കെ.എം രിയാലു ആവേശം അണയാത്ത പ്രബോധകന്‍
സാമാന്യ വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു സാധാരണക്കാരന് ഇസ്‌ലാമിക പ്രബോധന-മനുഷ്യസേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എത്രകണ്ട് ഉയരാം എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ പറയാവുന്ന ഉത്തരമാണ് കെ.എം രിയാലു സാഹിബ്. ആവേശം അണയാത്ത പ്രബോധക മനസ്സുമായി നാടെങ്ങും സദാ സഞ്ചരിച്ചുകൊണ്ടിരുന്ന ആ ജീവിതം കര്‍മനിരതമായിരുന്നു. കുവൈത്തില്‍ വെച്ച് വലിയൊരു ആത്മബന്ധത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്. മൂന്ന് മാസം മുമ്പ് വരെയും തുടര്‍ന്ന ആ ആത്മബന്ധത്തിന്റെ നാള്‍വഴികളില്‍ ഓര്‍ത്തുവെക്കാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമ്മാനിച്ച് ജൂണ്‍ എട്ടിന് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി.
ശയ്യാവലംബിയായ നാളുകളിലും 'ധന്യമീ ജീവിതം' എന്ന് വിളിച്ചു പറയുന്ന മുഖപ്രസാദം ക്ഷേമാന്വേഷണവുമായി ചെല്ലുന്ന ആരുടെ മനസ്സിലും ഊര്‍ജം പകരാന്‍ പോന്നതായിരുന്നു. ആ കണ്ണുകളില്‍ ദീനിന്റെ നിറവെളിച്ചം കാണാമായിരുന്നു.
ജീവിതത്തിലെ നല്ലൊരു ഭാഗം കുവൈത്തില്‍ ചെലവിട്ട അദ്ദേഹത്തെ ഓര്‍ത്തല്ലാതെ, കുവൈത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്താനാവില്ല. വിശ്രമം അറിയാത്ത ജീവിതത്തിലെ ഓരോ നിമിഷവും കര്‍മങ്ങളുടെ നിറവില്‍ ആഘോഷിച്ച് നിര്‍വൃതിയടഞ്ഞു. കുവൈത്തിലെ പി.ആര്‍ പ്രവര്‍ത്തനത്തിന്റെ വേരുകള്‍ തിരയേണ്ടത് രിയാലു സാഹിബിന്റെ വ്യക്തിബന്ധങ്ങളിലാണ്. ഭരണാധികാരികള്‍ മുതല്‍ സാധാരണക്കാര്‍ വരെ നീണ്ട വിപുലമായ പരിചിത വൃത്തം അദ്ദേഹത്തിനുണ്ടായിരുന്നു. യൂസുഫുല്‍ ഹിജ്ജിയും അബ്ദുല്ലാ അഖീലും അബ്ദുല്ലാ അലി അല്‍ മുത്വവ്വയെന്ന അബൂബദ്റും അദ്ദേഹത്തിന് സ്ഥിരബന്ധമുണ്ടായിരുന്നവര്‍. കുവൈത്ത് മന്ത്രിയായിരുന്ന യൂസുഫ് ഹാശിം രിഫാഈക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരന്‍. ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് കേന്ദ്രമാക്കി നിരവധി പ്രവര്‍ത്തന മുഖങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തുറന്നുകൊടുക്കാന്‍ അദ്ദേഹം ഉത്സുകനായിരുന്നു.
സഹോദരന്‍ മര്‍ഹൂം കെ.എം അബ്ദുര്‍റഹീമിനോടൊപ്പം കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ സംസ്ഥാപനത്തിന് കഠിന യത്നം നടത്തിയ എഴുപതുകളുടെ ആദ്യപാദം രിയാലുവിന് മാത്രമല്ല, കൂടെ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും സമ്മാനിച്ച മധുരസ്മരണകള്‍ നിരവധിയാണ്. കേരളത്തില്‍നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും ഇസ്‌ലാമിക സ്ഥാപനങ്ങളുടെ പ്രചാരണാര്‍ഥം വരുന്ന പ്രതിനിധിസംഘങ്ങളോടൊപ്പം സഞ്ചരിച്ച് അവര്‍ക്കാവശ്യമായ സഹായങ്ങളും സേവനങ്ങളും ചെയ്തുകൊടുത്ത് അദ്ദേഹം സായൂജ്യമടഞ്ഞു. കുടുംബത്തിനും പ്രസ്ഥാനത്തിനുമിടയില്‍ വിശ്രമമില്ലാതെ ഓടിനടന്ന അദ്ദേഹം ഉപജീവനത്തിന് തെരഞ്ഞെടുത്തത് 'ശരികത്തുസ്സഹ്ന്‍' എന്ന ഫുഡ് സ്റ്റഫ് കമ്പനിയിലെ സെയില്‍സ്മാന്‍ ജോലിയാണ്. കെ.ഐ.ജിയുടെ ഓഫീസും പ്രതിനിധി-അതിഥി സംഘങ്ങളുടെ യാത്രാവാഹനവും അതു തന്നെ. സഹോദരന്‍ കെ.എം അബ്ദുര്‍റഹീമിന്റെ ജോലി അബൂബദ്റിന്റെ കമ്പനിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡിവിഷനിലായിരുന്നു. ജോലിക്കിടയില്‍ വീണുകിട്ടിയ ഓരോ നിമിഷവും ഇരുവരും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ ചെലവിടുന്നത് ഞങ്ങള്‍ കൗതുകത്തോടെ നോക്കിക്കണ്ടു.
കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മദ്റസത്തുല്‍ ഇര്‍ശാദിലും മദ്റസത്തുന്നജാത്തിലും നടന്ന ഫ്രൈഡേ സ്‌കൂള്‍, മലയാളി സമൂഹത്തില്‍ ആദ്യമായി സമൂഹ ഹജ്ജ്-ഉംറ എന്നിവയിലെല്ലാം നേതൃപരമായ പങ്ക് നിര്‍വഹിച്ച രിയാലു കെ.ഐ.ജിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബുമായി ഉറ്റബന്ധമായിരുന്നു. കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനങ്ങളുടെയെല്ലാം കുവൈത്തിലെ 'ലയ്സണ്‍ വര്‍ക്ക്' സന്തോഷപൂര്‍വം അദ്ദേഹം ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു.
തലശ്ശേരിക്കടുത്ത പെരിങ്ങാടിയില്‍ എം.കെ മൂസയുടെയും ആഇശയുടെയും മകനായി പിറന്ന രിയാലുവിനെ കുവൈത്ത് മലയാളികള്‍ തങ്ങളുടെ കൂടപ്പിറപ്പായാണ് കണ്ടത്. അവരുടെ ഏതാവശ്യത്തിനും അദ്ദേഹം മുന്നിലുണ്ടാവും. തന്നേക്കാള്‍ പ്രായം കുറഞ്ഞവരെ 'കുഞ്ഞിമോനേ' എന്ന് സംബോധന ചെയ്ത് ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുത്ത് സ്‌നേഹവത്സലനായ സഹോദരന്റെയോ പിതാവിന്റെയോ സ്ഥാനത്തുനിന്ന് സഹായിച്ച വ്യക്തിയെ എങ്ങനെ മറക്കും?!ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും സഹായവും അനുഭവിച്ചിട്ടില്ലാത്തവര്‍ ആ കാലത്ത് അവിടെ ചുരുക്കമായിരിക്കും.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കര്‍മരംഗമായിരുന്നു ദഅ്‌വത്ത്. പ്രായോഗിക ദഅ്‌വത്തിനെക്കുറിച്ച് അദ്ദേഹത്തിന് തന്റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. സംവത്സരങ്ങള്‍ നീണ്ട തന്റെ പ്രബോധന പ്രവര്‍ത്തനാനുഭവങ്ങളില്‍നിന്ന് ഊറിക്കൂടിയതാണ് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍. ആരുമായും പെട്ടെന്ന് അവര്‍ അറിയാത്ത ദിക്കിലൂടെ വ്യക്തിബന്ധം സ്ഥാപിക്കുകയും ആ ബന്ധം സ്വര്‍ഗത്തിലേക്കുള്ള പാത ചൂണ്ടിക്കാണിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരു വ്യക്തി തന്റെ മനസ്സില്‍ ഇടം പിടിച്ചാല്‍ ഏതറ്റം വരെയും പോയി ആ ബന്ധം ഊഷ്മളമാക്കി നിലനിര്‍ത്താന്‍ പ്രത്യേക വൈഭവമുണ്ടായിരുന്നു. തമിഴ്‌നാട്, കേരള, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ധാരാളം ആളുകളെ ഇസ്‌ലാമിക പ്രബോധകരാക്കി വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അറിയപ്പെടാത്ത മാധവിക്കുട്ടി, പ്രബോധകരുടെ വഴികാട്ടി തുടങ്ങിയ മലയാള പുസ്തകങ്ങളും പ്രബോധനത്തെക്കുറിച്ച് ഉര്‍ദു പുസ്തകവും രചിച്ചു. ഹൈന്ദവ പുരാണങ്ങളിലും ക്രിസ്തീയ വേദങ്ങളിലും അവഗാഹമുണ്ടായിരുന്നു.
1980-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായ രിയാലു 14 വര്‍ഷം അഖിലേന്ത്യാ പ്രതിനിധി സഭയിലും 12 വര്‍ഷം കേരള ശൂറായിലും പ്രവര്‍ത്തിച്ചു. 'മാധ്യമം' ദിനപത്രം അച്ചടിക്കുന്ന റോഷ്നി പ്രസ്സിന്റെ ചുമതലയും അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. എസ്.ഐ.ഒ, ജി.ഐ.ഒ സംഘാടനത്തിലും പങ്കുണ്ടായിരുന്നു. കേരള ഇസ്‌ലാമിക് മിഷന്റെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദമ്യമായ താല്‍പര്യം പുലര്‍ത്തിയ അദ്ദേഹം പില്‍ക്കാലത്ത് തന്റെ ശ്രദ്ധയൂന്നിയത് ദഅ്‌വാ മേഖലയിലാണ്. ഉമറാബാദ് ദാറുല്‍ ഉലൂമില്‍ ദ്വിവര്‍ഷ പ്രബോധന കോഴ്സിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി. ഇസ്‌ലാമിക പ്രബോധനത്തിന് തന്റേതായ ശൈലി വികസിപ്പിച്ചെടുത്തിരുന്നു.
ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായി പ്രവര്‍ത്തിച്ച രിയാലുവിന് പ്രബോധന പ്രവര്‍ത്തനത്തിന് തന്റേതായ രീതിയുമായി മുന്നോട്ടുപോകുന്നതിന് പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടു. ജമാഅത്തിന്റെ പ്രബോധന-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ രാജ്യനിവാസികളുടെ പൊതുവായ ക്ഷേമവും നന്മയും മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച നയനിലപാടുകളുടെ ചട്ടക്കൂട്ടില്‍ രൂപപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ ഈ നിലപാടുമായി പൊരുത്തപ്പെടാതിരിക്കുന്നത് സ്വാഭാവികം മാത്രം. അങ്ങനെ മൂന്ന് പതിറ്റാണ്ട് മുമ്പ് അദ്ദേഹം ജമാഅത്തുമായി വഴിപിരിഞ്ഞു. പിന്നീട് തനിക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി അവരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
കുവൈത്തിലെ പ്രമുഖ വ്യാപാരിയായിരുന്ന എം.കെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പുത്രി ആഇശയായിരുന്നു ഭാര്യ. രിയാലു സാഹിബിന്റെ ലളിത ജീവിതത്തോട് പൊരുത്തപ്പെട്ട് സന്തോഷത്തോടെ കഴിഞ്ഞുവന്ന ആ കുടുംബത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കേരളത്തില്‍നിന്ന് തൊഴില്‍ തേടി വന്നവരും മഅ്ഹദുദ്ദീനിയിലെ വിദ്യാര്‍ഥികളും സ്ഥാപനങ്ങളുടെ പ്രതിനിധികളായി വരുന്നവരും പ്രസ്ഥാന പ്രവര്‍ത്തകരുമായ ആള്‍ക്കൂട്ടം തന്നെ എന്നുമുണ്ടാവും. നിശ്ചയദാര്‍ഢ്യത്തിന്റെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിസ്തുല മാതൃകയായി ജീവിച്ച രിയാലു സാഹിബ് ഇനി ഓര്‍മ; പ്രാര്‍ഥനകളില്‍ മറക്കാന്‍ പാടില്ലാത്ത സ്നേഹത്തിന്റെ മുഖം.
മരണവാര്‍ത്തയറിഞ്ഞ സ്‌നേഹജനങ്ങള്‍ തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മത്സരിച്ചു പങ്കു വെച്ചത് വായിച്ചപ്പോള്‍ അസംഖ്യം ഹൃദയങ്ങളില്‍ കൂടുകൂട്ടിയ ആ സ്‌നേഹദൂതനെ നിറകണ്ണുകളോടെ ഓര്‍ത്തു.
Comments