Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

ഡോ. എ. അഹമ്മദ് കുഞ്ഞ്

സക്കീര്‍ ഹുസൈന്‍ -മിയാമി, ഓച്ചിറ

ആതുരശുശ്രൂഷയില്‍ തെക്കന്‍ തിരുവിതാംകൂര്‍കാര്‍ക്ക് ഏറെ സുപരിചിതമായ ഇരട്ട നാമങ്ങളാണ് കൊല്ലം ജില്ലയിലെ ഓച്ചിറ പ്രദേശത്തുള്ള 'സ്റ്റാര്‍' ആശുപത്രിയും അതിന്റെ ഉടമയായ ഡോ. അഹമ്മദ് കുഞ്ഞും. തബ്‌ലീഗ് ജമാഅത്തിന്റെ നേതൃനിരയിലുള്ള ഡോ. എ. അഹമ്മദ് കുഞ്ഞിന്റെ വേര്‍പാട് നാനാവിഭാഗം ജനങ്ങളിലും വേദനയുളവാക്കി.
അറേബ്യന്‍ നീളക്കുപ്പായവും തൊപ്പിയും ധരിച്ച് ചികിത്സക്കായെത്തുന്ന ഡോക്ടര്‍ വളരെക്കുറച്ച് മരുന്നുകളേ രോഗശമനത്തിനായി കുറിക്കുമായിരുന്നുള്ളൂ. അതിനാല്‍ തന്നെ നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ഡോക്ടറുടെ ചികിത്സാ കേന്ദ്രം. കുട്ടികളുടെ 'സുന്നത്ത് കഴിക്കുന്നതിനും' ഡോക്ടര്‍ പ്രശസ്തനായിരുന്നു.
രോഗിബാഹുല്യം ഏറെയായിരുന്നെങ്കിലും നമസ്‌കാരത്തിന്റെ സമയമായാല്‍ ജമാഅത്തായി പള്ളിയില്‍ നമസ്‌കരിക്കാന്‍ വളരെ കണിശത പുലര്‍ത്തിയിരുന്നു. സൗഹൃദ സംഭാഷണത്തിന് പ്രാധാന്യം കല്‍പിച്ചിരുന്ന പരേതന്‍ ഇഹലോകത്തിന്റെ നശ്വരതയെക്കുറിച്ചും ദീനീത്യാഗ പരിശ്രമങ്ങളെക്കുറിച്ചും വാചാലമായും ഹൃദ്യമായും സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്ന ഓച്ചിറയിലെ ദാറുല്‍ ഉലൂം അറബിക് കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒട്ടേറെ വിദ്യാര്‍ഥികള്‍ ദീനീവിജ്ഞാനവും ഖുര്‍ആന്‍ ഹിഫഌം പഠിച്ചുകൊണ്ടിരിക്കുന്നു. മരണപ്പെടുമ്പോള്‍ 74 വയസ്സായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തില്‍ മക്കള്‍ മൂവരെയും ഡോക്ടര്‍മാരാക്കിയെന്നു മാത്രമല്ല ദീനീ പ്രബോധകരും പരിവ്രാജകരുമാക്കിയെന്ന സംതൃപ്തിയോടെയാണ് ഓച്ചിറയുടെ ജനപ്രിയനായ ഡോക്ടര്‍ സാഹിബ് പരലോകത്തേക്ക് യാത്രയായത്.

 

ടി.കെ അബ്ദുല്ല മാസ്റ്റര്‍

ചേന്ദമംഗല്ലൂര്‍ സെന്‍ട്രല്‍ കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ടി.കെ അബ്ദുല്ല മാസ്റ്റര്‍. സര്‍വീസില്‍ ആയിരുന്നപ്പോഴും ശേഷവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇല്ലാത്ത വാരാന്തയോഗങ്ങള്‍ ഉണ്ടായിരുന്നില്ല. വിപുലമായ വ്യക്തിബന്ധങ്ങള്‍ അദ്ദേഹം പ്രസ്ഥാനത്തിനു വേണ്ടി ഉപയോഗിച്ചു. വിനയം തെളിയുന്ന പുഞ്ചിരിയോടെയുള്ള സമീപനം നാട്ടിലെയും ജോലി ചെയ്ത മറുനാടുകളിലെയും ആളുകളെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഉദാരതയിലും പരസ്പര സ്‌നേഹബന്ധത്തിലും മുന്‍പന്തിയിലുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പാരമ്പര്യം വളരെ ഉദാരമായി പിന്തുടരാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അസുഖബാധിതനായ ജ്യേഷ്ഠ സഹോദരന്‍ ടി.കെ അബ്ദുര്‍റഹ്മാനെ ദിവസവും രണ്ട് തവണയെങ്കിലും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. വളരെ സൗമ്യനായി, ബന്ധപ്പെടുന്നവരുടെ ഹൃദയത്തോട് സംവദിച്ചപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാവുകയായിരുന്നു അദ്ദേഹം.
കുടുംബത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ വളര്‍ത്തിയെടുക്കാനും അദ്ദേഹം ജാഗ്രത പുലര്‍ത്തി. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അവര്‍ക്കു മാതൃക.
ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ സഹോദരപുത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.കെ അബ്ദുര്‍റഹ്മാന്റെ സഹോദരിയുമായ എന്‍.കെ ഫാത്വിമയാണ് അബ്ദുല്ല മാസ്റ്ററുടെ സഹധര്‍മിണി. മികച്ച കര്‍ഷകനുള്ള പുരസ്‌കാര ജേതാവ് കൂടിയായ മാസ്റ്ററുടെ കാര്‍ഷിക വൃത്തിയിലെന്നതുപോലെ പ്രസ്ഥാന ജീവിതത്തിലും അവര്‍ സഹായിയാണ്.
മുക്കം മലയോര പ്രദേശത്തെ നിര്‍മാണ സ്ഥാപനമായ 'അനാര്‍ക് ബില്‍ഡേഴ്‌സി'ന്റെ എം.ഡി മകന്‍ മുഹമ്മദ് ലൈസ് ഇസ്‌ലാമിക പ്രസ്ഥാനത്തിനും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കരുത്തും തുണയുമാണ്.
മറ്റു മക്കള്‍: ലീന, ലുബ്‌ന.

ടി.കെ അബൂബക്കര്‍


കെ.ടി അബ്ദുല്‍ കരീം

ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം ഒതയമംഗലം മഹല്ല് കമ്മിറ്റി പ്രസിഡന്റായി ചുമതല വഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കെ.ടി അബ്ദുല്‍ കരീം (കരീം ഉസ്താദ്).
സജീവ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കുറച്ച് കാലം പ്രാദേശിക ഹല്‍ഖാ നാസിം ആയിരുന്നു. ചേന്ദമംഗല്ലൂരിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം, കൊടുവള്ളി മദ്‌റസയിലെ അധ്യാപനത്തോടെയാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. ഖുര്‍ആനിലും അറബി വ്യാകരണത്തിലും നിപുണനായിരുന്ന അദ്ദേഹം പക്ഷേ അധ്യാപനത്തില്‍ ഒതുങ്ങിനിന്നില്ല. വസ്ത്രവ്യാപാര രംഗത്തേക്കും മറ്റ് ബിസിനസ് സംരംഭങ്ങളിലേക്കും ഇറങ്ങിത്തിരിച്ചു. കൂട്ടു സംരംഭങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ കണിശക്കാരനായിരുന്നു. രാത്രി വളരെ വൈകിയാണെങ്കിലും കണക്കുകള്‍ കൃത്യമായി എഴുതിവെച്ചതിനു ശേഷമേ അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നുള്ളൂ. 
നാട്ടിലെ മധ്യസ്ഥ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ആവശ്യക്കാരുടെ ആശാകേന്ദ്രമായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ അത്യാവശ്യങ്ങള്‍ക്കായി ഇറങ്ങി പുറപ്പെടുമായിരുന്നു.
ഇസ്‌ലാഹിയാ അസോസിയേഷന്റെ കീഴില്‍ നടത്തപ്പെട്ട ഒട്ടുമിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 
കൃഷി അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. കൃഷിയില്‍ നൂതനരീതികള്‍ പരീക്ഷിച്ചുകൊണ്ട് സ്വന്തം മക്കളിലേക്കും പേരമക്കളിലേക്കും കൃഷി അറിവുകള്‍ പകര്‍ന്നുനല്‍കി.
അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും സമ്പാദ്യത്തില്‍ നല്ലൊരു വിഹിതം നീക്കിവെച്ചിരുന്ന അദ്ദേഹം സ്വന്തം മക്കള്‍ക്ക് ലളിത ജീവിതവും അധ്വാനത്തിന്റെ മഹത്വവും പഠിപ്പിച്ചുകൊടുത്തു. എട്ടു മക്കള്‍ അടങ്ങുന്ന കുടുംബത്തെ ഇസ്‌ലാമിക ശിക്ഷണ ശീലങ്ങള്‍ നല്‍കി വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. അത്തോളി പാറമ്മല്‍ കോയഞ്ഞി മകള്‍ ആമിനയാണ് ഭാര്യ. ഹദീസ് പണ്ഡിതനും അധ്യാപകനുമായിരുന്ന പരേതനായ കെ.ടി മുഹമ്മദ് മൗലവി ജ്യേഷ്ഠസഹോദരനാണ്. 
ആറുവര്‍ഷം മുമ്പ് ഉത്തരവാദിത്ത നിര്‍വഹണത്തിനിടെ പറ്റിയ  അപകടത്തെ തുടര്‍ന്ന്  അദ്ദേഹത്തിന്  സേവനരംഗത്തു നിന്ന്  പിന്‍വാങ്ങേണ്ടി വന്നെങ്കിലും നാട്ടുകാരുടെയും ഇസ്‌ലാഹിയ കോളേജിന്റെയും വിശേഷങ്ങള്‍ എന്നും അദ്ദേഹം അന്വേഷിക്കാറുണ്ടായിരുന്നു. 

കെ.ടി ശഹീദ 


തറക്കണ്ടി കുഞ്ഞബ്ദുല്ല

യു.എ.ഇയില്‍ 'തറക്കണ്ടി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൈങ്ങോട്ടായി തറക്കണ്ടി കുഞ്ഞബ്ദുല്ല വിനയവും സൗമ്യതയും ലാളിത്യവും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു.  സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ആത്മമിത്രമായിരുന്നു. അബൂദബി സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ സെക്ഷനില്‍ 35 വര്‍ഷം ജോലി ചെയ്തിരുന്ന കാലത്ത് തന്റെ മുമ്പിലെത്തുന്നവര്‍ക്ക് പുഞ്ചിരിയോടെ സേവനം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. നാട്ടുകാരോ സഹപ്രവര്‍ത്തകരോ ഏതെങ്കിലും വിധേന ബന്ധപ്പെട്ടവരോ ഹോസ്പിറ്റലില്‍ എത്തിയാല്‍ അവരിലേക്ക് ഓടിച്ചെന്ന് അവര്‍ക്കാവശ്യമായ മുഴുവന്‍ സേവനവും പൂര്‍ത്തിയാക്കിക്കൊടുത്തും ഭംഗിയായി സല്‍ക്കരിച്ചും ചിലപ്പോഴൊക്കെ പ്രാസ്ഥാനിക സാഹിത്യങ്ങള്‍ സമ്മാനിച്ചുമാണ് യാത്രയാക്കുക. നാട്ടിലേക്ക് തിരിച്ചു വന്നതിനു ശേഷം ഗുരുതര രോഗവും പിതാവിന്റെയും മകളുടെയും മരണവുമുള്‍പ്പെടെ കടുത്ത പരീക്ഷണത്തിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. തന്റെ രോഗവിവരങ്ങള്‍ അന്വേഷിച്ചു ചെല്ലുന്നവരോട് പ്രാസ്ഥാനിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഏറെ താല്‍പര്യം.

 ടി.കെ സൂപ്പി ഹാജി, പൈങ്ങോട്ടായി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌