Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

1991-ലെ ആരാധനാലയ നിയമം ആശങ്ക യാഥാര്‍ഥ്യമാവുന്നു?

എ.ആര്‍

അയോധ്യ എന്ന ഫൈസാബാദിലെ നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് നിശ്ശേഷം തകര്‍ത്തു അവിടെ താല്‍ക്കാലിക രാമക്ഷേത്രം നിര്‍മിച്ചു പൂജ തുടങ്ങിയ തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കനുകൂലമായി, പള്ളി നിര്‍മിച്ചത് അമ്പലം പൊളിച്ചാണെന്നതിനോ അവിടെ ഏതെങ്കിലും കാലത്ത് രാമക്ഷേത്രം നിലനിന്നിരുന്നു എന്നതിനോ തെളിവില്ലെങ്കിലും ഹിന്ദു ഭൂരിപക്ഷത്തിന്റെ വികാരം മാനിച്ച് ബാബരി മസ്ജിദ് ഭൂമി അവരുടെ സംഘടനകള്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന് സുപ്രീം കോടതി അന്തിമമായി വിധി പറഞ്ഞിട്ട് കഷ്ടിച്ചു ആറു മാസമേ ആവുന്നുള്ളൂ. മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പേ രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ തന്നെ, ഒരുവിധ തെളിവുമില്ലാതെ ഏത് മുസ്‌ലിം ആരാധനാലയത്തിന്റെ പേരിലും സാങ്കല്‍പികമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സംഘ് പരിവാറിന് അവസരമൊരുക്കുകയാണ് ഈ പ്രക്ഷോഭക്കാരുടെ ആവശ്യം അംഗീകരിച്ചാല്‍ സംഭവിക്കുകയെന്ന് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അന്ന് തന്നെ കാശിയിലെ ജ്ഞാന്‍വ്യാപി മസ്ജിദിന്റെയും മഥുരയിലെ പള്ളിയുടെയും പേരില്‍ വിശ്വഹിന്ദു പരിഷത്ത് അവകാശവാദമുന്നയിച്ചിരുന്നു താനും. മാത്രമല്ല ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചു തല്‍സ്ഥാനത്ത് നിര്‍മിച്ച 3000 പള്ളികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും വി.എച്ച്.പി അവകാശപ്പെട്ടിരുന്നു. രാജ്യത്ത് രക്തപ്പുഴ ഒഴുക്കാനും ഭരണകൂടങ്ങള്‍ക്ക് സ്ഥാനചലനമുണ്ടാക്കാനും വരെ കാരണമാക്കിയ രണോത്സുക രാമക്ഷേത്ര പ്രക്ഷോഭം ചൂടുപിടിച്ചപ്പോഴൊക്കെ സമാധാനപ്രേമികളും നിഷ്പക്ഷരുമെന്ന് അവകാശപ്പെട്ട ചിലര്‍, ബാബരി മസ്ജിദ് വിട്ടുകൊടുക്കുന്നതാണ് രാജ്യത്തിനും മുസ്‌ലിം ന്യൂനപക്ഷത്തിനും നല്ലതെന്ന് ഉപദേശിക്കുകയും തദടിസ്ഥാനത്തില്‍ ചില മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. 1992 ഡിസംബര്‍ ആറിനു ശേഷം ഈ ദിശയിലുള്ള നീക്കങ്ങളും സജീവമായി. അപ്പോഴൊക്കെ മുസ്‌ലിം പക്ഷത്തുനിന്ന് ചൂണ്ടിക്കാട്ടിയ സത്യം, ഇതൊരിക്കലും രാമസ്‌നേഹമോ ക്ഷേത്രഭക്തിയോ മൂലം സ്വാഭാവികമായി ഉയര്‍ന്നുവന്ന ഒരാവശ്യമല്ലെന്നും പിന്നില്‍ സംഘ്പരിവാറിന്റെ അധികാര രാഷ്ട്രീയം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു. മാത്രമല്ല, ബാബരി മസ്ജിദ് ഭൂമി വിട്ടുകൊടുത്താല്‍ കാശിയിലെയും മഥുരയിലെയും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയല്ലാതെ രാജ്യത്ത് സമാധാനം സ്ഥാപിതമാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്നും മുസ്‌ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് പി.വി നരസിംഹറാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ ഘടന മാറ്റാന്‍ പാടില്ലെന്ന ബില്‍ 1991-ല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തത്. 'ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്റ്റ് 1991' എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമപ്രകാരം രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15-ന് ആരുടെയെല്ലാം ഏതെല്ലാം ആരാധനാലയങ്ങള്‍ രാജ്യത്തുണ്ടോ അതിലൊന്നിന്റെയും ഘടനയിലോ സ്വഭാവത്തിലോ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. പ്രസ്തുത തീയതിക്ക് ആരാധനാലയങ്ങള്‍ക്കുള്ള മതസ്വഭാവം അതേപടി തുടരുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തു. നിലവില്‍ ഏതെങ്കിലും കോടതിയിലോ ട്രൈബ്യൂണല്‍ മുമ്പാകെയോ ഇതു സംബന്ധിച്ച വല്ല കേസും നിലവിലുണ്ടെങ്കില്‍ അതിനും ഈ നിരോധം ബാധകമാണെന്നും നിയമത്തില്‍ സ്പഷ്ടമായി രേഖപ്പെടുത്തി. എന്നാല്‍ രാമജന്മഭൂമി-ബാബരി കേസില്‍ ഈ വിലക്ക് ബാധകമല്ലെന്നും വ്യക്തമാക്കപ്പെട്ടു. ശുദ്ധഗതിക്കാരെയൊക്കെ തൃപ്തിപ്പെടുത്താന്‍ ഈ നിയമത്തിന് സാധിച്ചിരിക്കണം.
എന്നാല്‍ കാവിപ്പടയുടെ മൗലിക ലക്ഷ്യവും സ്വഭാവവും പ്രവര്‍ത്തന രീതിയും അറിയുന്നവരെ സംബന്ധിച്ചേടത്തോളം താല്‍ക്കാലിക മുട്ടുശാന്തിയില്‍ കവിഞ്ഞ ഒന്നുമായിരുന്നില്ല 1991-ലെ നിയമം. നിയമാനുസൃതമായോ അല്ലാതെയോ ബാബരി മസ്ജിദ് ഭൂമി ഹൈന്ദവ സംഘടനകള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ മുമ്പേ അവകാശമുന്നയിച്ചുകൊണ്ടിരുന്ന മറ്റു മുസ്‌ലിം ആരാധനാലയങ്ങളുടെ നേരെയാവും പിന്നീട് അവരുടെ പടപ്പുറപ്പാടെന്ന് സാമാന്യം ചിന്താശക്തിയുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ മുസ്‌ലിം സംഘടനകളുടെ ആശങ്ക അന്വര്‍ഥമാക്കിക്കൊണ്ട് 'വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ്' എന്ന ഹിന്ദുത്വ സംഘടനയുടെ പേരില്‍ സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 1991-ലെ ആരാധനാലയ നിയമത്തിലെ നാലാം ഖണ്ഡിക 'അള്‍ട്രാ വൈറസ്' അഥവാ നിയമപരമായ ആധികാരികത ഇല്ലാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണം എന്നാണാവശ്യം. കാശിയിലെയും മഥുരയിലെയും മുസ്‌ലിം ആരാധനാലയങ്ങളെ ഉന്നംവെച്ചാണ് ഹിന്ദുത്വ സംഘടനയുടെ ഹരജി. ഹൈന്ദവരുടെ മതപരമായ സ്വത്തുക്കള്‍ ബലപ്രയോഗത്തിലൂടെ കൈയടക്കിയ ഇതര മതസ്ഥരുടെ കൈയേറ്റങ്ങള്‍ക്കെതിരെ ഹിന്ദുഭക്തര്‍ക്ക് ശബ്ദമുയര്‍ത്താനുള്ള അവകാശത്തെ 1991-ലെ നിയമം ഇല്ലാതാക്കുന്നുവെന്നാണ് ഹരജിയില്‍ ഉന്നയിച്ച ആരോപണം. 1947 ആഗസ്റ്റ് 15-നു മുമ്പ് നടന്ന ഇത്തരം അത്യാചാരങ്ങള്‍ അവരിനിയും തുടരാന്‍ നിയമം അവസരമൊരുക്കുമത്രെ. കോടതികളുടെ അധികാത്തിന് തടയിടാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും ഹരജിയിലുണ്ട്.
രാജ്യത്ത് ഇതിനകം മൂര്‍ഛിച്ച വംശീയ ന്യൂനപക്ഷവിരുദ്ധ നടപടികളുടെ സ്വാഭാവിക നൈരന്തര്യം എന്ന നിലയിലാണ് ഈ നീക്കത്തെ കാണേണ്ടത്. തങ്ങളിഛിക്കുന്ന എന്തും ജുഡീഷ്യറിയിലൂടെ തന്നെ നേടിയെടുക്കാമെന്ന ധൈര്യം ബാബരി ഭൂമി തര്‍ക്കത്തിലുള്‍പ്പെടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധികള്‍ സംഘ്പരിവാറിന് നല്‍കിയിട്ടുണ്ടെന്ന സത്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇത്തരമൊരു ഹരജി ഫയലില്‍ സ്വീകരിച്ച് നോട്ടീസയക്കാനേ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, അഡ്വ. ഇഅ്ജാസ് മഖ്ബൂല്‍ മുഖേന സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മാറിയ സാഹചര്യങ്ങളില്‍ അതിന്റെ ഗതിയെന്താവുമെന്ന് കണ്ടറിയണം. ഈ അപേക്ഷ തള്ളി 'പൂജാരി പുരോഹിത് മഹാസംഘി'ന്റെ ഹരജിയുമായി കോടതി മുമ്പോട്ടു പോയാല്‍ അത് തങ്ങളുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ അരക്ഷിതബോധമുണ്ടാക്കും എന്ന് ജംഇയ്യത്ത് ബോധിപ്പിച്ചിട്ടുണ്ട്. വിധി എന്താവുമെന്ന് കാത്തിരുന്നു കാണുക.

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌