Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

പദാവലികളുടെ പകര്‍ന്നാട്ടവും ഇസ്‌ലാമിക പ്രസ്ഥാനവും

ബാബുലാല്‍ ബശീര്‍

'മൗദൂദികള്‍' എന്നത്  അടച്ചിട്ട റൂമിലേക്ക് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്‌ലാമിസ്റ്റ് സംഘടനാ പ്രവര്‍ത്തകരെ ഒതുക്കാനുള്ള ഇടപാടായി തീര്‍ന്നിട്ട് കാലം കുറേയായി. ഇസ്‌ലാമിസ്റ്റ് എന്നുള്ളത് തന്നെ ഒരു തരം വക്രീകരണ ബോധ്യങ്ങളുടെ പിന്‍ബലത്തിലാണ് പലരും ഉപയോഗിച്ചു വരുന്നത്. ആ ധാരയില്‍ ഇസ്‌ലാം എന്ന പദം കടന്നുവരുന്നത് തങ്ങളെയും അപകടത്തിലാക്കും എന്ന ചില മുസ്‌ലിം സംഘടനകളുടെ കുബുദ്ധിയാണ് 'മൗദൂദി' പ്രയോഗങ്ങള്‍ക്ക് പിന്നില്‍. അതു പക്ഷേ അവരു പോലും വിചാരിക്കാത്ത തലങ്ങളിലേക്ക് പടര്‍ന്നുപോയി എന്നിടത്ത്, പ്രസ്ഥാന സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ പദാവലികളിലേക്ക് തങ്ങളുടെ സംവിധാനങ്ങളെയും ബോധങ്ങളെയും സംജ്ഞകളെയും പറിച്ചുനടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നത് ഒറ്റപ്പെട്ട വീക്ഷണമല്ല. മൗദൂദികള്‍ എന്ന സംബോധന തെറ്റോ ആക്ഷേപമോ എന്നിടത്തല്ല, ബോധപൂര്‍വമായ ബഹുസ്വര ഇടപെടലുകളില്‍ ഉപയോഗിക്കപ്പെടുന്ന പൊതു സംജ്ഞകള്‍ പോലും മരിച്ചുപോയ മൗദൂദിയുടെ ഖബ്‌റില്‍ പോയി നില്‍ക്കുന്നത് അത്ര ശുഭകരമായ കാഴ്ചയല്ല. ഉള്‍സംവിധാനങ്ങളില്‍ ആത്മവിശ്വാസത്തിന്റെ കരുത്തു പകരുന്ന കാഴ്ചപ്പാടുകളെയും പദാവലികളെയും ഒക്കെ ആ വാതിലിനപ്പുറം പരുവപ്പെടുത്തി കാമ്പും കാതലും ചോരാതെ അവതരിപ്പിക്കേണ്ട കാലം ആണിത്. 
ഇമാം മൗദൂദി വളരെ കൃത്യമായി അടയാളപ്പെടുത്തിയത് ഇതൊരു മൗദൂദിയന്‍ സംഘമല്ല എന്നതാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രസംഗങ്ങളും പേര്‍ത്തും പേര്‍ത്തും അത് നമ്മെ ഓര്‍മപ്പെടുത്തുന്നുമുണ്ട്. ഇസ്ലാമികപ്രസ്ഥാനം അതിനെക്കുറിച്ച് കൃത്യമായ ബോധം വെച്ചുപുലര്‍ത്തുന്നു  എന്നത് ശുഭോദര്‍ക്കമാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ബോധ്യങ്ങളായല്ലാതെ അത്  ആഴമില്ലാത്ത പ്രവര്‍ത്തക വൃത്തത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. പല ഓണ്‍ലൈന്‍ ചര്‍ച്ചകളും ബോധ്യപ്പെടുത്തുന്നത് അങ്ങനെയാണ്. ആരോ മനപ്പൂര്‍വം ചാര്‍ത്തുന്ന പട്ടങ്ങളെ സ്വീകരിച്ചു എന്ന മട്ടിലാണ് പല പ്രതികരണങ്ങളും. അതിന്റെ മറുവശം പ്രസ്ഥാന സംവിധാനങ്ങള്‍ വര്‍ഷങ്ങളായി ആലോചിച്ചു പരുവപ്പെടുത്തിയ പല ബഹു പൊതുബോധങ്ങളെയും അറിഞ്ഞോ അറിയാതെയോ ഉള്‍ക്കൊള്ളാന്‍ പറ്റാതാവുകയും ആ ശൈലിയും രീതിയും വരെ പഠിച്ചെടുക്കാനും പയറ്റാനും സാധിക്കാതെ വരുന്നു എന്നതുമാണ്. പുതിയ പ്രതലങ്ങളിലേക്കോ ആള്‍ക്കാരിലേക്കോ മറ്റു മതവിശ്വാസികളിലേക്കോ തട്ടും തടവുമില്ലാതെ ഇറങ്ങി നില്‍ക്കാന്‍ നമ്മെ സമ്മതിക്കാതിരിക്കുക എന്ന വലതും ഇടതും നടുക്കുമുള്ള ശത്രു തന്ത്രത്തിന്റെ ഭാഗമായി വേണം അതിനെ കാണാന്‍. പൊതു ബോധ്യങ്ങളില്‍ വളരെ ഭിന്നവും മോശവും ഭീകരവുമായ കാഴ്ചപ്പാടുകളെ സൃഷ്ടിച്ചുവെച്ചിട്ട്, നാം കുതറിമാറാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ പോലും നമ്മെ 'മൗദൂദി' എന്ന ഉമ്മാക്കി കാണിച്ച് അരികുവല്‍ക്കരിക്കാന്‍ ശ്രമിക്കുക എന്നതാണ് രീതി. നമ്മുടെ 'സ്വത്വ  പ്രതിസന്ധി' അല്ല അതെന്നും അത് നമ്മുടെ 'സ്വത്വ നവീകരണ'ത്തിന്റെ ഭാഗം മാത്രമാണ് എന്നും  നമ്മുടെ ബോധ്യങ്ങളില്‍ പോലും കടന്നുവരുന്നില്ല എന്നത്, ശത്രുവിന്റെ കുതന്ത്രങ്ങളെ എളുപ്പമാക്കുകയും ചെയ്യുന്നുണ്ട്. സ്വത്വ നവീകരണം എന്നത് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന പാകപ്പെടലുകളുടെ ഭാഗമാണ്. മണ്ണിനും കാലത്തിനും മീതെ പറക്കാനുള്ള ഇസ്‌ലാമിന്റെ ഐഡിയോളജിക്കല്‍ സ്റ്റെബിലിറ്റിയുടെ മറുമരുന്ന്. ഇജ്തിഹാദ് എന്ന സംജ്ഞ ആണ് അതിനു കൂടുതല്‍ ചേരുക. പക്ഷേ ഇജ്തിഹാദിനു മുന്നേ ഇസ്തിന്‍ബാത് നടത്തുക എന്ന പ്രക്രിയയില്‍ നാം ശത്രുവിന്റെ കുതന്ത്രങ്ങളെക്കൂടി വരവു വെക്കേണ്ടതുണ്ട്. കിണറ്റിനടിയില്‍ മറഞ്ഞിരിക്കുന്നതിനെ പുറത്തെടുത്തു കാണിക്കുന്ന പ്രക്രിയ എന്നും 'ഇസ്തിന്‍ബാത്തി'നു ഭാഷയില്‍ അര്‍ഥം പറയാം. നമ്മുടെ തന്ത്രങ്ങള്‍ മെനയുന്ന അതേ ഊക്കില്‍ നാം ശത്രുവിന്റെ സ്ഥാനത്തിരുന്ന് അവന്റെ വിഭാവനയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു അതിനെ പുറത്തെടുക്കേണ്ടതുണ്ട്. ആ പ്രക്രിയയുടെ അവസാനത്തിലാണ് ഇജ്തിഹാദ് കടന്നുവരേണ്ടത്. തെറ്റു വരാതെ നോക്കുക എന്നു മാത്രമല്ല, വന്ന തെറ്റുകള്‍ തിരുത്തുക എന്നതും അതിന്റെ ഭാഗമാണ്. ആക്ഷന്‍ മാത്രമല്ല നിശ്ശബ്ദതയും പുതിയ കാലത്ത് അതിന്റെ ഭാഗമാണ്. ഉപയോഗിക്കപ്പെടുന്ന സംജ്ഞകളില്‍ വലിയ സാധ്യതയും വെല്ലുവിളിയും ഈ കാലത്ത് ആഴത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. മൗലികതയില്‍ വെള്ളം ചേരാത്ത ഏതു മാറ്റത്തിനും പ്രസ്ഥാന ശരീരം പണ്ടേ പാകപ്പെട്ടിട്ടുണ്ട് എന്നത് ഇസ്ലാമിന്റെ 'ആഴം' നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ്. പക്ഷേ 'ആഴം' ഒരു വെറും 'കുഴി' ആയി മാറാതിരിക്കാന്‍ അടിത്തട്ടുകളില്‍ നാം പുതിയ കാലത്തെ നന്നായി ഉള്‍ക്കൊള്ളേണ്ടതുണ്ട്.  
സംഘടനാ മേല്‍വിലാസം പരിഹാസ സംബോധനകളായി അടയാളപ്പെടുത്തുന്ന പുതിയ ജ്വരം ഇന്ത്യന്‍ സമൂഹത്തെ, വിശിഷ്യാ കേരളീയരെ പിടികൂടിയിട്ടുണ്ട്. അതിന്റെ ഫലങ്ങളാണ് കമ്മി, കൊങ്ങി, സുടാപ്പി, സംഘി വിളികള്‍ മുതല്‍ വ്യക്തിതലത്തിലുള്ള അപഹാസ്യങ്ങള്‍ വരെ. കാര്യ ഗൗരവത്തിന്റെയും ആശയ ലോകത്തിന്റെയും ഏതു സാധ്യതയെയും അരികുവല്‍ക്കരിക്കുകയും എത്ര നല്ലതിനെയും എവിടെയും എത്തിക്കാതെ നിര്‍ത്തുകയും ചെയ്യുക എന്നതാണ് അതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണ്ടു കാലത്ത് വഹാബി വിളിയും മൗദൂദി വിളിയും ഉണ്ടായിരുന്നു എന്നത് സത്യമാണ്. അത് ആദര്‍ശത്തിന്റെ പേരിലുള്ള ഹത്യകളായിരുന്നു എങ്കില്‍ ഇന്നത് അജണ്ട മാറി വന്നിരിക്കുന്നു. ഒരു തരം കമ്പാര്‍ട്ട്‌മെന്റലൈസേഷന്‍. അതിനുള്ളില്‍നിന്ന് വരുന്നതെല്ലാം ഒരേ വര്‍ണമുള്ള പ്രൊഡക്ടുകളാണെന്നുള്ള വരവു വെക്കലുകള്‍ ആണ് ആ അജണ്ടയുടെ ആകത്തുക. 
ഇസ്ലാമിക പ്രസ്ഥാനം ആഗ്രഹിക്കുന്ന അതിന്റെ വളര്‍ച്ച സാധ്യമാക്കേണ്ട മാര്‍ഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും സാധ്യമാക്കുക എന്നത് ഫാഷിസ കാലത്ത് വേഗത്തില്‍ ചെയ്യേണ്ട പണിയാണ്. ആള്‍ട്ടര്‍നേറ്റീവുകള്‍ സൃഷ്ടിക്കുക എന്നതാണത്. 'ഹൈപ്പതെറ്റിക്കല്‍' സാധ്യതകളെ മുന്നില്‍ വെച്ച് പ്ലാനിംഗുകളുടെ നാലോ അഞ്ചോ സാധ്യതകളെ വാതിലുകള്‍ അടയുന്നതിനനുസരിച്ചു അടുത്തത് തുറന്നുപിടിക്കാന്‍ ഒരുക്കുകയാണത്. ആ പാതയില്‍ മുന്‍ഗണന നല്‍കേണ്ട ഒന്നാണ് സംബോധനകളിലും പേരുകളിലുമൊക്കെയുള്ള മാറ്റങ്ങളില്‍ ആലോചന സാധ്യമാക്കുക എന്നത്. ഇന്ത്യയുടെ കാലാവസ്ഥ തുലോം വ്യത്യസ്തമാണെങ്കിലും തുര്‍ക്കി ഒരളവുവരെ മാതൃകകള്‍ സമര്‍പ്പിക്കുന്നുണ്ട്. രീതിയിലും രൂപങ്ങളിലും വരെ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടിടത്ത് അതും സാധ്യമാവേണ്ടതുണ്ട്. നാം നമ്മെ തന്നെ ഒതുക്കുകയല്ല, ഒരുക്കുകയും പാകപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ചെറുത്തുനില്‍പ്പില്‍ അടവു നയത്തിന് വലിയ പ്രാധാന്യമുണ്ട്. അപ്പോള്‍ കടന്നാക്രമണങ്ങളില്‍ അടവു സാധ്യതകള്‍ വളരെ ഉപയോഗപ്പെടും. അതിലൊന്നാണ് നാം കഴിവതും ശത്രു പകരുന്ന ബോധങ്ങളില്‍ അഭിരമിക്കാതിരിക്കുക എന്നത്.
ഈ എഴുത്ത് വെറും മൗദൂദിവിളിയെക്കുറിച്ചു മാത്രമല്ല. പദാവലികളാണ് നാട് ഭരിക്കുന്നത്. കൊലപ്പെടുത്തി എന്നത് വീരമൃത്യു ആക്കി മാറ്റണം എന്നത് വെറും രാഷ്ട്രീയക്കളി മാത്രമല്ല, ഫാഷിസം നെയ്യുന്ന അജണ്ടകൂടി അതിന്റെ പിന്നിലുണ്ട്. 'ഡാറ്റ' ലോകം ഭരിക്കാന്‍ പോകുന്ന കാലത്ത് നമുക്ക് ഡാറ്റയുടെ പിന്നാമ്പുറങ്ങളില്‍ സമാന്തരമായി ഓടാന്‍ പറ്റണം. അതിന് പേരും വിലാസങ്ങളും വിഘാതമായിക്കൂടാ എന്നത് ഫാഷിസം നേരത്തേ മനസ്സിലാക്കിയതാണ്. മറ്റുള്ളവര്‍ തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും അവര്‍ക്കു പിറകിലായിപ്പോകുന്നത് അതുകൊണ്ടു കൂടിയാണ്. ട്വിറ്ററിലും ഫേസ് ബുക്കിലും കാണുന്ന പതിനായിരക്കണക്കിന് അനോണിമസ് ഐ.ഡികള്‍ അവരുടെ ആശയ വ്യവഹാരത്തെ കൃത്യമായി ടാര്‍ജറ്റഡ് സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട്. ഏകദേശം ഓഫ്ലൈനില്‍ അവര്‍ക്കുള്ള ബലം തന്നെയാണ് ഓണ്‍ലൈനിലും ഉള്ളത്. സ്വന്തം മേല്‍വിലാസം വേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചത് പുതിയ ലോകത്തെ നിഷ്പക്ഷം അവരുടെ പക്ഷം ആക്കി മാറ്റാനാണ്. അജണ്ടകള്‍ സെറ്റ് ചെയ്യാനും എതിര്‍ശബ്ദങ്ങളെ നിര്‍ദയം ഇല്ലാതാക്കാനും ഒരു തുള്ളി ചോര ചിന്താതെ അവര്‍ക്ക് സാധിക്കുന്നത് അങ്ങനെയാണ്. ഒരു വ്യവഹാര ഭാഷയും തെറ്റല്ല, അത് തെറ്റാവുന്നത് അത് ഒരു സംഘത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ക്ക് വിഘാതമാവുമ്പോഴാണ്.
അഖീദ എക്കാലത്തും ഒന്നാവുകയും ശരീഅത്തും മന്‍ഹജും പ്രവാചകര്‍ക്കു വ്യത്യാസപ്പെടുകയും ചെയ്തതിന്റെ ദൈവിക ഇടപെടല്‍ മറ്റൊന്നാവാന്‍ വഴിയില്ല. വ്യവഹാര ഭാഷകളില്‍ നാം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ഇടങ്ങളെ കൂടുതല്‍ തുറന്നുപിടിക്കുന്നു എന്നേയുള്ളൂ, അടിസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. അത് ഏതൊക്കെ തലങ്ങളില്‍, എങ്ങനെയൊക്കെ എന്നത് ഉള്ളു തുറന്ന വിമര്‍ശനാത്മക ബോധ്യങ്ങളില്‍നിന്ന് പുറപ്പെട്ടു വരേണ്ടതാണ്. അടിച്ചേല്‍പിക്കപ്പെട്ടത് അവിടെത്തന്നെ നില്‍ക്കുമ്പോള്‍, അതിന്റെ പരിമിതികളെ മറികടക്കാന്‍ പുതിയവക്കു സാധിക്കണം എന്നു മാത്രം. 

 

മാറ്റുവിന്‍ കലാലയങ്ങളെ, ഇല്ലെങ്കില്‍ മാറുമത് ശൂന്യമായി!

യാസിര്‍ ഇല്ലത്തൊടിയുടെ നിരീക്ഷണങ്ങള്‍ (പ്രബോധനം 3160) ശ്രദ്ധേയമാണ്. മാറ്റങ്ങള്‍ അത്യാവശ്യമാണ്. അനേകം ഇസ്‌ലാമിക കലാലയങ്ങളും പുറമെ, ജാമിഅകളും നോളജ് സിറ്റികളും മദ്‌റസകളും ഏഴു പതിറ്റാണ്ടായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവ സമുദായത്തിന് ശരിയായ ഫലം തരുന്നുണ്ടോ? മനുഷ്യസമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്ന ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്താന്‍ ഇവക്ക് സാധിച്ചിട്ടുണ്ടോ? കോവിഡ് പോലുള്ള മഹാമാരികളുടെ കാലത്ത്, വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും മരുന്ന് കണ്ടുപിടിത്തത്തിലും മറ്റും മുസ്ലിം സമൂഹത്തിന്റെ സംഭാവനകള്‍ എന്താണ്?
ജാമിഅകളും നോളജ് സിറ്റികളും ഇനിയുള്ള കാലമെങ്കിലും ഗവേഷണാത്മക വിദ്യാഭ്യാസ സിലബസുകള്‍ സ്വീകരിച്ചുകൊണ്ട് CIPLA പോലുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഖാജാ അബ്ദുല്‍ ഹമീദ് 1935 - ല്‍ ബോംബെയില്‍ കെമിക്കല്‍ ഇന്റസ്ട്രിയല്‍ & ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ് എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചു. പിന്നീട് കമ്പനിയുടെ പേര് 1984-ല്‍ സിപ്ല ലിമിറ്റഡ് എന്നാക്കി മാറ്റി. 1985-ല്‍ കമ്പനിയുടെ മരുന്ന് ഉല്‍പാദന സൗകര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. സ്ഥാപകന്‍ ഖാജ അബ്ദുല്‍ ഹമീദിന്റെ മകന്‍, കേംബ്രിഡ്ജ് വിദ്യാഭ്യാസമുള്ള രസതന്ത്രജ്ഞന്‍ യൂസുഫ് ഹമീദിന്റെ നേതൃത്വത്തില്‍ കമ്പനി വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ജനറിക് എയ്ഡ്‌സും മറ്റു മരുന്നുകളും നല്‍കി.1995 - ല്‍ സിപ്ല ലോകത്തിലെ ആദ്യത്തെ ഓറല്‍ ഇരുമ്പ് ചെലെറ്ററായ Diferiprone ആരംഭിച്ചു. 2001-ല്‍ സിപ്ല എച്ച്.ഐ.വി ചികിത്സക്കായി മരുന്നുകള്‍ (ആന്റി റിട്രോ വൈറലുകള്‍) ചെറിയ ചെലവില്‍ (ഒരു രോഗിക്ക് ഒരു വര്‍ഷത്തേക്ക് 350 ഡോളറില്‍ താഴെ) നല്‍കി. 2013-ല്‍ സിപ്ല ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ സിപ്ല മെഡ് പ്രോ സ്വന്തമാക്കി, ഒരു അനുബന്ധ സ്ഥാപനമാക്കി നിലനിര്‍ത്തുകയും, അതിന്റെ പേര് സിപ്ല മെഡ് പ്രോ സൗത്ത് ആഫ്രിക്ക ലിമിറ്റഡ് എന്ന് മാറ്റുകയും ചെയ്തു. ഏറ്റെടുക്കുന്ന സമയത്ത് സിപ്ലയുടെ വിതരണ പങ്കാളിയായിരുന്ന സിപ്ല - മെഡ് പ്രോ ദക്ഷിണാഫ്രിക്കയിലെ മൂന്നാമത്തെ വലിയ കമ്പനിയായിരുന്ന എല ലെനി ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നായിരുന്നു. ഇപ്പോള്‍ എട്ട് സ്ഥലങ്ങളിലായി 34 നിര്‍മാണ യൂനിറ്റുകളും 80-ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യവുമുണ്ട് കമ്പനിക്ക്.
ഒരു ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ. സിപ്ലയെപ്പോലുള്ള സംരംഭങ്ങളില്‍ സകാത്ത് ശേഖരണ, വിതരണ, സേവന വേദികള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

റശീദ് അബൂബക്കര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌