Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

പ്രബുദ്ധ മലയാളി സമൂഹം ആ അജണ്ട തിരിച്ചറിയുന്നുണ്ട്‌

ഇതെഴുതുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനകം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞിരിക്കുന്നു. മൊത്തം മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം പിന്നിട്ടു. മൂന്നര ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നഗരങ്ങളും സമൂഹ വ്യാപനത്തിന്റെ ഭീതിയിലാണ് എന്നതിനാല്‍ വരും ദിനങ്ങള്‍ വളരെ നിര്‍ണായകമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ, സാമൂഹിക, മത കൂട്ടായ്മകളും പൊതുജനങ്ങളുമൊക്കെ ഒത്തൊരുമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങിയാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാവുകയുള്ളൂ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇത്തരം അതിഗുരുതരമായ ഒരു പ്രതിസന്ധിഘട്ടത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മഹാമാരിയെ നേരിടുന്നതില്‍ കുറ്റകരമായ അലംഭാവമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇതര സംസ്ഥാനങ്ങളിലും നഗരങ്ങളിലും കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് കൂലിത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും അക്ഷരാര്‍ഥത്തില്‍ വഴിയാധാരമാക്കി. വാഹനങ്ങളില്ലാതെ സ്വന്തം നാടുകളിലേക്ക് മൈലുകളോളം കാല്‍നടയായി യാത്ര ചെയ്യേണ്ടിവരുന്ന നിസ്സഹായരും ആലംബഹീനരുമായ ഈ മനുഷ്യരുടെ ദീനരോദനങ്ങള്‍ നാമിപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഇതൊന്നും ഭരണകൂടങ്ങളെ ഏതെങ്കിലും അര്‍ഥത്തില്‍ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. അവര്‍ അവരുടെ കുത്സിത അജണ്ടകളുമായി മുന്നോട്ടുപോവുക തന്നെയാണ്. ഈ നാട്ടില്‍ മനുഷ്യര്‍ക്ക് ഇത്ര വിലയില്ലാതായിപ്പോയോ എന്ന് ആരും ചോദിച്ചുപോകും.
ഈ ഗുരുതരമായ വീഴ്ചകളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പരമോന്നത കോടതി തന്നെ രംഗത്തു വന്നിരിക്കുന്നു. ദല്‍ഹിയിലെ ആശുപത്രികളില്‍ നടക്കുന്ന കോവിഡ് ചികിത്സയെ 'ഭീകരം, ഭയങ്കരം, ദയനീയം' എന്നാണ് സുപ്രീം കോടി ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിശേഷിപ്പിച്ചത്. ദല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി അടിയന്തര നോട്ടീസ് അയക്കുകയും ചെയ്തു. ദല്‍ഹിയില്‍ കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നത് മൃഗങ്ങളേക്കാള്‍ മോശമായ രീതിയിലാണെന്നും ചവറ്റുകൂനയില്‍ പോലും മൃതദേഹങ്ങള്‍ കാണേണ്ടിവരുന്ന സ്ഥിതിവിശേഷമാണെന്നും കോടതി അതിരൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഇടക്കിടെ പറയുന്നതുപോലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമൂഹ വ്യാപനം ഭീതിദമായ ഒരു നിലയില്‍ എത്തിയിട്ടുണ്ടാവില്ല. അതിനര്‍ഥം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആത്മാര്‍ഥത കാണിച്ചാല്‍ കുറേക്കൂടി മികച്ച രീതിയില്‍ രോഗികള്‍ക്ക് പരിചരണം നല്‍കാനാവുമെന്ന് തന്നെയാണല്ലോ; സംവിധാനങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയും മറുവശത്തുണ്ടാകുമെങ്കിലും. അപ്പോള്‍ മനോഭാവം തന്നെയാണ് പ്രശ്‌നം. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രായമായവരെയും രോഗികളെയും വിസാ കാലാവധി കഴിഞ്ഞവരെയുമൊക്കെ നാട്ടിലെത്തിക്കുന്നതില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ ഉദാസീനതയാണ് ഈ പ്രതിലോമ മനോഭാവത്തിന്റെ മികച്ച ഉദാഹരണം. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം പറഞ്ഞത് പലതും മാറ്റിപ്പറഞ്ഞു. പ്രവാസികളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, അവര്‍ നാട്ടിലെത്താന്‍ തുടങ്ങിയതോടെ സ്വരം മാറ്റിത്തുടങ്ങി. വിമാനച്ചെലവ് മാത്രമല്ല, നാട്ടിലെ ക്വാറന്റൈന്‍ ചെലവും പ്രവാസി തന്നെ വഹിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍നിന്ന് തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്നായി പിന്നീട്. ഈയൊരു ഘട്ടത്തില്‍ ഒട്ടും പ്രായോഗികമായിരുന്നില്ല ഈ നിബന്ധന. അത് സംസ്ഥാന സര്‍ക്കാറിന് അറിയാഞ്ഞിട്ടല്ല. ഉടക്കുകള്‍ വെച്ചു നോക്കുകയാണ്. രണ്ടാകാം അതിന് കാരണം. ഒന്ന്, പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തിയാല്‍ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികളുള്ള സംസ്ഥാനം എന്ന ഇമേജ് തകരുമോ എന്ന പേടി. രണ്ട്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംഘടിപ്പിക്കുന്ന, രാഷ്ട്രീയമായി തങ്ങളുടെ എതിര്‍പക്ഷത്തുള്ള കെ.എം.സി.സി, കെ.ഐ.ജി പോലുള്ള പ്രവാസി സംഘടനകള്‍ അങ്ങനെ ആളാവേണ്ട എന്ന മനോഭാവം. എന്തായാലും ഇത്തരം നീക്കങ്ങളെ കൂട്ടായി ചെറുത്തേ പറ്റൂ. യഥാര്‍ഥത്തില്‍, ഇതുവരെ ഉണ്ടാക്കിക്കൊണ്ടു വന്ന പ്രതിഛായ സ്വയം തകര്‍ക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എന്ത് സൗകര്യമൊരുക്കാനും കാത്തിരിക്കുന്ന പ്രബുദ്ധ മലയാളി സമൂഹമാണ് ഇവിടെയുള്ളത് എന്ന് ഭരണകൂടം എത്ര വേഗം തിരിച്ചറിയുന്നുവോ, അത്രയും അവര്‍ക്ക് നല്ലത്.

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌