Prabodhanm Weekly

Pages

Search

2020 ജൂണ്‍ 26

3157

1441 ദുല്‍ഖഅദ് 04

സമുദായം, സ്ഥാപനങ്ങള്‍, സാമ്പത്തിക ശാക്തീകരണം

യാസര്‍ ഖുതുബ്

പുതിയ കാലത്ത് തീര്‍ച്ചയായും ചില മാറ്റങ്ങള്‍ നമുക്ക് അനിവാര്യമാണ്. ഏതു തരം മാറ്റങ്ങളെയും തുടക്കത്തില്‍ എതിര്‍ക്കുന്ന മത സമൂഹങ്ങള്‍ കാലക്രമേണ പുതിയ സാഹചര്യങ്ങളെയും മാറ്റങ്ങളെയും വളരെ സ്വാഭാവികമായി ജീവിതത്തിലേക്ക് ഇഴ ചേര്‍ക്കുന്നതാണ് അനുഭവം. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വൈകുന്തോറും, പ്രസ്തുത കമ്യൂണിറ്റി സാമൂഹികമായി പിന്നാക്കം പോകുമെന്നും സോഷ്യല്‍ എഞ്ചിനീയര്‍മാര്‍ സ്ഥിതിവിവര കണക്കുകള്‍ വെച്ചു വരച്ചുകാണിക്കുന്നുണ്ട്. മാറ്റങ്ങളെ പരമാവധി എതിര്‍ത്തു തോല്‍പ്പിക്കാന്‍ പലപ്പോഴും മനുഷ്യന്‍ ശ്രമിക്കാറുണ്ട്. പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവുകയും അത് ജീവിതത്തിലേക്ക് വരികയും ചെയ്യുമ്പോള്‍ പലരുമതിനെ തുടക്കത്തില്‍ തടുക്കാനാണ് നോക്കുക. വാഹനങ്ങള്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെ അതിനു ഉദാഹരണങ്ങളാണ്. സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോള്‍ അവ ജീവിതത്തിന്റെ സ്വാഭാവികതയായി മാറും. നാം എത്രതന്നെ അകന്നുനിന്നാലും, അവ കാലത്തിന്റെ ഒരു മാറ്റമായി നമ്മുടെ ജീവിതത്തിലേക്ക് കയറി വരും. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും തീര്‍ത്ത വിപ്ലവങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ചില സാഹചര്യങ്ങള്‍ വരുമ്പോഴും മാറ്റങ്ങള്‍ക്ക് നമ്മള്‍ നിര്‍ബന്ധിതമാകും എന്നതിന്റെ തെളിവാണ് കോവിഡ് കാലം.
കൊറോണാ കാലത്തുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ സമുദായം, സമുദായ സ്ഥാപനങ്ങള്‍, അവയുടെ സാമ്പത്തികാടിത്തറ തുടങ്ങിയവയെക്കുറിച്ച  ആലോചനക്ക് നിമിത്തമാകുന്നത്. 
ബിസിനസ്സുകാരും സാധാരണക്കാരും ഉള്‍പ്പെട്ട വിശ്വാസിസമൂഹമാണ് മുസ്‌ലിം സമുദായത്തിന്റെ പ്രഥമവും പ്രധാനവുമായ സാമ്പത്തിക സ്രോതസ്സ്. സകാത്ത്, സ്വദഖ, വഖ്ഫ് എന്നിവയിലൂടെ സ്വന്തം സമ്പത്ത് ദൈവപ്രീതി കാംക്ഷിച്ചും ദൈവശാസന അനുസരിച്ചും അവര്‍ ദാനം ചെയ്യുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ആയിരക്കണക്കിന് ഗവേഷണങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെടുന്നു. പക്ഷേ, ഒരു ഗവേഷണ വിഷയം എന്നതിലപ്പുറം, അത് പ്രായോഗികവല്‍ക്കരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.
ചില ശ്രമങ്ങള്‍ നടക്കാറുണ്ടെന്നത് വിസ്മരിക്കുന്നില്ല. പ്രതിസന്ധികളും ദുരന്തങ്ങളും പുതിയ അവസരങ്ങള്‍ തീര്‍ക്കും എന്നാണല്ലോ ചരിത്രം പഠിപ്പിക്കുന്നത്. യുദ്ധാനന്തര സാഹചര്യങ്ങളായിരുന്നു പല സാമൂഹികശാസ്ത്ര മുന്നേറ്റങ്ങള്‍ക്കും കാരണമായത്. വ്യവസായ വിപ്ലവത്തിനും ഹരിത വിപ്ലവത്തിനുമൊക്കെ ഇങ്ങനെയൊരു പശ്ചാത്തലമുണ്ട്.  കാതലായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുക പ്രതിസന്ധി ഘട്ടങ്ങളിലായിരിക്കും എന്നര്‍ഥം. 
ഇസ്‌ലാമിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നാമുയര്‍ത്തേണ്ട ഒരു പ്രധാന ചോദ്യമുണ്ട്. സംഭാവനയില്‍ മാത്രം അധിഷ്ഠിതമായി ഇനിയും ദീനീ സ്ഥാപനങ്ങള്‍ തുടരണമോ? ഒരു സ്ഥാപനം മുന്നോട്ടുപോകണമെങ്കില്‍ സാമ്പത്തിക സ്വാശ്രയത്വം വളരെ പ്രധാനമാണ്. സ്ഥാപനങ്ങളുടെ വരുമാനവും നിലനില്‍പ്പും സംഭാവനകളെ മാത്രം ആശ്രയിച്ചായാല്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമായിരിക്കില്ല കാര്യങ്ങള്‍. തുടര്‍ന്നുപോരുന്ന ചില രീതികളെങ്കിലും ഒഴിവാക്കാന്‍ സമയമായി എന്ന് തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്കു ഇനിയെങ്കിലും നാം തയാറാകണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വയംപര്യാപ്തമായി മുന്നോട്ടുപോകാന്‍ ആവശ്യമായ സസ്റ്റൈനബ്ള്‍ മോഡലുകളാണ് കാലഘട്ടത്തിന്റെ ആവശ്യം. 

വിലയിരുത്തലുകള്‍ പ്രധാനം

ഓരോ സ്ഥാപനത്തിന്റെയും ഫലത്തെ (Outcome) വിലയിരുത്താനും അവയെ സത്യസന്ധമായി അഭിമുഖീകരിക്കാനും നാം സമയം കണ്ടെത്തണം. നമ്മള്‍ സ്വപ്നം കാണുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്ത പദ്ധതി വിജയിക്കുകയും ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. നമ്മള്‍ ചെലവഴിച്ച അധ്വാനങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അനുസരിച്ച്  ഫലം ഉണ്ടോ എന്ന് നിശ്ചിത മാനദണ്ഡങ്ങള്‍ (ങലൃേശര)െ വെച്ചു തന്നെ പരിശോധിക്കണം. അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തണം.
ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം ഉദാഹരണം. മുപ്പതോ അമ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ആ സ്ഥാപനം നിശ്ചിത കോഴ്സിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടോ? ഇത് പരിശോധിക്കണം. ആ സ്ഥാപനം ഇന്നും അതേ രീതിയില്‍ തുടരേണ്ടതുണ്ടോ? വിഭാവനം ചെയ്ത രീതിയില്‍, എത്ര ആളുകള്‍ നാം നല്‍കിയ കോഴ്സിലൂടെ ഉയര്‍ന്നുവരികയും സമൂഹത്തിന് പ്രയോജനപ്പെടുകയും ചെയ്യുന്നുവെന്ന്് സ്ഥാപന ചരിത്ര ഡാറ്റാ ബാങ്ക് വെച്ച് തന്നെ പഠനവിധേയമാക്കണം. ആ സ്ഥാപനം അല്ലെങ്കില്‍ കോഴ്സ് നമ്മുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നുണ്ടെങ്കില്‍ പോലും കാലത്തിനനുസരിച്ച് പുതുമകള്‍ (Innovations) കൊണ്ടു വന്ന് പരിഷ്‌കരിച്ചുകൊണ്ടിരിക്കണം. ഭാവി പരിതഃസ്ഥിതികള്‍ മുന്നില്‍വെച്ചു ആര്‍ ആന്റ് ഡി (R&D-Research and Development)  നടത്തുക, അതിനുവേണ്ടി പ്രത്യേകം ബജറ്റ് തന്നെ ഉള്‍ക്കൊള്ളിക്കുക തുടങ്ങിയവ ഓരോ സ്ഥാപനത്തിനും അത്യാവശ്യമാണ്. 

ദീനീ വിദ്യാഭ്യാസം: സൗജന്യം നിര്‍ബന്ധമോ?

കൊറോണാ കാലത്ത് പാപ്പരായ പ്രമുഖ വിഭാഗമാണ് യൂനിവേഴ്സിറ്റികള്‍ എന്നാണ് ഫോബ്സ് മാഗസിന്‍ എഴുതിയത്. കാരണം വിദ്യാഭ്യാസം വളരെ ചെലവേറിയതാണ് ഭൂരിപക്ഷം പാശ്ചാത്യ യൂനിവേഴ്സിറ്റികളിലും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് വളരെ ഭാരിച്ചതാണ്. ക്വാളിറ്റിയുള്ള വിദ്യാഭ്യാസം നല്‍കണമെങ്കില്‍ അതിനനുസരിച്ച ഇന്‍ഫ്രാസ്ട്രക്ച്ചറും യോഗ്യതയുള്ള അധ്യാപകരും വേണം. ഇവയില്‍ നീക്കുപോക്കുകള്‍ നടത്തിയാല്‍  ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മികവിനെ ബാധിക്കും.
വിദ്യാഭ്യാസം ഭൗതികമോ ദീനീപരമോ ആകട്ടെ, അത് മനുഷ്യനെയും സമൂഹത്തെയും അതുവഴി ലോകത്തെയും  സംസ്‌കാരത്തെയും  ഭാവി തലമുറയെയും വാര്‍ത്തെടുക്കുന്ന സുപ്രധാന പ്രക്രിയയാണ്. പ്രാഥമിക വിദ്യാഭ്യാസം പൗരന്റെ മൗലിക അവകാശം ആയാണ് കണക്കാക്കുന്നത്. ഓരോ മനുഷ്യനും തന്റെ ജീവിതം നയിക്കാനുതകുന്ന അടിസ്ഥാന അറിവുകള്‍ ലഭിച്ചിരിക്കണം. അവ സൗജന്യമായി ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കണം. തുടര്‍ന്നു വരുന്ന വ്യത്യസ്ത വിഷയങ്ങളിലുള്ള സ്പെഷ്യലൈസേഷനും  ഗവേഷണങ്ങളുമെല്ലാം എല്ലാവര്‍ക്കും ആവശ്യമില്ല. കഴിവും താല്‍പര്യവുമുള്ളവരേ പ്രസ്തുത മേഖലകളില്‍ സജീവമാകേണ്ടതുള്ളൂ.
നിലവിലുള്ള ദീനീ മദ്‌റസകള്‍ ഭൂരിപക്ഷവും സൗജന്യമായാണ് അധ്യയനം നടത്തുന്നത്. അതുകൊണ്ടുതന്നെ പരാധീനതകള്‍ സ്വാഭാവികം. ദീനീ വിദ്യാഭ്യാസം, ഖുര്‍ആന്‍ ഹിഫഌ പഠനം തുടങ്ങിയവയെല്ലാം  സൗജന്യമായി നല്‍കണമെന്ന  മാനസികാവസ്ഥയിലാണ് പൊതുവെ സമുദായം. പഴയകാല സാഹചര്യങ്ങളില്‍ ദീനീ രംഗത്ത് സൗജന്യ വിദ്യാഭ്യാസം ആരംഭിക്കാന്‍ പല കാരണങ്ങളും ഉണ്ടാകാം. ഇന്നും അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ? സൗജന്യമായി നല്‍കിയാലേ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കൂ എന്ന മിഥ്യാധാരണയുണ്ട്. എന്നാല്‍ ഈയടുത്ത് കേരളത്തില്‍ ആരംഭിച്ച ചില ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍, ഹിഫഌ പാഠശാലകള്‍ തുടങ്ങിയവ ഉയര്‍ന്ന ഫീസ് ഉണ്ടായിട്ടുകൂടി ധാരാളം പേരെ ആകര്‍ഷിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഇവ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇതില്‍നിന്നും മനസ്സിലാവുന്നത് ക്വാളിറ്റി ഉണ്ടെങ്കില്‍ ഉയര്‍ന്ന ഫീസ് നല്‍കാനും രക്ഷിതാക്കള്‍ തയാറാണ് എന്നാണല്ലോ.
ദീനീ മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം ചുരുങ്ങിയ ചെലവില്‍ ലഭ്യമാവുക എന്നത് അനിവാര്യമാണ്. കാരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ ധാരാളമുണ്ടാകും. സമൂഹമെന്ന നിലക്ക് എല്ലാ ശ്രേണിയില്‍ പെടുന്നവര്‍ക്കും പ്രാപ്യമാകുന്ന നിലയിലായിരിക്കണം സാമൂഹിക സംവിധാനങ്ങള്‍. എന്നാല്‍ ദീനീ രംഗത്തെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും അവ ഇങ്ങനെ തന്നെ തുടരണോ എന്നതിനെക്കുറിച്ചാണ് പുനരാലോചന വേണ്ടത്.
ലോകതലത്തില്‍ വിദ്യാഭ്യാസം വലിയ മാറ്റങ്ങളിലൂടെ   കടന്നുപോകുന്ന കാലമാണിത്. ഡയറക്ട് ക്ലാസുകള്‍ മാറി എല്ലാം ഓണ്‍ലൈന്‍ ആകുന്നതാണ് പ്രധാനം എന്നു തെറ്റിദ്ധരിക്കരുത്. ഓണ്‍ലൈന്‍ എന്നത് ഇവയെ സഹായിക്കാനും വര്‍ധിപ്പിക്കാനും (Augment) ഉള്ള സിസ്റ്റം മാത്രമാണ്. ഏറ്റവും മികച്ച ക്ലാസുകളും പാഠഭാഗങ്ങളും കുഗ്രാമങ്ങളില്‍ പോലും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കഴിയും എന്നതാണ് ഓണ്‍ലൈനിന്റെ മുഖ്യ ഗുണം. വിദ്യാഭ്യാസരംഗത്തെ ക്വാണ്ടിറ്റിയും ക്വാളിറ്റിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും.
ഓണ്‍ലൈന്‍ അല്ലാതെ നേര്‍ക്കുനേരെയുള്ള അധ്യയനങ്ങള്‍ ഇനിയും കാലങ്ങളോളം തുടരുക തന്നെ ചെയ്യും. യുനസ്‌കോയുടെ കണക്കനുസരിച്ച് 2030-ല്‍ 69 മില്യന്‍ അധ്യാപകരുടെ കുറവ് ഉണ്ടായിരിക്കും എന്ന് പറയുന്നു. പുതിയ തലമുറക്ക് വളരെ പെട്ടെന്ന് സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കിയെടുക്കാനുള്ള കഴിവുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികളുടെ കാര്യത്തില്‍ ഇപ്പറഞ്ഞത് ശരിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2017-ല്‍ ടെക്നോ ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ എലന്‍ മസ്‌ക്, Global Learning XPRIZE എന്ന 15 മില്യന്‍ ഡോളറിന്റെ ചാലഞ്ച് ഗൂഗ്ള്‍ പങ്കാളിത്തത്തോടുകൂടി നടത്തുകയുണ്ടായി. അതില്‍ താന്‍സാനിയയിലെ 127 കുഗ്രാമങ്ങളിലെ ഇരുപത്തയ്യായിരത്തോളം നിരക്ഷരരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തു നടത്തിയ പ്രോഗ്രാമാണ് വിജയം കൊയ്തത്. അവരുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ പോകാത്ത നിരക്ഷരരായിരുന്നു. ആ നാട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ സോളാര്‍ ആണ് അവര്‍ ഉപയോഗിച്ചത്. ഈ വിദ്യാര്‍ഥികള്‍ തങ്ങളുടെ ടാബുകള്‍ (ഗൂഗ്ള്‍ സംഭാവന നല്‍കിയ വലിയ Pixel C Tablet  ഫോണുകള്‍) ഉപയോഗിച്ച് പാഠഭാഗങ്ങള്‍ ഞൊടിയിടയില്‍ പഠിച്ചു തീര്‍ത്തു. വികസിത രാജ്യങ്ങളില്‍ റെഗുലര്‍ ക്ലാസുകളില്‍ പോകുന്ന വിദ്യാര്‍ഥികളേക്കാള്‍ വേഗതയില്‍ ഇവര്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു.
ഓഡിയോ, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയിലൂടെ വിദ്യാര്‍ഥികള്‍ വളരെ വേഗത്തില്‍ പാഠങ്ങള്‍ പഠിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി (VR)  പോലെയുള്ള സങ്കേതങ്ങളിലൂടെ, മനുഷ്യന്റെ ആന്തരിക ശരീരഘടനയിലേക്കും പഴയകാല ബാബിലോണിയന്‍ ചരിത്രത്തിലേക്കുമൊക്കെ സഞ്ചരിക്കാന്‍ (വെര്‍ച്വല്‍ ടൂര്‍ വഴി) കഴിയും. 2030-ഓടുകൂടി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാന്‍, മനുഷ്യരേക്കാള്‍ ഓര്‍മശക്തിയും വേഗതയുമുള്ള എ.ഐ (Artificial Intelligence)  അസിസ്റ്റന്റുകളും ഉണ്ടാവും.

സ്‌കോളര്‍ഷിപ്പുകള്‍ മുഖ്യം

എല്ലാ കോഴ്സിനും വിദ്യാര്‍ഥികള്‍ക്കും ഫീസുകള്‍ ഏര്‍പ്പെടുത്തുക. മിടുക്കരും അര്‍ഹരുമായവര്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. അതായത് എല്ലാ വിദ്യാര്‍ഥികളുടെയും ഫീസ് കോളേജില്‍ അടക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുക. വിദേശ സര്‍വകലാശാലകളുടെ ഇതേ മാതൃകയിലുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ പരീക്ഷിക്കാവുന്നതാണ്. സ്‌കോളര്‍ഷിപ്പിലൂടെയും സ്പോണ്‍സര്‍മാരിലൂടെയും പണം ലഭിക്കുന്നതിനാല്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഭാരവുമാകില്ല. സാമുദായികമോ പ്രാസ്ഥാനികമോ ആയ പ്രതിജ്ഞാബദ്ധതകള്‍ (Commitments)  ഇല്ലാത്തവര്‍ക്ക്, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു വിഷയപഠനം എന്ന നിലക്ക് മാത്രം ഇത്തരം കോഴ്സുകള്‍ തെരഞ്ഞെടുത്തവര്‍ക്ക്, സ്വന്തമായി പണം നല്‍കി പഠിക്കുകയുമാവാം. ഇപ്പോഴത്തെ സമ്പ്രദായത്തില്‍ ഇഷ്ടമില്ലാതെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും ദീന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചെലവുകള്‍ സമൂഹം വഹിക്കുകയും പഠനത്തിനു ശേഷം ഇത്തരക്കാര്‍ മറ്റു മേഖലകളിലേക്ക് തിരിയുകയുമാണ്. അതുമൂലം അര്‍ഹതപ്പെട്ടവര്‍ക്കുള്ള  സീറ്റുകളാണ് നഷ്ടപ്പെടുന്നത്. സ്ഥാപനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ മുഴുവന്‍ സംഖ്യയും ഫീസിനത്തില്‍ തന്നെ ലഭിച്ചാല്‍ മറ്റു സംഭാവനകള്‍ സ്ഥാപനത്തിന്റെ വികസനത്തിനും തുടര്‍ വളര്‍ച്ചക്കും ഉപയോഗപ്പെടുത്തി അവയെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കഴിയും.
ഫണ്ട് ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് നിലവിലുള്ള സ്റ്റാന്റേര്‍ഡ് അനുസരിച്ച് ശമ്പളം നല്‍കാന്‍ സാധിക്കൂ. നല്ല വേതനം കൊടുത്താല്‍ മാത്രമേ ഗുണമേന്മയുള്ള അധ്യാപകരെ ലഭിക്കുകയുള്ളൂ. ഏതു സ്ഥാപനമായാലും ഇതൊരു യാഥാര്‍ഥ്യമാണ്. ജോലിക്കാരും മാനേജ്മെന്റും ഉള്‍പ്പെടുന്നതാണ് എല്ലാ സംരംഭങ്ങളുടെയും ജീവനാഡി. എല്ലാവര്‍ക്കും തൊഴിലിനനുസരിച്ച ആകര്‍ഷകമായ വേതനം നല്‍കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സംതൃപ്തിയും കൂടുതല്‍ പ്രൊഡക്ടിവിറ്റിയും ഉണ്ടാകൂ. ഗവണ്‍മെന്റ് നിയമങ്ങള്‍ അനുസരിച്ച് പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് (eg. ESI) തുടങ്ങിയവ ലഭ്യമാക്കണം. സ്ഥാപനങ്ങളുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തിയാല്‍, ജോലിക്കാര്‍ക്കു വേണ്ടി എമര്‍ജന്‍സി ഫണ്ടുകള്‍, ലോണ്‍ സ്‌കീമുകള്‍, പെന്‍ഷന്‍ തുടങ്ങിയവ ആരംഭിക്കാന്‍ സാധിക്കും. അങ്ങനെ സ്ഥാപനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാനും കഴിയും. പള്ളി, മദ്റസ ജീവനക്കാരെയെല്ലാം ഈ വിധം പരിഗണിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കണം. കോവിഡ് കാലത്ത് വല്ലാതെ കഷ്ടപ്പെട്ടവരാണ് പള്ളിയിലെ ജീവനക്കാരും മദ്റസാ അധ്യാപകരും. ഇവരെ സാമൂഹികമായി ശാക്തീകരിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടത് സമുദായത്തിന്റെ ബാധ്യതയാണ്. ഗവണ്‍മെന്റിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുകയുമാവാം.

റിലീഫ് പ്രവര്‍ത്തനങ്ങളും സുസ്ഥിര വികസനവും

സാമൂഹിക സേവനങ്ങളും ദാനധര്‍മങ്ങളും ഏറ്റവും കൂടുതല്‍ ചെയ്യുന്ന  വിഭാഗമാണ് കേരളത്തിലെ മുസ്‌ലിംകള്‍. ജനസേവനം ഒരു സംസ്‌കാരമായി ഏറ്റെടുത്ത ജനത. വിപുലമായ രീതിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഒരുപക്ഷേ, കേരളത്തില്‍ സോളിഡാരിറ്റി ആയിരിക്കും. ഇപ്പോഴത് എല്ലാ സംഘടനകളും ഏറ്റെടുത്തിരിക്കുന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ വീടു നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും കെ.എം.സി.സി ഗള്‍ഫ് നാടുകളില്‍ ഈ കോവിഡ് സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നല്ലോ. ചിലപ്പോഴെങ്കിലും ഇത്തരം സേവനങ്ങള്‍ നമ്മുടെ അവകാശങ്ങളെയും രാഷ്ട്രീയ സാക്ഷരതയെയും തുരങ്കം വെക്കുന്നുണ്ടോ എന്ന് നാം ഗൗരവതരമായി ചിന്തിക്കണം.
ഒരു പൗരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക എന്നത് സ്റ്റേറ്റിന്റെ കര്‍ത്തവ്യമാണ്. എല്ലാം ഒരു സി.എസ്.ആര്‍ (Corporate Social Responsibility) മോഡലില്‍ ജനങ്ങള്‍ തന്നെ ചെയ്തുകൊടുക്കുന്നത് അത്ര ഭൂഷണമല്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഗവണ്‍മെന്റ് ചെലവില്‍ മെഡിക്കല്‍ കോളേജുകളും ആരോഗ്യ കേന്ദ്രങ്ങളും ഉയര്‍ന്നപ്പോള്‍, മഞ്ചേരിയില്‍ അത് ജുമുഅത്ത് പള്ളികളും പള്ളിക്കൂടങ്ങളും പിന്നെ പൊതുജനങ്ങളുമൊക്കെ ഫണ്ട് നല്‍കിയാണ് ഉണ്ടാക്കിയത്. ദുരന്ത സമയങ്ങളിലും അത്യാഹിത ഘട്ടങ്ങളിലുമെല്ലാം ജനങ്ങളുടെ സഹായം ഗവണ്‍മെന്റിന് ആവശ്യമാണ്. എന്നാല്‍ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം 'മഞ്ചേരി മോഡലു'കള്‍ മാതൃകയാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പ്രതിലോമകരമായ രാഷ്ട്രീയ ചുവടുവെപ്പുകളാണ് എന്ന് പറയാതെ വയ്യ.
സര്‍ക്കാരില്‍നിന്നും അര്‍ഹമായ അവകാശങ്ങള്‍ നേരായ വഴിയില്‍ നേടിയെടുക്കുക, പ്രായോജകരുടെ അപേക്ഷകള്‍ നിരന്തരം പിന്തുടരുക, ഗവണ്‍മെന്റ് സഹായം ലഭ്യമല്ലാതായാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ കാരണങ്ങള്‍ ചോദിച്ച് വീണ്ടും അപേക്ഷകള്‍ കൊടുക്കുക. ആളുകള്‍ക്ക് ഇത്തരം വിദ്യാഭ്യാസം നല്‍കുക മാത്രമല്ല, ആദ്യം മുതല്‍ അവസാനം വരെ അവ നേടിയെടുക്കുന്നതില്‍ സഹായിക്കുന്ന നോഡല്‍ ഏജന്‍സി ആയി പ്രവര്‍ത്തിക്കുകയാണ് ഇക്കാലത്ത് റിലീഫ് സംഘടനകള്‍ നിര്‍വഹിക്കേണ്ട പ്രഥമ ദൗത്യം. ജാഗ്രതയുള്ള ജനത ഉണ്ടാവുമ്പോള്‍ സിവില്‍ ഭരണവും നാടും കൂടുതല്‍ കാര്യക്ഷമമാകും.
പലപ്പോഴും ഇതൊക്കെ നടക്കാന്‍ പോകുന്ന കാര്യമാണോ എന്ന സന്ദേഹമാണ് ഭൂരിപക്ഷം ജനങ്ങള്‍ക്കു(സംഘടനകള്‍ക്കും)മെന്നതാണ് വസ്തുത. ഇത് മാറിയേ തീരൂ. സാമൂഹിക ക്ഷേമത്തെയും സംരംഭങ്ങളെയും സഹായിക്കുന്ന ധാരാളം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇന്നുണ്ട്. ഇവ നാം ഉപയോഗപ്പെടുത്തണം. ഇവക്ക് സഹായകമാവുന്ന നിയമനിര്‍മാണങ്ങളും ഉണ്ടായിട്ടുണ്ട്. പണ്ടത്തേതില്‍നിന്ന് ഭിന്നമായി കൂടുതല്‍  സുതാര്യമാണ് ഇന്ന് ഗവണ്‍മെന്റ് വിഭാഗങ്ങള്‍. പല സേവനങ്ങളും സമയബന്ധിതവുമാണ്. സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത അവസ്ഥകളില്‍ മാത്രം സംഘടനകള്‍ തങ്ങളുടെ പണം പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കുക. എങ്കില്‍ സന്നദ്ധ സംഘടനകളുടെ കൈയില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍   കൂടുതല്‍ പണമുണ്ടാകും.

സുസ്ഥിര വികസനം (Sustainable Development)  

സാമൂഹിക-സാമ്പത്തിക പുരോഗതിയിലൂടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിര പുരോഗതിയുടെ (UN Sustainable Development Goals - UNSDG) ലക്ഷ്യം. സകാത്തിന്റെ ലക്ഷ്യങ്ങളും ഇതും തമ്മില്‍ വലിയ തോതില്‍ സാമ്യതകളുണ്ട്. സാമൂഹിക അസന്തുലിതാവസ്ഥകളുടെ ഉന്മൂലനം, സാമ്പത്തിക ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നതാണ് UNSDG-17. പതിനേഴു കാര്യങ്ങള്‍ അടങ്ങുന്നതാണ് ഐക്യ രാഷ്ട്രസഭയുടെ  സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. വിശപ്പില്‍നിന്നുള്ള മോചനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, മിതനിരക്കിലും പ്രകൃതിക്കിണങ്ങുന്നതുമായ ഊര്‍ജ സ്രോതസ്സുകള്‍, മാന്യമായ ജോലിയും സാമ്പത്തിക പുരോഗതിയും, നവീകൃത വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, അസമത്വങ്ങള്‍ കുറക്കല്‍, സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, ചുമതലാ ബോധത്തോടെയുള്ള ഉപഭോഗവും ഉല്‍പാദനവും, കാലാവസ്ഥയെയും പരിസ്ഥിതിയെയും പരിഗണിക്കുന്ന നിര്‍മാണങ്ങള്‍, സമാധാനം, നീതി എന്നിവക്കു വേണ്ടിയുള്ള ശക്തമായ സ്ഥാപനങ്ങള്‍, മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സഹവര്‍ത്തകത്വം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് UNSDG-17.
സമൂഹം എന്ന നിലക്ക് വിദ്യാഭ്യാസത്തിനാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുഖ്യ പരിഗണന ആവശ്യമുള്ളത്.  അതിനു ചെലവഴിക്കുന്ന പണം വൃഥാവിലാവില്ല. അതിനാല്‍ സമൂഹത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യം വെക്കുന്ന ചാരിറ്റി സംഘടനകള്‍ക്ക് പണം ചെലവഴിക്കുന്നതിന് ഏറ്റവും ഗുണപരമായ ഒരിനം വിദ്യാഭ്യാസ മേഖല തന്നെ. ഇതിനര്‍ഥം എല്ലാവരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കണമെന്നല്ല. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാവണം എല്ലായ്പ്പോഴും മുന്‍ഗണന. സമൂഹത്തിലും സമുദായത്തിലും നിലവിലുള്ള സംരംഭങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്രിയാത്മകം. അല്ലാത്ത പക്ഷം വ്യത്യസ്ത കൂട്ടായ്മകള്‍ ഒരേ ലക്ഷ്യത്തിന് വെവ്വേറെ ഊര്‍ജം ചെലവഴിച്ച് പാഴായിപ്പോകാനിടയുണ്ട്. വിദ്യ ആര്‍ജിക്കുന്നതിനു വേണ്ടി അര്‍ഹരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. വിദ്യാഭ്യാസ സഹായത്തിനു ഐ.ഡി.ബി (Islamic Development Bank) മാതൃകയില്‍, തിരിച്ചടക്കണമെന്ന വ്യവസ്ഥയില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയാല്‍, അവര്‍ ജോലി ലഭിക്കുമ്പോള്‍ പണം തിരിച്ചടക്കും. അങ്ങനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാന്‍ റിലീഫ് കമ്മിറ്റികളെ അത് പര്യാപ്തമാക്കും. പല സംഘടനകളും ഇപ്പോള്‍ തിരിച്ചടവുകള്‍ ആവശ്യമില്ലാത്ത, തുഛമായ തുകയാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയോജനമില്ല എന്നതാണ് വസ്തുത.
ആളുകളുടെ ജീവിത നിലവാരം ഉയര്‍ന്ന ഇക്കാലത്ത് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് സാമൂഹിക സേവന പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന വശം. ഒരു സാധാരണക്കാരനെ സംബന്ധിച്ചു വീടുനിര്‍മാണം, കച്ചവടം തുടങ്ങിയവക്ക് കൂടുതല്‍ പണം ആവശ്യമാണ്. അതിനനുസരിച്ച സഹായ- കടവായ്പകള്‍ നല്‍കാന്‍ സാധിക്കണം. മൈക്രോ സഹകരണ സംഘങ്ങളിലൂടെ അതിനുള്ള പ്രയത്നങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും അവ കൂടുതല്‍ വിഭവങ്ങളും കൂട്ടായ്മകളുമായി വിപുലവും ശക്തവുമാകേണ്ടതുണ്ട്.
പണം പലയിടങ്ങളില്‍ ചെറുതായി ചിതറിപ്പോകാതെ, ഒരു വ്യക്തിയെ സ്വയംപര്യാപ്തനാക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു സംഘടിത സകാത്ത് തുടങ്ങുന്ന കാലത്ത്. അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. കൂടുതല്‍ സംഘടിതമായി, കൂട്ടായ്മകള്‍ രൂപീകരിച്ച് സംരംഭകത്വത്തെ വളര്‍ത്തുക എന്നതാണത്.
സംഘടനകള്‍ സ്ഥിരമായി നടത്തുന്ന ഒരു സാധാരണ ദാനമാണ് ആളുകള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം. അതിനു പകരം ഇത്തരം ഗുണഭോക്താക്കളെ സംഘടിപ്പിച്ച് അത് ഒരു തയ്യല്‍ യൂനിറ്റ് ആയി വിപുലീകരിക്കുക, അവരുടെ കച്ചവടത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പരിശീലനവും നല്‍കുക. വസ്ത്ര നിര്‍മാണത്തിനും വിതരണത്തിനും വഴികളുണ്ടാക്കി ഒരു വലിയ സംരംഭമായി വിപുലീകരിച്ചാല്‍ അത് വീണ്ടും ധാരാളമാളുകള്‍ക്ക് തൊഴില്‍ നല്‍കും. ഉടമകള്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും. ഇതൊരു ഉദാഹരണം മാത്രം.
പല സംരംഭങ്ങളും ഈ രീതിയില്‍ വര്‍ധിത മൂല്യത്തോടെ (Value Added) മഹല്ല് / പ്രാദേശിക/ജില്ലാതല/ സംസ്ഥാന തല കൂട്ടായ്മകളിലൂടെ വിജയിപ്പിച്ചെടുക്കാനും കരുത്തുറ്റതാക്കാനും കഴിയും. അതിന് വ്യക്തിഗത സംരംഭങ്ങളേക്കാള്‍ വിജയവും നിലനില്‍പും ഉണ്ടായിരിക്കും. മഹല്ല് ശാക്തീകരണങ്ങളുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് ആയി പ്രസ്തുത സംരംഭങ്ങളെ/പ്രൊഡക്ടുകളെ ഉയര്‍ത്തിക്കൊണ്ടുവരാനും സാധിക്കും.
ഫിഖ്ഹിലും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലും വിശദീകരിച്ച ഖിറാള്, ശിര്‍കത്ത്, മുറാബഹ തുടങ്ങിയവ കൂടുതലായി പ്രയോഗവല്‍ക്കരിക്കാനുള്ള സമയമാണിത്. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമായ, സുസ്ഥിര വികസനത്തിനു സഹായകമാവുന്ന ഒന്നാണ് കൃഷിയും ഭക്ഷ്യോല്‍പന്നങ്ങളും. പ്രാദേശിക കൃഷികളുടെ പ്രാധാന്യം നാം കൊറോണാ കാലത്ത് അനുഭവിച്ചറിഞ്ഞതാണ്. ഓര്‍ഗാനിക് ഫലങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുമുണ്ട്. കൃഷിക്കും അതിന്റെ വിപണിക്കും കൂട്ടായ്മകള്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ വിളകള്‍ ലഭിക്കും. മാത്രമല്ല ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് നേരിട്ടുള്ള വിപണി സൃഷ്ടിക്കുന്നതിലൂടെ കൂടുതല്‍ വിലയും ലഭിക്കും.
ഓരോ മഹല്ലിലും ഭൂമി പാട്ടത്തിനെടുത്ത് വിസ്തൃതമായ സ്ഥലങ്ങളില്‍ ശാസ്ത്രീയമായി കൃഷി തുടങ്ങിയാല്‍ അത് ഒരു വന്‍ വിപ്ലവം തന്നെ ആയിരിക്കും. അതോടൊപ്പം മത്സ്യം, ക്ഷീര കൃഷി എന്നിവ അടങ്ങുന്ന ജൈവ എക്കോ സിസ്റ്റം തന്നെ ഉണ്ടാക്കിയാല്‍ അതിന് വലിയ സാധ്യതകളായിരിക്കും. ഇവ ഓണ്‍ലൈന്‍ വഴി സമീപപ്രദേശത്തേക്കും വില്‍ക്കാന്‍ കഴിയും. 
സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അതുവഴി ജീവിത നിലവാരം ഉയര്‍ത്തുക, തൊഴിലവസരങ്ങളും സാമ്പത്തിക അഭിവൃദ്ധിയും വര്‍ധിപ്പിക്കുക, അങ്ങനെ രാജ്യത്തിനും ലോകത്തിനും ക്ഷേമം കൈവരുത്തുക എന്നതാണ് സംരംഭകത്വത്തിന്റെ ധര്‍മം. അപ്രകാരം ആശയങ്ങളെ പ്രയോഗവല്‍ക്കരിക്കുന്നവരാണ് സംരംഭകര്‍. കാലാവസ്ഥാ പാരിസ്ഥിതിക മാറ്റങ്ങളാണ് ഭൂമി നേരിടുന്ന ഒരു വെല്ലുവിളി. ജൈവ/ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ചെറിയ പരിഹാരങ്ങള്‍ കാണാന്‍ സാധിക്കും. വേസ്റ്റ് മാനേജ്മെന്റ്, മാലിന്യ നിര്‍മാര്‍ജനം പോലുള്ളവക്ക് ക്രിയാത്മക പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിച്ചാല്‍ പ്രാദേശികമായി മാത്രമല്ല, ആഗോളതലത്തില്‍ തന്നെ അത് വലിയ ഗുണഫലങ്ങളുണ്ടാക്കും.

Comments

Other Post

ഹദീസ്‌

നന്മയുടെ താക്കോലാവുക
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (2-5)
ടി.കെ ഉബൈദ്‌