തറക്കല്ലിടലും വിദ്യാഭ്യാസ നയവും ചേര്‍ത്തു വായിക്കണം
''ഇന്ത്യന്‍ രാഷ്ട്ര സ്വരൂപത്തെ ഒരു സര്‍വാധിപത്യ ഹിന്ദു നാഷ്നലിസ്റ്റ് രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി, മൂന്ന് സംഭവങ്ങള്‍ പ്രധാനമാണ്: അയോധ്യ കോടതി വിധി, കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തു കളഞ്ഞത്, പൗരത്വ ഭേദഗതി നിയമം. ഇവ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറയെ തന്നെയാണ് വെല്ലുവിളിക്കുന്നത്.'' രാഷ്ട്രീയ നിരീക്ഷക സോയ ഹസന്റെ വാക്കുകളാണിത്. ഈ മൂന്ന് സംഭവങ്ങളും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളയുന്ന നിയമം കൊണ്ടുവന്നതിന് ഒരു വര്‍ഷം തികയുന്ന ആഗസ്റ്റ് അഞ്ചിന് തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജ നടത്താനും തറക്കല്ലിടാനും സംഘ് പരിവാര്‍ തീരുമാനിച്ചത് ഒട്ടും യാദൃഛികമല്ല. ക്ഷേത്ര നിര്‍മാണം ഒരു ട്രസ്റ്റിനെ ഏല്പിക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്. പള്ളി പൊളിച്ചവരെപ്പോലും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമുണ്ടായിരുന്നില്ല. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന കേന്ദ്ര ഭരണകൂടം ഒരു പടി കൂടി കടന്ന് സ്റ്റേറ്റ് മെഷിനറിയെ തന്നെ ക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമാക്കി. പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. ഉത്തര്‍ പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെ തറക്കല്ലിടല്‍ കര്‍മത്തിലേക്കുള്ള ക്ഷണം യാതൊരു വൈമനസ്യവുമില്ലാതെ സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കില്‍ ഭരണയന്ത്രം തിരിക്കുന്ന പ്രമുഖരെല്ലാം അവിടെ എത്തിച്ചേര്ന്നനെ.
സ്റ്റേറ്റ് മെഷിനറി നേരിട്ട് നടത്തുന്ന ക്ഷേത്ര നിര്‍മാണം ഇന്ത്യന്‍ മതേതര റിപ്പബ്ലിക്കിന്റെ മരണമണിയാണ് മുഴക്കുന്നതെന്ന് അറിയാത്തവരല്ല പ്രതിപക്ഷ കക്ഷികള്‍. പക്ഷേ മാരകവും ദൂരവ്യാപകവുമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ പ്രവണതയെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യാന്‍ ഒരു കക്ഷിക്കും ത്രാണിയുണ്ടായില്ല. ഇടതുപക്ഷത്തിന്റേത് പോലും വളരെ മയപ്പെടുത്തിയുള്ള പ്രസ്താവനകളാണ്. കോണ്‍ഗ്രസ് പഴയകാല മതേതര നാട്യങ്ങളൊക്കെ മാറ്റിവെച്ച് പരസ്യമായി പള്ളി പൊളിച്ച അതേ സ്ഥലത്തുതന്നെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ അറിയിച്ചു. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭൂമി പൂജക്ക് ആശംസകളര്‍പ്പിച്ച് സാമാന്യം ദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ് ക്ഷേത്ര നിര്‍മാണത്തിന് വെള്ളിക്കല്ലുകള്‍ അയച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയാണ് എന്നുവരെ കമല്‍ നാഥിന് അഭിപ്രായമുണ്ട്. ഇതെഴുതുമ്പോള്‍, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൗനം വെടിഞ്ഞിട്ടില്ലെങ്കിലും, അവരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൊക്കെ കൈയടിക്കാന്‍ മുന്നിരയിലുള്ളതുകൊണ്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ത് എന്നറിയാന്‍ ഒരു പ്രയാസവുമില്ല.
ഇന്ത്യന്‍ മതേതര സംവിധാനത്തെ തകര്‍ക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ഒരു വശത്ത് നടത്തുമ്പോള്‍, സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഇന്നുവരെ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ രീതിയെ അടിമുടി പൊളിച്ചെഴുതാന്‍ മറുവശത്ത് ശ്രമം നടക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രാദയങ്ങളൊക്കെ കുറ്റമറ്റതാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. ചിലതൊക്കെ പൊളിച്ചെഴുതേണ്ടതുമാണ്. പക്ഷേ ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 'പുതിയ വിദ്യാഭ്യാസ നയം' ഈ പോരായ്മകളൊക്കെ നികത്താന്‍ വേണ്ടിയുള്ളതായിരിക്കുമെന്ന് സാമാന്യ ബോധമുള്ള ഒരാളും കരുതുകയില്ല. മുതലാളിത്ത അജണ്ടകളും സംഘ് പരിവാറിന്റെ തദ്ദേശീയ വര്‍ഗീയ അജണ്ടകളും അതിന്റെ പിന്നിലുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് പോലും വെക്കാതെ പുതിയ വിദ്യാഭ്യാസ നയം തട്ടിപ്പടച്ചുണ്ടാക്കിയിരിക്കുന്നത്. പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളൊക്കെ അവഗണിക്കപ്പെടുകയായിരുന്നു. തങ്ങള്‍ ഉന്നയിച്ച അറുപത് ശതമാനം ആവശ്യങ്ങളും പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്ന് ഒരു സംഘ് പോഷക സംഘടന പറയുമ്പോള്‍, നയത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാവുന്നു. വിദ്യാഭ്യാസ നയത്തിന്റെ കരട് വായിച്ചുപോകുമ്പോള്‍ എവിടെയൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയെന്നു വരില്ല. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങുമ്പോഴാണ് അത് മറനീക്കി പുറത്തുവരിക. വിവിധ വിദ്യാഭ്യാസ സമിതികളെ ഒഴിവാക്കി എല്ലാം ഒരൊറ്റ സമിതിക്ക് കീഴില്‍ കൊണ്ടുവരിക എന്നത് ഒരു ജനാധിപത്യ ഘടനയില്‍ അത്ര പ്രശ്നമാവേണ്ടതില്ല. പക്ഷേ സംഘ് പരിവാര്‍ അവരുടെ ആളുകളെ മാത്രം കുത്തിനിറച്ചുകൊണ്ടാണ് (അതിനേ സാധ്യതയുള്ളൂ) ആ സമിതി ഉണ്ടാക്കുന്നതെങ്കിലോ? വിദ്യാഭ്യാസ സമിതികളുടെയും സ്ഥാപനങ്ങളുടെയും സ്വയം ഭരണാധികാരത്തെ തീര്‍ത്തും ഇല്ലാതാക്കിക്കളയും അത്തരമൊരു നീക്കം. ഈ പുതിയ വിദ്യാഭ്യാസ നയം ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് എന്നര്‍ഥം. ക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടകളുമായി ചേര്‍ത്തു വെച്ച് മാത്രമേ ആ നയത്തെ ശരിയായി പഠിക്കാനും കഴിയുകയുള്ളൂ.
Comments