Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതി തന്നെയാണ്

അഹ്മദ് മിര്‍സ

ഇന്ത്യ സ്വാതന്ത്ര്യം നേടി 73 വര്‍ഷം പിന്നിടുമ്പോള്‍ ഗൗരവമായി കാണേണ്ട ചില കണക്കുകളുണ്ട്. അധികാരശ്രേണിയില്‍,  അങ്ങ് പാര്‍ലമെന്റ് മന്ദിരം മുതല്‍, ഇങ്ങ് താഴെ തദ്ദേശ സ്വയംഭരണ സ്ഥാപനം വരെ നിയമ വ്യവസ്ഥയുടെ ഭാഗമായി നിന്ന് ജനങ്ങളെ സേവിക്കാന്‍ പെടാപ്പാട് പെടുകയാണ് എന്നാണ് സങ്കല്‍പം. 'നീതിബോധമുള്ള, നീതിക്കുവേണ്ടി പോരാടുന്ന, നീതിനിഷേധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനം പടുത്തുയര്‍ത്താനുള്ള സമഗ്രമായ ശ്രമം' എന്ന സങ്കല്‍പം പരിശുദ്ധമാണ്. പക്ഷേ അതു വെറും പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങിപ്പോയ വ്യവസ്ഥയാണോ എന്ന ആകുലതയാണ് ഈ വിഷയം ജനങ്ങളിലെത്തിക്കാന്‍ പ്രേരണയായത്.
ജനങ്ങളുടെ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനത്തില്‍ മൂന്ന് ഘടനകളാണുള്ളത്. ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി. ഇതു മൂന്നും നിലനില്‍ക്കുന്നത് നിയമസാധുതയുടെ ബലത്തിലാണ്. ഇന്ത്യയിലെ 130 കോടിയിലേറെ വരുന്ന ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് വംശജര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാവന ചെയ്ത ആയിരത്തിലധികം നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത്രയധികം നിയമങ്ങള്‍ ഉണ്ടായിട്ടും ഈ വ്യവസ്ഥക്ക് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാകുന്നുണ്ടോ? ചില മേഖലകള്‍ അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ടോ?
2019 നവംബറില്‍ കേന്ദ്ര  നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഒരു ചോദ്യത്തിന് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍, നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പിക്കാത്ത കേസുകളുടെ എണ്ണം 59867 ആണെന്ന് വെളിപ്പെടുത്തുകയുണ്ടായി. അത് വിവിധ ഹൈക്കോടതികളിലേക്ക് വരുമ്പോള്‍ 44.75 ലക്ഷത്തില്‍ അധികം വരും. വിവിധ ജില്ലാ കോടതികളിലേക്കും അനുബന്ധ കോടതികളിലേക്കും വരുമ്പോള്‍  3.14 കോടിയിലേറെയാണ് അത്തരം കേസുകള്‍.
ഇത്രയധികം ആളുകള്‍ തങ്ങള്‍ക്കുണ്ടായ നീതിനിഷേധത്തിനെതിരെ പരിഹാരമോ പ്രതിവിധിയോ തേടി നിയമവ്യവസ്ഥയെ സമീപിച്ചവരാണ്. ഈ വ്യവഹാരങ്ങളില്‍ പലതും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നവയാണ്. ഈ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നത് മറ്റു ചില വിവരങ്ങള്‍ ഇതുമായി കൂട്ടിവായിക്കുമ്പോഴാണ്. ഇന്ത്യയിലെ ജയിലുകളില്‍ 68 ശതമാനം (100 പേരില്‍ 68 പേര്‍) തടവുകാര്‍ കുറ്റാരോപിതര്‍ ആണ്, അഥവാ വിചാരണത്തടവുകാരാണ്. തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ വര്‍ഷങ്ങളോളം കുറ്റാരോപിതരായി, തങ്ങളുടെ ജീവിതത്തിലെ നല്ല സമയം ഇരുട്ടറകളില്‍ തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍.
4,66,084  തടവുകാരില്‍ 3,23,537 പേര്‍ ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായാണ് ജീവിതം തള്ളിനീക്കുന്നത്. ഈ വിചാരണത്തടവുകാരില്‍ 65 ശതമാനത്തില്‍ അധികം പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെടുന്നവരോ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവരോ ആണ്.
ഈ കണക്കുകളുടെ വിരോധാഭാസം  നോക്കുക.  ഒരുവശത്ത് കോടിയിലേറെ  പേര്‍ തങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ നീതി പ്രതീക്ഷിച്ച് കഴിഞ്ഞുകൂടുന്നു. മറുവശത്ത്, ചെയ്ത കുറ്റങ്ങള്‍ എന്തെന്നു പോലും അറിയാതെ, കുറ്റം ആരോപിക്കപ്പെട്ടവരായി നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ നീതി പ്രതീക്ഷിച്ചു കഴിയുന്ന പതിനായിരങ്ങള്‍ ജയിലുകളിലും. നിയമത്തില്‍ നിലനില്‍ക്കുന്ന പഴുതുകള്‍ ഉപയോഗിച്ച് യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ടാവും. രണ്ടിടങ്ങളിലും നിഷേധിക്കപ്പെടുന്നത് 'നീതി'യാണ്. ഖേദകരമെന്നു പറയട്ടെ, ഈ രണ്ടു കൂട്ടര്‍ക്കും നീതി കൊടുക്കാന്‍ നമ്മുടെ നിയമവ്യവസ്ഥക്ക്, അതല്ലെങ്കില്‍ അത് കൈകാര്യം ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം.
പക്ഷേ ഈ വിഷയങ്ങളൊന്നും നമ്മെ അലോസരപ്പെടുത്തുന്നില്ല. നീതി നിഷേധിക്കപ്പെട്ട് കൊഴിഞ്ഞുപോയ മനുഷ്യജീവനുകള്‍ നമ്മുടെ ചിന്തയില്‍ ആഘാതം തീര്‍ക്കുന്നുമില്ല.  ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പൗരന്മാര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കുന്ന മൗലിക അവകാശങ്ങളെന്തൊക്കെയെന്ന്  നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആര്‍ട്ടിക്ക്ള്‍ 21-ല്‍, ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്നുണ്ട്. പക്ഷേ സമീപകാല കോവിഡ് പ്രതിരോധത്തില്‍ ജീവിക്കാനുള്ള അവകാശം നാം കുടിയേറ്റ തൊഴിലാളികള്‍ക്ക് വകവെച്ചുനല്‍കിയോ? വേണ്ടപ്പോള്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ പേരില്‍ നഷ്ടമായത് നൂറിലധികം ജീവനുകളാണ്.
തന്റെ ആശയാദര്‍ശ അസ്തിത്വം തെരഞ്ഞെടുക്കാനും   അതിനായി നിലകൊള്ളാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ആര്‍ട്ടിക്ക്ള്‍ 25. എന്നാല്‍ സമീപകാല രാഷ്ട്രീയത്തില്‍ സ്വന്തം അസ്തിത്വത്തിനു വേണ്ടി നിലകൊള്ളുന്നവരെ തീവ്രവാദ ചിന്താഗതിയുള്ളവരായും സങ്കുചിത ചിന്തകളുടെ വക്താക്കളായും മുദ്രകുത്തുകയാണ്. ഭരണകൂടത്തിനെതിരെ മൗലികമായി എതിര്‍പ്പ്  രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 19 (1) (മ) നിലവിലുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ മനുഷ്യത്വരഹിതമായ യു.എ.പി.എ, ടാഡ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടാണ് ഭരണകൂടം നേരിടുന്നത്.
നിലവിലുള്ള വ്യവസ്ഥ ജനസമൂഹത്തിന്  നീതി നല്‍കുന്നുണ്ടോ എന്ന ഗൗരവതരമായ ഈ വിഷയം ചര്‍ച്ചയാവേണ്ടതുണ്ട്. നിഷ്പക്ഷരായ ന്യായാധിപന്മാരുടെ കുറവ്, ഇന്ത്യയിലെ ഭരണസംവിധാനത്തില്‍ ആഴത്തില്‍ പിടിമുറുക്കിയ അഴിമതി,  ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള അടിച്ചമര്‍ത്തലുകള്‍, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, അടിസ്ഥാന ആരോഗ്യ പരിരക്ഷയിലുള്ള പരിമിതി, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പട്ടിണിയും ദാരിദ്ര്യവും, കര്‍ഷകര്‍ അകപ്പെട്ട കടക്കെണി, ലാഭം മാത്രം മുന്നില്‍ കണ്ടുള്ള മുതലാളിത്ത ചൂഷണം, എന്തിനും കൂട്ടുനില്‍ക്കാന്‍ മടിക്കാത്ത രാഷ്ട്രീയപ്രവര്‍ത്തനം ഇതൊക്കെ ചേര്‍ന്നതാണ് നമ്മുടെ ഈ വ്യവസ്ഥ.
നീതിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ ഇതിനെല്ലാമെതിരെ ശബ്ദമുയര്‍ത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കാരണം നമ്മുടെ മൗനം ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കുന്നു,  അവര്‍ക്ക് വീണ്ടും വീണ്ടും നീതി നിഷേധിക്കാന്‍ കരുത്തു നല്‍കുന്നു. ഇതിനെതിരെ സമഗ്രമായ അവബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. നീതിയിലധിഷ്ഠിതമായ പൊതുബോധവും ഭരണസംവിധാനവും സൃഷ്ടിക്കാന്‍ പുതുതലമുറക്ക് സാധിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും കാലതാമസം വരുന്ന നീതി വ്യവസ്ഥക്കെതിരെ പോരാടാനും സാധുജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കാനും പുതുതലമുറക്ക് ആകണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌