Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

മക്കളുടെ ഇസ്‌ലാമിക ശിക്ഷണം

എം.എസ്.എ റസാഖ്

സംസ്‌കാരങ്ങളും മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കണം. നബി (സ) പറയുന്നു: 'നിങ്ങളെല്ലാം കൈകാര്യകര്‍ത്താക്കളും കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. നേതാവ് കൈകാര്യകര്‍ത്താവാണ്, നീതരെപ്പറ്റി ചോദിക്കപ്പെടും. പുരുഷന്‍ കുടുംബത്തിലെ കൈകാര്യകര്‍ത്താവും കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍തൃഭവനത്തിലെ ഭരണാധികാരിയും വീട്ടിലുള്ളവരെ സംബന്ധിച്ച് ചോദിക്കപ്പെടുന്നവളുമാണ്' (ബുഖാരി, മുസ്‌ലിം). മക്കളെ ഇസ്‌ലാമിക മര്യാദകള്‍ പഠിപ്പിക്കണമെന്നും തിരുമേനി അരുള്‍ ചെയ്യുന്നു: 'നിങ്ങളുടെ മക്കളെ സംസ്‌കാരസമ്പന്നരാക്കുക. അവര്‍ക്ക് നല്ല മര്യാദകള്‍ പഠിപ്പിക്കുക' (ഇബ്‌നുമാജ). 'നിങ്ങളുടെ മക്കളെയും കുടുംബത്തെയും ഉത്തമ പാഠങ്ങള്‍ പഠിപ്പിക്കുക. അവര്‍ക്ക് ഇസ്‌ലാമിക മര്യാദകളും പഠിപ്പിക്കുക' (മുസന്നഫ് അബ് ദുര്‍റസാഖ്). നല്ല കാര്യങ്ങള്‍, അഥവാ ഇസ്‌ലാം കല്‍പിച്ച കാര്യങ്ങള്‍ ചെയ്യാനും വിരോധിച്ച കാര്യങ്ങള്‍ വര്‍ജിക്കാനും മക്കളെ പഠിപ്പിക്കുക. അതവര്‍ക്ക് നരകത്തില്‍നിന്നുള്ള സംരക്ഷണമാകുന്നു (ഇബ്‌നുജരീര്‍). 'മൂന്ന് നല്ല കാര്യങ്ങള്‍ മക്കളെ പഠിപ്പിക്കുക. പ്രവാചക സ്‌നേഹം, പ്രവാചക കുടുംബ സ്‌നേഹം, ഖുര്‍ആന്‍ പാരായണം എന്നിവയാണവ. ഖുര്‍ആന്‍ വഹിക്കുന്നവര്‍ അല്ലാഹുവിന്റെ തണല്‍ അല്ലാതെ മറ്റൊരു തണലും ഇല്ലാത്ത നാളില്‍ അര്‍ശിന്റെ തണലിലായിരിക്കും' (ത്വബറാനി). ഒരിക്കല്‍ ഒരു പിതാവ് ഉമറി(റ) ന്റെ സന്നിധിയില്‍ വന്ന് തന്റെ മകനെതിരെ പരാതി പറഞ്ഞു. മകന്‍ പിതാവിനെ ചീത്ത വിളിക്കുന്നു എന്നതായിരുന്നു പരാതി. ഉമര്‍ (റ) പുത്രനെ വിളിച്ചു വരുത്തി വിവരമന്വേഷിച്ചു. മകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 
'പിതാവിന് മക്കളോട് ബാധ്യതയില്ലേ?'
'തീര്‍ച്ചയായും.'
'അതെന്തൊക്കെയാണ് അമീറുല്‍ മുഅ്മിനീന്‍, പറഞ്ഞു തന്നാലും.'
'നല്ല ഉമ്മയെ തെരഞ്ഞെടുക്കുക, നല്ല പേര് ഇടുക. കിതാബ് (ഖുര്‍ആന്‍) പഠിപ്പിക്കുക.'
'അമീറുല്‍ മുഅ്മിനീന്‍, ഇതില്‍ ഒരു കാര്യവും എന്റെ പിതാവ് എന്റെ കാര്യത്തില്‍ ചെയ്തിട്ടില്ല. അഗ്നിയാരാധകയായ ഒരു സ്ത്രീയാണ് എന്റെ മാതാവ്. എനിക്ക് പേരിട്ടിരിക്കുന്നതോ കരിവണ്ട് എന്നാണ്. ദൈവിക ഗ്രന്ഥത്തില്‍നിന്ന് ഒരക്ഷരം പോലും എനിക്ക് പഠിപ്പിച്ചുതന്നിട്ടില്ല.'
ഉമര്‍ (റ) പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: 'നിന്റെ മകന്‍ നിന്നെ ചീത്ത വിളിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നുവെന്ന് പരാതി ബോധിപ്പിക്കുന്നുവല്ലോ. പക്ഷേ അതിന് മുമ്പു തന്നെ നീ അവന്റെ കാര്യത്തില്‍ അനീതി കാണിച്ചിരിക്കുന്നു. നിന്നോട് അവന്‍ തെറ്റു ചെയ്യുന്നതിനു മുമ്പ് തന്നെ അവനോട് നീ കുറ്റം ചെയ്തിരിക്കുന്നു.' 
ഒരാള്‍ തന്റെ മകനെ സംസ്‌കാരം പഠിപ്പിക്കുന്നത് ഒരു സ്വാഅ് ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ് (തിര്‍മിദി). നല്ല സംസ്‌കാരത്തേക്കാള്‍ ഉത്തമമായത് ഒരു പിതാവും മകന് നല്‍കുന്നില്ല (തിര്‍മിദി). കുട്ടികളെ ചെറുപ്രായത്തിലേ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളും അനുഷ്ഠാന കാര്യങ്ങളും ശരീഅത്ത് വിധികളും പഠിപ്പിക്കണം. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകള്‍, ദൈവിക ഗ്രന്ഥം, പ്രവാചകന്മാര്‍, അന്ത്യദിനം, ദൈവിക വിധി (ഖദ്ര്‍) ആദിയായവയിലുള്ള വിശ്വാസം തുടങ്ങി ഖബ്ര്‍ ശിക്ഷ, പുനരുത്ഥാനം, വിചാരണ, സ്വര്‍ഗം, നരകം എന്നീ കാര്യങ്ങളിലുള്ള വിശ്വാസവും പഠിപ്പിക്കണം.
നമസ്‌കാരം, വ്രതാനുഷ്ഠാനം, സകാത്ത്, ഹജ്ജ് പോലുള്ളവ അനുഷ്ഠാന കാര്യങ്ങളില്‍ പെടും. തുടര്‍ന്ന് ശരീഅത്തിന്റെ അടിത്തറകള്‍ പഠിപ്പിക്കുക. ഇസ്‌ലാമികാദര്‍ശം, ആരാധനാ നിഷ്ഠകള്‍, ധാര്‍മിക-സ്വഭാവ ചര്യകള്‍, ശരീഅത്ത് നിയമവിധികള്‍, നിര്‍ദേശങ്ങള്‍, നിരോധിത കാര്യങ്ങള്‍, അനുവദനീയമായ കാര്യങ്ങള്‍ എന്നിവയും പഠിപ്പിക്കുക. ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. പ്രവാചകന്‍ അരുളി: ''നിങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി പഠിപ്പിക്കേണ്ടത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല) എന്ന വചനമായിരിക്കണം.''

ദൈവഭയവും ഇഹ്‌സാനും

തഖ്‌വ, ഭയഭക്തി, ലോകരക്ഷിതാവായ അല്ലാഹുവിനുള്ള വിധേയത്വവും അടിമത്തവും ഇതെല്ലാം മക്കളുടെ മനസ്സില്‍ നട്ടു വളര്‍ത്തുക. തന്റെ ഓരോ ചലനവും മനോവ്യാപാരവും അല്ലാഹു നിരീക്ഷിക്കുന്നുവെന്ന അവബോധം വളര്‍ത്തുക. 'നിഷ്‌കളങ്കവും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനം മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ളു' (നസാഈ). ഇഹ്‌സാന്‍ എന്തെന്ന് പഠിപ്പിക്കുക. 'അല്ലാഹു നിന്നെ കാണുന്നു എന്ന പോലെ നീ അവന് ഇബാദത്ത് ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുവെന്ന് മനസ്സിലാക്കുക' - ഇതാണ് ഇഹ്‌സാന്‍. 
പൂര്‍വികര്‍ മക്കളെ ഈ വിധം ശിക്ഷണം നല്‍കി വളര്‍ത്തി. ഇമാം ഗസ്സാലി ഉദ്ധരിക്കുന്നു. സഹ്‌ലു ബ്‌നു അബ്ദില്ലാ തസ്തരീ പറയുന്നു: എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ഞാന്‍ രാത്രി ഉണര്‍ന്ന്, എന്റെ അമ്മാവന്‍ മുഹമ്മദ് ബ്‌നു സിവാറിന്റെ നമസ്‌കാരം ശ്രദ്ധിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു: 'നിന്നെ സൃഷ്ടിച്ച അല്ലാഹുവിനെ നീ ഓര്‍ക്കാറില്ലേ?' 
'ഞാന്‍ എങ്ങനെയാണ് അല്ലാഹുവിനെ ഓര്‍ക്കേണ്ടത്?' 
'ഉറങ്ങാന്‍ പോകുന്ന സമയം മനസ്സില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ പറയുക; അല്ലാഹു എന്നോടൊപ്പമുണ്ട്. അല്ലാഹു എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അല്ലാഹു എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.' 
അങ്ങനെ ഞാനത് രാത്രി ചെയ്തു നോക്കി. അക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: 
'അത് ഓരോ രാത്രിയും ഏഴു പ്രാവശ്യം വീതം പറയുക.' 
ഞാന്‍ അങ്ങനെ ചെയ്തു.
'ഓരോ രാത്രിയും പതിനൊന്ന് പ്രാവശ്യം ചൊല്ലുക.' 
അതു പ്രകാരം ഞാന്‍ ചെയ്തു. എന്റെ ഹൃദയത്തില്‍ മാധുര്യം അനുഭവപ്പെട്ടു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അമ്മാവന്‍ പറഞ്ഞു: 'ഞാന്‍ പഠിപ്പിച്ചുതന്നത് മനഃപാഠമാക്കുക. മരണം വരെ അത് ജീവിതത്തില്‍ പതിവാക്കുക. എങ്കില്‍ ഇഹപര ലോകത്ത് നിനക്കത് ഗുണകരമാവും.' ഞാന്‍ അങ്ങനെ വര്‍ഷങ്ങളോളം കഴിച്ചുകൂട്ടി. അതെനിക്ക് സ്വകാര്യ ജീവിതത്തില്‍ മാധുര്യം നേടിത്തന്നു. അമ്മാവന്‍ മറ്റൊരിക്കല്‍ ചോദിച്ചു: 
'അല്ലാഹു കൂടെയുള്ളവനും അല്ലാഹു സദാ വീക്ഷിക്കുന്നവനും സാക്ഷ്യം വഹിക്കുന്നവനും ആണെന്ന് അവബോധമുള്ളവര്‍ക്ക് പിന്നെ അല്ലാഹുവിനെ ധിക്കരിക്കാന്‍ കഴിയുമോ?' 
'ഇല്ല, ഈ വിധം ശിക്ഷണം ലഭിച്ച സഹല്‍ മുതിര്‍ന്ന മതഭക്തരില്‍ സ്ഥാനം പിടിച്ചു.
ഇബ്‌നു അബ്ബാസ് പറയുന്നു: ഞാന്‍ നബിയുടെ കൂടെ ആയിരുന്നു. ഒരിക്കല്‍ നബി (സ) എന്നോട് പറഞ്ഞു. 'കുട്ടീ, ഞാന്‍ നിനക്ക് കുറച്ച് വചനങ്ങള്‍ പഠിപ്പിച്ചുതരാം. അല്ലാഹുവെ സൂക്ഷിക്കുക, എങ്കില്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. നിന്റെ മുന്നില്‍ കാണുന്ന പോലെ അല്ലാഹുവിനെ സൂക്ഷിക്കുക. ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് ചോദിക്കുക. സഹായം തേടിയാല്‍ അല്ലാഹുവോട് സഹായം തേടുക. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ സമുദായം ഒന്നാകെ ഒത്തുചേര്‍ന്നാലും അല്ലാഹു വിധിച്ചതല്ലാതെ യാതൊന്നും നിനക്ക് പ്രയോജനപ്പെടുകയില്ല. അവര്‍ നിനക്ക് എന്തെങ്കിലും ഉപദ്രവം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ യാതൊരു ഉപദ്രവവും അവര്‍ക്ക് വരുത്താനും കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഗ്രന്ഥങ്ങള്‍ തീര്‍ന്നിരിക്കുന്നു.' മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ് ഉള്ളത്: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവനെ നിനക്ക് മുന്നില്‍ കാണാം. ക്ഷേമകാലത്ത് നീ അല്ലാഹുവിനെ അറിഞ്ഞാല്‍ ക്ഷാമകാലത്ത് അവന്‍ നിന്നെ അറിയും. മനസ്സിലാക്കുക. നിന്നില്‍നിന്ന് ഉന്നം പി ഴച്ചത് നിനക്ക് ഏല്‍ക്കുകയില്ല. നിനക്ക് ഏല്‍ക്കാനിരിക്കുന്നത് പിഴച്ചുപോവുകയുമില്ല. ക്ഷമയോടൊപ്പമാണ് വിജയം. പ്രയാസത്തോടൊപ്പമാണ് ആശ്വാസവും എളുപ്പവും' (തിര്‍മിദി). ഇസ്‌ലാമിക ആദര്‍ശ വിശ്വാസ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കണം..

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌