Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

സര്‍ഗധനരായ അധ്യാപകര്‍

ഹൈദറലി ശാന്തപുരം

(ഗതകാല സ്മരണകള്‍-5)

വൈവിധ്യമാര്‍ന്ന സര്‍ഗസിദ്ധികളുടെ ഉടമകളായിരുന്നു ശാന്തപുരം ഇസ്ലാമിയാ കോളേജിലെ അധ്യാപകരില്‍ അധികപേരും. പ്രസ്ഥാന നേതാവും ശാന്തപുരം മഹല്ലിന്റെ പ്രധാന ശില്‍പിയുമായിരുന്നു എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി. അറബി ഭാഷാ -ഖുര്‍ആന്‍ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി. ടി. ഇസ്ഹാഖലി മൗലവിയും വിശുദ്ധ ഖുര്‍ആന്റെ അഗാധതകളിലേക്കിറങ്ങിച്ചെന്ന പണ്ഡിതനായിരുന്നു. എന്‍. മുഹമ്മദ് ശരീഫ് മൗലവിയാകട്ടെ ബഹുഭാഷാ പണ്ഡിതനും സംവാദ വിദഗ്ധനും. എന്‍.കെ അബൂബക്കര്‍ മൗലവി പഴയകാല പള്ളിദര്‍സിന്റെ സന്തതിയായിരുന്നതിനാല്‍ പൗരാണിക ഗ്രന്ഥങ്ങളില്‍ അഗാധ ജ്ഞാനി. എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി വിവിധ വിഷയങ്ങളില്‍ കഴിവുറ്റ പണ്ഡിതനും ചില വിഷയങ്ങളില്‍ പരമ്പരാഗതമായ അഭിപ്രായങ്ങളെ മുറുകെ പിടിക്കുന്ന ആളുമായിരുന്നു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ പല അഭിപ്രായങ്ങളോടും അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. പി.കെ അബ്ദുല്ല മൗലവി വിഷയങ്ങള്‍ നന്നായി റഫര്‍ ചെയ്ത് മാത്രം ക്ലാസ്സെടുക്കുന്ന അധ്യാപകന്‍. വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവി മികച്ച അധ്യാപകനായിരുന്നതോടൊപ്പം തന്നെ പല മരാമത്തു പണികളിലും പരിചയസമ്പന്നനായിരുന്നു. എം.എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എം. മുഹമ്മദ് മൗലവി അനന്തരാവകാശ നിയമങ്ങളില്‍ അദ്വിതീയന്‍. ടി. മുഹമ്മദ് മൗലവി (നെടിയിരിപ്പ്) അറബി ഭാഷാ പണ്ഡിതനും ഖുര്‍ആനിലെ വലിയൊരു ഭാഗം മനഃപാഠമുള്ള ആളുമായിരുന്നു. കോളേജിലെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും അദ്ദേഹമായിരുന്നു. വിദ്യാര്‍ഥികളെ സഹകരിപ്പിച്ച് കോളേജ് കോമ്പൗണ്ടില്‍ പലതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ മേഖലകളിലെ സര്‍ഗസിദ്ധികള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നത് കെ.എം അബ്ദുര്‍റഹീം സാഹിബ് (പെരിങ്ങാടി) ആയിരുന്നു. പ്രസംഗം, എഴുത്ത്, സംവാദം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടാനുള്ള കളരികളായിരുന്ന സാഹിത്യ സമാജം, മോഡല്‍ പാര്‍ലമെന്റ്, കൈയെഴുത്ത് പത്രം എന്നിവക്ക് അദ്ദേഹമാണ് മേല്‍നോട്ടം വഹിക്കുക. അദ്ദേഹം സ്വയം തന്നെ ഒരെഴുത്തുകാരനും പ്രഭാഷകനും പരിഭാഷകനുമായിരുന്നു. ശാന്തപുരത്തെ ആദ്യകാല വിദ്യാര്‍ഥികളെ ബഹുമുഖ പ്രതിഭകളാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. എ.പി അബ്ദുല്ല മാസ്റ്ററാണ് വിദ്യാര്‍ഥികള്‍ക്ക് പ്രഭാത സമയത്ത് വ്യായാമ മുറകള്‍ അഭ്യസിപ്പിക്കുക. സി.പി കുട്ട്യാലി മാസ്റ്റര്‍, കെ.വി മുഹമ്മദലി മാസ്റ്റര്‍, മരക്കാര്‍ മാസ്റ്റര്‍, അവറാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരായിരുന്നു. അത്യാകര്‍ഷകമായ വേറിട്ട അധ്യാപന ശൈലിയുടെ ഉടമയായിരുന്നു അവറാന്‍ മാസ്റ്റര്‍. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ ആദ്യ പകുതിയില്‍ ശാന്തപുരത്തെത്തിയ ചേകനൂര്‍ പി.കെ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവി എം.എഫ്.ബി ബിരുദധാരിയും പൗരാണിക ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ചു പഠിപ്പിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്നു. ഞങ്ങള്‍ക്ക് അവസാനത്തെ മൂന്ന് ക്ലാസ്സുകളില്‍ സ്വഹീഹുല്‍ ബുഖാരിയാണ് ക്ലാസ്സെടുത്തിരുന്നത്. പില്‍ക്കാലത്ത് സംഭവിച്ച വ്യതിയാനങ്ങളൊന്നും ആദ്യകാലത്ത് അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായിരുന്നില്ല. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളില്‍ പൗത്രന്റെ അവകാശം പോലെയുള്ള ചില വിഷയങ്ങളില്‍ അദ്ദേഹം സംശയമുന്നയിക്കുകയും തദ്വിഷയകമായി ലോകത്തെ പ്രസിദ്ധരായ പല പണ്ഡിതന്മാര്‍ക്കും തന്റെ സംശയങ്ങള്‍ക്ക് നിദാനമായ ലക്ഷ്യങ്ങള്‍ സഹിതം കത്തുകളയക്കുകയും ചെയ്തിരുന്നു. എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി പോലുള്ള സഹാധ്യാപകരുമായി അദ്ദേഹം പല വിഷയങ്ങളിലും നിരന്തരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് ഓര്‍ക്കുന്നു. ശാന്തപുരത്ത് നിന്ന് എടവണ്ണ ജാമിഅ നദ്‌വിയ്യയിലേക്ക് പോയ ശേഷമാണ് അദ്ദേഹത്തിന്റെ പല പുതിയവാദങ്ങളും അരങ്ങത്തു വന്നത്. മുജാഹിദ് നേതാവായിരുന്ന ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബ്ദുല്ല മൗലവിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ചേകനൂര്‍ മൗലവി ശാന്തപുരം കോളേജില്‍നിന്ന് ജാമിഅ നദ്‌വിയ്യയിലേക്ക് പോയത്. ശാന്തപുരത്തെ അധ്യാപകന്മാരില്‍നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞ മൃദുല സമീപനത്തിനു പകരമായി, അതിതീവ്രമായ നിലപാടാണ് അദ്ദേഹത്തിന് ജാമിഅ നദ്‌വിയ്യയില്‍നിന്ന് നേരിടേണ്ടിവന്നത് എന്ന് പറയപ്പെടുന്നു. ഏതായാലും അധികം താമസിയാതെ അദ്ദേഹം നദ്‌വിയ്യ വിടുകയും ഇസ്ലാമിന്റെ ശത്രുപക്ഷത്ത് എത്തിച്ചേരുകയും ചെയ്തു.
വിദ്യാര്‍ഥികളില്‍ പലരും വിദ്യാഭ്യാസ കാലത്തുതന്നെ വിവിധ പത്രമാസികകളില്‍ ലേഖനങ്ങളെഴുതാറുണ്ടായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, മാതൃഭൂമി യുവരശ്മി, കേരള ഡൈജസ്റ്റ്, പ്രബോധനം എന്നിവയിലെല്ലാം ഈയുള്ളവന്‍ വിദ്യാര്‍ഥി ജീവിതകാലത്ത് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1964-ല്‍ പ്രബോധനം പ്രതിപക്ഷ പത്രം വാരികയും മാസികയുമായി വേര്‍തിരിഞ്ഞപ്പോള്‍ വാരികയുടെ ശാന്തപുരം പ്രദേശത്തെ ലേഖകനായിരുന്നു ഞാന്‍. വാരികയുടെ ഏജന്റുമായിരുന്നു. ശാന്തപുരത്തും പരിസര പ്രദേശങ്ങളിലും വാരിക വിതരണം ചെയ്യുന്ന ചുമതലയുമുണ്ടായിരുന്നു. കെ.കെ മമ്മുണ്ണി മൗലവിയായിരുന്നു മാസിക വിതരണം ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാതിരുന്ന അക്കാലത്ത് പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ കാല്‍നടയായി പോയിട്ടായിരുന്നു വിതരണം. മുന്‍കൂട്ടി വരിസംഖ്യ വാങ്ങുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ജമാഅത്ത് ഘടകങ്ങളില്ലായിരുന്ന പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും ഡോക്ടര്‍മാര്‍, വക്കീലുമാര്‍, അധ്യാപകര്‍ തുടങ്ങിയ അഭ്യസ്തവിദ്യരെ കണ്ടെത്തിയായിരുന്നു പത്രം നല്‍കിയിരുന്നത്. കേരള ജമാഅത്ത് പ്രസിദ്ധീകരിച്ചിരുന്ന മെസ്സേജ് ഇംഗ്ലീഷ് വാരികയുടെ വിതരണച്ചുമതലയും എനിക്കുണ്ടായിരുന്നു. എന്ത് ത്യാഗം സഹിച്ചും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള അത്യാവേശത്താല്‍ പലരെക്കൊണ്ടും പത്രം നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുമായിരുന്നു. പല പ്രാവശ്യം ചെന്നാലും ചിലര്‍ പത്രത്തിന്റെ കാശ് നല്‍കിയിരുന്നില്ല.
ചില വര്‍ഷങ്ങളില്‍ കോളേജ് വാര്‍ഷികം വിപുലമായി സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത വ്യക്തിത്വങ്ങള്‍ അതില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ വൈജ്ഞാനിക -കലാ പ്രകടനങ്ങളുടെ വേദി കൂടിയായിരുന്നു ആ വാര്‍ഷികങ്ങള്‍. പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രാസ്ഥാനിക സമ്മേളനങ്ങളെപ്പോലെ തന്നെ കോളേജ് വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നതിനാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം പ്രസ്ഥാന പ്രവര്‍ത്തകര്‍ കോളേജ് വാര്‍ഷിക സമ്മേളനങ്ങളില്‍ സംബന്ധിക്കും.
1964-ല്‍ നടന്ന വാര്‍ഷിക സമ്മേളനം ഏറെ അവിസ്മരണീയമായിരുന്നു. ആ വാര്‍ഷികത്തോടനുബന്ധിച്ച് 'ശാന്തപുരം ഇസ്ലാമിയാ കോളേജ് ഉപഹാര ഗ്രന്ഥം' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പഠനാര്‍ഹമായ ലേഖനങ്ങളടങ്ങിയ സുവനീര്‍ അണിയിച്ചൊരുക്കിയത് വിദ്യാര്‍ഥികളായിരുന്നു. വാര്‍ഷിക സമ്മേളനത്തില്‍ വിദ്യാര്‍ഥികളുടെ വിജ്ഞാനപ്രദമായ ഒരു മോഡല്‍ പാര്‍ലമെന്റും സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്കും മൗലാനാ മൗദൂദിക്കുമെതിരായി സുന്നി പണ്ഡിതന്മാര്‍ ഉന്നയിക്കാറുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മോഡല്‍ പാര്‍ലമെന്റിലെ ഒരു പ്രധാന പരിപാടി. പി.കെ അബ്ദുല്ല മൗലവി സ്‌ക്രിപ്റ്റ് തയാറാക്കിയ ആ പരിപാടി അവതരിപ്പിച്ചത് ഈയുള്ളവനായിരുന്നു.
ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ആദ്യമായി ജമാഅത്തിന്റെ ഒരു വിദ്യാര്‍ഥി ഹല്‍ഖ രൂപീകരിക്കപ്പെട്ടത് 1964-ല്‍ ആണ്. പി. അഹ്മദ് കുട്ടി അതിന്റെ പ്രഥമ പ്രസിഡന്റും ഈ ലേഖകന്‍ പ്രഥമ സെക്രട്ടറിയുമായിരുന്നു. ശാന്തപുരം മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാ ക്ലാസ്സുകള്‍ നടത്തി വന്നിരുന്നത് കോളേജ് വിദ്യാര്‍ഥികളായിരുന്നു. ഒഴിവുദിനങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും. ജമാഅത്ത് ഫര്‍ക്കാ യോഗങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വിദ്യാര്‍ഥികളും പങ്കാളികളാവും. അതിനാല്‍ അക്കാലത്ത് തലമുറകള്‍ തമ്മിലുള്ള വിടവ് പ്രത്യക്ഷത്തില്‍ കാണാറുണ്ടായിരുന്നില്ല. വ്യത്യസ്ത പ്രായക്കാരായ ആളുകള്‍ ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുക. മുള്ള്യാകുര്‍ശിയില്‍ ആദ്യമായി ജമാഅത്തിന്റെ ഒരു അനുഭാവി ഹല്‍ഖ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ഈയുള്ളവനായിരുന്നു അതിന്റെ നാസിം. എം.ടി മൊയ്തീന്‍ മൗലവിയുടെ പിതാവടക്കമുള്ളവര്‍ അംഗങ്ങളായ ഹല്‍ഖയില്‍ വിദ്യാര്‍ഥിയായ ഞാന്‍ നാസിമാകുന്നതില്‍ ആരും അസ്വാഭാവികത കണ്ടിരുന്നില്ല.
1963-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി. പി.കെ ഇബ്റാഹീം (മേലാറ്റൂര്‍), പി. അബ്ദുല്ലക്കുട്ടി (എടപ്പാള്‍), വി.കെ അബ്ദുര്‍റശീദ് (പടിഞ്ഞാറ്റുമുറി), വി. മൊയ്തു (മുയിപ്പോത്ത്), ടി.കെ കുഞ്ഞി മൊയ്തു (വടക്കാങ്ങര), ടി. അലി ഹസന്‍ (വാണിമേല്‍) എന്നിവരാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത്. അതില്‍ വി.കെ അബ്ദുര്‍റശീദ്, അമാനത്ത് കോയണ്ണി മുസ്ലിയാര്‍ പള്ളിയില്‍ മുദര്‍രിസായിരിക്കെ അദ്ദേഹത്തിന്റെ ദര്‍സില്‍ വന്നു ചേര്‍ന്നതാണ്. വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയുടെ മകനാണ് അബ്ദുര്‍റശീദ്. മറ്റുള്ളവര്‍ പില്‍ക്കാലത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ കോളേജില്‍ ചേര്‍ന്നവരാണ്. ആദ്യ ബാച്ചില്‍ വി.കെ അബ്ദുര്‍റശീദ് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. രണ്ടാമത്തെ ബാച്ചില്‍ ടി.കെ ഇബ്റാഹീം, ഒ. അബ്ദുല്ല, ഇ. സൈദലവി, ഇ.വി അബ്ദു, ടി.കെ സൈനുദ്ദീന്‍, എം.പി അലി, എന്‍.എ ശുകൂര്‍, പി.എ സാലിഹ് എന്നിവരാണുണ്ടായിരുന്നത്. 1964-ല്‍ പുറത്തിറങ്ങിയ പ്രസ്തുത ബാച്ചില്‍ ഇ.വി അബ്ദു മാത്രമാണ് ഇഹലോകവാസം വെടിഞ്ഞത്. ഞങ്ങളുടെ 1965-ല്‍ പുറത്തിറങ്ങിയ മൂന്നാം ബാച്ചില്‍ ഏഴു പേരാണുണ്ടായിരുന്നത്. ഈയുള്ളവനെ കൂടാതെ, വി.കെ ഹംസ, എം.വി മുഹമ്മദ് സലീം, കെ.കെ മമ്മുണ്ണി മൗലവി, പി. അഹ്മദ് കുട്ടി, കെ. അബൂബക്കര്‍ (വടക്കാങ്ങര), കെ. അബൂബക്കര്‍ (മുള്ള്യാകുര്‍ശി) എന്നിവര്‍. കോളേജില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പതിനൊന്ന് വര്‍ഷം പഠനം നടത്തിയ ആദ്യ ബാച്ച് ഞങ്ങളുടേതാണ്. എം.വി മുഹമ്മദ് സലീമും പി. അഹ്മദ് കുട്ടിയും ഇടക്ക് വന്നു ചേര്‍ന്നവരാണ്. ഒ. അബ് ദുര്‍റഹ്മാന്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന വര്‍ഷങ്ങളില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു. ഇടക്കാലത്ത് നിര്യാതനായ കെ. അബൂബക്കര്‍ (മുള്ള്യാകുര്‍ശി) ഒഴികെ ഞങ്ങളുടെ ബാച്ചില്‍ പുറത്തിറങ്ങിയവരെല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്. 1965 ജൂലൈ 14-നാണ് ഞങ്ങള്‍ അവസാന പരീക്ഷയെഴുതി ഇസ്ലാമിയാ കോളേജില്‍നിന്ന് പുറത്തിറങ്ങിയത്. 

(അവസാനിച്ചു)

----------------------------------------------------------------------------------------------------------------------
തിരുത്ത്
* കഴിഞ്ഞ ലക്കത്തില്‍ കൊടുത്ത എ. ഹുസൈന്റെയും എം. മുഹമ്മദ് എന്ന മാനു മാസ്റ്ററുടെയും ഫോട്ടോകള്‍ പരസ്പരം മാറിയിരിക്കുന്നു.
* ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ അധ്യാപകന്മാരുടെ പേരുകള്‍ കൊടുത്തതില്‍ കെ.എം അബ്ദുര്‍റശീദ് എന്നത് കെ.എം അബ്ദുര്‍റഹീം എന്ന് തിരുത്തുക.
----------------------------------------------------------------------------------------------------------------------

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌