മലയാളി പ്രവാസത്തിന്റെ പുതിയ നിലവിളികള്‍
ഖോര്‍ഫുകാനിലെ അടയാളപ്പാറ ഒരു പ്രതീകമാണ്.മലയാളി പ്രവാസത്തിന്റെ പ്രതീക്ഷാതുരുത്ത്.കള്ള ലോഞ്ചുകളില്‍ മുംബൈയില്‍നിന്നും മറ്റും വന്നിറങ്ങിയ അസംഖ്യം മനുഷ്യരുടെ അഭയകേന്ദ്രം. ഗള്‍ഫ് പ്രവാസത്തിന്റെ ആദിമസ്ഥലി. പതിറ്റാണ്ടുകളുടെ പ്രവാസം എന്തു നല്‍കി? ഈ ചോദ്യത്തിന്റെ നേര്‍ക്കു നേരെയുള്ള ഉത്തരമാണ് ഇന്നത്തെ കേരളം.സംസ്ഥാനത്തെ അത് അടിമുടി മാറ്റി. ചേരികളും കൂരകളും ഇല്ലാത്തവിധം നഗരത്തുടര്‍ച്ചകള്‍ സമ്മാനിച്ചു. കോണ്‍ക്രീറ്റ് സൗധങ്ങളുടെ പെരുപ്പം നല്‍കി. ജാതീയ വേര്‍തിരിവുകളെ അപ്രസക്തമാക്കുംവിധം മധ്യവര്‍ഗത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചു.
കേരള മുന്നേറ്റത്തില്‍ ഇനിയും അടയാളപ്പെടുത്താതെ പോയ ഒന്നാണ് പ്രവാസത്തിന്റെ അടരുകള്‍. തൊഴില്‍ വിഭജനത്തിന്റെ ജാതീയത തകര്‍ത്തത് പ്രവാസമാണ്. നാട്ടുനടപ്പനുസരിച്ച് നിശ്ചിത തൊഴിലുകള്‍ നിശ്ചിത വിഭാഗങ്ങള്‍ക്ക് എന്ന മുന്‍ഗണനയെ അത് അട്ടിമറിച്ചു. ആര്‍ക്കും എന്തു തൊഴിലും സ്വീകാര്യമാണ് എന്ന ഉയര്‍ന്ന അവസ്ഥ കൈവന്നു. നാട്ടില്‍നിന്ന് അകന്നു നില്‍ക്കുേമ്പാള്‍ 'അവന്‍ ഗള്‍ഫിലാണ്' എന്ന ഒറ്റ സംജ്ഞയില്‍ എല്ലാം മറക്കാനുള്ള സൗകര്യവും കൈവന്നു.
ചാര്‍ത്തപ്പെട്ട മുന്‍വിധികളുടെ പ്രശ്‌നം അതോടെ ഇല്ലാതായി. പുതിയ സാഹചര്യം. തൊഴിലിടങ്ങളിലെ സംഘബോധം. അടിസ്ഥാന സൗകര്യ മേഖലയിലൂടെ രൂപപ്പെട്ട എണ്ണമറ്റ തൊഴില്‍ സാധ്യതകള്‍. കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങള്‍ തേടാനുള്ള അവസരം. ബിരുദവും ബിരുദാനന്തര ബിരുദവും എന്നതിലപ്പുറം പ്രാവീണ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ മുന്നേറ്റം നടത്താന്‍ കഴിയുന്ന സാഹചര്യം. ഇത് കുറഞ്ഞ വിദ്യാഭ്യാസമുള്ളവര്‍ക്കു പോലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുണയായി.
ഗള്‍ഫിലെ ഒരുമിച്ചുള്ള പാര്‍ക്കലുകള്‍ ആളുകളെ പരസ്പരബന്ധിതരാക്കി. അവിടെ മതവും ജാതിയും പ്രശ്‌നമായില്ല. പരസ്പര വിശ്വാസവും ആത്മബന്ധവും ആളുകളെ വഴിനടത്തി. സാമ്പത്തിക ബദലുകള്‍ വരെ ഇതിലൂടെ രൂപം കൊണ്ടു. നാദാപുരം കൂട്ടായ്മ അതിന്റെ പ്രത്യക്ഷ തെളിവാണ്.
കേരളീയ നവോത്ഥാനത്തിന്റെ യഥാര്‍ഥ അടിത്തറ പാകുന്നതില്‍ പ്രവാസം നിര്‍ണായക പങ്കു വഹിച്ചു. ഭൂപരിഷ്‌കരണമാണ് കേരളത്തെ മാറ്റിയതെന്ന് നാം നിരന്തരം പറയുന്നു. എന്നാല്‍ മലയാളികളുടെ ഗള്‍ഫ് പ്രവാസം ഭൂപരിഷ്‌കരണത്തോടൊപ്പം തന്നെ കേരളത്തെ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. പി.ടി കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുളള ഇടതു സഹയാത്രികരുടെ ഈ വാദങ്ങള്‍ക്ക് പക്ഷേ, വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
കൂട്ടായ്മകള്‍,മലയാളി മുദ്രകള്‍
ഉപജീവനം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസത്തിന്റെ പൊതുസ്വഭാവം. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പേ മലയാളികള്‍ പ്രയാണം ആരംഭിച്ചിരുന്നു. തോട്ടം തൊഴിലുകള്‍ക്കു വേണ്ടി നിര്‍ബന്ധിത സ്വഭാവത്തിലും അല്ലാതെയും പ്രവാസം നടന്നു. സാമൂഹികശാസ്ത്രപരമായ വിതാനത്തില്‍ മലയാളി പ്രവാസത്തെ ഇനിയും ആരും പ്രാധാന്യപൂര്‍വം നിര്‍ധാരണം ചെയ്തിട്ടില്ല.എഴുപതുകളില്‍ ശക്തിപ്പെട്ട ഗള്‍ഫ് പ്രവാസമാണ് പുറംമണ്ണില്‍ വലിയ മുദ്രകള്‍ രൂപപ്പെടുത്തിയത്. പറിച്ചുനടപ്പെട്ട മണ്ണിലെ ഒറ്റപ്പെടല്‍ മറികടക്കാനുള്ള തിടുക്കം സംഘബോധത്തിന് ആക്കം കൂട്ടി. അതിന്റെ ഭാഗമായി എണ്ണമറ്റ പ്രവാസി കൂട്ടായ്മകള്‍ പിറന്നു.
ജിദ്ദയിലെ ശറഫിയ, റിയാദിലെ ബത്ഹ, ദുബൈയിലെ ദേര, കുവൈത്തിലെ അബ്ബാസിയ ഉള്‍പ്പെടെ പല ഇടങ്ങളിലും മലയാളിയുടെ സംഘജീവിതം ഇന്നും ശക്തമായി തുടരുന്നു. ഔദ്യോഗിക അംഗീകാരമുള്ള അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, രാഷ്ട്രീയ പോഷക സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, മതാത്മക സംഘടനകള്‍ എന്നിങ്ങനെ പല തലങ്ങളില്‍ പ്രവാസം മറുലോകത്തും നാട്ടിനും കൂട്ടായി. പ്രാദേശിക കൂട്ടായ്മകളിലൂടെ നാടിന്റെ വികസനത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞു. മറ്റൊരു രാജ്യക്കാര്‍ക്കും ഇല്ലാത്ത വിധം എണ്ണമറ്റ സംഘടനകളാണ് മലയാളികള്‍ക്കുള്ളത്. പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ വരെ ഗള്‍ഫില്‍ സജീവം.
എഴുപതുകളുടെനല്ലകാലം
പെട്രോ ഡോളറിന്റെ തുടക്ക ദശാബ്ദങ്ങളില്‍ തൊഴില്‍ ശക്തിയായി മാറാന്‍ മറ്റു പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യക്കും സാധിച്ചു. എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരും വ്യവസ്ഥാപിത രീതിയില്‍ പ്രവര്‍ത്തിക്കുന്ന മേലേക്കിട ജീവനക്കാരും. ഈ രണ്ടു കൂട്ടരും ഗള്‍ഫിനു വേണമായിരുന്നു. തെരഞ്ഞെടുപ്പില്‍ വര്‍ണ, വംശ, ദേശ വിവേചനം ഒട്ടും ഉണ്ടായില്ല. പദ്ധതികളും സേവനങ്ങളും മികച്ച രീതിയില്‍ നടപ്പാക്കുക. ഗള്‍ഫ് ഭരണകൂടങ്ങള്‍ റിക്രൂട്ട്‌മെന്റ് ഘട്ടത്തില്‍ പരീക്ഷിച്ചത് കഴിവും പ്രാപ്തിയും മാത്രം. കൂറു തെളിയിക്കാന്‍ കഴിഞ്ഞവര്‍ ഗള്‍ഫിനു പ്രിയപ്പെട്ടവരായി. രാജ്യങ്ങള്‍ വളര്‍ന്നു. അതിന്റെ തണല്‍പറ്റി പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും.
തൊണ്ണൂറുകളോടെ, ഗള്‍ഫ് രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടില്‍ കാതലായ മാറ്റം വന്നു.വഴിമാറി വെട്ടാന്‍ അവരുറച്ചു. രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഇതിനു കാരണമായി.സ്വന്തം ജനതയിലെ വിദ്യാസമ്പന്നര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുക അവരുടെ പ്രധാന ലക്ഷ്യമായി. 'സ്വദേശിവത്കരണം' പ്രവാസികള്‍ക്ക് പേടിസ്വപ്‌നമായി. അടിത്തട്ടിലെ സമ്മര്‍ദം മുന്‍നിര്‍ത്തിയാണ് ഓരോ ഗള്‍ഫ് രാജ്യവും സ്വദേശിവത്കരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും.1940-നു മുമ്പ് തൊഴില്‍ തേടിയുള്ള പ്രവാസം കുറവായിരുന്നു. മുപ്പതുകളിലെ ആഗോള സാമ്പത്തിക മാന്ദ്യവും, രണ്ടാം ലോക യുദ്ധവും മലയാളികളുടെ പുറപ്പെട്ടുപോകലിന് പ്രേരണയായി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധി പ്രവാസത്തിന് കൂടുതല്‍ വ്യാപ്തി പകര്‍ന്നു. സിലോണിലെ തേയിലത്തോട്ടങ്ങള്‍ ഒരു കാലത്ത് കുറേ മലയാളികള്‍ക്ക് ഉപജീവന വഴിയൊരുക്കിയിരുന്നു.എഴുപതുകളോടെയാണ് മലയാളിക്ക് ഗള്‍ഫ് തുണയാകുന്നത്. എണ്ണവിപണി ശക്തിയാര്‍ജിച്ചതും വികസന സ്വപ്‌നങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ചുവടുവെച്ചതും മലയാളി പ്രവാസത്തിന് പുതിയ സാധ്യതകള്‍ നല്‍കി.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളില്‍ നല്ലൊരു പങ്കും ഗള്‍ഫ് തന്നെയാണ് തെരഞ്ഞെടുത്തത്. യു.എ.ഇയിലും സുഊദി അറേബ്യയിലുമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍. ആദ്യകാല പ്രവാസികളില്‍ അധികവും തൊഴില്‍ വൈദഗ്ധ്യമോ കാര്യമായ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവരായിരുന്നു. തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ ശക്തമായതോടെ നൈപുണ്യ വികസനം തൊഴില്‍ ലഭ്യതയുടെ അടിസ്ഥാന മാനദണ്ഡമായി മാറിയത് പിന്നിട്ട ദശാബ്ദത്തോടെയാണ്. ആദ്യകാലത്ത് മലയാളികള്‍ സ്വാധീനം പടര്‍ത്തിയ കസ്റ്റമര്‍ കെയര്‍ ഉള്‍പ്പെടെ പല തൊഴില്‍ മേഖലകളും അന്യദേശക്കാര്‍ കൈയടക്കി എന്നതും കാണാതെ പോകരുത്. ആവശ്യമായ പരിശീലനവും മറ്റും ഇല്ലാതെ പോയതിന് നല്‍കേണ്ടിവന്ന വില വളരെ വലുതാണ്.
മാറ്റത്തിന്റെ വഴിയില്‍ പ്രവാസം
യു.എന്‍ കണക്കുപ്രകാരം 24 കോടിയാണ് ലോകത്ത് പ്രവാസികളുടെ എണ്ണം. 1990 മുതല്‍ 2015 വരെ പ്രവാസികളുടെ എണ്ണത്തില്‍ 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. രണ്ടു കോടിയോളം വരും ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം. ഏറ്റവും വലിയ ഡയസ്‌പോറ കമ്യൂണിറ്റി മിക്ക രാജ്യങ്ങളിലും ഇന്ത്യക്കാര്‍ തന്നെ. മലയാളി പ്രവാസത്തെ കുറിച്ച കണക്കുകള്‍ ഇപ്പോഴും വസ്തുതാപരമല്ല.1996-ല്‍ പത്തു ലക്ഷമാണ് മലയാളി പ്രവാസികളുടെ എണ്ണം. 2008-ല്‍ 20 ലക്ഷം. തുടര്‍ന്ന് 2013-ല്‍ 24 ലക്ഷമായി ഉയര്‍ന്നു. 2018-ല്‍ പുറത്ത് വന്ന ഏറ്റവും പുതിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ 21.21 ലക്ഷം മാത്രമാണ്.ആകര്‍ഷകമല്ലാത്ത ശമ്പളം, പ്രവാസം സ്വീകരിക്കുന്നതിലെ താല്‍പര്യക്കുറവ്, തദ്ദേശീയ തൊഴില്‍ സാധ്യതകളുടെ വികാസം, ഗള്‍ഫ് സ്വദേശിവത്കരണം എന്നിവയാണ് ഈ എണ്ണക്കുറവിന് പ്രധാന കാരണം.
കേരളത്തിലെ തൊഴിലില്ലായ്മയുടെ ആഘാതം കുറക്കാന്‍ ഗള്‍ഫിന് വലിയൊരു പരിധിവരെ സാധ്യമാവുകയുണ്ടായി. 2013-ല്‍ 71,142 കോടി രൂപയായിരുന്നു കേരളത്തില്‍ പ്രവാസികളിലൂടെ വന്നുചേര്‍ന്നത്. 2017-ല്‍ ഇത് 1.5 ലക്ഷം കോടി രൂപയായി. 2016 സാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 36.3 ശതമാനം വരുന്നതാണ് ഈ തുക.കേരളത്തിന്റെ മൊത്തം കടബാധ്യതയുടെ 60 ശതമാനം വരെ വീട്ടാന്‍ സാധിക്കുമാറ് വിപുലമാണ് ഈ റെമിറ്റന്‍സ് തുക. 'കേരള മോഡല്‍' എന്ന വിശേഷണത്തിന് അടിത്തറയായി മാറുന്നത് പ്രവാസം തന്നെയാണെന്ന് തുറന്നു സമ്മതിക്കാന്‍ പക്ഷേ, പലര്‍ക്കും മടിയാണ്.ഗള്‍ഫിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യവും ചില ഘട്ടങ്ങളില്‍ റെമിറ്റന്‍സിനെ ഉലയ്ക്കുകയും അതിന്റെ പ്രകമ്പനം കേരളം നേര്‍ക്കുനേരെ അഭിമുഖീകരിക്കുകയും ചെയ്തതാണ്.
പോയവര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ മുഖേന 80 ബില്യനാണ് ഇന്ത്യക്ക് ലഭിച്ചത്. രണ്ടു കോടിയോളം ഇന്ത്യക്കാരുണ്ട് പുറത്ത് ജോലി ചെയ്യുന്നവരായി. കയറ്റിറക്കുമതിയേക്കാള്‍ റെമിറ്റന്‍സ് തന്നെയാണ് ഇന്ത്യക്ക് എല്ലാ നിലക്കും ലാഭം. ഒരുവിധ ആനുകൂല്യങ്ങളും നല്‍കാതെ വന്നുചേരുന്നതാണ് റെമിറ്റന്‍സ് തുക. എന്നിട്ടും പുനരധിവാസം നമ്മുടെ അജണ്ടയില്‍ വരുന്നേയില്ല. മലയാളികളേക്കാള്‍ ഉത്തരേന്ത്യയില്‍നിന്നും മറ്റുമുള്ള സാധാരണ തൊഴിലാളികള്‍ക്കാണ് നാട്ടിലേക്ക് കൂടുതലായി മടങ്ങേണ്ടി വന്നത്.
രാഷ്ട്രീയ സംവിധാനങ്ങളുടെ തിരസ്‌കാരം
രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണമറ്റ പോഷക സംഘടനകളാണ് പ്രവാസത്തെ ജീവത്താക്കി നിര്‍ത്തുന്നത്. ഔദ്യോഗിക സ്വഭാവം കുറവാണെങ്കില്‍ തന്നെ, ഇവയെ ചേര്‍ത്തു നിര്‍ത്തുന്ന വിപുലമായ ഏകോപന സമിതികള്‍ ഉണ്ട്. പ്രവാസി വോട്ടുകളെ സ്വാധീനിക്കുക, നേതാക്കള്‍ക്ക് പ്രവാസ ലോകത്ത് വേദിയൊരുക്കുക, നാട്ടിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുകയാണ് സംഘടനകളില്‍ അധികവും. ജീവകാരുണ്യ രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചില കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ മുഖ്യധാരാ പാര്‍ട്ടികളുടെ അജണ്ടയില്‍ പ്രവാസി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഈ പോഷക സംഘടനകള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.
ഗള്‍ഫിലെ ജീവകാരുണ്യ രംഗത്ത് സംഘടനകളേക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നത് ഒറ്റപ്പെട്ട ചില വ്യക്തികളാണ്. ഒന്നും കാംക്ഷിക്കാതെ മനുഷ്യരുടെ വേദന അകറ്റാനും സാന്ത്വനം പകരാനും മുന്നിട്ടിറങ്ങുന്നവര്‍.പ്രവാസികളുടെ മൃതദേഹങ്ങളോടു ആദരവ് പ്രകടിപ്പിക്കാന്‍ പോലുമുള്ള വളര്‍ച്ച നമ്മുടെ ജനായത്തം ഇനിയും നേടിയിട്ടില്ല. മൃതദേഹത്തിന്റെതൂക്കം നോക്കി നിരക്ക് നിശ്ചയിക്കുകയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍! പാവപ്പെട്ടവനാണെന്ന് ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ കത്തുകള്‍ നല്‍കിയാല്‍ മൃതദേഹം സൗജന്യമായി കൊണ്ടുപോകും. കാലവിളംബം ഉണ്ടാകുമെന്നു കരുതി ബന്ധുക്കള്‍ പണം ഇരന്നു വാങ്ങി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന സാഹചര്യമാണുള്ളത്. ഫിലിപ്പീന്‍സ്, പാകിസ്താന്‍ ഉള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളും മൃതദേഹം സൗജന്യമായി കൊണ്ടു പോകുമ്പോഴും ഇന്ത്യന്‍ പരേതര്‍ക്ക് ആ കരുതല്‍ അവസാനയാത്രയിലും നിഷേധിക്കപ്പെടുകയാണ്.
പ്രവാസികളും പഠിക്കണം
സാമ്പത്തിക അജണ്ട ഒരു കാലത്തും പ്രവാസികള്‍ക്ക് ഉണ്ടായിട്ടില്ല. ആയുസ്സിന്റെ നല്ലൊരു പങ്കും മരുഭൂമിക്ക് നല്‍കിയവരില്‍ വലിയൊരു വിഭാഗം വെറും കൈയോടെ മടങ്ങേണ്ടി വന്നു. സ്വന്തം വരുമാനം കുടുംബത്തെ പോലും അറിയിക്കാന്‍ മടിച്ചവര്‍. നാട്ടില്‍നിന്നുള്ള അനാവശ്യത്തിനും ആര്‍ഭാടത്തിനും ചോദിച്ച തുക കടം വാങ്ങി അയച്ചു കൊടുത്തവര്‍. വരുമാനം പ്രശ്‌നമാക്കാതെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ വായ്പയെടുത്ത് ജീവിതം ആഘോഷിച്ചവര്‍. അങ്ങനെ പലരും ഉണ്ട് കൂട്ടത്തില്‍. നിനച്ചിരിക്കാതെ തൊഴില്‍ നഷ്ടം സംഭവിച്ചപ്പോള്‍ നാട്ടിലേക്ക് പോലും മടങ്ങാന്‍ കഴിയാതെ കടക്കെണിയുടെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിയേണ്ടിവന്നവരും ധാരാളം.
ഇതിനു പുറമെ പ്രവാസികളെ ഉന്നം വെച്ചുള്ള പലവിധ തട്ടിപ്പുകളില്‍ തലവെച്ചുകൊടുത്ത മറ്റൊരു കൂട്ടരും.വലിയ ലാഭവിഹിതവും പലിശയും വാഗ്ദാനം ചെയ്യുന്ന ചിട്ടികള്‍ മുതല്‍ ഫഌറ്റ് തട്ടിപ്പുകളില്‍ വരെ പണം നഷ്ടപ്പെട്ട പ്രവാസികള്‍ നിരവധി. ഫഌറ്റ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്. നിരവധി പദ്ധതികള്‍ ഗള്‍ഫുകാരന്റെ പണവുമായി മുങ്ങിയപ്പോള്‍ രാഷ്ട്രീയ സംവിധാനങ്ങളും നോക്കുകുത്തികളായി.കൃത്യമായ സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കാതെ പോയി. അതുകൊണ്ടുതന്നെ ഉല്‍പാദനപരമല്ലാത്ത വഴികളിലേക്കാണ് ധനം പ്രവഹിച്ചത്. ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. കെട്ടിട നിര്‍മാണം, ആര്‍ഭാടം, ഉപഭോഗാസക്തി എന്നിവയിലേക്ക് പ്രവാസി സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ചോര്‍ന്നു.
അപ്രതീക്ഷിത തിരിച്ചടിയില്‍ ശാരീരികവും മാനസികവുമായ തകര്‍ച്ചയിലാണ് പലരും. ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ചെലവുകളില്‍ മാറ്റമില്ല. ഈ സാഹചര്യത്തില്‍ എത്രകണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്ന ചോദ്യം ഉയരുന്നു. കേരളത്തിന്റെ സാമ്പത്തിക പിന്‍ബലത്തെയും ഇത് ബാധിക്കും. സാമൂഹിക പ്രത്യാഘാതം എന്നത് സാമ്പത്തിക പിന്‍ബലത്തെ ആശ്രയിച്ചു നില്‍ക്കുന്നു. പഴയ കാഴ്ചപ്പാടുകളിലും ജീവിതരീതികളിലും മാറ്റം വരണം. പുതിയ കാലവും അതിന്റെ ആഘാതവും തിരിച്ചറിഞ്ഞു വേണം ജീവിതം രൂപപ്പെടുത്താന്‍.
പ്രവാസവും കേരളവും
വിദേശ മലയാളികള്‍ അയക്കുന്ന പണം കേരളത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ ഇന്നും മുഖ്യഘടകം തന്നെ. മണി ഓര്‍ഡര്‍ ഇക്കോണമി എന്ന് കേരള സമ്പദ് ഘടന അറിയപ്പെടുന്നതും വെറുതെയല്ല. എന്നാല്‍ പിന്നിട്ട ഒരു ദശാബ്ദത്തില്‍ പ്രവാസത്തിന്റെ തിരിച്ചൊഴുക്ക് സൂചനകള്‍ ശക്തമാണ്. റെമിറ്റന്‍സില്‍ വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടായില്ലെന്നു സമാധാനിക്കാം. എന്നാല്‍ താഴേക്കിട തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ യാഥാര്‍ഥ്യം തന്നെയാണ്. കേരള പ്രവാസത്തെക്കുറിച്ച് സമഗ്ര പഠനം നടത്തിയ തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസും ഇതു ശരിവെക്കുന്നു.2018-ലെ പഠന റിപ്പോര്‍ട്ട് പ്രവാസിമലയാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി രേഖപ്പെടുത്തി. തുടര്‍ന്നുള്ള സംഭവപരമ്പരകള്‍ ആ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. പ്രവാസം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന സി.ഡി.എസ് സാമൂഹിക ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ക്ക് പക്ഷേ, അത്ര ആധികാരികതയില്ല എന്നു പറയേണ്ടിവരും. ഗള്‍ഫിന്റെ സവിശേഷ സാഹചര്യവും ഭാവി പദ്ധതികളെ കുറിച്ച ഉള്‍ക്കാഴ്ചയും ഇല്ലാതെ പോകുന്നതാണ് സി.ഡി.എസ് പഠനങ്ങളുടെ ഏറ്റവും വലിയ പരിമിതി.
പ്രവാസികളുടെ പണം ഉല്‍പാദനക്ഷമതയുള്ള മേഖലകളിലേക്ക് വഴിമാറ്റാന്‍ ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങള്‍ക്ക് ഭാവനാസമ്പന്നമായ പദ്ധതികളുണ്ട്. നികുതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കി പ്രവാസികള്‍ക്ക് ആകര്‍ഷകമായ നിക്ഷേപ സാധ്യതകള്‍ ആ രാജ്യങ്ങള്‍ ഒരുക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടും മറ്റും തിരിച്ചുവന്നവര്‍ക്ക് സ്വയം സംരംഭകത്വ സാധ്യതകള്‍ രൂപപ്പെടുത്തണം. പ്രവാസികളുടെ തിരിച്ചൊഴുക്കിനെ അതിജീവിക്കാന്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഈടുറപ്പുള്ള ബദലുകള്‍ കണ്ടെത്തണം.പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സങ്കീര്‍ണ ജീവിത സമസ്യകളാണ് രൂപപ്പെടുത്തുന്നത്. പെട്ടെന്ന് രൂപപ്പെട്ട ഒഴുക്കല്ല ഇത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശം സൃഷ്ടിച്ച ആഘാതം കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കി. പിന്നിട്ട രണ്ടു പതിറ്റാണ്ടുകളില്‍ തിരിച്ചിറക്കത്തിന് ആക്കം കൂടി. രണ്ടായിരത്തി എട്ടില്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഒഴിച്ചുപോക്ക് ഉണ്ടായി. നിത്താഖാത് ഭീഷണി മൂലം ഇടത്തരക്കാരും സാധാരണക്കാരും നാടുപിടിക്കേണ്ട അവസ്ഥ വന്നുപെട്ടു.രാഷ്ട്രീയ, സാമ്പത്തിക തിരിച്ചടികളുടെ ഫലം.
കോവിഡ് പ്രതിസന്ധിയുടെ വ്യാപ്തി പ്രവചനാതീതം.കോവിഡ്പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷത്തോളം പേരാണ്.പുതിയ സാഹചര്യത്തില്‍ ഗള്‍ഫില്‍ വലിയ മാറ്റം ഉണ്ടാകും. തൊഴില്‍ മേഖല അപ്പാടെ ഉടച്ചുവാര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷിക മേഖലയിലും മറ്റും കൂടുതല്‍ നിക്ഷേപം നടത്താന്‍ ഭരണകൂടങ്ങള്‍ തയാറെടുക്കുകയാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളും ഈ ദിശയിലാണ് ചിന്തിക്കുന്നത്.മടങ്ങിയെത്തുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ അജണ്ടയില്‍ ഇടം പിടിച്ചിട്ടില്ല.വിദേശത്ത് പണിയെടുക്കുമ്പോള്‍ നാടിന്റെ സമ്പദ് ഘടനയെ പ്രത്യക്ഷമായും പരോക്ഷമായും ശക്തിപ്പെടുത്തിയവരാണ് പ്രവാസികള്‍. പക്ഷേ, പ്രതികൂല സാഹചര്യത്തില്‍, കരുതലായി കൂടെ നില്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുകയാണ്.
കോവിഡാനന്തര പ്രവാസം
കോവിഡ് പ്രതിസന്ധി ആകസ്മികമായി വന്നുപെട്ട ഒന്നാണ്.വ്യാപക പിരിച്ചുവിടലുകള്‍ തുടരുകയാണ്. കമ്പനികള്‍ ചെലവ് ചുരുക്കി അതിജീവനം ഉറപ്പാക്കുന്നു. കോവിഡ് മൂലം 195 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് ഇന്റര്‍ നാഷ്‌നല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക്.നാല്‍പതു ലക്ഷത്തിലേറെയാകും പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന തൊഴില്‍നഷ്ടം. വാര്‍ഷിക ആനുകൂല്യങ്ങള്‍ പലര്‍ക്കും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അസാധാരണ വേളകളില്‍ കൈക്കൊള്ളുന്ന അസാധാരണ നടപടികളായതിനാല്‍ സംരക്ഷണ കവചങ്ങള്‍ക്ക് പ്രസക്തിയില്ല.തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ പോലും പലര്‍ക്കും ലഭിക്കാതെ പോകുന്നു.
സര്‍ക്കാര്‍ കണക്കുപ്രകാരം ഇതിനകം ലക്ഷത്തിലേറെ മലയാളികള്‍ നാട്ടിലെത്തി. അവരില്‍ അമ്പതു ശതമാനവും തൊഴില്‍നഷ്ടം സംഭവിച്ചവര്‍. തഴേക്കിട, മേത്തരം, മധ്യവര്‍ഗത്തില്‍ പെട്ടവരൊക്കെയുണ്ട് മടങ്ങിയവരില്‍. ഇവര്‍ക്ക് ഉപജീവന വഴികള്‍ കണ്ടെത്തുക എളുപ്പമല്ല എന്നിരിക്കെ, സര്‍ക്കാര്‍ പദ്ധതിയിലും നടപടികളിലും പ്രതീക്ഷ കുറവാണ്. അതേ സമയം സര്‍ക്കാര്‍ പക്ഷത്തു നിന്ന് ഒരു കരുതല്‍ ഉണ്ടാകാതെ രക്ഷയില്ല.
'ഡ്രീം കേരള' പദ്ധതിയുണ്ട്. പക്ഷേ, അതില്‍ എത്രമാത്രം വിജയിക്കും? പ്രവാസികളുടെ പുനരധിവാസം മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനവും ഒരുമിച്ചു ചേര്‍ക്കുകയാണ് 'ഡ്രീം കേരള' പദ്ധതി.രണ്ടും ഒന്നിച്ചുപോകേണ്ട ഒന്നാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അതാണെന്ന് മറുപക്ഷവും.
തിരിച്ചെത്തിയ മനുഷ്യരെ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. അവരില്‍ അസാമാന്യ വൈദഗ്ധ്യമുള്ളവര്‍ ധാരാളം. അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലിടങ്ങളില്‍ ആധുനിക യന്ത്രസംവിധാനങ്ങളുമായുള്ള അടുപ്പവും അറിവും അവരുടെ മുതല്‍ക്കൂട്ടാണ്. ഈ വൈദഗ്ധ്യം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമോ എന്നതാണ് കാതലായ ചോദ്യം.
പദ്ധതിക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പിന്നിട്ട രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ലോക കേരള സഭയുടെ ബാനറിലായിരുന്നു അതൊക്കെയും.2018 ജനുവരിയില്‍ തുടക്കം കുറിച്ചതാണ് ലോക കേരള സഭ. ഈ കാലയളവില്‍ കാര്യമായി നടന്നതുംചര്‍ച്ച തന്നെ.ഒപ്പം ചില ഒത്തുചേരലുകളും. പ്രവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആവശ്യങ്ങളിലും ചര്‍ച്ച നടന്നിരുന്നു. അതിലൂടെ തീരുമാനം കൈക്കൊണ്ട വിഷയങ്ങളും കുറവല്ല.
പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുടുംബാംഗങ്ങളെക്കൂടി ചേര്‍ത്ത് വിപുലമാക്കുക, റിസര്‍വ് ബാങ്ക് അനുമതി കിട്ടിയാലുടന്‍ കേരള ബാങ്ക് ആരംഭിക്കുക, പോലീസ് ക്ലിയറന്‍സ് ഓണ്‍ലൈന്‍ മുഖനയാക്കുക, കിഫ്ബി ബോണ്ട് ഡോളറില്‍ നിക്ഷേപിക്കാന്‍ നടപടി സ്വീകരിക്കുക, പ്രവാസി സഹകരണത്തോടെ മേത്തരം ആരോഗ്യസ്ഥാപനം ആരംഭിക്കുക, ഫിനിഷിങ് സ്‌കൂളുകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുക എന്നിങ്ങനെ എത്രയെത്ര നിര്‍ദേശങ്ങള്‍!
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനം മറന്നിട്ടുണ്ടാവില്ല. ഏഴ് ഉപസമിതികള്‍ ചേര്‍ന്ന് 48 നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. ഇവ ക്രോഡീകരിച്ച് പത്തെണ്ണമാക്കി പ്രതിനിധി ചര്‍ച്ചയില്‍ അവതരിപ്പിച്ചതുമാണ്. തുടര്‍ നടപടി ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. കോവിഡ് പ്രതിസന്ധി കൂടി ആയതോടെ എല്ലാം നിശ്ചലം.
ഇരുട്ടടിയുടെ തുടര്‍ച്ചകള്‍
കൊറോണാ വൈറസ് വ്യാപനം കൂടിയായതോടെ എണ്ണയുടെ കഷ്ടകാലം തുടരുകയാണ്.ഗള്‍ഫ് സമ്പദ് ഘടനയുടെ അടിത്തറ എണ്ണയാണെന്നിരിക്കെ, പുതിയ പ്രതിസന്ധി മറികടക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും. മൂല്യവര്‍ധിത നികുതി അഞ്ചില്‍നിന്ന് 15 ശതമാനമാക്കിയ സുഊദി നടപടി മുന്നറിയിപ്പാണ്. വരുമാന നികുതി ഉള്‍പ്പെടെ പല അസാധാരണ നടപടികളും ഗള്‍ഫിനു മുമ്പാകെയുണ്ട്.വ്യോമയാനം, ടൂറിസം മുതല്‍ റീട്ടെയില്‍ സെക്ടറിനെ വരെ പ്രതിസന്ധി ബാധിച്ചുകഴിഞ്ഞു. എണ്ണമറ്റ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മുടങ്ങി. വന്‍കിട വിമാന കമ്പനികളെ പോലും പ്രതിസന്ധി ബാധിച്ചു. സ്വയം സന്നദ്ധ അവധിക്ക് ജീവനക്കാരെ നിര്‍ബന്ധിക്കുകയാണ് കമ്പനികള്‍. എണ്ണവിലയിടിവും സാമ്പത്തിക തിരിച്ചടികളും ചേര്‍ന്ന് ഓഹരി വിപണികളെയും കടപുഴക്കി.വിമാനക്കമ്പനികളുടെ മാത്രം നഷ്ടം 11300 കോടി ഡോളര്‍. യാത്രക്കാര്‍ കുറഞ്ഞതോടെ വരുമാനവും ഇടിഞ്ഞു. തിരിച്ചടിയുടെ വ്യാപ്തി വലുതായിരിക്കുമെന്ന്ഇന്റര്‍നാഷ്‌നല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍, പ്രതിസന്ധി ഒരു യാഥാര്‍ഥ്യമാണ്. കൊറോണയുടെ തുടര്‍ പ്രത്യാഘാതങ്ങളും. ഒളിച്ചോട്ടം കൊണ്ടായില്ല. കൃത്യമായ വിലയിരുത്തലും പ്ലാനിംഗും നിര്‍ബന്ധം. രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതു ബാധകം. തിരിച്ചടിയുടെ, ഭാവി പ്രത്യാഘാതങ്ങളുടെ യാഥാര്‍ഥ്യബോധത്തോടെയുള്ള കണക്കെടുപ്പാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് പുനരാലോചനയും അടിയന്തര പുനഃക്രമീകരണവും. അനാവശ്യമെന്നു കാണുന്ന മുഴുവന്‍ ചെലവുകളും ഒഴിവാക്കിയേ തീരൂ. ഒപ്പം മിതവ്യയത്തിന്റെ നല്ല പാഠങ്ങളുടെ പ്രയോഗവത്കരണവും.
തൊഴില്‍ നഷ്ടം ഉള്‍പ്പെടെ തിരിച്ചടി മുന്നില്‍ കണ്ടുള്ള ബദല്‍ ക്രമീകരണവും പരദേശികള്‍ക്ക് വേണം.പുതിയ കടബാധ്യതകള്‍ സാധ്യമാകുന്നത്ര വര്‍ജിച്ചേ തീരൂ.വരവിനൊത്ത ചെലവു കൊണ്ട് മാത്രം രക്ഷപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഭാവിമെച്ചം മുന്നില്‍ കണ്ടുള്ള ആസൂത്രണം കൂടി വേണം. എങ്കില്‍ ഈ പ്രതിസന്ധിയും നാം അതിജീവിക്കുക തന്നെ ചെയ്യും.
Comments