Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

പ്രവാസി പുതുക്കിപ്പണിത വിദ്യാഭ്യാസ മേഖല

ഡോ. ബദീഉസ്സമാന്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് ലഖ്‌നൗവിലെ ബഡാ ഇമാം ബാഢ സന്ദര്‍ശിച്ച സമയത്ത് അവിടെ ശ്രദ്ധയില്‍ പെട്ട ഒരു ശിലാഫലകമുണ്ട്. അവധിലെ നവാബായിരുന്ന ആസഫുദ്ദൗല 1784-'91 കാലത്ത് കൊടും ക്ഷാമത്തെ നേരിടാന്‍ പണി കഴിപ്പിച്ചതാണത് എന്ന് പ്രസ്താവിക്കുന്ന ഒന്ന്. രാജാക്കന്മാരെടുപ്പിച്ച കോട്ടകളെയും കൊട്ടാരങ്ങളെയും ധൂര്‍ത്തിന്റെയും അഹങ്കാരത്തിന്റെയും അടയാളങ്ങളായി മാത്രം കാണുന്നതിനു പകരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വഴി സമൂഹത്തിലെ പണ ചംക്രമണവും അതുവഴി സാമ്പത്തിക പുരോഗതിയും ഉറപ്പു വരുത്തുന്ന മഹിതമായ കാര്യമായി കാണാനാവുമെന്ന തിരിച്ചറിവാണ് ആ ശിലാഫലകം നല്‍കിയത്.
കഴിഞ്ഞ 45 കൊല്ലം കേരളം പട്ടിണി കിടക്കാതെ ജീവിക്കാന്‍ സ്വന്തം ജീവിതകാലം ബലി കൊടുത്ത പ്രവാസികളുടെ ധൂര്‍ത്തുകളെ കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോഴൊക്കെ ആ ശിലാഫലകം മനസ്സില്‍ തെളിയും. വലിയ വീടുകള്‍, മുന്തിയ വാഹനങ്ങള്‍, ചാരുതയാര്‍ന്ന പള്ളികള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുന്തിയ ഫാഷനുകള്‍ക്കാവശ്യമായ വസ്ത്രവ്യാപാര ശൃംഖലകള്‍, മാറിയ ഭക്ഷണ സങ്കല്‍പങ്ങള്‍, വിവാഹ - ജ്വല്ലറി മാര്‍ക്കറ്റുകള്‍....... പ്രവാസം കൊണ്ടുവന്നവയില്‍ ചിലതാണിവ. ഇതിന്റെയൊക്കെ ഗുണദോഷങ്ങളെ കുറിച്ച് നമുക്ക് തര്‍ക്കിക്കാം. പക്ഷേ, കഴിഞ്ഞ 40 കൊല്ലക്കാലം ഇവയൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച അനുസ്യൂത പണമൊഴുക്ക് നാടിന്റെ സാമ്പത്തിക മേഖലയെ ജീവസ്സുറ്റതാക്കിയതിന്റെ ഗുണഫലം ഒന്നിച്ചനുഭവിച്ചവരാണ് കേരളീയര്‍. എന്നിട്ടും നമ്മുടെ സിനിമകളും മധ്യവര്‍ഗ കുശുമ്പും അസൂയയും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത നെഗറ്റീവ് പ്രതിഛായയുടെ തണലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവനായി പ്രവാസി. തനിക്കില്ലാത്ത പണം അയല്‍ക്കാരനുണ്ടാകുമ്പോള്‍ കട്ടുകൊണ്ടുവന്നതോ അല്ലെങ്കില്‍ നിധി കിട്ടിയതോ ആവുമെന്ന് കരുതുന്ന ശരാശരി മലയാളി ബുദ്ധിയില്‍ ഉറച്ചുപോയതാണ് പ്രവാസിയുടെ കള്ളപ്പണ ഇമേജ് എന്നാണ് തോന്നാറുള്ളത്.

പ്രവാസവും വിദ്യാഭ്യാസവും

വിദ്യാഭ്യാസമില്ലാത്തവന്റെ നിര്‍വാഹമില്ലായ്മയുടെ സ്വാഭാവിക പരിണതിയായാണ് പ്രവാസം തുടക്കത്തില്‍ ഗണിക്കപ്പെട്ടത്. വിദ്യാഭ്യാസമില്ലാതെ ഗള്‍ഫില്‍ പോവേണ്ടിവന്നവന്റെ മക്കള്‍ എന്ന ദുഷ്‌പേര് ആദ്യകാല പ്രവാസികളുടെ മക്കള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ അനുഭവിച്ചു. പിന്നീട് പ്രവാസം മൂലം സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ പ്രവാസിയുടെ മക്കളുടെ ചെയ്യാതെ പോയ ഹോം വര്‍ക്കുകളുടെയും മതിലുചാട്ടത്തിന്റെയുമൊക്കെ കുറ്റം ഗള്‍ഫ് പണത്തിന്റെ അഹങ്കാരത്തിനായി. ഇതെല്ലാം കേട്ടും അനുഭവിച്ചും പിന്നീട് ഗള്‍ഫിലെത്തിയ തലമുറ നടത്തിയ മധുര പ്രതികാരമായാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് തൊണ്ണൂറുകളുടെ തുടക്കം മുതലുണ്ടായ കുതിച്ചുചാട്ടത്തെ കാണാനാവുക. സംസ്ഥാനത്തിന്റെ മറ്റേത് രംഗത്തെയും പോലെ ഗള്‍ഫ് പ്രവാസത്തിന്റെ സ്വാധീനം മൈനസ് ചെയ്താല്‍ വളരെ ശുഷ്‌കിച്ച ഒന്നായാവും വിദ്യാഭ്യാസ രംഗത്തെയും നമുക്ക് കാണാനാവുക. പ്രത്യേകിച്ചൊരു മുന്നൊരുക്കവുമില്ലാതെ പോയിത്തുടങ്ങിയ പ്രവാസികള്‍ മറുനാട്ടിലെ ട്രെന്റിനനുസരിച്ച് നാട്ടിലെ തങ്ങളുടെ ആശ്രിതരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നാടിന്റെ വിദ്യാഭ്യാസ മേഖലയിലും ഗള്‍ഫില്‍ പോകുന്നവരുടെ പ്രൊഫൈലിലും വലിയ മാറ്റങ്ങളാണുണ്ടായത്.

ഗള്‍ഫ് വരുത്തിയ മാറ്റം

നമ്മുടെ നാട്ടില്‍നിന്ന് ആളുകള്‍ നാടു വിട്ടു പോയിരുന്നത് ഗള്‍ഫിലേക്ക് മാത്രമല്ല. പക്ഷേ, നമ്മുടെ നാടിന്റെ മുഖഛായ മാറ്റുംവിധം ആളുകളുടെ കുത്തൊഴുക്കും അതുവഴി പണത്തിന്റെ തിരിച്ചൊഴുക്കും സാധിതമാക്കിയത് ഗള്‍ഫ് പ്രവാസമാണ്. അതിനാല്‍ പ്രവാസം എന്നത് നമ്മെ സംബന്ധിച്ചേടത്തോളം ഗള്‍ഫ് പ്രവാസം തന്നെയാണ്.
2016-'17-ല്‍ ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ പണമയപ്പിന്റെ 53.5 ശതമാനം 5 ജി.സി.സി രാജ്യങ്ങളില്‍നിന്നായിരുന്നു. ഇതില്‍ 26.9 ശതമാനവും യു.എ.ഇയില്‍നിന്നു തന്നെ. 2017-ല്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ 2.7 ശതമാനം ഇങ്ങനെയെത്തുന്ന പണത്തില്‍നിന്നാണെന്ന് അറിയുമ്പോഴാണ് പ്രവാസികള്‍ എങ്ങനെയാണ് നാടിന് താങ്ങാവുന്നത് എന്ന് മനസ്സിലാവുക. ഇപ്രകാരം ഗള്‍ഫുകാരന്റെ രക്തവും വിയര്‍പ്പും നാട്ടിലേക്കൊഴുകിയപ്പോഴാണ് കേരളം മികച്ച ജീവിതനിലവാര സൂചിക കൈവരിച്ചത്.
വിദ്യാഭ്യാസം സാര്‍വത്രികമാക്കിയതാണ് പ്രവാസിപ്പണം വരുത്തിയ ഏറ്റവും വലിയ മാറ്റം. ഓലപ്പുരയില്‍ കഴിഞ്ഞ് ചക്കക്കൂട്ടാനും കഞ്ഞിയും കഴിച്ച്, കപ്പത്തൊലി പോലും ഭക്ഷിച്ചിരുന്ന സാമൂഹിക സാഹചര്യത്തില്‍ പ്രൈമറിക്കപ്പുറമുള്ള വിദ്യാഭ്യാസം പാവപ്പെട്ടവന് ഒരു ആഡംബരമായിരുന്നു. ഗള്‍ഫ് ഉണ്ടാക്കിയ സാമ്പത്തിക ചലനത്തിന്റെ ഫലമായാണ് മലബാറില്‍ പത്താം ക്ലാസ് വരെയുള്ള പഠനം പൊതു രീതിയാകുന്നത്. പത്താം ക്ലാസ് വിജയശതമാനം പൊതുവെ കുറവായിരുന്നു ആദ്യകാലത്തെങ്കിലും പതിയെപ്പതിയെ വിജയത്തിന്റെ തോതും അതിനനുസൃതമായി ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നവരുടെ എണ്ണവും കൂടിവന്നു.

പ്രൈമറി മുതല്‍ പ്രഫഷണല്‍ വരെ

ഗള്‍ഫ് പണത്തിന്റെ വരവോടെ വിദ്യാഭ്യാസ മേഖലയിലാസകലം ഉണര്‍വുണ്ടായി. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് എടുത്തു പറയേണ്ട മാറ്റം. സമൂഹത്തിലെ സമ്പന്നരോ സവര്‍ണരോ ആയ ന്യൂനപക്ഷത്തിന്റെ സവിശേഷ ഇടങ്ങളായിരുന്ന വിദ്യാഭ്യാസ മേഖലകളിലേക്ക് ബഹുജനം കൂട്ടായി പ്രവേശിക്കുന്നത് ഗള്‍ഫിന്റെ പ്രഭാവത്തോടെയാണ്. എണ്‍പതുകളുടെ അവസാനം വരെ ബാലവാടി - അംഗനവാടികളിലായിരുന്നു പ്രീ-പ്രൈമറി വിദ്യാഭ്യാസമെങ്കില്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ അത് മിക്കവാറും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കിന്റര്‍ ഗാര്‍ട്ടനുകളിലേക്ക് മാറി. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വളര്‍ച്ച വഴി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഗള്‍ഫ് പണമാണ്. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പൊട്ടിപ്പൊളിഞ്ഞ ക്ലാസ്സ് റൂമും ഇരുന്നാല്‍ കിര്‍ കിര്‍ ശബ്ദമുണ്ടാക്കുന്ന ബെഞ്ചുകളും മൂക്കും കണ്ണും പൊത്തി മാത്രം കയറാവുന്ന മൂത്രപ്പുരകളും ഒരിക്കലും തുറക്കാത്ത ലൈബ്രറി ഷെല്‍ഫും കണ്ടാണ് പ്രവാസി വിമാനം കയറിയത്. ബ്യൂററ്റും പിപ്പറ്റുമൊക്കെ അധ്യാപകന്റെ കൈയിലെ പെന്‍സിലിലും പേനയിലുമൊക്കെ സങ്കല്‍പിക്കുന്നതായിരുന്നു അവന്റെ കെമിസ്ട്രി ക്ലാസ് അനുഭവങ്ങള്‍. സര്‍ക്കാര്‍ സര്‍വീസിന്റെ സുരക്ഷിതത്വവും ട്രേഡ് യൂനിയന്‍ സംഘബലവുമൊക്കെ കാരണം ഉത്തരവാദിത്തബോധമില്ലാതെ പെരുമാറുന്ന അധ്യാപകര്‍ നിരവധിയായിരുന്നു. നീയൊക്കെ പഠിച്ചില്ലേലും കുഴപ്പമില്ല, എനിക്ക് ശമ്പളം കിട്ടും എന്നത് അന്നത്തെ ക്ലാസ് റൂമിലെ സ്ഥിരം ഭീഷണിയായിരുന്നു. പക്ഷേ ലോകം കണ്ട പ്രവാസി സ്‌കൂളും കണ്ടു; ഇംഗ്ലീഷ് വിദ്യാഭ്യാസം ലോക മാര്‍ക്കറ്റിലേക്കുള്ള പാസ്‌പോര്‍ട്ടാണെന്ന് തിരിച്ചറിഞ്ഞു. സമൂഹത്തിലെ സന്നദ്ധ സംഘങ്ങള്‍ ഈ വികാരം ഏറ്റെടുത്തു; അങ്ങനെ നാട്ടില്‍ ചെറുതും വലുതുമായ നിരവധി സ്‌കൂളുകള്‍ വന്നു. വൃത്തിയും വെടിപ്പുമുള്ള വിദ്യാലയങ്ങള്‍ നാട്ടിലും സാധ്യമാണെന്ന് തെളിഞ്ഞു. ഒരേ റൂമില്‍ വടക്കോട്ട് തിരിഞ്ഞിരിക്കുന്നവര്‍ 2 എ ക്ലാസിലും കിഴക്കോട്ട് തിരിഞ്ഞിരിക്കുന്നവര്‍ 4 ബി ക്ലാസിലും പഠിക്കുന്ന രീതിക്ക് പകരം സ്വതന്ത്ര ക്ലാസ് റൂമുകളിലിരുന്ന് കുട്ടികള്‍ പഠിച്ചു തുടങ്ങി.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭൗതികസൗകര്യങ്ങളില്‍ മാത്രമല്ല പ്രവാസം മാറ്റങ്ങളുണ്ടാക്കിയത്. ഒറ്റക്ക് നാടു വിട്ടിരുന്ന ആദ്യ തലമുറ പ്രവാസികളില്‍നിന്ന് ഭിന്നമായി പിന്നീട് വന്നവര്‍ കുടുംബത്തോടൊപ്പം പോവുന്നത് വ്യാപകമായി. അതോടെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി തങ്ങളുടെ വിദേശ യാത്രക്ക് തടസ്സമാവാത്ത കരിക്കുലങ്ങള്‍ പ്രവാസി രക്ഷിതാക്കള്‍ക്ക് ആവശ്യമായി വന്നു. കേരള സര്‍ക്കാര്‍ സിലബസ് മാത്രം പഠിച്ചിരുന്നേടത്ത് CBSE, ICSE തുടങ്ങിയ ദേശീയ സിലബസുകള്‍ മുതല്‍ കഏഇടഋ അടക്കമുള്ള അന്താരാഷ്ട്രാ പഠന പദ്ധതികള്‍ വരെ കേരളത്തില്‍ വ്യാപകമായതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. കാല്‍ നൂറ്റാണ്ടിനിപ്പുറം, ലക്ഷക്കണക്കില്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നു എന്നതിനൊപ്പം പതിനായിരക്കണക്കില്‍ അധ്യാപകരും മറ്റു ജീവനക്കാരും ജോലിചെയ്യുന്ന വലിയൊരു തൊഴില്‍ മേഖലയായി സ്വകാര്യ സ്‌കൂള്‍ മേഖല മാറിയിരിക്കുന്നു.

സ്വാധീനം പൊതുമേഖലയിലും

സ്വകാര്യ മേഖലയുടെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഫലം അനുഭവിച്ചത് യഥാര്‍ഥത്തില്‍ പൊതു മേഖലയാണെന്നു പറയാം. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വന്‍തോതില്‍ വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടുന്നതു കാരണം ഭീഷണിയിലായ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ സൗകര്യങ്ങളിലും പഠന-ബോധന മേഖലകളിലും നവീകരണത്തിന് നിര്‍ബന്ധിതമായി. ഇന്ന് സര്‍ക്കാര്‍ - എയ്ഡഡ് സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പാകത്തില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആ അര്‍ഥത്തില്‍, പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുണ്ടായ വളര്‍ച്ചയിലും കേരളത്തിലെത്തിയ പ്രവാസി പണത്തിന്റെ സ്വാധീനമുണ്ടെന്നു കാണാം.
ഗള്‍ഫ് സ്വാധീനത്തില്‍ മുസ്‌ലിം സമൂഹത്തില്‍ വളര്‍ന്നുവന്ന സ്ഥാപനങ്ങളധികവും വികസിച്ചത് സമുദായ സംഘടനകളുടെയും സംവിധാനങ്ങളുടെയും കീഴിലാണ്. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വര്‍ധിതമായ അളവില്‍ ഫീസാനുകൂല്യങ്ങള്‍ നല്‍കി സാമൂഹികനീതി നിലനിര്‍ത്താന്‍ കാര്യമായി ശ്രമിക്കുന്നവയാണ് ഇവയില്‍ മിക്കതും. അതിനാല്‍ പൊതു സ്ഥാപനങ്ങളായി വേണം ഇവയെയും കണക്കു കൂട്ടാന്‍.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റം

ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടു തരത്തിലുള്ള മാറ്റങ്ങളാണ് മുഖ്യമായും പ്രവാസ സ്വാധീനത്താലുണ്ടായത്: ഒന്ന്, സ്ഥാപനങ്ങളുടെ എണ്ണത്തില്‍; രണ്ട്, കുട്ടികള്‍ പ്രവേശനം തേടുന്ന സ്ഥാപനങ്ങളുടെ സ്വഭാവത്തില്‍. സര്‍ക്കാര്‍ - എയ്ഡഡ് മാത്രമായിരുന്ന ഉന്നത - പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ കൂടി കടന്നുവരുന്നത് തൊണ്ണൂറുകളിലാണ്. ഒരുപാട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു ശേഷം 1994-ല്‍ കേരളത്തിലെ പൂര്‍ണ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജായി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് വന്നതോടെ സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു മേഖല തുറക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രം മതിയാകാതെ വരികയും ഉള്ള സ്ഥാപനങ്ങളുടെ വിതരണത്തില്‍ മേഖലാ വിവേചനങ്ങള്‍ നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ തുടക്കം ഒരുപാടു പേര്‍ക്ക് അവസരം തുറന്നു. ഗുണമേന്മയെ സംബന്ധിച്ച് വിമര്‍ശങ്ങളുണ്ടാവാമെങ്കിലും കൂടുതല്‍ പേര്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ ഇവക്ക് കഴിഞ്ഞു. പരമ്പരാഗത ബിരുദ കോഴ്‌സുകളില്‍ മാത്രം കിടന്ന് കറങ്ങിയിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് മാര്‍ക്കറ്റ് ഡിമാന്റിനനുസരിച്ച പുതുകോഴ്‌സുകള്‍ എത്തിത്തുടങ്ങിയത്  അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ വരവോടെയാണ്. ഒരേസമയം വിദ്യാഭ്യാസ പ്രവര്‍ത്തനമായും സാമ്പത്തിക പ്രവര്‍ത്തനമായും നടന്ന ഈ സംരംഭങ്ങളില്‍ മുടക്കുമുതലിന് ആശ്രയം ഗള്‍ഫ് പണം തന്നെയായിരുന്നു. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കു പുറമെ മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ലോ തുടങ്ങിയ മേഖലകളിലും സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. ഇവയില്‍ ചിലതൊക്കെ ആസൂത്രണക്കമ്മിയും നടത്തിപ്പിലെ പ്രശ്‌നവും കാരണം പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും മിക്കവയും അഭിമാനാര്‍ഹമായ രീതിയില്‍ സേവനം തുടരുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ പഠനം നടത്തിയ വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം ബിരുദ-ബിരുദാനന്തര പഠനത്തിനായി നാട്ടിലെ കോളേജുകള്‍ നല്‍കുന്ന exposure മതിയാവാതെ വന്നു. വിദേശ രാജ്യങ്ങളിലെ ബഹു സംസ്‌കാര (Multicultural)  അന്തരീക്ഷത്തില്‍ പഠിച്ച കുട്ടികളെ സംബന്ധിച്ചേടത്തോളം മഹാ നഗരങ്ങളിലെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു ഇന്ത്യക്കകത്ത് സ്വീകാര്യം. ഗള്‍ഫ് ബൂമിന്റെ ഫലമായി ഉയര്‍ന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം വിദ്യാഭ്യാസ പ്രോത്സാഹനങ്ങളുടേതും കരിയര്‍ ഓറിയന്റേഷന്റേതുമായ ഒരു അന്തരീക്ഷം കേരളത്തില്‍ വളര്‍ന്നുവന്നിരുന്നു. ഇതിന്റെയൊക്കെ ഫലമായി ദല്‍ഹിയും ഹൈദറാബാദും അലീഗഢും ചെന്നൈയും മറ്റു നഗരങ്ങളുമൊക്കെ കോഴിക്കോടും കൊച്ചിയുമൊക്കെ പോലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നഗരങ്ങളായി. വന്‍തോതിലുള്ള വിദ്യാര്‍ഥി കുടിയേറ്റമാണ് ഈ നഗരങ്ങളിലേക്ക് കഴിഞ്ഞ 15 കൊല്ലത്തിനിടയിലുണ്ടായത്. കേവല ഡിഗ്രിക്കപ്പുറം UGC NET, CSIR, GATE തുടങ്ങിയ മത്സര പരീക്ഷകളിലെ വിജയങ്ങളുമായാണ് ഇവരില്‍ പലരും മടങ്ങിയത്. ഈ പ്രവണത ഇപ്പോള്‍ രാജ്യാതിര്‍ത്തിയും കടന്ന് ലോകത്തെ മികച്ച യൂനിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങളുമായി വികസിച്ചിരിക്കുന്നു. അറിവിന്റെയും പഠനപ്രവര്‍ത്തനങ്ങളുടെയുമൊക്കെ വിശാലമായ ആകാശം ഇപ്രകാരം തുറന്നുതന്നത് ഗള്‍ഫ് പ്രവാസം കൊണ്ടുവന്ന സാമ്പത്തിക-സാമൂഹിക മാറ്റങ്ങളാണെന്ന് നാം നന്ദിപൂര്‍വം അനുസ്മരിച്ചേ പറ്റൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌