ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അവരുടെ ജീവിത വിജയവും
വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏതൊരു പ്രവര്‍ത്തനത്തിന്റെയും മുഖ്യ കേന്ദ്രം വിദ്യാര്‍ഥികളാണ്. അവരുടെ ജീവിത വിജയം എന്നതാണ് സ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥിയുടെ വിജയം (Student Success) എന്നത് വിദ്യാഭ്യാസ മേഖലയില്‍, വിശിഷ്യാ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍വാംഗീകൃതമായ ഒരു സങ്കേതമാണ്. വിദ്യാഭ്യാസം കൊണ്ട് നേടേണ്ട നാനാ അര്‍ഥത്തിലുമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് സാധിക്കുന്ന അവസ്ഥയാണത്. അതിനെ വിദ്യാര്‍ഥി വിജയം എന്ന് പരിഭാഷപ്പെടുത്തുന്നതു തന്നെ ഭാഷാപരമായ പരിമിതിയാണ്. ഒരു പ്രോഗ്രാമില്‍ ചേര്‍ന്ന് പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങുന്നതില്‍ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് കൃത്യമായ ബോധ്യം നമുക്കുണ്ട്. എന്നാല്‍ ഇസ്ലാമിക വിദ്യാഭ്യാസ പരിസരത്ത് നിന്നു കൊണ്ട് Student Success എന്ന സങ്കേതത്തെ നിര്‍വചിക്കാനോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വികസിപ്പിക്കാനോ നമ്മള്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. ഏതൊരു കാര്യവും അതിന്റെ ലക്ഷ്യം കൈവരിച്ചോ എന്ന് നിര്‍ണയിക്കാന്‍ അതിനെ നിര്‍വചിക്കല്‍ അനിവാര്യമാണ്. അതിനാല്‍ പ്രാഥമികമായി നാം ചെയ്യേണ്ടത് ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ സ്റ്റുഡന്റ് സക്‌സസ് എന്താണെന്ന് നിര്‍വചിക്കുകയാണ്. ഈ നിര്‍വചനം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തെ മാത്രമല്ല, ഇസ്ലാമിക വീക്ഷണത്തിലെ വിദ്യാര്‍ഥിയെയും വിദ്യാഭ്യാസത്തെയും കൂടി ഉള്‍ക്കൊള്ളുന്നതാകണം. ആ നിര്‍വചനത്തിനകത്ത് വരുന്ന മുഴുവന്‍ കാര്യങ്ങളും നേടിയെടുക്കാനുള്ള പരിശ്രമമാണ് (ആക്ഷന്‍ പ്ലാന്‍) അടുത്ത പരിപാടി.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാമിക കലാലയങ്ങള്‍ സ്വന്തം വിദ്യാര്‍ഥികളെ പരിശീലിപ്പിക്കേണ്ട പലതരം ജീവിത കലകള്‍ ഉണ്ട്. തങ്ങള്‍ക്ക് ലഭിച്ചത് സമൂഹത്തിന് എങ്ങനെ നന്നായി തിരിച്ചുനല്‍കാം എന്ന് അവര്‍ പഠിക്കണം. പ്രാദേശികമായും ദേശീയമായും അന്തര്‍ദേശീയമായും സമൂഹത്തെ എങ്ങനെ സേവിക്കാം എന്നവര്‍ പഠിക്കണം. സാമൂഹിക-സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ എല്ലാം അവര്‍ക്ക് പഠിക്കാനാവണം.
ബിരുദധാരികള്‍ക്കുണ്ടാകേണ്ട ഗുണങ്ങള്‍ (Graduate Attributes)
ഉന്നത കലാലയങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ പ്രായം, പഠന ലക്ഷ്യങ്ങള്‍, ഗാര്‍ഹിക-സാമൂഹിക ചുറ്റുപാടുകള്‍, ഉത്തരവാദിത്തങ്ങള്‍ ഇതെല്ലാം പല മാനദണ്ഡങ്ങളാല്‍ സ്‌കൂള്‍ ജീവിതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. Student Success എന്നത് വളരെ സുപ്രധാനമാണെന്നര്‍ഥം. വിദ്യാര്‍ഥിയും രക്ഷിതാവും സ്ഥാപനവും ഒരുപോലെ ഈ പ്രാധാന്യം മനസ്സിലാക്കി പണിയെടുക്കണം. കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് കടക്കുന്ന വിദ്യാര്‍ഥികളാണ് ഉന്നത കലാലയങ്ങളിലെത്തുന്നത്. ഇസ്ലാമിക ഉന്നത കലാലയങ്ങളിലും ഇതേ പ്രായക്കാരാണുള്ളത്. അതുകൊണ്ടുതന്നെ ഇതേ സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ളവരാണവര്‍. തങ്ങളില്‍ കുടുംബവും സമൂഹവും അര്‍പ്പിക്കാന്‍ പോകുന്ന ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ അവരെ പര്യാപ്തമാക്കുക എന്നത് അതുകൊണ്ടുതന്നെ സ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. ഉപകാരപ്രദമായ ചില അറിവുകള്‍ പകര്‍ന്നുകൊടുക്കുക എന്നതില്‍ മാത്രം സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കരുത്. ഈ വസ്തുത ഉള്‍ക്കൊ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഓരോ കോഴ്സിനു ശേഷവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട പൊതുവായ (Generic) ഗുണങ്ങളും സവിശേഷ (Specific) ഗുണങ്ങളും മുന്‍കൂട്ടി നിശ്ചയിക്കണം. അത്തരം വിശേഷങ്ങളെയാണ് Graduate Attributes എന്ന് പറയുന്നത്. അഥവാ ഒരു പ്രോഗ്രാം പൂര്‍ത്തീകരിക്കുക വഴി വിദ്യാര്‍ഥി ആര്‍ജിക്കേണ്ട ഗുണങ്ങള്‍.
ഈ ഗുണവിശേഷങ്ങള്‍ ആര്‍ജിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്നുണ്ടോ എന്ന് നിരന്തരം വിലയിരുത്തുകയും (Program Evaluation) പ്രോഗാമുകളുടെ പോരായ്മകള്‍ അപ്പപ്പോള്‍ തിരുത്തി മുന്നോട്ടു പോവുകയും ചെയ്യണം. ഈ നിശ്ചയിക്കപ്പെട്ട ഗുണങ്ങള്‍ ആര്‍ജിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ പഠനത്തിനു ശേഷം എത്തിപ്പെടുന്ന മേഖലകളാണ് Graduate Destinations. അലുംനി സര്‍വേകള്‍ വഴിയാണ് ഇത് സാധ്യമാവുക. ഒരു പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി തുടര്‍ച്ചയായി മൂന്നോ നാലോ വര്‍ഷം ഈ സര്‍വേ നടത്തിയാല്‍, പ്രസ്തുത പ്രോഗ്രാം ലക്ഷ്യം കണ്ടോ ഇല്ലേ എന്ന് വിലയിരുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
പാഠ്യേതര പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ അനുഭവങ്ങളും (Co-curricular acitvities and Student experience)
പഠന പ്രക്രിയക്കപ്പുറം വിദ്യാര്‍ഥി വിജയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍. ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് സുസ്‌കറിയാവിലെ വിദ്യാര്‍ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിലും അക്കാദമിക വിജയത്തിലും വഹിക്കുന്ന പങ്കിനെ കുറിച്ചാണ് Students' Extra Curricular Activities in Higher Education and Its Effect on Personal Development and Academic Achievement* എന്ന പഠനം വിശകലനം ചെയ്യുന്നത്. ഇസ്ലാമിക ഉന്നത കലാലയങ്ങളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ച ധാരാളം പഠനങ്ങള്‍ വേറെയുമുണ്ട്.
നമ്മുടെ സ്ഥാപനങ്ങളില്‍ ധാരാളം പഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പല ഇസ്ലാമിക സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതീക്ഷിച്ചതിലും മികവുള്ളവരായി മാറുന്നത് പഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്നത് ശരിയായിരിക്കാം. പക്ഷേ കൃത്യമായ ലക്ഷ്യത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള സംവിധാനങ്ങള്‍ എത്ര ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ഉണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുന്നതു പോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്ക് നല്‍കണം. ആ മാര്‍ക്ക് ഫൈനല്‍ മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തുകയും വേണം. ഈ രീതി പല സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ സാമൂഹിക സേവനം ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇസ്ലാമിക കലാലയങ്ങള്‍ക്ക് ഇതുപോലൊരു മാതൃക സ്വീകരിക്കുന്നതില്‍ എന്താണ് തടസ്സം?
നമ്മുടെ സ്ഥാപനങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ Student Life, Counselling, Alumni Affairs, Recreation / Sports and Wellness, Career Guidance, Interstate and International Education തുടങ്ങിയവയാണ് ഈ വകുപ്പിന്റെ മുഖ്യ ചുമതലകളായി വരിക. സ്റ്റുഡന്റ് അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സ്റ്റുഡന്റ് അഫേഴ്സ് ഓഫീസര്‍മാര്‍ വഴി ഒക്കെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്.
സോഷ്യല്‍ വര്‍ക്കിലോ കൗണ്‍സലിംഗിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഇത്തരം സ്ഥാനങ്ങളിലേക്ക് സാധാരണയായി സ്ഥാപനങ്ങള്‍ നിയമിക്കാറുള്ളത്. സ്റ്റുഡന്റ്‌സ് അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റോ സ്റ്റുഡന്റ്‌സ് അഫേഴ്സ് ഓഫീസര്‍ തസ്തികയോ ഉള്ള എത്ര ഇസ്ലാമിക കലാലയങ്ങള്‍ നമുക്കുണ്ട്?
വിവിധ സ്ഥാപനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഏതാനും പേര്‍ക്ക് ഈ മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കി ഒരു കൂട്ടം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് അഫേഴ്‌സ് പ്രഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടേ? ക്രമേണ വിദ്യാര്‍ഥികളുടെ വിജയം, അവര്‍ക്ക് സമ്പന്നമായ അനുഭവം സമ്മാനിക്കല്‍ തുടങ്ങിയ ഒരു പുതിയ സംസ്‌കാരത്തിലേക്ക് നമ്മുടെ സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ ഇത്തരം കാല്‍വെപ്പുകള്‍ക്ക് സാധിക്കും.
അലുംനി - വേണം പുതിയ സമീപനം
ഒരു സ്ഥാപനത്തിന്റെ പൂര്‍വ വിദ്യാര്‍ഥികള്‍ ആ സ്ഥാപനത്തെ കുറിച്ചും അവരുടെ അതിലെ പഠനത്തെ കുറിച്ചും അവര്‍ക്കവിടെ ലഭിച്ച സേവനങ്ങളെ കുറിച്ചും അവരുടെ വ്യക്തിത്വ വികാസത്തില്‍ അത് വഹിച്ച പങ്കിനെ കുറിച്ചും സംതൃപ്തരാണോ എന്നത് Student Success-ന്റെ ഒരുത്തമ സൂചകമാണ്.
ഇന്തോനേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിലെ ഒരു പഠനത്തിന്റെ തലക്കെട്ട് ഇങ്ങനെ:"A New Insight into Alumni Satisfaction Model for Islamic Higher Education Institutions’**. ഇസ്ലാമിക ഉന്നത കലാലയങ്ങളിലെ അലുംനികള്‍ തങ്ങള്‍ പഠിച്ച സ്ഥാപനത്തെ എങ്ങനെ നോക്കിക്കാണുന്നു, അതിനോടുള്ള അവരുടെ കൂറ് എത്ര അളവില്‍ എന്നൊക്കെയാണ് ഈ പഠനത്തില്‍ വിശകലനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഉന്നത ഇസ്ലാമിക കലാലയത്തില്‍ വ്യവസ്ഥാപിതമായി ഇതുപോലൊരു പഠനം നടന്നതായി അറിയില്ല. കാര്യങ്ങളെ നമ്മളും ഇതര ഇസ്ലാമിക സ്ഥാപനങ്ങളും എങ്ങനെയാണ് സമീപിക്കുന്നത് എന്ന് തിരിച്ചറിയാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കും.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനകാലത്ത് ലഭിച്ച പാഠ്യ-പഠ്യേതര സേവനങ്ങളുടെ മികവും ഇതര സൗകര്യങ്ങളുമാണ് ഭാവിയില്‍ ആ സ്ഥാപനത്തോടുള്ള അവരുടെ കൃതജ്ഞതയായി (Loyality) രൂപപ്പെടുക. ഈ കൃതജ്ഞത തിരിച്ചുകിട്ടാന്‍ പഠനകാലത്ത് സ്ഥാപനം എത്ര ശ്രദ്ധിച്ചു എന്നത് സുപ്രധാനമായ ഒരു അളവുകോലാണ്. ഇസ്ലാമിക വീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളുടെ കീഴില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് സാധ്യമാകുന്ന ഏറ്റവും നല്ല സേവനം നല്‍കാം എന്ന കരാര്‍ ചെയ്തുകൊണ്ടാണ് ഓരോ വിദ്യാര്‍ഥിക്കും സ്ഥാപനം പ്രവേശനം നല്‍കുന്നത്. ആ കരാര്‍ പൂര്‍ത്തിയാക്കല്‍ സ്ഥാപനത്തിന്റെദീനീ പരമായ ബാധ്യതയാണ്.
നമ്മുടെ ഏതാണ്ടെല്ലാ സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥാപിതമായ അലുംനി കൂട്ടായ്മകളുണ്ട്. പക്ഷേ അവയുടെ അക്കാദമിക-അനക്കാദമിക നേട്ടങ്ങളും പങ്കാളിത്തവും വ്യവസ്ഥാപിതമായി വിലയിരുത്തുന്ന രീതി നമ്മള്‍ ഇനിയും വികസിപ്പിച്ചിട്ടില്ല. പല സ്ഥാപനങ്ങളുടെയും അലുംനി അസോസിയേഷനുകള്‍ സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന, അല്ലെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അക്കാദമികമായ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംരംഭം മാത്രമായി ചുരുങ്ങിപ്പോകുന്നു. Alumni Satisfaction എന്നത് വിദ്യാര്‍ഥി വിജയത്തിന്റെ സൂചകമായി കണക്കാക്കുകയും അത് തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ സ്ഥാപനം പരിശ്രമിക്കുകയും ചെയ്യണം. ഇത് ഓരോ സ്ഥാപനവും നിരന്തരം വിലയിരുത്തുകയും ആ വിലയിരുത്തലുകളെ തങ്ങളുടെ പാഠ്യ-പഠ്യേതര പദ്ധതികള്‍ കാലാനുസൃതമായി നവീകരിക്കാന്‍ ഉപയോഗിക്കുകയും വേണം.
ബിരുദധാരികളുടെ ലക്ഷ്യസ്ഥാനങ്ങള്‍ (Graduate Destinations)
സ്ഥാപനം സ്വപ്‌നംകണ്ട ലക്ഷ്യസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിപ്പെടണമെങ്കില്‍ ആ വിദ്യാര്‍ഥികളുടെ വ്യക്തിഗത ലക്ഷ്യങ്ങളും (Personal Goals), അക്കാദമിക ലക്ഷ്യങ്ങളും (Academic Goals) കരിയര്‍ ലക്ഷ്യങ്ങളും (Career Goals) ഒക്കെ മുന്‍കൂട്ടി മനസ്സിലാക്കുകയും അതിനനുസരിച്ച് പാഠ്യ-പാഠ്യേതര പദ്ധതികള്‍ രൂപകല്‍പന നടത്തുകയും ചെയ്യേണ്ടതുണ്ട്.
ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് നമ്മുടെ ഇസ്‌ലാമിക ഉന്നത കലാലയങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നത്. ഈ പ്രായത്തില്‍ അവരെ നിലവാരമുള്ള ഏതെങ്കിലും ഒരു തൊഴില്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. ഇസ്ലാമിക സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്ന ഓരോ ബിരുദധാരിയെയും, തന്നെയും തന്റെ കുടുംബത്തെയും സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഉതകുന്ന ഒരു തൊഴില്‍ പരിശീലിപ്പിക്കുക എന്നത് സ്റ്റുഡന്റ്‌സ് സക്‌സസിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ മനസ്സിലാക്കണം. വിദ്യാഭ്യാസം, പ്രത്യേകിച്ചും ഇസ്ലാമിക വിദ്യാഭ്യാസം തൊഴില്‍ ലക്ഷ്യം വെച്ചുള്ളതാണോ എന്ന ചോദ്യം സ്ഥിരമായി കേള്‍ക്കാറുളളതാണ്. ശരിയാണ്, വിദ്യാഭ്യാസം കേവലം തൊഴിലുറപ്പു പദ്ധതിയല്ല; എന്നാല്‍ തൊഴില്‍ നൈപുണി കൂടി നേടുന്ന സമ്പൂര്‍ണ വിജയ പദ്ധതിയാണ് ഉന്നത വിദ്യാഭ്യാസം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവരുത്.
പൊതു കലാലയങ്ങള്‍ അവരുടെ ബിരുദധാരികളെ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ഈ മാപിനി അനുസരിച്ച് വിലയിരുത്താറുള്ളത്.
പഠനം കഴിഞ്ഞ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ എത്ര പേര്‍ക്ക് ജോലി ലഭിച്ചു, എന്തു തരം ജോലി, എത്ര പേര് ഉന്നത പഠനത്തിന് പോയി, എത്ര പേര് സ്വയംതൊഴില്‍ ആരംഭിച്ചു, എത്ര പേര് തൊഴില്‍രഹിതരായുണ്ട് ഇത്യാദി കാര്യങ്ങളാണ് സ്ഥാപനങ്ങള്‍ അന്വേഷിക്കുക. ഇസ്ലാമിക കലാലയങ്ങള്‍ക്കും ഈ മാപിനികള്‍ ഉപയോഗിക്കാം. ഇസ്ലാമിനും സമൂഹത്തിനും ഗുണപ്രദമായ ഏതെല്ലാം ഇടങ്ങളിലാണ് തങ്ങളുടെ പൂര്‍വവിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നത് എന്നറിയാനും, സ്ഥാപനവും സമൂഹവും ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് അതിന്റെ ഭാവി വിദ്യാര്‍ഥികളെ എത്തിക്കാനും ഇത്തരം പഠനങ്ങള്‍ സഹായിക്കും.
തങ്ങളുടെ വിദ്യാര്‍ഥികള്‍ എത്തിപ്പെടണമെന്ന് സ്ഥാപനം ആഗ്രഹിച്ച സ്ഥാനങ്ങളില്‍ അലുംനികള്‍ എത്തിപ്പെട്ടിട്ടുങ്കെില്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാല്‍കൃതമായോ എന്ന് വിലയിരുത്താന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ചുരുക്കത്തില്‍, Student Success എന്ന ആത്യന്തിക ലക്ഷ്യം കൃത്യപ്പെടുത്തുകയും പ്രസ്തുത ലക്ഷ്യം നേടാന്‍ ഉതകുന്ന പ്രോഗ്രാമുകള്‍ രൂപപ്പെടുത്തുകയും അതില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകേണ്ട ഗുണങ്ങളും കഴിവുകളും നിര്‍ണയിക്കുകയും ചെയ്യുക. അതിനാവശ്യമായ പാഠ്യ-പാഠ്യേതര പദ്ധതികള്‍ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്തശേഷം, പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കൂടി അന്വേഷിച്ചറിയുകയും പ്രസക്തമായ അഭിപ്രായങ്ങള്‍ക്കനുസരിച്ച് എല്ലാ മേഖലയിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുകയും വേണം. തങ്ങളുടെ അലുംനികള്‍ എവിടെയെല്ലാം എത്തിപ്പെട്ടു എന്നും വൈജ്ഞാനിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ എന്തൊക്കെ സംഭാവനകളാണ് അവര്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതെന്നും നിരന്തരം നിരൂപണവിധേയമാക്കുന്ന ഉന്നത സ്ഥാപനങ്ങള്‍ ആത്യന്തികമായി തങ്ങളുടെ വിദ്യാര്‍ഥികളുടെ മാത്രമല്ല, മൊത്തം സമൂഹത്തിന്റെ ഭാവിയാണ് ഭാസുരമാക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പഠിച്ചിറങ്ങുന്ന അലുംനികളും ആ സ്ഥാപനത്തിന്റെ പ്രൊഡക്ടുകളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ ആ സ്ഥാപനത്തെ തങ്ങളുടേത് (Student Ownership) എന്ന വികാരത്തില്‍ കൊണ്ടുനടക്കുന്നു. ഇത് കേന്ദ്രീകരിച്ച് പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ ഈ ഉടമസ്ഥ ബോധം എന്നും മുതല്‍ക്കൂട്ടാവുന്നു.
*https://www.researchgate.net/publication/325950974_A_new_insight_into_alumni_satisfaction_model_for_Islamic_higher_education_institutions_IHEI
** https://core.ac.uk/reader/230822840
*** https://www.dur.ac.uk/careers/students/careerplanning/graduates/dlhe/
Comments