ക്ഷാമകാല ബജറ്റ് ആസൂത്രണവും അച്ചടക്കവും
കഴിഞ്ഞ രണ്ട് മാസത്തിലധികമായി ലോകം നേരിട്ടുകൊണ്ടിരിക്കുന്നത് അനിതരസാധാരണമായ പ്രതിസന്ധിയാണ്. ഇതെഴുതുമ്പോള്‍ അറുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയും നാല് ലക്ഷത്തോളം പേര്‍ക്ക് ജീവഹാനിയും സമ്മാനിച്ച കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി അടിയന്തര ശ്രദ്ധ പതിയേണ്ട ആരോഗ്യ പ്രശ്നം എന്നതോടൊപ്പം അതിസങ്കീര്‍ണമായ ഒരു സാമ്പത്തിക വെല്ലുവിളി കൂടി ഉയര്‍ത്തിയിരിക്കുന്നു. രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗണ്‍ മൂലം ലോകരാജ്യങ്ങളുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 10 ശതമാനം വരെ ഇടിവ് വരുമെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. അതിലും കൂടാനാണ് സാധ്യത. 3200 ബില്യന്‍ ഡോളര്‍ ഏഉജയുള്ള ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഈ നഷ്ടം 320 ബില്യന്‍ ഡോളര്‍ വരും അഥവാ 32000 കോടി ഡോളര്‍. അതായത് 24 ലക്ഷം കോടി രൂപ!
കോവിഡ് 19-നെതിരെയുള്ള പ്രതിരോധ മരുന്ന് ഒരു വര്‍ഷത്തിനകം കണ്ടുപിടിക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലോകാരോഗ്യ സംഘടനയും മറ്റു മരുന്നു ഗവേഷണ കേന്ദ്രങ്ങളും. പക്ഷേ ഇത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാനും അത് നികത്താനും മരുന്ന് കണ്ടുപിടിക്കുന്നതിന്റെ എത്രയോ ഇരട്ടി സമയവും അധ്വാനവും വേണ്ടിവരും. കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സഞ്ജീവ് സന്‍യാലിന്റെ അഭിപ്രായത്തില്‍, 'അത് ആഴ്ചകള്‍ അല്ല, മാസങ്ങള്‍ എടുക്കും; ചിലപ്പോള്‍ കൊല്ലങ്ങള്‍ തന്നെ വേണ്ടിവരും.'
ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം കുറക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും റിസര്‍വ് ബാങ്കും 1700 കോടി രൂപയുടെ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കല്‍, വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്കില്‍ നിന്നുള്ള ഇളവുകള്‍ തുടങ്ങിയവയാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേരള ഗവണ്‍മെന്റിന്റെ രണ്ടായിരം കോടി രൂപ പാക്കേജിന് പുറമെയാണിത്. ഇതൊന്നും, ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ദിവസക്കൂലിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും മറ്റു സാധാരണക്കാരെയും പരിരക്ഷിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ ഒരാള്‍ക്ക് 7500 രൂപ വെച്ച് അത്തരം പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയായി നല്‍കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ കോണ്‍ഗ്രസിന്റെ പ്രത്യേക കോവിഡ് സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.
നീണ്ട ലോക്ക് ഡൗണ്‍ കൊണ്ടുള്ള സാമ്പത്തിക പ്രത്യാഘാതം 2008-ലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ അത്ര തന്നെയോ, അതില്‍ കൂടുതലോ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതിന്റെ തീവ്രത കൂടാനാണ് സാധ്യത. കാരണം 2008-ലെ പ്രതിസന്ധി മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇന്ത്യയില്‍ കുറവായിരുന്നു. ഇന്ത്യയിലെ പ്രതിസന്ധി വ്യവസായ-വാണിജ്യ മേഖലയെ കൂടാതെ കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലുമാകും കൂടുതല്‍ പ്രതിഫലിക്കുക. സേവന മേഖലയെ 'വീട്ടില്‍ വെച്ച് ജോലി' എന്ന മാറ്റത്തിലൂടെ ഒരതിരുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ആദ്യമേ അബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ് ഘടന. കോവിഡിനു മുമ്പുതന്നെ ഒരു വര്‍ഷത്തിലധികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു തുടങ്ങിയിരുന്നു. സാധാരണക്കാരന്റെ ക്രയശക്തി നന്നേ കുറഞ്ഞിരുന്നു. ഫാക്ടറികളിലെ ഉല്‍പാദനം അമ്പതും നാല്‍പതും ശതമാനം മാത്രമായി ചുരുങ്ങിയിരുന്നു. വാഹനങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കാര്‍ ഫാക്ടറികള്‍ പലതും മാസങ്ങളോളം അടഞ്ഞു കിടന്നു. പട്ടണങ്ങളിലെ വലിയ ഷോപ്പിംഗ് മാളുകള്‍ മുതല്‍ വീടിനടുത്തുള്ള പലചരക്കു കടയില്‍ വരെ വില്‍പന പകുതിയായി കുറഞ്ഞിരുന്നു. ഈ അവസരത്തിലാണ് സ്ഥാപനങ്ങളും ഫാക്ടറികളും മാസങ്ങളോളം അടച്ചുപൂട്ടേണ്ടി വന്ന കോവിഡ് ദുരന്തം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 500-ല്‍ അധികം മേത്തരം കമ്പനികളുടെ കോവിഡിനു തൊട്ടുമുമ്പുള്ള ബാലന്‍സ് ഷീറ്റ് പരിശോധിച്ചതില്‍ 45 ശതമാനം, അഥവാ 200-ല്‍ അധികം കമ്പനികള്‍ക്കും ഒരു മാസത്തെ ശരാശരി ചെലവിനുള്ള പണം പോലും ബാങ്കില്‍ ഇല്ല എന്ന് മനസ്സിലാവും. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളായ ടാറ്റാ, ജിന്‍ഡാല്‍, ടി.വി.എസ് തുടങ്ങി കേരളത്തിലെ കല്ല്യാണ്‍ ജ്വല്ലറി വരെയുള്ള 325 കമ്പനികള്‍ തങ്ങളുടെ കടങ്ങള്‍ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കൂടുതല്‍ അവധി ആവശ്യപ്പെട്ട് ബാങ്കുകളെ സമീപിച്ചുകഴിഞ്ഞു. അപ്പോള്‍ പിന്നെ ചെറുകിടക്കാരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഇന്ത്യയുടെ കയറ്റുമതിയുടെ 50 ശതമാനത്തില്‍ അധികം സംഭാവന ചെയ്യുന്ന ചെറുകിട വ്യവസായ മേഖലക്ക് ഈ ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് മാത്രം ഒരു ലക്ഷം കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുണ്ട്.
കാര്‍ഷിക മേഖലയും ആഘാതത്തിന്റെ നടുവിലാണ്. പല പഴവര്‍ഗങ്ങളും മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളും വിളവെടുക്കുന്നത് മഴക്കു തൊട്ടു മുമ്പാണ്. ഇന്ത്യയിലെ കാര്‍ഷിക കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന മാമ്പഴത്തിന്റെ വിളവെടുപ്പിന്റെ നടുവിലാണ് ലോക്ക് ഡൗണ്‍ വന്നത്. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കരിമ്പു കൃഷി തോട്ടങ്ങള്‍ കൊയ്യാന്‍ ജോലിക്കാരില്ലാത്തതുകൊണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കേരളത്തിലെ തേങ്ങയും അടക്കയും ഇതേ സമയത്താണ് വിളവെടുപ്പും ഉണക്കലും മറ്റും നടക്കുന്നത്. റബര്‍ കര്‍ഷകര്‍ പലരും മഴക്കു മുമ്പ് പരമാവധി ടാപ്പിംഗ് ചെയ്യേണ്ട സമയമാണ് നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിലെല്ലാം നഷ്ടമാവുക.
നിര്‍മാണ മേഖലയിലും അവസ്ഥ വ്യത്യസ്തമല്ല. വാങ്ങാന്‍ ആളില്ലാതെ വിലയിടിവില്‍ വലഞ്ഞു കിടന്ന ഈ മേഖല ഇപ്പോള്‍ അതിഗുരുതര വെല്ലുവിളികള്‍ നേരിടുകയാണ്. ജോലിക്കാരില്ലാതാവുകയും സിമന്റ്, സ്റ്റീല്‍ മുതലായ നിര്‍മാണ സാധനങ്ങളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം നിലക്കുകയും ചെയ്തതോടെ രണ്ട് മാസത്തോളമായി ഈ മേഖല അടഞ്ഞു കിടക്കുകയാണ്. അതിഥി തൊഴിലാളികളെ വളരെ കൂടുതല്‍ ആശ്രയിക്കുന്ന ഈ മേഖല ലോക്ക് ഡൗണ്‍ തീര്‍ന്നാലും ഉടനെ പഴയ നിലയിലേക്കെത്താന്‍ കഴിയില്ല. തീവണ്ടികള്‍ ഓടിത്തുടങ്ങിയതോടെ കുടിയേറ്റ ജോലിക്കാരെല്ലാം അവരവരുടെ നാട്ടിലേക്കു പോയി. മാസങ്ങള്‍ക്കു ശേഷമേ തിരിച്ചുവരാന്‍ സാധ്യതയുള്ളൂ. അതിനാല്‍ നിര്‍മാണ മേഖല പൂര്‍വ ദിശയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ പിടിക്കും.
തൊഴില്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. കോവിഡ് 19 നമുക്ക് ചില പുതിയ അറിവുകള്‍ സമ്മാനിച്ചു. 10 കോടിയോളം കുടിയേറ്റ ദിവസക്കൂലിക്കാര്‍ നമ്മുടെ രാജ്യത്തുണ്ട് എന്നതാണ് ഇതിലൊന്ന്. രണ്ട് ദിവസത്തിലധികം ജോലി നഷ്ടപ്പെട്ടാല്‍ അവരില്‍ ബഹുഭൂരിപക്ഷവും തീര്‍ത്തും പട്ടിണിയിലാകും എന്നും നമ്മള്‍ അറിഞ്ഞു. പത്തും ഇരുപതും വര്‍ഷങ്ങള്‍ ജോലിയെടുത്തിട്ടും ഇവര്‍ക്കാര്‍ക്കും ഒരു ആഴ്ചയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കരുതിയിരുപ്പ് ഇല്ല. കര്‍ഷകത്തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് അടുത്ത 3,4 മാസത്തേക്ക് നേരിട്ട് പണം എത്തിച്ചില്ലെങ്കില്‍ വലിയ പട്ടിണിയില്‍ അവര്‍ അകപ്പെടും എന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ ഡോ. രഘുറാം രാജന്‍ പറയുന്നത്. അതിന് അദ്ദേഹം കണക്കാക്കുന്നത് 6500 കോടി രൂപയാണ്. ഈ മേഖലക്ക് കരകയറാന്‍ സമഗ്രമായ പദ്ധതികള്‍ തയാറാക്കി നടപ്പിലാക്കിയില്ലെങ്കില്‍ സാമൂഹിക അകലം പോലെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധങ്ങള്‍ക്കൊന്നും ഒരര്‍ഥവുമുണ്ടാവില്ല.
കേരളത്തിലെ സ്ഥിതി
കേരളത്തിലെ സ്ഥിതി ഇതിലേറെ പരിതാപകരമാണ്. മേല്‍പറഞ്ഞ നഷ്ടങ്ങളെല്ലാം കേരളത്തെയും പൊതുവായി ബാധിക്കുന്നതോടൊപ്പം, കേരളത്തിന് ചില പ്രത്യേക സാഹചര്യങ്ങള്‍ കൂടിയുണ്ട്. കേരളത്തിലെ വലിയ ഫാക്ടറികള്‍ ഫാക്ട്, കൊച്ചിന്‍ റിഫൈനറി, ഹിന്ദുസ്താന്‍ മെഷീന്‍ ടൂള്‍സ് തുടങ്ങി ഒരു ഡസനില്‍ താഴെ എണ്ണത്തില്‍ ഒതുങ്ങി നില്‍ക്കും. അവയുടെ ഉല്‍പാദനം നേര്‍പകുതിയായി കുറഞ്ഞിരിക്കുന്നു. താല്‍ക്കാലിക കരാര്‍ തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കുന്ന ഈ വ്യവസായ മേഖലകളില്‍ തൊഴിലാളികള്‍ക്ക് വലിയ ജോലിനഷ്ടം സംഭവിക്കും.
സംസ്ഥാനത്ത് 1.75 ലക്ഷം ചെറുകിട വ്യവസായങ്ങളും അവിടങ്ങളില്‍ 40 ലക്ഷത്തോളം തൊഴിലാളികളും ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനുബന്ധന തൊഴില്‍ ഇടങ്ങളില്‍ ജോലിചെയ്യുന്നവരെയും കൂട്ടിയാല്‍ തൊഴിലാളികളുടെ എണ്ണം 50 ലക്ഷത്തോളം വരും. രണ്ട് മാസത്തോളമായി പൂര്‍ണമായോ ഭാഗികമായോ അടഞ്ഞു കിടന്നതോടെ, ഇതില്‍ പകുതിയിലധികം സ്ഥാപനങ്ങളും ഇനി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലാളികളെ സംബന്ധിച്ചേടത്തോളം ലോക്ക് ഡൗണ്‍ കാലത്തെ വേതനം മുഴുവനായോ ഭാഗികമായോ നഷ്ടപ്പെട്ടതു കൂടാതെ, പകുതിയിലധികം തൊഴിലാളികള്‍ക്ക് -ഏകദേശം 25 ലക്ഷത്തോളം പേര്‍ക്ക്- ജോലി ഉടന്‍ നഷ്ടപ്പെടുകയും ചെയ്യും. അനേകം കോടി രൂപ മാര്‍ക്കറ്റില്‍ പിരിഞ്ഞു കിട്ടാനുള്ള സ്ഥാപന ഉടമകളുടെ സ്ഥിതിയും ബുദ്ധിമുട്ടിലാണ്. റിസര്‍വ് ബാങ്ക് അനുവദിച്ച മൂന്ന് മാസത്തെ മോറട്ടോറിയം തീരെ പര്യാപ്തമല്ല. 15,000 രൂപയില്‍ താഴെ വരുമാനമുള്ളവരുടെ ഇ.പി.എഫ് വിഹിതത്തില്‍ അനുവദിച്ച കിഴിവുകളൊന്നും കൂടുതല്‍ വേതന നിരക്കുള്ള കേരളത്തില്‍ ഫലപ്പെടുകയില്ല.
കേരളത്തിലെ കാര്‍ഷികരംഗത്തെയും അനേകം വെല്ലുവിളികള്‍ കാത്തുനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന നാണ്യവിളകള്‍ പലതും സമയത്തിന് വിളവെടുക്കാന്‍ കഴിയാത്തതിനാല്‍ ഭാഗികമായി നഷ്ടപ്പെടുകയോ എടുത്ത വിളകള്‍ക്ക് ന്യായമായ വില കിട്ടാതെ പോവുകയോ ചെയ്തു. നാളികേരം, റബ്ബര്‍, അടക്ക കൃഷിക്കാര്‍ ഇതില്‍പെടും. അനേകായിരം ടണ്‍ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന മത്സ്യ സംസ്‌കരണ മേഖലക്ക് ഇനി കയറ്റുമതി പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കണം. കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം വ്യവസായം മൂക്കുകുത്തി വീണിരിക്കുന്നു. ആയിരക്കണക്കിന് ഹോട്ടല്‍ മുറികളും റസ്റ്റൊറന്റുകളും ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുന്നു. ഇനി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാതെ ഇവിടങ്ങളില്‍ ബുക്കിംഗ് പോലും തുടങ്ങാനാവില്ല. മഴക്കാലം കൂടി വരുന്നതോടെ ടൂറിസം മേഖലക്ക് ഇനിയും അഞ്ചാറ് മാസത്തെ കാത്തിരിപ്പ് വേണ്ടിവരും, ഒരുണര്‍വ് ഉണ്ടാകാന്‍. നല്ലൊരളവോളം കയറ്റുമതിയെയും വിദേശ സന്ദര്‍ശകരെയും ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, സുഗന്ധ വ്യജ്ഞനങ്ങള്‍, കൈത്തറി തുടങ്ങിയവയും മാസങ്ങളുടെ കാത്തിരിപ്പിനുശേഷമേ പൂര്‍വസ്ഥിതി പ്രാപിക്കുകയുള്ളൂ. ഇതെല്ലാംകൂടി സംസ്ഥാനത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതില്‍ ടൂറിസം മേഖലയില്‍ മാത്രം 20,000 കോടി നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ പ്രത്യേകമായി ബാധിക്കുന്ന പ്രശ്നമാണ് പ്രവാസികളുടെ മടക്കം. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളായി പ്രശ്നത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നെങ്കിലും കോവിഡാനന്തരം സ്ഥിതി അതിരൂക്ഷമായിരിക്കും. അമ്പതിനായിരം മുതല്‍ അഞ്ചുലക്ഷം വരെയാണ് കോവിഡ് മൂലം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഇവരെല്ലാം കേരളത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ഇതുവരെ ഒരു 'ആസ്തി' ആയിരുന്നത് ഇനിയങ്ങോട്ട് ഒരു 'ബാധ്യത'യായി മാറും എന്നുള്ളതാണ് ഏറെ ഗൗരവതരം. ഇവരിലോരോരുത്തരും ഏറ്റവും കുറഞ്ഞത് 10,000 രൂപ വെച്ച് മാസത്തില്‍ മിച്ചം വെച്ചിരുന്നെങ്കില്‍ 500 കോടി രൂപ വരെ ആകാം പ്രതിമാസ നഷ്ടം. അത് നികത്താന്‍ ഒരു തൊഴിലോ മറ്റു വരുമാന മാര്‍ഗമോ അവര്‍ക്കു പകരം നല്‍കാനില്ല. മാസങ്ങളോളമുള്ള അടച്ചുപൂട്ടലും കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയില്‍ എണ്ണവില ഏറ്റവും താണ നിലയില്‍ എത്തിനില്‍ക്കലും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കുന്നു. പെട്ടെന്നൊരു ഉണര്‍വ് അവിടങ്ങളില്‍ പ്രതീക്ഷിക്കാത്തതുകൊണ്ട് തിരിച്ചു വന്ന പ്രവാസികളില്‍ മിക്കവര്‍ക്കും ഉടനെ തിരിച്ചു പോകാന്‍ കഴിയാതെ വരും. ഇതാണ് പ്രശ്നത്തിന്റെ കാതല്‍.
പരിഹാര മാര്‍ഗങ്ങള്‍
അത്യധികം ഗുരുതരമായ ഈ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നടപടികള്‍ സ്വീകരിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. അതവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വാണിജ്യ- വ്യവസായ രംഗത്തെ അതികായര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നികുതിയിലും പലിശ നിരക്കിലും ഇറക്കുമതി തീരുവയിലുമൊക്കെ ഗണ്യമായ ആനുകൂല്യങ്ങള്‍ സമ്പാദിച്ചേക്കാം. അവരുടെ ബിസിനസ്സ് പുനരുദ്ധരിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും അവര്‍ക്ക് കഴിയും. ഇപ്പോള്‍ തന്നെ പല ഉയര്‍ന്ന മേഖലകളിലും കോവിഡാനന്തര ബിസിനസ്സ് സ്ട്രാറ്റജി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അത്തരം നിര്‍ദേശങ്ങളും പരിഹാര മാര്‍ഗങ്ങളും ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്നില്ല. പക്ഷേ ചെറുകിട കച്ചവടക്കാര്‍, ചെറുകിട കര്‍ഷകര്‍, നിശ്ചിത വരുമാനക്കാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക. സംഘടിത ശക്തി പരിമിതമായതുകൊണ്ട് അവരുടെ രോദനം സര്‍ക്കാര്‍ കേട്ടുകൊള്ളണമെന്നില്ല. അതുകൊണ്ട് തികച്ചും സാധാരണക്കാരായ ജനങ്ങളുടെയും ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്ന നിസ്സഹായരെയും ചെറുകിട കച്ചവടക്കാരെയുമൊക്കെ ബാധിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാര നിര്‍ദേശങ്ങളുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
പ്രഗത്ഭര്‍ പലരും ചൂണ്ടിക്കാട്ടിയതു പോലെ കോവിഡിനു ശേഷമുള്ള ജീവിതരീതി അതിനു മുമ്പുള്ളതിനേക്കാള്‍ പല നിലക്കും വ്യത്യസ്തമായിരിക്കും. അടച്ചുപൂട്ടല്‍ കഴിഞ്ഞ് ജനജീവിതം 'സാധാരണ' നിലയിലാകുമ്പോള്‍ അതൊരു പുതിയ 'സാധാരണം' ആകാനാണ് സാധ്യത. രണ്ട് മാസത്തിലധികം വീട്ടില്‍ കഴിയേണ്ടി വന്ന നിര്‍ബന്ധ സാഹചര്യത്തില്‍ നമ്മുടെ ചര്യകള്‍ പലതും മാറി - യാത്ര കുറഞ്ഞു, ഭക്ഷണരീതികള്‍ മാറി, കടയില്‍ പോക്ക് കുറഞ്ഞു, ആശുപത്രി സന്ദര്‍ശനം നിന്നു, കല്യാണങ്ങളുടെ എണ്ണം കുറഞ്ഞു, അത്യാവശ്യം നടന്നവയില്‍ തന്നെ പങ്കെടുത്തവര്‍ നൂറില്‍ താഴെ, ആഘോഷങ്ങളെല്ലാം മാറ്റിവെക്കപ്പെട്ടു. ഇതിനനുസരിച്ച് നാം നമ്മുടെ ജീവിത രീതി മാറ്റി. അങ്ങനെ ഒരു പുതിയ 'സാധാരണ' ജീവിതം ശീലിച്ചു. അതിന്റെ ഗുണമോ ഈ രണ്ട് മാസത്തില്‍ ജീവിതച്ചെലവ് 25-30 ശതമാനം കുറഞ്ഞു.
നാം ആദ്യമായി ആലോചിക്കേണ്ടത് ഇപ്പോള്‍ ശീലിച്ച ഈ രീതികളില്‍ ഏതെല്ലാം ഇനിയങ്ങോട്ടുള്ള ജീവിതത്തിലും നിലനിര്‍ത്താന്‍ കഴിയും എന്നതാണ്. മനസ്സു വെച്ചാല്‍ ഈ രീതിയില്‍ പലതും തുടരാവുന്നതേയുള്ളൂ. ഭക്ഷണരീതിയും ആഘോഷങ്ങളും കല്യാണങ്ങളും യാത്രകളും, അങ്ങനെ പലതും. അല്ലെങ്കിലും അനാവശ്യവും ആഡംബരവുമായിരുന്നില്ലേ നമ്മുടെ പല പഴയ രീതികളും? കോവിഡ് കാലത്ത് അടച്ചുപൂട്ടലില്‍ നമ്മുടെ പ്രതിമാസ ജീവിതച്ചെലവ് 25-30 ശതമാനം കുറഞ്ഞെങ്കില്‍ അതിന്റെ പകുതിയെങ്കിലും ഇനി അങ്ങോട്ടുള്ള ജീവിത രീതിയിലും കുറക്കാന്‍ പറ്റുന്നതാണല്ലോ? ഗൗരവമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്.
ഇവിടെ നിര്‍ദേശിക്കാന്‍ ഉദ്ദേശിക്കുന്ന പരിഹാര നിര്‍ദേശങ്ങള്‍ അടിസ്ഥാനപരവും എല്ലാവര്‍ക്കും ധാരണയുള്ളതുമാണ്. പക്ഷേ അറിഞ്ഞതു കൊണ്ടായില്ല; അത് എത്രമാത്രം പ്രയോഗവല്‍ക്കരിക്കാന്‍ നാം സന്നദ്ധമാണ് എന്നതാണ് പ്രശ്നം.
ഇനിയങ്ങോട്ട് നമുക്ക് ആദ്യം വേണ്ടത് ഒരു കുടുംബ ബജറ്റാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പ്രാഥമിക തത്ത്വം നമ്മുടെ വരവു ചെലവ് മാര്‍ഗങ്ങളെപ്പറ്റി മുന്‍കൂര്‍ ധാരണയുണ്ടാകണം എന്നതാണ്. ആ ധാരണക്കാണ് ബജറ്റ് എന്ന് പറയുന്നത്. അതനുസരിച്ച് നാം വരവുചെലവുകള്‍ നിയന്ത്രിക്കണം. ധാരണക്കപ്പുറത്താണ് സ്വാഭാവികമായും പല കാര്യങ്ങളും നടക്കുക. പക്ഷേ അത്തരം വ്യതിയാനങ്ങളെ നേരിടാന്‍ അവ വ്യതിയാനങ്ങള്‍ ആണെന്ന് നാം തിരിച്ചറിയണം. അതിനാണ് കുടുംബ ബജറ്റ് ഉണ്ടാക്കുന്നത്. എല്ലാ വലിയ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും ചില സാധാരണ ബിസിനസ്സുകാര്‍ പോലും ഇത്തരം ബജറ്റുകള്‍ വര്‍ഷംതോറും ഉണ്ടാക്കാറുണ്ട്. അത്തരമൊരു ധന നിയന്ത്രണം എന്തുകൊണ്ട് കുടുംബ ചെലവിന്റെ കാര്യത്തിലും ഉണ്ടായിക്കൂടാ? ബജറ്റ് ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, കുടുംബ ബജറ്റ് ഉണ്ടാക്കേണ്ടത് പൂര്‍ണമായും കുടുംബിനികളുടെ പങ്കാളിത്തത്തോടെയാണ്. അവരെത്തന്നെ അത് മാനേജ് ചെയ്യാനും ഏല്‍പിക്കണം. കേരളത്തിലെ എല്ലാ കുടുംബിനികളും അതിന് ശേഷിയുള്ളവരാണ്. ജീവിത ചെലവുകള്‍ കണക്കാക്കുമ്പോള്‍ കോവിഡ് കാലത്തിന്റെയും അതിനു മുമ്പുള്ളതിന്റെയും ശരാശരി എടുക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് അടച്ചുപൂട്ടല്‍ കാലത്തെ ഞെരുക്കമോ അതിനു മുമ്പുള്ള ധാരാളിത്തമോ ബജറ്റില്‍ നിഴലിക്കില്ല. ഒരു മിതത്വം കൈവരും. ചെലവുകള്‍ കണക്കാക്കുമ്പോള്‍ പഴയ രീതിയില്‍നിന്ന് മാറണം. ഉദാഹരണത്തിന് വിലപിടിപ്പുള്ള ബ്രാന്‍ഡ് സാധനങ്ങള്‍ക്കു പകരം തുല്യ ഗുണനിലവാരമുള്ള ബ്രാന്‍ഡ് ഇല്ലാത്ത സാധനങ്ങള്‍ കണ്ടുപിടിക്കണം. അവ ധാരാളം മാര്‍ക്കറ്റില്‍ ഉണ്ടു താനും. ഭക്ഷണം, വസ്ത്രം, പാദരക്ഷ, സോപ്പ്, എണ്ണ മുതലായവയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ചില ആഹാര സ്വഭാവങ്ങള്‍ ഒഴിവാക്കാവുന്നതാണ്, ബേക്കറി പലഹാരങ്ങള്‍ പോലുള്ളവ. പകരമായി പഴവര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. ചക്കയും മാങ്ങയുമൊക്കെ നമ്മുടെ തീന്‍മേശയിലേക്കും അതിഥി സല്‍ക്കാരങ്ങളിലേക്കും തിരിച്ചുവരണം. അഞ്ച് സെന്റ് സ്ഥലമേ ഉള്ളൂവെങ്കിലും രണ്ടോ മൂന്നോ പപ്പായ മരം വെച്ചു പിടിപ്പിച്ചാല്‍ അതിഥികളെ നന്നായി സല്‍ക്കരിക്കാം.
ചികിത്സയാണ് ബജറ്റ് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന മറ്റൊരു ചെലവിനം. കോവിഡ് കാലത്തെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, എല്ലാ വന്‍കിട ആശുപത്രികളിലും രോഗികള്‍ നന്നേ കുറവായിരുന്നു എന്നതാണ്. പലേടങ്ങളിലും അത് 20 ശതമാനത്തിലും താഴെയായിരുന്നു. ഇതേ കാലത്ത് മരണം സംഭവിച്ചവരുടെ എണ്ണം കൂടിയിട്ടുമില്ല. നമ്മുടെ ആശുപത്രി സന്ദര്‍ശനം നല്ലൊരു ഭാഗം ഒഴിവാക്കാന്‍ പറ്റുന്നതാണ് എന്നതിലേക്കുള്ള വലിയ ഒരു ചൂണ്ടുപലക. സാധാരണ പനിയോ തലവേദനയോ വന്നാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണമെന്ന ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. അവ ചിലപ്പോള്‍ താനേ മാറിക്കോളും. മാറിയില്ലെങ്കില്‍തന്നെ ഏറ്റവും മുന്തിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എം.ആര്‍.സി.പി ഡോക്ടറെ തന്നെ കാണണമെന്നില്ല. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ പ്രാഥമിക ചികിത്സാലയത്തിലോ ചെന്ന് മരുന്ന് വാങ്ങി കഴിച്ചാലും ഭേദമാകും. താരതമ്യേന ചെലവു കുറഞ്ഞ ആയുര്‍വേദമോ ഹോമിയോപ്പതിയോ പരീക്ഷിക്കാം.
കുടുംബ ബജറ്റിന്റെ ചെലവിനത്തില്‍ അടുത്ത ശത്രു നമ്മുടെ ആഘോഷങ്ങളാണ്. നമ്മുടെ വിവാഹത്തോടനുബന്ധിച്ച ആഘോഷങ്ങളില്‍ പലതും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആഘോഷങ്ങളുടെ എണ്ണം കുറക്കുന്നതിനോടൊപ്പം അതിലെ ആളെണ്ണത്തിന്റെയും വിഭവസമൃദ്ധിയുടെയും കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പലതും ആര്‍ഭാടവും അനാവശ്യവുമാണ്. സാമ്പത്തികമായി തീരെ കഴിവില്ലാത്തവര്‍ പോലും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുമില്ല. പൂച്ചക്കാര് മണി കെട്ടും എന്നാണെങ്കില്‍, നമ്മുടെ മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളും മറ്റും മുന്‍കൈയെടുത്ത് അത് പ്രാവര്‍ത്തികമാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം. സ്വന്തം ഓമന പുത്രിയുടെ വിവാഹം കേവലം അഞ്ചു പേരുടെ സാന്നിധ്യത്തില്‍ നടത്തിയ റസൂലിന്റെയും കല്യാണ ചടങ്ങില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത് എന്ന് നിര്‍ദേശിച്ച ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ മാതൃക നമ്മുടെ മുന്നിലുണ്ട്. ചെലവിന്റെ അടുത്തയിനമാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഇവിടെയും ചില മാറ്റങ്ങള്‍ക്ക് നാം തയാറാകണം. കൂടുതല്‍ ഫീസ് നല്‍കി അകലെയുള്ള സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ അയക്കുന്നതിനു പകരം തൊട്ടടുത്തുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ അയച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല, പത്രാസ് അല്‍പം കുറയുമെന്നേയുള്ളൂ. സാരമില്ല. ഭാഗ്യവശാല്‍ ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് വിദ്യാലയങ്ങള്‍ മിക്കതും ഒരുവിധം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. പൊതുപരീക്ഷയുടെ ഫലങ്ങള്‍ അതിന്റെ സാക്ഷ്യമാണ്.
സമൂഹത്തെ മൊത്തം ബാധിച്ചിട്ടുള്ള ആപല്‍ക്കരമായ ഉപഭോഗ സംസ്‌കാരമാണ് ചെലവ് നിയന്ത്രിക്കുന്നതില്‍ മറ്റൊരു വലിയ വിഘാതം. നാള്‍ക്കുനാള്‍ പട്ടണങ്ങളുടെ പ്രാന്തപ്രദേശത്ത് പോലും പൊങ്ങിവരുന്ന ഷോപ്പിംഗ് മാളുകള്‍ ഇതിന് ആക്കം കൂട്ടുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്തരം മാളുകളില്‍ പോയി ഷോപ്പിംഗ് ചെയ്യുമ്പോള്‍ (Organised Retailing) വാങ്ങുന്ന 30 ശതമാനത്തിലധികം സാധനങ്ങളും അത്യാവശ്യമല്ലാത്തതായിരിക്കും. അലങ്കരിച്ചു വെച്ചത് കാണുമ്പോള്‍ ആകൃഷ്ടരായിപ്പോവുകയാണ്. അതുകൊണ്ട് കുടുംബിനികള്‍ സാധനം വാങ്ങാന്‍ പോകുമ്പോള്‍ കൈയില്‍ ആവശ്യസാധനങ്ങളുടെ ലിസ്റ്റ് കരുതണം. അതനുസരിച്ചേ വാങ്ങാവൂ. മറ്റു പ്രലോഭനങ്ങള്‍ക്കൊന്നും വശംവദരാകരുത്.
ഇത്രയും പറഞ്ഞത് കുടുംബ ബജറ്റിലെ ചെലവിനങ്ങളെക്കുറിച്ചാണ്. അതിലെ വരവ് ഇനവും ഇതേപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അടിസ്ഥാന തത്ത്വം വരവനുസരിച്ചുള്ള ചെലവേ ബജറ്റില്‍ പാടുള്ളൂ എന്നുള്ളതാണ്. ഒരു പടികൂടി കടന്ന് വരവിന്റെ ചെറിയൊരു ഭാഗം മിച്ചമായി മാറ്റിവെച്ച് ബാക്കി മാത്രമേ ചെലവ് ചെയ്യാവൂ. ഒരു നിലക്കും 'കമ്മി' ബജറ്റുണ്ടാക്കി കടംവാങ്ങി ചെലവ് നടത്താനുള്ള സ്ഥിതി ഉണ്ടാക്കരുത്.
ബജറ്റ് മാനേജ്മെന്റ് കുടുംബിനിയെ ഏല്‍പിക്കണം. ഓരോ മാസാദ്യത്തിലും ബജറ്റ് ഉണ്ടാക്കണം. വരവില്‍നിന്ന് അല്‍പം മിച്ചം വെക്കാന്‍ ശ്രമിക്കണം. ആ മിച്ചം തുക കുടുംബിനിക്ക് സ്വന്തമായി സൂക്ഷിക്കാം. അടുത്ത മാസം ആ മിച്ചത്തില്‍ കൈവെക്കാന്‍ ഗൃഹനാഥനെ അനുവദിക്കരുത്. അങ്ങനെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കുടുംബിനിയുടെ അക്കൗണ്ടില്‍ സാമാന്യം നല്ല തുക ബാക്കി കിടക്കും. കുടുംബിനിയുടെ അത്യാവശ്യങ്ങളൊക്കെ അതുകൊണ്ട് നിര്‍വഹിക്കാം.
Comments