Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഇസ്‌ലാമിക വായന

സയ്യിദ് സആദത്തുല്ല ഹുസൈനി

ലോകം വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം തരാതരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ (Conspiracy Theories)  പൊട്ടിമുളക്കാറുണ്ട്. ഇസ്ലാമിക ലോകത്ത് കുഴപ്പങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പരമ്പരകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് ഇസ്ലാമിന്റെ വക്താക്കള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുന്നതായി കാണാം. ചിലപ്പോള്‍ ഗൂഢാലോചനാപരത (Conspiracism) എന്ന് പേരിട്ട് വിളിക്കുന്ന അവസ്ഥ പോലും സംജാതമായേക്കാം. ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന എന്തൊക്കെ സംഭവങ്ങളുണ്ടോ അതിന്റെയെല്ലാം പിന്നില്‍ ചില നിഗൂഢ ശക്തികളുടെ കരങ്ങളാണ് എന്നൊരു മാനസിക നിലയിലേക്ക് അറിഞ്ഞോ അറിയാതെയോ സമൂഹം എത്തിച്ചേരുന്ന അവസ്ഥയാണിത്.
സാമൂഹിക ജീവിതത്തില്‍ ഗൂഢാലോചന ഉണ്ടാവുമെന്നത് ഒരാള്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. നമ്മുടെ നിത്യജീവിതത്തില്‍നിന്ന് തുടങ്ങി ആഗോളതലത്തില്‍ വരെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. പിശാചിന്റേത് അടിസ്ഥാനപരമായി ഒരു ഗൂഢാലോചനാ പ്രവൃത്തിയാണല്ലോ. 'മുഴുവന്‍ മനുഷ്യരെയും ഞാന്‍ വഴിതെറ്റിക്കും' (സ്വാദ് 82) എന്നതാണത്. പിശാചിന്റെ വക്താക്കള്‍ ഈ ഗൂഢാലോചന എല്ലാ കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. കുതന്ത്രങ്ങളും കള്ളപ്രചാരണങ്ങളും ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും രണ്ടാം പ്രകൃതമാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ അത്തരം ദുഷ്‌കൃത്യങ്ങള്‍ അവരുടെ ഓരോ ചലനങ്ങളിലും നമുക്ക് കാണാനാവും. അവര്‍ ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിക്കും. ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. അതിനാല്‍ ഇത്തരം ഗൂഢാലോചനകള്‍ കണ്ടെത്തുകയും അവയെ പരാജയപ്പെടുത്താനുള്ള മറുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നത് നന്മയുടെ പക്ഷത്ത് നിലകൊള്ളുന്ന ഏതൊരു വിഭാഗത്തെ സംബന്ധിച്ചേടത്തോളവും അിവാര്യമായിത്തീരുന്നു. ഗൂഢാലോചനകളെ സംബന്ധിച്ച യഥാതഥമായ, പരിധികള്‍ ലംഘിക്കാതെയുള്ള ഇത്തരം അന്വേഷണങ്ങള്‍ നടക്കേണ്ടതു തന്നെയാണ്. ധാരാളം അനുഭവപരിചയമുള്ള പലരും അതേക്കുറിച്ച് സന്തുലിതമായി എഴുതിയിട്ടുണ്ട്.
നമ്മള്‍ ചര്‍ച്ചക്കെടുക്കുന്ന, ആത്യന്തിക സ്വഭാവമുള്ള ഗൂഢാലോചനാപരത ഇതൊന്നുമല്ല. തീര്‍ത്തും മറ്റൊരു വിഷയമാണത്. ഈ ആത്യന്തിക ചിന്തയുടെ വക്താക്കള്‍, ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ ഓരോ സംഭവത്തിന്റെ പിന്നിലും ഗൂഢാലോചനകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഇവരുടെ അഭിപ്രായത്തില്‍, ചരിത്രഗതിയെ നിര്‍ണയിക്കുന്ന യഥാര്‍ഥ ഏജന്റ് ആരുടെയും കണ്ണില്‍ പെടാത്ത, ഗൂഢാലോചനകളും തന്ത്രങ്ങളും മെനയുന്ന ഒരു ഗ്രൂപ്പ് ആയിരിക്കും.1 ഈ ആത്യന്തിക ചിന്തക്ക് അടിമപ്പെട്ട ഒരാള്‍ ഏതൊരു സംഭവത്തെയും അതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കൂട്ടാക്കുകയില്ല. ഭൂമികുലുക്കം, വെള്ളപ്പൊക്കം, സൂനാമി, വൈറസ് ബാധ തുടങ്ങിയ സാമൂഹിക ദുരന്തങ്ങള്‍ മാത്രമല്ല കാന്‍സര്‍, എയ്ഡ്സ്, വാഹനാപകടം പോലുള്ള വ്യക്തിയെ ബാധിക്കുന്ന ദുരിതങ്ങള്‍ വരെ ചിലരുടെ ഗൂഢാലോചനകളുടെ ഫലമാണ്. ഇതിനൊക്കെ കാരണക്കാരായ ആ ഗ്രൂപ്പ് ലോകത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കരുതും. പൊതുനന്മക്ക് വേണ്ടി ലോകത്ത് വല്ല സംരംഭവും ഉയര്‍ന്നുവരികയാണെങ്കില്‍ അതിനു പിന്നിലും ഇക്കൂട്ടര്‍ ഒരു ഗൂഢാലോചന മണക്കും.  പരിസ്ഥിതി സംരക്ഷണ പദ്ധതികളെയും മഹാമാരികള്‍ക്ക് മരുന്ന് കണ്ടെത്താനുള്ള യത്‌നങ്ങളെയും ഗൂഢാലോചനയുടെ ഭാഗമായേ ഇവര്‍ക്ക് കാണാനൊക്കൂ. വ്യക്തിയും സ്ഥാപനവുമൊക്കെ അവരുടെ കണ്ണില്‍ തിന്മയുടെ പ്രതിരൂപങ്ങളോ ഏജന്റുമാരോ ഉപകരണങ്ങളോ ആയിരിക്കും.
മുസ്ലിംകള്‍ക്കിടയിലോ, മുമ്പ് മൂന്നാം ലോകം എന്ന് വിളിച്ചിരുന്ന പിന്നാക്ക രാജ്യങ്ങളിലോ മാത്രമേ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുള്ളൂ എന്ന് ധരിക്കരുത്. വികസിത രാജ്യങ്ങളിലും ആ സിദ്ധാന്തങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്. എന്നല്ല പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ജന്മമെടുക്കുന്നത് തന്നെ അത്തരം നാടുകളിലാണ്. പ്രകൃത്യാതീത ഭാവനകളോടെ അവതരിപ്പിക്കപ്പെടുന്ന ഇല്യൂമിനാറ്റി (Illuminati), ഫ്രീമാസന്‍ (Freemason)  പോലുള്ളവ പടിഞ്ഞാറ് ഉദയം ചെയ്തതാണല്ലോ.2 ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിലകല്‍പിക്കാതെ, മസീഹ് ദജ്ജാലിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ചില മുസ്ലിം വൃത്തങ്ങളില്‍ പ്രചാരത്തിലുള്ള വിഭാവനകളുടെയും പരികല്‍പനകളുടെയും ഉറവിടം അന്തിക്രിസ്തു (Antichrist), കാലാവസാനം (Endtime)  എന്നിവയെക്കുറിച്ചുള്ള ക്രൈസ്തവ വിശ്വാസങ്ങളാണെന്ന് കണ്ടെത്താനാവും. അമേരിക്കയിലും യൂറോപ്പിലും ഭൂമി പരന്നതാണെന്നും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ലെന്നും വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. കാലാവസ്ഥാ മാറ്റം, പരിസ്ഥിതി സന്തുലനത്തിന്റെ തകിടം മറിയല്‍ പോലുള്ള കാര്യങ്ങള്‍ ചില ഗൂഢാലോചനകളുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് എന്ന് കരുതുന്നവരുമുണ്ട്. അവരുടെ കണ്ണില്‍ സകല കുത്തിവെപ്പുകളും (Vaccination) അതിഭയാനകമായ ഗൂഢാലോചനകളാണ്. ഹിറ്റ്ലര്‍ അധികാരം വിപുലപ്പെടുത്തുന്ന കാലത്ത് അയാളാണ് മസീഹ് ദജ്ജാല്‍ എന്ന വിഭാവനക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചിരുന്നു. ക്രി. 614 മുതല്‍ ക്രി. 911 വരെ (മുഹമ്മദ് നബിയുടെ പ്രവാചകത്വ ലബ്ധി മുതല്‍ യൂറോപ്പിലടക്കം ഇസ്ലാം വ്യാപിച്ചതു വരെയുള്ള മുന്നൂറോളം വര്‍ഷങ്ങള്‍) ഉണ്ടായി എന്ന് രേഖപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആ കാലയളവ് വ്യാജ ചരിത്രമാണെന്നും വിശ്വസിക്കുന്നു പാശ്ചാത്യരിലെ മറ്റൊരു വിഭാഗം!3 മുസ്ലിംകളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ജൂതന്മാരാണ് കാരണം എന്ന് മുസ്ലിംകളിലെ ഒരു വിഭാഗം വിശ്വസിക്കുന്നതു പോലെ, മുസ്ലിംകള്‍ കുതന്ത്രങ്ങളില്‍ അഗ്രഗണ്യരായ ഒരു വിഭാഗമാണെന്നും അവര്‍ വൈകാതെ പാശ്ചാത്യ നാടുകള്‍ കീഴടക്കുമെന്നും കരുതുന്ന വലിയൊരു വിഭാഗമുണ്ട് പാശ്ചാത്യരില്‍ (യൂറോപ്പിനെ 'അറേബ്യ' ആക്കുന്ന ഈ പരിപാടിക്ക് Eurabia  എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്). ശക്തരെന്ന് കരുതപ്പെടുന്ന യൂറോപ്പിലെയും അമേരിക്കയിലെയും ഭരണാധികാരികളും മൂലധനശക്തികളും മുസ്ലിംകളുടെ കൈകളിലെ വെറും ഉപകരണങ്ങളായി മാറിയെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.4 വേരുകള്‍ തേടിപ്പോയാല്‍ ബറാക് ഒബാമ മുസ്ലിമാണെന്ന് കണ്ടെത്താനാവുമെന്നും അമേരിക്ക പിടിച്ചടക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ അദ്ദേഹത്തെ മുസ്ലിംകള്‍ അമേരിക്കന്‍ ഭരണകൂടത്തിലേക്ക് കടത്തിവിട്ടതാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. അദ്ദേഹം അന്തിക്രിസ്തുവാണെന്ന് കരുതുന്നു മറ്റൊരു വിഭാഗം. ഇസ്ലാമും കമ്യൂണിസവും ചേര്‍ന്നുള്ള ഒരു ആഗോള മുന്നേറ്റമാണ് യഥാര്‍ഥത്തില്‍ അന്തിക്രിസ്തു എന്ന് കരുതുന്നവരുമുണ്ട്.5 
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പ്രചാരത്തിലുണ്ട് എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഇത്തരക്കാരെ പാശ്ചാത്യര്‍ ചിത്തഭ്രമം ബാധിച്ച (Paranoid), ഒറ്റപ്പെട്ട അതിതീവ്ര (Fringe) വിഭാഗങ്ങളായി കാണുമ്പോള്‍, നമ്മുടെ സമൂഹത്തില്‍ ഇത്തരക്കാര്‍ മുഖ്യധാരയില്‍ തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ചിന്താശീലരെ വരെ സ്വാധീനിക്കാനും അത്തരക്കാര്‍ക്ക് കഴിയുന്നു.

മൂന്ന് തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍

സ്ഥിരീകരണവും സാധുതയും കണക്കിലെടുത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരണം ലഭിച്ചവയാണ് ഒരു ഇനം. ഉദാഹരണത്തിന്, ഇറാഖിനെ കടന്നാക്രമിക്കുമ്പോള്‍ അതിന് ന്യായീകരണമായി അമേരിക്ക പറഞ്ഞത് ഇറാഖില്‍ കൂട്ട നശീകരണ ആയുധങ്ങളുണ്ട് എന്നായിരുന്നു. അതായിരുന്നില്ല അമേരിക്കയുടെ ലക്ഷ്യം, എണ്ണശേഖരങ്ങള്‍ കൈപ്പിടിയിലൊതുക്കലായിരുന്നു എന്ന് അനിഷേധ്യ തെളിവുകളോടെ (ഉദാഹരണത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ജോണ്‍ ചില്‍കോട്ട് നല്‍കിയ റിപ്പോര്‍ട്ട്) ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞതാണ്.6 വര്‍ഗീയ കലാപങ്ങളുടെ പിന്നിലുള്ള ഗൂഢാലോചനകള്‍ തെളിവുകള്‍ നിരത്തി തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്നിലുണ്ടല്ലോ. മോഡറേറ്റ് ഇസ്ലാമിന്റെ പേരു പറഞ്ഞ് മുസ്ലിംകളെ വഴിതെറ്റിക്കാനും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും അവരെ അകറ്റാനും നടത്തപ്പെടുന്ന നിഗൂഢ ശ്രമങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തോടെയാണ് അനാവരണം ചെയ്യപ്പെടുന്നത്. കൊളോണിയല്‍ ശക്തികളുടെ സാമ്പത്തിക-വ്യാപാര ഗൂഢാലോചനകളും അരാജകത്വ സംസ്‌കാരം പ്രചരിപ്പിക്കാന്‍ അവര്‍ നടത്തുന്ന നിഗൂഢ ശ്രമങ്ങളും ഇതുപോലെ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു. പ്രശ്നമെന്താണെന്നു വെച്ചാല്‍, ഈ ഗൂഢാലോചനകളുടെ തെളിവുകള്‍ സംഭവങ്ങള്‍ കഴിഞ്ഞ് വളരെ കാലത്തിനു ശേഷമേ പലപ്പോഴും നമുക്ക് ലഭ്യമാവുകയുള്ളൂ എന്നതാണ്. എങ്കിലും ആ തെളിവുകള്‍ വെച്ച് ഇനി വരാന്‍ പോകുന്ന സംഭവങ്ങളെ വിലയിരുത്താന്‍ നമുക്ക് കഴിയും.
രണ്ടാമത്തെ ഇനം സംഭവങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കൃത്യമായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതേസമയം അതു സംബന്ധമായ സര്‍ക്കാര്‍ ഭാഷ്യം വളരെ ദുര്‍ബലമാണെന്ന് വ്യക്തമാവുകയും ചെയ്യും. സര്‍ക്കാറിന്റെ വിശദീകരണം ഒരുപാട് ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ടാവും. ഉദാഹരണത്തിന്, 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ആക്രമണത്തക്കുറിച്ച് ഭരണകൂടം നല്‍കുന്ന വിശദീകരണം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഭീകരാക്രമണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നല്‍കുന്ന ഭാഷ്യങ്ങളിലെ പൊരുത്തക്കേടുകള്‍ രാഷ്ട്രീയ നിരീക്ഷകരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ ഗവണ്‍മെന്റ് വിശദീകരണങ്ങള്‍ സംശയാസ്പദമായിരിക്കുമ്പോഴും, മറുവാദങ്ങള്‍ക്കും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടാവില്ല. ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യതക്ക് ഉപോദ്ബലകമായി ഇത്തരം സംഭവങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. സത്യം വെളിച്ചത്ത് വരുന്നതു വരെ ആ അന്വേഷണം തുടരുകയും ചെയ്യും.
ഈ രണ്ടിനം സിദ്ധാന്തങ്ങളെയും യുക്തിസഹമെന്ന് നമുക്ക് വിശേഷിപ്പിക്കാനാവും. ഈ രണ്ട് തരത്തിലുമുള്ള ഗൂഢാലോചനകള്‍ക്കുള്ള ഉദാഹരണങ്ങള്‍ എല്ലാ യുഗങ്ങളില്‍നിന്നും നമുക്ക് കണ്ടെടുക്കാനുമാകും. ഈ പ്രബന്ധത്തില്‍ ഇത് രണ്ടിനെപ്പറ്റിയുമല്ല നമമ്മുടെ അന്വേഷണം. യുക്തിരഹിതമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ (Irrational Conspiracy Theories) യാണ് നാമിവിടെ പഠനവിധേയമാക്കുന്നത്. ഈ മൂന്നാം ഇനം തിയറികള്‍ക്ക് ശാസ്ത്രീയമോ യുക്തിസഹമോ ആയ ഒരു തെളിവും ഉണ്ടായിരിക്കുകയില്ല. എല്ലാം കേവലം ഊഹങ്ങള്‍ മാത്രം. ആപ്പുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും സെന്‍സേഷനല്‍ ടാബ്ലോയ്ഡ് പത്രങ്ങള്‍ വഴിയുമൊക്കെ അവ പ്രചരിച്ചുകൊണ്ടേയിരിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ വരെ അവയുടെ പ്രചാരകരായി മാറിയെന്നു വരാം. ജനങ്ങളെ വൈകാരികമായി ഇളക്കിവിടുന്ന പ്രസംഗകര്‍ വഴിയും നിരുത്തരവാദപരമായി എഴുതുന്ന ഗ്രന്ഥകര്‍ത്താക്കള്‍ വഴിയുമൊക്കെ ഇത്തരം യുക്തിസഹമല്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് പൊതു സ്വീകാര്യതയേറുകയും ചെയ്യുന്നു.

യുക്തിരഹിത ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ തകരാറുകള്‍

യുക്തിരഹിത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് ഒട്ടേറെ സാമൂഹികവും മനശ്ശാസ്ത്രപരവും കര്‍മപരവുമായ തകരാറുകളുണ്ട്. പ്രായോഗിക മേഖലയില്‍ നമ്മുടെ എല്ലാ സ്ട്രാറ്റജികളെയും കാല്‍വെപ്പുകളെയും അത് തകരാറിലാക്കും എന്നതാണ് കര്‍മപരമായ ഏറ്റവും വലിയ പോരായ്മ. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഏതൊരു സംഭവവും ആന്തരികവും ബാഹ്യവുമായ പലപല കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതായിരിക്കും. പലതരം പ്രതിയോഗികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ അതിന് കാരണമായിട്ടുണ്ടാവാം. ആരുടെയും നിയന്ത്രണത്തിലല്ലാത്ത ചില യാദൃഛികതകള്‍ കൊണ്ടും സംഭവിക്കാം. നമ്മുടെ തന്നെ തെറ്റായ തീരുമാനങ്ങളും കാല്‍വെപ്പുകളും പലതരം ദൗര്‍ബല്യങ്ങളും ആ സംഭവത്തിന് നിദാനമായിട്ടുണ്ടാവാം. ഇത്തരം നിരവധി ഘടകങ്ങള്‍ ചേര്‍ന്നു വന്നപ്പോഴായിരിക്കും ആ ദുഃസ്ഥിതി/പരാജയം സംഭവിച്ചിട്ടുണ്ടായിരിക്കുക. ഇതിനോട് യുക്തിസഹവും സന്തുലിതവുമായ പ്രതികരണം സാധ്യമാവണമെങ്കില്‍ ഈ ഘടകങ്ങളെല്ലാം ഏതളവിലാണോ സംഭവത്തെ സ്വാധീനിച്ചത് ആ അളവില്‍ അവയെ പഠിക്കാനും വിശകലനം ചെയ്യാനും നാം തയാറാവേണ്ടതുണ്ട്. ഇതിലോരോന്നിനെയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി സൂക്ഷ്മ പഠനം നടത്തിയെങ്കിലേ കൃത്യമായ പരിഹാര ഫോര്‍മുലയും ഉരുത്തിരിഞ്ഞുവരികയുള്ളൂ.7 എന്നാല്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ഇത്ര സൂക്ഷ്മമായി കാര്യങ്ങള്‍ പഠിക്കാനുള്ള ക്ഷമയൊന്നും കാണുകയില്ല. തങ്ങളുടെ ഭാവനയിലുള്ള ആ നിഗൂഢ ശക്തിയായിരിക്കും അവരുടെ നോട്ടത്തില്‍ എല്ലാം കുത്തിപ്പൊക്കുന്നത്. നടന്ന സംഭവത്തിന്റെ പ്രകടിത രൂപത്തില്‍ അവര്‍ സംശയാലുക്കളാവുകയും ഒരു നിഗൂഢ ശക്തിയിലേക്ക് കൈചൂണ്ടുകയും ചെയ്യുന്നു. ഇത്തരം മനഃസ്ഥിതിയുള്ളവര്‍ അന്വേഷണ പഠനങ്ങള്‍ക്ക് മുന്നില്‍ വലിയ കടമ്പകള്‍ തീര്‍ക്കുന്നവരാണ്. അത് കാരണം കൃത്യമായി കര്‍മപദ്ധതിയും സ്ട്രാറ്റജിയും ആവിഷ്‌കരിക്കാന്‍ കഴിയാതെ പോവുകയും ചെയ്യുന്നു. 
ഇതൊരു ഒളിച്ചോട്ടമാണ്. കര്‍മോത്സുകതയും ആര്‍ജവവും കൈമുതലായുള്ള ആരും ഈ വ്യാജവര്‍ത്തമാനത്തിന് ചെവികൊടുക്കുകയില്ല. ഗൂഢാലോചനാപരതയുടെ മനശ്ശാസ്ത്ര തലങ്ങള്‍ അന്വേഷിക്കുന്നവരും8 പറയുന്നത്, പരാജിതരായ ആളുകളുടെ ഒരുതരം മനോനിലയാണ് ഇതെന്നാണ്. തോറ്റുകഴിഞ്ഞെന്ന തോന്നലില്‍നിന്നാണ് അത് ഉടലെടുക്കുന്നത്.9 ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നവര്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് ഒരു കര്‍മപദ്ധതിയും മുന്നോട്ടുവെക്കുകയില്ല. കര്‍മരാഹിത്യമാവും ഫലം. പറയുന്നതു തന്നെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് അവര്‍ ചെയ്യുക.
കടുത്ത നൈരാശ്യത്തില്‍നിന്നും ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവരാം. തന്റെ ഓരോ പ്രവൃത്തിയും ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശത്രു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതുന്ന വ്യക്തിക്ക് ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും കര്‍മങ്ങളിലേര്‍പ്പെടാന്‍ കഴിയുമോ? ഈ നിഷേധാത്മക ചിന്തകള്‍ സാമൂഹിക ബന്ധങ്ങളെയും ബാധിക്കും. എല്ലാം നിഗൂഢവത്കരിക്കുമ്പോള്‍ അതിന്റെ വക്താക്കള്‍ക്ക് തങ്ങളോടൊപ്പം നില്‍ക്കുന്ന കുറച്ചാളുകളെ മാത്രമേ വിശ്വാസമുണ്ടാവുകയുള്ളൂ. മറ്റുള്ളവരെ സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കുക. ഒരു സംഭവമുണ്ടാവുന്നതിന് പൊതുവെ എല്ലാവരും പറഞ്ഞുവരുന്ന കാരണങ്ങളൊന്നും ഇവര്‍ അംഗീകരിക്കുകയില്ല. പൊതു പങ്കാളിത്തവും ഇവര്‍ക്ക് ഉണ്ടാവുകയില്ല. പൊതു കാര്യങ്ങളില്‍ സഹകരിക്കാനോ പരസ്പരം ഇടപഴകാനോ അവര്‍ ഉത്സുകരായിരിക്കില്ല. പൊതുവെ എല്ലാവര്‍ക്കും ഒരേ അഭിപ്രായമുള്ള വിഷയങ്ങളില്‍ ഇവരുടെ അഭിപ്രായം തീര്‍ത്തും മറ്റൊന്നായിരിക്കും. ഏതൊരു സമൂഹത്തിന്റെയും അധഃപതന കാലത്താണ് പൊതുവെ ഇത്തരം ചിന്താഗതികള്‍ ശക്തിപ്പെടുക.10 തകര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന് എന്തിനെയും സംശയമായിരിക്കും. മുസ്ലിം ചരിത്രത്തിലെ അധഃപതന ഘട്ടങ്ങളെടുത്ത് പരിശോധിച്ചാല്‍ ആ ഘട്ടങ്ങളിലെല്ലാം ഗൂഢാലോചനാ സിദ്ധാന്തങ്ങളെപ്പറ്റിയുള്ള പലതരം ചര്‍ച്ചകള്‍ നമുക്ക് കാണാന്‍ കഴിയും.

ഖുര്‍ആന്‍ എന്തു പറയുന്നു?

ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ യുക്തിസഹമായത് ഏതൊക്കെ, യുക്തിസഹമല്ലാത്തത് ഏതൊക്കെ എന്നൊരു ചോദ്യം തീര്‍ച്ചയായും ഉയര്‍ന്നുവരും. ഇതിന് ഉത്തരം കണ്ടെത്താനായി നാം ഖുര്‍ആനിലേക്ക് തിരിഞ്ഞാല്‍ നേര്‍വഴി കാട്ടുന്ന വെളിച്ചം നമുക്കതില്‍നിന്ന് ലഭിക്കാതിരിക്കില്ല. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അനുയായികളില്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന സംസ്‌കാരം, അവരുടെ ആദര്‍ശ- വിശ്വാസങ്ങളൊന്നും യുക്തിരഹിതമായ കാര്യങ്ങളില്‍ അധിഷ്ഠിതമാവരുത് എന്നതാണ്. അന്ധമായി പാരമ്പര്യങ്ങളെ പിന്‍പറ്റുന്നതും ഊഹങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതും ബഹുദൈവ സംസ്‌കാരത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഇതുപോലെ നിഗൂഢതകളിലും അത്ഭുത കൃത്യങ്ങളിലും യുക്തിരഹിത സംശയങ്ങളിലും അടിസ്ഥാനരഹിതമായ ഊഹങ്ങളിലും അഭിരമിക്കുന്നതും വിശ്വാസദൗര്‍ബല്യത്തിന്റെ ലക്ഷണമായാണ് ഖുര്‍ആന്‍ കാണുന്നത്. വെളിപ്പെട്ട യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിച്ച് അത്ഭുതങ്ങളിലും നിഗൂഢതകളിലും പ്രതീക്ഷയര്‍പ്പിക്കുന്നതിനെ ഖുര്‍ആന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്: ''നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. തീര്‍ച്ചയായും കണ്ണും കാതും ഹൃദയവുമൊക്കെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും'' (അല്‍ ഇസ്രാഅ് 36). ഈ സംസ്‌കാരത്തില്‍ വളര്‍ത്തപ്പെടുന്ന വിശ്വാസി ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ സംഭവങ്ങളെയും ഇടപാടുകളെയും കാണുകയും വിശകലനം നടത്തുകയും ചെയ്യുക എന്നത് തന്റെ പ്രകൃതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടാവും. ഈ വിഷയകമായി ചില ഖുര്‍ആനിക തത്ത്വങ്ങള്‍ സൂചിപ്പിക്കാം.
എ). കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാക്കുന്ന ആളുകള്‍ അങ്ങേയറ്റം ദുര്‍ബലരാണ് ഖുര്‍ആനിക വീക്ഷണത്തില്‍. യുക്തിരഹിതമായ ഗൂഢാലോചനാ തിയറികളില്‍ അഭിരമിക്കുന്നവര്‍ വിശ്വസിക്കുന്നത് ഈ തിന്മയുടെ അവതാരങ്ങള്‍ മഹാ ശക്തരാണ് എന്നായിരിക്കും. എത്രത്തോളമെന്നാല്‍, ഈ തിന്മയുടെ വക്താക്കളുടെ പ്ലാനനുസരിച്ച്, ഇഛകള്‍ക്കൊത്ത് മാത്രമേ ലോകത്ത് ഏതൊരു സംഭവവും നടക്കുകയുള്ളൂ എന്നു വരെ ഇക്കൂട്ടര്‍ കരുതിക്കളയും. അഥവാ സര്‍വശക്തനും (Omnipotent) സര്‍വവ്യാപിയും (Omniscient)  ആണ് ശത്രു.  ഇല്യൂമിനാറ്റി, ഫ്രീമാസന്‍, സയണിസം എന്നിവയെക്കുറിച്ച് മാത്രമല്ല നമ്മുടെ നാട്ടിലെ തീവ്ര വലതുപക്ഷ ഫാഷിസത്തെക്കുറിച്ചും ഇങ്ങനെയൊരു ധാരണ നിലവിലുണ്ടല്ലോ. ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും ഇവരുടെ തൃപ്തിക്കൊത്തും പ്ലാനിംഗനുസരിച്ചുമാണ് നടക്കുന്നത് എന്ന ധാരണ. അവരുടെ ഒരു പ്ലാനിംഗും പരാജയപ്പെടില്ലെന്നും ധരിച്ചുവശാകുന്നു.
ഖുര്‍ആന്‍ പറയുന്നതാകട്ടെ നേരെ തിരിച്ചും. പൈശാചിക ശക്തികളുടെ ഗൂഢാലോചനകള്‍ അതീവ നിന്ദ്യം മാത്രമല്ല അതീവ ദുര്‍ബലവുമാണെന്നാണ് ഖുര്‍ആന്റെ പക്ഷം; ചിലന്തിവലയേക്കാള്‍ ദുര്‍ബലം. ഏറ്റവും ശക്തമായ ഗൂഢാലോചന പിശാചിന്റേതായിരിക്കുമല്ലോ. പക്ഷേ ഖുര്‍ആന്‍ അതേക്കുറിച്ച് പറയുന്നത് നോക്കൂ: ''പിശാചിന്റെ കൂട്ടാളികളോട് നിങ്ങള്‍ പൊരുതുവിന്‍. യഥാര്‍ഥത്തില്‍ പിശാചിന്റെ കുതന്ത്രം അത്യന്തം ദുര്‍ബലമത്രെ'' (അന്നിസാഅ് 76). ഈ പിശാചിന്റെ വൈതാളികര്‍ക്ക് തങ്ങളുടെ ശക്തിയെക്കുറിച്ച് മൂഢധാരണകള്‍ മാത്രമാണുള്ളത്. ''ഈ നിഷേധികളുണ്ടല്ലോ അവര്‍ സ്വയം വഞ്ചിതരായവര്‍ മാത്രമാണ്'' (അല്‍ മുല്‍ക് 20). ദൈവിക സന്ദേശത്തിന്റെ മുഖ്യ പ്രതിയോഗികളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഫറോവ-നംറൂദാദികളുടെ ശക്തിയാകട്ടെ, കുതന്ത്രമാകട്ടെ എല്ലാം ദുര്‍ബലവും ഒട്ടേറെ പരിമിതികള്‍ ഉള്ളതുമാണ്. ഖുര്‍ആന്‍ അതൊരു പൊതു തത്ത്വമായി ഉയര്‍ത്തിക്കാണിക്കുന്നു; ''നിഷേധികളുടെ കുതന്ത്രം ലക്ഷ്യത്തിലെത്തുകയില്ല'' (അല്‍ മുഅ്മിന്‍ 25). ഒരു മനുഷ്യനും ഈ ലോകത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന അധികാര ശക്തി കെട്ടിപ്പടുക്കാനാവില്ല.
ബി). ചില സംഘങ്ങളെ മറ്റു സംഘങ്ങളെ ഇറക്കി അല്ലാഹു പ്രതിരോധിക്കും. തിന്മയുടെ ശക്തികളെ പരസ്പരം ഏറ്റുമുട്ടിച്ച് അവരുടെ ശക്തി തകര്‍ക്കുകയെന്നതും അല്ലാഹുവിന്റെ നടപടിക്രമമാണ്. ''ലോകാന്ത്യം വരെ അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുന്നു. അവര്‍ യുദ്ധം ഊതിക്കത്തിക്കുമ്പോഴൊക്കെ അല്ലാഹു അത് കെടുത്തിക്കളയുന്നു. ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ കുഴപ്പക്കാരെ ഇഷ്ടപ്പെടുന്നവനല്ലല്ലോ അല്ലാഹു'' (അല്‍മാഇദ 64). എല്ലാ ഗൂഢാലോചനാ തിയറികളുടെയും സത്ത എന്ന് പറയുന്നത്, ശത്രുക്കള്‍ അത്യന്തം സംഘടിതരാണ് എന്നതാണല്ലോ. ഖുര്‍ആന്‍ പൊളിച്ചെറിയുകയാണ് ഈ ധാരണയെ; ''അവര്‍ക്കിടയിലെ ഭിന്നത അതിരൂക്ഷമാണ്. അവര്‍ ഒന്നിച്ചാണെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ അവരുടെ ഹൃദയങ്ങള്‍ ശിഥിലമാണ്. കാരണം ബുദ്ധിശൂന്യരായ വിഭാഗമാണല്ലോ അവര്‍'' (അല്‍ ഹശ്ര്‍ 14). മുഴുവന്‍ ലോകത്തെയും നിസ്സഹായമാക്കിക്കളയുന്ന ഗൂഢാലോചനകളെക്കുറിച്ച് പറയാറുണ്ടല്ലോ. അക്കാര്യത്തില്‍ ലോകം ഒറ്റക്കെട്ടായാലേ അങ്ങനെ സംഭവിക്കുകയുള്ളൂ. ലോകഗതിയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ഈ തിന്മയുടെ പക്ഷത്ത് ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നര്‍ഥം. ഉദാഹരണത്തിന്, ഒരു മഹാമാരിയെക്കുറിച്ച മുഴുവന്‍ വിവരങ്ങളും മൂടിവെക്കപ്പെടുകയാണ് എന്ന ആരോപണം പരിശോധിക്കുക. ലോകത്തെ മുഴുവന്‍ ഭരണാധികാരികളും ശാസ്ത്രജ്ഞരും ഗവേഷകരും പണ്ഡിതന്മാരും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളും വേദികളും ഇതുമായി ബന്ധപ്പെടുന്ന മുഴുവനാളുകളും (അവരുടെ എണ്ണം കോടികള്‍ വരും) ഒറ്റമനസ്സോടെ ഈ മൂടിവെക്കല്‍ പ്രക്രിയയില്‍ പങ്കാളികളായെങ്കില്‍ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. ഈ ആളുകളൊക്കെ പല രാജ്യക്കാരും പല മത-രാഷ്ട്രീയ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരും ഭിന്ന താല്‍പര്യങ്ങള്‍ കൊണ്ടുനടക്കുന്നവരുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! ഇവരൊക്കെയും മനുഷ്യത്വത്തിനെതിരെ നടക്കുന്ന ഈ ഭീകര കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്നാണോ നാം കരുതേണ്ടത്?
മുഴുവന്‍ മനുഷ്യസമൂഹവും ഇങ്ങനെയൊരു കുറ്റകൃത്യത്തില്‍/തിന്മയില്‍ ഒന്നിക്കുക എന്നത് അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിക്രമത്തിന് വിരുദ്ധമാണ്. വിവിധ തരം ഗ്രൂപ്പുകളെ പരസ്പരം എതിരിടീച്ച് നിര്‍ത്തി പ്രതിരോധം തീര്‍ക്കുക എന്നതാണ് ദൈവിക നടപടിക്രമം. ''അല്ലാഹു ഓരോരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ നീക്കിക്കളയുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറാകുമായിരുന്നു'' (2:251). ഈ ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനമായി മൗലാനാ മൗദൂദി എഴുതുന്നു: ''മനുഷ്യരില്‍ വിവിധ വിഭാഗങ്ങളെ ഒരു പ്രത്യേക അതിര്‍ത്തി വരെ ഭൂമിയില്‍ ആധിപത്യവും ശക്തിയും നേടാന്‍ അവന്‍ അനുവദിക്കുന്നു. എന്നാല്‍ ഒരു വിഭാഗം അതിരു വിട്ട് മുന്നോട്ടു കടക്കാന്‍ തുനിയുന്നതോടെ, മറ്റൊരു വിഭാഗത്തെ കൊണ്ട് അവരുടെ ശക്തിയെ അവന്‍ നശിപ്പിച്ചുകളയുന്നു.''11  

(തുടരും)

കുറിപ്പുകള്‍

1. Mintz, Frank P (1985): The Liberty Lobby and the American Right: Race, Conspiracy and Culture (Westport, CT Greenwood)
2. കാണുക: Michael Barkun (2013): A Culture of Conspiracy: Apocalyptic Visions of Contemporary America (University of California Press, Berkeley).
3. https://www.cl.cam.ac.uk/~mgk25/volatile/viemits-1997. pdf, retrieved on May 31,2020
4. അനുകൂല വാദമുഖങ്ങള്‍ക്ക് നോക്കുക: Bat Ye' or (2005)- Eurobia: The Euro-Arab Axis (Fairleigh Dickinson University Press)
വാദമുഖങ്ങളുടെ വിമര്‍ശനത്തിന് നോക്കുക: Andrew Brown (16 August 2019). ‑'The Myth of Eurobia: How a far right Conspiracy Theory went mainstream‑' The Guardian. Retrieved on May 31, 2020
5. Terry L. Cook (2009): The Antichrist's New World Order: What Will Happen to America?
6. ഇറാഖ് യുദ്ധത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച John Chilkot കമീഷന്റെ റിപ്പോര്‍ട്ട് കാണുക.
7. Karl R. Popper: The Conspiracy Theory of Society; as quoted in Cass Sunstein and Andrian Vermeule; Conspiracy Theories in University of Chicago Law School, Law and Economic Research Paper Series, paper no: 38; 2008.
8. ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ മനശ്ശാസ്ത്രം പരിശോധിക്കുന്ന ഒരു മികച്ച രചന:
Bilewicz, Cichocka and Soral (Eds) (2015); The Phychology of Conspiracy (Routledge, New York)
9. ഗൂഢാലോചനാ സിദ്ധാന്തത്തെ പരാജയബോധവുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുന്ന കൃതി: ഖീലെുവ ഡരെശിസെ: Joseph Uscinsk: and J.M Parent (2014): American Conspiracy Theories, Oxford Univeristy Press, Newyork. Chapter 6. (pages 130-153).
10. Peter Knight (Ed.) (2003): Conspiracy Theories in American History: An Encyclopedia; ABC CLIO: Santa Barbara USA
11. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി- തഫ്ഹീമുല്‍ ഖുര്‍ആന്‍ 1/170

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌