലത്തിനു സര്‍ഗാത്മകമായ തുടര്‍ച്ചയുണ്ടാവൂ. ഈ തുടര്‍ച്ചയുടെ അഭാവമാണ് ഇസ്‌ലാമോഫോബിയ പോലുള്ള വികാരങ്ങളെ കൂടുതല്‍ പ്രതിലോമ സമൂഹത്തില്‍ തെളിച്ചപ്പെടുത്തുന്നത്. 
ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ടി സൂപ്പി, പി എ നാസിമുദ്ദീന്‍, റഫീഖ് തിരുവള്ളൂര്‍ തുടങ്ങി ചിലരുടെ എഴുത്തില്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്ന  നബിയുടെ ഒരു ഒരവധൂത സംസ്‌കാരസാന്നിധ്യം മാത്രമായി അവ ചുരുങ്ങി. അധീശ ചരിത്രവും മിത്തോളജിയും പൊതു സമൂഹത്തിന്റെ ഇടുക്കംകൂട്ടലിനു സഹായിക്കുന്ന ഒരു കാലത്ത് കാരുണ്യവും സ്‌നേഹവും നിറഞ്ഞ നബിദര്‍ശനം പുതു കാലമുറിപ്പാടുകള്‍ മായ്ക്കാന്‍ പ്രയോജനപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അവയുടെ വിസ്മൃതി സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും അരികുസംസ്‌കൃതികളെ വീണ്ടും വെട്ടിമാറ്റിക്കൊണ്ടിരിക്കും.
കെ.ടി സൂപ്പിയുടെ 'പുരോയാനം' എന്ന കവിതയില്‍ പ്രവാചകന്റെ സ്വര്‍ഗയാത്രയുടെ പ്രതീകാത്മക ദര്‍ശനത്തെ പ്രകാശിപ്പിക്കുന്നു: 
'കരളില്‍ കരുണയും 
കണ്ണില്‍ വിപ്ലവാഗ്നിയും. 
ആദമിന്, സ്വര്‍ഗം തിരിച്ചുകിട്ടണം. 
വഴി പറഞ്ഞുതരുന്നത് 
പൂവും പുഴയും.'
ഇത്തരം ആഖ്യാനങ്ങളിലെ സ്‌നേഹവും മൃദുത്വവും ഭാഷ കൊണ്ട് അണിയിക്കുന്ന ഹൃദയോപഹാരമത്രെ. 
നാസിമുദ്ദീന്‍ രചിച്ച 'പ്രവാചകന്‍' എന്ന കവിതയില്‍, 
'ആര്‍ത്തലയ്ക്കുന്ന ജനസാഗരത്തിനപ്പുറം 
ഏകാകിയായി നടന്നുപോയി 
വയലിലെ കൊറ്റികള്‍ക്ക് 
കനിവിതറി, അവയുടെ സ്വകാര്യ വേദനകള്‍ കേട്ടു 
ഓ, ആഴമേറിയ ഗുരോ 
നിശ്ശബ്ദമായ ഒരു മുറിവായ് 
നിഗൂഢമായിപ്പോഴും 
നീയീകാലത്തില്‍ തുടരുന്നു.'
അടുത്ത കാലത്ത് ചില ശക്തമായ ആഖ്യാനങ്ങള്‍ ഏറ്റവും  പുതിയ തലമുറയില്‍നിന്നും കണ്ടു തുടങ്ങിയിട്ടുണ്ട്. സാംസ്‌കാരിക മൂലധനത്തെ ചരിത്രവല്‍ക്കരിച്ചുകൊണ്ടു മാത്രമേ, മനുഷ്യസമൂഹത്തിന് നിതാന്തമായ  നിലനില്‍പ്പുള്ളൂ. ഏതു സമയവും കീഴടക്കപ്പെടാവുന്ന ഭൗതിക ശരീരങ്ങളായി നമ്മുടെ രാഷ്ട്രീയ സമൂഹം പോലും ചുരുങ്ങിവരികയാണ്. സിസെക്കിനെ പോലുള്ള പുതു ദാര്‍ശനികര്‍ വ്യക്തി (Individual/Dividual) ക്ക് പുതിയ അധികാര ഘടനകള്‍ ചാര്‍ത്തിക്കൊടുക്കുന്ന അതിമാരകമായ സാമൂഹിക ഭാഗധേയത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നോര്‍മിക്കാം. 
(കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാള -കേരള പഠന വിഭാഗം പ്രഫസറാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍ (13-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടങ്ങള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി