പടിഞ്ഞാറിലേക്ക് ഇസ്‌ലാമിന്റെ സേതുബന്ധനം
അത്യന്തം സന്ദിഗ്ധമായൊരു പടപ്പറമ്പിലെ സൈന്യാധിപനില്‍നിന്ന് ഖലീഫ അബൂബക്‌റിന് ഒരടിയന്തര ദൂത് വരുന്നു: 'യുദ്ധം കടുത്തു വരും. ആയിരം അശ്വസൈനികരുടെ ഒരു ദളം ഉടന്‍ സഹായത്തിനെത്തണം.' ആയിരം പോയിട്ട് അതിന്റെ പകുതിപോലും അയക്കാന്‍ പറ്റാത്ത ഖലീഫ ഒറ്റ സൈനികനെ അയച്ചുകൊടുത്തു. അത് അംറിന്റെ മകന്‍ ഖഅകാഇനെയാണ്. ഒപ്പം സൈനാധിപനായ ഖാലിദിന് ഒരെഴുത്തും: 'സൈന്യത്തെ അയക്കുന്നു. ഇത് ആയിരം അശ്വസേനക്ക് സമാനം.' തന്റെ പതിനേഴാം വയസ്സ് മുതല്‍ ഇസ്‌ലാമിന്റെ ഉയിര്‍പ്പിനും പ്രചാരണത്തിനുമായി കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ നെടുകെയും കുറുകെയും അവിശ്രമമായി ഓടിനടന്ന ഒറ്റയാള്‍ പടയാളിയുടെ ആത്മകഥക്ക് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ. ത്വാഹാ ജാബിര്‍ അല്‍ വാനി എഴുതിയ ആമുഖത്തിലാണ് ഈ ചരിത്രസംഭവം അനുസ്മരിക്കുന്നത്.
ഇത് ഡോ. അഹ്മദ് തൂതുന്‍ജി. തൊള്ളായിരത്തി അറുപതുകളോടെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിറവെട്ടത്ത് ഈ ദീപ്ത സാന്നിധ്യമുണ്ട്. ഇറാഖിലെ അര്‍ബില്‍ ഗ്രാമത്തില്‍നിന്നും ബഗ്ദാദ് നഗരത്തിലൂടെ ഇംഗ്ലണ്ടിലെ കോണ്‍വാള്‍ കൗണ്ടിയില്‍ ഉപരിപഠനത്തിനെത്തിയ നാള്‍മുതല്‍ ഇന്ന് വരെ ഇസ്‌ലാമിക സന്ദേശം അപര ജീവിതങ്ങള്‍ക്കെത്തിച്ചുനല്‍കാന്‍ ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് കുതറിപ്പാഞ്ഞ നിസ്വാര്‍ഥ ജീവിതമാണ് തൂതുന്‍ജിയുടേത്. അരനൂറ്റാണ്ടു കൊണ്ട് നിരവധി നൂറ്റാണ്ടിലേക്കായുന്ന കര്‍മകാണ്ഡപ്പെരുമ. ചില മനുഷ്യരിങ്ങനെയാണ്; ഒരു ജീവിതം കൊണ്ട് നിരവധി ജീവിതങ്ങള്‍ ജീവിച്ചുതീര്‍ക്കും, അവിശ്രമമായ സഞ്ചാര യുഗ്മങ്ങളായിരിക്കും അവര്‍ക്ക് ജീവിതം. ഇറാഖില്‍നിന്നാരംഭിച്ച് നിരവധി ജനപഥങ്ങളും ദേശരാഷ്ട്രങ്ങളും അവിടങ്ങളിലെ ജീവിതവൈവിധ്യങ്ങളും പിന്നിട്ട് വാര്‍ധക്യത്തിന്റെ വിവശതയില്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജീവിക്കുന്ന തൂതുന്‍ഞ്ചി താന്‍ പിന്നിട്ട സ്തോഭജനകവും ഉദ്വേഗപൂര്‍ണവുമായ ജീവിതം പറയുന്ന ആത്മകഥാ കുറിപ്പുകളാണ് 'അമ്പതാണ്ടുകള്‍ കിഴക്കും പടിഞ്ഞാറും' എന്ന സമാഹാരം.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയെട്ടിലാണ് തന്റെ പതിനേഴാം വയസ്സില്‍ തൂതുന്‍ജി പെട്രോളിയം പഠനത്തിനായി സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടിലെത്തുന്നത്. തീര്‍ത്തും അനാര്‍ഭാടമായൊരു ഇറാഖീ ഗ്രാമത്തില്‍നിന്ന് നിശാ ശാലകള്‍ വിഭ്രമിപ്പിക്കുന്ന ലണ്ടന്‍ നഗരത്തിലെത്തിയ നിരവധിയാളുകള്‍ അക്കാലങ്ങളില്‍ 'വീണുപോയ' സംഭവങ്ങള്‍ തൂതുന്‍ജി അനുസ്മരിക്കുന്നുണ്ട്. യൗവനം ഊഞ്ഞാലാടുന്ന ഈ ഘട്ടത്തില്‍ താന്‍ പിടിച്ചുനിന്നത് ഗ്രാമം വിടുമ്പോള്‍ വീട്ടില്‍നിന്ന് കിട്ടിയ ഹൃദയം പുണര്‍ന്നൊരു വാക്യമാണെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അതുകൊണ്ടുതന്നെയാകാം അമ്പതാണ്ടില്‍ കൂടുതല്‍ യൂറോപ്യന്‍ സംസ്‌കാരവുമായി ഇടപഴകിയിട്ടും തൂതുന്‍ജിയില്‍ മാതാപിതാക്കള്‍ ഗൃഹാതുരതയായി ജ്വലിച്ചുനില്‍ക്കുന്നത്. യൂറോപ്യന്‍ നഗര വിസ്മയങ്ങളിലെത്തിയ ഈ ഇറാഖീ യുവാവ് ജഡിക കാമനകളുടെ ആലക്തികതയില്‍ അന്തിച്ചു നിന്നതേയില്ല. അകര്‍മണ്യതയുടെ നനുത്ത പോടുകളിലേക്ക് സുഖശയനത്തിനെത്തിയുമില്ല. മറിച്ച് സ്വന്തമായൊരു രാജരഥ്യ വെട്ടുകയായിരുന്നു.
ഈ യുവാവിന് സ്രഷ്ടാവ് മറ്റൊരു നിയോഗം കാത്തുവെച്ചിരുന്നു. ഇതിനിടയിലാണ് ഇറാഖുകാരന്‍ തന്നെയായ ഹിശാം താലിബുമായി സൗഹൃദത്തിലാവുന്നത്. ഒപ്പം സയ്യിദ് ഖുത്വ്ബിന്റെയും സയ്യിദ് മൗദൂദിയുടെയും ഗ്രന്ഥങ്ങളുടെ ഗഹന പാരായണവും. ഇതൊക്കെ ഈ യുവാവിന്റെ മുന്നില്‍ തുറന്നിട്ടത് ജ്ഞാനകര്‍മങ്ങളുടെ വിസ്തൃത ചക്രവാളങ്ങള്‍. അദ്ദേഹത്തിന്റെ മുന്‍കൈയില്‍ ലിവര്‍പൂള്‍ മസ്ജിദില്‍ ഒരു വിദ്യാര്‍ഥി ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്നു തുടങ്ങിയ തൂതുന്‍ജിയുടെ ഇസ്‌ലാമിക ദൗത്യ നിര്‍വഹണം ഇന്ന് വാര്‍ധക്യത്തിന്റെ പോക്കുവെയില്‍ കായുമ്പോഴും ഉല്ലാസപൂര്‍വം അദ്ദേഹം തുടരുന്നു.
ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ മുസ്ലിം വിദ്യാര്‍ഥികളെ തൂതുന്‍ജി സംഘടിപ്പിക്കുന്നു. അവര്‍ക്ക് പക്ഷേ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് സ്ഥലമില്ല. അത് തൂതുന്‍ജി പരിഹരിച്ചത് യൂനിവേഴ്സിറ്റി പരിസരത്തെ ക്രിസ്ത്യന്‍ ചര്‍ച്ച് രണ്ടു മണിക്കൂര്‍ നേരത്തേക്ക് വാടകക്കെടുത്തുകൊണ്ടാണ്. ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പറ്റുമോ തുടങ്ങിയ കര്‍മശാസ്ത്ര തര്‍ക്കങ്ങളെ പ്രായോഗിക സരളതയുടെ ഉത്തോലകം കൊണ്ട് ധീരമായി മറിച്ചിട്ടുപോകാന്‍ അദ്ദേഹത്തിനായി. പിന്നീട് തൂതുന്‍ജി ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സഞ്ചരിച്ചു. സര്‍വകലാശാലകളില്‍ അലഞ്ഞുനടന്നു. സമാനമനസ്‌കരെ ചേര്‍ത്തു നിര്‍ത്തി.
ആറ് വര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ടില്‍നിന്ന് ഉപരിപഠനത്തിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്കയിലേക്ക്.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലേക്കാണ് ആ ഇരുപത്തിമൂന്നുകാരനെത്തിയത്. അന്നുമുതല്‍ തന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളും ഒപ്പം സ്രഷ്ടാവിന്റെ ജീവിത നിയോഗവും തൂതുന്‍ജി ഒരുമിച്ചുകൊണ്ടുപോയി. സര്‍വകലാശാലയില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിസംഘം രൂപീകരിച്ചു. പ്രാര്‍ഥനക്കായി ചര്‍ച്ചില്‍തന്നെ സ്ഥലം കണ്ടെത്തി. അറേബ്യന്‍ നാടുകളില്‍നിന്ന് മാത്രമല്ല കിഴക്കനേഷ്യന്‍ നാടുകളില്‍നിന്നുപോലുമെത്തിയ മുസ്ലിം വിദ്യാര്‍ഥികളെ അസാമാന്യമായ നേതൃപാടവംകൊണ്ട് തൂതുന്‍ജി സംഘടിപ്പിച്ചു. അമേരിക്കയിലെത്തിയ മുസ്‌ലിം വിദ്യാര്‍ഥികള്‍ കര്‍മശാസ്ത്രസരണി ഭേദങ്ങളില്ലാതെ നടത്തിയ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ചേതോഹര ദൃശ്യങ്ങളാണ് പിന്നീട് ലോകം കാണുന്നത്. ഇതിനിടയില്‍ തൊള്ളായിരത്തി എഴുപതില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു ബിരുദവും വാങ്ങി. അന്ന് അമേരിക്കയിലും അറേബ്യന്‍ നാടുകളിലും പെട്രോളിയം എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് ഉള്ള യുവസാന്നിധ്യങ്ങള്‍ക്ക് ശീര്‍ഷസ്ഥാനങ്ങള്‍ കാത്തിരുന്ന കാലം.
പക്ഷേ തൂതന്‍ജിയുടെ കൗതുകം ഭൗതിക കാമനകളിലല്ലായിരുന്നു. സര്‍വകലാശാലകളില്‍ മുസ്‌ലിം കൂട്ടായ്മകള്‍ ഉത്സാഹത്തോടെ രൂപീകൃതമായിക്കൊണ്ടിരുന്നു. അവക്ക് ഒരു പൊതുസംഘടനാ സ്വരൂപവും നിലവില്‍വന്നു. അമേരിക്കയുടെ കന്നി മണ്ണില്‍ ഇസ്‌ലാമിന്റെ ജ്ഞാനകൃഷി അത്ഭുത വേഗതയിലാണ് ഫലസിദ്ധി കാട്ടിയത്.
ഇതിനിടയിലും നിരവധി മഹാജീവിതങ്ങളുമായി ആത്മബന്ധം ഉറപ്പിച്ചെടുക്കാനും അതത്രയും അമേരിക്കയിലെ ഇസ്ലാമിക ജാഗരണത്തിന് ഉപയോഗിക്കാനും തൂതുന്‍ജി ഉത്സാഹിച്ചു. മാല്‍ക്കം എക്സ്, മുഹമ്മദലി, ഫൈസല്‍ രാജാവ്, അബൂബക്കര്‍ ജൂമി, സയ്യിദ് മൗദൂദി, ആയത്തുല്ലാ ഖുമൈനി, സിയാഉല്‍ ഹഖ്, ഗാബോണ്‍ പ്രസിഡന്റ് ഖമര്‍ സങ്കോ, അഹ്മദ് ദീദാത്ത് ഇങ്ങനെ നീളുന്ന ആ സൗഹൃദങ്ങള്‍. അപ്പോഴേക്കും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിപ്രസ്ഥാനം അമേരിക്കയിലെ ശ്രദ്ധേയമായ ഇസ്‌ലാമിക സാന്നിധ്യമായി വളര്‍ന്നുകഴിഞ്ഞിരുന്നു.
പിന്നെ അമേരിക്ക വിട്ട തൂതുന്‍ജി പുതിയ നിയോഗങ്ങളേറ്റെടുത്തു ലിബിയയിലും സുഊദി അറേബ്യയിലും ചെന്നെത്തുന്നു. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തി(വമി)ന്റെ നേതൃ പദവി, ഇഫ്സോ ജനറല്‍ സെക്രട്ടറി ഇങ്ങനെ ഒരുപാട് പുത്തന്‍ ചുമതലകള്‍. താന്‍ ഇടപെട്ട സര്‍വതിലും ചേതോഹരമായ നിര്‍വഹണം സാധ്യമാക്കാന്‍ അസാമാന്യ പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.
വിപുലമായ ലോകപരിചയമുണ്ട് തൂതുന്‍ജിക്ക്. സര്‍വ വന്‍കരകളിലേക്കും സഞ്ചാരിയായിട്ടുണ്ട് അദ്ദേഹം. ആ സഞ്ചാരങ്ങള്‍ ഗംഭീരമായൊരു വായനാനുഭവമാണ്.
തന്റെ അതിദീര്‍ഘവും ഒട്ടൊക്കെ ഉദ്വേഗഭരിതവുമായ ലോകയാത്രയില്‍ തൂതുന്‍ജി കേരളത്തിലും വന്നെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തന്റെ യാത്രാനുഭവം പുസ്തകത്തില്‍ വിശദ സ്മൃതിയാണ്. ജമാഅത്ത് അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബുമൊത്തുള്ള ദിവസങ്ങളുടെ മിഴിവാര്‍ന്ന വാങ്മയങ്ങള്‍ പുസ്തകത്തില്‍ കാണാം. സയ്യിദ് മൗദൂദി എന്നും തൂതുന്‍ജിയുടെ ഭ്രമമാണ്. പാകിസ്താന്‍ യാത്രയില്‍ മൗദൂദി സാഹിബിന്റെ വീട്ടില്‍ പോയതും ആ ജ്ഞാനസദസ്സിന്റെ ഗാംഭീര്യം നുകര്‍ന്നതും അദ്ദേഹത്തിന്റെ സ്വകാര്യ പുളകമാണ്. മൗദൂദിയുടെ പുസ്തകങ്ങളും രചനകളും തന്നെ എന്തുമാത്രം സ്വാധീനിച്ചെന്നത് തൂതുന്‍ജി അനുസ്മരിക്കുന്നത് അത്രമേല്‍ ഹൃദ്യമാണ്. മൗദൂദി മരിക്കുമ്പോള്‍ തൂതുന്‍ജി ഭാര്യയുമായി ആശുപത്രിയിലായിരുന്നു. അവരെ ബന്ധുക്കളെ ഏല്‍പ്പിച്ച് ജനാസയില്‍ പങ്കെടുക്കാന്‍ അദ്ദേഹം പാകിസ്താനിലെത്തിയത് പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. അത്രയേറെ ആ മാസ്മരിക വ്യക്തിത്വത്തില്‍ തൂതുന്‍ജിയെന്ന യുവജന നേതാവ് ആകര്‍ഷിക്കപ്പെട്ടിരുന്നു.
പുസ്തകത്തിലെ ഏറ്റവും ആഹ്ലാദകരമായ വായനാനുഭവം തൂതുന്‍ജി തന്റെ ലക്ഷ്യസാധ്യത്തിന് സ്വീകരിച്ച പ്രായോഗിക രീതികളാണ്. മുസ്‌ലിം സംഘജീവിതത്തെ എന്നും പരിക്കേല്‍പ്പിക്കുന്നത് വിശ്വാസഭേദങ്ങളെ പരസ്പരം ആശ്ലേഷിക്കാനുള്ള സഹജമായ വിമുഖതയാണ്. സരണീഭേദങ്ങളെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ പറ്റാത്തവിധം അകലങ്ങളില്‍ ജീവിക്കാന്‍ അവര്‍ അത്രക്ക് കണിശത കാട്ടുന്നു. ഇത് ശത്രുക്കള്‍ സമര്‍ഥമായി മുതലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ തൂതുന്‍ജി തന്റെ ദൗത്യത്തില്‍ വിജയിച്ചത് ഈ സരണി സംഘര്‍ഷങ്ങളെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതു കൊണ്ടാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും തന്റെ പ്രസ്ഥാനജീവിതത്തില്‍ കൂട്ടായി ശീഈ വിശ്വാസികളുണ്ടായിരുന്നു. അവരോട് ഐക്യദാര്‍ഢ്യപ്പെടാന്‍ അദ്ദേഹത്തിനായി. പെന്‍സില്‍വാനിയയില്‍ തുടങ്ങിയ തന്റെ ദൗത്യജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ അധികവും ശീഈകള്‍. അവരെ ഇസ്‌ലാമിന്റെ തന്നെ ഭാഗമായി കണ്ടപ്പോള്‍ സുന്നിയായ തൂതുന്‍ജി അവര്‍ക്കും സമ്മതനായി. ഇങ്ങനെ താന്‍ ഒപ്പം കൂട്ടിയ നിരവധി ശീഈ യൗവനങ്ങള്‍ ഖുമൈനിയുടെ ഇറാനില്‍ ഉയര്‍ന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാനെത്തിയതും അതു മുഖേന ശീഈ-സുന്നീ ഭേദചിന്ത അക്കാലത്ത് മയപ്പെടുത്താന്‍ തനിക്കായതും അദ്ദേഹം അനുസ്മരിക്കുന്നു.
തൂതുന്‍ജി ഒരെഴുത്തുകാരനല്ല. കര്‍മകുശലത തുളുമ്പുന്ന ഒരു പ്രബോധകനും സംഘാടകനുമാണ്. അതുകൊണ്ട് അമ്പതാണ്ടിലേറെ ദീര്‍ഘമായ തന്റെ പ്രബോധകജീവിതം ഹൃദയശുദ്ധികൊണ്ടാണ് അദ്ദേഹം വടിവാര്‍ന്നെഴുതിയത്. അതുകൊണ്ടുതന്നെ വായനക്കാരന് ആദിമധ്യാന്തഭംഗിയുള്ളൊരു ആത്മകഥാ പാരായണ സുഖം ലഭിക്കില്ല. പക്ഷേ, ആത്മാര്‍ഥത, കര്‍മവേഗം, പ്രതീക്ഷ, നിഷ്‌കാമകുശലത, ഇടപഴക്കത്തിലുണ്ടാവേണ്ട മസൃണത ഇതൊക്കെ എങ്ങനെ ഫലംചെയ്യുമെന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിനു മുന്നില്‍ വായനക്കാരന്‍ സ്തബ്ധനായി നിന്നുപോകും. ദല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് കോഴിക്കോട് ചാപ്റ്ററാണ് തൂതുന്‍ജിയുടെ ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. പരിഭാഷ വി.എ കബീറിന്റേത്.
Comments